"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍: നീതിബോധത്തിന്റെ മഹാശബ്ദം - സണ്ണി എം കപിക്കാട്


ആധുനികാന്തര കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച ആദരണീയവ്യക്തിത്വമാണ് ശ്രീ കല്ലറ സുകുമാരന്‍. കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനും, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സ്വന്തം നിലയില്‍ ബഹുജനാടിത്തറയുളള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപം കൊടുത്ത രാഷ്ട്രീയ നേതാവും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പു തന്നെ വിജയകരമായൊരു ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് രൂപം കൊടുത്ത അതുല്യ സംഘാടകനും സര്‍വ്വോപരി ആരാധകരും അനുയായികളുമുണ്ടായിരുന്ന കല്ലറ സുകുമാരന്റെ ജീവിതങ്ങളും പ്രവര്‍ത്തനങ്ങളും ഗൗരവമായി പരിഗണിക്കാന്‍ കേരളം വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? കല്ലറ സുകുമാരന്റെ ജീവിതത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന തമസ്‌കരണ തന്ത്രത്തിന്റെ വേരുകള്‍ നാം തിരയേണ്ടത് കേവലമായ സവര്‍ണ്ണ-അവര്‍ണ്ണ തിരസ്‌കാരത്തിന്റെ യുക്തിക്കകത്തല്ല, മറിച്ച് ആധുനിക കേരളത്തെ സൃഷ്ടിച്ച സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലാണ്.

കൊളോണിയല്‍ അധികാരത്തിന്‍ കീഴില്‍ നടന്ന ആധുനിക കേരളത്തിലെ വിവിധ ജാതികളെ വ്യത്യസ്ത രൂപങ്ങളിലാണ് സ്വാധീനിച്ചത്. വേലുത്തമ്പിയെന്ന നായര്‍ ഭരണാധികാരി വിദേശികള്‍ക്കെതിരെ പടനയിച്ച്, ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മത്ഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലെ ഒരിനം വിദേശ ഭരണാധികാരികള്‍ ജാതി നിയമങ്ങള്‍ പരിപാലി ക്കുന്നതിന് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന പരാതിയായിരുന്നു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് ശ്രീനാരായണഗുരു പറഞ്ഞത് ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ നാമെല്ലാം പ്രാത്ഥിക്കണം. കാരണം അവരാണ് നമുക്ക് സന്ന്യാസം തന്നത് എന്നായിരുന്നു. മഹാത്മാ അയ്യന്‍ങ്കാളി അദ്ദേഹത്തിന്റെ ജീവിത സ്വപ്‌നമാ യി പറഞ്ഞത് എന്റെ സമുദായത്തില്‍ നിന്നും പത്തു ബി.എ.ക്കാരെ കണ്ടിട്ടു മരിക്കണമെന്നാണ്.

ആധുനികതയുടെ ഗുണഭോക്താക്കളാകാനുള്ള വലിയ അഭിലാഷം കേരളത്തിലെ കീഴാള ജന വിഭാഗങ്ങളിലുണ്ടായിരുന്നെങ്കിലും സവര്‍ണ്ണ വിഭാഗങ്ങളുടെ സംഘടിത മായ എതിര്‍പ്പുകള്‍ നിരന്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം ചെയ്യുവാനും സഞ്ചാരസ്വാതന്ത്ര്യത്തിനും, പൊതുഇടങ്ങളില്‍ പ്രവേശിപ്പിക്കുവാനും ദലിതര്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും കലാപങ്ങളാക്കി മാറ്റിക്കൊണ്ട് സമര്‍ഥമായി തടയുവാന്‍ സവര്‍ണ്ണര്‍ക്കു കഴിഞ്ഞു. ഇതേ സമയം തന്നെ സവര്‍ണ്ണരിലെ ഒരു വിഭാഗം ആധുനിക ഭരണ സംവിധാനത്തിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞിരുന്നു. 1860 മുതലാരാംഭിക്കുന്ന ഈ കാലഘട്ടം ആധുനിക കേരളത്തിലെ ചരിത്രത്തില്‍ നിര്‍ണ്ണായകമാണ്.

ഒരു ആധുനിക സമൂഹത്തിനാവശ്യമായ എല്ലാ സാമഗ്രികളും രൂപപ്പെടുന്നത് ഇക്കാലത്താണ്. ആധുനിക രൂപത്തിലുള്ള ഒരു ചരിത്രം മലയാള ഗദ്യം, നോവല്‍ അടക്കമുള്ള ആധുനിക സാഹിത്യം, സാഹിത്യ വിമര്‍ശനം, പത്രപ്രവര്‍ത്തനം, സാഹിത്യ ചര്‍ച്ചാവേദികള്‍, സിവില്‍ കൂട്ടായ്മകള്‍. രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയെല്ലാം രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഓരോ മേഖലയിലേയും പ്രഖ്യാപിത പിതാക്കന്മാരെയെടുക്കുമ്പോള്‍ ഇവരെല്ലാം ആധുനിക വിദ്യാഭ്യാസം കൈവരിച്ച സവര്‍ണ്ണരാണെന്നു കാണാം. ഒരു ജനതയെന്ന നിലയില്‍ മലയാളിയുടെ ഭാവിയെ നിര്‍ണ്ണായകമായി രൂപപ്പെടുത്തിയ ഈ ചരിത്ര പ്രക്രിയയില്‍ നിന്നും ദലിതര്‍ പൂര്‍ണ്ണമായും പുറത്തായിരുന്നു. ശ്രീനാരായണഗുരു, ഡോ.പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍, സി.വി. കുഞ്ഞിരാമന്‍, ടി.കെ. മാധവന്‍. സി. കേശവന്‍ തുടങ്ങിയവരിലൂടെ ഈഴവ സമുദായം ഈ പ്രക്രിയയില്‍ ഇടപ്പെട്ടിരുന്നു എന്നതും ഇതിനോടു കൂട്ടി വച്ച് വായിക്കേണ്ടതായിരുന്നു.

സാമുദായിക മത്സരങ്ങളുടെ രംഗഭൂമിയില്‍ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും, പാമ്പാടി ജോണ്‍ ജോസഫുമെല്ലാം പ്രസക്തമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോള്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ച ചരിത്ര രൂപീകരണം അവരെ അപ്രസക്തരാക്കിക്കൊണ്ട് മുന്നേറുകയായിരുന്നു. ആധുനിക പൗരനായി വേഷം മാറിയ സവര്‍ണ്ണന്‍ ദേശം, ദേശീയത, രാഷ്ട്രനിര്‍മ്മാണം, തൊഴിലാളി വിമോചനം തുടങ്ങിയ വീക്ഷണങ്ങളുടെ വക്താക്കളായി അരങ്ങ് നിറഞ്ഞാടിയപ്പോള്‍ ജാതിയും സാമുദായിക വുമെല്ലാം പഴഞ്ചന്‍ കാര്യങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. നാല്പതുകളാകുമ്പോള്‍ സാമുദായികപ്രസ്ഥാനങ്ങള്‍ ഇല്ലാതാവുകയോ, ഓരങ്ങളിലേക്ക് ഉള്‍വലിയുകയോ ചെയ്യുന്നതിങ്ങനെയാണ്. ഇവിടെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ദലിത് ജനത യാണ്. അവര്‍ കേരളീയ സമൂഹത്തില്‍ അദൃശ്യരായ ആള്‍ക്കൂട്ടമായി രാഷട്രീയ പാര്‍ട്ടികള്‍ക്കു പിന്നില്‍ ഒഴുകി നടന്നു.

സവിശേഷമായൊരു ചരിത്രപ്രക്രിയയിലൂടെ അനാഥരായ കേരളത്തിലെ ദലിതരെ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം കൊടുക്കുന്നതിലൂടെയാണ് കല്ലറ സുകുമാരന്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരദ്ധ്യായമായി മാറുന്നത്. കല്ലറ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന അറുപതുകള്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. കേരളത്തിലെ ദലിതര്‍ക്കിടയില്‍ നിന്നും വിദ്യാസമ്പന്നരായ വിപുലമായൊരു തലമുറ രൂപപ്പെടുന്നതും ഇക്കാലത്താണ്. ഈ തലമുറയാണ് കേരള ഹരിജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനുണ്ടാക്കുന്നത്. ദലിതര്‍ക്കിട യില്‍ നിന്നും രൂപപ്പെട്ടു വന്ന വിദ്യാസമ്പന്നരായ ഒരു തലമുറയെ ദലിത് സ്വത്വബോധത്തിലേക്കും അംബേദ്കര്‍ ചിന്തയിലേക്കും നയിക്കാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് കല്ലറ സുകുമാരന്റെ ചരിത്രപരമായ പ്രസക്തി.

മാത്രവുമല്ല സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെ ടണമെന്ന ഡോ. അംബേദ്കറുടെ മഹത്തായ ആശയത്തെ സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെഴുതി ചേര്‍ക്കുകയായിരുന്നു കല്ലറ സുകുമാരന്‍. സാര്‍വലൗകിക പ്രത്യയശാസ്ത്ര തണലില്‍ കേരളം അഭിരമിക്കുമ്പോഴാണ് അംബേദ്കറെ മുന്‍നിര്‍ത്തി കല്ലറ സുകുമാരന്‍ പടനയിച്ചത്. ദേശീയ പ്രസ്ഥാനത്തി ന്റേയും മാര്‍ക്‌സിസത്തിന്റേയും പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പു റം മറ്റൊരു ചിന്താലോകം ദലിതര്‍ക്ക് സാദ്ധ്യമാണെന്നും. സാദ്ധ്യമാക്കണമെന്നും അദ്ദേഹത്തിന്റെ രചനകള്‍ നിരന്തരം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ ദലിതരുടെ വാക്കും നോക്കും മാത്രമല്ല ഭാവനയും രാഷ്ട്രീയ ധീരതയുമായിരുന്നു കല്ലറ സുകുമരാന്‍.

അതുകൊണ്ടാണ് കേരള ത്തിലെ പൊതുസമൂഹം കല്ലറസുകുമാരന്റെ ജീവിതത്തെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കല്ലറ സുകുമാരനോടൊപ്പം പതിനായിര കണക്കിനും വോട്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഇരുമുന്നണികളും അദ്ദേഹത്തെ തിരസ്‌കരിച്ചത് ദലിതരുടെ രാഷ്ട്രീയ പ്രാതിനിധ്യമെന്ന നിര്‍ണ്ണായകപ്രശ്‌നത്തിലാണ്. ഇടതായാലും വലതായാലും സവര്‍ണ്ണന്റെ ആധികാരികതയെ ആഘോഷമാക്കുന്ന കേരളത്തിലെ രാഷ്ട്രീയസമൂഹത്തിന് കല്ലറ സുകുമരാനെ പുറത്തു നിര്‍ത്തിയേ മതിയാവു. കേരളീയ പൊതുബോധത്തില്‍ ലീനമായിരിക്കുന്ന ജാതിബോധമാണ് ഈ തിരസ്‌കാരത്തിനു പിന്നില്‍. പൊതുബോധത്തെ പിളര്‍ക്കാനും നവീകരിക്കാനും കഴിയുന്ന സാമൂഹ്യശക്തിയായി ദലിതര്‍ മാറുമ്പോള്‍ മാത്രമേ ഇതിനെ മറികടക്കാനാവു. കല്ലറ സുകുമരാനെക്കുറിച്ച് നിശബ്ദത പാലിച്ച് പൊതു രാഷ്ട്രീയത്തിലിടം അന്വേക്ഷി ക്കുന്നവര്‍ ചരിത്രത്തിനുമേല്‍ കരിമ്പടം വിരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കല്ലറയോട് മാത്രമല്ല ദലിതരോടും വിഡ്ഢിത്തപൂര്‍ണ്ണമായ വഞ്ചനയാണ് കാണിക്കുന്നത്.

കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രവാഹമായിരുന്ന കല്ലറ സുകുമാരന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെയാണെന്നു തന്നെയാണ് നാം അടയാളപ്പെടുത്താന്‍ ശ്രമിക്കേണ്ടത്. കല്ലറ സുകുമാരനെ കേരളത്തിലെ ദലിതരുടെ വികാരവായ്പായി മാത്രം കാണുന്നത് അദ്ദേഹത്തെ ചരിത്രത്തിന് വെളിയില്‍ നിര്‍ത്താനേ ഉപകരിക്കു. കല്ലറ സുകുമരാന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം ചരിത്രത്തിന്റെ സംഭാവനയായി മാറുകയാണ്. അപ്പോള്‍ മാത്രമേ അദ്ദേഹം സമകാലിനതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാകു കയും ചെയ്യു.

ധീരവും ധന്യവുമായ ആ ജിവിതത്തെ ആദരപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ