"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

ഓര്‍മ്മകളില്‍ കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട് - ചെങ്ങരൂര്‍ തങ്കച്ചന്‍


1982 കാലഘട്ടത്തില്‍ മുന്നു വര്‍ഷക്കാലം എനിക്ക് പീരുമേട്ടില്‍ താമസിക്കുന്നതിനും കല്ലറ സുകുമാരന്‍ സാറിന്റെ സാമുഹ്യ രാഷ്ട്രീയ ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വളരെ അടുത്തു നിന്ന് പങ്ക് ചേരുവാനും അവസരം കിട്ടി. അദ്ദേഹത്തെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പെഴുതുമ്പോള്‍ ഒട്ടനവധി ഓര്‍മ്മകള്‍ അയവിറക്കാനുണ്ട് അതില്‍ പ്രധാനപ്പെട്ടതെന്ന് എനിക്ക് തോന്നിയത് അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു എന്നുള്ളതാണ്.

പീരുമേട് താലുക്കിലെ പാമ്പനാര്‍ എന്ന സ്ഥലത്ത് കേരളാ ഹരിജന്‍ ഫെഡറേഷന്റെ അധീനതയിലുള്ള പാമ്പനാര്‍ ശിവക്ഷേത്രം വക സ്ഥലം ക്ഷേത്രഭുമിയുടെ അയല്‍വാസി അനധികൃതമായി കൈയ്യേറി വേലികെട്ടിയെന്ന് അന്നത്തെ ക്ഷേത്രം പുജാരി ഒരു ദിവസം രാവിലെ കല്ലറ സാറിന്റെ വസതിയില്‍ എത്തി അറിയിക്കുന്നു. അന്നു തന്നെ ഉച്ചക്കുശേഷം പീരുട്ടിലെ കെ.എച്ച്.എഫ്. പ്രവര്‍ത്തകരുമായി പാമ്പനാര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്ര ഭുമിയില്‍ അനധികൃതമായി കൈയ്യേറി വേലി പൊളിച്ച് മാറ്റുകയും ചെയ്തു. വൈകുന്നേരം കെ.എച്ച്.എഫ് ആഫീസില്‍ എത്തിയശേഷം പ്രധാന പ്രവര്‍ത്തകരുടെ ഒരു അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയും ആ വര്‍ഷത്തെ ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്ര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കലാപരിപാടികളോടുകുടി നടത്തുവാന്‍ നിര്‍ദ്ദേശിക്കുകയും നാടകം അവതരിപ്പിക്കുന്നതിന് ശ്രീ.സി.പി. നാരായണനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നാടകം തയ്യാറാക്കിയ സി.പി. നാരായണന്‍ സാറിനെ കാണിച്ചശേഷം പഠിക്കാന്‍ തീരുമാനിച്ചു. ഒരാഴ്ചക്കുശേഷം ഒരു സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് പീരുമേട്ടിലെത്തിയ അദ്ദേഹം വളരെ തിരക്കിലായിരുന്നു. പ്രധാന പ്രവര്‍ത്തകരെ ആഫീസില്‍ വിളിച്ചുവരുത്തി അവരെ നാലഞ്ചു ഗ്രൂപ്പായി മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു ഗ്രുപ്പിനോട് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ പറഞ്ഞുകൊടുത്തു എഴുതിക്കുന്നു, തൊട്ടടുത്തിരിക്കുന്ന സി.പി. നാരായണനോട് നാടകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ചര്‍ച്ച ചെയ്തു വേറൊരു ഗ്രുപ്പിനോട് നാളെ കൊടുക്കേണ്ട ഒരു പത്രവാര്‍ത്തയുടെ മാറ്റര്‍ പറഞ്ഞു കൊടുക്കുന്നു. ഈ സമയം തന്നെ ആഫീസിനു മുമ്പിലുടെ കടന്നു പോകുന്ന ഉദ്യോഗസ്ഥ സുഹൃത്തുക്കളോട് ഉത്സവഫണ്ടിനെകുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു. തിരികെ പ്രവര്‍ത്തകരുടെ അടുത്തെത്തി പറഞ്ഞു കൊടുത്തത് തെറ്റിച്ചെഴുതിയവരെ ചീത്ത വിളിക്കാനും. സമകാലീന രാഷ്ടീയം സമയോചിതമായി ചര്‍ച്ച ചെയ്യാനും ചിലരുടെ അടുത്തെത്തി തമാശ പറയാനും സമയം കണ്ടെത്തി രാത്രി രണ്ടോടുകുടി പുല്‍മേടു വഴി വീട്ടിലേക്ക് തനിച്ചു നടക്കുമ്പോള്‍ ഞാന്‍ ഒര്‍ത്തു ഇത്രയും പ്രതിഭാധനനായ ബഹുമുഖ പ്രതിഭയെ ദലിത് സമുഹത്തിലെന്നല്ല ഒരു സമുഹത്തിലും കാണാനിടയില്ല. 

ചോദ്യം ചെയ്യപ്പെടാത്ത നേതൃഗുണം

കോട്ടയം ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തില്‍ കേരളത്തിലെ ദലിത് നേതാക്കളുടെ ഒരു യോഗം നടന്നുകൊണ്ടിരിക്കുന്നു. യോഗങ്ങള്‍ക്ക് പതിവായി താമസിച്ചു ചെല്ലാറുണ്ട് ഞാന്‍ അന്നു അതു തെറ്റിച്ചില്ല. ഉച്ചയോടെ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ഞാന്‍ യോഗത്തിലെ ചര്‍ച്ച വിഷയങ്ങളെക്കുറിച്ചും മറ്റും ഗൗരവമായി സംസാരിക്കുന്നത് ശ്രദ്ധിച്ചു. എനിക്ക് ഒരു കാര്യം വ്യക്തമായി അവരുടെ അഭിപ്രായത്തില്‍ കല്ലറ സാറിന്റെ പ്രവര്‍ത്തനങ്ങളോട് അവര്‍ക്കെല്ലാം എതിര്‍പ്പാണെന്നു വ്യക്തം. വളരെ ഗംഭീരമായി ഈ നേതൃത്വ സമ്മേളനം വിളിച്ചു ചേര്‍ത്ത കല്ലറസാര്‍ തുടര്‍ന്ന് കമ്മിറ്റി രൂപീകരിക്കുമ്പോള്‍ പുറത്താകുമെന്ന് എനിക്ക് ആശങ്കയായി. ഉച്ചയ്ക്ക് ശേഷം യോഗം ആരംഭിക്കുന്നു. രാവിലെ നടന്ന ചര്‍ച്ചകളുടെ സംക്ഷിപ്ത രുപം കല്ലറ സാര്‍ അവതരിപ്പിക്കുന്നു. ശേഷം എല്ലാവരുടേയും അഭിപ്രായപ്രകാരം യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്മറ്റി രുപീകരിക്കാന്‍ യോഗം തീരുമാനിക്കുന്നു. ആരാകണം ഈ കമ്മിറ്റിയുടെ ചെയര്‍മാനെന്ന് ചോദ്യം ഉയരുന്നു. അത്ഭുതമെന്ന് പറയട്ടെ ഏതാനും മിനിറ്റുകള്‍ക്കുമുമ്പ് ഹോട്ടലിലും പരിസരത്തും നിന്ന് സാറിനെതിരെ സംസാരിച്ച നേതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇതിന്റെ അധ്യക്ഷനാകാന്‍ കല്ലറയല്ലാതെ വേറെയാര്? അന്ന് രുപീകരിച്ച പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്‌സ് കൗണ്‍സില്‍ പോള്‍ ചിറക്കരോട്. ഡോ. സൈമണ്‍ ജോണ്‍, ഐ.കെ. രവീന്ദ്രരാജ് തുടങ്ങിവര്‍ ഭാരവാഹികളായി എന്നാണെന്റെ ഓര്‍മ്മ.

പോള്‍ ചിറക്കരോട്

ഞാന്‍ അടുത്ത് പരിചയപ്പെടുകയും ഇടപെടുകയും ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഉയരമില്ലാത്ത വ്യക്തി പോള്‍ സാറായിരുന്നു. ഒരിക്കല്‍ മുഷിഞ്ഞ ഡ്രസ്സുമായി മാരാമണ്ണിലുള്ള പോള്‍ സാറിന്റെ വീട്ടിലെത്തിയ എന്നോട് താന്‍ ഇന്നു പോകേണ്ട നാളെ പോകാം എന്ന് നിര്‍ബന്ധിക്കുകയുണ്ടായി എനിക്കാണെങ്കില്‍ മുഷിഞ്ഞ ഡ്രസ്സിന്റെ ഒരു വല്ലായ്മയും ഊണ് കഴിക്കുന്നതിനു മുന്‍പ് ഷര്‍ട്ടും മുണ്ടും സോപ്പു വെള്ളത്തില്‍ മുക്കി വെച്ചു. എനിക്ക് ഊണു തരാന്‍ അമ്മയോട് പറഞ്ഞു. മുറ്റത്തേക്കിറങ്ങിയ പോള്‍ സാറിനെ ഊണു കഴിയുന്നതുവരെ ഞാന്‍ കണ്ടില്ല. അദ്ദേഹത്തെ അന്വേഷിച്ചു നടന്ന ഞാന്‍ നിലാവെളിച്ചത്തില്‍ കണ്ടു കിണറ്റുകരയില്‍ നിന്ന് പോള്‍ സാര്‍ തുണി കഴുകുന്നു. ഞാന്‍ വളരെ അടുത്തു ചെന്നു നോക്കിയപ്പോഴാണ് എന്റെ ഷര്‍ട്ടും മുണ്ടുമാണ് പോള്‍ സാര്‍ കഴുകുന്നതെന്ന് ഞാന്‍ മനസിലാക്കിയത്. ഒരു വല്ലാത്ത അവസ്ഥയില്‍ മിഴിച്ചു നിന്ന എന്നോട് എടോ താന്‍ ഇന്ന് എന്റെ അതിഥിയാണ്.

എന്നേക്കാള്‍ എത്രയോ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന പോള്‍ സാറിന്റെ ആതിഥേയബോധം പിന്നീട് എന്നിലും വളരെ സ്വാധീനം ചെലുത്തുകയുണ്ടായി. കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ശ്രീ.എന്‍.കെ. ജോസ് സാറിന് ദലിത് ബന്ധു പദവി നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരനും വിമര്‍ശകനുമായിരുന്ന ശ്രീ ഗോപി കൊടുങ്ങല്ലുരിന്റെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ സദസ്സില്‍ ഒരു ഞെട്ടല്‍ തന്നെ ഉണ്ടാക്കി. ടി യോഗത്തില്‍ അന്നദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മതിയായ മറുപടി പറയുവാന്‍ സ്റ്റേജില്‍ ഇരിക്കുന്ന ഐ.ഡി.എഫ്. നേതാക്കള്‍ക്ക് കഴിയുമോ എന്ന ആശങ്കയില്‍ ശ്വാസമടക്കി മരവിച്ചിരിക്കുമ്പോള്‍ യോഗാദ്ധ്യക്ഷനായ കല്ലറ സാറിന്റെ അനൗണ്‍സ്‌മെന്റ് അടുത്തതായി ശ്രീ പോള്‍ ചിറക്കരോട് സംസാരിക്കും. ഗോപി കൊടുങ്ങല്ലുര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ലോകപ ണ്ഡിതന്‍മാരുടേയും സാഹിത്യകാരന്‍മാരുടേയും പുസ്തകങ്ങളെ പരിചയപ്പെടുത്തി അന്ന് പോള്‍ സാര്‍ നടത്തിയ പ്രസംഗം സദസ്സിന്റെ ആദരം പിടിച്ചുപറ്റുകയും ആ പ്രസംഗം റിക്കാഡു ചെയ്ത് സുക്ഷിക്കാന്‍ കഴിയാതെ പോയത് സംഘടനക്ക് മാത്രമല്ല ദലിത് സമുഹത്തിന് തന്നെ വലിയ നഷ്ടം തന്നെ.

പച്ച പ്രാണന്‍ രക്ഷിക്കാന്‍ വേട്ടക്കാരന്റെ മുന്നിലുടെ ഭയന്നോടുന്ന പേടമാനിന്റെ ഭയവിഹ്വലതയല്ല മറിച്ച് വേട്ടക്കാരന്റെ വാളിന്റെ തിളക്കവും ഉടയാടകളുടെ കിലുക്കവും വേട്ടക്കുതിരയുടെ കുഞ്ചിരോമത്തിന്റെ തിളക്കവുമാണ്. സവര്‍ണ്ണ സാഹിത്യകാരന്മാരുടെ ചര്‍ച്ചാ വിഷയങ്ങളെന്ന് പോള്‍ സാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ദലിത് സാഹിത്യത്തിനും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടി വാദിച്ചു. കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും എടുക്കണമേയെന്ന് യാചിക്കുന്ന ക്രിസ്തുവിനേക്കാള്‍ ചിന്തകൊണ്ട് ഔന്നിത്യമുണ്ടായിരുന്ന മഹാനായിരുന്ന റ്റോള്‍ സ്റ്റോയി എന്ന് മരണത്തെ ചിരിച്ചു കൊണ്ടു സ്വാഗതം ചെയ്യുന്നതും മറ്റും ഒരു ചലച്ചിത്രത്തിലെന്ന പോലെ സദസ്സിനെ ധരിപ്പിക്കാന്‍ പോള്‍ സാറിനുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യവും പ്രസംഗശൈലിയും എത്ര മണിക്കുര്‍ സംസാരിച്ചാലും ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത പോള്‍ സാറിനുമാത്രം സ്വന്തം.

പകരക്കാരനില്ലാതെ നമ്മെ വിട്ടുപിരിഞ്ഞ പോള്‍ ചിറക്കരോടെന്ന മഹാന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ നിറകണ്ണുകളോടെ പ്രണാമം.

ഉജ്ജ്വല വാഗ്മി, സാഹിത്യകാരന്‍, സിനിമ പ്രിയന്‍. നല്ല ഫലിതം പറയുന്ന സഹ്യദയന്‍ എന്നീ നിലകളില്‍ മികവു പുലര്‍ത്തിയിരുന്ന പോള്‍ സാര്‍ ഒരിക്കലും ഒരു നല്ല സംഘാടകനായിരുന്നിട്ടില്ലെന്ന കുറവ് സദയം നാം മറക്കേണ്ടതുണ്ട്.

1970 കാലഘട്ടത്തില്‍ മദ്ധ്യകേരളത്തില്‍ മിക്ക പ്രദേശങ്ങളിലും ദലിതരെ തെരെഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു വന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അക്കാലത്ത് ദലിതര്‍ക്ക് സംഘടിക്കുവാന്‍ പ്രചോദനമേകി അടിക്കുന്നവനെ തിരിച്ചടിച്ചിട്ടു വാടായെന്ന് സധൈര്യം പറഞ്ഞ മുന്നു നേതാക്കളെ 1995 നു ശേഷം സമുഹത്തിനു നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വേര്‍പാടും ഒരു നേതൃശുന്യത ഉണ്ടാക്കിയില്ലേ എന്നൊരു തോന്നല്‍ എന്നിലും സജീവമാണ്.

പറഞ്ഞു തീരാത്ത ഒരുപാടു കാര്യങ്ങള്‍ ബാക്കി വച്ചു പോയ മഹാരഥന്‍ മാര്‍ക്ക് പകരം ആരെങ്കിലും ധീര നേതാക്കള്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ