"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

പ്രഗത്ഭമതികളായ രണ്ടു നേതാക്കന്മാര്‍; ഒരനുസ്മരണം - അഡ്വ. പി കെ രാജന്‍മഹാത്മാ അയ്യന്‍കാളിക്കു ശേഷം കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രാത:സ്മരണീയനാണ് ശ്രീ.കല്ലറ സുകുമാരന്‍ എന്ന് അതിശയോക്തി കൂടാതെ പറയാനാവും. സ്വയം ഏറ്റെടുത്ത മിഷനറി പ്രവര്‍ത്തനങ്ങളോട് അദ്ദേഹം പ്രകടിപ്പിച്ച അത്മാര്‍ത്ഥതയും അര്‍പ്പ ണബോധവും പ്രതിബദ്ധതയും അത്രമാത്രം പ്രശംസനീയമായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ കാലത്ത് കേരളത്തില്‍ ദലിതരുള്‍പ്പെട്ട അധ:സ്ഥിത ജന വിഭാഗങ്ങള്‍ക്ക് അവരുടെ പ്രാഥമിക മനുഷ്യാവകാശങ്ങളായിരുന്നു നേടിയെടുക്കേണ്ടി യിരുന്നത്. സഞ്ചാരസ്വാതന്ത്യം, വിദ്യാഭ്യാസ സ്വാതന്ത്യം തുടങ്ങിയവ അതില്‍പ്പെടുന്നു. എന്നാല്‍ ശ്രീ കല്ലറ സുകുമാരന്റെ കാലമായപ്പോഴേക്കും രാജ്യത്തെ ദലിത്, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഡോ.അംബേദ്കറുടെ പ്രഗത്ഭമായ ഇടപെടലിലുടെ ലഭിച്ച ദിശാബോധവും ശാസ്ത്രീയ അടിത്തറയും ഭരണഘടനാപരമായ പിന്‍ബലവും കൊണ്ട് മിഴിവും വ്യക്തതയും കൈവന്നിരുന്നു. എങ്കില്‍പ്പോലും ശ്രീ കല്ലറ സുകുമരാെനപ്പോലെ പിന്നീടു വന്ന സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പാത സുഗമമായിരുന്നു എന്നു പറയാന്‍ കഴിയില്ല.

രാജ്യത്തെ പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ വ്യക്തമായിത്തന്നെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിരുന്നെങ്കിലും അവ നടപ്പാക്കുന്നതിനു പാകമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവില്‍ വന്നില്ല. പകരം ബ്രാഹ്മണ മേധാവിത്വ ശക്തികളുടെ അധിശത്വം നിലനിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അംബേദ്കറുടെ അനുയായികളെ വിലയ്‌ക്കെടുക്കുകയും അല്ലെങ്കില്‍ അടിമകളാക്കി സ്വന്തം കൂടാരത്തില്‍ പാര്‍പ്പിക്കുകയും അംബേദ്കറെ തമസ്‌കരിക്കയുമാണു ചെയ്തത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ദലിത്-പിന്നോക്ക ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് സഖാക്കളും കോണ്‍ഗ്രസ്സ് യജമാനന്മാരും പറയുന്നതിനപ്പുറത്ത് തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിലനില്‍പ്പോ അവകാശങ്ങളോ ഉണ്ടെന്നു വിശ്വസിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ പാടത്തും പ റമ്പിലും പണിയെടുക്കുന്ന തൊഴിലാളികളായിരിക്കുക മാത്രമാണു തങ്ങളുടെ അവകാശമെന്നു വിശ്വസിപ്പി ക്കപ്പെട്ട പട്ടികജാതി, ആദിവാസി, ദലിത് ക്രൈസ്തവ, പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും അവകാശസംരക്ഷണത്തിനും വേണ്ടി ഇറങ്ങിതിരിച്ച ശ്രീ.കല്ലറ സുകുമാരനെപ്പോലുള്ള നേതാക്കന്മാരുടെ മുമ്പിലുണ്ടായിരുന്ന സാധ്യതകള്‍ എത്രയോ പരിമിതമായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും അതിനുവേണ്ടി ഇറങ്ങിതിരിച്ച ശ്രീ കല്ലറ സുകുമാരന്‍ എത്രയോ മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു എന്നുപറയാതിരിക്കാന്‍ കഴിയുന്നില്ല.

ശ്രീ കല്ലറ സുകുമാരന്‍ കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാറി മാറി കുറേക്കാലം പ്രവര്‍ത്തിച്ചിരുന്നു. എന്നതിനാല്‍ ആ പാര്‍ട്ടികള്‍ കേരളത്തിലെ ദലിത്-പിന്നോക്ക ജനങ്ങളോടു സ്വീകരിച്ച സമീപനം തികച്ചും നിഷേധാത്മകവും പ്രതിഷേധാര്‍ഹവുമാണെന്നു നേരിട്ടു ബോധ്യപ്പെട്ട ആളാണ്. അവരെ നേരിടണമെങ്കില്‍ സ്വയം കരുത്താര്‍ജ്ജിക്കാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതുകൊണ്ട് ചിന്നിച്ചിതറിക്കിടന്ന നിരവധി ദലിത് സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തി ആ ലക്ഷ്യം നേടാന്‍ കുറേയൊക്കെ അദ്ദേഹത്തിന് കഴിഞ്ഞു. 1959ല്‍ പീരുമേട് താലുക്ക് ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചതിനു ശേഷം 1969 ല്‍ ദലിത് സംഘടനകളുടെ ഏകീകരണത്തിനുവേണ്ടി നിരന്തരമായി പ്രയത്‌നിക്കുകയും 1973 ല്‍ 41 പട്ടികജാതി സംഘടനകളുടെ സംയുക്ത സമിതി രൂപീകരിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

നിരന്തരമായ അവകാശപ്പോരാട്ടങ്ങളുടെ ഒരു നീണ്ട അദ്ധ്യായമായിരുന്നു ശ്രീ കല്ലറ സുകുമാരന്റെ ജീവിതം. തന്റെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവകാശ ങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ നീണ്ട പോരാട്ടങ്ങള്‍ ജനമുന്നേറ്റത്തിന്റെ കരുത്തുകൊണ്ടും ഉന്നയിച്ച ആവശ്യങ്ങളുടെ സ്വീകാര്യത കൊണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. തന്റെ തട്ടകമായ പീരുമേട്ടില്‍ വ്യാപിച്ചു കിടക്കുന്ന തേയില, ഏലം തോട്ടങ്ങളിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ദലിതരും ദലിത് ക്രൈസ്തവരും ദരിദ്രരായ പിന്നോക്കക്കാരുമായിരുന്നു. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടങ്ങളുടെ വാഹനമായി അദ്ദേഹം കേരള പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ സ്ഥാപിച്ചു. അതിനെത്തുടര്‍ന്ന് സെന്റര്‍ ഓഫ് കേരള ട്രേഡ് യൂണിയന്‍സ് (സി.കെ.ടി.യു) സ്ഥാപിക്കുകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലുടെ തോട്ടം തൊഴിലാളികളായ തന്റെ ജനതയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കുവേണ്ടി നീണ്ട പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തികച്ചും ന്യായവും മിതവുമായ അവകാശങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ഈ പോരാട്ടങ്ങള്‍ മിക്കതും പൂര്‍ണ്ണ വിജയത്തില്‍ കലാശിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തുന്നതിനും ഈ പോരാട്ടങ്ങള്‍ ഉപകരിച്ചു. തോട്ടം തൊഴിലാളികളല്ലാത്ത സാധാരണക്കാരായ പട്ടിക-ജാതി, ദലിത് ക്രൈസ്തവ, ജനങ്ങള്‍ക്കെതിരായ സാമൂഹിക പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവകാശപ്പെട്ടുകൊണ്ടു നടത്തിയ സമരങ്ങളും അവരുടെ അവകാശ സംരക്ഷണാര്‍ത്ഥം നടത്തിയ നിരവധി പോരാട്ടങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു.

സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം കൊണ്ടുമാത്രം ഒരു ജ നത രക്ഷപ്പെടുകയില്ലെന്ന് ശ്രീ. കല്ലറ സുകുമാരന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള പോരാട്ടം മുമ്പോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അതിന്റെ ഫലമായി 1983-ല്‍ അദ്ദേഹം ഇന്ത്യന്‍ ലേബര്‍പാര്‍ട്ടി രൂപീകരിച്ചു. തന്റെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക പുരോഗതിയും മുന്‍നിര്‍ത്തി 1983-ല്‍ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വമ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്, സംഘടിപ്പിച്ചു. അതുപോലെ 1986ല്‍ ഐ.എല്‍.പി.യു ടെ ആഭിമുഖ്യത്തില്‍ കാസര്‍കോഡു നിന്ന് തിരുവന്തപുരത്തേക്കു നടത്തിയ മനുഷ്യാവകാശ സംരക്ഷണ ജാഥ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

എല്ലാ വിഭാഗം രാഷ്ട്രീയക്കാരും അവഗണിച്ച ആദിവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം ശ്രീ കല്ലറ സുകുമാരന് ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു. തന്റെ പ്രക്ഷോഭ പരിപാടികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആദിവാസികളുടെ ഭൂമി സംരക്ഷണവും സാമൂഹിക സുരക്ഷിതത്വവും മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി 1989 ല്‍ ബത്തേരിയില്‍ നിന്ന് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു.

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ താന്‍ നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിരുന്നാലും ദലിത് പിന്നോക്ക ജനവിഭാഗ ങ്ങള്‍ക്ക് സ്വന്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിലുടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം മനസ്സിലാക്കി. 1984 ല്‍ കാന്‍ഷിറാംജിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നിലവില്‍വന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും വളര്‍ച്ചയും അദ്ദേഹം സശ്രദ്ധം വീക്ഷിച്ചിരുന്നു. 1989 ആഗസ്റ്റ് 15 ന് ബി.എസ്.പി. കേരള ഘടകം രൂപീകരിച്ചപ്പോള്‍ ഐ.എല്‍.പി ബി.എസ്.പി.യില്‍ ലയിച്ചു. ശ്രീ.കല്ലറ സുകുമാരന്‍ ബി.എസ്.പി.യുടെ കേരളാഘടകം പ്രസിഡന്റായി. 1994-ല്‍ വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതിയാഘോഷത്തിന്റെ ഭാഗമായി വൈക്കത്ത് ബി.എസ്.പി നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചതും നിരവധി ബഹുജന്‍ സമാജ് പാര്‍ട്ടി കേഡര്‍ ക്യാമ്പുകള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഉജ്ജ്വല വാഗ്മിയും സംഘാടകനുമായിരുന്നു അദ്ദേഹം. ദലിത് പ്രസ്ഥാനത്തിന് ആശയപരമായ കരുത്തും പ്രത്യയശാസ്ത്രപരമായ പിന്‍ബലവും നല്‍കുന്ന നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകാരന്‍ കുടിയായിരുന്നു.

തന്റെ ജനതയുടെ സാമുഹിക-സാമ്പത്തിക പുരോഗതിക്കുവേണ്ടിയുള്ള സുദീര്‍ഘമായ പോരാട്ടങ്ങളില്‍ അദ്ദേഹത്തോടോപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ശ്രീ പോള്‍ ചിറക്കരോട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും ഉറ്റ ചങ്ങാതിയുമാ യിരുന്നു. ശ്രീ പോള്‍ ഉന്നത ശീര്‍ഷകനായ പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു. പ്രതിഭാധനന്മാരായ ഈ രണ്ടു നേതാക്കന്മാരുടെ ഉജ്ജ്വലമായ നേതൃത്വം ഇന്ത്യന്‍ ദലിത് ഫെഡറേഷനും ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിക്കും പിന്നീട് ബഹുജന്‍ സമാജ് പാര്‍ട്ടിക്കും അതുവഴി കേരളത്തിലെ ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്കും പുരോഗതിക്കും നിസ്തുലമായ സേവനമാണ് നല്‍കിയത്. യശശരീരരായ ഈ രണ്ടു നേതാക്കന്മാരോടൊപ്പം ബി.എസ്.പി.യില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ ഇപ്രകാരം ഒരു അനുസ്മരണ കുറിപ്പെഴുതാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ