"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ദലിതർക്കിനി സഹിഷ്ണുതയെന്തിന്. ? " ശ്രീ.കല്ലറ സുകുമാരൻ "1995 ജനുവരി ലക്കം അസ്സിസി മാസികയിൽ പ്രസിദ്ധീകരിച്ചത്. (അഭിമുഖം)
ദലിതരെ സംബന്ധിച്ചിടത്തോളം സഹിഷ്ണുത എന്നത് അപകടകരമാണെന്നാണ് എന്റെ കാഴ്ചപ്പാട് .കാരണം അവർ എത്രമാത്രം സംയമനംപാലിക്കുകയും മറ്റുള്ളവരോട് സഹ വ്ത്തിത്വം പുലർത്തുകയും ചെയ്യുന്നോ അത്രയും അതവർക്ക് ദോഷകരമായി ഭവിക്കുകയാണുണ്ടായിട്ടുള്ളത്.

465 വർഷം പഴക്കമുണ്ടായിരുന്ന മുസ്ലീംങ്ങളുടെ ദേവാലയം തകർത്ത് അവിടെ രാമവിഗ്രഹം സ്ഥാപിച്ച് ഒരു ഹൈന്ദവ ക്ഷേത്രം നിർമിച്ചില്ലേ ?അതിൽ ആക്രമിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ആ സഹിഷ്ണുത ബലഹീനതയായാണ് നമ്മുടെ വരേണ്യവർഗം കണ്ടത്.

മഹാബലിപുരത്ത് ഈയിടെ നടന്ന സംഭവം തന്നെ നോക്കു.1932-ൽ ബ്രിട്ടീഷ് സർക്കാർ 250 ഏക്കർ ഭൂമി പട്ടികവർഗക്കാർക്ക് കൊടുത്തതാണ്. ആ ഭൂമി സവർണ സമ്പന്ന വിഭാഗം കുറേശ്ശെ കൈയ്യേറിക്കൊണ്ടേയിരുന്നു .നിരന്തരമായി അവർ ഈ ഭൂരികിട്ടാൻ ശ്രമം നടത്തി.അവിടെ താമസിച്ചിരുന്ന ദലിത് വിഭാഗത്തിൽപ്പെട്ട ആളുകളെ മറ്റുള്ളവരും സർക്കാരും പോലീസും കൂടി ബലമായിത്തന്നെ കുറേശ്ശെ മാറ്റിക്കൊണ്ടു മിരുന്നു. പട്ടികവർഗക്കാരായ കൈവശക്കാരുടെ നിരന്തരസമരത്തിന്റെ ഫലമായി 1977-ൽ സർക്കാർ തന്നെ ദലിതർക്ക് പട്ടയം കൊടുത്തു. ആ പട്ടയഭൂമിയിലാണ് അവർ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചത്. ബ്രട്ടീഷുകാരുടെ ഭരണകാലത്ത് 1932-ൽ അവർ നല്കിയ സ്ഥലം, വീണ്ടും 77-ൽ സംസ്ഥാന സർക്കർ നല്കിയ പട്ടയ സ്ഥലത്ത് പരമാവധി 50 സെന്റ് സ്ഥലം മാത്രം പ്രതിമ സ്ഥാപിക്കുന്നതിന് മതിയായിരിക്കേ അതു പോലും കൊടുക്കാനുള്ള സംയമനമോ സഹിഷ്ണുതയോ സർക്കാരിനോ ഉപരിവർഗത്തിനോ ഇല്ലാതെ പോയി. ഇവിടെയാണ് നാം സഹിഷ്ണുതയുടെ വിലയറിയുന്നത്. സഹിഷ്ണുത എന്നത് ഒരു ബലഹീനതയാണെന്ന് കുറെയാളുകൾ സങ്കല്പ്പിച്ചിരിക്കുന്നു.

ഇതേപോലെതന്നെയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ കാര്യവും 1975-ൽ സംസ്ഥാന സർക്കാർ ഏകകണ്ഠമായി നിയമസഭയിൽ 1960-ലെ മുൻകാല പ്രാബല്യത്തോടെ നഷ്ടപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരികെ നൽകും എന്ന് തീരുമാനമെടുത്തു.

പക്ഷേ ഇതുനടപ്പാക്കാൻ അതിനുശേഷം വന്ന ഒരു സർക്കാരിന്റെയും ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായില്ല. ഇപ്പോഴും സഹിഷ്ണുത ക്ക് ഞങ്ങൾ തയ്യാറാണ്.

ഏതെങ്കിലും ഒരു ആദിവാസിയുടെ കൈയ്യേറ്റം ചെയ്യപ്പെട്ട , മതിയായ വില നൽകാതെ പിടിച്ചു വാങ്ങപ്പെട്ട ഭൂമിക്ക് - ആ വ്യക്തിയോട് മുഴുവൻ ചോദിക്കുന്നില്ല. നിരുപാധികം ഇറങ്ങി പോകാൻ ഞങ്ങൾ പറയുന്നില്ല - നീതി നടത്താൻ പറഞ്ഞാൻ കൈയ്യേറ്റക്കരന്റെ ഭാഗത്തു നിന്നും സഹീഷ്ണുതയുണ്ടാകുമോ ? ദലിതന് സഹിഷ്ണുത വേണമെന്നാണ് എല്ലാവരും പറയുക .

ഞാനീദിവങ്ങളിൽ വയനാടിലായിരുന്നു. ഫാ.വടക്കനെ പോലുള്ള ആളുകളാണ് അവിടെ അക്രമത്തിന് കൂട്ടുനില്ക്കുന്നത് .മോഹ ധരിച്ച്, ക്രിസ്തുവിനെപ്പോലും വിറ്റ് കാശാക്കുകയാണ് ഇവരെന്ന് ഞാൻ പറയും.അവരൊക്കെ വിചാരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.

ആദിവാസികളുടെ കാര്യമെടുക്കുക അവർക്ക് കിടപ്പാടമില്ല, ജീവിത സൗകര്യങ്ങളില്ല ,കുറച്ചു ഭൂരിലുണ്ടായിരുന്നു, അതും നഷ്ടപ്പെട്ടു. ലോകത്തിൽ മാനവികതയെപ്പറ്റി ഏറ്റവുമധികം പ്രസംഗിക്കുന്ന, ആദർശനത്തിനായി നിലകൊള്ളുന്ന, ക്രിസ്തുമതത്തിലെ ആളുകൾ തന്നെയാണ് ഈ പാവപ്പെട്ടവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സഹിഷ്ണുത എന്നു പറഞ്ഞത് ഞങ്ങൾ - ദലിതർ എങ്ങനെ വിലയിരുത്തണം ?

ഇവിട വികസനത്തിന്റെ പേരു പറയുന്നു. പൂയംകുട്ടി പദ്ധതി, ശബരിമല വികസനം ഇതെല്ലാം ആർക്കുവേണ്ടിയാണ്. ?ശബരിമല വികസനത്തിന്റെ പേരിൽ കുടിയിറക്ക പ്പെടുന്നത് അഞ്ഞം റിൽപ്പരം മലമ്പണ്ടാരങ്ങൾ എന്ന ആദിവാസികളാണ് . 21-ാം നൂറ്റാണ്ടിലേക്കു കടക്കുമ്പോഴും നഗ്നരായി നടക്കുന്ന ആദിവാസികളായ മലമ്പണ്ടാ രങ്ങൾ. ഇവിടെ എന്റെ വീടിന്റെ നാലുകിലോമീറ്റർ ചുറ്റളവിൽ പോലും മലമ്പണ്ടാ രങ്ങൾ നഗ്നരാണ്. ഇങ്ങനെ അപരിഷ്കൃതതരായി ജീവിക്കുന്ന അദിവാസികളാണ് ശബരിമല വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നത്. അതും വൈദത്തിന്റെ പേരിൽ .ഇവരാരും ദൈവത്തിനു മക്കളല്ലേ? അതു ചോദിക്കാൻ ദേവസ്വം ബോർഡു ണ്ടോ ?അതു ചോദിക്കാൻ ഇവിടെ സംസ്കാരിക നായകന്മാരുണ്ടേ ?മരത്തിന്റെ ഇല താഴെ വീണാൽ നെഞ്ചത്തടിച്ച് വിലപിക്കുന്ന കൂട്ടരെല്ലം മൗനം ദീക്ഷിക്കുന്നു.

ഇതിന്റെ തുടക്കമെന്നോണം രണ്ടു വർഷം മുമ്പ് വടശ്ശേരിക്കരയിൽ ആദിവാസികളെ കുടിയിറക്കിക്കൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും സർക്കാരും വികസനമാഘോഷിച്ചു. എന്തിനു വേണ്ടിയാണെന്നു പോലും അവരോട് പറഞ്ഞില്ല. ഞാനുൾപ്പടെയുള്ള ആളുകൾ രംഗത്തുവന്നു. ഞങ്ങൾ കാൽനട ജാഥ നടത്തി വടശ്ശേരിക്കരയിൽ നിന്നും ഈ ആദിവാസികളുമായി തിരുവനന്തപുരം വരെയാത്ര ചെയ്തു.മന്ത്രിമാരെ കണ്ടു. മെമ്മോറാണ്ടം കൊടുത്തു ആർക്കുമൊന്നും പറയാനില്ല. സംയമനത്തോടെ കാര്യങ്ങൾ കേട്ടത് സ്പീക്കർ വർക്കല രാധാകൃഷ്ണനാണ്. കുറെ കീറിപ്പറിഞ്ഞ വസ്ത്രം അദ്ദേഹം ആദിവാസികൾക്കു നൽകി.അതൊക്കെ പത്രത്തിൽ വലിയ വാർത്തയായി. ബോക്സ് ന്യൂസ് വന്നു. വടശ്ശീക്കരയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികൾക്കുവേണ്ടി അദ്ദേഹത്തെപോലുള്ള മാർക്സിസ്റ്റു നേതാവിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യമാണ് അദേഹത്തിന്റെ കുട്ടികളും ഭാര്യയും ഉപയോഗിച്ച കുറെ പഴയ വസ്ത്രങ്ങൾ കൊടുക്കാൻ കഴിഞ്ഞു എന്നത് .

ഞങ്ങൾ ദില്ലിയിൽ പോയി നേതാക്കന്മാരെ കണ്ട് നിവേദനം സമർപ്പിച്ചു. അടിയന്തിര നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു. അവർക്ക് കുറെ അടികിട്ടിയതല്ലാതെ മറ്റൊരിടയന്തിര നടപടിയുമുണ്ടായില്ല.

ഇങ്ങനെ സർക്കാർ നടത്തുന്ന സകല നടപടിക്രവങ്ങളും ഞങ്ങൾക്കെതിരെയുള്ള തായിരിക്കുന്നു. പൂയംകുട്ടി പദ്ധതിയിൽ അവിടെ പരമ്പരാഗത ഈറ്റ തൊഴിലാളിക ളുടെ തൊഴിലവസരം നഷ്ടപ്പെടുകയാണ്. ദലിതന് തൊഴിലു നഷ്ടപ്പെടുന്നതിന്റെ പ്രശ്നങ്ങൾ നമ്മുടെ സാമൂഹിക സാമ്പത്തിക വിദഗ്ധർ കാണുന്നില്ല. ഞങ്ങളെ അവർ പറിച്ചുനടുകയാണ്. പറിച്ചുനടുക എന്നതു തന്നെയാണ് സർക്കാർ കണ്ടിരിക്കുന്ന പോംവഴി .തുടരെത്തുടരെ പറിച്ചുനടുക ,ഞങ്ങൾ ഈ മണ്ണുമായി ബന്ധപ്പെട്ട്, കൃഷിയുമായി ബന്ധപ്പെട്ട്, ഒരു സംസ്കാരം രൂപപ്പെടുത്തിയവരാണ്. അതിൽ നിന്നും അന്യമായ ഒരിടത്ത് ഞണ്ടളിൽ ഭൂരിപക്ഷത്തിനും ജീവിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. നാലോ ,അഞ്ചോ ശതമാനത്തിന് മാത്രം മറ്റേതെങ്കിലും തൊഴിലിലേക്ക് മാറാൻ കഴിയും .ഞങ്ങൾക്ക് കൃഷി ഭൂമി വിട്ടുകിട്ടാത്തിടത്തോളം കാലം ഞങ്ങൾ ഞങ്ങളുടെ പരമ്പരാഗത തൊഴിലിൽ നിന്നും സ്വന്കാരത്തിൽ നിന്നും അന്യവത്ക്ക രിക്കപ്പെടുകയാണ്. അതിന് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാക്കുവാനും അതിനെപ്പറ്റി ആലോചിക്കാനും ഇവിടെ ആരുമില്ല .ഈ പൂയംകുട്ടി പദ്ധതി പ്രദേശത്തു നിന്ന് പറിച്ചു മാറ്റപ്പെടുന്ന ആളുൾക്ക് എങ്ങോട്ട് ,എന്ത് പരമ്പരാഗത തൊഴിലിലെക്ക് മാറാൻ കഴിയും. ? അവർ ഈറ്റ കൊണ്ട് ജീവിച്ചു പോന്നതാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത ,ചെയ്യാൻ മടിക്കുന്ന തൊഴിലുകളാണിവയെല്ലാം .ഈറ്റവെട്ടിപൊളിയാക്കി നെയ്യുക എന്നു പറഞ്ഞാൽ അല്പം പരിശീലനം സിദ്ധിച്ചെങ്കിലെ സാധ്യമാകു.

ഈറ്റനെയ്യുന്ന പാരമ്പര്യവുമായി ബന്ധമുള്ളവർക്കേ അത് ചെയ്യാൻ കഴിയു.ആ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ വിഭാഗം ആളുകളെയാണ് അവിടെ നിന്ന് ഇപ്പോൾ മാറ്റി താമസിപ്പിക്കാൻ പോകുന്നത്.ഇവിടെ അർത്ഥമാക്കുന്നത് പൂയംകുട്ടി പദ്ധതി വികസനത്തിന്റെ ഭാഗമെന്നു പറയുമ്പോഴും ആ വികസനം ഞങ്ങളെ പ്രതിക കലമായി മാത്രം ബാധിക്കുന്നു എന്നതാണ് .ഇവിടെയും ഞങ്ങൾ സഹിഷ്ണുത പാലിക്കണമോ ?

നർമ്മദയിലും മുന്നര ലക്ഷത്തോളം ആദിവാസികളും അതുപോലുള്ള അധ:സ്ഥിത വിഭാഗങ്ങളുമാണ് പിറച്ചെറിയപ്പെടുന്നത്. ഞങ്ങളെ നശിപ്പിച്ചുകൊണ്ട് ഞങ്ങളുടെ നിലനില്പിനെ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം സമീപനങ്ങളെ വെറും സഹിഷ്ണുതയുടെ പേരിൽ, സംയമനത്തിന്റെ പേരിൽ ,ദേശീയതയുടെ പേരിൽ, ക്രമസമാധാനത്തിന്റെ പേരിലൊക്കെ അതെ പടി ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.

ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് അല്‌പമെങ്കിലും ചെവിക്കൊള്ളുന്ന ഒരു സാമൂഹിക രീതിയല്ല ഇവിടെ നിലവിലുള്ളത് .രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം തിമിര ബാധയാണ്. ഭരണാധികാരികൾക്ക് എങ്ങനെയും കൈയിട്ടുവാരാനും കൊള്ളയടിക്കാനുമുള്ള വ്യഗ്രതയും, മത പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കുമാകട്ടെ തങ്ങളുടെ മതത്തിന്റെ പേരിൽ വിദേശ പണം എത്രമാത്രം സംഭരിക്കാം, സുഖിക്കാം, എന്ന ആലോചനയാണ്. ഞങ്ങളുടെ മാറ്റത്തിന് കുറേക്കൂടി പ്രയോജനപ്രദമെന്നു തോന്നിയ ശൈലി ഈയിടെ കാണുന്നത് ആന്ധ്രയിലെ തീവ്രവാദി ഗ്രൂപ്പായ പീപ്പിൾസ് വാർഗ്രൂപ്പിന്റെ പ്രവർത്തന ഫലമായുണ്ടായതാണ്. ചില പോരായ്മകളൊക്കെയു ണ്ടെങ്കിലും അതിന് പല നന്മകളുമുണ്ട്. ആന്ധ്രയിൽ എൻ.ടി.രാമറാവു അധികാര ത്തിൽ വന്ന് അര മണിക്കൂറിനകം ഒപ്പുവെച്ച കടലാസ് മദ്യനിരോധനത്തിന്റെ തായിരുന്നു. ഞങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നവും അതുതന്നെ. ആദിവാസി കോളനികളിൽ റേഷൻകട ഇല്ലെങ്കിൽ പോലും പട്ടക്കടയുണ്ടാകും റേഷൻ കടയിൽ അരിയും പഞ്ചസാരയും മണ്ണെണ്ണയു ഒന്നും വന്നില്ലങ്കിലും പട്ടക്കടയിൽ ചാരായം വരും. ദലിതർപ്രതികക്കൊതിരിക്കാൻ നമ്മുടെ നാട്ടിലെ വരേണ്യവർഗം ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതിയാണിത്. പാവപ്പെട്ട ആദിവാസി ചാരായം വാങ്ങി കുടിച്ച് ബോധ ശൂന്യമായി ഓടയിൽ കിടക്കുമ്പോൾ അവൻ മ്ലേച്ഛനും നീകൃഷ്ടനുമായി ചിത്രീകരിക്കപ്പെടുന്നു. ആന്ധ്രയിലെ മദ്യനിരോധനത്തിന് വഴിതെളിച്ചത് പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അവരവിടെ അല്പം ശക്തിയായി പ്രതികരിക്കാൻ തയാറായതു കൊണ്ടാണ് സർക്കാർ ആ തീരുമാനം എടുക്കാൻ ഇടയായത്.

ദലിതരുടെ സംയമനത്തിന്റെയും സഹിഷ്ണുതയുടെയും, പരിധിവിട്ടു പോകുന്ന സന്ദർഭങ്ങൾ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ ബഹു.മുഖ്യമന്ത്രി ശ്രീ.കരുണാകരൻ, പട്ടികജാതിക്കാരനായ ഐ.ജി.ലക്ഷ്മണ കണക്കിലധികം സ്വത്തുസമ്പാദിച്ചു എന്നൊരു ഊമകത്തിന്റെ പിൻബലത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു എന്നാൽ വളരെയധികം തെളിവുണ്ടായിട്ടും ബ്രാഹ്മണനായ ഐ.ജി.രമൺ ശ്രീവാസ്തവ യുടെ പേരിൽ ചാരവൃത്തിക്കേസിൽ നടപടിയെടുക്കാൻ വിസമ്മതിക്കുന്നു. ഇവിടെ സഹിഷ്ണുത ആർക്കാണ് വേണ്ടത്. ?

നമ്മുടെ കോടതിയുടെ നിലപാടു പോലും ചോദ്യം ചെയ്യപ്പെടെണ്ടതാണ്. എസ്.ഐ.സോമൻ കേസിന്റെ കാര്യം തന്നെയെടുക്കുക.1983 മാർച്ച് 10-ാം തീയതി പകൽ 11 മണിക്കാണ് പാനൂർ പോലീസ് സ്റ്റേഷനകത്തുവെച്ച് പട്ടികജാതിക്കാരനായ സോമൻ നെഞ്ചത്ത് മൂന്നു വെടിയെറ്റു മരിച്ചത്. താമരശ്ശേരി ആസ്പ്രതി മിൽ പോസ്റ്ററുമോർട്ടം നടത്തിയ മഹാലക്ഷ്മിയമ്മയെന്ന ബ്രാഹ്മണ സ്ത്രീ ഒരം വെടിയുണ്ട മാത്രം പുറത്തെടുത്ത് തുന്നിക്കെട്ടി മൃതദേഹം വിട്ടുകൊടുത്തു. അവരത് ഏറ്റു വാങ്ങാതെ വീണ്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോൾ രണ്ടു വെടിയുണ്ടകൂടി പുറത്തുവന്നു. അതായത് ആദ്യം മുതൽ ആ കൊലപാതകത്തിൽ തിരിമറിയു ണ്ടായിരുന്നു. അന്നത്തെ എസ് .പി .യായിരുന്ന പത്മനാഭൻ എന്നയാൾ നായർ സമുദായത്തിൽപ്പെട്ടയാളായി രുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ തയാറാക്കിയപ്പോൾ അതൊരു ആത്മഹത്യയാണെന്നായിരുന്നു. നിഗമനം. അന്ന് കമ്മ്യൂണിസ്റ്റുകാരാണ് ഭരിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന സഖാവ് ടി.കെ.രാമകൃഷ്ണൻ സംഭവം നടന്ന് പിറ്റേന്നത്തെ പത്രത്തിൽ പ്രസ്താവന നൽകിയത് സംഭവം ആത്മഹത്യയായിരുന്നുവെന്നാണ്. മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പായിരുന്നു രേഖകൾ പരിശോധിക്കാതെ സംഭവസ്ഥലം സന്ദർശിക്കാതെയുള്ള ആ പ്രസ്താവന തുടരെയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും മൂലം കേസ് സി.ബി.ഐക്ക് വിട്ടു സീ.ബി.ഐ അത് ആത്മഹത്യയായിരുന്നില്ല. കൊലപാതകമായിരുന്നു എന്ന് കണ്ടെത്തി.പ്രതികളെ അറസ്റ്റു ചെയ്തു.സി.ബി.ഐ.കോടതി പ്രതികളെ ശിക്ഷിച്ചു. സെഷൻസ് കോടതി ശിക്ഷ അംഗികരിച്ചു.ഹൈക്കോടതിയും ശിക്ഷ അംഗീകരിച്ചു. സുപ്രിം കോടതിയിലെത്തിയപ്പോൾ കേസിലെ പ്രതികളെ വെറുതെ വിട്ടു.പ്രതികളെ വെറുതെ വിട്ടതിലല്ല ഞങ്ങളുടെ വ്യസനം, ഇൻഡ്യയിൽ ഇന്നറിയപ്പെടുന്നതിൽ ഏറ്റം പ്രസിദ്ധനായ ബാലിസ്റ്റിക് വിദഗ്ധനാണ് വിഷ്ണുനാരായണൻ നമ്പൂതിരി അദ്ദേഹം 160 തരത്തിലുള്ള പരിശോധനകൾ നടത്തി.ആറു മീറ്റർ അകലെ നിന്നാണ് വെടിയേറ്റിട്ടു ള്ളത് എന്ന് തെളിവു നൽകി.ഇപ്പോൾ സുപ്രിം കോടതി പറയുന്നു. അത് തന്നെത്താൻ വെടിവെച്ച.ഒരാത്മഹത്യയായിരുന്നുവെന്ന് വിധി പ്രസ്താവത്തിൽ ഈ ആറു മീറ്റർ അകലെനിന്നുള്ള വെടിയെപ്പറ്റി ഒരക്ഷരം പറയുന്നില്ല .ഞങ്ങൾക്കുള്ള വേദനയതാണ്. കൊല്ലപ്പെട്ടത് ഒരു പട്ടികജാതിക്കാരാനാകുമ്പോൾ അവന്റെ കൈക്ക് 6 മീറ്റർ നീളമുണ്ടാകുമോ ? ഇങ്ങനെയുള്ള നൂറു നൂറ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ദലിതരെ സംബന്ധിച്ചിടത്തോളം സഹിഷ്ണുതയെന്നു പറയുന്നത് ഇനി അപകടമാണ് എന്നാണ് എനിക്കു തോന്നുന്നത്. സഹിഷ്ണുത വേണ്ടിയിരിക്കുന്നത് മറുഭാഗത്തു നിന്നാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് .സവർണ മുല്യങ്ങളുൾക്കൊള്ളുന്ന നീതിപീoത്തിന്റെ ഭാഗത്തുനിന്ന് .ചൂഷകമായ വ്യവസ്ഥിതിയുടെ ഭാഗത്തുനിന്ന് .മൊത്തം മേലാളസമൂഹത്തിന്റെ ഭാഗത്തുനിന്ന് .

മതത്തിനെതിരെപോലും ദലിതർ കലാപം നടത്തേണ്ടിയിരിക്കുന്നു. പള്ളികൾക്കെ തിരെ ദലിത് ക്രിസ്ത്യാനികൾ കലാപം നടത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇപ്പോഴും നമ്മുടെ സവർണ ക്രിസ്ത്യാനികളുടെ ഭാവം - ഞങ്ങൾ ബ്രാഹ്മണർ - നിങ്ങൾ വലിഞ്ഞുകയറി വന്ന അമിത്തജാതിക്കാർ എന്നതാണ് .ക്രിസ്തീയ സഭകൾ ക്രിസ്റ്റ്യാനിറ്റിയുടെ സംസ്കാരമോ ആധ്യാത്മികതയോ വേദ പ്രമാണങ്ങളോബൈബിളോ പോലും ഉപേക്ഷിച്ചിട്ട്, ക്രിസ്തുവിനെപ്പോലും മറന്നിട്ടാണ് ദലിത് ക്രൈസ്തവരോടു പെരുമാറുന്നത്. കാട്ടിക്കൊണ്ടിരിക്കുന്നു. ഇൻഡ്യൻ ക്രിസ്ത്യാനികളിൽ നാലിൽ മൂന്നു ഭാഗവും ദലിതരാണ്. തമിഴ്നാട്ടിൽ, കർണാടക ത്തിൽ, ആന്ധ്രയിൽ, ഉത്തര പൂർവ സംസ്ഥാനങ്ങളിൽ എല്ലാം ഞങ്ങൾക്ക് ക്രിസ്തുമതത്തിലുള്ള ബഹുമാനമെന്നു പറയുന്നത് - ബ്രിട്ടിഷുകാർ ഇവിടെ ഭരിച്ചപ്പോൾ ഇവിടെ വന്ന കുറെ ക്രിസ്തീയ മിഷനറിമാർ ഞങ്ങളോട് സഹാനുഭൂതി കാണിച്ചു -അവരോടു മാത്രമാണ്. വെള്ളക്കാരായ ക്രിസ്തീയ മിഷനറിമാർ ദലിതരോട് കാണിച്ച കാരുണ്യത്തിന്റെ പത്തിലൊന്ന് ഇവിടത്തെ നാട്ടുകാരായ ക്രിസ്തീയ മെത്ര്യാന്മാരും വൈദികരും ഞങ്ങളോടു കാണിച്ചിട്ടില്ല. ഞങ്ങളെ വിറ്റ് കാശാക്കുകയാണവർ. ദലിതരുടെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നു ചേരുന്ന പണത്തിന് കൈയും കണക്കുമില്ല.അവർ അവർക്കിടയിൽ അരക്കിഷ്ടം പോലെ പങ്കു വെക്കുകയാണ്. ദലിതർക്കൊന്നും കൊടുക്കാറില്ല. അവിടത്തെ തൂപ്പുകാരായി പോലും ജോലി നല്കാറുമില്ല.

എന്റെ കാര്യം പറയാം .എനിക്ക് രണ്ട് ആൺമക്കളാണ് .ഒരാൾ പ്രീഡിഗ്രി പഠിച്ചു.രണ്ടാമൻ ബി.എ.പൂർത്തിയാക്കി പതിനഞ്ചു കൊല്ലമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു. ഏകദേശം ഇരുനൂറിൽപ്പരം ടെസ്റ്റുകളെഴുതി .പലതിലും വിജയിച്ചു ഇന്നുവരെ ആറു മാസത്തെ പണി പോലും ലഭിച്ചിട്ടില്ല. ഞങ്ങാടെ പേരിൽ ലക്ഷങ്ങളും കോടികളും കൊണ്ടുവന്ന് ചെലവാക്കുന്ന പല ക്രിസ്തീയ മത സ്ഥാപനങ്ങളെയും എനിക്കു നേരിട്ടറിയാം ഞാൻ 365 ദിവസവും പൊതു പ്രവർത്തനവുമായി നടക്കുന്നവനാണ്. ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങർക്ക് കഴിയുമെങ്കിൽ എന്റെ മക്കളിൽ ഒരാൾക്ക് ജോലി കൊടുക്കുക ഇല്ല. അവരതു ചെയ്തിട്ടില്ല.

ദലിത് ക്രൈസ്തവരുടെ സംവരണത്തിന്റെ പ്രശ്നമെടുക്കാം. നമ്മുടെ ത് ഒരു മതേതര രാഷ്ട്രമാണെന്ന് പറയുന്നു. ഇവിടെ നിലനില്ക്കുന്ന, സഹസ്രാബ്ദങ്ങൾ നിലനിന്നിരുന്ന ജാതിയവും സാമുദായികവും സംസ്കാരികവും സാമൂഹികവുമായ അയിത്തത്തിന്റെ യും ചൂഷണത്തിന്റെയും പോരിലാണ് സംവരണം എന്ന പരിപാടി ആവിഷ്ക്കരിക്ക പ്പെട്ടത് .ദലിതൻ ക്രിസ്തുമതത്തിലും ദലിതൻ തന്നെയാണ്.പിന്നെയെന്തുകൊണ്ട് ദലിത് ക്രൈസ്തവന് സംവരണം ലഭിക്കുന്നില്ല. അവനെ സംവരണപട്ടികയിൽ ചേർക്കുന്നില്ല. അവരതു ചെച്ചില്ല. അവരോട് ഇനിയും സഹിഷ്ണുത വേണമെന്ന് നാമെങ്ങനെയാണ് പറയുക. ? ദലിത് ക്രൈസ്തവരുടെ സംരവണ പ്രശ്നത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കണം ? തീർച്ചയായും അവരെ മാമോദീസ മുക്കിയ മതമേലധ്യക്ഷന്മാർ തന്നെ അതു ചെയ്യണം ഇന്നുവരെ അവർ ആ വഴിക്ക് തിരിഞ്ഞിട്ടുണ്ടോ ?ഒരൊറ്റ തിരഞ്ഞെ ടുപ്പിന്റെ സമയത്ത് ക്രൈസ്തവ മേലധ്യക്ഷന്മാർ കൂടിയിരുന്ന് ദലിത് ക്രൈസ്തവരുടെ പ്രശ്നത്തിൽ ഒരു തീരുമാനമണ്ടാകുന്നില്ലെങ്കിൽ രാഷ്ട്രീയമായി ഞങ്ങൾ അതിനെ നേരിടും എന്ന് പ്രസ്താവിച്ചാൽ കാര്യങ്ങൾ നീങ്ങും പക്ഷേ, അവരത് ചെയ്യില്ല. കാരണം അതവരെ ബാധിക്കുന്ന പ്രശ്നമല്ല.

ഇനി ജനപ്രാതിനിധ്യസഭയിലെ കാര്യമെടുക്കാം, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ദലിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട അഞ്ച് എം.എൽ.എമാർ നമുക്കുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ ആദ്യ ദശകത്തിൽ അത് രണ്ടായി കുറഞ്ഞു പക്ഷേ കഴിഞ്ഞ നാല്പതു കൊല്ലമായി ഒരു പഞ്ചായത്തു മെമ്പർ പോലും ഈ സമുദായത്തിനില്ല. പുരോഗതിയുടെ പാതയിൽ മറ്റുള്ളവർ മുന്നോട്ടു കുതിച്ചു പാഞ്ഞപ്പോൾ ദലിതർ മുന്നോട്ടു പാഞ്ഞവരുടെ ചവിട്ടേറ്റ് പിന്നോട്ടു പോയി. ഇനിയും അവർക്ക് സഹിഷ്ണുത വേണം !

ഇക്കൊല്ലാത്തെ തിരുവോണം ഇന്നാട്ടിലെ സവർണർ ആഘോഷിച്ചത് ദലിതരുടെ മേൽ അതിക്രമം അഴിച്ചുവിട്ടു കൊണ്ടാണ്. ഒന്നല്ല - മൂന്ന് സംഭവങ്ങളാണ് ഈ കൊച്ചു കേരളത്തിൽ ഉണ്ടായത് കൊല്ലം ജില്ലയിലെ പുനലൂരിൽ 35 കിലോമീറ്റർ വടക്കു മാറി ഒരു കോളനിയിൽ കുറുവ സമുദായത്തിൽപ്പെട്ട മനുഷ്യരുടെ മേലുണ്ടായ പീഡന ത്തിന്റെ കഥ തന്നെ എടുക്കാം 1982-ൽ സ്‌റ്റേറ്റ് ഫാമിങ്ങ് കോർപ്പറേഷൻകുടിയിറക്കിയ 46 കുടുംബങ്ങൾക്കാണ് ഒരേക്കർ ഭൂമി വീതം സർക്കാർ ഇവിടെ പതിച്ചു നല്കിയിരുന്നത്. ഈ 46 കുടുംബങ്ങളിൽ കഴിഞ്ഞ പത്തുകൊല്ലത്തിനകം 36 കുടുംബവും സ്ഥലം വിട്ടു. സ്വയം പോയതായിരുന്നില്ല. അവിടെ അടുത്തുള്ള നായന്മാരും, ക്രിസ്ത്യാനികളും ഈഴവരുമൊക്കെയടങ്ങുന്ന സമൂഹത്തിന്റെ അതിക്രമങ്ങൾകൊണ്ടും ഭീഷണി കൊണ്ടും നാടുവിട്ടവരായിരുന്നു അവർ.വെറും 1700 രൂപക്കുവരെ ഭൂമി വിറ്റ വരുണ്ടെന്നു പറഞ്ഞാൽ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാമല്ലോ .പത്തു കുടുംബം മാത്രം അവിടെ ശേഷിച്ചു. ക്രൈസ്തവരും നായന്മാരും മുസ്ലിംങ്ങളും ഈഴവരുമൊ ക്കെയടങ്ങുന്ന സമീപവാസികൾ ഇക്കഴിഞ്ഞ തിരുവേണദിവസം ആപത്തു കുടുംമ്പങ്ങളെ അവരുടെ കോളനിയിൽ കയറി ആക്രമിച്ചു ഒരു വീട് തീവെച്ചു നശിപ്പിച്ചു.മറ്റു മൂന്നു വീടുകൾ തകർത്തു.65 വയസുള്ള കുറുമ്പി എന്ന സ്ത്രീയുൾപ്പെടെ എട്ടു പേരെ അടിച്ചു മുറിവേല്പിച്ചു. ഒരാളുടെ കൈയൊടിച്ചു. പലരും ആസ്പത്രിയിലായി. ഈ സംഭവമെല്ലാം കഴിഞ്ഞിട്ട് 45 ദിവസത്തേക്ക് പോലീസ് കേസെടുത്തില്ല എന്നതാണ് ശ്രദ്ധേയം തീവെപ്പു കേസുണ്ട്. ദലിത് പീഡനമുണ്ട്.അങ്ങനെ പല കുറ്റങ്ങൾ അരങ്ങേ റിയിട്ടാണ് ഈ പ്രതികരണം .അന്ന് ബഹുജന ശബ്ദം രൂപീകരിച്ച് കേസുമായി നടന്ന അച്ചൻകോവിൽ കുട്ടപ്പൻ എന്ന ദലിത് പ്രവർത്തകനെ അവർ കൊന്നു. മിനിയാന്നാ യിരുന്നു പോസ്റ്റുമോർട്ടം. ഇന്നലെ ശവമടക്കി ( ഞാ ആഭിമുഖം നടക്കുന്നത് ഡിസംബർ 21-ന് ആണ്.)

തിരുവോണ ദിവസം തന്നെ പത്തനംതിട്ട ടൗണിൽ നിന്ന് 10 കിലോമീറ്റർ മാറിക കൂടൽ എന്ന സ്ഥലത്ത് കുറെ സവർണർക്ക് തിരുവോണത്തിന്റെ മദ്യസേവ കഴിഞ്ഞപ്പോൾ സ്ത്രികളെ വേണമെന്നായി .അവരതിന് തൊട്ടടുത്ത കോളനിയിൽ കയറി പലരെയും ആക്രമിച്ചു.അഞ്ചു വയസ്സുള്ള കുട്ടിയെ വരെ വെറുതെ വിട്ടില്ല. ഒരു സ്ത്രിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു ബലപ്രയോഗത്തിൽ ആവരുടെ കൈയൊടിഞ്ഞു. അതോടെ രക്ഷക്കോടി വന്ന അവരുടെ സഹോദരനെ മുഖത്തടിച്ച് അയാളുടെ ആറു പല്ല് കളഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്പത്രിയിൽ അവർ 31 ദിവസം കിടന്നിട്ടും പോലീസ് കേസെടുത്തില്ല. 32-ാം ദിവസമാണ് ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുന്നത്.

അതേ തിരുവോണ ദിവസം തന്നെ തൃശൂരിനടുത്ത് പോർക്കുളത്ത് ഉണ്ണിക്കൃഷ്ൻ എന്ന ദലിതനെ ആസ്പത്രിയിൽ സന്ദർശിച്ച് മടങ്ങി വന്ന വ്യക്തിയെ കുറെ സവർണർ തടഞ്ഞു നിർത്തി മൃഗീയമായി മർദിച്ചു. ബോധം വീണപ്പോൾ പെരുവഴിയിൽ കിടന്ന് വെള്ളം യാചിച്ച അയാളുടെ വായിലേക്ക് അവർ വട്ടം കൂടി നിന്ന് മൂത്രമൊഴിച്ചു.തിരുവോണം ആഘോഷിക്കണമല്ലോ! മഹാബലിയെന്ന അവർണ രാജാവിനെ വാമനൻ എന്ന ബ്രാഹ്മണൻകീഴ്പ്പെടുത്തി കൊന്നതിന്റെ ഓർമയാണല്ലോ തീരുവോണം.

ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടിച്ചമർത്തലിനും ചൂഷണത്തിനും മാത്രം വിധേയമാകുന്ന ദലിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇനിയും സഹിഷ്ണുതയെക്കുറിച്ച് ചിന്തിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

ജയ് ഭീം ......
പശുവിന്റെയും, മതത്തിന്റെയും പേരിൽ ഇന്ത്യയിൽ എമ്പാടും തദ്ദേശിയ ജനത മൃഗീയമായി കൊലചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, പേരാമ്പ്രായിലും, ഗോവിന്ദപുരത്തും ജാതിയ മായ പീഡനം ഏറ്റുവാങ്ങുന്ന ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിലെ തദ്ദേശിയ ജനത സഹിഷ്ണുതയുള്ളവരായി ജീവിക്കണമോ എന്ന് സ്വയം ചിന്തിക്കുവാൻ 22 വർഷം മുൻപ് ശ്രീ.കല്ലറ സുകുമാരൻ പറഞ്ഞ ഈ വാക്കുകൾ പ്രചോദനമാകട്ടെ .

സ്നേഹപൂർവ്വം
റോബിൻസൺ .എൻ.കെ.
പീരുമേട്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ