"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

ഗ്രോ വാസു കല്ലറ സുകുമാരനെ കുറിച്ച്....


ചോദ്യം : എന്നുമുതലാണ് വാസുഏട്ടന്‍ കല്ലറ സാറുമായി പരിചയപ്പെടുന്നത്?
ഗുരുവായുര്‍ സത്യാഗ്രഹ ജാഥ വൈക്കത്ത് എത്തുമ്പോഴാണ് ആദ്യമായി കല്ലറ സുകുമാരനെ കാണുന്നത്. ഗ്രോ സമരത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് ഞങ്ങള്‍ വൈക്കത്ത് എത്തിയത്.


അദ്ദേഹം സമരത്തില്‍ സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയും പലപ്രാവശ്യം സമരത്തിനു മാത്രം കോഴിക്കോട്ട് എത്തുകയും ചെയ്തു. അങ്ങനെയാണു ഞങ്ങളുടെ ബന്ധം ദൃഢമാകുന്നത്.

കോഴിക്കോട്ട് ഗ്രോ നടത്തുന്ന സമരത്തില്‍ മാത്രമല്ല ഞങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ സമരങ്ങളിലും കല്ലറസുകുമാരന്‍ സജീവ സാന്നിദ്ധ്യമായി. 

ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നത് കെ.വി. വാസുദേവന്റെ നേതൃത്വത്തില്‍ നടത്തിയ മണ്ഡല്‍ കമ്മീഷന്‍ സമരത്തോടനുബന്ധിച്ചാണ്.

ആ കാല്‍നട ജാഥയില്‍ കല്ലറ സുകുമാരനെ സംബന്ധിച്ച് വലിയൊരു പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ നീര് ഉണ്ടായിരുന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം നടന്നു. ജനസാന്ദ്രമായ എല്ലായിടങ്ങളിലും അദ്ദേഹം നടന്നു പ്രസംഗിച്ചു. ഈ ജാഥയില്‍ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു.

ഈ ജാഥയുടെ സമാപന സമ്മേളനങ്ങള്‍ക്കുശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യും. ആ സംഭാഷണങ്ങളില്‍ നിന്നാണ് കല്ലറ ഒരു അമാനുഷ്യ വ്യക്തിയാണെന്നും, ദലിത് പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്നും, നല്ല ഒരു അംബേദ്ക്കറിസ്റ്റാണെന്നും എനിക്ക് മനസ്സിലായത്.

കേരളത്തിലെ ദലിത് വിമോചനത്തിനായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും ദീര്‍ഘദൃഷ്ടിയും കല്ലറയ്ക്കുണ്ടെന്നു ഈ യാത്രയിലാണ് എനിക്ക് മനസ്സിലായത്.

പ്രഗത്ഭനായ ഒരു പ്രാസംഗികനാണ് കല്ലറ എന്നു മനസ്സിലാക്കിയത് ഈ യാത്രയിലാണ്. എത്ര സംസാരിച്ചാലും ക്ഷീണമില്ലാത്ത ആളായിരുന്നു അദ്ദേഹം. ജനസാന്ദ്രതയുള്ള ഒരിടത്തു കല്ലറ പ്രസംഗിച്ചു കഴിഞ്ഞാല്‍ പീന്നീട് മറ്റാര്‍ക്കും ഒന്നും പറയേണ്ടതില്ല. ആ വിധത്തില്‍ അദ്ദേഹം പ്രശ്‌നം അവതരിപ്പിക്കുമായിരുന്നു.

ഞങ്ങളുടെ രാഷ്ടീയത്തോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. രക്തസാക്ഷികളെ ആദരിക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഒരിക്കല്‍ ഞങ്ങളുടെ പോസ്റ്ററില്‍ ഒരു മുദ്രവാക്യം എഴുതിവച്ചു.

ദലിത് അധസ്ഥിത കോടികളെ ഒന്നിക്കു
മാര്‍കിസം ഇന്ത്യയില്‍ സവര്‍ണ്ണന്റെ തടവറയിലാണ്.
ഗാന്ധിസം സവര്‍ണ്ണനു പാദസേവചെയ്യുകയാണെന്നും നിങ്ങളറിയുന്നു.

ടൗണ്‍ ഹാളിന്റെ മുന്നില്‍ ആ പോസ്റ്റര്‍ വായിച്ചിട്ട് എനിക്ക് ഷേയ്ക്ക് ഹാന്റ് തന്നു പറഞ്ഞു

വാസു വേട്ടാ, ഇതു ഗംഭീരമായിരിക്കുന്നു. ആദ്യമായിട്ടു ഒരാളതിനെ അഭിനന്ദിച്ചത് കല്ലറയായിരുന്നു.

കേരളത്തിലുടനീളം ദലിതരെ ഏകീകരിക്കാനും കഴിയുന്ന ഏക ബുദ്ധിജീവിയായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹം നേരത്തെ കടന്നുപോയി.

ഇത് ദലിത് സമുഹത്തിനും എന്നെപ്പോലെയുള്ളവര്‍ക്കും കനത്ത നഷ്ടം തന്നെയാണ്. കല്ലറ സുകുമാരനെപ്പെലെയുള്ളവര്‍ വളര്‍ന്നുവരണം എന്നാണെന്റെ ആഗ്രഹം.

? മാവുര്‍ സമരത്തില്‍ കല്ലറയുടെ പിന്തുണ എങ്ങനെയാണു സ്പീഡപ്പു ചെയ്തത്.

ഗ്രോ സമരത്തെ മാര്‍കിസ്റ്റുപാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. അവര്‍ ഉയര്‍ത്തിവിട്ട വാദങ്ങള്‍ മുഴുവന്‍ കല്ലറയുടെ പ്രസംഗത്തില്‍ അറത്തുകളയുവാനും, അദ്ദേഹത്തിന്റെ വാഗ് വിലാ സം അവരെ നിരായുധുരാക്കുവാനും കഴിഞ്ഞു.

പത്രവും മറ്റുമാധ്യമങ്ങളും അനേകം ഘടകങ്ങളും അവര്‍ക്കുണ്ടായിട്ടും അതിനെയൊക്കെ അസ്തപ്രജ്ഞമാക്കുവാന്‍ കല്ലറയുടെ പ്രസംഗങ്ങള്‍ക്കു കഴിഞ്ഞു. മാത്രമല്ല അദ്ദേഹത്തെപ്പോലെ പ്രഗത്ഭനായ ഒരു പ്രസംഗകനെ കിട്ടിയിട്ടില്ല. കല്ലറയേയും, കെ.പി.ആര്‍. ഗോപാലനേയുമാണ് ഞങ്ങള്‍ ഗ്രോ സമരത്തില്‍ സ്മരിക്കുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ