"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

എന്റെ സുഹൃത്ത് - ദലിത്ബന്ധു എന്‍ കെ ജോസ്


ചരിത്രം അറിയാത്ത ആരും മനുഷ്യരല്ല എന്ന് ഞാന്‍ പറയും. ചരിത്രം എന്നത് കേരളത്തിന്റെയോ ഇന്ത്യയുടേയോ ചരിത്രമല്ല.അവനവന്റെ ചരിത്രം. താന്‍ എങ്ങനെയാണ് ഈഅവസ്ഥയിലെത്തിയത്?. അവസ്ഥ എന്തുമായിക്കൊളളട്ടെ. നാമെല്ലാം ഓരോ പ്രത്യേകാവസ്ഥയിലാണ്. അത് തികച്ചും വ്യത്യസ്തമായ അവസ്ഥകളുമാണ്. ഒരേ അവസ്ഥയിലുളള രണ്ടുപേര്‍ഇന്നുവരെ ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ ഓരോരുത്തരുടേയും ചരിത്രം അവനവന്‍ സ്വയം കണ്ടെത്തണം. ആ കണ്ടെത്തലാണ് അവനെ മനുഷ്യനാക്കുന്നത്. ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നുകൃത്യമായി ബോധ്യപ്പെട്ടാല്‍ മുന്നോട്ടുളള വഴി വ്യക്തമായി കാണാന്‍ കഴിയും. ഇത് ഒരു യാത്രയാണ്. മനുഷ്യജീവിതം ഒരു നീണ്ടയാത്രയാണ്. അത് ലക്ഷ്യബോധത്തോടെ ഉളളതാകണം. അതിനാണ് ചരിത്രം ആവശ്യമായി വരുന്നത്. അപ്പോഴാണ് അവന്‍ മനുഷ്യനാകുന്നത്.എല്ലാജീവികള്‍ക്കും ജീവിതമുണ്ട്.ചരിത്രം അറിയാത്ത ജീവികള്‍ക്ക് ഇന്നലെയെപ്പറ്റിയും നാളെയെപ്പറ്റി യുംഒന്നും അറിവില്ല. അതിനാല്‍ ഇതിനെപ്പറ്റിയും അജ്ഞനാണ്.

ഒരുപറ്റംകഴുതകളെപ്പോലെ ഒരുപറ്റം മനുഷ്യരെ കണക്കാക്കാമോ? മനുഷ്യന്‍ ഒരു സമൂഹ ജീവിയാണ് എന്നത് ശരി.പക്ഷേ സ്ഥലബോധമുളള സ്വതന്ത്രമനുഷ്യരുടെ ഒരു സമൂഹമായിരിക്കണം അത്. യു.എന്‍.ഒയിലെ അംഗരാഷ്ട്രങ്ങളെപ്പോലെ സ്വാതന്ത്ര്യമുളള മനുഷ്യരുടെ സമൂഹമാണ് സ്വതന്ത്രമനുഷ്യരുടെ സമൂഹം. ജനാധിപത്യ ജീവിതരീതി അംഗീകരിച്ച സമൂഹത്തിന് മറ്റൊന്നും ചിന്തിക്കുക സാധ്യമല്ല. ജനാധിപത്യ സമൂഹത്തിലെ ഒരു നേതാവിന്റെ ലക്ഷ്യം ആസമൂഹത്തിലെ എല്ലാവരും സ്വതന്ത്രചിന്താ ശൈലിയുടെ ഉടമസ്ഥരാകണം എന്നതായിരിക്കണം. അല്ലെങ്കില്‍ ആ നേതാവിനെക്കൊണ്ട് ആ സമൂഹത്തിന്റെ വളര്‍ച്ച അവ സാനിച്ചു. താന്‍ എങ്ങനെ നേതാവായോ അതുപോലെ ആ സമൂഹത്തിലെ ഓരോ പുതിയ വ്യക്തിയും പുതിയ പുതിയ കാഴ്ചപ്പാടോടെ നേതാവാകാന്‍ പ്രാപ്തിയുളളവരാകണം. തനിക്കു നേതാവാകാന്‍ വേണ്ടി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയല്ലാ വേണ്ടത്. പക്ഷേ ഇപ്പോള്‍ ചെയ്യുന്നത് പലപ്പോഴും അതാണ്. 

ഈ ചരിത്രസത്യം വ്യക്തമായി മനസ്സിലാക്കിയ അതുല്യ പ്രതാപശാലിയായിരുന്നു പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി.അതിനാല്‍ അദ്ദേഹം തന്റെയും തന്റെ ജനത്തിന്റെയും ചരിത്രത്തിനുവേണ്ടി വിലപിച്ചു. 

കേരളത്തിലുളള ചരിത്രങ്ങള്‍ ഒരോന്നും പരിശോധന ചെയ്യാനൊരുങ്ങി. 
എന്റെ വംശത്തെ കാണുന്നില്ല 

കാണുന്നില്ലൊരക്ഷരവുമൊറ്റ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിന്‍ ചരിത്രങ്ങള്‍
പൂര്‍വ്വവംശത്തിന്‍കഥയെഴുതി വച്ചിടാന്‍
പണ്ടീയൂര്‍വിയിലൊരുവനുമില്ലാതെപോയല്ലോ! 

യോഹന്നാന്‍ ഉപദേശി ഇഷ്ടപ്പെടുന്ന ലിസ്റ്റില്‍ പെടുത്താവുന്ന മറ്റൊരു മഹാനാണ് അന്തരിച്ച കല്ലറ സുകുമാരന്‍. മി. സുകുമാരനുമൊരുമിച്ച് ഏതാനും വര്‍ഷം പ്രവര്‍ത്തിക്കുവാന്‍ലഭിച്ച അവസരത്തിന്റെ ഫലമാണ് ദലിത് ബന്ധു എന്ന് അഭിമാനപൂര്‍വ്വം പറയുന്നതിന് എനിക്ക് ഒരു മടിയുമില്ല. ഞാന്‍ മി. സുകുമാരനെ നേരിട്ടുകാണുന്നതിന് മുന്‍പ് കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ഒരിക്കല്‍ കോഴിക്കോട്ടുവച്ച് നടന്ന ഒരു ദലിത് ക്യാമ്പില്‍ രണ്ടാമത്തെദിവസം ഭക്ഷണം കഴിക്കാന്‍ ഭക്ഷണ ശാലയില്‍പോയിരുന്നപ്പോള്‍നേരെ മുമ്പില്‍വന്നുനിന്ന് ഒരാള്‍ ചോദിച്ചു. എന്നെ അറിയുമോ? ഞാന്‍ തീര്‍ത്തുപറഞ്ഞു ഇല്ല ഞാനാണ് കല്ലറ സുകുമാരന്‍ പിന്നെ മൂന്ന് ദിവസംകൂടി നീണ്ട ആ ക്യാമ്പില്‍ വച്ച് ഞങ്ങള്‍ മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തി. ഞങ്ങള്‍ രണ്ടുപേരും മാത്രമായി സംസാരിച്ചു. അന്നുവരെ പ്രവര്‍ത്തിച്ചതും ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നതുംപരസ്പരം കൈമാറി. പല നിര്‍ദ്ദേശങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഉന്നയിച്ചു. അവിടെ നിന്നും തിരികെപോന്നപ്പോള്‍ എനിക്കു ലഭിച്ചത് ഒരു നവോന്മേഷമല്ല, മറ്റുചിലതാണ്.

ഞാന്‍ അന്നുവരെ ഈ രംഗത്ത് ചെയ്തിരുന്നത് വീട്ടില്‍ ഇരുന്ന് പുസ്തകങ്ങള്‍ വായിക്കും പഠിക്കും അതിന്റെ വെളിച്ചത്തില്‍ അപ്പോള്‍ എന്റെ ചിന്തയില്‍ അങ്കുരിക്കുന്നത് എഴുതിവയ്ക്കും.വീണ്ടും അതേ പുസ്തകങ്ങളും അതിനോട് ബന്ധപ്പെട്ട പുസ്തകങ്ങളും വായിക്കും. അപ്പോള്‍ ചില പുതിയ കാര്യങ്ങള്‍കൂടി വ്യക്തമാകും. അതിന്റെ വെളിച്ചത്തില്‍ നേരത്തെ എഴുതിയതിന് ഭേദഗതികള്‍ വരുത്തി വീണ്ടും എഴുതും. പിന്നെ അത് പ്രസ്സിലേക്ക് കൊടുക്കും. അച്ചടിക്കും. പ്രസിദ്ധീകരണശാലക്കാര്‍ എല്ലാവരും എന്നെ തഴഞ്ഞിരുന്നു. ജനം വായിക്കാന്‍ ആഹഗ്രിക്കുന്ന കാര്യങ്ങളല്ല ഞാന്‍ എഴുതുന്നതെന്നതായിരുന്നു അവരുടെ മറുപടി. അതിനാല്‍ എന്റെ പുസ്തകങ്ങള്‍ ഞാന്‍ തന്നെ അച്ചടിപ്പിക്കും പ്രസിദ്ധീകരിപ്പിക്കും പരസ്യം കൊടുക്കാന്‍ പണമില്ല. അറി ഞ്ഞും കേട്ടും ആരെങ്കിലുമൊക്ക വാങ്ങിക്കും. ഒരിക്കല്‍ ഒരു പുസ്തകം വാങ്ങിയവരുടെ മേല്‍വിലാസം സൂക്ഷിക്കും അടുത്ത പുസ്തകം പുറത്തിറങ്ങുമ്പോള്‍ അവരെയെല്ലാം അറിയിക്കും. ഇടയ്ക്ക് ചില ദലിത് സംഘടനകള്‍ പ്രസംഗിക്കാന്‍ വിളിക്കും. പ്രസംഗം ഇഷ്ടമല്ല, ക്ലാസ്സാണ് ഇഷ്ടം. സദസ്സുമായി സംവദിക്കണം. അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കണം. അതിന്റെ വെളിച്ചത്തില്‍ എന്റെ പഠനം തിരിച്ചുവിടണം. എന്റെ ശ്രോതാക്കളായിരുന്നു എന്റെ ഗുരുക്കന്മാര്‍. അങ്ങനെ പല ക്ലാസ്സുകളും നടത്തി, അതിന്റെ എണ്ണം കൂടി. അതും പുസ്തക വില്പനക്കും സഹായകമായി. പല പുസ്തകങ്ങളും വിറ്റുതീര്‍ന്നു. പക്ഷേ എന്താണ് ഇതിന്റെ ഫലം? നേട്ടം? അതേപ്പറ്റി ആലോചിച്ചു ഒരുതരം നിരാശ ബാധിച്ചിരിക്കുമ്പോഴാണ് ആ കോഴിക്കോട് ക്യാമ്പിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടത്. അതുകൂടി കഴിഞ്ഞിട്ട് ഈ ഏര്‍പ്പാട് അവസാനിപ്പിക്കാം എന്ന ചിന്തയോടെയാണ് കോഴിക്കോട്ടേക്ക് പോയത്.

അവിടെവച്ചാണ് കല്ലറ സുകുമാരനെ കണ്ട് ദീര്‍ഘമായി സംസാരിച്ചത്. ഒരുപുതിയ മനുഷ്യനായി തിരിച്ചെത്തിയത്.ഒരു ലക്ഷ്യബോധവും പ്രവര്‍ത്തന പാന്ഥാവും കണ്ടെത്താന്‍ ആ സംഭാഷണം ഏറെ സഹായിച്ചു. പിന്നെ ഇന്നു വരെ ജീവിതത്തില്‍ ഒരുനിമിഷവും ഞാന്‍ പാഴാക്കിയിട്ടില്ല. എന്നും ജോലി തീരാത്ത മട്ടില്‍ അധികമായി അവശേഷിച്ചു.ഇനി ഒരു പത്തുജന്മം കൂടി ലഭിച്ചാലും അവസാനിക്കാത്ത വിധത്തിലുളള ജോലി ഭാരം ഞാന്‍ കാണുന്നുണ്ട്. ഇന്ന് 120 ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധീക രിച്ചു. അതില്‍ എണ്‍പതും ദലിതരെപ്പറ്റിയും അവരുടെ ചരിത്രത്തെയും പ്രശ്‌നങ്ങളെയും പറ്റിയുളളതാണ്. അപ്പോഴാണ് ഇനിയും കൂടുതല്‍ പഠിക്കാനും എഴുതാനുമുണ്ട് എന്ന് ബോധ്യപ്പെട്ടത്.

ഞാന്‍ ദലിതരെപ്പറ്റി പഠിച്ചപ്പോള്‍ എന്നെപ്പറ്റിതന്നെയാണ് പഠിക്കുന്നത് എന്ന് വ്യക്തമായി. ഞാന്‍ ആരുടേയും മുഖത്തുനിന്നോ ഭുജങ്ങളില്‍നിന്നോ ഊരുക്കളില്‍ നിന്നോ പാദങ്ങളില്‍ നിന്നോ അല്ല ജനിച്ചത്. ഈഭൂമിയില്‍ നിന്നു തന്നെയാണ് ജനിച്ചത്. ഞാന്‍ മാത്രമല്ല ഇവിടെ ജീവിക്കുന്ന എല്ലാമനുഷ്യരും ഇന്നലെ ജീവിച്ചിരുന്നവരും നാളെ ജീവിക്കാന്‍ വരുന്നവരും ജനിച്ചതും ജനിക്കുന്നതും അങ്ങനെയാണ്. അപ്പോള്‍ ഞാനും അവരും തമ്മില്‍ എന്താണ് വ്യത്യാസം? അവര്‍ ദലിതരാണെങ്കില്‍ ഞാനും ദലിതന്‍ അവര്‍ ജന്മികളാണെങ്കില്‍ ഞാനും ജന്മി. മനുഷ്യനും മനു ഷ്യനും തമ്മിലുളള വ്യത്യാസം അവര്‍ ജനിച്ചതിനു ശേഷം നടത്തിയ പ്രവര്‍ത്തികളിലൂടെയാണ്, ജനനത്തിലൂടെയല്ല.ആ ബോധ്യം എന്നെ നയിച്ചു. അതിന് ഞാന്‍ കല്ലറ സുകുമാരനോട് കടപ്പെട്ടിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നതില്‍ഞാന്‍ അഭിമാനിക്കുന്നു.

ആരാണ് ഒരു ദലിതന്‍ എന്ന് ക്രമേണ എനിക്കുമനസ്സിലായി. ഉളളില്‍ അടങ്ങാത്ത അമര്‍ഷമുളളവനാണ് ദലിതന്‍. അമര്‍ഷമുണ്ടായത് അവന് അവനെപ്പറ്റിത്തന്നെ അറിയാന്‍ കഴിഞ്ഞപ്പോഴാണ്, അവന്‍ അവന്റെ ചരിത്രം അറിഞ്ഞപ്പോഴാണ്. അത് മറ്റുളളവരുമായുളള സമ്പര്‍ക്കത്തിലൂടെ മാത്രമേ നേടാനാകയുളളൂ. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അത് മനസ്സിലാക്കിയവരാണ് ഞങ്ങളുടെ കസ്റ്റഡിയില്‍ കിട്ടിയവരെ എല്ലാ സമ്പര്‍ക്കങ്ങളില്‍നിന്നും അകറ്റിയത്. ദിവസത്തില്‍ അറുപത് നാഴികയും അവനു പണികൊടുത്തത് അതിനു വേണ്ടിയാണ്. പണി കഴിയുമ്പോള്‍ അവന് കൂലിയായി നെല്ല്തന്നെ കൊടുത്തിരുന്നു. അതും അനിഷ്ഠത്തോടുകൂടിയായിരുന്നു. അത് ഭക്ഷണ യോഗ്യമാക്കുന്നതിന് വേണ്ടിവരുന്ന സമയം ദീര്‍ഘമായതാണ്. അതിനാല്‍ കുടിലില്‍ പോയാലും അവന്‍ പ്രവര്‍ത്തന നിരതനായിക്കൊളളും ആരോടും സമ്പര്‍ക്കത്തിലേര്‍പ്പെടുകയില്ല. സ്വയം ചിന്തിക്കുകയുമില്ല. അതിനൊന്നിനും അവന് സമയം ലഭിക്കുകയില്ല. അങ്ങനെ തലമുറകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ചിന്താരഹിതനായ ഒരു മൃഗമായി മാറി. മനുഷ്യനല്ലാതായി. ചൂഷകര്‍ മെനഞ്ഞെടുത്ത ഐതീഹ്യങ്ങളില്‍ അവന് ആ പേരും കൊടുത്തു. വാനരരും വാനരമുഖ്യനായ ഹനുമാനും.

അവിടെയാണ് മഹാനായ അയ്യന്‍കാളിയുടെ ബുദ്ധികൂര്‍മ്മത കാണാന്‍ കഴിയുന്നത്. അക്ഷരം അറിയാന്‍ പാടില്ലാതിരുന്ന അദ്ദേഹം സ്വന്തം ചരിത്രവും സഹോദരങ്ങളുടെ ചരിത്രവും അറിഞ്ഞു. അതനുസരിച്ചു പ്രവര്‍ത്തിച്ചു. സ്വയം സ്വതന്ത്രനായി, സഹോദരങ്ങളേയും സ്വതന്ത്രരാക്കി. ബി.എ.ബി. എല്ലും പഠിച്ചു. പാര്‍ലമെന്റിലും കടന്നുകൂടി. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവി സ്വന്തം ചരിത്രം അറിയില്ലാതെ ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ചെന്ന് ഇളിഭ്യനായി മടങ്ങിയ നാടാണിത്. അവിടെയാണ് അയ്യന്‍കാളിയുടെ സ്വതന്ത്രബോധം സടകുടഞ്ഞെഴു ന്നേറ്റത്. അദ്ദേഹം ദലിതരുടെ പണിക്ക് സമയക്ലിപ്തത ഏര്‍പ്പെടുത്തി. ഞായറാഴ്ച ഒഴിവു നിശ്ചയിച്ചു. കൂലി പണമായി നിജപ്പെടുത്തി പരസ്പര സമ്പ ര്‍ക്കത്തിന് സമാജം കെട്ടിപ്പടുത്തു. വ്യക്തികളുടെ ജീവിതത്തിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങി. അവിടെ എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടതെന്ന് കണ്ട് അത് നടത്തി. കല്ലറ സുകുമാരനും നീങ്ങിയത് ആ വഴിക്കാണ്. അതിന്റെ പശ്ചാത്തലം ഒരുക്കുവാനാണ് അദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ചത്. വ്യക്തികളെ തയ്യാറാക്കുക പിന്നെ ആ വ്യക്തികള്‍ അവരുടെ കുടുംബത്തേയും സമൂഹത്തേയും മാറ്റിമറിക്കും. അത്തരം ഒരു മാറ്റം കൊണ്ടേ അവരെ മനുഷ്യരാക്കാന്‍ കഴിയുകയുളളൂ. ശ്രീ ബുദ്ധനും ഡോ. അംബേദ്ക്കറും ചിന്തിച്ചത് ആ വഴി തന്നെയാണ്. പക്ഷേ ഇന്നു ദലിതര്‍ ആ വഴി കണ്ടെത്തിയില്ല.

സ്വന്തം ചരിത്രം കണ്ടെത്താത്തവന്‍ മനുഷ്യനല്ല മൃഗമാണ് എന്ന് ഞാന്‍ പറഞ്ഞത് അത് കൊണ്ടാണ്. ഇന്നലെ മൃഗം മനുഷ്യനായി മാറി. ഇന്ന വന്‍ വീണ്ടും മൃഗമായി. അതാണ് കേരളത്തിലെ ദലിതരുടെ ചരിത്രം. സംശയമുളളവര്‍ കല്ലറ സുകുമാരന്റെ ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കുക. കേരളത്തിലെ ദലിതര്‍ മനുഷ്യരായിരുന്ന ഒരു കാലമുണ്ടായിരുന്നു പിന്നെ എങ്ങനെ അവര്‍ മൃഗമായി ചരിത്രബോധമില്ലാത്തവനായി. അത് കണ്ടെത്തി ബോധ്യപ്പെട്ടു പരിഹാരക്രിയകള്‍ ചെയ്യുമ്പോള്‍ മാത്രമേ കേരളത്തിലെ ദലിതര്‍ മനുഷ്യരാകുകയുളളൂ. ഏതാനും പേര്‍ക്ക് ആടും കോഴിയും താറാവും ലഭിക്കുകയോ പത്തുസെന്റ് സ്ഥലവും ഒരു കോണ്‍ക്രീറ്റ് കൂടും ലഭിക്കുകയോ ചെയ്തതുകൊണ്ടോ ദലിതര്‍ മനുഷ്യരാകുകയില്ല. സര്‍ക്കാരില്‍ കുറച്ചു പ്യൂണ്‍ ജോലികളോ സ്വാതന്ത്ര്യമില്ലാത്ത മറ്റുപണികളോ ലഭിച്ചതുകൊണ്ടോ ഒരു നേട്ടവും ഉണ്ടാവുകയില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇന്ത്യന്‍ പ്രസിഡന്റും ആയതുകൊണ്ടും വിശേഷമൊന്നുമില്ല.

ഇന്നു ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന മുസ്സിരിസ്സില്‍ (കൊടുങ്ങല്ലൂരിനടുത്തുളള പട്ടണം) കണ്ടെടുത്തുകൊണ്ടിരിക്കുന്നത് കേരളത്തിലെ ദലിതരുടെ ചരിത്രമാണ്, ഈനാട്ടില്‍ ജനിച്ചു വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന ഒരുസമൂഹത്തിന്റെ ജീവിതത്തിന്റെ കഥയാണത്. അവിടെനിന്നും കണ്ടെടുക്കുന്നത് കുരുമുളകും ഏലവും ഇല വര്‍ഗ്ഗവും കരിന്താളിയും തേക്കും അങ്ങനെ നൂറൂകൂട്ടം വിഭങ്ങളുടെ ഉപയോഗം കണ്ടുപിടിച്ച് അവ ഉപയോഗിച്ച് സുതാര്യമായ ഒരു ജീവിതം നയിച്ചിരുന്ന ഒരു കൂട്ടം പ്രകൃതിസ്‌നേഹികളുടെ കഥയാണത്. അവരുടെ ഈ സുന്ദര ജീവിതം കണ്ട് അസൂയ പൂണ്ട അന്യനാട്ടുകാരില്‍ ചിലര്‍ ഈജിപ്തില്‍ നിന്നും റോമില്‍ നിന്നും ഗ്രീസ്സില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും അതില്‍ പങ്കുപറ്റാന്‍ വന്നപ്പോള്‍ അവര്‍ക്ക് ചിലതെല്ലാം നല്‍കി പകരം സ്വര്‍ണ്ണവും വീഞ്ഞും മറ്റും വാങ്ങി ഉപയോഗിച്ചതിന്റെ സാക്ഷ്യങ്ങളാണ് ഇന്ന് ഗവേഷണങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. 

ഇന്നും ഇവിടത്തെ മഹാചരിത്രകാരന്മാര്‍ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുന്ന ഒരു മഹാചരിത്ര രഹസ്യം അവിടെ യുണ്ട്. മുസ്സിരിസ്സില്‍ നിന്നും കണ്ടെടുക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍ ആരുടെ ചരിത്രത്തിന്റേതാണ്, എന്നത് അതിന്നും ഒരു ഗൂഡ രഹസ്യമായി സൂക്ഷിക്കുകയാണ്. അതിന്റെ വൈദേശിക സാന്നിദ്ധ്യം കഴിച്ചാല്‍ അതിനൊരു തദ്ദേശ പങ്കാളിത്തമുണ്ടല്ലോ.അത് ആരാണ്? കേരളീയ പങ്കാളിത്തം എന്നുപറഞ്ഞ് എളുപ്പം കൈകഴുകുന്നവരാണ് ഇവിടത്തെ ചരിത്ര പീലാത്തോ സുമാര്‍. അതിന്റെ കേരളീയ പങ്കാളിത്തത്തെ അവരാരും നിഷേധിക്കുന്നില്ല. അതേപ്പറ്റി അജ്ഞത ഭാവിക്കുന്നു എന്ന് മാത്രം. അന്നത്തെ കേരളീയര്‍ ആരാണ്? അതറിയുവാന്‍ മഹാചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ആഗ്രഹമില്ല.

കേരളത്തിലെ ബ്രാഹ്മണാഗമനം ഏ.ഡി. 6-8 നൂറ്റാണ്ടുകളിലാണ് എന്ന് ഇന്ന് വ്യക്തമായി. അതിന് മുമ്പാണ് മുസ്സിരിസ്സിന്റെ അസ്ഥിത്വം ബി.സി. ആറുനൂറ്റാണ്ടുകളിലും ഏ.ഡി ആറുനൂറ്റാണ്ടുകളിലുമാണത് എന്ന് ഇന്ന് കാര്‍ബര്‍-14 ടെസ്റ്റ് മൂലം വ്യക്തമായിട്ടുണ്ട്. അന്ന് ആരായിരുന്നു മുസ്സിരിസ്സിലെയും കേരളത്തിലേയും ജനം? ഏതായാലും ബ്രാഹ്മണേതര ജനതയായിരുന്നു. ജാതി ഭേദമില്ലാതെ മതദ്വേഷമില്ലാതെ സസുഖം വസിച്ച ഒരു ജനത്തിന്റെ ചരിത്രമാണ് സംഘകൃതികളില്‍ കാണുന്നത്. സംഘം കൃതികള്‍ കേരളത്തെപ്പറ്റിയുള്ളതല്ലാ എന്നു പറഞ്ഞുനോക്കിയെങ്കിലും പരാജയപ്പെട്ടു ഇപ്പോള്‍ പത്തിമടക്കിയിരിക്കുകയാണ് ചരിത്രദാര്‍ശനികര്‍. സംഘംകൃതികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇപ്പോള്‍ മുസ്സിരിസ്സില്‍നിന്നും പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. അന്നത്തെ ആ ജനത്തിന്റെ സന്തതി പരമ്പരകളാണ് ഇന്ന് പുലയനും പറയനും കുറവനും അരയനും ആദിവാസികളുമെല്ലാമായി മാറിയത്. മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണുപോലുമില്ലാത്ത പരിതസ്ഥിതിയിലായി മാറിയത് അന്നത്തെ കേരളത്തിന്റെ ഉടമകളാണ്. ആ മാറ്റത്തിന്റെ കഥ അറിയാത്തവരാരും ദലിതരല്ല. അവര്‍ വെറും മൃഗങ്ങള്‍. കഴിഞ്ഞ ജന്മത്തിലെ അധര്‍മ്മത്തിന്റെ ഫലമായി ഈ ജന്മത്തില്‍ ഈ സ്ഥിതിയിലായെന്നും അടുത്ത ജന്മത്തില്‍ സുഖിക്കാമെന്നും വിചാരിച്ചു ദിവസങ്ങള്‍ തളളിനീക്കുന്ന പമ്പരവിഡ്ഢികള്‍. വളര്‍ച്ചയും ചതിവും ചൂഷണവും അക്രമവും കൊളളയും കൊണ്ട് ഇന്നത്തെ സ്തിഥിവിശേഷം വരുത്തിയതിനെപ്പറ്റി അറിയുമ്പോഴാണ് ഹൃദയത്തില്‍ അമര്‍ഷം നുരഞ്ഞുപൊങ്ങുന്നത്. ആ അമര്‍ഷമാണ് വിപ്ലവകാരികളെ സൃഷ്ടിക്കുന്നത്. അത്തരം ഒരു വിപ്ലവകാരിയായിരുന്നു എന്റെ സുഹൃത്ത് കല്ലറ സുകുമാരന്‍. ആ അമര്‍ഷമാണ് അദ്ദേഹത്തിന് വിശ്രമം നല്‍കാതിരുന്നത്. അകാലത്തില്‍ ആ വെളളിനക്ഷത്രം പൊലിഞ്ഞതിന്റെ കാരണവും ആ വിശ്രമമില്ലാത്തപ്രയത്‌ന മായിരുന്നു. ഒരു അടിമയെ അടിമയെന്നു ബോധ്യപ്പെടുത്തുക പിന്നെ സ്വതന്ത്രനാകുന്നതുവരെ അവന് ശാന്തതയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ