"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

കല്ലറ സുകുമാരന്‍ എന്റെ വഴികാട്ടി - കെ പി ജയന്‍


അന്ന് പീരുമേട്, ദേവികുളംഎന്നിവ കോട്ടയം ജില്ലയിലായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലാണ് പീരുമേട്ടില്‍ വച്ച് എന്റെ അച്ഛന്‍ കല്ലറ സാറിനെ പരിചയപ്പെടുത്തുന്നത്. അച്ഛനന്ന് പീരുമേട്ടിലെ പാര്‍ക്കിന്‍സ് കമ്പനിയുടെ വെമ്പനാഡു എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു.അച്ഛനും സാറുമായി നല്ല സൗഹൃദ ബന്ധത്തിലായിരുന്നു. കോട്ടയത്തു പഠിച്ചിരുന്ന എന്നെ പീരുമേട്ടില്‍ സാറു പറഞ്ഞിട്ടാണുകൊണ്ടു ചേര്‍ത്തത്. സാറിന്റെ വീട്ടില്‍ താമസവും, അവിടത്തെ ഹരിജന്‍ ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടുന്നതുവരെ. ഇന്നത്തെ ഐ.ഡി.എഫ്.ന്റെ അന്നത്തെ പേര് ഹൈറേഞ്ച് ഹരിജന്‍ ഫെഡറേഷന്‍ എന്നായിരുന്നു. ഒരു എം.എ.പ്രസാദ് ആയിരുന്നു പ്രസിഡന്റ്.എം.സി.കുട്ടപ്പനായിരുന്നു വൈസ് പ്രസിഡന്റ്. സാര്‍ ജനറല്‍ സെക്രട്ടറിയും. കുടാതെ സാറന്ന് കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായഐ എന്‍.റ്റി.യു.സി.യുടേയും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റേയും നേതാവായിരുന്നു. തോട്ടം തൊഴിലാളികളെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്നതിന് ഇന്‍ഷുറന്‍സ് ഏജന്റുമായിരുന്നു. ഞാന്‍ സാറിന്റെ വീട്ടില്‍ താമസിക്കുന്ന കാലത്ത് ചേച്ചി (സാറിന്റെ ഭാര്യ) നേഴ്‌സറി സ്‌കുള്‍ ടീച്ചറായിരുന്നു. സഹോദരനും അച്ഛനും അവിടെയുണ്ടായിരുന്നു. സാര്‍ ഡിറ്റക്ടീവ് നോവലിസ്റ്റായിരുന്നു, അന്നൊക്കെ ഞാനായിരുന്നു പകര്‍ത്തെഴുതിയിരുന്നത്. സാറൊരു ബീഡിയും വലിച്ചുകൊണ്ടു വീട്ടിലുലാത്തികൊണ്ട് കഥാഭാഗങ്ങള്‍ വിവരിക്കും ഞാനെഴുതും. ഹൈറേഞ്ച് ഹരിജന്‍ ഫെഡറേഷന്റെ പ്രവര്‍ത്തകനായ സാറുമായുള്ള സഹവാസം എന്നെ പില്‍ക്കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചേരുവാനും കാരണമായി. എന്റെസംഘടനാ പ്രവര്‍ത്തന ഗുരുനാഥന്‍ സാറായിരുന്നു. അന്ന് എനിക്കവധിയുള്ള ദിവസങ്ങളില്‍സാറിനോടൊത്ത് എസ്റ്റേറ്റുകളിലും പുല്‍പ്രദേശങ്ങളിലും തമിഴ് മലയാളം എന്ന വ്യത്യാസമില്ലാതെ നമ്മുടെ ആള്‍ക്കാരുടെ ഭവനങ്ങളിലും അവരുടെ ജോലിസ്ഥലങ്ങളിലും ഞാനും സാറും പോകുമായിരുന്നു. അന്ന് ഇന്നത്തെ പോലെയുള്ള വാഹനസൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് മൈലുകളോളം നടപ്പുതന്നെയായിരുന്നു. നേരത്തെ തന്നെ എനിക്ക് ഹരിജന്‍ ഹോസ്റ്റലില്‍ സാറെനിക്ക് സീറ്റു തരമാക്കിയിരുന്നു. ഞാന്‍ ആദ്യക്ഷരം പഠിച്ചതു തമിഴിലായിരുന്നു. അയ്യാലുനാടാരായിരുന്നു ഗുരുനാഥന്‍. പിന്നീടായിരുന്നു മലയാളം പഠിച്ചത്. സാറിനുവേണ്ടി ആള്‍ക്കാരെ ചേര്‍ക്കുന്വോഴൊക്കെ ആ തമിഴ് വിദ്യാഭ്യാസമെന്നെ സഹായിച്ചു. പില്‍ക്കാലത്ത് ഞാന്‍ തമിഴ് സിനിമ ചെയ്തപ്പോഴും എനിക്കതു വളരെ പ്രയോജനപ്പെട്ടു. സ്‌കുള്‍ വിദ്യാഭ്യാസ ശേഷം ഞങ്ങള്‍ പീരുമേട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു താമസം മാറ്റി. ആ കാലഘട്ടത്തില്‍ ഞാന്‍ സിനിമയിലേക്കു ചേക്കേറി,പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ കാണാതായി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോഴിക്കോടു ജോലിയിലിരിക്കുന്വോഴാണു സാറുമായി ബന്ധപ്പെടുന്നത്. അങ്ങനെയിരിക്കെ ഒരിക്കല്‍ വിളിച്ചുപറയുന്നു ആലുവ വൈ.എം.സി.എ.യില്‍ ഒരു ക്യാമ്പ് വെച്ചിട്ടുണ്ട്.അതിന്റെ സ്വാഗത സംഘം ചെയര്‍മാനായി വെച്ചിട്ടുണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന്.ക്യാമ്പ് പ്രവര്‍ത്തനം ഭംഗിയാക്കി. ആലുവയിലെ ആ ക്യാമ്പില്‍ വച്ചാണു പോള്‍ ചിറക്കരോട് സാറിനെ പരിചയപ്പെടുന്നത്. ആ ക്യാമ്പില്‍ അംബേദ്കറെക്കുറിച്ചൊരു നല്ല ക്ലാസ് ഉണ്ടായിരുന്നു.പോള്‍ സാറാണു ഇത് നയിച്ചിരുന്നുത്.ഞാന്‍ ഇതിനു മുമ്പു തന്നെ പോള്‍ സാറിന്റെ ചെറുകഥകള്‍ വായിച്ചിരുന്നു, ഞാന്‍ കോഴഞ്ചേരിയില്‍ ജോലി ചെയ്യുന്ന കാലത്ത് പുല്ലാട്ടുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു.അയാള്‍ അന്ന് പോള്‍ സാറിന്റെ വീട് കാണിച്ചിരുന്നു. ഒരു ചെറുകഥാകൃത്താണെന്നു പറഞ്ഞിരുന്നു. പീന്നീടൊരിക്കല്‍ സാഹിത്യവാരഫലത്തില്‍ എം.കൃഷ്ണന്‍ നായര്‍ പോള്‍ സാറിനെക്കുറിച്ച് എഴുതിയിരുന്നു. മനോരമാ ആഴ്ചപ്പതിപ്പിലെ ചെറുകഥാക്യത്തുകളില്‍ പ്രശസ്തനാണന്ന്. അന്നു മുതല്‍ സാറിന്റെ ചെറുകഥകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആലുവ ക്യാമ്പില്‍ വച്ച് നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന സുബ്രമണ്യനേയും സെയില്‍ ടാക്‌സ് അസ്സിസ്റ്റന്റ് കമ്മീഷണറായിരുന്ന ഡി. പി. കാഞ്ചിറാമിനേയും പരിചയപ്പെട്ടു. അന്നു മുതല്‍ വര്‍ഷങ്ങളോളം പോള്‍ സാറുമായി വളരെ അടുപ്പത്തിലായിരുന്നു. സാര്‍ മരിക്കുന്നതിനു പത്ത് പതിനാലു ദിവസത്തിനു മുമ്പ് ഒരു രാത്രിയില്‍ അന്നത്തെ ഐ.ഡി.എഫിന്റെ ജില്ലാ പ്രസിഡന്റ് ജോണ്‍ എന്റെ വീട്ടില്‍ വന്നു. കല്ലറ സാര്‍ കോട്ടയം റ്റി.ബി. യില്‍ ഉണ്ട് അത്യാവശ്യം നാളെ രാവിലെ ചെന്നു കാണണമെന്നു പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞുവിട്ടു വൈകുന്നേരം ചെന്ന് കണ്ടോളാമെന്ന്. പിറ്റേന്ന് സന്ധ്യക്ക് ഞാന്‍ റ്റി.ബി.യില്‍ എത്തുമ്പോള്‍ റ്റി.ബി.യുടെ പരിസരത്ത് പ്രവര്‍ത്തകര്‍ ധാരാളം നില്‍ക്കുന്നു. ഞാന്‍ കല്ലറ സാറിന്റെ മുറിയില്‍ എത്തുമ്പോള്‍ അദ്ദേഹം കട്ടിലില്‍ കിടക്കുകയായിരിന്നു. ഞാന്‍ ചെന്നു വിളിച്ചപ്പോള്‍ സാര്‍ പെട്ടന്നെഴുന്നേറ്റ് എന്റെ തോളില്‍ കൈയ്യിട്ടുകൊണ്ട് വെളിയിലേക്ക് വന്നു.സാര്‍ പറഞ്ഞു വരുന്ന ശനിയും ഞായറും മുട്ടമ്പലം സ്‌കുളില്‍ ക്യാമ്പ് വച്ചിരിക്കുകയാണ്. നോട്ടീസും പോസ്റ്ററും എല്ലാം പ്രസ്സില്‍ റെഡിയായിരിക്കുകയാണ്. പ്രവര്‍ത്തകര്‍ എല്ലാം രാവിലെ മുതല്‍ വന്നിരിക്കുകയാണ്. അതെല്ലാം പ്രസ്സില്‍ നിന്നും എടുക്കണം പണമില്ല. പെട്ടന്ന് എന്തെങ്കിലും ഏര്‍പ്പാടാക്കണം. ഞായറാഴ്ച തന്നെ പണം തിരികെ തരും. ഞാന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് അവിയെടിരിക്കുന്ന രൂപ മകന്റെ കൈയ്യില്‍ കൊടുത്തയക്കാന്‍, മകന്‍ പെട്ടന്ന് കാറില്‍ എത്തി അപ്പോള്‍ തന്നെ ഞാനും സാറും ആ കാറില്‍ കയറി ട്രാന്‍പോര്‍ട്ട് സ്റ്റാന്‍ഡിനടുത്തുള്ള തട്ടുകടയില്‍ ചെന്നു ദോശയും കഴിച്ചു തിരികെ റ്റി.ബി.യില്‍ എത്തി സാറിനു പണവും കൊടുത്തിട്ടു പോന്നു. അടുത്ത ഞായറാഴ്ച ക്യാമ്പ് നടക്കുന്ന മുട്ടമ്പലം സ്‌കുളില്‍ ഞാന്‍ ഉച്ച കഴിഞ്ഞ് എത്തി, പോള്‍ സാറിനെ കണ്ടു സംസാരിച്ചു. അടുത്തൊരു ക്ലാസ് റുമില്‍ ഒരു കൊതുകുവലക്കുള്ളില്‍ സാര്‍ കിടക്കുന്നുണ്ടായിരുന്നു. ക്ഷീണിതനായിരുന്നു. എന്നെ കണ്ട ഉടനെ എഴുന്നേറ്റു, നല്ല സുഖമില്ല എന്നു പറഞ്ഞു. സൂട്ട്‌കേസ് തുറന്നു എനിക്ക് രുപ എടുത്തു തന്നു. അതില്‍ നിന്നും കുറച്ചു രൂപ എന്റെ സംഭാവന എന്നു പറഞ്ഞു ഞാന്‍ കൊടുക്കുകയും ചെയ്തു. അതാണ് ഞാനും സാറും തമ്മിലുള്ള അവസാന കുടികാഴ്ച. അതുകഴിഞ്ഞ് ഏഴാം ദിവസം ശനിയാഴ്ച ഉച്ചയ്ക്കു ഞാന്‍ അറിയിന്നത് സാര്‍ മരിച്ചു എന്നുള്ള വിവരമാണ്. ഞായറാഴ്ച രാവിലെ പീരുമേട്ടില്‍ എത്തി. ഇന്നേവരെ പീരുമേട് കാണാത്ത ഒരു ജനപ്രവാഹമായിരുന്നു അവിടെ. ഞങ്ങള്‍ ആദ്യം കാണുന്ന 1962 മുതല്‍ മരിക്കുന്നതുവരെ ഞങ്ങള്‍ വളരെ സൗഹൃദത്തിലായിരുന്നു. ഞാന്‍ എന്റെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെയും സാര്‍ എന്നെ ഒരു അനിയനെപ്പോലെയും കരുതിയിരുന്നു. മഹാത്മാ അയ്യന്‍കാളിക്കു ശേഷം ഈ ജനത്തെ നെഞ്ചിലേറ്റി സ്‌നേഹിച്ച കര്‍മ്മനിരതനായൊരു നേതാവും കല്ലറ സാര്‍ മാത്രം, ചരിത്രത്തില്‍ കല്ലറസാറിനൊരു സ്ഥാനമുണ്ട്, ജനമനസ്സുകളിലും. അതുപോലെ തന്നെ പോള്‍ സാറിനും.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ