"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ചരണാസ്വാസ്ഥ്യം; എഡിറ്റോറിയല്‍ - പി ജി ഗോപി


സവര്‍ണ്ണ പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍ നിന്നും 
തന്റെ ജനതയുടെ വിമോചന സ്വപ്നങ്ങള്‍ക്ക് 
ഊടും പാവും നല്കിയ പ്രതിഭാധനന്മാരായിരുന്നു 
കല്ലറ സുകുമാരനും, പോള്‍ ചിറക്കരോടും
ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബല തന്ത്രങ്ങളില്‍ 
ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ട് സമ്പത്ത് ഉണ്ടായിട്ടും, 
പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ സമര ഭൂമികയില്‍ 
ആത്മസമര്‍പ്പണത്തിന്റെ പ്രവാഹം ഉണ്ടായിട്ടും, 
മനുവാദത്തിന്റെയും, ചാണക്യതന്ത്രങ്ങളുടെയും 
നിഗൂഡതകളില്‍ ആണ്ടുപോയ തന്റെ ജനതയുടെ 
മനസാക്ഷി ഇവര്‍ക്കൊപ്പം ചെല്ലാതിരുന്നതിനാല്‍ 
ഹോമിക്കപ്പെടേണ്ടി വന്ന രണ്ട് ജീവിതങ്ങളായിരുന്നു
കല്ലറ സുകുമാരന്റേയും പോള്‍ചിറക്കരോടിന്റേയും. 
പ്രലോഭനങ്ങളുടെ സ്വര്‍ണ്ണ സിംഹാസനങ്ങളെ 
ഇടംകയ്യാല്‍ തട്ടിമാറ്റുവാനും തന്റെ ജനതയുടെ 
വിമോചന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ 
നക്ഷത്രങ്ങള്‍ക്കായി കൈ ഉയര്‍ത്തുകയും ചെയ്ത 
ഈ കലാപകാരികളുടെ ജീവിതം, കറുത്തവന്റെ രക്തം 
ഉണങ്ങി പിടിച്ച കീഴാള ചരിത്രത്തില്‍ കണ്ണി ചേര്‍ക്കപ്പെടും!
അനേകര്‍ ഇവര്‍ക്ക് പിറകെ നടന്നിട്ടുണ്ട്, 
വിമോചന സ്വപ്നം നെഞ്ചിലേറ്റി
എല്ലാവരെയും ആശ്ലേഷിക്കുവാനും, സ്പര്‍ശിക്കുവാനും 
ഈ സ്മരണികയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. 
പരാമര്‍ശിക്കപ്പെട്ടവരേക്കാള്‍ ഔന്നത്യമുള്ളവര്‍ 
ദലിത് ചരിത്രത്തില്‍ ഇനിയും കുറിക്കപ്പെടേണ്ടതായിട്ടുണ്ട്. 
പരിമിതമായ സാദ്ധ്യതകള്‍ക്കുള്ളില്‍ നിന്നു കൊണ്ട്
ഒരു ശ്രമം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. 
മൂവായിരത്തി അഞ്ഞൂറു വര്‍ഷം നിരന്തരമായി 
അടിമത്തം അനുഭവിച്ച തന്റെ ജനതയെ ഭരണ വര്‍ഗ്ഗമായി 
മാറ്റുന്നതിനുള്ള സ്വപ്നം നെഞ്ചിലേറ്റി നടന്ന 
ഈ മഹാരഥന്മാരുടെ യാത്ര ഇടക്ക് വെച്ച് അവസാനിച്ചു. 
അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ 
അംബേദ്കര്‍ ദര്‍ശനങ്ങളുടെ വസന്തത്തിന്റെ ഇടിമുഴക്കത്തിനായി കാതോര്‍ക്കുന്ന മുഴുവന്‍ കറുത്ത കലാപകാരികളേയും 
അഭിവാദ്യം ചെയ്തുകൊണ്ട് ഈ ചരണാസ്വാസ്ഥ്യം 
ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
പി.ജി. ഗോപി

ചീഫ് എഡിറ്റര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ