"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

കമ്മ്യൂണല്‍ അവാര്‍ഡും പൂനാക്കരാറും താരതമ്യം.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10 പേജ് 269,70)

പൂനാക്കരാര്‍ നിശ്ചിത അനുപാതം വര്‍ധിപ്പിച്ചു എങ്കില്‍ ദ്വിവിധ സമ്മതിദാനാവകാശം എടുത്തുകളയുകയും ചെയ്തു. ദ്വിവിധ സമ്മതിദാനാവകാശനഷ്ടത്തിന് ഒരു വിധത്തിലും പരിഹാരമാവില്ല സീറ്റുകളിലുണ്ടായ വര്‍ധന. കമ്മ്യൂണല്‍ അവാര്‍ഡ് നല്കിയ രണ്ടാമത്തെ വോട്ട് അമൂല്യമായ ഒരു സവിശേഷാവകാശമായിരുന്നു. രാഷ്ട്രീയമായ ഒരായുധമെന്ന നിലക്ക് അതിന്റെ മൂല്യം വിലമതിക്കാന്‍ പറ്റാത്തതായിരുന്നു. ഓരോ നിയോജകമണ്ഡലത്തിലേയും അസ്പൃശ്യരുടെ വോട്ടിന്റെ സംഖ്യാബലം പത്തില്‍ ഒന്ന് എന്ന അനുപാതത്തിലാണ്. സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വോട്ടിന്റെ ഈ സംഖ്യാബലംകൊണ്ട്, ജാതിഹിന്ദുക്കളെ തെരഞ്ഞെടുക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ വ്യവസ്ഥ നിശ്ചയിക്കുവാന്‍, ഒരു പക്ഷെ ആജ്ഞാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അസ്പൃശ്യര്‍ക്ക് കഴിയുമായിരുന്നു. അസ്പൃശ്യരുടെകൂടി വോട്ടിനെ ആശ്രയിക്കേണ്ടിവരുന്ന ജാതിഹിന്ദു സ്ഥാനാര്‍ത്ഥി തന്റെ മണ്ഡലത്തിലെ അസ്പൃശ്യരെ അവഗണിക്കാന്‍ ധൈര്യപ്പെടുകയോ, അവരുടെ താത്പര്യങ്ങളോട് ശത്രുത പുലര്‍ത്തുകയോ ചെയ്തില്ല. അവാര്‍ഡില്‍ അനുവദിച്ചതിനേക്കാള്‍ ഇപ്പോള്‍ അസ്പൃശ്യര്‍ക്ക് കൂടുതലായുണ്ട്. എന്നാല്‍ ഇത് മാത്രമാണ് അവര്‍ക്കുള്ളത്. ഓരോ അംഗവും ഉദാസീനമായാണ് പെരുമാറുന്നത്, ഒരു പക്ഷെ, ശത്രുഭാവത്തിലല്ലെങ്കിലും. വിവിധ സമ്മതിദാന സമ്പ്രദായത്തോടെ കമ്മ്യൂണല്‍ അവാര്‍ഡ് നിലനിന്നിരുന്നു വെങ്കില്‍, അസ്പൃശ്യര്‍ക്ക് ഏതാനും സീറ്റുകളുടെ കുറവുണ്ടാകുമായിരുന്നെങ്കിലും, മറ്റ് ഓരോ അംഗത്തിന്റേയും സ്വഭാവത്തില്‍ മാറ്റമുണ്ടാകുമായിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ അസ്പൃശ്യരുടെ സീറ്റുകളിലുണ്ടായ ഈ വര്‍ധനവ് ഒരു വര്‍ധനവേയല്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ