"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

ഡി.പി. കാഞ്ചിറാം; ദലിത് ശാക്തീകരണത്തിന്റെ കാരണവന്‍


പി.ജി. ഗോപി ഡി.പി.യോട് : 
അങ്ങ് കെ. എച്ച്. എഫില്‍ ജനറല്‍ സെക്രട്ടറിയായിട്ടുണ്ടോ?

ഉണ്ട്

അതിന്റെ സാഹചര്യം?

മുണ്ടക്കയം ദിവാകരനാണ് 1974-75 ല്‍ കല്ലറയെ എനിക്ക് പരിചയപ്പെടുത്തുന്നത്. എസ്.എന്‍. സ്‌കൂള്‍ ഹാളില്‍ നാല് ദിവസം ക്യാമ്പ് നടന്നു. അതില്‍ ഞാന്‍ പ്രസംഗകനായി എസ്.സി./എസ്.റ്റി. എംപ്ലോയിസിന്റെ ക്യാമ്പ് നടന്നു. ഇതില്‍ വച്ചാണ് പൊന്‍കുന്നത്ത് വച്ച് കെ.എച്ച്.എഫിന്റെ യോഗം നടക്കുന്നതായി അറിഞ്ഞത്. ഒരു ഹരിജന്‍ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണം എന്ന ഒന്നര മണിക്കൂര്‍ നീണ്ട ഒരു പ്രസംഗം കല്ലറ നടത്തി. ഞാന്‍ അതെല്ലാം നോട്ടായി കുറിച്ചു. ആ ബുക്ക് കല്ലറ എന്റെ കയ്യില്‍ നിന്നും വാങ്ങികൊണ്ടുപോയി. അതില്‍ ചില മാറ്റങ്ങള്‍ വരുത്തി അദ്ദേഹം എറണാകുളത്ത് പ്രസ്സില്‍കൊണ്ടുപോയി അച്ചടിച്ചിറക്കി. അതാണ് കെ.എച്ച്.എഫ്. എന്ത്? എന്തിന് എന്ന പുസ്തകം മുണ്ടക്കയം സമ്മേളനത്തില്‍ ഞാനും ഒരു പ്രാസംഗികനായി. എം.കെ. കുഞ്ഞോലിനെക്കൂടി പ്രസംഗത്തിന് വിളിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. 

1976-77-ല്‍ തിരുനക്കര നടന്ന സംസ്ഥാന യോഗത്തില്‍ മുണ്ടക്കയം ദിവാകരന്‍, ശ്രീധരന്‍ എന്നിവരോടൊപ്പം എന്നെയും സംസ്ഥാനത്ത് എല്ലാം ജില്ലകളിലും കമ്മിറ്റികള്‍ളുണ്ടാക്കുവാന്‍ ചുമതലപ്പെടുത്തി. പാലക്കാട് ഹരിജന്‍ വാന്‍ഗാര്‍ഡ് സംഘടന (കെ.ഒ. രാഘവന്‍, കെ.ടി. രാഘവന്‍) കെ.എച്ച്.എഫുമായി ലയിപ്പിക്കാമെന്ന് മുണ്ടക്കയം ദിവാകരന്‍ പറഞ്ഞു. അത് നടന്നില്ല. മലപ്പുറത്തും ഒന്നും നടന്നില്ല. തിരുവനന്തപുരത്ത് എം.എ. കുട്ടപ്പന്‍ സംഘടിപ്പിക്കാമെന്നു പറഞ്ഞു. കുമ്പഴ ദാമോദരന്‍ സാര്‍ പ്രവര്‍ത്തിക്കുന്ന അംബേദ്ക്കര്‍ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കുട്ടപ്പന്‍ പറഞ്ഞു. ജൂലൈ ആഗസ്റ്റ് മാസത്തില്‍ ജില്ലകളില്‍ (77-ല്‍ ഒറ്റ നോട്ടീസില്‍) കമ്മിറ്റി രൂപീകരിക്കും എന്ന് അറിയിച്ചു. കോഴിക്കോട് രാഘവന്‍ എന്ന ആള്‍ ഏറ്റിരുന്നെങ്കിലും നടന്നില്ല. ഈ വിവരം കല്ലറ സാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാമുണ്ണി എക്‌സ് എം.എല്‍.എ., കെ.എം. രാമന്‍, പി. ഭരതന്‍, കെ. ഗോപാലന്‍ എന്നിവരും ഹരിജന്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിലുള്ള യോഗത്തിന്റെ തീയതി തീരുമാനിച്ചു. അവിടെ നിന്നും നേരെ പോയത് കണ്ണൂര്‍ക്കായിരുന്നു. കെ.പി. രാജന്‍ സാര്‍ അവിടത്തെ ചില ജില്ലാ ഓഫീസര്‍മാരുമായി ബന്ധപ്പെടുകയും നാസാ ഹോട്ടല്‍ മുറിയില്‍ പ്രഥമ യോഗം ചേരുകയുമുണ്ടായി. തൃശൂര്‍ വന്ന് സുബ്രഹ്മണ്യനെ കണ്ട് വിവിധ ഹോസ്റ്റലുകളില്‍ പോയി വിദ്യാര്‍ത്ഥികളെ കണ്ട് ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ കൂടി കെ.എച്ച്.എസ്.എഫ്. ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ സംഘടനാബോധം ഉണ്ടാക്കിയതിനുശേഷമാണ് കെ.എച്ച്.എസ്.എഫ്. കമ്മിറ്റി ഉണ്ടായത്. പാലക്കാടും മലപ്പുറത്തും ചിലരുമായി ബന്ധപ്പെട്ട് കെ.എച്ച്.എഫിന്റെ കമ്മിറ്റിയുണ്ടായി. അതില്‍ ബി.ഡി.സി.എല്‍. പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

വടക്കന്‍ മേഖലകളില്‍ ജില്ലാ കമ്മിറ്റികളുണ്ടായത് താങ്കളുടെ സംഘടനാ പാടവം കൊണ്ടാണ്?

അതെ, കല്ലറ സാറിന്റെ പ്രസംഗപാടവവും ഉണ്ടായിരുന്നു. എറണാകുളം കമ്മിറ്റി ശ്രീധരന്‍ ഉണ്ടാക്കി. കൊല്ലത്ത് എനിക്ക് ആദ്യം പോകുവാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് കമ്മിറ്റി ഉണ്ടാക്കി.

78-ല്‍ കോട്ടയത്ത് സംസ്ഥാന സമ്മേളനം പ്ലാന്‍ ചെയ്താണ് കമ്മിറ്റി രൂപീകരിച്ചത്. സി.പി.എം. ഒരു പരിപാടി ആലോചിക്കുമ്പോഴേ (ആ സമരം) കെ.എച്ച്.എഫ്. ആ പരിപാടി നടത്തി കഴിഞ്ഞിരിക്കും. അത്രക്കും സംഘടിതമാണ് പ്രസ്ഥാനം. കണ്ണൂരില്‍ ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടന്ന ജില്ലയാണ്. ഡെപ്യൂട്ടി തഹസീല്‍ദാര്‍, പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയവര്‍ അവിടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിച്ചു.

കെ.എച്ച്.എഫില്‍ പ്രവര്‍ത്തിക്കുവാന്‍ ആളുകളെ പ്രചോദിപ്പിച്ച വസ്തുത?

മലബാര്‍ മേഖലയില്‍ ജാതീയ സംഘടനകളായിരുന്നില്ല പ്രവര്‍ത്തിച്ചത്. ഹരിജന്‍ സമാജം, സൊസൈറ്റി എന്നിവയായിരുന്നു. പ്രധാനസംഘടനകള്‍ ഇവരുടെ പ്രവര്‍ത്തന ശൈലിയോട് പലര്‍ക്കും വിയോജിപ്പ് ഉണ്ടായിരുന്നതിനാല്‍ കെ.എച്ച്.എഫിന്റെ പ്രവര്‍ത്തനത്തോട് കൂടുതല്‍ ആളുകള്‍ തല്പരരായി. ആ സമര പ്രഖ്യാപനം നടത്തിയതോടെ കെ.എച്ച്.എഫില്‍ കൂടുതല്‍ ആളുകള്‍ എത്തി. മിച്ചഭൂമി ലഭിക്കണമെന്നായിരുന്നു പ്രധാന ഡിമാന്റ്. താലൂക്ക് ഓഫീസ് പടിക്കല്‍ നിരന്തരമായി നടത്തിവന്ന സമരം 1980-ല്‍ നിര്‍ത്താന്‍ പഴുത് കണ്ടത് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവച്ചപ്പോഴാണ്. 

ഗുരുവായൂര്‍ സമരത്തില്‍ ഉള്ള പങ്ക് എന്താണ്? 

സ്വാമി ആനന്ദ തീര്‍ത്ഥനെ മര്‍ദ്ദിച്ചതിനെതുടര്‍ന്നാണ് ആ സമരം നടത്തേണ്ടിവന്നത്. 

നിങ്ങള്‍ കുറെ വിദ്യാസമ്പന്നരുടെ കൂടെ വിദ്യാഭ്യാസം കുറഞ്ഞ കല്ലറ കൂടുതല്‍ ജനകീയനായത് എങ്ങനെ? 

വാഗ്മിത്തം, ആളുകളെ കൂട്ടിയോജിപ്പിക്കാനുള്ള കഴിവ്, ആരോടും മുഷിയാതെയുള്ള പെരുമാറ്റം, ആരെ ഏല്‍പ്പിച്ചാല്‍ ഒരു പരിപാടി നടത്താം എന്നുള്ള അറിവ്.

നിങ്ങള്‍ തമ്മില്‍ അകലാനുള്ള കാരണം?

കെ.എച്ച്.എസ്.എഫ്.- കെ.എച്ച്.എഫില്‍ ലയിക്കണം എന്ന അഭിപ്രായം എനിക്ക് ഇല്ലായിരുന്നു. വി. ശശി, നടേശന്‍, എന്നിവരെ കല്ലറ ഒറ്റയ്ക്ക് ക്യാന്‍വാസ് ചെയ്തു. ആ തീരുമാനം ശരിയായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ആ തീരുമാനത്തിന് പിന്നില്‍ ഡി.പി. ആയിരുന്നല്ലോ എന്നാണല്ലോ പറച്ചില്‍?
അവരുടെ വിവിധ സമ്മേളനങ്ങളില്‍ കല്ലറയക്ക് പ്രസംഗിക്കാനുള്ള അവസരം ഞാന്‍ ഉണ്ടാക്കികൊടുത്തു. പരിചയപ്പെടുത്തുകയും ചെയ്തു. കെ.എച്ച്.എസ്.എഫ്. രജതജൂബിലി സമ്മേളനം കോഴിക്കോട് വച്ച് നടത്തിയതിന്റെ ജനറല്‍ കണ്‍വീനര്‍ ഞാനായിരുന്നു.

കെ.എച്ച്.എസ്.എഫ്.-കെ.എ.ച്ച്.എഫ്. ലയനം പരാജയം?
പരാജയം ആയിരുന്നു.

അതിനെ പ്രതിരോധിക്കാന്‍ ഡി.പി. മുന്‍കൈ എടുത്തില്ലേ?

എന്റെ ഭാഗത്തുനിന്നുള്ള ശ്രമം കെ.എച്ച്.എസ്.എഫ്. സ്വതന്ത്രമായി നില്‍ക്കണമായിരുന്നു എന്നാണ്. കല്ലറ സുകുമാരനുമായി ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി.

തെറ്റിദ്ധാരണമൂലം ഉണ്ടായതാണോ വളര്‍ന്നു വലുതായ അഭിപ്രായ വ്യത്യാസം?

അങ്ങനെയാണ് ഞങ്ങളൊരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്ന അവസ്ഥ സംജാതമായത്. സാമ്പത്തിക അച്ചടക്കം സംഘടനയ്ക്ക് ഉണ്ടായിട്ടില്ല. എന്നാലും നന്മകള്‍ ഒരുപാടുണ്ട്.

പോള്‍ സാറുമായി പരിചയപ്പെടുന്നത്?

എസ്.ബി. കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് പോള്‍ സാറുമായി പരിചയപ്പെടുന്നത്. പി.ജി. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലാണ് പോള്‍ സാര്‍ താമസിച്ചിരുന്നത്. ആ സമയത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രസംഗതൊഴി ലാളിയായി പ്രവര്‍ത്തിച്ചുരുന്ന സമയത്താണ് കെ.എച്ച്.എഫില്‍ പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ പോള്‍ സാറിനെ ക്ഷണിച്ചുകൊണ്ടുവരുന്നത്. പോള്‍ സാറിന്റെ പ്രസംഗം കേള്‍വിക്കാരില്‍ ഒരു മതിപ്പുളവാക്കുന്നവയായിരുന്നു. കെ.എച്ച്.എഫ്. വെറും ഒരു പട്ടികജാതിക്കാരുടെ സംഘടനയല്ല, വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ നയിക്കുന്ന സംഘടനയാണ് എന്ന് ബോദ്ധ്യപ്പെടുത്തുവാന്‍ പോള്‍ സാറിനെപ്പോലെയുള്ള വര്‍ക്ക് കഴിഞ്ഞു.

വ്യക്തി ജീവിതത്തില്‍ പോള്‍ സാറിന്റെ പരാജയം?

ചില വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു. ജാതിവ്യവസ്ഥയൊന്നും പോള്‍ സാറിനെ തകര്‍ത്തിട്ടില്ല.

പണത്തിന്റെ മൂല്യബോധം സാറിനുണ്ടായിരുന്നില്ലേ?

പോള്‍ സാറിന്റെ വാഗ്മിത്തം കെ.എച്ച്.എഫിന് ഒരു മുതല്‍ കൂട്ടായിരുന്നു. ബുദ്ധിജീവികളും വിദ്യാഭ്യാസമുള്ളവരും നയിക്കുന്ന സംഘടനയാണ് കെ.എച്ച്.എഫ്. എന്ന് പോള്‍ സാര്‍ തെളിയിച്ചു. സാംബശിവന്‍ തൊഴിലാളികള്‍ക്ക് ലോക ക്ലാസ്സിക്കുകളെ പരിചയപ്പെടുത്തികൊടുത്തതുപോലെ ഗുര്‍ണാര്‍ മിര്‍ദാന്‍ തുടങ്ങിയ ലോകപ്രശസ്തരെ ദലിതര്‍ക്ക് പരിചയപ്പെടുത്തികൊടുക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ