"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

മാധവി: അമ്മാവന്റെ മകള്‍ പി കെ റോസിയെക്കുറിച്ച് ഓര്‍ക്കുന്നത് - കുന്നുകുഴി എസ് മണി


മലയാളസിനിമയിലെ ആദ്യനായിക പി കെ റോസിയുടെ അമ്മാവന്റെ മകള്‍ മാധവി, വട്ടിയൂര്‍ക്കാവ് കാവല്ലൂരില്‍ ജീവിച്ചിരിക്കുന്നു. എണ്‍പത്തിയൊന്നുകാരിയും വയോവൃദ്ധ യുമായ മാധവി തന്റെ ഓര്‍മയില്‍ നിന്നും റോസിയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ണന്‍ മേലോത്തിന്റേയും എന്റേയും മുമ്പില്‍ പങ്കുവെച്ചു. 2017 സെപ്തംബര്‍ 18 ന് വൈകുന്നേരം അഞ്ചരമണിയോടെയാണ് ഞങ്ങള്‍ കാവല്ലൂരിലെ, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓലമേഞ്ഞ വീട്ടില്‍ എത്തിയത്.

'എന്റെ അച്ഛനും അമ്മക്കും ഞങ്ങള്‍ ഏഎഴ് മക്കളാണ് ഉണ്ടായിരുന്നത്. 5 പെണ്ണും 2 ആണും. എന്റെ നേരെ മൂത്ത ജേഷ്ഠത്തി തങ്കമ്മ വളരെക്കാലം കുന്നുകുഴിയിലാണ് താമസിച്ചിരുന്നത്. അവര്‍ മരിച്ചുപോയി. ഒരു മകളുണ്ട് അവള്‍ വേളിയിലാണ് താമസം. ഞാന്‍ 1937 ല്‍ ആണ് ജനിച്ചത്. പ്രീ - ഡിഗ്രി വരെ പഠിച്ചു. വിമന്‍സ് കോളേജിലാ യിരുന്നു വിദ്യാഭ്യാസം. പഠനം കഴിഞ്ഞ ഉടനെ എനിക്ക് ചങ്ങനാശ്ശേരിയില്‍ ടീച്ചറായി സര്‍ക്കാര്‍ ജോലി ലഭിച്ചുവെങ്കിലും ജ്യേഷ്ഠന്‍ അച്യുതന്‍ സമ്മതിച്ചില്ല. അങ്ങിനെ ആ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടു.'

'ജ്യഷ്ഠന്‍ അച്യുതന് പൊലീസിലായിരുന്നു ജോലി. 1957 ല്‍ ഇ എം എസ് മന്ത്രിസഭയില്‍ ഹരിജനക്ഷേമവകുപ്പുമന്ത്രിയായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ വര്‍ക്കു ചെയ്തിരുന്നു. 1957 ല്‍ത്തന്നെയാണ് ജ്യേഷ്ഠന്‍ എന്നെ ജോലിക്കുപോകാന്‍ സമ്മതിക്കാതിരുന്നത്. പിന്നീട് കെ പി സുകുമാരന്‍ എന്നൊരാളെ കല്യാണം കഴിച്ച് ഈ വീട്ടില്‍ത്തന്നെ കുടുംബിനിയായിക്കഴിഞ്ഞു. ഇതിനിടെ ഞാന്‍ തയ്യല്‍ പരീക്ഷയും പാസായിരുന്നു. ഭര്‍ത്താവ് സുകുമാരന്‍ തിരുവനന്തപുരം ആയുര്‍വേദക്കോളേജില്‍ ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങള്‍ക്ക് ഒരു മകനേയുള്ളൂ, സുരേഷ്. ഭര്‍ത്താവ് ഏതാനുംവര്‍ഷം മുമ്പ് മരിച്ചുപോയി.'

'അച്ചന്റെ അച്ഛന്റെ സഹോദരി കുഞ്ഞിയുടെ മകളാണ് രാജമ്മ എന്ന റോസി. കാണാന്‍ നല്ല വെളുത്ത സുന്ദരിയായിരുന്നു. അവള്‍ നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു.' (കാക്കരശ്ശി നാടകം നാടകമെന്നാണ് മാധവി കരുതുന്നത്) അങ്ങിനെ നാടകം കളിച്ചുകളിച്ച് നാഗര്‍കോവിലില്‍ പോയി കേശവപിള്ള എന്നൊരു നായരെ റോസി ഭര്‍ത്താവായി സ്വീകരിച്ചുവെന്നാണ് മാധവി പറയുന്നത്. എന്നാല്‍ മലയാളത്തിലെ ആദ്യ സിനിമയായ ജെ സി ഡാനിയേലിന്റെ 'വിഗതകുമാരന്‍' എന്ന സിനിമയില്‍ ആദ്യനായികയായി അഭിനയിച്ചകാര്യമൊന്നും മാധവിക്കറിയില്ലായിരുന്നു. അവര്‍ ആകെക്കൂടി പറയുന്നത്, രാജമ്മ നാടകത്തില്‍ അഭിനയിച്ചിരുന്ന നാടകനടിയെന്നാണ്. 

കാവല്ലൂര്‍ കൃഷ്ണന്റെ വിവാഹം 1971 ല്‍ ആയിരുന്നു. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവില്‍ ഓട്ടുപുരത്തെരുവില്‍ നിന്നും റോസിയെന്ന രാജമ്മാളും രണ്ടുമക്കളും (നാഗപ്പന്‍ പിള്ളയും പത്മയും) ഭര്‍ത്താവ് കേശവപിള്ളയുമായി കാവല്ലൂരിലെ ഈ വീട്ടില്‍ വരികയും മൂന്നു ദിവസം ഇവിടെ തങ്ങുകയും ചെയ്തതായും മാധവി ഓര്‍ക്കുന്നു. പിന്നീട് ഒരിക്കല്‍ക്കൂടി റോസി ഇവിടെ വന്നതായി പറയുന്നുണ്ടെങ്കിലും മാധവി കണ്ടിരുന്നില്ല. പിന്നീടെന്നോ രാജമ്മാള്‍ ഓട്ടുപുരത്തെരുവില്‍വെച്ച് സ്തംഭിതം വന്ന് മരിച്ചതായും മാധവി ഓര്‍മയില്‍ നിന്നും പറയുന്നു. ആദ്യ മലയാളസിനിമയില്‍ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ദുരന്തം ഏറ്റുവാങ്ങിയ റോസിയെ യഥാര്‍ത്ഥത്തില്‍ ലോറി ഡ്രൈവറായിരുന്ന കേശവപിള്ള (പ്രസിദ്ധ തമിഴ് ഹാസ്യനടന്‍ എന്‍ എസ് കൃഷ്ണന്റെ ബന്ധു) രക്ഷിക്കുകയായിരുന്നു. പിന്നീടാണ് വിവാഹം കഴിച്ചത്. ആ നടിയുടെ ഓര്‍മക്കായി ആ കുടുംബത്തിലും തലമുറയിലും പെട്ട വയോവൃദ്ധയായ 81 കാരി മാധവി ജീവിച്ചിരിക്കുന്നു എന്നത് മലയാള സിനിമാ ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹം തന്നെയാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ