"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

സി കെ ടി യുവിന്റെ ചരിത്രം - സി. റ്റി. കുട്ടപ്പന്‍സി. റ്റി. കുട്ടപ്പന്‍ 
പ്രസിഡന്റ് സി.കെ.റ്റി.യു. 
(സെന്റര്‍ ഓഫ് കേരളാ ട്രേഡ് യൂണിയന്‍സ്)

? സി. റ്റി. എത്ര വര്‍ഷം കല്ലറ സാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു? 
1976 മുതല്‍ 
? എന്താണ് സംഘടനയുടെ പേര്? 
കെ. എച്ച്. എഫ്. 
? കല്ലറ സാറുമായുള്ള അനുഭവങ്ങള്‍


കല്ലറ സാറിനെക്കുറിച്ച് മറ്റ് സമുദായത്തിലുള്ളവര്‍ പറഞ്ഞറിവാണ് എന്നെ സാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചത്. 1974-75 അഞ്ചലിപ്പ ഭാഗത്ത് ഒരു യോഗം വിളിച്ചുക്കൂട്ടി. അന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ദലിതരുടെ വിമോചനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും കല്ലറ വിശദമായി പ്രസംഗിച്ചു. അന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി എന്നെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മേല്‍ കമ്മിറ്റികളുമായി ചേര്‍ന്ന് സാറുമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.

? മറക്കാനാവാത്ത സംഭവം 

1977 ഏപ്രില്‍ 13 മുതല്‍ 17 വരെ മുണ്ടക്കയത്ത് വെച്ച് ഒരു ക്യാമ്പ് നടന്നു. ആ ക്യാമ്പില്‍ തട്ടയില്‍, ഡി.പി. മുതലായ പ്രമുഖര്‍ പങ്കെടുത്തു. 1982 ല്‍ ദലിതരുടെ വിമോചനത്തിന്റെ സമരം ഒന്നാം ഘട്ടം തുടങ്ങണമെന്ന് ആ ക്യാമ്പില്‍ വച്ച് തീരുമാനമെടുത്തു. 82 ല്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന പല നേതാക്കളും പുറകോട്ട് പോയി. പക്ഷെ കല്ലറ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് പോയി. കേരള വ്യാപകമായി നടത്തിയ വാഹന ജാഥയ്ക്കുശേഷം 1982 സെപ്തംബര്‍ 24 ന് കേരളത്തിലെ എല്ലാ കളട്രേറ്റുകളുടെ മുന്നിലും 24 മണിക്കൂര്‍ കൂട്ടധര്‍ണ നടത്തി. പി.കെ. ശ്രീധരന്‍, പി.ജെ. ജയരാജ്, ഡോ. എം.എ. കുട്ടപ്പന്‍ മുതലായവര്‍ സമര രംഗത്തേക്ക് വന്നുവെങ്കിലും പിന്മാറി. കേരളത്തിലെ ഇടതു വലതു പാര്‍ട്ടികള്‍ ഹരിജനങ്ങള്‍ക്ക് എതിരാണെന്ന കല്ലറയുടെ അസന്നിഗ്ദ്ധമായ പ്രഖ്യാപനവും പ്രസംഗവും മൂലം അങ്ങനെയുള്ള സംഘടകളുമായി ബന്ധമുള്ള കെ.എച്ച്.എഫ്. നേതാക്കള്‍ പലരും സമരരംഗത്ത് നിന്ന് പിന്മാറി. കേരളത്തിലെ ദലിതരുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഈ ക്യാമ്പില്‍ പി.ജെ. ജയരാജ്, ശ്രീധരന്‍ മുതലായവര്‍ കല്ലറയോടൊപ്പം ക്യാമ്പിന് നേതൃത്വം കൊടുത്തു. ആ ക്യാമ്പില്‍ വെച്ച് തട്ടയില്‍, ഡി.പി., പോള്‍ സാര്‍, എം.കെ. കുഞ്ഞോല്‍ മുതലായവര്‍ ക്ലാസ്സെടുത്തു. 400 ല്‍ അധികം പേര്‍ പങ്കെടുത്ത കേഡര്‍ ക്യാമ്പായിരുന്നു അത്. ആ ക്യാമ്പ് കഴിഞ്ഞ് പൂനാ പാക്ടിന്റെ ന്റെ 50 ാം വാര്‍ഷികത്തില്‍ നടന്ന ധര്‍ണാ സമരം.

? പിന്നീട് നടത്തിയ പ്രധാന സമരം

ഗുരുവായൂര്‍ പദയാത്രയായിരുന്നു. സമരത്തിന്റെ രണ്ടാമനായിരുന്നല്ലോ ഞാന്‍. 
തലേ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തി. അന്ന് രാത്രി ഇന്ദ്രപ്രസ്ഥം ലോഡ്ജില്‍ ക്യാമ്പ് ചെയ്തു. 

ഫിലിപ്പ് എം. പ്രസാദ് ഉച്ച ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തു. കൊട്ടാരക്കരയില്‍ യാത്രയ്ക്ക് സ്വീകരണം നല്കി. കോട്ടയത്തെത്തിയപ്പോള്‍ ജാഥ ഗൗരവമായി 6 ാം തിയതി വൈക്കത്തെത്തി. അതിന് ശേഷം ജാഥ മാധ്യമ ശ്രദ്ധയിലാവുകയും എതിര്‍ത്തും അനുകൂലിച്ചും കേരളം രണ്ട് തട്ടിലായി ആസമയം ചില ദലിത സംഘടന-പേര് പറയാന്‍ മടിയില്ല- എം.കെ.കുഞ്ഞോലിന്റെ ഹരിജന്‍ സമാജും നോട്ടീസിറക്കി കല്ലറയുടെ കൂടെയുള്ളവര്‍ അവശ ക്രൈസ്തവരാണെന്ന് പറഞ്ഞുകൊണ്ട്. 

ഗാന്ധി പരാജയപ്പെട്ടിടത്ത് കല്ലറ ജയിച്ചു എന്ന് പത്രങ്ങള്‍ എഴുതി. ദലിതരുടെ ആദ്യത്തെ സമരം. 

എസ്.എന്‍.ഡി.പി.യുടെ നിസ്തുല പിന്‍തുണ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ എടുത്ത സമരം എന്ന നിലയില്‍ കിട്ടി. എസ്.എന്‍.ഡി.പി. സഹായിച്ചു. ജാഥ തടയുമെന്നായപ്പോള്‍ കെ.പി.എം.എസ് പിന്‍തുണച്ചു. പട്ടിക ജാതി എം.എല്‍.എ. മാരുടെ പിന്തുണയും ലഭിച്ചു. തലേന്ന് ചാവക്കാടെത്തിയപ്പോള്‍ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റിന്റെ സമര ഭടന്മാര്‍ ജാഥയോട് ചേര്‍ന്നു. 

ചാവക്കാട് മുതല്‍ ഗുരുവായൂര്‍ വരെ സംഘര്‍ഷാല്‍മകത നിറഞ്ഞ അനുഭവമായിരുന്നു. പിറ്റേന്ന് സമരം ഇടക്ക്‌വച്ച് നിര്‍ത്തുവാന്‍ ചര്‍ച്ച തുടര്‍ന്നു. ഒറ്റയ്ക്ക് കല്ലറ ചര്‍ച്ചയ്ക്കുപോയി. ചര്‍ച്ച കഴിഞ്ഞ് തിരിച്ചു വന്ന് പറഞ്ഞു; ഞങ്ങള്‍ ഏത് ലക്ഷ്യത്തിനാണോ യാത്രതിരിച്ചത് ഞങ്ങളുടെ ഒരാള്‍ ശേഷിക്കുന്നതുവരെ ഞങ്ങള്‍ യാത്രതുടരും.

കോട്ടയത്ത് നടന്ന കെ.എച്ച്.എഫിന്റെ രജതജൂബിലി സമ്മേളനം?

കേരളത്തിലെ 12 ജില്ലകളിലേയും എല്ലാ ജില്ലാ കമ്മിറ്റികളുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നു. 1982 ഏപ്രില്‍ 17-20 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചചെയ്‌തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എല്‍.പി. പ്രഖ്യാപിച്ചത്. നാഗമ്പടം പാലത്തില്‍ നിന്നും പ്രകടനം ആരംഭിച്ചു. ഇരുപത്തയ്യായിരം പേര്‍ പങ്കെ ടുത്തു. പാര്‍ട്ടി പ്രഖ്യാപിച്ച പിറ്റേന്നുതന്നെ കെ.എച്ച്.എഫിന്റെ 12 ജില്ലകളിലുമുള്ള എല്ലാ ശാഖകളിലും ഐ.എല്‍.പി. പതാക ഉയര്‍ന്നു.

ഐ.എല്‍.പി.-യുടെ പ്രാരംഭപ്രവര്‍ത്തനം?

ഐ.എല്‍.പി.-യ്ക്കുമുമ്പ് കെ.എച്ച്.എഫ്. തന്നെ കേരളത്തിലെ ഇടത് വലത് മുന്നണിക്കാര്‍ ഹരിജനങ്ങള്‍ക്കെതിരെ നടത്തുന്ന നെറികേടുകളെക്കുറിച്ച് കല്ലറ സാര്‍ ശക്തമായ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഐ.എല്‍.പി. രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ എതിരാളികളുടെ എണ്ണം കൂടി. എങ്ങനെ ഇതിനെ ഇല്ലായ്മ ചെയ്യണമെന്ന് സവര്‍ണ്ണ നേതാക്കളുടെ ബുദ്ധി മറ്റ് പാര്‍ട്ടികളില്‍ നില്‍ക്കുന്ന ദലിതരിലൂടെ പ്രവര്‍ത്തിച്ചാണ് ഐ.എല്‍.പി.-യെ പരാജയപ്പെടുത്തിയത്. 1984-ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുവ്വാറ്റുപുഴ മണ്ഡലത്തില്‍ നിന്നും പതിനായിരം വോട്ടുകള്‍ പോള്‍ സാര്‍ നേടി. അതിനുശേഷം ഐ.എല്‍.പി. -യില്‍ നിന്നും പല നേതാക്കളേയും സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സ്വാധീനിക്കുകയും അവര്‍ ഐ.എല്‍.പി.-യില്‍ നിന്നും വിട്ടുപോവുകയും ചെയ്തു.

കേരളത്തിലെ ദലിതരുടെ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അദ്ധ്യായമാണ് സി.കെ.റ്റി.യു.
സി.കെ.റ്റി.യുവിന്റെ രൂപീകരണം പറയാമോ?


സംഘടനയുടെ പരമമായ ലക്ഷ്യം ഹരിജനങ്ങളുടെ ആത്യന്തീക വിമോചനമായിരുന്നു. ഇതിന് എതിരു നില്‍ക്കുന്ന ഇടത്-വലത് പ്രസ്ഥാനങ്ങള്‍ ആണെന്ന ശക്തമായ പ്രചരണം കെ.എച്ച്.എഫ്. അഴിച്ചുവിട്ടു. അതുപോലെതന്നെ മറ്റ് ട്രേഡ് യൂണിയന്‍ മേഖലയെക്കുറിച്ച് ചില സവര്‍ണ്ണ മേധാവിത്വത്തെക്കുറിച്ചും കെ.എച്ച്.എഫ്. പ്രചരണം നടത്തിയിരുന്നു. 1978-ല്‍ സി.കെ.റ്റി.യു. 78 ബ്രാഞ്ചുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്നു. അന്ന് കാഞ്ഞിരപ്പിളളി താലൂക്കില്‍ ടിമ്പര്‍ വര്‍ക്ക് മേഖലയില്‍ സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി., ഐ.എന്‍.റ്റി.യു.സി. മൂന്ന് യൂണിയന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കെ.എച്ച്.എഫിന്റെ ശക്തമായ പ്രചരണം നടത്തിയപ്പോള്‍ ഞങ്ങളെ ഉള്‍കൊള്ളുവാന്‍ മറ്റു യൂണിയന്‍കാര്‍ വിമുഖത കാണിച്ചു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ കൂറേപേര്‍ ചേര്‍ന്നിരുന്ന് ആലോചിച്ചു. എന്നോടൊപ്പം കുട്ടി, അപ്പച്ചന്‍, പാപ്പ, രാമന്‍കുട്ടി തുടങ്ങി 30 പേരുണ്ടായിരുന്നു. ഈ 30 പേരെ ഒരു ദിവസം വീട്ടില്‍ വിളിച്ചുവരുത്തി ആദ്യയോഗം നടന്നു. 1981 ജനുവരിമാസം ആദ്യമായിരുന്നു അത്. മഹാനായ അംബേദ്ക്കര്‍ പോലും തുടങ്ങാന്‍ മടിച്ചുനിന്നു മേഖലയാണ് ട്രേഡ് യൂണിയന്‍ രംഗം. ഒരു യൂ ണിയന്‍ കൊണ്ടുനടക്കുവാന്‍ പ്രാപ്തരായ ആളുകള്‍ ഈ രംഗത്ത് തന്നെയില്ല. ഒരു ദലിത് സംഘടനയും ഈ രംഗത്ത് കൈ വച്ചിട്ടില്ല. കൈ വച്ചാല്‍ പൊള്ളും. ആ സാഹചര്യത്തിലാണ് ഞങ്ങള്‍ യോഗം കൂടി ഒരു കമ്മറ്റി ഉണ്ടാക്കിയത്. സി.ടി. കുട്ടപ്പന്‍ (പ്രസിഡന്റ്), കുട്ടി (സെക്രട്ടറി), മറ്റ് 7 പേര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. യൂണിയന് എന്ത് പേരിടണമെന്ന് ചര്‍ച്ച വന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ കേരളാ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേര് സ്വീകാര്യമായി. യൂണിയന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 50 പേര്‍ ഉണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പുതന്നെ പണിയെടുത്തിരുന്നു. പണികിട്ടണമെങ്കില്‍ ലെറ്റര്‍ഹെഡില്‍ കോണ്‍ട്രാക്ടര്‍ക്ക് കത്ത് എഴുതികൊടുക്കണമായിരുന്നു. അതിനായി ഞാനും കുട്ടിയും ചേര്‍ന്ന് സാറിനെ കാണുവാന്‍ പോയി. പീരമേട്ടില്‍ നിന്നും ലെറ്റര്‍ഹെഡുമായി തിരികെ വന്ന് കാഞ്ഞിരപ്പിള്ളി താലൂക്ക് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേരില്‍ ഞങ്ങള്‍ നാലാമത്തെ യൂണിയനായി പണിതുടങ്ങി. സി.ഐ.റ്റി.യു. ഞങ്ങളെ തടയുവാന്‍ തീരുമാനിച്ചു. രണ്ടുവണ്ടിയില്‍ ആളുകളെ ഇറക്കി ഞങ്ങളെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമം നടത്തി. ഇതിനെതിരെ കെ.എച്ച്.എഫ്. യൂണിറ്റുകളില്‍ നിന്നും ഞങ്ങളും സംരക്ഷണത്തിനായി ആളുകളെ ഇറക്കിയിരുന്നു. 100 കണക്കിന് കെ.എച്ച്.എഫുകാര്‍ പണി നടക്കുന്ന തോട്ടത്തിനുചുറ്റും വന്ന് നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിനൊടുവില്‍ ഇതര യൂണിയനുകളുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ യൂണിയനും പണിയെടുക്കാനുള്ള അവകാശം നേടിയെടുത്തു. ''രക്തരഹിത സമരത്തിലൂടെ കെ.എച്ച്.എഫിന്റെ സംഘശക്തിയുടെ ബലത്തിലാണ് കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ രംഗത്ത് ദലിതര്‍ അവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയത്.'' 'മണ്ണാറക്കയത്താണ് യൂണിയന്റെ പേരില്‍ ആദ്യം പണിനടന്നത്.' അവിടം മുതല്‍ എല്ലാവരുമായി ലോഹ്യത്തില്‍ പോകുകയും പലസ്ഥലത്തും പിടിച്ചുപറ്റുകയും ചെയ്തു. തമ്പാനെന്നു പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിന്‍തുണ ഇക്കാര്യത്തില്‍ നമുക്ക് വളരെ സഹായകമായിട്ടുണ്ട്. 

ഐ.എല്‍.പി., ബി.എസ്.പി. ലയനം?

ഐ.എല്‍.പി.യുടെ കരട് ഭരണഘടനയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ ദലിതര്‍ക്ക് ഒരു പാര്‍ട്ടി ഉണ്ടാകുമ്പോള്‍ ഐ.എല്‍. പി. പിരിച്ച് വിട്ട് അതില്‍ ലയിക്കാമെന്ന്. അങ്ങനെ 1989 ആഗസ്റ്റ് 15-ന് തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയിസ് യൂണിയന്‍ ഹാളില്‍ കാന്‍ഷിറാം പങ്കെടുത്ത ചടങ്ങില്‍ ഐ.എല്‍.പി. പിരിച്ചുവിട്ട് ബി.എസ്.പി.-യില്‍ ലയിക്കുകയുണ്ടായി. അതോടുകൂടിയാണ് കേരളത്തില്‍ ബി.എസ്.പി. പ്രവര്‍ത്തനം ഔപചാരികമായി തുടങ്ങുന്നത്. 1984-ല്‍ പാര്‍ട്ടി പിടിച്ച വോട്ട് പിന്നീടൊരിക്കലും പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. 

എന്റെ വ്യക്തി ജീവിതത്തില്‍ നേതാവ് എന്നതിനുപരി ജേഷ്ഠന്‍, ഗുരുനാഥന്‍ എന്ന സ്ഥാനമാണ് സാറിനുള്ളത്. എന്നെ ഞാനാക്കി മാറ്റിയത് കല്ലറ സാറാണ്. 

ഇടക്കാലത്തെ അകല്‍ച്ച?

സാറിനൊരു കുഴപ്പമുണ്ട്. ചിലര്‍ ചിലകാര്യങ്ങള്‍ പറയുമ്പോള്‍ അത് വിശ്വസിക്കുകയും ഉപജാപത്തില്‍പ്പെട്ടുപോകുകയും ചെയ്യും. ഞാന്‍ ഒരാളാണ് കുഴപ്പക്കാരന്‍ എങ്കില്‍ ഞാന്‍ മാറിയേക്കാം എന്ന് വിചാരിച്ച് മാറി നിന്നു, അത്രെയേയുള്ളൂ.

1981 ഡിസംബര്‍ 23 മുതല്‍ 28 വരെ കോട്ടയം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ 600-ല്‍പരം ആളുകള്‍ പങ്കെടുത്തു. കല്ലറയോടൊപ്പം അതിന്റെ ചുമതല എനിക്കുമുണ്ടായിരുന്നു. കെ.എച്ച്.എഫ്. നേതാക്കളുള്‍പ്പെടെ അതില്‍ പങ്കെടുത്തു. ആ ക്യാമ്പിന് ശേഷമാണ് രജതജൂബിലി സമ്മേളനം, ഐ.എല്‍.പി. രൂപീകരണം, ഗുരുവായൂര്‍ പദയാത്രാസമരം എന്നിവ നടത്തുവാന്‍ സംഘടന പ്രാപ്തമായത്.

ഐ.എല്‍.പി.യ്ക്കു ശേഷമുണ്ടായ സംഘടനാ തകര്‍ച്ച?

കെ.എച്ച്.എഫ്. പ്രവര്‍ത്തകര്‍ ഐ.എല്‍.പി.യിലേക്ക് മാറി. പാര്‍ട്ടി ചെയര്‍മാനായി കല്ലറ പ്രവര്‍ത്തനം തുടങ്ങിയത് കെ.എച്ച്.എഫ്. പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. രാഷ്ട്രീയത്തോടുള്ള അഭിനിവേശം പ്രവര്‍ത്തകരെ കെ.എച്ച്.എഫില്‍ നിന്നും ഐ.എല്‍.പി. പ്രവര്‍ത്തകരാക്കി മാറ്റി. 

സി.കെ.റ്റി.യു.-വിന്റെ കാര്യം? 

1983 ഏപ്രില്‍ 19-ന് സി.കെ.റ്റി.യു. കമ്മിറ്റിയുണ്ടാക്കി. കവിയൂര്‍ സുകുമാരന്‍, റ്റി. മനാസ് തട്ടത്തുമല, സി.റ്റി. കുട്ടപ്പന്‍ എന്നിവര്‍ കല്ലറസാറിനൊപ്പം ഭാരവാഹികളായി. 

സി.കെ.റ്റി.യു.വിന് എത്ര മെമ്പര്‍മാര്‍ ഉണ്ട്? 

2000 പേരുണ്ട് മെമ്പര്‍മാരായി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ