"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

ആദിവാസികള്‍ വിമോചനസമരം ആരംഭിക്കുന്നു: നാള്‍വഴികള്‍

ഡോ. നല്ലതമ്പിതേര പരമാനന്ദ് 

*1989 മാര്‍ച്ച് 26-ന് വയനാട്ടില്‍ നിന്നും ആരംഭിക്കുന്നു.

*ഏപ്രില്‍ 19-ന് സെക്രട്ടറിയേറ്ററിനു മുന്നില്‍ ആയിരങ്ങളുടെ 
ധര്‍ണ്ണ

* സംസ്ഥാന-അന്തര്‍ സംസ്ഥാന മര്‍ദ്ദിത വര്‍ഗ്ഗ നേതാക്കന്മാര്‍ പങ്കെടുക്കുന്നു.

ജനുവരി 16-ന് കോട്ടയം ഇന്ദ്രപ്രസ്ഥത്തില്‍ കല്ലറ സുകുമാരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഐ.ഡി.എഫ്. സംസ്ഥാന കൗണ്‍സില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിക്കുവേണ്ടി ഐതിഹാസികമായ സമരം ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഐ.ഡി.എഫ്.ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 26ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമാണ് ജാഥ പുറപ്പെടുന്നത്. മാര്‍ച്ച് 25-ാം തീയതി വൈകുന്നേരം ജാഥാഅംഗങ്ങള്‍ വയനാടിന്റെ വീരപുത്രനും കുറിച്യാപ്പട സേനാനായകനും ഒന്‍പതു വര്‍ഷക്കാലം വെള്ളക്കാരന്റെ നിറതോക്കിനു മുന്നില്‍ പൊരുതി നിന്ന വീരസേനാനിയും ആയ തലയ്ക്കല്‍ ചന്തുവിന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരിക്കും. ജാഥ ആരംഭിക്കുന്നത് (സുഭാഷ് ചന്ദ്രബോസിനെ പോലെ തന്നെ ആരാധ്യനായവ്യക്തിയായിരുന്നു തലയ്ക്കല്‍ ചന്തുവെന്ന് കെ. പാന്നുര്‍ കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ആയതുകൊണ്ടുമാത്രം അദ്ദേഹം അവഗണിക്കപ്പെട്ടതാണ്) 

1975-ല്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ മുന്‍കാല പ്രാബല്യത്തോടെ ഏകകണ്ഠമായി പാസ്സാക്കി ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയ നിയമമാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കല്‍ നിയമം. എന്നാല്‍ പ്രസ്തുത നിയമം നടപ്പിലാക്കാന്‍ മാറി മാറി വന്ന യാതൊരു ഗവണ്‍മെന്റും നാളിതുവരെ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല അവരുടെ ഭൂമി ചതി പ്രയോഗത്തില്‍ തട്ടിയെടുത്തവര്‍ ഇന്ന് ആദിവാസി സഹോദരങ്ങളെ കുലി അടിമകളാക്കി എല്ലാവിധ പീഡനങ്ങള്‍ക്കും വിധേയരാക്കിയിരിക്കുകയാണ്.ഈ യാതനകളും പേറി ഈ മൂകജീവികള്‍ ഇനി ജീവിക്കണമോ മരിക്കണമോ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അവരുടെസ്ത്രീകളേയും പ്രലോഭനങ്ങളില്‍ കുടുക്കി തട്ടികൊണ്ടുപോയി അന്യസംസ്ഥാനങ്ങളില്‍ വിറ്റ് കാശാക്കുന്ന അനുഭവം അനുസ്യൂതം തുടരുന്നു. ആദിവാസികള്‍ ഇന്ന് ഭുരിഭാഗവും കുഷ്ഠരോഗത്തിനും മറ്റ് മാറാരോഗങ്ങള്‍ക്കും അടിമകളാണ്. ഫോറസ്റ്റ് നിയമങ്ങള്‍ മൂലം അവരുടെ സമസ്ത സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പട്ടിണി മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആകെകൂടി അസ്വസ്ഥരായ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു ലഭിക്കാനുള്ള നിയമം നടപ്പാക്കാനും അവര്‍ക്ക് മാനുഷികമൂല്യങ്ങള്‍ അംഗീകരിച്ചുതരുന്നതിനും വേണ്ടി ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ ആദിവാസി ഭൂമിനിയമ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടധര്‍ണ്ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 19-ന് രാവിലെ 9 മണിക്ക് തിരുവന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളുടെ അകമ്പടിയോടെ ജാഥാംഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുമ്പിലെത്തി കൂട്ടധര്‍ണ്ണ നടത്തുകയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്യും.

ജാഥയില്‍ സ്തീകളടക്കം 51 ആദിവാസികളാണ് വയനാട്ടില്‍ നിന്നും പുറപ്പെടുന്നത്. മാര്‍ഗ്ഗ മദ്ധ്യേ മറ്റു ജില്ലകളിലെ പ്രതിനിധികളും ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ പ്രവര്‍ത്തകരും പങ്കു ചേരും. ജാഥാംഗങ്ങള്‍ക്കു രണ്ട് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഷാളും നീല തൊപ്പിയും ഐ.ഡി.എഫ്. പതാകയും ഉണ്ടായിരിക്കേണ്ടതാണ്. സുല്‍ത്താന്‍ ബത്തേരി മുതല്‍ തിരുവനന്തപുരം വരെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണത്തിനും വിശ്രമത്തിനും വിശദീകരണ യോഗങ്ങള്‍ക്കും ഉള്ള ഏര്‍പ്പാടുകള്‍ അതാതു ജില്ലയിലെ ബന്ധപ്പെട്ട കമ്മറ്റിക്കാര്‍ സജ്ജീകരിക്കേണ്ടതാണ്. അതിനുവേണ്ടി അടിയന്തിരയോഗം വിളിച്ചുകുട്ടി കമ്മിറ്റികള്‍ രൂപികരിച്ച് നോട്ടീസും രസീതും ഉണ്ടാക്കി ഫണ്ട് ശേഖരിക്കുകയും വേണം. വാള്‍പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റു കൊടി തോരണങ്ങളും കൊണ്ട് മതിയായ പ്രചരണം നല്‍കണം. സഹകരിക്കാന്‍ കഴിയുന്നിടത്തോളം ഇതരസംഘടനകളേയും വ്യക്തികളേയും പങ്കെടുപ്പിക്കണം. ആദിവാസി മേഖലകളില്‍ പ്രത്യേകമായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി സമരാവശ്യം വിശദീകരിക്കണം. ഏപ്രില്‍ 19 ന് തിരുവന്തപുരത്ത് പതിനായിരം പേരെയെങ്കിലും വിവിധ ജില്ലകളില്‍ നിന്നും എത്തിച്ച് പ്രകടനം നടത്താന്‍ ഒരോ കമ്മിറ്റികളും ശ്രദ്ധിക്കണം. സെക്രട്ടറിയേറ്റ് ധര്‍ണ്ണയ്ക്ക് എത്തുന്ന പ്രതിനിധികള്‍ ഒരു രൂപയുടെ ബാഡ്ജ് നിര്‍ബന്ധമായി വാങ്ങിയിരിക്കേണ്ടതാണ്. ഒരു മനുഷ്യാവകാശ സമരം എന്ന പ്രാധാന്യം നല്‍കി ഈ സമര പരിപാടി വിജയിപ്പിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കല്ലറ സുകുമാരന്‍,പോള്‍, ചിറക്കരോട് എ.വാസു., എം. പ്രഭാകരന്‍, കെ.വി. വാസുദേവന്‍, പി.കെ. രാധാകൃഷ്ണന്‍, വി.കെ.വിമലന്‍, പി.കെ.കുഞ്ഞച്ചന്‍, റ്റി.എം.ജോസഫ്, കവിയുര്‍ സുകുമാരന്‍ ഭാരതീ ഭാസ്‌കരന്‍ തുടങ്ങിയ സമുന്നത നേതാക്കള്‍ ജാഥയില്‍ ഉണ്ടായിരിക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന നേതാക്കന്മാര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹികളെ അഭിസംബോധന ചെയ്യുന്നതുമാണ്.

ആദിവാസി സമരജാഥ പ്രോഗ്രാം

1989 മാര്‍ച്ച് 26ന് രാവിലെ 8 ന് സുല്‍ത്താന്‍ബത്തേരിയില്‍ ഉദ്ഘാടനം. വൈകിട്ട് 6ന് കല്‍പ്പറ്റയില്‍ സമാപനവും പൊതുയോഗവും. മാര്‍ച്ച് 27ന് ലക്കിടിയില്‍ സമാപനം. 28-ന് ഈങ്ങാപ്പുഴയില്‍ സമാപനം, 29-ന് കുന്നമംഗലത്ത് സമാപനം. 30-ന് കോഴിക്കോട്ട് സമാപനം. 31-ന് ചേലേമ്പ്രത്ത് സമാപനം, ഏപ്രില്‍ 1-ന് പരപ്പനങ്ങാടിയില്‍ സമാപനം. 2-ന് ബി.പി. അങ്ങാടിയില്‍ സമാപനം. 3-ന് എടപ്പാളില്‍ സമാപനം. 4-ന് കുന്നംകുളത്ത് സമാപനം. 5-ന് തൃശ്ശൂര്‍ സമാപനം. 6-ന് പുതുക്കാട് സമാപനം, 7-ന് അങ്കമാലിയില്‍ സമാപനം, 8-ന് പെരുമ്പാവൂര്‍ സമാപനം, 9-ന് കുത്താട്ടുകുളത്ത് സമാപനം, 10-ന് കുറുവിലങ്ങാട് സമാപനം, 11-ന് കോട്ടയത്ത് സമാപനം, 12-ന് തിരുവല്ലയില്‍ സമാപനം, 13-ന് കുളനടയില്‍ സമാപനം, 14-ന് അടുര്‍ സമാപനം, 15-ന് കൊട്ടാരക്കര സമാപനം, 16-ന് ചടയമംഗലം സമാപനം, 17-ന് വെഞ്ഞാറുംമുട് സമാപനം, 18-ന് തിരുവനന്തപുരത്ത് സമാപനം, 19-ന് രാവിലെ 9 മണിക്ക് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെത്തി കുട്ടധര്‍ണ്ണ.

(ജ്വലനം മാസിക)


മരണം മൗനമായി കവര്‍ന്നെടുത്ത ദലിത് നേതാവിന്റെ ജീവിതം


പിന്നോക്ക വിഭാഗത്തിന്റെ മുന്നണിപ്പടയാളിയായി കര്‍മ്മനിരതനായിരുന്ന ദലിത് നേതാവ് എം.പി. വേലായുധന്‍ ആരോരുമറിയാതെ വിട പറഞ്ഞു. അവഗണി ക്കപ്പെട്ടു കിടന്ന ദലിത് വിഭാഗത്തിന്റെ മോചനം തേടി കഴിഞ്ഞ മുപ്പതുവര്‍ഷമായി അലഞ്ഞുതിരിഞ്ഞ വേലായുധനെ ദലിതര്‍ പോലുമറിഞ്ഞില്ല.

2010 ജനുവരി 30ന് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. പിറ്റേ ദിവസം ഏതാനും ബന്ധുക്കളുടെ നേതൃത്വത്തില്‍ സംസ്‌കാരവും നടന്നു. 1953 ല്‍ വാഴക്കുളം-മാറമ്പിള്ളി കൈപ്പുരിക്കരയില്‍ ജനിച്ച വേലായുധന്‍ 1975 ല്‍ പിന്നോക്ക വിഭാഗത്തിന്റെ നേതാവ് കല്ലറസുകുമാരനോടൊപ്പമാണ് ദലിതര്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ മോണിറ്ററിംങ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു മരണം. ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അവഗണനയും പീഡനങ്ങളും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിനും അവരെ ശബ്ദമുയര്‍ത്താന്‍ പ്രാപ്തരാക്കുന്നതിനുമായിരുന്നു വേലായുധന്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്.

വിനയം കലര്‍ന്ന മൗനത്തിലുടെ ദലിതര്‍ക്കിടയില്‍ നടന്ന് സംഘടനയെ ശക്തമാക്കുകയും പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഭരണവര്‍ഗങ്ങള്‍ക്കെതിരെ നിരവധി സമരങ്ങളും പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ കഷ്ടപ്പാടിന്റേയും പട്ടിണിയുടേയും ദുരിതമഴ പെയ്തിട്ടും പരാതിയെഴുതുവാനുള്ള കടലാസ് വാങ്ങാനുള്ള പണമില്ലാതിരുന്നിട്ടും സംഘടനാപ്രവര്‍ത്തനത്തിന്റെ നിതാന്ത ജാഗ്രതയിലുള്ള സഞ്ചാരമാണ്‌വേലായു ധന്റെ ഓര്‍മ്മയ്ക്ക് മരണമില്ലാതാക്കുന്നത്.

സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജിവിതത്തിന്റെ താളം തെറ്റിയ വേലായുധന് അന്തിയുറങ്ങാന്‍ കൂര പോലുമുണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം പഞ്ചായത്താഫീസില്‍ കയറിയിറങ്ങിയിട്ടും അപേക്ഷ പരിഗണിച്ചില്ല. ഒടുവില്‍ നിലവാരം കുറഞ്ഞ പ്ലാസിറ്റിക് ഷീറ്റു കൊണ്ട് മേല്‍ക്കുര വലിച്ചുകെട്ടി അന്തിയുറങ്ങുന്ന ദലിത് നേതാവിന്റെ ജീവിതം പത്രങ്ങളില്‍ വാര്‍ത്തയായി. കഴിഞ്ഞ പഞ്ചായത്തു ഭരണസമിതിയെ അതിരുക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

ഇതിനിടയില്‍ പട്ടികജാതി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ടൗണില്‍ ഒരു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാടക കൊടുക്കാന്‍ കഴിയാതെ മുറി ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു.

കാര്‍ത്യായനിയാണു ഭാര്യ. മക്കള്‍ അഡ്വ. എം.വി. ശ്രീകുമാര്‍, ശ്രീദേവി.

പത്രവാര്‍ത്തചുനി കോടാല്‍ (1965-1992)


പശ്ചിമ ബംഗാളില്‍ പശ്ചിം മേദ്‌നിപ്പൂര്‍ ജില്ലയിലെ ഗോഹാല്‍ദോയി ഗ്രാമത്തില്‍ പട്ടിണിയും ദാരിദ്ര്യവും ശീലമായി മാറിയ ലോധ സാബര്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളിലൊന്നില്‍ 1965-ലാണ് ചുനികോടാല്‍ ജനിച്ചത്. ദലിത് സമുദായത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്തരേന്ത്യയിലെ കഞ്ചര്‍ഭട്, കായ്ക്കാടി, വടാര്‍, തക്കാരി, വെയ്ദു, ഉച്ചല്യ, ഛാര, ലോധ തുടങ്ങിയവയുള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ കുറ്റവാളി ഗോത്രങ്ങള്‍ എന്നാണ് ബ്രിട്ടീഷുകാരാല്‍ വിളിക്കപ്പെട്ടത്. ബാബാ സാഹേബ്ബ് അംബേദ്ക്കര്‍ അദ്ദേഹത്തിന്റെ ''ശുദ്രര്‍ ആരായിരുന്നു?'' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ''അസ്പൃശ്യര്‍'' എന്ന അദ്ധ്യായത്തിന്റെ മുഖവുരയില്‍ 1948 ജനുവരി 1-ാംതീയതി കുറിച്ചുവെച്ചത് കുറ്റവാളി ഗോത്രങ്ങളിലെ ജനസംഖ്യ ഇരുപത് ദശലക്ഷത്തോളം വരുമെന്നാണ്!

സ്വതന്ത്ര വിഹാരം നഷ്ടപ്പെട്ടവരാണ് കുറ്റവാളി ഗോത്രങ്ങള്‍. പകല്‍ സമയത്ത് അവര്‍ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ പൊതുജനങ്ങളുടെ മര്‍ദ്ദനമേറ്റ് മരിക്കാം അല്ലെങ്കില്‍ ഓടി രക്ഷപ്പെടാം. ജനസമൂഹം അവരെ ഏറ്റവും വെറുത്തു. അവരുടെ കാഴ്ച ദുശ്ശകുനമായി മാറി. ആരും അവര്‍ക്ക് തൊഴില്‍ നല്‍കാറില്ല. ഭക്ഷണം നല്കാറില്ല. കുടിവെള്ളം പോലും നല്കാറില്ല! അങ്ങനെ സവര്‍ണ്ണ മേധാവിത്വമുള്ള പൊതു സമൂഹത്തിനാല്‍ തിരസ്‌ക്കരിക്കപ്പെടുകയും വെറും അന്ധവിശ്വാസത്തിന്റെ പേരില്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തപ്പെടുകയും ചെയ്ത ഈ ഗോത്രസമൂഹം ഒടുവില്‍ നിവൃത്തികേടുകൊണ്ട്, വല്ല വിധേനെയും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം കുറ്റവാളികളാകാന്‍ പരിശീലിച്ചു. പോക്കറ്റടിക്കാനും, പിടിച്ചുപറിക്കാനും, മോഷ്ടിക്കാനും മാത്രമല്ല പിടിക്കപ്പെട്ടാല്‍ അനുഭവിക്കാനിടയുള്ള മര്‍ദ്ദനത്തേയും പീഢനത്തേയും അതിജീവിക്കാനും അവര്‍ സ്വയം പരിശീലനം നല്‍കി. അങ്ങനെ സാമൂഹ്യ പരിതസ്തിതി സ്വയം കുറ്റവാളികളാക്കുന്ന ഒരു സമുദായം 1948-ല്‍ 20 ദശലക്ഷം അംഗങ്ങളുണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ വലിപ്പം മാത്രമല്ല ഭൂരിപക്ഷത്തിനെ ഒരു ചെറു ന്യൂനപക്ഷം കണ്ണീര് കുടിപ്പിക്കുന്ന ദയനീയ ചിത്രം കൂടി നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരും. ''ഹിന്ദു നാഗരികത മനുഷ്യവര്‍ഗ്ഗത്തെ അടിച്ചമര്‍ത്താനും അടിമപ്പെടുത്താനുമുള്ള നിന്ദ്യമായ ഒരു പദ്ധതിയാണെന്നും അതിന്റെ യുക്തമായ പേര് അപമാനമാണെന്നും'' ക്രാന്തദര്‍ശിയായ ഡോ. അംബേദ്ക്കര്‍ സാക്ഷ്യപ്പെടുത്തിയത് വെരുതെയല്ല. 

അങ്ങനെ പാതാളത്തോളം നിന്ദ്യവും ജുഗുപ്‌സവുമായി തരംതാഴ്ത്തപ്പെട്ട 20 ദശലക്ഷത്തോളം വരുന്ന ഒരു സമുദായത്തിനെ സ്വജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ട് സ്വാതന്ത്യത്തെക്കുറിച്ച് ചിന്തിപ്പിച്ച, പോരാട്ടമില്ലാതെ സ്വാതന്ത്യമില്ലെന്ന് മനസ്സിലാക്കി കൊടുത്ത ധീരാത്മാവാണ് ചുനികോടാല്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് തന്നേക്കാള്‍ പതിന്മടങ്ങ് ശക്തനായിരിക്കും വധിക്കപ്പെട്ട താന്‍ എന്നാണ്. എന്നാല്‍ അത് സത്യമായി തീര്‍ന്നത് ചുനികോടാല്‍ എന്ന വിശുദ്ധയുടെ നാമധേയത്തിലാണ്.

കുറ്റവാളി ഗോത്രങ്ങളെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിക്കപ്പെട്ട ലോധ സാബര്‍ സമുദായത്തിലെ 10-ാംതരം പാസ്സായ ആദ്യത്തെ പെണ്‍കുട്ടിയാണ് ചുനികോടാല്‍. 1983-ല്‍ ജാര്‍ഗ്രാം ഐ.റ്റി.ഡി.പി. ഓഫീസില്‍ ഒരു സോഷ്യല്‍ വര്‍ക്കറായി ജോലി കിട്ടിയ ചുനികോടാല്‍ 1985-ല്‍ വിദ്യാസാഗര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷത്തിന് ശേഷം മേദ്‌നിപൂര്‍ ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കുള്ള റാണി ശിരോമണി പട്ടികജാതി-വര്‍ഗ്ഗ ഹോസ്റ്റലിന്റെ സൂപ്രണ്ട് ആയി നിയമിതയായി. ജീവതത്തിലുടനീളം ജാതീയതയുടേയും അവഹേളനങ്ങളുടേയും ഇരയായ ചുനികോടാലിനെ ഹോസ്റ്റല്‍ സുപ്രണ്ടിന്റെ പദവിയും രക്ഷിച്ചില്ല. ഒടുവില്‍ ചുനികോടാല്‍ പഠനം തുടരാന്‍ തീരുമാനിച്ചു. എം.എസ്.സി. കോഴ്‌സിനായി വിദ്യാസാഗര്‍ യൂനിവേഴ്‌സിറ്റി ഭരണാധികാരികളും പ്രഫസര്‍ ഫാല്‍ഗുനി ചക്രവര്‍ത്തിയെപ്പോലുള്ള അദ്ധ്യാപകരും ചുനികോടാലിനെ മനഃപൂര്‍വ്വം പരീക്ഷകളില്‍ തോല്പിച്ചു. കുറ്റവാളി ഗോത്രത്തെപ്പോലെ താഴ്ന്ന സമുദായത്തില്‍ പിറന്ന ഒരു വ്യക്തിക്ക് ഇത്തരം ഉന്നതമായ കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ അര്‍ഹതയില്ലെന്ന് യൂണിവേഴ്‌സിറ്റി അധികാരികള്‍ വിധിയെഴുതി. രണ്ട് വര്‍ഷം ഈ വിധത്തില്‍ പഠനത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ ചുനികോടാല്‍ അദ്ധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി സമര്‍പ്പിച്ചെങ്കിലും ക്രിമിനല്‍ ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ പരാതിക്ക് അനുകൂല പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

വര്‍ഗ്ഗീയവും വംശീയവുമായ അവഹേളനങ്ങളിലും അധിക്ഷേപങ്ങളിലും മനംമടുത്ത് 1992ഓഗസ്റ്റ് മാസം മെദ്‌നിപൂര്‍ വിട്ട് ഭര്‍ത്താവായ മന്‍മഥ സാവറിനെ കാണാനായി ചുനികോടാല്‍ ഖാരക്പൂറിലെത്തി. 1992 ഓഗസ്റ്റ് 16-ന് 27-ാമത്തെ വയസ്സില്‍ ഭര്‍ത്താവിന്റെ താമസസ്ഥലത്ത് വെച്ച് സഹിക്കാനാവാത്ത മാനസിക സംഘര്‍ഷത്തിനൊടുവില്‍ ഒരു സാരിത്തുമ്പില്‍ ചുനികോടാല്‍ ജീവതമവസാനിപ്പിച്ചു.

ചുനികോടാലിന്റെ മരണം ബംഗാളിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ച പ്രതിഷേധം ഉയര്‍ത്തിവിട്ടു. ഇന്ത്യയിലെ ജാതി സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്ന പാശ്ചാത്യ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പോലും വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് പ്രതികരിച്ചു. അതേസമയം ഇന്ത്യന്‍ അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഈ വിഷയം അവഗണിച്ചു. കൊല്‍ക്കത്തയിലെ ദലിത് സാഹിത്യ സന്‍സ്ത നഗരത്തി ലുടനീളം തെരുവ് നാടകങ്ങളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചു. ചുനി കോടാലിനെ നിരന്തരം ദ്രോഹിച്ചു കൊന്ന അദ്ധ്യാപകര്‍ക്കും മാനേജ്‌മെന്റിനുമെതിരെ ജനരോഷം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 1993 മുതല്‍ എല്ലാ വര്‍ഷവും ദലിത് സാഹിത്യ സന്‍സ്ത ചുനികോടാല്‍ അനുസ്മരണ വാര്‍ഷിക പ്രഭാഷണം കൊല്‍ക്ക ത്തയില്‍ സംഘടിപ്പിച്ചു വരുന്നു. ഒടുവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പ് ചുനികോടാലിന്റെ ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ സിനിമയും പുറത്തിറക്കി..

ഇന്ന് ചുനികോടാല്‍ ബംഗാളിലേയും കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ദലിത് ജനതയുടെ ദീദിയാണ്. യഥാര്‍ത്ഥത്തില്‍ അസമത്വത്തിനും അനീതിക്കുമെതിരെ പൊരുതുന്ന ഇന്ത്യയിലെ ദലിത് ജനതയുടെ ദീദിയാണ് ചുനികോടാല്‍.2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

കെ.പി. പീറ്റര്‍


സംഘടനാ പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും സംസ്ഥാനതല നേതൃത്വത്തില്‍ നവാഗതനെന്ന വിശേഷണത്തിനര്‍ഹമായ കെ.പി. പീറ്ററാണ് കടന്നുവന്ന ചെറിയ കാലയളവിനുള്ളില്‍ തന്നെ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല നേതൃത്വം ഏറ്റെടുക്കുവാന്‍ കഴിയും വിധം ജനസമ്മതിയാര്‍ജ്ജി ക്കുവാന്‍ തന്റെ കുറഞ്ഞ പ്രവര്‍ത്തന കാലഘട്ടംകൊണ്ട് കഴിഞ്ഞെന്നുള്ളതുതന്നെ കെ.പി. പീറ്ററെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതാണ്. കല്ലറ സാറിന്റെ അന്ത്യ നാളുകളില്‍ വടാട്ടുപാറയിലെ യൂണിയന്‍ പ്രശ്‌നപരിഹാരത്തിന് കല്ലറ സാറിനോ ടൊപ്പം സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഉണ്ടാകുവാന്‍ കഴിഞ്ഞത്-ഭാഗ്യം ലഭിച്ചത്-കെ.പി. പീറ്റര്‍ക്ക് മാത്രമാണ് എന്നതുതന്നെ മറ്റുള്ളവരില്‍ നിന്നും കെപി. പീറ്ററെ വ്യത്യസ്തനാക്കുന്നതിന് തെളിവാണ്. പലരുടേയും വേര്‍പാടിനുശേഷം 'അകാല'മെന്ന വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അകാലത്തിന്റെ അര്‍ത്ഥം കൂടുതല്‍ വേദനിപ്പിക്കുന്ന സ്മരണയാണെന്ന് കെ.പി. പീറ്ററുടെ അസാന്നിദ്ധ്യം നമ്മെ ബോദ്ധ്യപ്പെടുത്തിയത് 19-06-2008ലാണ്.

പ്രിയപ്പെട്ട കെ.പി. യ്ക്ക് ഞങ്ങളുടെ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു.കവിയൂര്‍ സുകുമാരന്‍


പേരു കൊണ്ടും പ്രവര്‍ത്തനം കൊണ്ടും കല്ലറസാറിനൊപ്പം നില്ക്കുവാന്‍ കവിയൂര്‍ സുകുമാരന്‍ എന്ന വ്യക്തിക്ക് കഴിഞ്ഞിട്ടുണ്ട്. സി.കെ.റ്റി.യു.-വിന്റെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം കല്ലറസാറിനൊപ്പം നടന്നവന്‍. രോഗശയ്യയിലാ യിരുന്നപ്പോഴും പ്രവര്‍ത്തനങ്ങളറിയാന്‍ വ്യഗ്രതകാട്ടിയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ പ്രഥമഗണനീയനാണ് കവിയൂര്‍ സുകുമാരന്‍.

ദലിത് ആത്മാഭിമാന പോരാട്ടങ്ങളിലെ ഈ മുന്നണി പോരാളിക്ക് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.സി.റ്റി. അപ്പുക്കുട്ടന്‍വൈക്കം തലയോലപ്പറമ്പ് സ്‌കൂളിലെ കല്ലറ സാറിന്റെ സഹപാഠി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചിട്ടും സ്ഥലകാല പരിസ്ഥിതികൊണ്ടുപോലും സുഹൃത്ത് ബന്ധത്തിന് വിഘ്‌നം വരുത്താതെ തന്റെ മരണം വരെ കല്ലറ സാറിന്റെ പ്രസ്ഥാനത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തന നിരതമായിരിക്കുവാന്‍ അപ്പുകുട്ടന്‍ സാറിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാ ട്രഷര്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച് തലക്കനമില്ലാതെ തന്റെ സൗകര്യാര്‍ത്ഥം താലൂക്ക് പ്രസിഡന്റായി പ്രവര്‍ത്തനരംഗത്ത് തിറഞ്ഞുനില്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ''പ്രോട്ടോകോള്‍'' കാത്തുസൂക്ഷിക്കുവാന്‍ പലരും വെമ്പല്‍കൊള്ളുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത പ്രോട്ടോകോള്‍ ആയി സ്വയം അംഗീകരിച്ച വ്യക്തിത്വത്തിനുടമയാണ് സി.റ്റി. അപ്പുകുട്ടന്‍.

ദലിത് ഐക്യത്തിന്റെ സന്ദേശ വാഹകനായിരുന്ന പ്രിയപ്പെട്ട അപ്പുകുട്ടന്‍ സാറിന് ഞങ്ങള്‍ അര്‍പ്പിക്കുന്നു കണ്ണീര്‍ പുഷ്പങ്ങള്‍.പി.കെ. കുഞ്ഞച്ചന്‍1979 മുതല്‍ കല്ലറ സുകുമാരന്റെ സഹയാത്രികരില്‍ പ്രധാനിയായിരുന്ന പി.കെ. കുഞ്ഞച്ചന്‍ കെ.എച്ച്.എഫിന്റെ ജില്ലാ പ്രസിഡന്റായി കോട്ടയം ജില്ലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ഐ.എല്‍.പി.-യുടെ പ്രഥമ ജില്ലാ പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കല്ലറസുകുമാരനോടൊപ്പം നില്‍ക്കുകയും, കല്ലറസാറിന്റെ എക്കാലത്തെയും വിശ്വസ്തന്‍ എന്ന ഖ്യാതി പ്രവര്‍ത്തകര്‍ക്കിടയില്‍ അംഗീകാരമായി ലഭിച്ച വ്യക്തിയുമാണ് പി.കെ. കുഞ്ഞച്ചന്‍. 

ട്രേഡ് യൂണിയന്‍ രംഗത്ത് സി.കെ.റ്റി.യു. ജില്ലാ പ്രസിഡന്റായുള്ള പി.കെ. കുഞ്ഞച്ചന്റെ പ്രവര്‍ത്തനഫലമാണ് കോട്ടയം ജില്ല, മോഡല്‍ ജില്ലയായി തെരഞ്ഞെടുക്കപ്പെടാനിടയായത്. ഒപ്പം നടന്നവരില്‍ പലരും കല്ലറ സാറിന് വേര്‍പാടിന്റെ വേദന നല്‍കി കടന്നുപോയിട്ടുണ്ട്. പി.കെ. കുഞ്ഞച്ചനും അതിലൊരാളായി ഒളി മങ്ങാതെ നില്‍ക്കുന്നു.

ഇടക്കാലത്ത് സംഘടനയ്ക്ക് സംഭവിച്ച പ്രവര്‍ത്തന മാന്ദ്യം നിമിത്തം അദ്ദേഹ ത്തിന്റെ അന്ത്യനാളുകളില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുവാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധത്തോടെ പ്രിയപ്പെട്ട കുഞ്ഞച്ചന്‍ സാറിന് ഞങ്ങള്‍ ആദരപൂര്‍വ്വം ''ജയ് ഭീം'' അര്‍പ്പിക്കുന്നു.


പി.കെ. ചാത്തന്‍ മാസ്റ്റര്‍


കേരളത്തിലെ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി.

പട്ടിക ജാതിക്കാര്‍ പ്രതികളായാല്‍ സര്‍ക്കാര്‍ ചെലവില്‍ കേസ് നടത്തിക്കൊള്ളാം എന്ന് നിയമം ഉണ്ടാക്കിയ നേതാവ്, കല്ലറയുടെ വാക്കുകളില്‍,

''തമ്പുരാന്‍ ഇങ്ങോട്ട് തല്ലിയാല്‍ തിരിച്ച് തല്ലിക്കോടാ, കേസ് ഞാന്‍ നടത്തി കൊള്ളാം'' എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് ഉദ്‌ബോധിപ്പിച്ച പി.കെ. ചാത്തന്‍ മാസ്റ്റര്‍ അധികാരത്തെ എങ്ങനെ സമുദായത്തോട് ചേര്‍ന്ന് നിര്‍ത്താം എന്ന് കാണിച്ച ഭരണാധികാരി.

ദലിത് ആത്മാഭിമാന പോരാട്ട ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട പേരാണ് പി.കെ. ചാത്തന്‍ മാസ്റ്റര്‍.എം. രാമുണ്ണി


കണ്ണുര്‍ ജില്ലയിലെ പഴയങ്ങാടി പ്രദേശത്ത് മാട്ടുല്‍ എന്ന സ്ഥലത്താണ് താമസിച്ചുപഠിച്ചത്. എങ്കിലും കോഴിക്കോട് പട്ടികജാതി ഹോസ്റ്റലിലാണ് താമസിച്ചു പഠിച്ചത്. 1960കളുടെ തുടക്കത്തില്‍ പോസ്റ്റല്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി കോഴിക്കോട് തന്നെ ജോലിയില്‍ പ്രവേശിച്ചു. മലബാര്‍ റീജനല്‍ ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തകനായിരുന്നു. വയനാട് ജില്ലയില്‍ കൈനാട്ടിയില്‍ ആരംഭിച്ച പുതിയ പോസ്റ്റ് ഓഫീസിലേക്ക് സ്ഥാനക്കയറ്റത്തോടെ നിയമനം ലഭിച്ചപ്പോഴും സാമൂഹ്യ പ്രതിബദ്ധത അദ്ദേഹം കൈവെടിഞ്ഞില്ല. അക്കാലത്ത് അംബേദ്കര്‍ ദര്‍ശനത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടായിരുന്നില്ല. നിലവിലുണ്ടായിരുന്നവ0യില്‍ പിന്നീട് യോജിക്കാന്‍ കഴിഞ്ഞിരുന്നത് മഹാനായ റാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിലധിഷ്ഠിതമായ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു.സാമുഹ്യ സേവനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവെയ്ക്കുകയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 1965-ല്‍ സൗത്ത് വയനാട് നിയോജത മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പ്രദേശത്തെ പ്രമുഖ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ ശ്രീ.പി.സി. അഹമ്മദിന്റെ ശക്തമായ സഹായ സഹകരണത്തോടെ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും ഭുരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ പിരിച്ചു വിടുകയാണുണ്ടായത്. 1967 ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ പഴയ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയോടെ നിയമസഭയിലേക്ക് വമ്പിച്ച ഭുരിപക്ഷത്തോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഒ.കോരന്‍ സാമുഹ്യ അസമത്വങ്ങള്‍ക്കും ദലിത് പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതിക്കുമെതിരെ പോര്‍നിലത്ത് നിന്ന് പോരാടി ശ്രീ.കോരന്‍ നിയമസഭയില്‍ പാടിയ നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയന്‍ എന്ന കാവ്യശകലം രാമുണ്ണിയും ഏറ്റുപാടി.

ഭൂപരിഷ്‌കരണത്തിനുള്ള നിയമസഭാ സമിതിയില്‍ ശ്രീ. രാമുണ്ണിയും ഒരു അംഗമായിരുന്നു. ശ്രീമതി. കെ.ആര്‍. ഗൗരി അവതരിപ്പിച്ച ഭുപരിഷ്‌കരണ ബില്ലില്‍ കിടികിടപ്പുകാരനും ജന്മാവകാശം കൊടുക്കണമെന്ന പ്രസക്തമായ അദ്ദേഹത്തിന്റെ ഭേദഗതി കണക്കിലെടുക്കാതെയാണ് ബില്‍ അംഗീകരിക്കപ്പെട്ടത്. 

കേരളത്തിലെ അടിമവ്യവസ്ഥക്കെതിരെ വ്യക്തമായ തെളിവുകള്‍ സഹിതം അദ്ദേഹം നിയമസഭയില്‍ ആഞ്ഞടിച്ചു വയനാട്ടിലെ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് കേരളം മുഴുവന്‍ ഒച്ചപ്പാടുണ്ടാക്കി. ഒരു പരിഷ്‌കൃത സമുഹമെന്ന് അഭിമാനിക്കുന്ന മലയാളിയുടെ സ്വത്വബോധത്തെ നാണിപ്പിച്ച ഈ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ശ്രീ. രാമുണ്ണിയുടെ കാലത്താണ് പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത്. പോലീസിന്റെ തെറ്റായ നയങ്ങള്‍ക്കും പാവപ്പെട്ട ജനങ്ങളോടുമുള്ള ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കുമെതിരെ രാമനുണ്ണിയുടെ നേതൃത്വത്തില്‍ ഒരു പൊതുയോഗം തദവസരത്തില്‍ സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത പൊതുയോഗം നടത്തിയതിന്റെ അടുത്ത ദിവസമാണ് നക്‌സലൈറ്റുകാര്‍ പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ അക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പൊതുയോഗം പ്രേരണയായി എന്ന് ആരോപിച്ചുകൊണ്ട് അതില്‍ പങ്കെടുത്ത ശ്രീ.തോമസ് മാസ്റ്റര്‍ക്കെതിരെ കൊലക്കുറ്റത്തിന് പ്രേരിപ്പിച്ചതിന് പോലിസ് കേസെടുത്തു. ഈ സംഭവം രാമുണ്ണിയെ മാനസികമായി ഏറെ വിഷമിപ്പിച്ചു.

പിന്നീട് ആദരണീയമായ സുപ്രീം കോടതി തോമസ് മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബാലവേലക്ക് എതിരെ അദ്ദേഹത്തിന്റെ നിലപാട് ശ്ലാഘനീയമായിരുന്നു. വളരെ ദീര്‍ഘ വീക്ഷണത്തോടെ കിട്ടാവുന്ന വേദികളെല്ലാം ബാലവേലക്ക് എതിരേയും അതിന്റെ അടിസ്ഥാന പ്രേരക ഘടകങ്ങളേയും അദ്ദേഹം പരിശോധിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ക്രമേണ സജീവ രാഷ്ടീയം ഉപേക്ഷിക്കുകയും കോഴിക്കോട് ആസ്ഥാനമാക്കി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തുന്നലും എംബ്രോയ്ഡറിയും പഠിപ്പിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഡോ.അംബേദ്കര്‍ ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കുകയും ചെയ്തു. ഈ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ചാണ് മലബാറിലെ ദലിത് പ്രസ്ഥാനത്തിന് നേത്യത്വം നല്‍കിയ യശ:ശരീരനായ കല്ലറ സുകുമാരനുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. പാവപ്പെട്ടവനായി ജനിക്കുകയും പാവപ്പെട്ടവര്‍ക്കായി ജീവിക്കുകയും ചെയ്ത ആ കര്‍മ്മധീരന്‍ 2005 ഡിസംബര്‍ 4 ന് അന്തരിച്ചു. അഭിവന്ദ്യ കല്ലട നാരായണന്‍ - പാത്തല രാഘവന്‍


കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രത്യേകിച്ച് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അസൂയാര്‍ഹമായ വളര്‍ച്ചയില്‍ മൂന്ന് പതിറ്റാണ്ടുകളിലേറെ ഒരു തീപന്തംപോലെ ഊര്‍ജ്ജസ്വലവും ആവേശോജ്ജ്വലവുമായ നേതൃത്വം നല്‍കി കാലയവനികയ്ക്കുള്ളില്‍ അന്തര്‍ദ്ധാനം ചെയ്ത കര്‍മ്മ ധീരനായ കല്ലട നാരായണന്‍ ഒരു ബഹുമുഖപ്രതിഭയാണ്. 

മനുഷ്യനെ ബാധിക്കുന്ന എണ്ണമറ്റ മണ്ഡലങ്ങളില്‍ കാലഘട്ടത്തിന്റെ ആവശ്യ മനുസരിച്ച് പല പ്രതിഭകളും തങ്ങളുടെ സംഭാവനകള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതായി ചരിത്രം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പരിവര്‍ത്തനത്തിന് അനശ്വരനായ കല്ലടനാരാ യണന്‍ നല്‍കിയ സംഭാവനകള്‍ നാം സാന്ദര്‍ഭികമായിട്ടെങ്കിലും വിലയിരുത്തേണ്ടത്.

കല്ലട നാരായണനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥവും അന്തസത്തയും ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരമായ സൗഹൃദത്തിന്റെ ലക്ഷ്യവും സാക്ഷാത്ക്കാരവുമാണ്. 

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും പരിവര്‍ത്തനവും അദ്ദേഹത്തിന് എന്നും പഠനവിഷയമായിരുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങളിലും സംഘടനകളിലും കൂടി ചില സമുദായങ്ങള്‍ കൈവരിച്ച പുരോഗതി പിന്നോക്കക്കാരും അധഃസ്ഥിതരുമായ അവരുടെ പിന്നിലുള്ള വളര്‍ച്ചയ്ക്കും ഉന്നതിയ്ക്കും ഏത് തരത്തില്‍ പ്രായോഗികമാക്കാം എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ചിട ത്തോളം സുപ്രധാന പരീക്ഷണമായിരുന്നു. അര്‍ത്ഥത്തിനും അന്തഃസത്തയ്ക്കും പുത്തന്‍ മാനം കല്പിച്ചുകൊണ്ട് അധഃസ്ഥിത അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വിപ്ലവാത്മകരമായ പോരാട്ടം ചൂടും ചൂരും പകര്‍ന്നത് കേരള ത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ നെഞ്ചിലേറ്റി പരിവര്‍ത്തനത്തിന്റെ എത്രയെത്ര പടവുകള്‍ പിന്നിട്ടിരിക്കുന്നു! കല്ലടയാറിന്റെ പതനസ്ഥലത്ത് വിശാലമായ പാടത്ത് മന്ദമാരുതന്‍ തലോടുന്ന പയിങ്ങാവേലില്‍ ശിവക്ഷേത്രത്തിനു സമീപത്തെ കറുവേലില്‍ വീട്ടില്‍ പട്ടിണിപ്പാവങ്ങളായ കര്‍ഷകത്തൊഴിലാളി ശ്രീമാന്‍ അയ്യപ്പന്റെയും ശ്രീമതി. കൊച്ചയ്യയുടെയും നാലുമക്കളില്‍ മൂന്നാമത്തെ മകനായി കല്ലട നാരായണന്‍ പിറന്നു. 

അദ്ദേഹത്തിന് ആദിച്ചന്‍, ശിവശങ്കരന്‍ എന്ന രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഭാര്‍ഗ്ഗവി എന്നുപേരുള്ള ഇളയ സഹോദരി ഇന്നും ജീവിച്ചിരിപ്പുണ്ട്. 

പ്രൈമറിവിദ്യാഭ്യാസം കിഴക്കേ കല്ലട ഗവണ്‍മെന്റ് എല്‍.പി.എസ്സിലും, നിലമേല്‍ യു. പി. എസ്സിലുമായി പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് കിഴക്കേ കല്ലട സി.വി.കെ.എം. ഹൈസ്‌കൂളിലാണ്. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ അദ്ദേഹം നിയമപഠനത്തിനു മുതിര്‍ന്നെങ്കിലും ശ്രീ. കൈതവാരം ശ്രീധരന്‍ അവര്‍കളുടെ നിര്‍ദ്ദേശം അനുസരിച്ച് നെടുംകണ്ടം ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ നിന്നും ആ.ഋറ ബിരുദം സമ്പാദിച്ചു. ഹൈസ്‌കൂള്‍ ഗണിതശാസ്ത്രം അദ്ധ്യാപകമനായി ചെറിയഴിക്കല്‍, കുഴിമതിക്കാട്, മങ്ങാട്, പടിഞ്ഞാറേ കൊല്ലം എന്നീ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ ജോലിനോക്കി ചന്ദനത്തോപ്പ് ഐ. റ്റി.ഐ.യിലും അദ്ധ്യാപകനായിരുന്നു. ഈ കാലഘട്ടത്തില്‍ സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എന്നനിലയില്‍ സര്‍ക്കാര്‍ അദ്ധ്യാപകന്‍ എന്ന ഉത്തരവാദിത്വം നിലനിര്‍ത്തികൊണ്ടുതന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. 

അദ്ദേഹം 1977-ലും, 1980-ലും കുന്നത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എന്നതിനുപുറമേ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആള്‍ കേരളാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ്, 'സമയം' വാരികയുടെ പത്രാധിപര്‍, റ്റി.കെ.ഡി. എം.യു.പി സ്‌കൂള്‍ മാനേജര്‍ എന്നീ വിവിധ രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സിദ്ധനര്‍ സമുദായത്തിന്റെ അനിഷേധ്യനേതാവും അദ്ധ്യാപകവര്‍ഗ്ഗത്തിന്റെ വഴികാട്ടിയും, പ്രഗല്‍ഭവാഗ്മിയും, പാര്‍ലമെന്റേറിയനും, പത്രപ്രവര്‍ത്തകനും സര്‍വ്വോപരി സമ്പന്നനും ആയിരുന്നു ആദരണീയനായ ശ്രീ.കല്ലട നാരായണന്‍. 1996 ജൂണ്‍ മാസം 6 ന് വെളുപ്പിന് അദ്ദേഹം അന്തരിച്ചു. 

അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ധീരമായ നേതൃത്വം കൊടുത്തിട്ടുള്ള അയ്യങ്കാളിയെ അത്യധികം സ്‌േനഹിച്ചിരുന്നു. പിന്നോക്ക ക്രൈസ്തവരുടെ സമരസംഘടനാ പ്രവര്‍ത്തകരായ റവ.ഫാ.സ്റ്റീഫന്‍. വി.ഡി. ജോണ്‍ എന്നിവരുമായി പൊതുപ്രവര്‍ത്ത നങ്ങളില്‍ പങ്കെടുക്കുകയും പൊതുവേദികളില്‍ തന്റെ വാക്‌ധോരണികൊണ്ട് ജനസഹസ്രങ്ങളെ അത്ഭുതസ്തംബ്ദരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ട.ച.ഉ.ജ യുടേയും ച.ട.ട ന്റെയും വിവിധ മണ്ഡലങ്ങളിലെ മുന്നേറ്റം അനുകരിക്കുവാന്‍ അനുയായിക ളോട് ആജ്ഞാപിക്കുക അദ്ദേഹത്തിന്റെ സ്വഭാവം ആയിരുന്നു. 

തന്റെ കുടുംബ ജീവിതത്തില്‍ എന്നെന്നും ആവേശമായിരുന്ന ഭാര്യ ലക്ഷ്മിയേയും ഏഴ് കുഞ്ഞുങ്ങളെയും പലപ്പോഴും പട്ടിണിയ്ക്കിട്ടു കൊണ്ടുതന്നെ അനുസ്യൂതമായ പ്രവര്‍ത്തനം കൊണ്ട് സമുദായത്തെ സംഘടിപ്പിച്ച് സംഘടനയെ വളര്‍ത്തിയെടുത്ത് ഈ ജനതയെ ഒരു രാഷ്ട്രീയ ശക്തിയാക്കുക എന്നുള്ള ശ്രീ കല്ലടയുടെ സ്വപനം സഫലമാകുന്നത് 1965 മുതലാണ്. അന്നുമുതല്‍ 1996 വരെ സിദ്ധനര്‍ സമൂഹത്തെ ഒരു രാഷ്ട്രീയ അധികാരമുള്ള ശക്തിയായി നിലനിര്‍ത്തുന്നതിനും അതിന്റെ പ്രതിനിധികളെ സമൂഹത്തില്‍ നിന്നും കണ്ടെത്തി അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു നിര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

താന്‍ ജോലിചെയ്തുകൊണ്ടിരുന്ന വിദ്യാഭ്യാസ വകുപ്പില്‍ ഏറ്റവും ഉന്നത സ്ഥാനത്തു വരെ കയറ്റം കിട്ടുമായിരുന്നിട്ടുകൂടി അതിനു കാത്തിരിക്കാതെ രാജി സമര്‍പ്പിച്ച് പൊതുരംഗത്ത് വന്നു. 

രണ്ട് തവണ ജയിച്ച് ങ.ഘ.അ ആയിപ്പോയ കല്ലടയുടെ പ്രസംഗങ്ങള്‍ കേട്ടവരും നിയമ പരിജ്ഞാനത്തെപറ്റി അറിഞ്ഞവരും ഭാവിയുള്ള നല്ല പാര്‍ലമെന്റേറിയന്‍ എന്ന് അഭിപ്രായപ്പെട്ടിരുന്നു. 

ഒരു മന്ത്രിയാകാന്‍ സാദ്ധ്യതയും യോഗ്യതയും ഉള്ള കല്ലടയെ 1982 ലെ തെരെഞ്ഞെ ടുപ്പില്‍ കുന്നത്തൂരിലെ അസൂയാലുക്കളായ മത-വര്‍ഗ്ഗീയപിന്‍തിരിപ്പന്‍ ശക്തികള്‍ ചേര്‍ന്ന് പരാജയപ്പെടുത്തി. തളരാത്ത മനസ്സുമായി ജനമദ്ധ്യത്തിലേയ്ക്കിറങ്ങിയ കല്ലട ഒരിക്കല്‍ പ്രഗല്‍ഭനായ സി.എച്ച്. മുഹമ്മദ്‌കോയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ദോഷം ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഓര്‍ഡര്‍ പിന്‍വലിപ്പിക്കുവാന്‍ കാണിച്ച ധീരത വിദ്യാര്‍ത്ഥി വര്‍ഗ്ഗം ഒരിക്കലും മറക്കുകയില്ല.

കുന്നത്തൂര്‍ മണ്ഡലത്തില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക വികസന പ്രവര്‍ത്തനങ്ങളുടേയും അടിത്തറ പാകിയത് കല്ലടയാണ്. കടപുഴ പാലം അദ്ദേഹത്തിന്റെ ഒരു സ്മാരകം എന്നോണം രണ്ട് പ്രദേശങ്ങളെ ബന്ധിച്ചുകൊണ്ട് നിലകൊള്ളുന്നു. ഒരു നിശബ്ദസാക്ഷ്യം പോലെ റെയില്‍വെ ക്രോസും ഗേറ്റും സ്ഥാപിച്ച് അതില്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ പേര് കല്ലട നാരായണന്‍ എം.എല്‍.എ. എന്ന് ശിലാഫലകത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. കല്ലുംതാഴം വഴി ബസ്സ് സര്‍വ്വീസ് അനുവദിപ്പിച്ചതും അദ്ദേഹമാണ്. 

പാത്തല രാഘവന്‍ 
എ. ജോണ്‍ വില്‍സണ്‍പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ചുയര്‍ന്നുവന്ന് സ്വന്തം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റികൊണ്ട് കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തന രംഗത്ത് ഉറച്ച് നിന്ന ധീരനായ നേതാവാണ് ശ്രീ. എ. ജോണ്‍ വില്‍സണ്‍. തന്റെ കുടുംബപരമായ ബാദ്ധ്യതകള്‍ നിര്‍വ്വഹിക്കുന്നതിലുപരി സ്വന്തം സമൂഹത്തിന്റെ താല്‍പര്യ സംരക്ഷണത്തിനാണ് ശ്രീ. ജോണ്‍ വില്‍സണ്‍ പ്രാമുഖ്യം നല്‍കിയിരുന്നത് എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. സി.എസ്.ഐ. സ്‌കൂളിലെ അദ്ധ്യാപക ജോലിയും ബി.സി.സി.എഫ്. ജനറല്‍ സെക്രട്ടറി പദവും സാമൂഹിക നേതൃപരമായ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ തന്റെ മറ്റെല്ലാവിധമായ താല്പര്യങ്ങളും അദ്ദേഹത്തിന് ഉപേ ക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ അദ്ദേഹത്തിന് അവരോടുള്ള കടമ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ മൂത്ത മകളുടെ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ശ്രീ. ജോണ്‍ വില്‍സണ്‍ 16-09-1987-ല്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി. ഭാര്യ : ശ്രീമതി രാജമ്മ (റിട്ട. ടീച്ചര്‍). ശ്രീ. എ. ജോണ്‍ വില്‍സണ്‍ സാറിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ദലിത് സമൂഹം എന്നെന്നും സ്മരിക്കും. ശ്രീ. ജോണ്‍ വില്‍സന് അര്‍ഹിക്കുന്ന വിധത്തിലുള്ള സ്മാരകം തീര്‍ക്കുന്നതിന് സ്വന്തം സമൂഹവും സഭയും ഇനിയും മുതിര്‍ന്ന് കാണുന്നില്ല എന്ന കുറ്റ ബോധത്തോടെ തന്നെ ഞങ്ങള്‍ ശ്രീ. ജോണ്‍ വില്‍സന് ഒരായിരം ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സ്റ്റീഫന്‍ അച്ചന്‍ - പുത്തൂര്‍ ശാന്തമ്മസ്റ്റീഫന്‍ അച്ചന്‍ ജനിക്കാതിരുന്നെങ്കില്‍ ജീവിക്കാതിരുന്നെങ്കില്‍ പ്രവര്‍ത്തിക്കാ തിരുന്നെങ്കില്‍ ദലിത് ക്രൈസ്തവര്‍ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഒരു ശതമാനം ഉദ്യോഗസംവരണവുംഅവര്‍ക്ക് ലഭിക്കില്ലായിരുന്നു. റവ. പുത്തൂര്‍ എന്‍. സ്റ്റീഫന്‍ എന്ന സ്റ്റീഫന്‍ അച്ചന്റെ ജീവിതം, സഭ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആധുനീക സാഹചര്യത്തില്‍ പഠിച്ച് നമുക്ക് പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്.

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പുത്തൂര്‍ പ്രദേശത്ത് ജനിച്ച സ്റ്റീഫന്‍ അച്ചന്‍ പഠനകാലത്ത് തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അന്നത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ചരിത്രം ഇന്നത്തെ നമ്മുടെ കുട്ടികള്‍ പാഠമാക്കേണ്ടതാണ്. വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ക്രേവന്‍ എല്‍.എം.എസ്. സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി നേടിയെങ്കിലും തന്റെ സമൂഹം സഭാ സാമൂഹിക രംഗങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അസമത്വവും അവഹേളനവും കണ്ടും അനുഭവിച്ചും അറിഞ്ഞ അദ്ദേഹം തന്റെ ജോലി രാജി വച്ച് ജനമദ്ധ്യലത്തിലേ യ്ക്കിറങ്ങി സഭാ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അങ്ങനെ തന്റെ മാതൃസഭയായ പുത്തൂര്‍ സി.എസ്.ഐ.-യില്‍ പ്രവര്‍ത്തകനായി. തുടര്‍ന്ന് പെരുങ്ങള്ളൂര്‍, ചെങ്കുളം, കലയപുരം, കുളക്കട, തലവൂര്‍, കൊട്ടാരക്കര മുതലായ സഭകളില്‍ സഭാപ്രവര്‍ത്തനം നടത്തി. ഇതിനിടയില്‍ ദക്ഷിണ കേരള മഹാ ഇടവകയില്‍ സി.എസ്.ഐ.-യുടെ ഏക പ്രതിനിധിയായി തിരുവല്ലയിലെ ബൈബിള്‍ കോളേജിലെ അദ്ധ്യാപകനായി നാലു വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കൊല്ലം ഏരിയാ സൂപ്രണ്ടിംഗ് മിനിസ്റ്റര്‍, വര്‍ക്കല ബൈബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ബിഷപ്പ് വില്ല്യം വാചാലന്‍ തിരുമേനിയുടെ അസിസ്റ്റന്റ് റ്റു ദി ബിഷപ്പ് എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചു. 1970-ല്‍ സഭാ സേവനത്തില്‍ നിന്നും വിരമിച്ചു. തന്റെ സേവന കാലയളവില്‍ മഹാ ഇടവകയിലെ പിന്നോക്ക ക്രൈസ്തവരുടെ വടക്കും തെക്കുമുള്ള 8 ഡിസ്ട്രിക്റ്റുകള്‍ക്കുവേണ്ടി എന്‍.എ.സി.സി., എസ്.എ.സി.സി. ഭരണഘടന എഴുതി ഉണ്ടാക്കുവാന്‍ മുന്‍കൈ എടുത്തത് സ്റ്റീഫന്‍ അച്ചന്‍ ആയിരുന്നു. 

കേരളത്തിലെ ദലിത് ക്രൈസ്തവര്‍ ഉപജാതി മതചിന്തക്കള്‍ക്കതീതമായി ഒരുമിച്ച് നിന്ന് പോരാട്ടം നടത്തുന്നതിനുള്ള സാമൂഹിക ഐക്യബോധം ഉണ്ടാക്കുവാന്‍ അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചത്‌നിസ്സാരമായി കാണാന്‍ കഴിയില്ല. 1982-ല്‍ തിരുവല്ലയില്‍ നിന്നും ശ്രീ. പി. ചാക്കോ, കോട്ടയത്തു നിന്നും ശ്രീ. പി.എം. മര്‍ക്കോസ് എന്നീ കോണ്‍ഗ്രസ്സ് എം.എല്‍.എ. മാരുമായി (ഇവരല്ലാതെ പിന്നീട് ഇന്നുവരെ ഒരു ദലിത് ക്രൈസ്തവ എം.എല്‍.എയും കേരളത്തിലുണ്ടായിട്ടില്ല) കേരളത്തിലെ പിന്നോക്ക ക്രൈസ്തവരുടെ-ദലിത് ക്രൈസ്തവരുടെ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ ദുരിതംനിറഞ്ഞ അസ്ഥയ്ക്ക് പരിഹാരം കണ്ടെത്തു ന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് മെമ്മോറാണ്ടം നല്‍കി പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കുകയും ചെയ്ത നേതാവ് എന്ന നിലയില്‍ ജനമനസ്സുകളില്‍ സ്റ്റീഫന്‍ അച്ചന്‍ എന്നുമെന്നും നിറഞ്ഞു നില്‍ക്കുകതന്നെ ചെയ്യും. പ്രധാനമന്ത്രിയുമായി നടന്ന ഈ കൂടി ക്കാഴ്ചയ്ക്കുശേഷമാണ് അര ഫീസ് സൗജന്യം ലഭ്യമായത്. ആലപ്പുഴയിലെ ശ്രീ. വി.ഡി. ജോണ്‍ സാറിന്റെ നേതൃത്വത്തില്‍ 1956-ല്‍ ബി.സി.സി.എഫ്. എന്ന സംഘടന കേരളത്തില്‍ നടത്തിയ ഐതിഹാസിക സമരം തുടര്‍ന്നുള്ള ദലിത് ക്രൈസ്തവരുടെ സമരപ്രക്ഷോഭങ്ങള്‍ക്ക് നാന്ദി കുറിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ ഗവഃന് സമരത്തെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസ ആനൂകൂല്യം തുടങ്ങി ഇന്നുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും നമ്മുടെ സമൂഹത്തിന് അനുവദിച്ച് നല്‍കുവാന്‍ ഇടയായത് സ്റ്റീഫന്‍ അച്ചന്റേയും അതുപോലെയുള്ള മറ്റ് നേതാക്കളുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം മൂലമാണ് എന്ന യാഥാര്‍ത്ഥ്യം ഇനിയും നമ്മുടെ സമൂഹവും പൊതുസമൂഹവും അംഗീകരിക്കേണ്ടിയിരിക്കുന്നു. 1973-ല്‍ സ്റ്റീഫന്‍ അച്ചന്‍ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന് നിവൃത്തിയ്ക്കാന്‍ കഴിയാതിരുന്ന ദൗത്യം പൂര്‍ത്തീകരിക്കാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. റവ. പുത്തൂര്‍ എന്‍. സ്റ്റീഫന്‍ അച്ചന് ഒരായിരം സ്മരണാഞ്ജലികള്‍. 

പുത്തൂര്‍ ശാന്തമ്മ 

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

കെ. എം. രാമന്‍: മലബാറിലെ അടിയാള വിമോചന പ്രവര്‍ത്തനത്തിന് വിത്തുപാകിയവര്‍ - സി പി ഇമ്പിച്ചന്‍ പൂനൂര്‍


കെ. എം. രാമന്‍

കെ. എം. രാമന്‍ (1912-1993)

1912 നവംബര്‍ 11 ന് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലെ കുഞ്ഞിമംഗലം ഗ്രാമത്തില്‍ കല്ല്യാണി എന്ന വട്ടിച്ചിയുടേയും കുഞ്ഞമ്പുന്റേയും മകനായി ജനിച്ചു. 14-ാമത്തെ വയസ്സില്‍ സ്വന്തം വീട്ടു പറമ്പില്‍ വച്ച് മുന്നോക്ക ജാതിക്കാര്‍ക്ക് വഴിമാറികൊടുക്കാ ത്തതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ജാതിയുടെ പീഢനങ്ങള്‍ പലവട്ടം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ജാതിയ്ക്കും അയിത്താചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സ്വാനുഭവങ്ങളില്‍ നിന്ന് അദ്ദേഹം ഊര്‍ജ്ജം കണ്ടെത്തി.

സ്ഥാനമാനങ്ങള്‍ക്കായി വില കല്‍പ്പിക്കാത്ത നേതാവായിരുന്നു രാമേട്ടന്‍. എം. എല്‍. എയും, എം. പിയും മന്ത്രിയുമാവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. പൂമാലകളും നോട്ടുമാലകളും സ്വീകരണങ്ങളില്‍ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പട്ടിക ജാതി - വര്‍ഗ്ഗം ഒന്നായികാണാനായിരുന്നു ജീവിതാഭിലാഷം. സമുദായത്തിന്റെ കേസുകളില്‍ അപ്പീലില്ലാത്ത കോടതി എന്നാണ് പത്രങ്ങളും പ്രമുഖരും. അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, പട്ടിക ജാതി വര്‍ഗ്ഗ നേതാവ്, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കഴിവുറ്റ സംഘാടകന്‍ എന്നീ നിലകളിലെല്ലാം മലബാറിലുടനീളം അദ്ദേഹം അംഗീകരിക്കപ്പെട്ടു ജനഹൃദയങ്ങളില്‍ അദ്ദേഹം രാമേട്ടന്‍ എന്നറിയപ്പെട്ടു. പട്ടിക ജാതി - വര്‍ഗ്ഗത്തിന്റെ ആശാകേന്ദ്രമായിരുന്നു രാമേട്ടന്‍ സാമൂഹ്യ വിരുദ്ധരും, മുതലാളിത്ത താല്പര്യ വര്‍ഗ്ഗവും, ജന്മിമാരും അവരുടെ ഗുണ്ടകളും പട്ടികജാതി വര്‍ഗ്ഗത്തിനെതിരെ അഴിച്ചു വിടുന്ന ഏത് സംഘര്‍ഷകൊടുങ്കാറ്റിനേയും ഇളം കാറ്റാക്കി മാറ്റി അധഃസ്ഥിത സമൂഹത്തിന് തണലായി നിലകൊണ്ട രാമേട്ടന്‍ മരണം വരെ സമുദായ സേവനം ജീവിത ചര്യയാക്കി മാറ്റി. 

കെ. എം. രാമന്‍ വഹിച്ച സ്ഥാനങ്ങള്‍ : കേരള സര്‍ക്കാറിന്റെ ഡെപ്യൂട്ടി സേവക് ഉദ്യോഗം വഹിച്ചു. അന്നത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തന ശൈലിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ആ ഉദ്യോഗം രാജിവെച്ചു. തുടര്‍ന്ന് അഖിലേന്ത്യ ഹരിജന്‍ സേവക് സംഘം കേരള ശാഖയില്‍ പ്രവര്‍ത്തകനായി ചേര്‍ന്നു. 1971 ല്‍ സേവക് സംഘത്തില്‍ നിന്ന് വിമരിച്ചു. 1979 ല്‍ അഖില കേരള ഹരിജന്‍ സമാജം ജനറല്‍ സെക്രട്ടറിയായി. ഉണ്ണികൃഷ്ണന്‍ മെമ്മോറിയല്‍ ബാലികാ സദനം, തക്കര്‍ ബല്ലാ സദനം എന്നിവയുടെ ചെയര്‍മാന്‍, കേരള പട്ടിക ജാതി വര്‍ഗ്ഗ ഫെഡറേഷന്റെ ഉപദ്ധ്യാക്ഷന്‍, കോഴിക്കോട് ആകാശവാണി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കേരള ഹരിജന്‍ സമാജം സംസ്ഥാന പ്രസിഡന്റ് ആയിരിക്കവെ 1993 ആഗസ്റ്റ് 10 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.

സി പി ഇമ്പിച്ചന്‍ പൂനൂര്‍

പി.എം. ഉണ്ണികൃഷ്ണന്‍: മലബാറിലെ അടിയാള വിമോചന പ്രവര്‍ത്തനത്തിന് വിത്തുപാകിയവര്‍ - സി പി ഇമ്പിച്ചന്‍ പൂനൂര്‍


പി.എം. ഉണ്ണികൃഷ്ണന്‍

പി.എം. ഉണ്ണികൃഷ്ണന്‍ 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ഇരിങ്ങത്ത് എന്ന പ്രദേശത്ത് പാലാടത്ത് മീത്തല്‍ കുപ്പച്ചിയുടെ മകനായി ജനിച്ചു. അച്ഛന്‍ വെള്ളന്‍. അക്കാലത്ത് വിദ്യഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കായി കേളപ്പജി സ്ഥാപിച്ച ശ്രദ്ധാനന്ദ വിദ്യാലയത്തില്‍ പാക്കനാര്‍പുരം ആശ്രമത്തിലെ അന്തേവാസിയായി താമസിച്ച് പഠിച്ചു. അവിടെ നിന്ന് ഇ.എസ്.എല്‍.സി. പാസ്സായപ്പോള്‍ കേളപ്പജി പട്ടാമ്പി സംസ്‌കൃത കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. അയിത്ത ജാതിക്കാരന് അറിവ് നിഷേധിക്കപ്പെട്ട കാലഘട്ടത്തിലാണ് ദേവഭാഷയെന്ന് പ്രകീര്‍ത്തിക്കപ്പെട്ട സംസ്‌കൃതത്തില്‍ അദ്ദേഹം പാണ്ഡിത്യം നേടിയതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല അക്കാലത്തെ സംസ്‌കൃത പണ്ഡിതരായ സവര്‍ണ്ണ വിഭാഗത്തോടൊപ്പം വിദ്വാന്‍ എന്നും സംസ്‌കൃത പണ്ഡിതന്‍ എന്നും ഉണ്ണികൃഷ്ണന്‍ അറിയപ്പെട്ടു. 

മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം: ഗാന്ധിജി, കേളപ്പജി എന്നിവരടക്കമുള്ള മഹാന്മാരുടെ അനുഗ്രഹ ആശീര്‍വ്വാദത്തോടെ 1932 ല്‍ കണ്ണൂര്‍ ജില്ലയിലെ താവക്കരയില്‍ വെച്ച് പി.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം രൂപീകരിക്കപ്പെട്ടു. മികച്ച പ്രാസംഗികനും ഒന്നാംതരം സംഘാടകനുമയിരുന്നു ഉണ്ണികൃഷ്ണന്‍. മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം ഹരിജനങ്ങളുടെയും ആദിവാസികളുടെയും സാമൂഹ്യ നീതിക്കും സാമൂഹ്യ പരിഷ്‌കരണത്തിനും വേണ്ടി മലബാറിലുടനീളംഉജ്ജ്വലപോരാട്ടങ്ങള്‍ നടത്തി. വിധ്വേയത്വത്തിന്റേയും അടിമത്വത്തിന്റേയും ചിഹ്നമായ കല്ലുമാലകള്‍ പൊട്ടിച്ചെറിയാന്‍ സംഘടന ആഹ്വാനം ചെയ്തു. ബലാത്സംഗങ്ങള്‍ക്കെതിരെ, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന്, ആരാധനാ സ്വാതന്ത്ര്യത്തിന്, അയിത്താചാര ങ്ങള്‍ക്കെതിരെ, ചായപ്പീടികയിലിരുന്നു ഗ്ലാസില്‍ ചായക്കുടിക്കാന്‍ വേണ്ടി ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടാന്‍ വേണ്ടി വിദ്യാലയ പ്രവേശനങ്ങള്‍ക്കായി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മലബാറില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം വഴി തെളിച്ചു. ഡോ. അംബേദ്കറുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായ ഇ. കണ്ണന്‍ (എരഞ്ഞിക്കല്‍), മുന്‍ മന്ത്രി ഒ. കോരന്‍, സി. കേശവന്‍, സാംബവ സമുദായ നേതാക്കളായ ഒ.പി. രാമന്‍ ഒ.കെ.വി. രാജു, സോഷ്യലിറ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ എം. വി. മാധവന്‍, എം. വേലായുദന്‍ (പന്നിയങ്കര), ഇ. ടി. ബാലറാം (കൊയിലാണ്ടി), കെ. എം. രാമന്‍, കെ. എം. രാമന്റെ സഹധര്‍മ്മിണിയായ മാധവി ടീച്ചര്‍, ചേലപ്പൊയില്‍ അയ്യപ്പന്‍ (വെള്ളിമാടുകുന്ന്), മുന്‍. എം.എല്‍.എ. എം. രാമുണ്ണി, പൊക്കന്‍ മാസ്റ്റര്‍ (കണ്ണൂര്‍), കുമാരന്‍ മാസ്റ്റര്‍ (മൂലംപള്ളി), ഗോപാലന്‍ മാസ്റ്റര്‍ (ഫറോക്ക്) തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അധഃസ്ഥിത സമുദായ പ്രവര്‍ത്തനത്തിലുണ്ടാ യിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പജി, എ. കെ. ഗോപാലന്‍ എന്നിവരോടൊപ്പം സമരത്തില്‍ പങ്കെടുത്തതായി പ്രസ്തുത സമരത്തിന്റെ ഫോട്ടോ സാക്ഷ്യം വഹിക്കുന്നു. 

മൂഴിക്കല്‍ മര്‍ദ്ദനം: 1945 ഏപ്രില്‍ 14 ലെ അംബേദ്കര്‍ ജയന്തി ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 10 കി. മീറ്റര്‍ അകലെയുള്ള മൂഴിക്കല്‍ മാപ്പിള എല്‍. പി. സ്‌കൂളില്‍ ചേര്‍ന്ന ഹരിജന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തവെ ഒരു കൂട്ടം ഗുണ്ടകളും, സാമൂഹ്യ ദ്രോഹികളും പ്രസ്തുത സമ്മേളനം കയ്യേറി. അകത്ത് കടന്നയുടനെ വാതിലുകളും, ജനലുകളും അടച്ചുപൂട്ടിയ ആക്രമികള്‍ സ്‌കൂള്‍ ഹാളില്‍ കത്തിക്കൊണ്ടിരുന്ന പെട്രോള്‍ മാക്‌സ് വിളക്ക് തല്ലിയുടച്ചു. സ്‌കൂള്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുള്‍പ്പെടെയുള്ള ജനകൂട്ടത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു. സമ്മേളന ഹാളിലുണ്ടായിരുന്ന ഒരാള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഹാളില്‍ തിങ്ങി നിറഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളും വാവിട്ട് നിലവിളിച്ചു. അദ്ധ്യക്ഷനായ ഉണ്ണികൃഷ്ണനെ ആക്രമികള്‍ മലര്‍ത്തിക്കിടത്തി കൈമുട്ടുകൊണ്ട് ഇടിച്ചു. രക്തം ചര്‍ദ്ദിച്ച ഉണ്ണികൃഷ്ണനെയും സഹപ്രവര്‍ത്തകരേയും എഴുന്നേറ്റ് നില്‍ക്കാന്‍ ആരോഗ്യം ശേഷിച്ചവര്‍ ആശുപത്രിയിലേക്കെത്തിച്ചു. സമ്മേളന സ്ഥലം രക്തക്കളമായി മാറി. മൂഴിക്കല്‍ ഹരിജന്‍ മര്‍ദ്ദനം എന്ന തലക്കെട്ടില്‍ ദിന പത്രങ്ങളില്‍ പിറ്റേന്ന് വാര്‍ത്തവന്നു. മാതൃഭൂമി ദിനപത്രം പ്രസ്തുത സംഭവത്തെക്കുറിച്ച് പൊറുതി വേണം എന്ന തലക്കെട്ടില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. 

സാമൂഹ്യ ദ്രോഹികളുടെ മര്‍ദ്ദനമേറ്റ ഒട്ടനവധിപേര്‍ ശരിയായ ചികിത്സ കിട്ടാതെ യാതനകളനുഭവിച്ചു. പലരെക്കുറിച്ചും വിവിരങ്ങള്‍ ശേഖരിക്കന്‍ കഴിഞ്ഞില്ല അവരെല്ലാം ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ നിസ്ഥാര്‍ത്ഥരായ ത്യാഗികളാണ്. സംഭവത്തിന്റെ അന്തിമ വിശകലനത്തില്‍ മേല്‍കുറിച്ച സംഭവത്തില്‍ രോഗിയായി നിരവധിപേര്‍ നരകിച്ചു മരിച്ചു എന്ന് മാത്രമേ ഊഹിക്കാന്‍ കഴിയൂ. മര്‍ദ്ദനത്തെ തുടര്‍ന്ന് രോഗിയായി മാറിയ ഉണ്ണികൃഷ്ണനെ കേളപ്പജി പെരുന്തുറ സാനിറ്റോറിയത്തില്‍ ചികിത്സിച്ചു.അസുഖം അല്പം ഭേദമായപ്പോള്‍ അദ്ദേഹം വീണ്ടും കര്‍മ്മരംഗത്തി റങ്ങി സ്വസമുദായത്തിന് വേണ്ടി അവിശ്രമം പോരാട്ടം തുടര്‍ന്നു. സമുദായത്തിനോടുള്ള നിരന്തര സമര്‍പ്പണം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പാടെ നശിപ്പിച്ചു. 1951 മാര്‍ച്ച് 28 ന് കെ. എം. രാമേട്ടന്റെ വീട്ടില്‍ വെച്ച് മാഹാനായ ആ ത്യാഗീവര്യന്‍ കഥാവശേഷനായി. കേളപ്പജിയടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ അന്ത്യകര്‍മ്മത്തിനെത്തി. ആ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. കേളപ്പജി തന്നെ ആ ചിതക്ക് തീ കൊളുത്തിയതായി കെ. എം. രാമേട്ടന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. 

സി പി ഇമ്പിച്ചന്‍ പൂനൂര്‍
2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

പി.ജെ. സഭാ രാജ് തിരുമേനി


1926 ഒക്‌ടോബര്‍ 2ന് ജനനം. 1951 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1960 മെയ് 25-ന് എറണാകുളം ജില്ലയില്‍ നാടുകാണിയില്‍ നടന്ന സമ്മേളനത്തില്‍ അധഃകൃതവര്‍ഗ്ഗ ഐക്യമുന്നണി (ഡി.സി.യു.എഫ്.) എന്ന സംഘടന പി.ജെ. സഭാരാജിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുകയും ഔദ്യേഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 

1967-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

1972 ജനുവരി 1-ന് ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനത്തിന് പി.ജെ. സഭാരാജ് കോട്ടയം ജില്ലയില്‍ എരുമേലി മുക്കടയില്‍ ശിലാ സ്ഥാപനം നടത്തി. 

1980 ഒക്‌ടോബര്‍ 1-ന് മുക്കടയില്‍ ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടു.

1144 മീനം 10 (മാര്‍ച്ച് 23)-ന് അധഃകൃത വര്‍ഗ്ഗ ഐക്യമുന്നണി ദ്രാവിഡ വര്‍ഗ്ഗ ഐക്യമുന്നണി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

1996 ഒക്‌ടോബര്‍ 2-ന് പി.ജെ. സഭാരാജ് അവര്‍കളുടെ സപ്തതി ആഘോഷം മുക്കടയില്‍ നടന്നു. ഈ സമയം മുതല്‍ അദ്ദേഹം പ്രാപഞ്ചിക കേസരി ബ്രഹ്മഋഷികള്‍ പൊയ്കയില്‍ തിരു. പി.ജെ. സഭാരാജ് തിരുമേനികള്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. 

ഒട്ടനവധി സമരങ്ങളും സമ്മേളനങ്ങളും നടത്തി. തന്റെ അണികളികളെയും അധികാരവര്‍ഗ്ഗത്തെയും ഒരുപോലെ വിസ്മയിപ്പിച്ച ധീരനായ ആ നേതാവ് 2002 ജൂലൈ 25-ന് അന്തരിച്ചു. എഡിറ്റര്‍ശ്രീ. വി.ഡി. ജോണ്‍ - പുത്തൂര്‍ സുകുമാരന്‍

വി ഡി ജോണ്‍ 

കേരളത്തിലെ ദലിത് ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക വിദ്യാഭ്യാസ, രാഷ്ട്രീയ വളര്‍ച്ചയ്ക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ സമര പോരാട്ട കര്‍മ്മ മണ്ഡലങ്ങളില്‍ ഹോമിക്കപ്പെട്ട ജീവിതത്തിന്റെ നേര്‍ഉടമയായിരുന്നു അന്തരിച്ച ശ്രീ. വി.ഡി. ജോണ്‍. നമ്മെ വിട്ടു പരിഞ്ഞ ശ്രീ. കല്ലറ സുകുമാരനും, ശ്രീ. പോള്‍ ചിറക്കരോടും ശ്രീ. വി.ഡി. ജോണിന്റെ സമകാലിക സമൂഹിക പ്രവര്‍ത്തകരായിരുന്നു. ഈ ത്രയങ്ങളുടെ ഒരു അനുയായി ആയി വര്‍ഷങ്ങളോളം സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഈ ലേഖകന്‍. ശ്രീ. വി.ഡി. ജോണ്‍സാറിന്റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുവാന്‍ ശ്രമിക്കട്ടെ. 

ജനനം: 1920 നവംബര്‍ മാസം 23-ാം തിയതി ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ ദേവസ്യയുടെയും അച്ചാമ്മയുടെയും മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസത്തിനിടയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. ആലപ്പുഴ വൈ.എം.സി.എ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1942-ല്‍ ഹയറിന് പഠിക്കുന്ന സമയത്ത് കുട്ടനാട് മേഖലയില്‍ കര്‍ഷക തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ കൂട്ടുകാരുമൊത്ത് കുട്ടമംഗലത്ത് പോയി സമരം കാണുകയും അതില്‍ ആകൃഷ്ടനാ കുകയും ചെയ്തു. അങ്ങനെ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മറ്റിയില്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിങ്ങനെ കാലക്രമേണ പ്രവര്‍ത്തിച്ചു തുടങ്ങി. കൊമ്മാടി സി.എം.സ്. എല്‍.പി.സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തന്റെ സമുദായത്തിലെ കര്‍ഷകതൊഴിലാളികളെ ജന്മിന്മാരും പോലീസും ക്രൂരമായി മര്‍ദ്ദനങ്ങള്‍ക്കിരയാക്കികൊണ്ടിരുന്ന കാഴ്ച വി.ഡി. ജോണിനെ തന്റെ ജോലിവലിച്ചെറിഞ്ഞ് തന്റെ സമൂഹ മദ്ധ്യത്തിലേക്കിറങ്ങി തിരിക്കുവാന്‍ പ്രേരിപ്പിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭണം, പാതിരപ്പള്ളി, പുളിങ്കുന്ന് കര്‍ഷകതൊഴിലാളി സമരം, ചങ്ങനാശ്ശേരി മജിസ്‌ട്രേട്ട് കോടതിയിലേക്കുള്ള കര്‍ഷക തൊഴിലാളി മാര്‍ച്ച്, കുമരകം തെങ്ങുകയറ്റ തൊഴിലാളി സമരം, കോട്ടയം കായന്‍കേസ്, തെക്കന്‍ ആര്യാട് തീവെയ്പ്പ് കേസ് മുതലായവയ്ക്ക് നേതൃത്വം കൊടുക്കുകയും കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകും ചെയ്തു. 

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് വി. ഡി. ജോണ്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. പലസമരങ്ങള്‍ക്കും ഈ കാലയളവില്‍ നേതൃത്വം വഹിക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷം പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. വി.ഡി. ജോണിന്റെ നേതൃപാടവത്തെ സഹപ്രവര്‍ത്തകര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ 1947 ന് ശേഷം ഇന്ത്യയില്‍ ഒരു ഭരണഘടന നിലവില്‍ വന്നതോടെ ഒരു മതേതര രാജ്യമായി ഇന്ത്യ മാറിയെങ്കിലും ദലിത് ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്ന വലിയ പ്രശ്‌നം പാര്‍ട്ടിയില്‍ ഉന്നയിച്ചത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും അകലുവാന്‍ ഇടയാക്കി. ഈ നിലപാട് പാര്‍ട്ടി അംഗീകരിച്ചില്ല. തന്റെ വാദഗതിയില്‍ ഉറച്ചുനിന്ന വി.ഡി. ജോണിന് ദലിത് ക്രൈസ്തവ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നു. 1950 ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്രിസ്തുമതം സ്വീകരിച്ച ദലിതര്‍ക്ക് യാതൊരുവിധ സംവരണവും നല്‍കുവാന്‍ പാടില്ലായെന്ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ഭരണഘടന ലഘനമാണെന്ന് തിരിച്ചറിഞ്ഞ് ഉപജാതി, സഭാചിന്താ ഗതികള്‍ക്ക് അതീതമായി ദലിത് ക്രൈസ്തവര്‍ ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അന്തരിച്ച പുത്തൂര്‍ എന്‍. സ്റ്റീഫന്‍ അച്ചന്‍, വി.ഡി. ജോണ്‍ എന്നിവരുടെ നേതൃത്വ ത്തില്‍ 1956 ല്‍ ബാക്ക്‌വേഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ബി.സി.സി.എഫ്.) ഉണ്ടായി. ചരിത്രത്തില്‍ ഇടം നേടേണ്ട പല സമരങ്ങളും ബി.സി.സി.എഫിന്റെ ബാനറില്‍ വി.ഡി. ജോണ്‍ നേതൃത്വം നല്കി നടത്തി. ഇന്ന് കേരളത്തിലെ ദലിത് ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്നും അനുഭവിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, സാമൂഹിക പരിരക്ഷകള്‍ എന്നിവ ബി.സി.സി.എഫിന്റെ ബാനറില്‍ വി.ഡി. ജോണ്‍ നേതൃത്വം നല്കി നടത്തിയ സമരത്തിന്റെ ഫലമായിട്ടാണ് എന്നത് ചരിത്രപരമായ ഒരു സത്യം മാത്രമാണ്. കാലക്രമേണ ഈ സംഘടിത സമര ശക്തി ശിഥിലമാ ക്കപ്പെട്ടതായാണ് കാണാന്‍ കഴിയുക. വി.ഡി. ജോണ്‍, പുത്തൂര്‍ സ്റ്റീഫന്‍ അച്ചന്‍ എന്നിവര്‍ ഐക്യത്തോടെ ദലിത് ക്രൈസ്തവരെ സംഘടിപ്പിച്ച് അവരുടെ സമരശക്തി വളര്‍ത്തിഎടുക്കുന്നതില്‍വിജയം വരിക്കുക തന്നെ ചെയ്തു. 1964 ല്‍ വി.ഡി. ജോണ്‍ ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കടുത്തുരുത്തിയില്‍ മത്സരിച്ചു എങ്കിലും നിസാര വോട്ടിന് പരാജയപ്പെട്ടു. 2010 മെയ് മാസം 27-ാം തിയതി വി.ഡി. ജോണ്‍ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ നമുക്കിനിയും മുമ്പോട്ടു പോകേണ്ടതായിട്ടുണ്ട്. 

പുത്തൂര്‍ സുകുമാരന്‍ :- പുത്തൂര്‍ സ്റ്റീഫന്‍ അച്ഛന്റെ മകനെന്ന നിലയില്‍ തുടക്കം മുതല്‍ ബി.സി.സി.എഫിന്റെ പ്രവര്‍ത്തകന്‍, വൈദ്യുതി ഭവന്‍ ജീവനക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദലിത് പ്രശ്‌നങ്ങളില്‍ ഐക്യദ്യാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.

പുത്തൂര്‍ സുകുമാരന്‍ ഇ. കണ്ണന്‍ (Ex. M.L.A) ഒരു അനുസ്മരണം - പി ഭരതന്‍


മലബാര്‍ പ്രദേശത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് എതിരെ നടന്ന സവര്‍ണ്ണ അതിക്രമ ങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും എതിരെ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സവര്‍ണ്ണ മാടമ്പിമാരെയും പോലീസ് അധികാരികളെയും നേരിട്ട് പട്ടികജാതി വിഭാഗങ്ങളെ സംഘടിപ്പിച്ച നേതൃകൂട്ടങ്ങളുടെ അനിഷേധ്യ നേതാവായിട്ടാണ് ഇ. കണ്ണന്‍ എന്ന വ്യക്തിയെ ഞാന്‍ പരിചയപ്പെടുന്നത്. അറുപതുകളുടെ ആരംഭത്തില്‍ ഞാന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു സമയമായിരുന്നു അത്. 

കോഴിക്കോട് താലൂക്ക് എലത്തൂര്‍ വില്ലേജില്‍ പുത്തൂര്‍ അംശത്തെ ഇരുനിലമാളികയില്‍ ജീവിച്ച അദ്ദേഹം സാമൂഹ്യദ്രോഹികള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു. സംസ്ഥാന ത്തിന്റെ വിവിധഭാഗങ്ങളിലും ജില്ലയിലെവിടേയും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതുതരം ആക്രമങ്ങളും അദ്ദേഹത്തിന്റെ ഒരെഴുത്തുകൊണ്ടോ ഒരു ടെലിഫോണ്‍ വിളികൊണ്ടോനിര്‍ത്തലാക്കിയ സംഭവങ്ങള്‍ ഇന്നു നാട്ടുകാരില്‍ പലരും കൃതജ്ഞതയോടെ സ്മരിക്കുന്നു. 

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറില്‍ നിന്നുള്ള അഭ്യസ്ത വിദ്യനും പട്ടികജാതിക്കാരനുമായ ഇ. കണ്ണന്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലി ലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. സംഭവബഹുലമായ കണ്ണേട്ടന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ബോംബെ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡോ. ബി.ആര്‍. അംബേദ്ക്കറുമായി ബന്ധപ്പെടുന്നതിന് കഴിഞ്ഞു. ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കളുമായും മുഹമ്മദ് അലി ജിന്നയുമായും സൗഹൃദം സ്ഥാപിച്ച് ഒപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം കണ്ണേട്ടന് ഉണ്ടായി. 

ശ്രീ. കണ്ണേട്ടനോടൊപ്പം പ്രവര്‍ത്തിച്ച കാലയളവില്‍ കണ്ണേട്ടന്‍ അയയ്ക്കുന്ന കത്തുകള്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നതും കണ്ണേട്ടനു വരുന്ന കത്തുകള്‍ പുതിയങ്ങാടി പോസ്റ്റ് ഓഫീസില്‍നിന്നും വാങ്ങികൊണ്ടുവന്ന് ഏല്പിക്കുന്നതുമായിരുന്നു എന്റെ ഡ്യൂട്ടി. ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്, നെഹ്രു, രാജഗോപാലാചാരി, എം.എ. ഗെയ്കവാദ്, ആര്‍. പ്രസാദ്, ടി.ടി. കൃഷ്ണമാചാരി, ജയപ്രകാശ് നാരായണ്‍, ശ്രീ. പ്രകാശം, ആര്‍. വെങ്കിട്ടരാമന്‍, ഭഗവാന്‍ സഹായി എന്നിവരുമായി നിരന്തരം കണ്ണേട്ടന്‍ എഴുത്തുകളില്‍ കൂടി ബന്ധപ്പെട്ടി രുന്നു. പക്ഷേ, കണ്ണേട്ടന്റെ പ്രസ്തുത ബന്ധങ്ങള്‍ നാട്ടുകാര്‍ക്ക് അജ്ഞാതമായി രുന്നു. എന്നാല്‍ ദേശീയ നേതാക്കള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കണ്ണേട്ടന്‍ ഒരു വി.ഐ.പി. ആയിരുന്നു. കോഴിക്കോട്ട് ജില്ലാ കളക്ടര്‍, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഖദര്‍ ജുബ്ബയും ഒറ്റ മുണ്ടും ധരിച്ചുവന്ന ഈ ഗാന്ധിയെ സ്വീകരിച്ചിരുന്നത് ഇരിപ്പടങ്ങളില്‍ നിന്നും എഴുന്നേറ്റ് നിന്ന് വിനീതരായിട്ടാണ്.

എന്നെ വളരെ വിസ്മയിപ്പിച്ച ഒരു സംഭവം ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. പി.ടി. ചാക്കോ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പോലീസ് വെരിഫിക്കേഷന്‍ എന്ന പീഢനം മൂലം സര്‍ക്കാരില്‍ നിന്നും ലഭിച്ച ജോലി നഷ്ടപ്പെട്ട ഞാന്‍ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവ് പ്രഭാകര കുറുപ്പിനെ ചെന്നു കണ്ടു. അദ്ദേഹം എനിക്ക് ഒരു എഴുത്ത് തന്നിട്ട് ഇതുമായി കണ്ണേട്ടനെ കാണാന്‍ പറഞ്ഞു. കത്തുമായി ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലുള്ള പാടത്തു നിലം ഉഴുതുകൊണ്ട് നില്ക്കുകയായിരുന്നു കണ്ണേട്ടന്‍. ഒരു കൗപീനവും തോര്‍ത്തും മാത്രമായിരുന്നു വേഷം. ഈ സമയം പൈജാമയും കുര്‍ത്തയും ധരിച്ച മുന്നൂപേര്‍ കണ്ണേട്ടനെ കാണാനായി പാടത്തിന്റെ വരമ്പത്ത് നില്പ്പുണ്ടായിരുന്നു. കലപ്പയും പിടിച്ച് നിലം ഉഴുതുകൊണ്ടിരുന്ന കണ്ണേട്ടന്‍ പറമ്പിനരികിലേയ്ക്ക് വന്നു. പ്രഭാകര കുറുപ്പ് പറഞ്ഞിട്ടാണ് ഞാന്‍ വന്നതെന്നു പറഞ്ഞപ്പോള്‍ വരമ്പില്‍ നിന്ന കര്‍ത്താ വേഷധാരിയോട് ഹിന്ദിയില്‍ എന്തോ പറഞ്ഞപ്പോള്‍ അദ്ദേഹം കലപ്പ കണ്ണേട്ടന്റെ കയ്യില്‍ നിന്നും വാങ്ങുകയും അടുത്തുള്ള തോട്ടില്‍ നിന്നും വെള്ളമെടുത്ത് ശരീരശുദ്ധി വരുത്തി എന്റെ അടുത്തേക്ക് വന്നു. ആ സമയമത്രയും കുര്‍ത്താ വേഷധാരി കല്പ്പയും പിടിച്ചുകൊണ്ട് അവിടെതന്നെ നില്‍ക്കുകയായിരുന്നു. എന്റെ കത്ത് വാങ്ങിയിട്ട് അവരെ സംസാരിച്ച്‌യാത്രയാക്കി. എന്നോട് വിവരങ്ങളും ആരാഞ്ഞു. എന്റെ പ്രശ്‌നം പരിഹരിക്കാമെന്ന്ഉറപ്പ് തന്നു. അങ്ങനെയാണ് ഞാന്‍ ഗവര്‍ണരുടെ പ്രത്യേക പുനരന്വേഷണം വഴി ജോലിയില്‍ പ്രവേശിച്ചത്. അന്ന് ഞാന്‍ കണ്ണേട്ടനെ കാണാന്‍ ചെന്നപ്പോള്‍ കണ്ണേട്ടന്‍ കലപ്പ കൈമാറിയത് ഒരു കേന്ദ്രസഹമന്ത്രിയായിരുന്ന ആളുടെ കൈകളിലേയ്ക്കായിരുന്നു എന്ന് ഞാന്‍ പിന്നീടാണ് അറിയുന്നത്. ആ സംഭവം ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നതാണ്. 

കേന്ദ്രസര്‍ക്കാരില്‍ അത്രമാത്രം സ്വാധീനവും ദേശീയ നേതാക്കളില്‍ അടുപ്പവും മലബാറിലെ പട്ടിക വിഭാഗങ്ങളുടെ ഇടയില്‍ നിര്‍ണ്ണായക സ്വാധീനവും ഉണ്ടായിരുന്ന കണ്ണേട്ടനെ കോണ്‍ഗ്രസ്സ് നേതൃത്വം തമസ്‌ക്കരിച്ചത് അദ്ദേഹം ഒരു പട്ടികജാതിക്കാരനായതുകൊണ്ട് മാത്രമാണ്. കണ്ണേട്ടനോടൊപ്പമുള്ള എന്റെ പ്രവര്‍ത്തനമാണ് എന്നിലെ പട്ടികജാതി സ്വത്വബോധം രൂപപ്പെടുത്തിയത് എന്ന് നിസംശയം പറയാം. മലബാറിലെ എക്കാലത്തേയും അധഃസ്ഥിത നേതൃത്വങ്ങളായ സര്‍വ്വശ്രീ. എം. രാമുണ്ണി (എക്‌സ്. എം.എല്‍.എ.), കെ.എം. രാമന്‍, കെ. ഗോപാലന്‍ മാസ്റ്റര്‍, ഇ.റ്റി. ബലറാം എന്നിവരുമായി ഒരു നല്ല ബന്ധം സ്രഷ്ടിക്കുവാന്‍ കഴിഞ്ഞതിലും കണ്ണേട്ടന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 

പി ഭരതന്‍


പാമ്പാടി എന്‍. ജോണ്‍ ജോസഫ് - പെരുമ്പാവൂര്‍ രാധാകൃഷ്ണന്‍ജനനം : 1887. വിദ്യാഭ്യാസം : ഏഴാം ക്ലാസ്സ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം അക്കാലത്തെ ഉന്നത വിദ്യാഭ്യാസ യോഗ്യയതയായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ അദ്ധ്യാപക ജോലി കിട്ടുന്നതിന് എളുപ്പമായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ മിഷന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടി. 58 ചക്രം (രണ്ട് സര്‍ക്കാര്‍ രൂപ) വേതനമായി കിട്ടിയിരുന്നത് ഒന്നിനും തികയാത്ത അവസ്ഥയില്‍ പെരുമ്പെട്ടി വനമേഖലയില്‍ തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലി ഏറ്റെടുത്തു. നല്ല തുക ശമ്പളമായി ലഭിക്കുമെന്നുള്ള അറിവ് 1914-ല്‍ പട്ടാളത്തില്‍ ചേരുന്നതിന് കാരണമായിത്തീര്‍ന്നു. പട്ടാളത്തിലെ ജോലിക്കിടയില്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവിടത്തെ ജനങ്ങളുടെ ജീവിതരീതി പഠിച്ച് മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധ സമയത്തെ നേര്‍ കാഴ്ചകള്‍ വല്ലാത്ത അനുഭവമായി മാറി. പട്ടാള ജോലി അവസാനിപ്പിച്ച് നാട്ടില്‍ എത്തിയത് ഒരു പുതിയ മനുഷ്യനായിട്ടാണ്. മിഷനറി പ്രവര്‍ത്തനത്തിലൂടെ മറ്റൊരു പ്രവര്‍ത്തനമേഖല തുറന്നു. മിഷനറി പ്രവര്‍ത്തന കാലത്ത് സുഖസമൃദ്ധമായി കഴിയാനുള്ള എല്ലാ ചുറ്റുപാടുകളും സായ്പ്പുമാര്‍ ഒരിക്കികൊടുത്തു. ജര്‍മ്മിനിക്കാരായ മിഷനറിമാര്‍ക്ക് ഇന്ത്യവിട്ടുപോകേണ്ടി വന്നപ്പോഴും തുടര്‍ന്നും സാമ്പത്തിക സഹായം അദ്ദേഹത്തിന് അവര്‍ നല്‍കികൊണ്ടിരുന്നു. 1930 വരെ ആ നിലയ്ക്കുള്ള സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് എല്ലായിടത്തും ചുറ്റി സഞ്ചരിക്കുന്നതിനുംആളുകളെ പരിചയപ്പെടുന്നതിനുമുള്ള അവസരം ഭംഗിയായി വിനിയോഗിച്ചു. അങ്ങനെ ഒരവസരത്തില്‍ വെണ്ണികുളം നാരകത്താനത്ത് അഞ്ചാനിയില്‍ ഐസക്ക് ആശാന്റെ മകള്‍ സാറയെ പരിചയപ്പെടുകയും വീട്ടുകാരുടെ എതിര്‍പ്പോടെ അവരെ വിവാഹം കഴിക്കുകയും ചെയ്തു. കുഞ്ഞിപ്പായി എന്ന മകളുടെ ജനനത്തോടെ 1916-ല്‍ ജോണ്‍ ജോസഫ് സ്വന്തം വീടും നാടും ഉപേക്ഷിച്ച് എങ്ങോട്ടേയ്‌ക്കോ പോയി. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു പുതിയ മനുഷ്യനായി ജോണ്‍ ജോസഫ് മടങ്ങിയെത്തി. തന്റെ അഞ്ച് വര്‍ഷത്തെ ഒളിജീവിതം താരതമ്യപ്പെടുത്തേണ്ടത് തന്റെ കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ച് പോയിട്ട് അഞ്ച് വര്‍ഷത്തിനുശേഷം മടങ്ങിവന്ന ഗൗതമിനോടാണ്. മടങ്ങി വന്ന ജോണ്‍ ജോസഫ് സ്വന്തം സമൂഹത്തിന്റെ ദുഃസ്ഥിതിയെപ്പറ്റി ചിന്തിച്ച് വ്യാകുലനായി കാണപ്പെട്ടു. പരിതാപകരമായ അവസ്ഥയില്‍ നിന്നും സ്വന്തം ജനത്തെ രക്ഷിക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി അദ്ദേഹം കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. ഒടുവില്‍ ആ തീരുമാനത്തില്‍ അദ്ദേഹം എത്തിചേര്‍ന്നു-സ്വന്തം സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം. കൊല്ലത്തേക്ക് താമസംമാറ്റിക്കൊണ്ട് തന്റെ പ്രവര്‍ത്തനമേഖല യില്‍ ജോണ്‍ ജോസഫ് ഇറങ്ങിപുറപ്പെട്ടു. കീഴ്ജാതിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം എന്ന പ്രത്യേകത കൊല്ലത്തിനുണ്ട്. മാത്രമല്ല കീഴ്ജാതിക്കാരുടെ അസമത്വം അവസാനിപ്പിക്കുവാന്‍ മഹാത്മ അയ്യങ്കാളി നേതൃത്വം നല്കി നടത്തിയ സഞ്ചാര സ്വാതന്ത്യസമരം, വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശസമരം പെരിനാട് ലഹള എന്നിവയുടെ അലയൊലികള്‍ അപ്പോഴും അവസാനിച്ചിരുന്നില്ല. കൊല്ലത്തെ തന്റെ താമസം അവസാനിപ്പിച്ച് അദ്ദേഹം തിരുവനന്തപുരത്തിന് പോയി. അങ്ങനെയാണ് മഹാത്മ അയ്യങ്കാളിയുമായി നേരില്‍ ബന്ധപ്പെട്ട്. പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് കഴിഞ്ഞത്. അതോടൊപ്പം നിരവധി മറ്റ് നേതാക്കളെയും പ്രഗത്ഭരേയും കണ്ട് പരിചയപ്പെടുന്നതിനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.

അയിത്തവും അടിമത്തവും മൂലം കഷ്ടപ്പെടുന്ന തന്റെ ജനതയുടെ മോചനത്തിന് ഉപജാതി മതചിന്തകള്‍തീതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലേ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും വെേവ്വറെ സംഘടിച്ച്ദലിത് സമൂത്തിന്റെ സംഘടിതശക്തി ചോര്‍ത്തിക്കളഞ്ഞു. ജോണ്‍ ജോസഫ് തന്റെ പ്രവര്‍ത്തനത്തില്‍ തളരാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. ഈ കാലയളവില്‍ ചേരമന്‍ ദൂതന്‍ പ്രസ്സ്സ്ഥാപിച്ചു. പുസ്തക രചനയും നടത്തി. എടുത്തു പറയേണ്ട ഒരു സംഭവമാണ് 1925 ഡിസംബറില്‍ കോട്ടയം പട്ടണത്തില്‍ നടത്തിയ സഞ്ചാര സ്വാതന്ത്യ സമരജാഥ തിരുവനന്തപുരത്ത് എത്തി. അയ്യങ്കാളി നേതാവുമായി നേരില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞത് തന്റെ ജീവിതത്തിലെ വിലമതിക്കപ്പെട്ട ഒരു ഏടാണ് എന്ന് പറയാം. അയ്യങ്കാളിയുടെ ഇടപെടല്‍ കൂടുതല്‍ കീഴ്ജാതിക്കാര്‍ പ്രജാസഭയില്‍ മെമ്പര്‍മാരായി തീരുന്നതിന് ഇടയാക്കി. പാമ്പാടി എന്‍.ജോണ്‍ ജോസഫ് ശ്രീമൂലം പ്രജാസഭയില്‍ 1931 ജൂണ്‍ 8-ന് അംഗമായി ശുപാര്‍ശ ചെയ്യപ്പെട്ടു. തന്റെ സ്വന്തം ജനതയുടെ കാലുവാരല്‍നയം അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീക്ഷണിയായിത്തീര്‍ന്നു. സംഭവബഹുലമായ ആ ജീവിതം 1115 കര്‍ക്കിടം 3-ന് അവസാനിച്ചു.

പെരുമ്പാവൂര്‍ രാധാകൃഷ്ണന്‍ 

പൊയ്കയില്‍ ശ്രീ. കുമാര ഗുരുദേവന്‍ - വി വി ആനന്ദന്‍


ജനനം : പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ മന്നിക്കല്‍ പൊയ്കയില്‍ കണ്ഠന്‍-ളേച്ചി ദമ്പതികളുടെ മൂന്നാമത്തെ മകനായി കൊല്ലവര്‍ഷം 1054 കുഭമാസം 5-ാംതീയതി (1879 ഫെബ്രുവരി 17) 'കൊമണ്‍' എന്ന കുമാരന്‍ ജനിച്ചു.

ജാതിമേധാവിത്വം കല്പിച്ച് നടപ്പിലാക്കികൊണ്ടിരുന്ന അയിത്താചരണവും അടിമകച്ചവടം പോലുള്ള കിരാത നാടുവാഴി നടപടികളും നിര്‍ബാധം നടന്നു വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് കുമാരന്റെ ജനനം എന്നത് പ്രത്യേകം എടുത്തുപറയേണ്ട തില്ലല്ലോ. പുലയന്‍, പറയന്‍, കുറവന്‍ തുടങ്ങിയ അയിത്തജാതികള്‍ പോലും പരസ്പരം ബന്ധപ്പെട്ട് സഹകരിക്കുവാന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥ അനുവദിച്ചിരുന്നില്ല എന്നത് ഒരു പ്രത്യേകതയായി കാണേണ്ടതാണ്. ഈ വിലക്കുകളൊന്നും തന്നെ കുമാരന്റെ ബാല്യത്തെ തന്റെ സതീര്‍ത്ഥ്യരെ കണ്ടെത്തുന്നതിനും ബന്ധപ്പെടുന്ന തിനും സഹകരിക്കുന്നതിനും തടസ്സമായി നിന്നില്ല. അയിത്തജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആക്കാലത്ത് കുമാരന്‍ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ശിക്ഷണത്തില്‍ എഴുതാനും വായിക്കാനും പഠിച്ചു. അയിത്തജാതിക്കാര്‍ പഠിക്കാന്‍ പാടില്ല എന്ന അന്നത്തെ വ്യവസ്ഥ്ക്ക് വിധേയമായി കുമാരന് പഠനം നിര്‍ത്തി അടിമവേലയ്ക്ക് പോകേണ്ടിവന്നു. അങ്ങനെ കന്നുകാലികളെ മേയ്ക്കുന്ന പണിയിലേര്‍പ്പെട്ടു. ഇതിനിടയിലും തന്റെ കൂട്ടുകാരോട് ബൈബിള്‍ കഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ കുമാരന്‍ സമയം കണ്ടെത്തി. കീഴ്ജാതിക്കാര്‍ അതുവരെ വച്ചുപുലര്‍ത്തിപോന്ന ആദ്ധ്യാത്മീകസംബന്ധമായ അറിവുകള്‍ കുമാരന്‍. തിരുത്തി. കുട്ടിക്കാലം മുതല്‍ക്കുതന്നെ അടിമജാതിയില്‍പ്പെട്ടവരുടെ ഇടയിലെ ഉപജാതി വ്യത്യാസത്തെ അദ്ദേഹം എതിര്‍ത്തുവന്നിരുന്നു. ഒരിക്കല്‍ അദ്ദേഹം പല ഉപജാതികളില്‍പ്പെട്ട അധഃസ്ഥിതരായിട്ടുള്ള തന്റെ അനുയായികളോട് വെള്ളംകോരികൊണ്ട് വന്ന് വലിയ ഒരു പാത്രത്തില്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടു. വലിയ പാത്രത്തില്‍ ശേഖരിച്ച വെള്ളത്തില്‍ നിന്നും ഓരോരുത്തര്‍ കൊണ്ടുവന്ന വെള്ളം അവരവരുടെ കുടങ്ങളില്‍ തിരികെ എടുക്കുവാന്‍ ആവശ്യപ്പെട്ടത് തന്റെ അനുയായികളെ വല്ലാതെ വിഷമിപ്പിച്ചു. ആ സംഭവം ഉപജാതി ചിന്തകള്‍ക്കതീതമായി ജീവിക്കുവാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചതായി കാണാന്‍ കഴിയുന്നു. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന സവര്‍ണ്ണ ക്രിസ്ത്യാനികള്‍ കുമാരനെ മാര്‍ത്തോമസഭയില്‍ ചേര്‍ക്കുകയും യോഹന്നാന്‍ എന്ന പേരു നല്‍കുകയും ചെയ്തു. അങ്ങനെ കുമാരന്‍ പൊയ്കയില്‍ യോഹന്നാനായി സുവിശേഷ വേലക്കാരനായി ത്തീര്‍ന്നു. പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുടെ സഹപ്രവര്‍ത്തകര്‍ നോയല്‍ സായിപ്പ്, എ.വി. സൈമണ്‍, മുത്തൂറ്റ് കൊച്ചുകുഞ്ഞ് ഉപദേശി, കാവുങ്ങോട്ട് പറമ്പില്‍ മത്തായി ഉപദേശി, ചാത്തന്‍ പുത്തൂര്‍ യോഹന്നാന്‍ ആശാന്‍, വെള്ളിക്കര മത്തായി ആശാന്‍ (പില്‍ക്കാലത്ത് വെള്ളിക്കര ചോതി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രഗത്ഭരാണ്. പ്രത്യേകമായി പുലപ്പള്ളിയും പറപ്പളളിയും കുറപ്പള്ളിയും തീര്‍ക്കുന്ന നയപരമായ വ്യവസ്ഥിതിയെ മാര്‍ത്തോമ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് യോഹന്നാന്‍ ഉപദേശി ശക്തിയുക്തം എതിര്‍ത്തു. അധഃസ്ഥിത ജനതയെ വിമോചിതരാക്കുവാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും പ്രചരണങ്ങളും പൊയ്കയില്‍ യോഹന്നാന്‍ അനുദിനം നടത്തിവന്നത്. മാര്‍ത്തോമാ സഭാ നേതൃത്വത്തേയും അണികളേയും ഒരുപോലെ ഉത്കണ്ഠാകുലരാക്കി. ഒടുവില്‍ പൊയ്കയില്‍ യോഹന്നാന് മാര്‍ത്തോമാസഭയ്ക്ക് പുറത്തുപോകേണ്ടതായി വന്നു. അപ്പോഴും മാര്‍ത്തോമാസഭയിലുള്‍പ്പെടെ എല്ലാ സഭകളിലും ജാതീയമായ വിവേചനം അയിത്ത ജാതിക്കാരെ വേട്ടയാടികൊണ്ടേയിരുന്നു. അതിനുശേഷം ചേര്‍ന്ന വേര്‍പാട് സഭ, ബ്രദര്‍ മിഷന്‍ എന്നിവയിലും അദ്ദേഹത്തിന് തുടരാനായില്ല. ജാത്യാധിഷ്ഠിതമായ വിവേചനം അദ്ദേഹത്തെ ക്രൈസ്ത സഭയില്‍ നിന്നും അകറ്റി. അങ്ങനെ ഒരു വലിയ ജനസമൂഹവുമായി 1908-ല്‍ ക്രിസ്തീയ സഭവിട്ടു.

ഒടുവില്‍ 'പൊയ്കകൂട്ടരെന്നും' 'അപ്പച്ചന്‍സഭക്കാരെന്നും' അറിയപ്പെട്ട കൂട്ടര്‍ 'പ്രത്യക്ഷരക്ഷ ദൈവസഭ' (PRDS) എന്ന പേരില്‍ അറിയപ്പെട്ടു. വാകത്താനം ലഹള, മുണ്ടക്കയം ലഹള തുടങ്ങിയ സംഭവ പരമ്പരകള്‍ അരങ്ങേറിയതുമായി ബന്ധപ്പെട്ട ഒരു കേസ് കോടതിയില്‍ വിചാരണ നടക്കുന്ന വേളയില്‍ മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനുത്തരമായി ഞങ്ങളുടെ സഭയുടെ പേര് 'പ്രത്യക്ഷരക്ഷ ദൈവസഭ' (PRDS) എന്ന് പൊയ്കയില്‍ ശ്രീകുമാരഗുരുദേവനായി മാറിയ യോഹന്നാന്‍ ഉപദേശിയ്ക്ക് പറയേണ്ടി വന്നു. ഈ കാലയളവില്‍തന്നെയാണ് എസ്.എന്‍.ഡി.പി. (1903), സാധുജനപരിപാലനസംഘം (അയ്യങ്കാളി 1907) എന്നിവ രൂപപ്പെട്ട് പ്രവര്‍ത്തനം നടത്തിവന്നത്. മഹാത്മ അയ്യങ്കാളി, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങിയവരോടൊപ്പം ശ്രീമൂലം പ്രജാസഭയില്‍ അംഗമായി പ്രവര്‍ത്തിക്കുവാന്‍ പൊയ്കയില്‍ കുമാര ഗുരുദേവന് അവസരമുണ്ടായി. അയിത്തജനവിഭാഗത്തിന്റെ മുഴുവന്‍ ശബ്ദമായി അദ്ദേഹം മാറി. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം ഒരേസമയം നടത്തി. മഹാത്മാഗാന്ധി, മഹാത്മഅയ്യങ്കാളി, ഡോ. അംബേദ്ക്കര്‍, രവിന്ദ്രനാഥടാഗോറിന്റെ പ്രൈവറ്റ് സെക്രട്ടറി സി.എഫ്. ആന്‍ഡ്രൂസ്, വൈസ്രോയിമാരായിരുന്ന വില്ലിംഗ്ടണ്‍, ഇര്‍വിന്‍ പ്രഭു തുടങ്ങിയ പ്രഗത്ഭമതികളുമായി ഇടപെടുന്നതിനും കത്ത് ഇടപാടുപകള്‍ നടത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മുണ്ടക്കയത്ത് കാട്‌തെളിച്ച് കൃഷി ഇറക്കിയ 500 ഏക്കര്‍ സ്ഥലത്തുനിന്നും സവര്‍ണ്ണ ക്രിസ്ത്യാനികള്‍ അധഃസ്ഥിത ജനതയെ അക്രമിച്ച് തുരത്തിയോടിച്ച് മണ്ണ് സ്വന്തമാക്കി. അവിടെ നിന്നും ആട്ടിയകറ്റപ്പെട്ടവര്‍ പൊയ്കയില്‍ കുമാരഗുരുദേവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂട്ടമായി താമസിക്കുവാന്‍ തുടങ്ങി. ഇന്നത്തെ പല കോളനികളും അങ്ങനെ രൂപപ്പെട്ടവയാ ണെന്ന് പറയപ്പെടുന്നു. കീഴ്ജാതിക്കാരുടെ വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ ഉന്നതി ലക്ഷ്യമാക്കി പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിച്ചു. അതോടൊപ്പംതന്നെ തൊഴില്‍ ശാലകളും, ആരാധനാലയങ്ങളും സ്ഥാപിച്ചു. മാരാമണ്ണില്‍ നിന്നും ആയിരക്കണക്കിന് അനുയായികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇരവിപേരൂരിലേയ്ക്ക് അദ്ദേഹം നയിച്ച സാംസ്‌ക്കാരിക യാത്ര സവര്‍ണ്ണ ക്രൈസ്തവരെ അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഉപജാതിചിന്ത അവസാനിപ്പിക്കുവാനും അയിത്താചരണത്തിന് അറുതി വരുത്തുവാനും ഒരു പരിധിവരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുയെന്നത് ദലിത കേരളത്തിന് വിപ്ലവവീര്യമേകുന്ന വയാണ്. തന്റെ ജനസമൂഹത്തെ അടിമത്വത്തില്‍ നിന്നും ഉപജാതിചിന്തകളില്‍നിന്നും മോചിപ്പിക്കുവാന്‍ പൊയ്കയില്‍ കുമാരഗുരുദേവന്‍ നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ സഗൗരവം വിലയിരുത്തി പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയട്ടെ. അടിമ സന്തതികളുടെ ആത്മമിത്രം 1114 മിഥുനം 15-ന് (1939 ജൂലൈ 2) അസ്തമിച്ചു.

വി വി ആനന്ദന്‍