"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

അയ്യന്‍ കാളിയുടെ പേരില്‍ വ്യാജ കത്ത് - ഡോ. എം എസ് ജയപ്രകാശ്


ചരിത്രസ്മരണത്തിന് വ്യാജരേഖ ചമക്കുന്നവരെയും 
ചരിത്രത്തെ പുറകോട്ടടിക്കുന്നവരേയും പറ്റി.


2010 ഡിസംബര്‍ 20-ന് മാധ്യമം പത്രത്തില്‍ വന്ന സ്വദേശാഭിമാനി രാമക്യഷ്ണപിള്ള യെ സംബന്ധിച്ച ലേഖനത്തില്‍, സാധുജനപരിപാലന സംഘം സെക്രട്ടറി അയ്യന്‍കാളി എഴുതിയതായി പറയുന്ന ഒരു കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ കത്ത് ഇങ്ങനെ 

ഈ തിരുവിതാംകുറില്‍ പൊതുജനപ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാന പത്രപ്രവര്‍ത്തകരുണ്ട്. എന്നിരുന്നാലും പൊതുജനപ്രതിനിധി എന്ന നിലയില്‍ ഉള്ളവണ്ണം ഏതുകാര്യങ്ങളും സധൈര്യം പ്രസാതവിച്ചിട്ടുള്ളതായി അവിടത്തെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തിലെ സ്വദേശികളും അഗതികളും ആയിട്ടുള്ള ഞങ്ങള്‍ക്കുവേണ്ടി അനുകുലമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് അവിടെ ഒഴികെ മറ്റാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്.ഉള്ളത് പറഞ്ഞാ കഞ്ഞിയ്ക്ക് പറ്റില്ല എന്ന് പറഞ്ഞകുട്ടത്തില്‍ നിഷ്പക്ഷവാദിയും നീതിജ്ഞനുമായ യജമാനന്‍ അവര്‍കളെ ഈ രാജ്യത്തുനിന്നും അകറ്റുന്നതിനു മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുലയ ജാതിക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള സങ്കടത്തെ സര്‍വ്വശക്തനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കുമെന്ന് ആശംസിക്കുന്നു.

സ്ഥലം-വെങ്ങാനുര്‍, തീയതി 16/07/1901

ചരിത്രപരമായ കാരണങ്ങളാല്‍ അക്ഷരം പഠിക്കാനുള്ള അവസരം നിഷേധി ക്കപ്പെട്ട ആളായിരുന്നു അയ്യന്‍കാളിയും അദ്ദേഹത്തിന്റെ സമുദായവും. നിരക്ഷരനായ അയ്യന്‍കാളി കത്തെഴുതിയെന്നാണ് ലേഖന കര്‍ത്താവായ രാധാക്യഷ്ണന്‍ അവകാശപ്പെട്ടിരിക്കുന്നത്. സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സേവനങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന രീതിയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.1901 ജുലൈ 16 എന്ന തീയ്യതിയാണ് കത്തില്‍ കാണുന്നത്. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതില്‍ പുലയര്‍ക്കുള്ള സങ്കടവും കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് 1910 സെപ്തംബര്‍ 26 നാണ്. ഈ സംഭവത്തില്‍ സങ്കടം രേഖപ്പെടുത്തിയിരിക്കുന്നത് 9 വര്‍ഷം മുമ്പ് 1901 ല്‍ എഴുതിയ കത്തിലാ ണെന്ന കാര്യം ശ്രദ്ധിക്കുക. ജാമ്യം മുന്‍കുര്‍ സമ്പാദിക്കുന്നതുപോലെ സങ്കടവും മുന്‍കുര്‍ രേഖപ്പെടുത്താനാവുമോ എന്ന് ഈ ഉള്ളവന് അറിയില്ല.

അക്ഷരം പഠിക്കാത്ത അയ്യന്‍കാളി ഇങ്ങെനയൊരു കത്ത് എഴുതി എന്നുതന്നെ കരുതിയാലും ഇതിലെ ഭാഷയും, അടിമ മനോഭാവവും വിളിച്ചുപറയുന്ന പദപ്രയോഗ ങ്ങളും അയ്യന്‍കാളിയുടേതാവാന്‍ വഴിയില്ല. യജമാനവര്‍ഗ്ഗത്തെ മെയ്കരുത്തുകൊണ്ട് നേരിട്ടയോദ്ധാവിന്റെ സ്വരം ഈ വിധം അടിയങ്ങളുടെ ഭാഷയാവില്ല.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോടുള്ള അയ്യന്‍കാളിയുടെ നന്ദി പ്രകടനം രേഖപ്പെടുത്തിയ ഒരു കത്ത് എന്തിന് ആ ലേഖകന്‍ ഹാജരാക്കിയെന്ന് പരിശോ ധിക്കാം പട്ടികജാതിക്കാരേയും മറ്റു വിഭാഗങ്ങളേയും ഒന്നിച്ചിരുത്തരുതെന്നും, ബുദ്ധികൃഷിക്കാരേയും നിലം കൃഷിക്കാരേയും ഒരുമിച്ചിരുത്തി പഠിപ്പിക്കരുതെന്നും അദ്ദേഹം ആക്ഷേപം ചൊരിഞ്ഞിരുന്നു. വക്കം മൗലവിയുടെ പത്രമായിരുന്ന സ്വദേശാഭിമാനിയില്‍ 1910 മാര്‍ച്ച് രണ്ടിന് രാമകൃഷ്ണപിള്ള എഴുതിയ മുഖപ്രസംഗ ത്തിലാണ്. ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായത്,ഈ പരാമര്‍ശത്തിന്റെ പേരില്‍ രാമകൃഷ്ണപിള്ളയെ വിമര്‍ശിക്കരുതെന്നും, ഇടപ്രദപ്രയോഗങ്ങള്‍ ആലങ്കാരിക ഭാഷാപ്രേയാഗമായി കാണണമെന്നുമാണ് മാധ്യമത്തിലെ ലേഖനകര്‍ത്താവായ എം.ജി. രാധാകൃഷ്ണന്റെ വാദം. ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ ജാതിനിയമം അനുവദിക്കാ ത്തതുകൊണ്ടായിരുന്നല്ലോ ഏകലവ്യനെ ദ്രോണാചാര്യര്‍ മാറ്റി നിര്‍ത്തിയതും, സ്വയം പരിശീലനം നേടിയ ഏകലവ്യന്‍ അസ്ത്രവിദ്യയില്‍ അഗ്രഗണ്യനായതും. ഇതൊക്കെ അലങ്കാരമായി കാണണമെന്ന വാദം അപലപനീയമാണ്. ശ്രീശങ്കരാ സര്‍വ്വകലാശാല മുന്‍. വി. സി. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ദലിത് ബന്ധു എന്‍.കെ.ജോസ്. തുടങ്ങിയവര്‍ ഉള്‍പ്പെടെ മറ്റു പലരും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ ശതാബ്ദിവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ജാതീയ സമീപനത്തെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുവര്‍ണ്ണ ഹൈന്ദവ പക്ഷപാതി യല്ലെന്നും അധ:സ്ഥിത വിഭാഗങ്ങളുടെ വക്താവായിരുന്നെന്നും സ്ഥാപിക്കാനാണ് എം.ജി. രാധാകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ മേല്‍പറഞ്ഞ കത്ത് ഹാജരാക്കിയി രിക്കുന്നത്. 

തൊട്ടുകുടായ്മയും തീണ്ടിക്കുടായ്മയും അരങ്ങുതകര്‍ക്കുകയും അതിനെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നല്ലോ രാമകൃഷ്ണ പിള്ളയുടെ കാലഘട്ടം. ഫ്യൂഡല്‍-ജാതി ജന്മി-നാടുവാഴി മനോഭാവം ശക്തമായ എതിര്‍പ്പിനും മാനവികതയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടികള്‍ക്കും വിധേയമാ യിക്കൊണ്ടിരുന്നു.ആ ഘട്ടത്തിലാണ് രാമകൃഷ്ണപിള്ള കുതിരയുടേയും പോത്തിന്റെയും ഉപമാപ്രയോഗം നടത്തിയത്. പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന ധ്വനിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.ആ കാലഘട്ടത്തിലെ യാഥാസ്ഥിതികഭാവം രാമകൃഷ്ണ പിള്ളയിലും തെളിഞ്ഞു എന്നതാണ് വാസ്തവം. തലമുറ തലമുറയായി ഇത് നടന്നുവരുന്നു എന്ന് കാണാം. മഹാഭാരതത്തിലെ ദ്രോണാചാര്യര്‍ 9-ാം നൂറ്റാണ്ടിലെ ആദിശങ്കരന്‍ 19-ാം നൂറ്റാണ്ടിലെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 20-ാം നുറ്റാണ്ടിലെ രാമകൃഷ്ണപിള്ള, 20-ാം നൂറ്റാണ്ടിലെ തന്നെ 1970-കളിലെ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ സംഭവം, 21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കോളേജ് ഹോസ്റ്റലിലെ പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥിനികളെ മാത്രം ഒരു മുറിയിലാക്കിയ സംഭവം, പട്ടികജാതിക്കരായ വിദ്യാര്‍ത്ഥികളെകൊണ്ട് മൂത്രപ്പുര കഴുകിപ്പിക്കുന്ന സംഭവം, ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നു എന്ന് പരാതികള്‍ തുടങ്ങിയവയെല്ലാം ജാതിരാക്ഷസിയുടെ കളിത്തോഴന്മാരെ തുറന്നുകാട്ടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ്.

താണജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണമെന്നു വാദിക്കുന്ന ആദിശങ്കരന്‍ പറഞ്ഞത് ഇങ്ങനെ :

ശുദ്രം അക്ഷര സംയുക്തം ദുരതപരിവര്‍ജയേല്‍.

ശുദ്രര്‍ക്കും മറ്റും വിദ്യ നിഷേധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിനേക്കാള്‍ ഏറെ പോത്തിനോട് അടുത്തു നില്‍ക്കുന്ന പ്രഖ്യാപനമാണ് കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നടത്തിയിരിക്കുന്നത് :

നാനാജാതികളെപ്പിടിച്ചൊ രുനിലയ്ക്കാക്കാന്‍ ശ്രമീച്ചീടിലും
ജ്ഞാനാംശം ജളനും വിദഗ്ദ്ധനുമൊരേമട്ടാക്കുവാന്‍ പറ്റുമോ ?
ഹീനാഹീനത പോയ് ദരിദ്രധനികന്മാരൊപ്പമായ് നില്ക്കുമോ ?

ജ്ഞാനാംശം ജളനും (പോത്തിനും) വിദഗ്ദ്ധനും (കുതിരക്കും) ഒരേപോലെയാക്കാന്‍ ശ്രമിക്കരുതെന്നും ഉച്ചനിചത്വം മാറില്ലെന്നുമാണ് തമ്പുരാന്‍ പറഞ്ഞിരിക്കുന്നത്. ഈ സമീപനത്തിനെതിരെയാണ്: മാറ്റുവിന്‍ ചട്ടങ്ങളെ; എന്ന വിപ്ലവകരമായ പ്രഖ്യാപനം കുമാരനാശാന്‍ നടത്തിയത്. ആശാന്‍ ബുര്‍ഷ്വ കവിയും രാമകൃഷ്ണപിള്ള പുരോഗമന വാദിയുമാകുന്നതും നാം കാണുന്നുണ്ടല്ലോ.

1970 കളില്‍ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹൈസ്‌കുളില്‍ നടന്ന ഒരു സംഭവം ഇവിടെ സ്മര്‍ത്തവ്യമാണ്. ഒരു ക്ലാസിലെ പല ഡിവിഷനുകളിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥിനികളെ മാത്രം ഒരുമിച്ചാക്കി പോത്തുകളുടെ ഒരു ഡിവിഷന്‍ ഉണ്ടാക്കാന്‍ അന്നത്തെ ചില ബുദ്ധി കൃഷിക്കാര്‍ ശ്രമം നടത്തി. ഉല്പതിഷ്ണുവായ സി. അച്യുത മേനോനായിരുന്നു. അന്നത്തെ മുഖ്യമന്ത്രി. ഇത് സംബന്ധിച്ച പരാതിയിന്മേല്‍ അദ്ദേഹം ശക്തമായ ഉത്തരവിട്ടതോടെ ബുദ്ധികൃഷിക്കാരുടെ പരിപാടി നിലം പൊത്തുകയാണുണ്ടായത്. ഇതിന്റെ മറ്റൊരു രുപമാണ് അടുത്തകാലത്ത് കൊച്ചിയിലെ ഒരു കോളേജിന്റെ വിമന്‍സ് ഹോസ്റ്റലിലെ പട്ടികജാതി വിദ്യാര്‍ത്ഥിനികളെ മാത്രം ഒരു മുറിയിലാക്കിയ സംഭവം.നിന്നെപ്പൊലെ നിന്റെ അയല്‍ക്കാരെ സ്‌നേഹിക്കുന്ന യേശുദാസന്‍മാരുടെയും ദാസിമാരുടേയും പരിപാടിയായിരുന്നു അത്.പോത്തിനേയും കുതിരയേയും ഒന്നിച്ചു കെട്ടാന്‍ ഇന്നും പലരുടേയും മനസ്സ് അനുവദിക്കുന്നില്ല. സി.പി.എമ്മില്‍ നിന്നും പുറത്തുപോയ പാലക്കാട് മുന്‍ എം.പി. എസ്. ശിവരാമന്‍ പാര്‍ട്ടിയിലെ തമ്പുരാന്‍ മന:സ്ഥിതിയെപ്പറ്റി പറഞ്ഞത് നാം കേട്ടതാണല്ലോ. കേരം തിങ്ങും കേരള നാട്ടിലെ കെ.ആര്‍. ഗൗരിയമ്മയും ഇക്കാര്യം തുറന്നടിച്ചത് നാം കേട്ടുകൊണ്ടുമിരിക്കുന്നു. പിന്നോക്ക പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഉദ്യോഗങ്ങള്‍ അവര്‍ക്ക് നല്‍കാതെ ദശാബ്ദങ്ങളായി സര്‍വ്വകലാശാല ഉദ്യോഗങ്ങള്‍ കുതന്ത്രങ്ങളിലുടെ കൈയടക്കിയി രിക്കുന്ന ബുദ്ധികൃഷിക്കാരേയും കുതിരകളേയും ഇക്കുട്ടരില്‍ കാണാം. സര്‍വ്വരും സോദരത്വേന വാഴുന്ന മാത്യകാസ്ഥാനത്തെപ്പറ്റി ഈ വിദ്വാന്മാരും വിദുഷികളും പ്രസംഗിക്കുന്നത് ചന്തത്തിനായി വേദിയില്‍ പറയുന്ന ഭംഗിവാക്കുകള്‍ മാത്രമാണ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയ്ക്ക് ഇവര്‍ അഭിനവ ഭാഷ്യം നല്‍കിയിരിക്കുന്നു :

ജാതി ചോദിക്കുന്നില്ല ഞാന്‍ സഖാവേ
ചോദിക്കുന്നു കൈവിരല്‍ തരികതെനിക്കു നീ....

അയ്യന്‍കാളിയുടെ പേരില്‍ മറ്റൊരു സംഭവം കുടി ഉണ്ടായിരിക്കുന്നു. മഹാനായ അയ്യന്‍കാളിയുടെ നിയമസഭാ പ്രവേശനത്തിന്റെ ശതാബ്ദിആഘോഷങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ അച്യുതനാന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച അയ്യന്‍കാളി തൊഴിലുറപ്പുപദ്ധതി ഫലത്തില്‍ അദ്ദേഹത്തോടുള്ള അവഹേളനമായിത്തീര്‍ന്നി രിക്കുന്നു. തൊഴിലുറപ്പാണോ തൊഴിയുറപ്പാണോ എന്ന് വര്‍ണ്യത്തില്‍ ആശങ്കയുള്ള തുകൊണ്ട് സംഭവം ഉല്‍പ്രേക്ഷതന്നെ. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യലാണ് ഈ തൊഴിലുറപ്പുപദ്ധതി ഭവനപദ്ധതിയ്ക്ക് ഇ.എം.എസിന്റെ പേരുപറയുമ്പോള്‍ ഭവനങ്ങളില്‍ നിന്ന് പുറത്തുകളയുന്ന മാലിന്യം നീക്കം ചെയ്യുന്ന പദ്ധതിക്ക് അയ്യങ്കാളിയുടെ പേരിട്ടത്. കടുത്ത വിവേചനവും അവഹേളനവുമാണ്.

മറ്റുള്ളവരുടെ വിസര്‍ജ്യവും മാലിന്യങ്ങളും നീക്കം ചെയ്യലാണ് പഞ്ചമരുടെ ജോലി എന്ന മനുസ്മൃതിയിലെ പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ അയ്യകാളി തൊഴിലുറപ്പു പദ്ധതി.

അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നു പറയുന്ന സര്‍ക്കാര്‍, മുമ്പ് പട്ടിയെ പിടിക്കാന്‍ അഭ്യസ്തവിദ്യര്‍ തയ്യാറാവണമെന്നു പറഞ്ഞതിനെ യാണ് ഓര്‍മ്മിപ്പിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനമായാലും വേണ്ടില്ല അയ്യന്‍കാളിയുടെ പേരില്‍ പദ്ധതി വന്നല്ലോ എന്നാശ്വസിക്കുന്നവരും അയ്യങ്കാളിയുടെ അനുയായികളാ യിട്ടുണ്ട്. മഹാത്മാവേ ഇവരോട് പൊറുക്കേണമേ!!!!!

സംവരണ സീറ്റില്‍ നിന്നും ജനപ്രതിനിധികളാവുന്ന 14 പട്ടിക ജാതി -വര്‍ഗ്ഗ എം.എല്‍.എ. മാരേയും എം.പിമാരേയും നോക്കുകുത്തികളാക്കികൊണ്ട് നടത്തുന്ന ഈ അവഹേളനം പൊറുക്കാനാവാത്തതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ