"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

ചുനി കോടാല്‍ (1965-1992)


പശ്ചിമ ബംഗാളില്‍ പശ്ചിം മേദ്‌നിപ്പൂര്‍ ജില്ലയിലെ ഗോഹാല്‍ദോയി ഗ്രാമത്തില്‍ പട്ടിണിയും ദാരിദ്ര്യവും ശീലമായി മാറിയ ലോധ സാബര്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളിലൊന്നില്‍ 1965-ലാണ് ചുനികോടാല്‍ ജനിച്ചത്. ദലിത് സമുദായത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്തരേന്ത്യയിലെ കഞ്ചര്‍ഭട്, കായ്ക്കാടി, വടാര്‍, തക്കാരി, വെയ്ദു, ഉച്ചല്യ, ഛാര, ലോധ തുടങ്ങിയവയുള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ കുറ്റവാളി ഗോത്രങ്ങള്‍ എന്നാണ് ബ്രിട്ടീഷുകാരാല്‍ വിളിക്കപ്പെട്ടത്. ബാബാ സാഹേബ്ബ് അംബേദ്ക്കര്‍ അദ്ദേഹത്തിന്റെ ''ശുദ്രര്‍ ആരായിരുന്നു?'' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ''അസ്പൃശ്യര്‍'' എന്ന അദ്ധ്യായത്തിന്റെ മുഖവുരയില്‍ 1948 ജനുവരി 1-ാംതീയതി കുറിച്ചുവെച്ചത് കുറ്റവാളി ഗോത്രങ്ങളിലെ ജനസംഖ്യ ഇരുപത് ദശലക്ഷത്തോളം വരുമെന്നാണ്!

സ്വതന്ത്ര വിഹാരം നഷ്ടപ്പെട്ടവരാണ് കുറ്റവാളി ഗോത്രങ്ങള്‍. പകല്‍ സമയത്ത് അവര്‍ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ പൊതുജനങ്ങളുടെ മര്‍ദ്ദനമേറ്റ് മരിക്കാം അല്ലെങ്കില്‍ ഓടി രക്ഷപ്പെടാം. ജനസമൂഹം അവരെ ഏറ്റവും വെറുത്തു. അവരുടെ കാഴ്ച ദുശ്ശകുനമായി മാറി. ആരും അവര്‍ക്ക് തൊഴില്‍ നല്‍കാറില്ല. ഭക്ഷണം നല്കാറില്ല. കുടിവെള്ളം പോലും നല്കാറില്ല! അങ്ങനെ സവര്‍ണ്ണ മേധാവിത്വമുള്ള പൊതു സമൂഹത്തിനാല്‍ തിരസ്‌ക്കരിക്കപ്പെടുകയും വെറും അന്ധവിശ്വാസത്തിന്റെ പേരില്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തപ്പെടുകയും ചെയ്ത ഈ ഗോത്രസമൂഹം ഒടുവില്‍ നിവൃത്തികേടുകൊണ്ട്, വല്ല വിധേനെയും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം കുറ്റവാളികളാകാന്‍ പരിശീലിച്ചു. പോക്കറ്റടിക്കാനും, പിടിച്ചുപറിക്കാനും, മോഷ്ടിക്കാനും മാത്രമല്ല പിടിക്കപ്പെട്ടാല്‍ അനുഭവിക്കാനിടയുള്ള മര്‍ദ്ദനത്തേയും പീഢനത്തേയും അതിജീവിക്കാനും അവര്‍ സ്വയം പരിശീലനം നല്‍കി. അങ്ങനെ സാമൂഹ്യ പരിതസ്തിതി സ്വയം കുറ്റവാളികളാക്കുന്ന ഒരു സമുദായം 1948-ല്‍ 20 ദശലക്ഷം അംഗങ്ങളുണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ വലിപ്പം മാത്രമല്ല ഭൂരിപക്ഷത്തിനെ ഒരു ചെറു ന്യൂനപക്ഷം കണ്ണീര് കുടിപ്പിക്കുന്ന ദയനീയ ചിത്രം കൂടി നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരും. ''ഹിന്ദു നാഗരികത മനുഷ്യവര്‍ഗ്ഗത്തെ അടിച്ചമര്‍ത്താനും അടിമപ്പെടുത്താനുമുള്ള നിന്ദ്യമായ ഒരു പദ്ധതിയാണെന്നും അതിന്റെ യുക്തമായ പേര് അപമാനമാണെന്നും'' ക്രാന്തദര്‍ശിയായ ഡോ. അംബേദ്ക്കര്‍ സാക്ഷ്യപ്പെടുത്തിയത് വെരുതെയല്ല. 

അങ്ങനെ പാതാളത്തോളം നിന്ദ്യവും ജുഗുപ്‌സവുമായി തരംതാഴ്ത്തപ്പെട്ട 20 ദശലക്ഷത്തോളം വരുന്ന ഒരു സമുദായത്തിനെ സ്വജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ട് സ്വാതന്ത്യത്തെക്കുറിച്ച് ചിന്തിപ്പിച്ച, പോരാട്ടമില്ലാതെ സ്വാതന്ത്യമില്ലെന്ന് മനസ്സിലാക്കി കൊടുത്ത ധീരാത്മാവാണ് ചുനികോടാല്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് തന്നേക്കാള്‍ പതിന്മടങ്ങ് ശക്തനായിരിക്കും വധിക്കപ്പെട്ട താന്‍ എന്നാണ്. എന്നാല്‍ അത് സത്യമായി തീര്‍ന്നത് ചുനികോടാല്‍ എന്ന വിശുദ്ധയുടെ നാമധേയത്തിലാണ്.

കുറ്റവാളി ഗോത്രങ്ങളെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിക്കപ്പെട്ട ലോധ സാബര്‍ സമുദായത്തിലെ 10-ാംതരം പാസ്സായ ആദ്യത്തെ പെണ്‍കുട്ടിയാണ് ചുനികോടാല്‍. 1983-ല്‍ ജാര്‍ഗ്രാം ഐ.റ്റി.ഡി.പി. ഓഫീസില്‍ ഒരു സോഷ്യല്‍ വര്‍ക്കറായി ജോലി കിട്ടിയ ചുനികോടാല്‍ 1985-ല്‍ വിദ്യാസാഗര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷത്തിന് ശേഷം മേദ്‌നിപൂര്‍ ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കുള്ള റാണി ശിരോമണി പട്ടികജാതി-വര്‍ഗ്ഗ ഹോസ്റ്റലിന്റെ സൂപ്രണ്ട് ആയി നിയമിതയായി. ജീവതത്തിലുടനീളം ജാതീയതയുടേയും അവഹേളനങ്ങളുടേയും ഇരയായ ചുനികോടാലിനെ ഹോസ്റ്റല്‍ സുപ്രണ്ടിന്റെ പദവിയും രക്ഷിച്ചില്ല. ഒടുവില്‍ ചുനികോടാല്‍ പഠനം തുടരാന്‍ തീരുമാനിച്ചു. എം.എസ്.സി. കോഴ്‌സിനായി വിദ്യാസാഗര്‍ യൂനിവേഴ്‌സിറ്റി ഭരണാധികാരികളും പ്രഫസര്‍ ഫാല്‍ഗുനി ചക്രവര്‍ത്തിയെപ്പോലുള്ള അദ്ധ്യാപകരും ചുനികോടാലിനെ മനഃപൂര്‍വ്വം പരീക്ഷകളില്‍ തോല്പിച്ചു. കുറ്റവാളി ഗോത്രത്തെപ്പോലെ താഴ്ന്ന സമുദായത്തില്‍ പിറന്ന ഒരു വ്യക്തിക്ക് ഇത്തരം ഉന്നതമായ കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ അര്‍ഹതയില്ലെന്ന് യൂണിവേഴ്‌സിറ്റി അധികാരികള്‍ വിധിയെഴുതി. രണ്ട് വര്‍ഷം ഈ വിധത്തില്‍ പഠനത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ ചുനികോടാല്‍ അദ്ധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി സമര്‍പ്പിച്ചെങ്കിലും ക്രിമിനല്‍ ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ പരാതിക്ക് അനുകൂല പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

വര്‍ഗ്ഗീയവും വംശീയവുമായ അവഹേളനങ്ങളിലും അധിക്ഷേപങ്ങളിലും മനംമടുത്ത് 1992ഓഗസ്റ്റ് മാസം മെദ്‌നിപൂര്‍ വിട്ട് ഭര്‍ത്താവായ മന്‍മഥ സാവറിനെ കാണാനായി ചുനികോടാല്‍ ഖാരക്പൂറിലെത്തി. 1992 ഓഗസ്റ്റ് 16-ന് 27-ാമത്തെ വയസ്സില്‍ ഭര്‍ത്താവിന്റെ താമസസ്ഥലത്ത് വെച്ച് സഹിക്കാനാവാത്ത മാനസിക സംഘര്‍ഷത്തിനൊടുവില്‍ ഒരു സാരിത്തുമ്പില്‍ ചുനികോടാല്‍ ജീവതമവസാനിപ്പിച്ചു.

ചുനികോടാലിന്റെ മരണം ബംഗാളിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ച പ്രതിഷേധം ഉയര്‍ത്തിവിട്ടു. ഇന്ത്യയിലെ ജാതി സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്ന പാശ്ചാത്യ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പോലും വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് പ്രതികരിച്ചു. അതേസമയം ഇന്ത്യന്‍ അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഈ വിഷയം അവഗണിച്ചു. കൊല്‍ക്കത്തയിലെ ദലിത് സാഹിത്യ സന്‍സ്ത നഗരത്തി ലുടനീളം തെരുവ് നാടകങ്ങളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചു. ചുനി കോടാലിനെ നിരന്തരം ദ്രോഹിച്ചു കൊന്ന അദ്ധ്യാപകര്‍ക്കും മാനേജ്‌മെന്റിനുമെതിരെ ജനരോഷം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 1993 മുതല്‍ എല്ലാ വര്‍ഷവും ദലിത് സാഹിത്യ സന്‍സ്ത ചുനികോടാല്‍ അനുസ്മരണ വാര്‍ഷിക പ്രഭാഷണം കൊല്‍ക്ക ത്തയില്‍ സംഘടിപ്പിച്ചു വരുന്നു. ഒടുവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പ് ചുനികോടാലിന്റെ ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ സിനിമയും പുറത്തിറക്കി..

ഇന്ന് ചുനികോടാല്‍ ബംഗാളിലേയും കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ദലിത് ജനതയുടെ ദീദിയാണ്. യഥാര്‍ത്ഥത്തില്‍ അസമത്വത്തിനും അനീതിക്കുമെതിരെ പൊരുതുന്ന ഇന്ത്യയിലെ ദലിത് ജനതയുടെ ദീദിയാണ് ചുനികോടാല്‍.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ