"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

പോള്‍ ചിറക്കരോട്: വൈജ്ഞാ നിക മണ്ഡല ത്തിലെ നക്ഷത്ര ശോഭ - ഡോ. എം എം ബഷീര്‍


പോള്‍ ചിറക്കരോട് തിരുവല്ലയ്ക്ക് കിഴക്ക് പമ്പയാറിന്റെ തീരത്തുള്ള മാരാമണ്‍ എന്ന ഗ്രാമത്തില്‍ വേദ പണ്ഡിതനായ റവ: സി.ടി. ദാനിയേല്‍, ശ്രീമതി: ഏലിയാമ്മ എന്നിവരുടെ മകനായി 1939 സെപ്തംബര്‍ 4-ാം തീയ്യതി ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളെജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ ആദ്യ നോവലെഴുതി-''അലഞ്ഞുതീര്‍ന്ന ആത്മാവ്,'' തുടര്‍ന്ന് പുലയത്തറ, മതില്‍, സൂര്യകാന്തി, അക്ഷയപാത്രം, സത്യത്തിന്റെ മുഖം, ആവരണം തുടങ്ങി 38 കൃതികള്‍ പ്രസിദ്ധീകരിച്ചു. ഇക്കണോമിക്‌സ്, സോഷ്യോളജി, സാഹിത്യം, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ ഈ സാഹിത്യകാരന്‍ അറിവിന്റെ മേഖലകളില്‍ കനമാര്‍ന്ന ഉപസ്ഥിതി നേടിയിട്ടുണ്ട്. വൈജ്ഞാനിക സാഹിത്യമാണ് തന്റെ ശരിയായ സര്‍ഗ്ഗപ്രപഞ്ചമെന്ന് മനസ്സിലാക്കിയ പോള്‍ ചിറക്കരോട് ആ വഴിക്ക് തിരിഞ്ഞതിന്റെ പ്രഥമ സംഭാവനയാണ് ''ബര്‍ട്രാന്റ് റസ്സല്‍ - മാനവരാശിയുടെ മനസ്സാക്ഷി.'' 20 -ാം നൂറ്റാണ്ടിനെ ആഴത്തില്‍ സ്വാധീനിച്ച ബര്‍ട്രാന്റ് റസ്സലിന്റെ ജീവിതവും ദര്‍ശനവും അതീവ ഹൃദ്യമായി, ആധികാരികതയോടെ അനാവരണം ചെയ്തിരിക്കുന്നു. പോള്‍ ചിറക്കരോടിന്റെ ജ്ഞാനതപസ്യയില്‍ പിറന്ന ബര്‍ട്രാന്റ് റസ്സല്‍ എന്ന ഗ്രന്ഥത്തിന് മലയാളത്തിലുണ്ടായ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനമുണ്ട്.

നോവലുകളിലൂടെ ശ്രദ്ധേയനായ പോള്‍ ചിറക്കരോട് ചെറുകഥാകൃത്തുകൂടിയാണ്. നോവലുകള്‍ക്കിടയില്‍ ചെറുകഥ മുങ്ങിപ്പോയതാവാം ചിറക്കരോട് ചെറുകഥാകൃത്തായി അറിയപ്പെടാതെ പോയതിന് കാരണം. ദലിത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന തീവ്രമായ ദു:ഖങ്ങള്‍ ചിറക്കരോടിന്റെ കഥകളില്‍ ഉണ്ട്. ആദ്യകാലത്ത് സാധാരണ ആള്‍ക്കാരുടെ ജീവിതകഥകള്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന അദ്ദേഹം പിന്നീട് സ്വത്വം തിരിച്ചറിയുകയും ദലിത്കഥകള്‍ എഴുതുകയും ചെയ്തു. ഇന്ത്യയില്‍ മഹാത്മാഗാന്ധി ഹരിജന്‍ എന്നു വിളിച്ച ദലിതരുടെ ജീവിതാവസ്ഥകള്‍ ഇന്നും പരിതാപകരമാണ്. ഹരിജനഗിരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പക്ഷേ അതില്‍ പത്തിലൊരംശം പോലും അവകാശപ്പെട്ടവര്‍ക്ക് കിട്ടുന്നില്ല. ഇടനിലക്കാരായ ഉദ്യോഗസ്ഥര്‍ ഹരിജനങ്ങള്‍ എക്കാലത്തും അതേ നില തുടരാന്‍ ഒത്താശകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇളവുകളും സംവരണങ്ങളും നല്‍കിയിട്ടും എന്തുകൊണ്ട് ദലിതര്‍ മുന്നേറുന്നില്ല എന്ന കാര്യം പഠനവിഷയമാക്കേണ്ടതാണ്.

ദലിതനായി ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ തീവ്രമായ ദു:ഖം പോള്‍ ചിറക്കരോട് പല കഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. ' പുതിയ പാര്‍പ്പിടം' എന്ന കഥ നോക്കുക: ജോലി കിട്ടി നഗരത്തിലെത്തിയ അയാള്‍ ഒരു പാര്‍പ്പിടം തേടി നടക്കുകയാണ്. നാട്ടിന്‍പുറത്ത് മേല്‍ജാതിയില്‍പ്പെട്ട കാമുകിയുണ്ട്. താമസിക്കാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയിട്ടേ അവളെ വിളിച്ചുകൊണ്ടു വരികയുള്ളൂ എന്ന നിര്‍ബന്ധത്തിലാണ് അയാള്‍. ഹരിജനായ അയാള്‍ അവളോട് ചോദിച്ചു : '' ഒരു ഹരിജനു തമ്പുരാട്ടിയെ വിവാഹം ചെയ്യാമോ?'' അവള്‍ തുടര്‍ന്നു''എന്താ മറ്റുള്ളവര്‍ക്കുള്ളതെല്ലാം ഹരിജനുമില്ലേ?'' അവള്‍ തുടര്‍ന്നു:'' മനുഷ്യരെ ഇക്കാലത്തും ഇങ്ങനെ ജാതി തിരിച്ചു ഓരോ അറയില്‍ നിര്‍ത്തുന്നല്ലോ! അദ്ഭുതം!'' അധകൃതര്‍ ഇന്നു വരെ ആ തറവാടിനെ തൊട്ട് അശുദ്ധമാക്കിയിട്ടില്ല. അയാള്‍ പട്ടണത്തിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: ''ഞാനൊന്നിച്ചു പോരാന്‍ തീരുമാനിച്ചു. പോരട്ടെ?'' ഒരു ദിവസം അവള്‍ അയാള്‍ ജോലി ചെയ്യുന്ന ഓഫീസിലേക്ക് കയറിച്ചെന്നു. അന്നു രാത്രി അവര്‍ ലോഡ്ജില്‍ കഴിഞ്ഞു. വാടകയ്ക്കു വീടു കിട്ടുന്നില്ല. ബ്രോക്കര്‍ ഒടുവില്‍ സത്യം പറഞ്ഞു: ''സാറിനു മറ്റൊന്നും തോന്നരുത് സാറിന് ഈ ചുറ്റുവട്ടത്തില്‍ ആരും വീടു തരികയില്ല. ഒരു ഹരിജനു വീടു കൊടുത്താല്‍...'' അയാളുടെ ഉള്ളില്‍ ഒരു ശബ്ദം മുഴങ്ങി: ''ഞാന്‍ മനുഷ്യനല്ലേ? മനുഷ്യനല്ലേ? മനുഷ്യനല്ലേ?'' തന്നെ വെറുക്കുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ തീവ്രമായ ദു:ഖം, വേദന, നിരാശ്രയത്വം എല്ലാം ഈ കഥയില്‍ ഉറഞ്ഞുകൂടിയിട്ടുണ്ട്. അനുഭവബോധത്തില്‍ നിന്ന് രൂപം കൊണ്ട ഇത്തരം കഥകളിലാണ് പോള്‍ ചിറക്കാരോടിന്റെ സ്വത്വം കാണുന്നത്.

'നനഞ്ഞഭൂമി' ഒരു പ്രേമഭംഗത്തിന്റെ കഥയാണ്. നാരായണി അമ്മയും മകള്‍ ശാരദയും താമസിക്കുന്ന വീടിനടുത്ത് പ്രഭാകരന്‍ താമസത്തിനു വന്നു. പാലുമായി ചെല്ലാറുള്ള ശാരദയുമായി അയാള്‍ പ്രണയത്തിലായി. മാറ്റം കിട്ടിയപ്പോള്‍ അയാള്‍ ആരുമറിയാതെ അവിടം വിട്ടു പോവുകയും ചെയ്തു. ഗതികെട്ട ഒരു കുടുംബത്തിന്റെ വ്യാകുലമനസ്സുകളെ ഈ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 'നനഞ്ഞഭൂമി' എന്ന സമാഹാരത്തിലെ മറ്റൊരു ചതിയുടെ കഥയാണ് 'ചതി'. രവീന്ദ്രന്‍ നാട്ടിന്‍പുറത്തുള്ള ഒരു പെണ്‍കു ട്ടിയെ പണം കൊടുത്തു പഠിപ്പിച്ചു. അയാള്‍ക്ക് അവളില്‍ വിശ്വാസമുണ്ടായിരുന്നു. അവള്‍ പഠിച്ചു പാസ്സായി; ഉദ്ദ്യോഗസ്ഥയുമായി. അവളുടെ വിവാഹം അറിയിച്ചു കൊണ്ടുള്ള കത്ത് കിട്ടിയപ്പോള്‍ രവീന്ദ്രന്‍ തകര്‍ന്നുപോയി. ഒരാള്‍ വണ്ടിക്കു കുടുങ്ങി എന്നു കേട്ടപ്പോള്‍ കഥാകൃത്ത് അസ്വസ്ഥയോടെ കോരിച്ചൊരിയുന്ന മഴയത്ത് അന്വേഷിച്ചിറങ്ങുന്നു.

'പുതിയപാര്‍പ്പിടം' എന്ന കഥാസമാഹാരത്തിലെ പല കഥകളും ഗദ്യകഥകളാണ്. ' വന്ധ്യനിലങ്ങള്‍', 'ഉഷ്ണമേഖലയിലെ അവസാനത്തെ പകല്‍', 'അപാരത', 'മരണം', 'തുലാസ്സ്', 'ജലബിന്ദുവിന്റെ ദാഹം' തുടങ്ങിയ കാവ്യാത്മകരചനകള്‍ വന്ധ്യനിലങ്ങളിലെ ഒരിക്കലും കൃത്യതയില്ലാത്ത വാച്ചുപോലെ കൃത്യതയില്ലാത്ത ജീവിതവുമായി അലയേണ്ടി വരുന്ന രവീന്ദ്രന്‍ എന്ന എഴുത്തുകാരന്‍ ആഘാതമേല്പിക്കുന്ന കഥാപാത്രമാണ്. 'വൃദ്ധന്‍ എന്ന കഥയില്‍ മകനെക്കാണുന്ന ദിവസം മരിക്കും എന്നു പറയുന്ന വൃദ്ധന്‍ അപൂര്‍വ്വമനുഷ്യരില്‍ ഒരുവനായിത്തോന്നാം. കവിത തുളുമ്പുന്ന ഭാഷയുടെയും ബിംബാവലികളുടെയും ഇടകലര്‍ന്ന ആഖ്യാനം ആകര്‍ഷകമാണ്.

'പുതിയ പാര്‍പ്പിടം' പോലുള്ള കഥകളാണ് പോള്‍ ചിറക്കാരോടില്‍ നിന്നു ഉണ്ടാകേണ്ടത്. പക്ഷേ പലപ്പോഴും അനുഭവങ്ങളുടെ ലോകത്തെ തിരസ്‌ക്കരിച്ചുകൊണ്ട് സ്വപ്നസമാനമായ ജീവിതാവസ്ഥകളെ പുല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നോവലുകളില്‍ ദലിത്പ്രമേയങ്ങള്‍ ശക്തമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ചെറുകഥകളില്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്കിക്കാണുന്നില്ല.

ഡോ: എം.എം. ബഷീര്‍

മലയാള ചെറുകഥാ സാഹിത്യ ചരിത്ര രചയിതാവ്. ഇപ്പോള്‍ കേരള കവിതയുടെ പത്രാധിപര്‍. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, കാലിക്കറ്റ് സെനറ്റ് എന്നിവയില്‍ അംഗമായിരുന്നു. എസ്.പി.സി.എസ്. ഡയറക്ടര്‍, കുമാരനാശാന്‍ സ്മാരകം ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാരതീയജ്ഞാനപീഠം, സരസ്വതീ സമ്മാന്‍ അവാര്‍ഡ് കമ്മിറ്റികളില്‍ പല കാലങ്ങളില്‍ മലയാളത്തിന്റെ കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ