"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

കല്ലറ - രാഘവന്‍ അത്തോളി



കല്ലറയിലേക്കെത്ര ദുരം
നമ്മള്‍ ചെങ്ങറക്കുന്നുകള്‍ കയറി
കുടില്‍കെട്ടി സമരം നയിച്ച്
മുടിഞ്ഞ ദുരം
വില്ലുവണ്ടികള്‍
ഏതോ കരിങ്കാലചോളനെപ്പോലെ
തരാതരപ്പന്തികള്‍
ദുരിതക്കടല്‍ തിരകള്‍
കുന്നോളമേറ്റിയ
സമരദുരങ്ങളുടെ
സമയതീരം
കല്ലുമാലകളറുത്ത കറുമ്പികള്‍
പുല്ലരിഞ്ഞ് കിതച്ച പകലുകള്‍
പൊള്ളുമുള്ളിലെ ചെന്തീയടുപ്പുകള്‍
കള്ളിമുള്‍ച്ചെടി,കാഞ്ഞിരപ്പൊന്തകള്‍
കയ്പുനീരും മധുരമായ് കണ്ടവന്‍
വാക്കിനെന്ത് വിലയെന്ന്
വാണിജ്യ ദുഷ്ടലാക്കുകള്‍
ബ്രാമണക്കോയ്മകള്‍
ചോരതേച്ച കൊടിപറപ്പിച്ച നാള്‍
ഇന്ധനപ്പുരയില്‍ സ്വന്തബന്ധങ്ങളെ
കണ്ടുഞെട്ടി കദനങ്ങളാറ്റുവാന്‍
ഒളിവിലോര്‍മ്മകള്‍ ചീകിത്തളര്‍ന്നവന്‍
ലൗജിഹാദല്ല,ലൗകികാലസ്യമല്ല
അറിവുമഭയവും പങ്കിട്ടുമാഞ്ഞവന്‍
പീരുമേട്ടിലേക്കേത് മഴനിഴല്‍
ചോരകത്തിച്ച് പോരിന്നിറങ്ങിയോന്‍
പോരവേഗം നരച്ച സിദ്ധാന്തങ്ങള്‍
തിന്നൊടുക്കിയോര്‍,നായാട്ടുകമ്പങ്ങള്‍
കുംഭമേളകളോടും കയര്‍ത്തവന്‍
തിന്നൊടുക്കിയോര്‍,നായാട്ടുകമ്പങ്ങള്‍
കുംഭമേളകളോടും കയര്‍ത്തവന്‍
ഒരു മരത്തണല്‍ തേടിയലഞ്ഞവന്‍
തെരുവരങ്ങത്ത് തീയാടി നിന്നവന്‍
വാക്ക് തോക്കായ കാവ്യം പൊലിച്ചവന്‍
വാചകങ്ങളില്‍ വേദം രചിച്ചവന്‍
ഒരു മരത്തണല്‍ തേടിയലഞ്ഞവന്‍
തെരുവരങ്ങത്ത് തീയാടി നിന്നവന്‍
വാക്ക് തോക്കായ കാവ്യം പൊലിച്ചവന്‍
വാചകങ്ങളില്‍ വേദം രചിച്ചവന്‍
മണ്ണിലുണ്ണികള്‍ മണ്ണായടിഞ്ഞവര്‍
കണ്ണുനീരായ കാട്ടുപുഞ്ചോലകള്‍
കല്ലറയിലേക്കുള്ള ദുരങ്ങളെണ്ണുവാന്‍
നെല്ലറകളേ നേരില്‍ തിളക്കുക
ഒറ്റയായ് മഹാപ്രസ്ഥാനമായവന്‍
ദുരങ്ങളേറെ നടന്ന് തിളച്ചവന്‍
ഭാരങ്ങളൊക്കെയും നെഞ്ചേറ്റി നിന്നവന്‍
അരിവറുത്ത പെരുവിരല്‍പ്പാടിനാല്‍
നിറുകയില്‍ നീതിവാക്യം കുറിച്ചവന്‍
അറവുമാടുകളായ് ബലിക്കല്ലിലെ
ജന്മബന്ധങ്ങളെ കണ്ടറിഞ്ഞവന്‍
ഉറവ് വറ്റാത്ത സ്‌നേഹത്തിനിന്നത്തെ
നിറവ് തേകിയൊരുതാളം പൊലിക്കണം
കല്ലറയിലേക്കേറെ ദുരം നമ്മള്‍
തെല്ലകന്നല്ല,പാടെ മറന്നുപോയ്
കാന്‍ഷിറാമിന്റെ കാഞ്ചിയില്‍ ജിവന്റെ
പൊള്ളുമോര്‍മ്മകള്‍ വായിച്ചു തന്നവന്‍
തുല്യപദവിക്കുവേണ്ടി വാദിച്ചവര്‍
സോദരത്വ പ്രമാണങ്ങള്‍ പേറി നാം
വാക്കുകൊണ്ടോരു സൗധം പണിയണം
കല്ലറകള്‍ ഒടുങ്ങാതിരിക്കുവാന്‍
നല്ല ചിന്തകള്‍ പന്തങ്ങളാക്കുവിന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ