"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

ദലിതരുടെ നേതാവ് - കല്ലറ ബാബു


ബ്രാഹ്മണ്യം സൃഷ്ടിച്ച ജാതിവ്യവസ്ഥ ഇന്‍ഡ്യയിലെ നാലിലൊന്നോളം വരുന്ന ജനതയെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിത്താഴ്ത്തുകയും നൂറ്റാണ്ടുകളുടെ അടിമത്വത്തിന്റെ നരകയാതന അനുഭവിക്കുവാന്‍ വിധിക്കപ്പെടുന്നത് ലോകത്തുതന്നെ അത്യപൂര്‍വ്വമായിരിക്കും സമ്പത്തും അധികാരവും പദവികളും സവര്‍ണ്ണ മേധാവിത്വത്തില്‍ ഉറപ്പിച്ചുകൊണ്ട് മൃഗതുല്യമായ ജീവിതം ദലിതര്‍ക്കായി സമ്മാനിക്കാന്‍ ന്യൂനപക്ഷം വരുന്നവര്‍ക്ക് എങ്ങനെ സാധ്യമായെന്നുള്ള പ്രശ്‌നങ്ങള്‍ ദലിതരെ സംബന്ധിച്ചിടത്തോളം പുതിയ തിരിച്ചറിവിലേക്ക് എത്തിച്ചു. അയിത്തവും അടിയാളത്തവും വിവേചനങ്ങളും ചൂഷണവും ദൈവീകമല്ലെന്നും ബ്രാഹ്മണ്യത്തിന്റെ കുടില തന്ത്രങ്ങളായിരുന്നുവെന്ന് ദലിതര്‍ മനസ്സിലാക്കാന്‍ തുടങ്ങിയതോടുകൂടി വിസ്‌ഫോടനത്തിന്റെ വിത്തുകള്‍ മുളയ്ക്കുവാന്‍ തുടങ്ങി. സവര്‍ണ്ണ ജന്മിത്വം ദലിതരുടെ മുകളില്‍ ചാര്‍ത്തിയ ചാട്ടവാറിന്റെ അടയാളങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തത്ര ആഴങ്ങളിലേക്ക് പോയി. സവര്‍ണ്ണ മേധാവിത്വത്തിന് സ്വസ്ഥമാ യിരിക്കാന്‍ ദലിതര്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. എല്ലാ ഇന്‍ഡ്യന്‍ സംസ്ഥാന ങ്ങളിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ അവരുടേതായ രീതിയില്‍ സമരങ്ങളുടെ പന്ഥാവുകള്‍ വെട്ടിതുറന്നു. ഉറവവറ്റാത്ത സമരങ്ങള്‍ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാനും അതിനെ നശിപ്പിക്കാനുമുള്ള ചിന്തകളും പ്രയോഗങ്ങളും ദലിതരെ പുതിയ അവബോധങ്ങളിലലേക്ക് എത്തിച്ചു. അതിന് നേതൃത്വം കൊടുക്കാന്‍ ധൈര്യപ്പെട്ട് മുന്നോട്ടുവന്നവരില്‍ കേരളത്തില്‍ അയ്യങ്കാളിക്കുശേഷം കല്ലറ സുകുമാരനാണ് മുന്‍നിരയില്‍. ബഹുമുഖമായ തന്റെ പ്രതിഭാശേഷിയിലുടെ ഒരു ജനതക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് കല്ലറ സുകുമാരന്‍.

സംഘാടകന്‍, പ്രക്ഷോഭകാരി, പ്രക്ഷുബ്ധമായ പ്രാസംഗികന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അവര്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. കേരളാ ഹരിജന്‍ ഫെഡറേഷനില്‍ തുടങ്ങി ഇന്‍ഡ്യന്‍ ലേബര്‍പാര്‍ട്ടിയും ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷനിലേക്കും പിന്നീട് ബി. എസ്.പി.യിലേക്കും എത്തുമ്പോള്‍ സംഘടനയുടെ പേരില്‍ വരുന്ന മാറ്റങ്ങള്‍പോലും പുതിയ അവബോധങ്ങളും തിരിച്ചറിവുകളുമാണ് സൂചിപ്പിക്കുന്നത്. ഇതിന് സമാനമായി ചരിത്രത്തില്‍ അംബേദ്കറുടെ സംഘടനാപ്രവര്‍ത്തനത്തിലും ഈ പരിവര്‍ത്തനം കാണാന്‍ കഴിയും. കൂലിയടിമത്വത്തില്‍ നിന്നാരംഭിക്കുന്ന തികച്ചും പട്ടിണി കുടുംബത്തില്‍ നിന്നാണ് കല്ലറ സുകുമാരന്‍ ദലിത് നേതൃത്വമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിടേണ്ടി വന്ന ദുരിതവും കഷ്ടപ്പാടും പട്ടിണിയും ഒരു കൂസലുമില്ലാതെ നേരിടാന്‍ തന്റെ ജീവിത പശ്ചാത്തലം കൈമുതലായിട്ടുണ്ടാവാം.

സംഘടനയുടെ നേതൃത്വത്തില്‍ ബൗദ്ധികവും സംഘടനാശേഷിയുമുള്ള വിപുലമായ ഒരു നിര തന്നെ സൃഷ്ടിച്ചിരുന്നു. അവരിലൂടെ ആയിരക്കണക്കിന് ദലിതരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഗുരുവായൂര്‍ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ അയിത്ത ജാതിക്കാര്‍ക്കു പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതിനെതിരെ സമരം ചെയ്തുകൊണ്ടാണ് അദ്ദേഹം കേരളത്തില്‍ ശ്രദ്ധേയമായത്. ഒട്ടേറെ സമരങ്ങളിലൂടെ കേരളത്തിലെ ദലിതരെ ആത്മാഭിമാനമുള്ള ജനതയാക്കി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സ്തുതൃര്‍ഹമാണ്. ദലിതര്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റേയും വിവേചനങ്ങളുടേയും തീഷ്ണതയും അതിനെതിരായ രോഷവും പ്രക്ഷോഭകരവുമാ യിട്ടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ നമുക്ക് ശ്രവിക്കാന്‍ കഴിയുന്നത്. പ്രസംഗം കേള്‍ക്കുന്ന ദലിതര്‍ നെഞ്ചില്‍ കനലെരിയുന്ന മനസ്സുമായിട്ടാണ് മടങ്ങിപ്പോകുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം പല ദലിത് സംഘടനാ പ്രവര്‍ത്തകരും അനുകരിച്ചിട്ടുണ്ട്. ഡോ. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പുസ്തകങ്ങളില്‍ ചൂണ്ടികാണിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലീഷിലൂടെ ഉദ്ധരിക്കുകയും അതിന്റെ മലയാള വിവര്‍ത്തനം വളരെ ഗംഭീരമായി വിശദീകരിക്കുകയും ചെയ്തിരുന്നു.

വ്യത്യസ്ത മതങ്ങളിലും ജാതി, ഉപജാതികളിലുമായി ചിതറിക്കിടന്നിരുന്ന ദലിതരെ വിഭജനങ്ങള്‍ക്കതീതമായി ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് ബ്രാഹ്മണ്യ വിരുദ്ധ നിലപാടിന്റെ ഭാഗമായിട്ടാണ്. അയ്യന്‍ങ്കാളി രൂപീകരിച്ച സാധുജന പരിപാലന സംഘത്തിനോട് സാദൃശ്യമുണ്ട് കല്ലറ സുകുമാരന്റെ സംഘടനാ ശൈലിക്ക്. ജാതി വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ടും മതാടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണിത്.വിവിധ ദലിത് സംഘടനകളെ ഏകോപിപ്പിക്കാനും ദലിതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി സംഘടിതമായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പലഘട്ടങ്ങളിലായി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ ശ്രമങ്ങള്‍ ദലിതര്‍ക്കിടയില്‍ വ്യാപകമായ ഐക്യബോധം രൂപപ്പെടാന്‍ സഹായകരമായി ട്ടുണ്ട്. അദ്ദേഹം രൂപീകരിച്ച സംഘടനയുടെ നേതൃത്വം എന്ന തലം വിട്ട് മുഴുവന്‍ ദലിതരുടേയും നേതാവായി മാറുകയായിരുന്നു കല്ലറ സുകുമാരന്‍ . ദലിതര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അപൂര്‍വ്വ ചില വ്യക്തിത്വങ്ങളില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കാന്‍ കല്ലറ സുകുമാരന് കഴിഞ്ഞത് തന്റെസാമൂഹ്യ പ്രതിബദ്ധതയുടെ ഫലമാണ്. ദലിത് പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റേയും ഇന്‍ഡ്യയുടേയും ജനാധിപത്യവല്‍ക്കരണത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. അതു മനസ്സിലാക്കാനും ആ വ്യക്തിത്വത്തെ ആദരിക്കാനും പൊതു സമൂഹത്തിന് കഴിയാതെ പോയത് ഇരുളടഞ്ഞ മനസ്സ് കാരണമാണ്. ദലിത് സമൂഹത്തില്‍ നിന്ന് അവര്‍ക്കുവേണ്ടി ഉയര്‍ന്നുവരുന്നവരെ അവഗണിച്ച ചരിത്രം പുതിയതൊന്നുമല്ല. കല്ലറ സുകുമാരന്‍ ദലിതര്‍ക്കും പൊതു സമൂഹത്തിനും നല്‍കിയ സംഭാവനകളെ സ്വാംശീകരിക്കാനും അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിക്കാനും ബ്രാഹ്മണ്യ ജാതി വ്യവസ്ഥയും ചൂഷണവും സൃഷ്ടിക്കുന്ന പുതിയ അടിയാളത്വത്തിനെതിരെ കരുത്തറ്റ പാതകള്‍ വെട്ടിതുറക്കാന്‍ കഴിയുമ്പോഴാണ് നമുക്ക് ഉറച്ചകാല്‍വെ യ്‌പ്പോടെ ലക്ഷ്യത്തിലെത്താന്‍ കഴിയുക. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ