"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

പുസ്തകാസ്വാദനം: കബനി ഒരു നദിമാത്രമല്ല - കുന്നുകുഴി എസ് മണി


കബനി ഗീത എന്ന പതിനേഴുകാരി വിവിധകാലഘട്ടങ്ങളിലായി രചന നടത്തിയ പതിനെട്ടോളം ചെറുകവിതകളുടെ സമാഹാരമാണ് 'കബനി ഒരു നദി മാത്രമല്ല' എന്ന ചെറിയ ഗ്രന്ഥം. ആ കവിതകളിലൂടെ കബനി ബി ഗീത ഒരു തുടക്കക്കാരി എന്നതിലു പരി ഒരു ഇരുത്തം വന്ന കവയത്രി എന്ന പേരിനര്‍ഹയാണ്. മഹാപ്രതിഭാശാലികളായ കുരീപ്പുഴയുടേയും, എ അയ്യപ്പന്റേയും ഡി വിനയചന്ദ്രന്റേയും സാമീപ്യവും വാത്സല്യ പ്പാട്ടുകളും കേട്ടുവളര്‍ന്നവളാണ് കബനി ബി ഗീത. അതുകൊണ്ടാണ് കവിതകളില്‍ ആ ഇരുത്തം പ്രതിധ്വനിക്കുന്നത്. തീര്‍ന്നില്ല, ആ ഗണത്തില്‍ റോസ്‌മേരിയും പെരുമ്പടവം ശ്രീധരനും അശോകനും ഒക്കെ വെള്ളംകോരി നട്ടുനനച്ചതാണ് കബനി ബി ഗീതയിലെ കവയത്രിയെ. ആ പട്ടിക തീരുന്നില്ല, അനന്തമായി നീളുകയാണ്. ആദ്യ കവിതതന്നെ കവി എ അയ്യപ്പനാണ് - തെരുവ് എന്ന പേരിലാണത്. ആ തുടക്കവും നമുക്കൊന്നു വായിക്കാം: 'നദിയുടെ ഓര്‍മക്കായി എന്ന പേരില്‍ എന്നിലേക്ക് പകര്‍ന്ന ലഹരിയില്‍ പൊതിഞ്ഞ നിഷ്‌കളങ്കസ്‌നേഹത്തിന്റെ ചുബനം ഇന്നും ചൂടാറാതെ എന്നിലെ ഓളങ്ങളില്‍ സൂക്ഷിക്കുന്നു......' എന്നാണ്. 

ഈ ഗ്രന്ഥത്തില്‍ എനിക്കിഷ്ടപ്പെട്ട 'കുരിശ്' എന്ന പതിനാല് വരി കവിതയിലേക്ക് വരാം. അതിന്റെ അവസാനം കവയത്രി ചോദിക്കുന്നു 'സ്ത്രീയേ, ഞാനും നീയും തമ്മിലെന്ത്?' അവിടെ നിന്നും 'അന്ത്യാഭിലാഷം' എന്ന കവിതയിലെത്തുമ്പോള്‍ കവി പറയുന്നു; 'മരണാനന്തരം എന്റെ ശരീരം ഫോര്‍മാലിന്റെ മണമുള്ള ക്ലാസ്മുറികള്‍ക്ക് സമ്മാനിക്കുക. അവിടെക്കിടന്ന് ജീര്‍ണിക്കാത്ത മനുഷ്യനായി എനിക്ക് ഈ ലോകം കാണണം.' മരിച്ചുപോയ/പ്രജ്ഞപോയ മൃതശരീരം എന്തുകൊണ്ട് അവിടെ കാണണം? എന്നാല്‍ ലോകവും ലോകരും മരണാനന്തരശരീരം കാണുന്നുണ്ടാവും. പക്ഷെ മരിച്ചയാള്‍ക്ക് ലോകം കാണാനാവില്ല. അത് മിഥ്യയാണ്. 'ഉയിര്‍പ്പ്' എന്ന അവസാന കവിതയില്‍ അവസാനം പറയുന്നു 'ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും ഒരു പുതിയ കുര്‍ബാനക്കെന്നപോലെ.' അതാണോ ശരി? കവിതയുടെ സ്വാതന്ത്ര്യത്തിന്മേല്‍ ഈയുള്ളവന്‍ വിലങ്ങുതടിയല്ല. പക്ഷെ, എന്റെ ബോധം എന്നെക്കൊണ്ടുചെന്നെ ത്തിച്ചത് അവിടെയാണ്. മോളേ, ക്ഷമിക്കുക, നിന്റെ വരികള്‍ യാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കുന്നത് ഞാന്‍ കാലത്തിന്റെ അതിര്‍വരമ്പുകളില്‍ ഒന്നില്‍ വാര്‍ദ്ധക്യ ത്തിന്റെ വടികുത്തിനിന്ന് നോക്കിക്കാണുകയാണ്. ഒരു പക്ഷെ ചരിത്രപ്രവാഹം എന്നെയും ആ വടിയേയും മുക്കിക്കളയാം. അപ്പോഴും കബനി ബി ഗീതയെന്ന നീ ജീവിക്കുന്നത് ഞാന്‍ കാണുന്നു, ഞാന്‍ മാത്രം...... 

കബനി ബി ഗീത 


ബേബി തോമസിന്റേയും ഗീതയുടേയും എകമകള്‍. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് വിയജിച്ച് ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ബുരുദ വിദ്യാര്‍ത്ഥിനിയാണ്.

അഭിനയ നാടകപഠന കേന്ദ്രം, തോപ്പില്‍ ഭാസി നാടകകേന്ദ്രം, ഭരത് ഭവനും തിരുവരങ്ങും ചേര്‍ന്ന് നടത്തിയ 'ഭരതം 2016' എന്നിവയിലായി നാടകത്തില്‍ മികച്ച പരിശീലനം. സ്ത്രീപീഡനത്തിനെതിരായി 'മൃഗീയം' എന്ന ചെറുകഥക്ക് നാടകരൂപം നല്കി, യുവജനോത്സവവേദികളിലും മാനവീയം വീഥിയിലും അവതരിപ്പിച്ചു. യുവജനോത്സവവേദിയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കേരള ചലച്ചിത്ത അക്കാദമി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്ര പരിശീലനക്കള രിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ആവിഷ്‌കരിച്ച 'ദ എന്‍ഡ് ഗെയിം' എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ടൂണ്‍സ് ആനിമേഷന്‍ അക്കാദമിയുടെ രാജ്യാന്തര ആനിമേഷന്‍ പരിശീലനക്കളരിയിലും പങ്കെടുത്തിട്ടുണ്ട്. 'മരംകൊത്തി' എന്ന ഫീച്ചര്‍ സിനിമയുടെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി രുന്നു. ആനുകാലികങ്ങളില്‍ കവിതകളെഴുതാറുണ്ട്. 'കബനി ഒരു നദി മാത്രമല്ല' ആദ്യ വകിതാസമാഹാരം. ബൂം ബുക്‌സ്, തിരുവനന്തപുരമാണ് പ്രസാധകര്‍. e-mail.businessboom01@gmail.com

വിലാസം: കബനി ബി, ടിസി 25/3431, ഉപ്പളം റോഡ്, തിരുവനന്തപുരം - 1. ഫോണ്‍: 9495996199. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ