"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - എം.കെ. മനോജ് കുമാര്‍


കറുത്ത ബ്രീഫ്‌കേസും തൂക്കി വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് നടന്നു വരുന്ന കറുത്ത് മെലിഞ്ഞ കട്ടിക്കണ്ണട വച്ച ഒരാളുടെ രൂപം. ശ്രീ. കല്ലറസുകുമാരന്‍ സാറിനെക്കുറിച്ച് ഓര്‍മ്മയില്‍ തെളിയുന്ന ആദ്യ ചിത്രം അതാണ്.

എന്നാല്‍, മെല്ലിച്ച ആ ശരീരത്തിനുള്ളില്‍ നിന്നും ബഹിര്‍ഗമിച്ച വാക്കുകളുടേയും വാചകങ്ങളുടെയും കാന്തികശക്തി അപാരമായിരുന്നു. ഒരു ജനസാഗരത്തെ ആവേശഭരിതമാക്കാന്‍ തക്ക തീഷ്ണമായ പ്രസംഗങ്ങള്‍ ആ എല്ലിന്‍ കൂട്ടില്‍ നിന്നും അനര്‍ഗളമായി പ്രവഹിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ എത്രയോ അവസര ങ്ങളുണ്ടായി. 

കാലം 1979. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഞാനാദ്യമായി കല്ലറ സുകുമാരന്‍ സാറിന്റെ പ്രസംഗം പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് കേള്‍ക്കുന്നത്. പക്ഷേ, കൗമാരത്തിന്റെ കേവല ചാപല്യങ്ങള്‍ക്കപ്പുറം ഗഹനമായ അവബോധത്തിന്റെ വ്യത്യസ്തമായ വാതായനങ്ങളാണ് പന്ത്രണ്ടാം വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ ഉള്‍ക്കൊള്ളാനായത്.

ദലിത് സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല വിവേചനത്തിന്റെയും അസമത്വത്തിന്റെയും ഉത്തരവാദിത്വം മുന്‍ജന്മപാപഫലമാണെന്ന സവര്‍ണ്ണ നീതിശാസ്ത്രകാരന്മാരുടെ വിധിയെഴുത്തിനെ അതിശക്തമായി വിമര്‍ശിക്കുകയും ഉദാഹരണസഹിതം ഖണ്ഡിച്ചുകൊണ്ട് ജാതി വിവേചനം മനുഷ്യസൃഷ്ടിയാണെന്ന അംബേദ്ക്കര്‍ ദര്‍ശനത്തെ സാധൂകരിച്ചുകൊണ്ട് തന്റെ സമൂഹത്തിനെ രാഷ്ട്രീയ വത്ക്കരിക്കുന്നതിനും സുകുമാരന്‍ സാര്‍ വിജയം കണ്ടു. 

സവര്‍ണ്ണ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞകള്‍ക്കും ഇംഗിതങ്ങള്‍ക്കും വിധേയമാകാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ടു കഴിഞ്ഞിരുന്ന ദലിത് സമൂഹത്തിനു വ്യക്തമായ സാമുദായിക-രാഷ്ട്രീയ ദിശാബോധം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. ആ പങ്ക് മറ്റാര്‍ക്കും വീതിച്ചു നല്‍കാനാവില്ല. 

സാമൂഹ്യ തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ സന്ധിയില്ലാത്ത സമരം നയിച്ച കേരളത്തിലെ ദലിത് ജനതയുടെ എക്കാലത്തെയും ഇതിഹാസ വിമോചകന്‍ മഹാത്മ അയ്യങ്കാളിക്കുശേഷം കേരളം കണ്ട നട്ടെല്ലുറപ്പുള്ള സാമൂഹ്യ വിപ്ലവ പോരാളിയായിരുന്നു ശ്രീ. കല്ലറ സുകുമാരന്‍ സാര്‍ എന്നതില്‍ രണ്ടഭിപ്രായവുമില്ല.

കേരള ഹരിജന്‍ ഫെഡറേഷന്‍ (കെ.എച്ച്.എഫ്.), ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി (ഐ.എല്‍.പി.), ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.) എന്നീ പ്രസ്ഥാന ങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായി തിരക്കേറിയ ജീവിതം നയിക്കു മ്പോഴും അദ്ദേഹം ഏറ്റവും താഴെ തട്ടിലുള്ള ഒട്ടേറെ പ്രവര്‍ത്തകരു മായിപ്പോലും കാത്തു സൂക്ഷിച്ച വ്യക്തിബന്ധങ്ങള്‍ വളരെ വ്യാപകമായിരുന്നു. 

ഏതു ഇല്ലായ്മകളിലും പൊരുത്തപ്പെട്ടു മുമ്പോട്ടുപോകുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ഇച്ഛാശക്തി അപാരമായിരുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ പ്രസ്ഥാനങ്ങള്‍ക്കു നേരിടേണ്ടി വന്നപ്പോഴും ഒരു നേതാവ് എന്ന നിലയില്‍ ശ്രീ. കല്ലറ സുകുമാരന്‍ സാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ എത്രമാത്രം ദീര്‍ഘവീക്ഷ ണത്തോടെയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 

തിരക്കേറിയ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇന്നത്തെ സാമുദായിക-രാഷ്ട്രീയ നേതാക്കള്‍ക്കില്ലാത്ത പരിശീലനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. പരന്ന വായനയാണ് അതില്‍ പ്രധാനം. ലോകരാഷ്ട്രീയ സംഭവ വികാസങ്ങളുടെ അനുദിന മാറ്റങ്ങള്‍ മുതല്‍ സംഘടനയുടെ ഏറ്റവും താഴെ തട്ടിലുള്ള പ്രവര്‍ത്തകന്റെ കുടുംബ വിവരങ്ങള്‍വരെ ഒരേ താത്പര്യത്തോടെയാണ് അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നത്. 

ദലിത് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കുറച്ച് കൃതികള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. അതില്‍ 'ഇന്ധനപ്പുര' കൈകാര്യം ചെയ്ത വിഷയത്തിന് ഇപ്പോഴും പ്രസക്തി ഏറിവരുകയാണ്.

ഞാനിന്ന്, പാര്‍ശ്വവത്കൃത സമൂഹത്തിന്റെ രാഷ്ട്രീയ-അധികാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയാണ്. വളരെ സത്യസന്ധതയോടുകൂടി എനിക്ക് പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ അതിനെയൊക്കെ തരണം ചെയ്യാന്‍ എനിക്ക് ഊര്‍ജ്ജവും കരുത്തുംലഭിച്ചത് ശ്രീ. കല്ലറ സുകുമാരന്‍ സാര്‍ നയിച്ച പ്രസ്ഥാനങ്ങളിലെ പരിചയവും അനുഭവ സമ്പത്തുകളുമാണ്. ഒരു പക്ഷേ, അതെനിക്കുമാത്രമാവില്ല. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ അനിഷേധ്യനായ ദലിത് നേതാവ് എന്ന് വിശേഷിപ്പിക്കുന്ന കല്ലറ സാറിന്റെ മറ്റ് ഒട്ടേറെ അനുയായികള്‍ക്കും ഈ അഭിപ്രായമുണ്ടാകും. അവരുടെ ഇപ്പോഴത്തെ കൊടികളുടെ നിറം പലതായിരിക്കും. പാര്‍ട്ടികളും വ്യത്യസ്തമാകാം. പക്ഷേ അവരൊക്കെ ഇന്നും ആദരവോടെ അംഗീകരിക്കുന്ന ഒരേയൊരു നേതാവെ ഉള്ളൂ. അത് ശ്രീ. കല്ലറ സുകുമരന്‍ തന്നെയാണ്.

എം.കെ. മനോജ് കുമാര്‍ 
ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ