"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

പ്രിയ രോഹിത്, ദലിത് വിദ്യാര്‍ത്ഥി കളുടെ കാമ്പസ് സംഘടനാ പ്രവര്‍ത്ത നത്തില്‍ ബദല്‍ സാധ്യമാണ് – യു പി അനില്‍ കുമാര്‍


മരണാനന്തരം നിങ്ങളെന്നെ വിഡ്ഢിയെന്നോ ഭീരുവെന്നോ വിളിച്ചേക്കാം എന്ന വരികളെഴുതിയാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയിരുന്ന പ്രിയ സഹോദരന്‍ രോഹിത് വെമുല 2016 ജനുവരി 17 ന് ജീവത്യാഗം ചെയ്യുവാന്‍ തീരുമാനമെടുത്തത്. തന്റെ ജനതയുടെ വിമോചന സ്വപ്നങ്ങളെല്ലാം ബാക്കിവച്ച് പോരാട്ടങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് നിമിഷാര്‍ദ്ധം കൊണ്ടു മാഞ്ഞുപോകാന്‍ ആ ധീരനായ പോരാളിയെടുത്ത തീരുമാനം രാജ്യവ്യാപകമായി നിരവധി തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാവുകയുണ്ടായി. ദലിത് വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മിടുക്കരായാല്‍, അവര്‍ സംഘടിത ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ അംബേദ്ക്കറിസം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കലാലയങ്ങളില്‍ നടക്കുന്ന ജാതിസംസ്‌ക്കാരത്തിന്റെ ദുഷ്പ്രവണതകളെ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ മനുവാദികളായ അധ്യാപകരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പദവിയുടെ മാന്യതപോലും മറന്ന് ബ്രാഹ്മണ്യ സാമൂഹ്യക്രമത്തെ സംരക്ഷിക്കുവാന്‍വേണ്ടി ദലിത് വിദ്യാര്‍ത്ഥികളെ ഇല്ലായ്മ ചെയ്യുവാന്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് രോഹിതിന്റെ ജീവത്യാഗം. എന്നാല്‍ അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന്റെ വക്താവായ ഒരു ദലിത് വിദ്യാര്‍ത്ഥിക്ക് കാമ്പസിനുള്ളിലെ പോരാട്ട ഭൂമിയില്‍ ജീവത്യാഗത്തിനുപരിയായ ബദല്‍ സാധ്യമല്ലേ?

കാമ്പസ് രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും അനുഭാവിയുമായ ഒരു ദലിതനാണ് ഞാന്‍. 1995 ല്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബി.എസ്.സി ഫിസിക്‌സിനു പഠിക്കുമ്പോള്‍, നിലവിലെ വ്യവസ്ഥിതിയോട് കലഹമുള്ളവരും പുരോഗമന കാംക്ഷികളുമായ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സമാനമനസ്‌കരായ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുകയും സ്റ്റുഡന്റ്‌സ് ഇന്‍ഡിപെന്റന്റ് മൂവ്‌മെന്റ് (സിം) എന്ന ഒരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ആ കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വ്യവസ്ഥാപിത വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ് തുടങ്ങിയവയെ പരാജയപ്പെടുത്തി കോളേജ് യൂണിയന്‍ പിടിച്ചെടുക്കുകയും ചെയ്തു. ഞാനായിരുന്നു കോളേജ് യൂണിയന്‍ ചെയര്‍മാന്‍. എണ്ണമറ്റ സംഘര്‍ഷങ്ങളും, സംഘട്ടനങ്ങളും, ഭീഷണികളും, എതിര്‍പ്പുകളുമായിരുന്നു നാലുപാടുമുള്ള എതിരാളികളില്‍ നിന്ന് ഞങ്ങളനുഭവിച്ചത്. അവയെ പ്രതിരോധിക്കാനും തിരിച്ചടി നല്‍കാനും ഞങ്ങളാവിഷ്‌ക്കരിച്ച തന്ത്രങ്ങള്‍, കുതന്ത്രങ്ങള്‍, കെണികള്‍ എന്നിവയെല്ലാം ഇന്നു മാറിനിന്നു ഓര്‍ത്തെടുക്കുമ്പോള്‍ ആ പ്രായത്തില്‍ ഞങ്ങള്‍ക്കു താങ്ങാവുന്നതിലേറെയായിരുന്നു. ഉറങ്ങാത്ത നിരവധി രാവുകളുടെയും നിരന്തരമായ പ്രവര്‍ത്തനങ്ങളുടേയും ഫലമായി പ്രബലരായ എതിരാളികളെ തോല്‍പ്പിച്ചുകൊണ്ടു നേടിയ മഹത്തായ ഒരു കാമ്പസ് രാഷ്ട്രീയ വിജയമായിരുന്നു അത്. ആ പോരാട്ടങ്ങളെ മുന്നില്‍ നിന്നു നയിക്കുമ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന വിവിധ ജാതികളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയാമായിരുന്നു സ്റ്റൈഫന്റ് വാങ്ങാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന, കോളനിയില്‍ നിന്നും വരുന്ന ഒരു പട്ടികജാതിക്കാരനായിരുന്നു ഞാനെന്ന്. എന്നിട്ടും എന്നെ സ്‌നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും കാമ്പസിലെ എന്റെ സഹപാഠികള്‍ക്കു കഴിഞ്ഞു. അഥവാ അതാര്‍ജ്ജിച്ചെടുക്കുവാനും ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും അതുകോട്ടം തട്ടാതെ നിര്‍ത്താനും എനിക്കും കഴിഞ്ഞു. കേവലം കാണികളായോ വക്താക്കളായോ മാറിനില്‍ക്കാതെ സമരഭൂമിയിലിറങ്ങി നേരിട്ടു പോരാടുന്നവര്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ പറയട്ടെ, രോഹിത് നമുക്ക് ബദല്‍ സാധ്യമാണ്.

രാജ്യത്തെ ദലിതര്‍ക്ക് ബ്രാഹ്മണിസത്തിന്റെ ഇരകള്‍ എന്ന അവസ്ഥയില്‍ നിന്നും ഭരണാധികാര വര്‍ഗ്ഗം എന്ന പദവിയിലേയ്ക്ക് ഉയരുവാന്‍ സാധ്യമാണ്. വിദ്യാര്‍ത്ഥി ജീവിതവും കലാലയ രാഷ്ട്രീയവും അതിനുപയോഗിക്കാവുന്ന സാധ്യതകളുമാണ്. എങ്ങിനെയാണ് ഒരു ദലിത് സ്വത്വം നിലനിര്‍ത്തുമ്പോഴും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതെന്നും എങ്ങിനെയാണ് സമാന മനസ്ഥിതിയുള്ള വിദ്യാര്‍ത്ഥികളുടെ സന്മനോഭാവം സ്വതന്ത്ര രാഷ്ട്രീയജീവിതത്തിനും വിദ്യാഭ്യാസമികവിനും ഭാവിജീവിതത്തിനും വിനിയോഗിക്കേണ്ടതെന്നും ദലിത് വിദ്യാര്‍ത്ഥികള്‍ കുറച്ചുകൂടി അവധാനതയോടെ പരിശീലിക്കേണ്ടിയിരിക്കുന്നു. പ്രഖ്യാപിത മനുവാദി നിയന്ത്രിത വിദ്യാര്‍ത്ഥി സംഘടനകളിലൂടെയല്ലാതെ സംഘടനാപരമായും വ്യക്തിപരമായും വളരാനും ദലിതേതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉപാധി രഹിത, സഹതാപ രഹിത പിന്തുണ ആര്‍ജ്ജിക്കുവാനും ദലിത് വിദ്യാര്‍ത്ഥികള്‍ക്കു കഴിയും. സമൂഹം സൃഷ്ടിച്ചുതന്ന വേലിക്കെട്ടുകളെ തകര്‍ത്ത് മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും പ്രതിനിധിയാ കാന്‍ കഴിയുന്ന തലത്തിലേയ്ക്ക് തന്റെ കാഴ്ചപ്പാടും വ്യക്തിത്വവും പ്രവര്‍ത്തനവും വളര്‍ത്തിയെടുക്കേണ്ടതും വ്യാപിപ്പിക്കേണ്ടതും അംബേദ്ക്കറൈറ്റ് രാഷ്ട്രീയാവ ബോധമുള്ള ദലിത് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വമാണ്.

വളരെയധികം ശ്രദ്ധയും മുന്‍കരുതലും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ദലിതരുടെ വിദ്യാര്‍ത്ഥി ജീവിതം. കാമ്പസ് രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയോ അല്ലെങ്കില്‍ മനുവാദി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗഭാക്കാവുകയോ ചെയ്യുന്ന സാധാരണ ദലിത് വിദ്യാര്‍ത്ഥികളില്‍ നിന്നും വിഭിന്നരാണ് അംബേദ്ക്കര്‍ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുകയും സ്വന്തം ഇടം വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന രോഹിതിനെപ്പോലെയുള്ള വിദ്യാര്‍ത്ഥികള്‍. കലാലയ ജീവിതം കഴിഞ്ഞാല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയ്ക്ക് കാമ്പസിനു പുറത്ത് മാതൃരാഷ്ട്രീയ സംഘടന ഇല്ലാത്തതിനാല്‍ പുറമേ നിന്നുള്ള സഹായം ലഭ്യമല്ലാത്ത വളരെ ക്ലേശകരമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അത്. പ്രത്യേകിച്ചും ജാതിവാദികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാവുമ്പോള്‍ പ്രതിസന്ധിയുടെ കാഠിന്യവും രൂക്ഷമാകും. അവയെ നേരിടാനും മറികടക്കാനുമുള്ള മനക്കരുത്ത് ആര്‍ജ്ജിച്ചെടുക്കുക എന്നത് ദലിത് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുന്നുപാധിയാണ്. ആ സാഹചര്യത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുന്നതിനാവശ്യമായ മനക്കരുത്തിന്റെ ചെറിയൊരംശം മതി മനുവാദികളുയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാന്‍.

രോഹിതിനുവേണ്ടി കണ്ണീരൊഴുക്കുന്ന പലരും സ്വന്തം നിലയിലോ തങ്ങളുടെ മക്കളെയോ ബന്ധുക്കളേയോപോലും കാമ്പസിനുള്ളിലെ അംബേദ്ക്കറൈറ്റ് പോരാട്ടപാതയില്ലെന്നല്ല, സജീവമായ സ്വന്തന്ത്ര സംഘടനാ പ്രവര്‍ത്തന ത്തില്‍പ്പോലും പങ്കാളിയാകാന്‍ പ്രേരിപ്പിക്കുന്നവരായിരിക്കില്ല. സുഹൃത്തുക്കള്‍ നന്നേ കുറവായ ഈ മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന ഓരോ ദലിത് വിദ്യാര്‍ത്ഥിയും പിന്നില്‍ നിന്നും വരുന്നവര്‍ക്ക് കാണുവാന്‍ വിജയത്തിന്റെ നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ ബാധ്യസ്ഥരാണ്. മനുവാദി വിദ്യാര്‍ത്ഥി സംഘടനകളോടേറ്റുമുട്ടി കോളേജ് ചെയര്‍മാനാകാന്‍ പരിശ്രമിച്ചപ്പോഴും ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിന്നീട് കോളേജ് പഠനം തുടരാന്‍ കഴിയാതെ വന്നപ്പോഴും പിന്നീട് പഠനം തുടര്‍ന്ന് എം.എയ്ക്ക് ഒന്നാം റാങ്കുമായി തിരിച്ചെത്തിയപ്പോഴും, പ്രിയ രോഹിത്, അംബേദ്ക്കറൈറ്റ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ സൃഷ്ടിക്കേണ്ട മാതൃകയെക്കുറിച്ച് പൂര്‍ണ്ണ ബോധ്യം എനിക്കുണ്ടായിരുന്നു. 

പ്രിയ രോഹിത്, താങ്കളുടേ വിയോഗ വേളയില്‍ പുകയുന്ന അമര്‍ഷത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനു പകരം വിമര്‍ശനാത്മകവും അല്‍പ്പം ആത്മപ്രശംസാപരവുമായ ഈ വരികള്‍ എന്തിനെഴുതി എന്ന് താങ്കള്‍ ചിന്തിക്കുന്നു ണ്ടാകാം. ദലിതരുടെ വീഴ്ചകളെ പര്‍വ്വതീകരിക്കുകയും പരാജയങ്ങളെ ആഘോ ഷിക്കുകയും ചെയ്യുന്ന അതേ മനുവാദി തന്ത്രത്തെ അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്ന ദലിത് ബുദ്ധിജീവി വര്‍ഗത്തിനിടയില്‍ കാമ്പസിനുള്ളിലെ താങ്കളുടെ രാഷ്ട്രിയ ജീവത്യാഗം ചര്‍ച്ചയായതുപോലെ കാമ്പസിനുള്ളില്‍ ഒരു ദലിതനായ ഞാന്‍ നേടിയ രാഷ്ട്രീയ വിജയം ചര്‍ച്ചയാകില്ല. മാതൃകയുമാകില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ആ വിജയം ആഘോഷപൂര്‍വ്വം മാതൃകയാക്കപ്പെട്ടിരുന്നുവെങ്കില്‍ സ്ഥിരം പ്രതിപക്ഷമെന്ന ദലിത് അവസ്ഥയില്‍ നിന്നും സ്വന്തം നിലയില്‍ ഭരണപക്ഷമെന്ന അവസ്ഥയിലേയ്ക്ക് ദലിത് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായി പരിണമിക്കുന്നതിന് ഊര്‍ജ്ജം പകര്‍ന്നേനെ. ദലിതരുടെ വിജയങ്ങളാഘോഷിക്കുന്ന പതിവ് മനുവാദികള്‍ക്കി ല്ലാത്തതുപോലെ ദലിതര്‍ക്കും ഇല്ലാത്തതിനാലാണ് രോഹിത്, താങ്കളുടെ ജീവത്യാഗത്തിനു ലഭിച്ച പിന്തുണ, ഒരു ജീവിതകാലം മുഴുവന്‍ തന്റേതായ വഴിയിലൂടെ ദലിതരുടെ കരുത്തെന്തെന്ന് കാട്ടുവാന്‍ പതിന്നാല് വധശ്രമങ്ങളെ അതിജീവിച്ചും പ്രവര്‍ത്തിച്ച്, യുനെസ്‌കോ പോലും അംഗീകരിച്ച കല്ലേന്‍ പൊക്കുടന്‍ മാഷിനു ലഭിക്കാത്തതും താങ്കള്‍ ജീവനൊടുക്കിയ അതേ ആഴ്ചയില്‍ അദ്ദേഹത്തിനു ലഭിച്ച 'അമേയ്‌സിംഗ് ഇന്ത്യന്‍' പദവി ദലിതര്‍ക്കിടയില്‍ ചര്‍ച്ചപോലും ആയിത്തീരാതിരിക്കുകയും ചെയ്തത്. 

രോഹിത്, താങ്കള്‍ക്ക് രജനീ എസ് ആനന്ദിനെ അറിയാമോ? അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ ജീവനൊടുക്കില്ലായിരുന്നു. ഇന്‍സ്റ്റിറ്റിയൂഷനല്‍ മര്‍ഡറിനു വിധേയമായ നൂറുകണക്കിനു ദലിത് വിദ്യാര്‍ത്ഥികളിലൊരാളാണ് താങ്കള്‍. രജനി വിസ്മൃതിയിലായതു പോലെ ഒരു പക്ഷേ താങ്കളും വിസ്മൃതിയിലാകും. ഒരു കുഞ്ഞായിരുന്നപ്പോള്‍, വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, ഉദ്യോഗസ്ഥനായിരുന്നപ്പോള്‍, മന്ത്രിയായിരു ന്നപ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ തന്നോട് എങ്ങിനെയാണ് പെരുമാറിയതെന്ന് ബാബാസാഹേബ് അംബേദ്ക്കര്‍ വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ എഴുതിയിട്ടുണ്ട്. അത് നമുക്ക് മുന്നറിയിപ്പു നല്‍കുവാന്‍, നമ്മെ ജാഗരൂകരാക്കുവാന്‍ വേണ്ടി എഴുതിയതാണെന്ന് എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല? ആര്യാവര്‍ത്തത്തില്‍, ബ്രാഹ്മണിസത്തിന്റെ ഈറ്റില്ലത്തില്‍ ഭരണകൂടം സ്ഥാപിച്ചു മാതൃക കാട്ടിയ സാഹേബ് കാന്‍ഷിറാം എന്തുകൊണ്ട് ദലിത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പോലും വരുന്നില്ല? രോഹിത് ചക്രവര്‍ത്തി വെമുല എന്ന് താങ്കള്‍ക്ക് പേരുനല്‍കിയത് ഭരണാധികാരിവര്‍ഗമാകാനാണ്, ഭയന്നു പിന്തിരിയുവാനല്ല.

കാമ്പസില്‍ ദലിതര്‍ക്ക് ശത്രുക്കളുണ്ട്. അതുപോലെ അവരെ സ്‌നേഹിക്കുന്നവരും അംഗീകരിക്കുന്നവരുമുണ്ട്. ജാതിക്കും മതത്തിനും പ്രദേശത്തിനും അതീതമായി ദലിതരിലെ കഴിവുകളേയും പാടവത്തേയും വിലമതിക്കുന്നവരിലേയ്ക്ക് നാം വളരേണ്ടതുണ്ട്. അത്തരമൊരു പിന്തുണ കാമ്പസ് രാഷ്ട്രീയത്തില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ അവര്‍ക്കൊപ്പം നിന്ന് ഞാന്‍ പറയുന്നു, രോഹിത്, താങ്കളുടെ ജീവത്യാഗത്തെ പ്രകീര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഒരു പക്ഷേ ഞാനും ഞങ്ങളും കാണില്ല. കാരണം കാമ്പസില്‍ താങ്കള്‍ ഞങ്ങള്‍ക്കൊപ്പവും ഞങ്ങള്‍ താങ്കള്‍ക്കൊപ്പവുമായിരുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ദലിത് വിദ്യാര്‍ത്ഥിയല്ല. ക്ലാസ്മുറികള്‍ക്കും മടുപ്പിക്കുന്ന സിലബസിനുമപ്പുറം കാമ്പസിനു പുറത്തെ നീതിരഹിതവ്യവസ്ഥിതിക്കെതിരെ കാമ്പസിനകത്തു പോരാട്ടം നടത്തുന്ന പ്രതിബദ്ധതയുള്ള പൗരനായിരുന്നു. പൂച്ചെണ്ടുകളും പൂമാലകളും എനിക്കാവശ്യമില്ല എന്ന് ബാബാസാഹേബ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് നമുക്ക് പരസ്പരം അറിയാം. താങ്കളുടെ വിയോഗത്തില്‍ ദുഃഖിക്കുമ്പോള്‍ തന്നെ താങ്കളുടെ തീരുമാനത്തെ കാമ്പസിലെ സ്വതന്ത്ര രാഷ്ട്രീയത്തിന്റെ ഒരു ചെറു വിജയശില്‍പ്പിയായ ദലിതനെന്ന നിലയില്‍ ഞാന്‍ അപലപിക്കുന്നു. കാരണം വിമോചിതമായ ഒരു ഹൃദയം നിലനില്‍ക്കുവാന്‍ സചേതനമായ ഒരു ശരീരവും ആവശ്യമുണ്ട്.

ജയ് ഭീം ജയ് ഭാരത്

യു.പി. അനില്‍നാഗ്
9447269504


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ