"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ദലിത് മുന്നേറ്റപാതയിലെ ജ്വലിക്കുന്ന ദീപസ്തംഭങ്ങള്‍ - ഡോ. എം എ കുട്ടപ്പന്‍


ജീവിത വിജയത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്കാതെ നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വിലകല്‍പിച്ചിരുന്ന കല്ലറസുകുമാരനും പോള്‍ ചിറക്കരോടും അവകാശ പോരാളികള്‍ക്ക് അനുകരണീയ മാത്യകകളാണ്. സ്വന്തം കര്‍മ്മം പരമാവധി ശുദ്ധിയോടെ അനുഷ്ഠിച്ച് വരുംതലമുറകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാന്‍ സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു ഫലേച്ഛയില്ലാത്ത അവരുടെ ജീവിത ദൗത്യം.

ലോകവും മനുഷ്യ സമുഹവും അഭുതപുര്‍വ്വവും അവിശ്വസനീയവുമായ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം; 

എന്ന് മഹാകവി കുമാരനാശാന്‍ കുടുതല്‍ അര്‍ത്ഥപുര്‍ണ്ണമായ ഒരു സ്വാതന്ത്യസങ്കല്‍പ്പത്തെക്കുറിച്ച് പ്രതീക്ഷയോടെ പാടിയത് നമ്മുടെ ബോധത്തിലുണ്ട്.ആ നാളുകള്‍ ഒടുവിലിതാ വരവായെന്നു കരുതാം.

മനുഷ്യാവകാശങ്ങളെക്കുറിച്ച് പുതിയ അവബോധം വ്യാപിപ്പിക്കുകയും സ്വാതന്ത്യത്തെക്കുറിച്ചുള്ള ധാരണകള്‍ ആഴമേറുകയും ചെയ്യുന്നു. ഈ കാലം നല്‍കുന്ന ആനന്ദദായകമായ കണി, ഉച്ചനീചത്വങ്ങളകന്ന ഒരു സമുഹസൃഷ്ടിക്ക് വഴിതെളിയിക്കുന്ന അവസരസമത്വം യാഥാര്‍ത്ഥ്യമാകാവുന്ന സ്വപ്നമായി തൊട്ടുമുന്നിലെത്തി നില്‍ക്കുന്നതാണ്. നമുക്കേവര്‍ക്കും പ്രിയങ്കരരായിരുന്ന കല്ലറസുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും സ്മരണിക പുറത്തിറക്കുന്നത് തികച്ചും ആഹ്ലാദകരമാണ്. ഈ മാതൃക പൊതുപ്രവര്‍ത്തകരേയും അവരുടെ അക്ഷീണവും അനുസ്യൂതവുമായ പ്രവര്‍ത്തനങ്ങളേയും പുതുതലമുറക്കു പരിചയപ്പെടുത്തുവാനുള്ള പിന്‍ഗാമികളുടെ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നത് അഭിമാനകരം തന്നെ.

അനീതികളോട് ജീവിതകാലമെല്ലാം പോരാടി സാഫല്യത്തിന്റെ കണികപോലും സ്വന്തമാക്കാനാവാത്ത കഥ മാത്രമെ നമ്മുടെ ദലിത് സമുഹത്തിന് ഇന്നുവരെ ചുണ്ടിക്കാണിക്കാനുള്ളു. വ്യക്തിപരമായ ഉല്‍ക്കര്‍ഷങ്ങള്‍ക്കുള്ള ഇച്ഛാശക്തിയ്ക്കപ്പുറം നുറ്റാണ്ടുകളാ യി തുടരുന്ന അധ:സ്ഥിതിയില്‍ നിന്ന് ദലിത് സമുഹത്തിന്റെ മോചനവും അവസരസമത്വത്തിലുടെയുള്ള പുരോഗതിയും ജിവിത ലക്ഷ്യമായി കണ്ടവരാണ് സ്മര്യ പുരുഷന്‍മാര്‍.

കോട്ടയം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. പഠനത്തിനിടയ്ക്കാണ് (1967-72) കല്ലറ സുകുമരനുമായി പരിചയപ്പെടാനിടയായത്. കേരള ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ (കെ.എച്ച്.എസ്.എഫ്) ഒരു പ്രവര്‍ത്തകന്‍ കേരള ഹരിജന്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന കല്ലറ സുകുമാരനില്‍ ആകൃഷ്ടനായത് സ്വാഭാവികം മാത്രം. കോട്ടയത്തു നടന്ന കെ.എച്ച്.എഫിന്റെ പടുകുറ്റന്‍ റാലിയോടെ കല്ലറ സുകുമാരനുമായി കുടുതല്‍ അടുക്കാന്‍ സാഹചര്യമുണ്ടായി. എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയശേഷം ഡി.പി. കാഞ്ഞിരം, പോള്‍ ചിറക്കരോട് എന്നിവരോടൊപ്പം കെ.എച്ച്.എഫിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി ചുമതല ഏറ്റെടുത്തു. തുടര്‍ന്നു നടത്തിയ കുട്ടായ പ്രവര്‍ത്തനം സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും നാളുകളായിരുന്നു. ഗുരുതുല്യനായ കല്ലറസുകുമാരന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജീവിത സാഫല്യത്തിനു സഹായകമായി. സംസ്ഥാനത്തുട നീളംകമ്മിറ്റികളുണ്ടാക്കി കെ.എച്ച്.എഫിനെ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനതല സംഘടനയാക്കി. ആന്ധ്രപ്രദേശിലെ നെല്ലുര്‍ ജില്ലക്കാരനായ ഇ.വി.ചിന്നയ്യയുമായി ചേര്‍ന്നുകൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിപ്രസ്ഡ് ക്ലാസ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയ്ക്കു രുപം നല്‍കുക വഴി പ്രവര്‍ത്തനം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചു. കര്‍ണ്ണാടകയില്‍ നിന്ന്, അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവും ദീര്‍ഘകാലം മന്ത്രിയുമായിരുന്ന ബി.ബാസവലിംഗപ്പ ഈ പ്രവര്‍ത്തനങ്ങളുമായി സജീവമായി സഹകരിച്ചിരുന്നു.

1978-ല്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നതോടെ ഞാന്‍ ഇന്ദിരാഗാന്ധി നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങി.1979-80 ല്‍ എം.എല്‍.എ. ആയതിനുശേഷം കെ.എച്ച്.എഫുമായുള്ള ബന്ധം തുടരാന്‍ കഴിയാതെ വന്നു. കല്ലറ സുകുമാരന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും പിരുമേട് അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായി. ഐ.എല്‍.പി.രുപീകരണം, ബി.എസ്.പി. ലയനം, ഐ.ഡി.എഫ്. രുപാന്തരം എന്നിവയൊക്കെ ദുരെ നിന്നും വീക്ഷിക്കാനെ കഴിഞ്ഞുള്ളു.

കല്ലറ നേതൃത്വം നല്കിയ അനേകം പോരാ ട്ടങ്ങളില്‍ ഒന്നായിരുന്നു ഗുരുവായൂര്‍ അമ്പലത്തിലെ നമസ്‌കാര സദ്യയ്‌ക്കെതിരെ നടത്തിയ പദയാത്ര. ഹിന്ദുമതത്തിലെ അനാചാരത്തിനെതിരെ നടത്തിയ പോരാട്ടമെന്ന നിലയില്‍ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പദയാത്രയായിരുന്നു അത്. പദയാത്രയില്‍ ഞാന്‍ സഹയാത്രികനായിരുന്നില്ലെങ്കിലും യാത്രാമദ്ധ്യേ പലയിടത്തും എത്തിച്ചേരുകയും അമ്പലത്തിലെ ഊട്ടുപുരയില്‍ യാത്രാ സംഘത്തോടൊപ്പം പ്രവേശിക്കുകയും ചെയ്തു. ജാഥ ഗുരുവായൂരിലെത്തിയപ്പോള്‍ അന്തരീക്ഷമാകെ സംഘര്‍ഷഭരിതമായിരുന്നു. കല്ലറ സുകുമാരന്‍ ഹൈന്ദവനല്ലെന്നും ക്രിസ്ത്യാനിയാണെന്നുമായിരുന്നു പ്രചാരണം. അത്തരത്തില്‍ ചില നോട്ടീസുകളും പുറത്തിറങ്ങി. ഊട്ടുപുര പ്രവേശനത്തിനുമുമ്പ് ക്ഷേത്രം ഭാരവാഹികളുമായി സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ താന്‍ ഹൈന്ദവനാണെന്ന് രേഖാമുലം എഴുതി നല്‍കിയിട്ടാണ് പ്രവേശനാനുമതി ലഭിച്ചതെന്നും പിന്നീട് പറഞ്ഞു കേട്ടു. പാടിത്തന്ന കീര്‍ത്തനങ്ങള്‍ ഏറ്റുപാടി അകത്തേക്കു കയറിയ യാത്രികരുടെ മേല്‍ ആര്‍.എസ്.എസുകാരുടെ കര്‍ശന നിയന്ത്രണമുണ്ടായിരുന്നു.

പട്ടിക വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പരിരക്ഷകളെ അതിന്റെ അക്ഷരാര്‍ത്ഥത്തിലും സത്തയിലും ഏറ്റുവാങ്ങുക നമ്മുടെ ജന്മാവകാശമാണ്. അതിനുള്ള സാഹചര്യം ഒരുക്കുന്ന തരത്തിലുള്ള സുതാര്യത മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഉണ്ടാവണം. ഇവിടുത്തെ മുന്നോക്ക വിഭാഗങ്ങള്‍ക്കെല്ലാം വ്യക്തമായ മതവിശ്വാസവും ആരാധനാലയങ്ങളും ഉള്ള പ്പോള്‍ ദലിതര്‍ക്കും അതേ അവകാശം തന്നെയല്ലേ ഉള്ളത്? മതവിശ്വാസം ഏതോ ആകട്ടെ അതു തെരഞ്ഞെടുക്കേണ്ടത് വ്യക്തിനിഷ്ഠമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ദലിതുകള്‍ സ്വയം തെരെഞ്ഞെടുക്കേണ്ടത് വ്യക്തിനിഷ്ഠമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ദലിതുകള്‍ സ്വയം തെരെഞ്ഞെടുക്കുന്ന മതം ഏതാണോ അതില്‍ ഉറച്ചുനില്‍ക്കേണ്ടത് ആവശ്യമായി വരുന്നത്.മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു സുതാര്യത ഇല്ലാതെ വരുന്നത് ദലിതുകളുടെ വരുംതലമുറ മുഴുവന്‍ ആശയക്കുഴപ്പത്തില്‍ കിടന്നുഴലാനെ സഹായിക്കൂ. ഒരു മതവിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കുകയും മതവിശ്വാസികളെ ആദരിക്കുകയും ചെയ്യുന്ന ഭാരതീയ പാരമ്പര്യമാണ് നാം കേരളീയരും പിന്തുടരുന്നത്.

ഹൈന്ദവ സമുഹത്തിന്റെ ശ്രേണിവല്‍ക്കരണത്തിന് ഏറെ മാറ്റമുണ്ടായെങ്കിലും ചരിത്രപരമായി അധ:സ്ഥിതിയിലായിരുന്ന പട്ടികവര്‍ഗ്ഗക്കാര്‍ ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല. പട്ടികേതര ഹിന്ദു വിഭാഗങ്ങളുടെ ഐക്യത്തിനും വളര്‍ച്ചക്കും അതാതു സമുദായങ്ങളിലെ നേതാക്കന്‍മാരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമുണ്ടായിരുന്നു. ആദ്ധ്യാത്മിക ചിന്തയിലൂന്നിയ നവോത്ഥാനം ആ സമുദായങ്ങളിലെ അവാന്തരവിഭാഗങ്ങളിലെ ഒരു നൂലില്‍ കോര്‍ത്ത പുഷ്പങ്ങളെപ്പോലെ ഒരുമിപ്പിച്ചു ശ്രീനാരായണ ഗുരുദേവനില്‍ നിന്നാരാംഭിക്കുന്ന ആദ്ധ്യാത്മിക ഗുരുപരമ്പരയുടെ പരിലാളനം എസ്.എന്‍.ഡി.പി.യുടെ വളര്‍ച്ചയെ ക്രമാനുഗതമാക്കി. ചട്ടമ്പിസ്വാമിയില്‍ നിന്ന് തുടങ്ങി നിരവധി സന്യാസിവര്യന്മാരുടെ താങ്ങും തണലും നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കും കരുത്തേകി. എന്നാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് തങ്ങളിലെ നാനാത്വത്തിലെ ഏകത്വവും അതിനെ പ്രകാശിപ്പിക്കുന്ന ആദ്ധ്യാത്മിക വെളിച്ചവും കണ്ടെത്തുവാനുള്ള അവസരം ഉണ്ടായില്ല.

ദലിത് ജീവിതവും അനുഭവങ്ങളും മലയാളസാഹിത്യത്തിലെ മുഖ്യധാരയിലെത്താന്‍ ഇപ്പോഴും അറച്ചുനില്‍ക്കുന്നു. ഇക്കാലത്ത് പോള്‍ ചിറക്കരോടിന്റെ സാഹിത്യ സംഭാവനകളെ തെല്ലൊരു അത്ഭുതോടുകൂടി മാത്രമേ തിരിഞ്ഞു നോക്കാനാവൂ. മലയാളത്തിലെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്ന് സാഹിത്യവേദിയിലും ശക്തമായ സാന്നിദ്ധ്യമായി മാറിയ അദ്ദേഹം സ്വന്തം പ്രതിഭയും അനുഭവസമ്പത്തുംകൊണ്ട് എന്തൊക്കെ സാധിക്കാനാവുമെന്നതിന് ഒരു മുന്‍മാതൃക സൃഷ്ടിച്ചു നല്‍കി. പോള്‍ചിറക്കരോടിനെക്കുറിച്ച് പറയുമ്പോള്‍ ദലിത് സാഹിത്യകാരനെന്ന പ്രത്യേക മുദ്രചാര്‍ത്തി അല്ല മലയാള സാഹിത്യലോകം ഓര്‍ക്കുന്നത്. തലയുയര്‍ത്തി കടന്നുവന്ന് സ്വന്തം അനുഭവങ്ങളുടെ ശക്തിയില്‍ പ്രതിഭയെ സ്ഫുടം ചെയ്ത് സ്വന്തം കസേര വലിച്ചിട്ടിരുന്ന സാഹിത്യ നായകനായിരുന്നു അദ്ദേഹം. എഴുത്തുകാരനെന്നതിനോടൊപ്പംതന്നെ സാമുഹിക വിശകലനപാടവവും ദലിത് ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള സുക്ഷ്മമായ നീരീക്ഷണവും ഒത്തു ചേര്‍ന്നപ്പോള്‍ ചിറക്കരോടിന് സമാനമായ മറ്റൊരു സാഹിത്യകാരനെ നമുക്ക് ഇന്നും ചുണ്ടിക്കാട്ടാന്‍ പ്രയാസമാണ്.

ഞാന്‍ മന്ത്രിയായവേളയില്‍ വകുപ്പിന്റെ പ്രസിദ്ധീകരണമായ പടവുകള്‍ എന്ന മാസികയുടെ എഡിറ്ററായി ഔട്ട്‌സോഴ്‌സിംങ്ങിലൂടെ അദ്ദേഹത്തെ നിയമിച്ചു. ജിവിതസായാഹ്നത്തിലായിരുന്നുവെങ്കിലും ഏറ്റെടുത്ത ജോലി സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വ്വഹിച്ചു. പിന്നോക്ക-പട്ടികസമുദായങ്ങളെ സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ക്കു പുറമേ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും കവിതകളും ജനങ്ങളിലെത്തിക്കാന്‍ ആ കാലയളവില്‍ കഴിഞ്ഞു. എന്റെ പിന്‍ഗാമികള്‍ക്ക് പടവുകള്‍ പ്രസിദ്ധീകരിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടതോടെ പോളിന്റെ ജോലിയും നഷ്ടമായി. പോള്‍ രചിച്ച ഗ്രന്ഥങ്ങളേക്കാള്‍ നിലവാരം കുറഞ്ഞ ഗ്രന്ഥങ്ങള്‍ രചിച്ച പല എഴുത്തുകാര്‍ക്കും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത്തരം അവാര്‍ഡുകളൊന്നും പോളിനെ തേടി എത്തിയില്ലായെന്നത് കടുത്ത വിവേചനം തന്നെ. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളുംപാഠപുസ്തകങ്ങളാക്കാന്‍ പറ്റിയവയായിരുന്നു.അതിനും പരിഗണനയുണ്ടായിരുന്നില്ല.

പട്ടിക വിഭാഗങ്ങളുടെ ഐക്യം എന്ന കല്ലറ സുകുമാരനും സഹപ്രവര്‍ത്തകരും വച്ച ആശയത്തിന് പരമപ്രാധാന്യം കൈവന്നെങ്കിലും പ്രായോഗിക രംഗത്ത് ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. വിവിധ വിഭാഗമായി ചിതറി വിവിധ സംഘടനകളുടെ ചട്ടക്കുട്ടില്‍ നില്‍ക്കുന്നതുകൊണ്ട് നേട്ടമാണോ കോട്ടമാണോ എന്നത് ഉരുത്തിരിയുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഏവരും ചിന്തിച്ചുനോക്കണം. ചരിത്രപരമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവിക്ഷണവും പ്രകടിപ്പിക്കേണ്ടിടത്ത് ചരിത്രപരമായ വിഡ്ഢിത്തത്തിന് ഇരയാകേണ്ടി വരുന്നത് ദു:ഖകരമല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ