"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

സി കെ ടി യുവിന്റെ ചരിത്രം - സി. റ്റി. കുട്ടപ്പന്‍സി. റ്റി. കുട്ടപ്പന്‍ 
പ്രസിഡന്റ് സി.കെ.റ്റി.യു. 
(സെന്റര്‍ ഓഫ് കേരളാ ട്രേഡ് യൂണിയന്‍സ്)

? സി. റ്റി. എത്ര വര്‍ഷം കല്ലറ സാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു? 
1976 മുതല്‍ 
? എന്താണ് സംഘടനയുടെ പേര്? 
കെ. എച്ച്. എഫ്. 
? കല്ലറ സാറുമായുള്ള അനുഭവങ്ങള്‍


കല്ലറ സാറിനെക്കുറിച്ച് മറ്റ് സമുദായത്തിലുള്ളവര്‍ പറഞ്ഞറിവാണ് എന്നെ സാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചത്. 1974-75 അഞ്ചലിപ്പ ഭാഗത്ത് ഒരു യോഗം വിളിച്ചുക്കൂട്ടി. അന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ദലിതരുടെ വിമോചനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും കല്ലറ വിശദമായി പ്രസംഗിച്ചു. അന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി എന്നെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മേല്‍ കമ്മിറ്റികളുമായി ചേര്‍ന്ന് സാറുമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.

? മറക്കാനാവാത്ത സംഭവം 

1977 ഏപ്രില്‍ 13 മുതല്‍ 17 വരെ മുണ്ടക്കയത്ത് വെച്ച് ഒരു ക്യാമ്പ് നടന്നു. ആ ക്യാമ്പില്‍ തട്ടയില്‍, ഡി.പി. മുതലായ പ്രമുഖര്‍ പങ്കെടുത്തു. 1982 ല്‍ ദലിതരുടെ വിമോചനത്തിന്റെ സമരം ഒന്നാം ഘട്ടം തുടങ്ങണമെന്ന് ആ ക്യാമ്പില്‍ വച്ച് തീരുമാനമെടുത്തു. 82 ല്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന പല നേതാക്കളും പുറകോട്ട് പോയി. പക്ഷെ കല്ലറ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് പോയി. കേരള വ്യാപകമായി നടത്തിയ വാഹന ജാഥയ്ക്കുശേഷം 1982 സെപ്തംബര്‍ 24 ന് കേരളത്തിലെ എല്ലാ കളട്രേറ്റുകളുടെ മുന്നിലും 24 മണിക്കൂര്‍ കൂട്ടധര്‍ണ നടത്തി. പി.കെ. ശ്രീധരന്‍, പി.ജെ. ജയരാജ്, ഡോ. എം.എ. കുട്ടപ്പന്‍ മുതലായവര്‍ സമര രംഗത്തേക്ക് വന്നുവെങ്കിലും പിന്മാറി. കേരളത്തിലെ ഇടതു വലതു പാര്‍ട്ടികള്‍ ഹരിജനങ്ങള്‍ക്ക് എതിരാണെന്ന കല്ലറയുടെ അസന്നിഗ്ദ്ധമായ പ്രഖ്യാപനവും പ്രസംഗവും മൂലം അങ്ങനെയുള്ള സംഘടകളുമായി ബന്ധമുള്ള കെ.എച്ച്.എഫ്. നേതാക്കള്‍ പലരും സമരരംഗത്ത് നിന്ന് പിന്മാറി. കേരളത്തിലെ ദലിതരുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഈ ക്യാമ്പില്‍ പി.ജെ. ജയരാജ്, ശ്രീധരന്‍ മുതലായവര്‍ കല്ലറയോടൊപ്പം ക്യാമ്പിന് നേതൃത്വം കൊടുത്തു. ആ ക്യാമ്പില്‍ വെച്ച് തട്ടയില്‍, ഡി.പി., പോള്‍ സാര്‍, എം.കെ. കുഞ്ഞോല്‍ മുതലായവര്‍ ക്ലാസ്സെടുത്തു. 400 ല്‍ അധികം പേര്‍ പങ്കെടുത്ത കേഡര്‍ ക്യാമ്പായിരുന്നു അത്. ആ ക്യാമ്പ് കഴിഞ്ഞ് പൂനാ പാക്ടിന്റെ ന്റെ 50 ാം വാര്‍ഷികത്തില്‍ നടന്ന ധര്‍ണാ സമരം.

? പിന്നീട് നടത്തിയ പ്രധാന സമരം

ഗുരുവായൂര്‍ പദയാത്രയായിരുന്നു. സമരത്തിന്റെ രണ്ടാമനായിരുന്നല്ലോ ഞാന്‍. 
തലേ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തി. അന്ന് രാത്രി ഇന്ദ്രപ്രസ്ഥം ലോഡ്ജില്‍ ക്യാമ്പ് ചെയ്തു. 

ഫിലിപ്പ് എം. പ്രസാദ് ഉച്ച ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തു. കൊട്ടാരക്കരയില്‍ യാത്രയ്ക്ക് സ്വീകരണം നല്കി. കോട്ടയത്തെത്തിയപ്പോള്‍ ജാഥ ഗൗരവമായി 6 ാം തിയതി വൈക്കത്തെത്തി. അതിന് ശേഷം ജാഥ മാധ്യമ ശ്രദ്ധയിലാവുകയും എതിര്‍ത്തും അനുകൂലിച്ചും കേരളം രണ്ട് തട്ടിലായി ആസമയം ചില ദലിത സംഘടന-പേര് പറയാന്‍ മടിയില്ല- എം.കെ.കുഞ്ഞോലിന്റെ ഹരിജന്‍ സമാജും നോട്ടീസിറക്കി കല്ലറയുടെ കൂടെയുള്ളവര്‍ അവശ ക്രൈസ്തവരാണെന്ന് പറഞ്ഞുകൊണ്ട്. 

ഗാന്ധി പരാജയപ്പെട്ടിടത്ത് കല്ലറ ജയിച്ചു എന്ന് പത്രങ്ങള്‍ എഴുതി. ദലിതരുടെ ആദ്യത്തെ സമരം. 

എസ്.എന്‍.ഡി.പി.യുടെ നിസ്തുല പിന്‍തുണ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ എടുത്ത സമരം എന്ന നിലയില്‍ കിട്ടി. എസ്.എന്‍.ഡി.പി. സഹായിച്ചു. ജാഥ തടയുമെന്നായപ്പോള്‍ കെ.പി.എം.എസ് പിന്‍തുണച്ചു. പട്ടിക ജാതി എം.എല്‍.എ. മാരുടെ പിന്തുണയും ലഭിച്ചു. തലേന്ന് ചാവക്കാടെത്തിയപ്പോള്‍ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റിന്റെ സമര ഭടന്മാര്‍ ജാഥയോട് ചേര്‍ന്നു. 

ചാവക്കാട് മുതല്‍ ഗുരുവായൂര്‍ വരെ സംഘര്‍ഷാല്‍മകത നിറഞ്ഞ അനുഭവമായിരുന്നു. പിറ്റേന്ന് സമരം ഇടക്ക്‌വച്ച് നിര്‍ത്തുവാന്‍ ചര്‍ച്ച തുടര്‍ന്നു. ഒറ്റയ്ക്ക് കല്ലറ ചര്‍ച്ചയ്ക്കുപോയി. ചര്‍ച്ച കഴിഞ്ഞ് തിരിച്ചു വന്ന് പറഞ്ഞു; ഞങ്ങള്‍ ഏത് ലക്ഷ്യത്തിനാണോ യാത്രതിരിച്ചത് ഞങ്ങളുടെ ഒരാള്‍ ശേഷിക്കുന്നതുവരെ ഞങ്ങള്‍ യാത്രതുടരും.

കോട്ടയത്ത് നടന്ന കെ.എച്ച്.എഫിന്റെ രജതജൂബിലി സമ്മേളനം?

കേരളത്തിലെ 12 ജില്ലകളിലേയും എല്ലാ ജില്ലാ കമ്മിറ്റികളുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നു. 1982 ഏപ്രില്‍ 17-20 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചചെയ്‌തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എല്‍.പി. പ്രഖ്യാപിച്ചത്. നാഗമ്പടം പാലത്തില്‍ നിന്നും പ്രകടനം ആരംഭിച്ചു. ഇരുപത്തയ്യായിരം പേര്‍ പങ്കെ ടുത്തു. പാര്‍ട്ടി പ്രഖ്യാപിച്ച പിറ്റേന്നുതന്നെ കെ.എച്ച്.എഫിന്റെ 12 ജില്ലകളിലുമുള്ള എല്ലാ ശാഖകളിലും ഐ.എല്‍.പി. പതാക ഉയര്‍ന്നു.

ഐ.എല്‍.പി.-യുടെ പ്രാരംഭപ്രവര്‍ത്തനം?

ഐ.എല്‍.പി.-യ്ക്കുമുമ്പ് കെ.എച്ച്.എഫ്. തന്നെ കേരളത്തിലെ ഇടത് വലത് മുന്നണിക്കാര്‍ ഹരിജനങ്ങള്‍ക്കെതിരെ നടത്തുന്ന നെറികേടുകളെക്കുറിച്ച് കല്ലറ സാര്‍ ശക്തമായ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഐ.എല്‍.പി. രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ എതിരാളികളുടെ എണ്ണം കൂടി. എങ്ങനെ ഇതിനെ ഇല്ലായ്മ ചെയ്യണമെന്ന് സവര്‍ണ്ണ നേതാക്കളുടെ ബുദ്ധി മറ്റ് പാര്‍ട്ടികളില്‍ നില്‍ക്കുന്ന ദലിതരിലൂടെ പ്രവര്‍ത്തിച്ചാണ് ഐ.എല്‍.പി.-യെ പരാജയപ്പെടുത്തിയത്. 1984-ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുവ്വാറ്റുപുഴ മണ്ഡലത്തില്‍ നിന്നും പതിനായിരം വോട്ടുകള്‍ പോള്‍ സാര്‍ നേടി. അതിനുശേഷം ഐ.എല്‍.പി. -യില്‍ നിന്നും പല നേതാക്കളേയും സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സ്വാധീനിക്കുകയും അവര്‍ ഐ.എല്‍.പി.-യില്‍ നിന്നും വിട്ടുപോവുകയും ചെയ്തു.

കേരളത്തിലെ ദലിതരുടെ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അദ്ധ്യായമാണ് സി.കെ.റ്റി.യു.
സി.കെ.റ്റി.യുവിന്റെ രൂപീകരണം പറയാമോ?


സംഘടനയുടെ പരമമായ ലക്ഷ്യം ഹരിജനങ്ങളുടെ ആത്യന്തീക വിമോചനമായിരുന്നു. ഇതിന് എതിരു നില്‍ക്കുന്ന ഇടത്-വലത് പ്രസ്ഥാനങ്ങള്‍ ആണെന്ന ശക്തമായ പ്രചരണം കെ.എച്ച്.എഫ്. അഴിച്ചുവിട്ടു. അതുപോലെതന്നെ മറ്റ് ട്രേഡ് യൂണിയന്‍ മേഖലയെക്കുറിച്ച് ചില സവര്‍ണ്ണ മേധാവിത്വത്തെക്കുറിച്ചും കെ.എച്ച്.എഫ്. പ്രചരണം നടത്തിയിരുന്നു. 1978-ല്‍ സി.കെ.റ്റി.യു. 78 ബ്രാഞ്ചുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്നു. അന്ന് കാഞ്ഞിരപ്പിളളി താലൂക്കില്‍ ടിമ്പര്‍ വര്‍ക്ക് മേഖലയില്‍ സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി., ഐ.എന്‍.റ്റി.യു.സി. മൂന്ന് യൂണിയന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കെ.എച്ച്.എഫിന്റെ ശക്തമായ പ്രചരണം നടത്തിയപ്പോള്‍ ഞങ്ങളെ ഉള്‍കൊള്ളുവാന്‍ മറ്റു യൂണിയന്‍കാര്‍ വിമുഖത കാണിച്ചു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ കൂറേപേര്‍ ചേര്‍ന്നിരുന്ന് ആലോചിച്ചു. എന്നോടൊപ്പം കുട്ടി, അപ്പച്ചന്‍, പാപ്പ, രാമന്‍കുട്ടി തുടങ്ങി 30 പേരുണ്ടായിരുന്നു. ഈ 30 പേരെ ഒരു ദിവസം വീട്ടില്‍ വിളിച്ചുവരുത്തി ആദ്യയോഗം നടന്നു. 1981 ജനുവരിമാസം ആദ്യമായിരുന്നു അത്. മഹാനായ അംബേദ്ക്കര്‍ പോലും തുടങ്ങാന്‍ മടിച്ചുനിന്നു മേഖലയാണ് ട്രേഡ് യൂണിയന്‍ രംഗം. ഒരു യൂ ണിയന്‍ കൊണ്ടുനടക്കുവാന്‍ പ്രാപ്തരായ ആളുകള്‍ ഈ രംഗത്ത് തന്നെയില്ല. ഒരു ദലിത് സംഘടനയും ഈ രംഗത്ത് കൈ വച്ചിട്ടില്ല. കൈ വച്ചാല്‍ പൊള്ളും. ആ സാഹചര്യത്തിലാണ് ഞങ്ങള്‍ യോഗം കൂടി ഒരു കമ്മറ്റി ഉണ്ടാക്കിയത്. സി.ടി. കുട്ടപ്പന്‍ (പ്രസിഡന്റ്), കുട്ടി (സെക്രട്ടറി), മറ്റ് 7 പേര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. യൂണിയന് എന്ത് പേരിടണമെന്ന് ചര്‍ച്ച വന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ കേരളാ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേര് സ്വീകാര്യമായി. യൂണിയന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 50 പേര്‍ ഉണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പുതന്നെ പണിയെടുത്തിരുന്നു. പണികിട്ടണമെങ്കില്‍ ലെറ്റര്‍ഹെഡില്‍ കോണ്‍ട്രാക്ടര്‍ക്ക് കത്ത് എഴുതികൊടുക്കണമായിരുന്നു. അതിനായി ഞാനും കുട്ടിയും ചേര്‍ന്ന് സാറിനെ കാണുവാന്‍ പോയി. പീരമേട്ടില്‍ നിന്നും ലെറ്റര്‍ഹെഡുമായി തിരികെ വന്ന് കാഞ്ഞിരപ്പിള്ളി താലൂക്ക് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേരില്‍ ഞങ്ങള്‍ നാലാമത്തെ യൂണിയനായി പണിതുടങ്ങി. സി.ഐ.റ്റി.യു. ഞങ്ങളെ തടയുവാന്‍ തീരുമാനിച്ചു. രണ്ടുവണ്ടിയില്‍ ആളുകളെ ഇറക്കി ഞങ്ങളെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമം നടത്തി. ഇതിനെതിരെ കെ.എച്ച്.എഫ്. യൂണിറ്റുകളില്‍ നിന്നും ഞങ്ങളും സംരക്ഷണത്തിനായി ആളുകളെ ഇറക്കിയിരുന്നു. 100 കണക്കിന് കെ.എച്ച്.എഫുകാര്‍ പണി നടക്കുന്ന തോട്ടത്തിനുചുറ്റും വന്ന് നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിനൊടുവില്‍ ഇതര യൂണിയനുകളുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ യൂണിയനും പണിയെടുക്കാനുള്ള അവകാശം നേടിയെടുത്തു. ''രക്തരഹിത സമരത്തിലൂടെ കെ.എച്ച്.എഫിന്റെ സംഘശക്തിയുടെ ബലത്തിലാണ് കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ രംഗത്ത് ദലിതര്‍ അവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയത്.'' 'മണ്ണാറക്കയത്താണ് യൂണിയന്റെ പേരില്‍ ആദ്യം പണിനടന്നത്.' അവിടം മുതല്‍ എല്ലാവരുമായി ലോഹ്യത്തില്‍ പോകുകയും പലസ്ഥലത്തും പിടിച്ചുപറ്റുകയും ചെയ്തു. തമ്പാനെന്നു പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിന്‍തുണ ഇക്കാര്യത്തില്‍ നമുക്ക് വളരെ സഹായകമായിട്ടുണ്ട്. 

ഐ.എല്‍.പി., ബി.എസ്.പി. ലയനം?

ഐ.എല്‍.പി.യുടെ കരട് ഭരണഘടനയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ ദലിതര്‍ക്ക് ഒരു പാര്‍ട്ടി ഉണ്ടാകുമ്പോള്‍ ഐ.എല്‍. പി. പിരിച്ച് വിട്ട് അതില്‍ ലയിക്കാമെന്ന്. അങ്ങനെ 1989 ആഗസ്റ്റ് 15-ന് തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയിസ് യൂണിയന്‍ ഹാളില്‍ കാന്‍ഷിറാം പങ്കെടുത്ത ചടങ്ങില്‍ ഐ.എല്‍.പി. പിരിച്ചുവിട്ട് ബി.എസ്.പി.-യില്‍ ലയിക്കുകയുണ്ടായി. അതോടുകൂടിയാണ് കേരളത്തില്‍ ബി.എസ്.പി. പ്രവര്‍ത്തനം ഔപചാരികമായി തുടങ്ങുന്നത്. 1984-ല്‍ പാര്‍ട്ടി പിടിച്ച വോട്ട് പിന്നീടൊരിക്കലും പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. 

എന്റെ വ്യക്തി ജീവിതത്തില്‍ നേതാവ് എന്നതിനുപരി ജേഷ്ഠന്‍, ഗുരുനാഥന്‍ എന്ന സ്ഥാനമാണ് സാറിനുള്ളത്. എന്നെ ഞാനാക്കി മാറ്റിയത് കല്ലറ സാറാണ്. 

ഇടക്കാലത്തെ അകല്‍ച്ച?

സാറിനൊരു കുഴപ്പമുണ്ട്. ചിലര്‍ ചിലകാര്യങ്ങള്‍ പറയുമ്പോള്‍ അത് വിശ്വസിക്കുകയും ഉപജാപത്തില്‍പ്പെട്ടുപോകുകയും ചെയ്യും. ഞാന്‍ ഒരാളാണ് കുഴപ്പക്കാരന്‍ എങ്കില്‍ ഞാന്‍ മാറിയേക്കാം എന്ന് വിചാരിച്ച് മാറി നിന്നു, അത്രെയേയുള്ളൂ.

1981 ഡിസംബര്‍ 23 മുതല്‍ 28 വരെ കോട്ടയം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ 600-ല്‍പരം ആളുകള്‍ പങ്കെടുത്തു. കല്ലറയോടൊപ്പം അതിന്റെ ചുമതല എനിക്കുമുണ്ടായിരുന്നു. കെ.എച്ച്.എഫ്. നേതാക്കളുള്‍പ്പെടെ അതില്‍ പങ്കെടുത്തു. ആ ക്യാമ്പിന് ശേഷമാണ് രജതജൂബിലി സമ്മേളനം, ഐ.എല്‍.പി. രൂപീകരണം, ഗുരുവായൂര്‍ പദയാത്രാസമരം എന്നിവ നടത്തുവാന്‍ സംഘടന പ്രാപ്തമായത്.

ഐ.എല്‍.പി.യ്ക്കു ശേഷമുണ്ടായ സംഘടനാ തകര്‍ച്ച?

കെ.എച്ച്.എഫ്. പ്രവര്‍ത്തകര്‍ ഐ.എല്‍.പി.യിലേക്ക് മാറി. പാര്‍ട്ടി ചെയര്‍മാനായി കല്ലറ പ്രവര്‍ത്തനം തുടങ്ങിയത് കെ.എച്ച്.എഫ്. പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. രാഷ്ട്രീയത്തോടുള്ള അഭിനിവേശം പ്രവര്‍ത്തകരെ കെ.എച്ച്.എഫില്‍ നിന്നും ഐ.എല്‍.പി. പ്രവര്‍ത്തകരാക്കി മാറ്റി. 

സി.കെ.റ്റി.യു.-വിന്റെ കാര്യം? 

1983 ഏപ്രില്‍ 19-ന് സി.കെ.റ്റി.യു. കമ്മിറ്റിയുണ്ടാക്കി. കവിയൂര്‍ സുകുമാരന്‍, റ്റി. മനാസ് തട്ടത്തുമല, സി.റ്റി. കുട്ടപ്പന്‍ എന്നിവര്‍ കല്ലറസാറിനൊപ്പം ഭാരവാഹികളായി. 

സി.കെ.റ്റി.യു.വിന് എത്ര മെമ്പര്‍മാര്‍ ഉണ്ട്? 

2000 പേരുണ്ട് മെമ്പര്‍മാരായി.മൊയിന്‍ ബാപ്പു കോഴിക്കോട്


''ദലിതരുടെ ഇടയില്‍ കല്ലറസുകുമാരനെപ്പോലെ ഇത്ര ഉശിരുള്ള ഒരു നേതാവിനെ ഞാന്‍ വേറെ കണ്ടിട്ടില്ല.''ഗ്രോ വാസു കല്ലറ സുകുമാരനെ കുറിച്ച്....


ചോദ്യം : എന്നുമുതലാണ് വാസുഏട്ടന്‍ കല്ലറ സാറുമായി പരിചയപ്പെടുന്നത്?
ഗുരുവായുര്‍ സത്യാഗ്രഹ ജാഥ വൈക്കത്ത് എത്തുമ്പോഴാണ് ആദ്യമായി കല്ലറ സുകുമാരനെ കാണുന്നത്. ഗ്രോ സമരത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് ഞങ്ങള്‍ വൈക്കത്ത് എത്തിയത്.


അദ്ദേഹം സമരത്തില്‍ സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയും പലപ്രാവശ്യം സമരത്തിനു മാത്രം കോഴിക്കോട്ട് എത്തുകയും ചെയ്തു. അങ്ങനെയാണു ഞങ്ങളുടെ ബന്ധം ദൃഢമാകുന്നത്.

കോഴിക്കോട്ട് ഗ്രോ നടത്തുന്ന സമരത്തില്‍ മാത്രമല്ല ഞങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ സമരങ്ങളിലും കല്ലറസുകുമാരന്‍ സജീവ സാന്നിദ്ധ്യമായി. 

ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നത് കെ.വി. വാസുദേവന്റെ നേതൃത്വത്തില്‍ നടത്തിയ മണ്ഡല്‍ കമ്മീഷന്‍ സമരത്തോടനുബന്ധിച്ചാണ്.

ആ കാല്‍നട ജാഥയില്‍ കല്ലറ സുകുമാരനെ സംബന്ധിച്ച് വലിയൊരു പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ നീര് ഉണ്ടായിരുന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം നടന്നു. ജനസാന്ദ്രമായ എല്ലായിടങ്ങളിലും അദ്ദേഹം നടന്നു പ്രസംഗിച്ചു. ഈ ജാഥയില്‍ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു.

ഈ ജാഥയുടെ സമാപന സമ്മേളനങ്ങള്‍ക്കുശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യും. ആ സംഭാഷണങ്ങളില്‍ നിന്നാണ് കല്ലറ ഒരു അമാനുഷ്യ വ്യക്തിയാണെന്നും, ദലിത് പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്നും, നല്ല ഒരു അംബേദ്ക്കറിസ്റ്റാണെന്നും എനിക്ക് മനസ്സിലായത്.

കേരളത്തിലെ ദലിത് വിമോചനത്തിനായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും ദീര്‍ഘദൃഷ്ടിയും കല്ലറയ്ക്കുണ്ടെന്നു ഈ യാത്രയിലാണ് എനിക്ക് മനസ്സിലായത്.

പ്രഗത്ഭനായ ഒരു പ്രാസംഗികനാണ് കല്ലറ എന്നു മനസ്സിലാക്കിയത് ഈ യാത്രയിലാണ്. എത്ര സംസാരിച്ചാലും ക്ഷീണമില്ലാത്ത ആളായിരുന്നു അദ്ദേഹം. ജനസാന്ദ്രതയുള്ള ഒരിടത്തു കല്ലറ പ്രസംഗിച്ചു കഴിഞ്ഞാല്‍ പീന്നീട് മറ്റാര്‍ക്കും ഒന്നും പറയേണ്ടതില്ല. ആ വിധത്തില്‍ അദ്ദേഹം പ്രശ്‌നം അവതരിപ്പിക്കുമായിരുന്നു.

ഞങ്ങളുടെ രാഷ്ടീയത്തോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. രക്തസാക്ഷികളെ ആദരിക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഒരിക്കല്‍ ഞങ്ങളുടെ പോസ്റ്ററില്‍ ഒരു മുദ്രവാക്യം എഴുതിവച്ചു.

ദലിത് അധസ്ഥിത കോടികളെ ഒന്നിക്കു
മാര്‍കിസം ഇന്ത്യയില്‍ സവര്‍ണ്ണന്റെ തടവറയിലാണ്.
ഗാന്ധിസം സവര്‍ണ്ണനു പാദസേവചെയ്യുകയാണെന്നും നിങ്ങളറിയുന്നു.

ടൗണ്‍ ഹാളിന്റെ മുന്നില്‍ ആ പോസ്റ്റര്‍ വായിച്ചിട്ട് എനിക്ക് ഷേയ്ക്ക് ഹാന്റ് തന്നു പറഞ്ഞു

വാസു വേട്ടാ, ഇതു ഗംഭീരമായിരിക്കുന്നു. ആദ്യമായിട്ടു ഒരാളതിനെ അഭിനന്ദിച്ചത് കല്ലറയായിരുന്നു.

കേരളത്തിലുടനീളം ദലിതരെ ഏകീകരിക്കാനും കഴിയുന്ന ഏക ബുദ്ധിജീവിയായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹം നേരത്തെ കടന്നുപോയി.

ഇത് ദലിത് സമുഹത്തിനും എന്നെപ്പോലെയുള്ളവര്‍ക്കും കനത്ത നഷ്ടം തന്നെയാണ്. കല്ലറ സുകുമാരനെപ്പെലെയുള്ളവര്‍ വളര്‍ന്നുവരണം എന്നാണെന്റെ ആഗ്രഹം.

? മാവുര്‍ സമരത്തില്‍ കല്ലറയുടെ പിന്തുണ എങ്ങനെയാണു സ്പീഡപ്പു ചെയ്തത്.

ഗ്രോ സമരത്തെ മാര്‍കിസ്റ്റുപാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. അവര്‍ ഉയര്‍ത്തിവിട്ട വാദങ്ങള്‍ മുഴുവന്‍ കല്ലറയുടെ പ്രസംഗത്തില്‍ അറത്തുകളയുവാനും, അദ്ദേഹത്തിന്റെ വാഗ് വിലാ സം അവരെ നിരായുധുരാക്കുവാനും കഴിഞ്ഞു.

പത്രവും മറ്റുമാധ്യമങ്ങളും അനേകം ഘടകങ്ങളും അവര്‍ക്കുണ്ടായിട്ടും അതിനെയൊക്കെ അസ്തപ്രജ്ഞമാക്കുവാന്‍ കല്ലറയുടെ പ്രസംഗങ്ങള്‍ക്കു കഴിഞ്ഞു. മാത്രമല്ല അദ്ദേഹത്തെപ്പോലെ പ്രഗത്ഭനായ ഒരു പ്രസംഗകനെ കിട്ടിയിട്ടില്ല. കല്ലറയേയും, കെ.പി.ആര്‍. ഗോപാലനേയുമാണ് ഞങ്ങള്‍ ഗ്രോ സമരത്തില്‍ സ്മരിക്കുന്നത്.അഭിമുഖം: പെരുമ്പടവം ശ്രീധരന്‍ / പി ജി ഗോപി


പോളും ഞാനും തമ്മിലുള്ള സൗഹൃദം എത്രവര്‍ഷത്തെ പഴക്കമാണെന്ന് കൃത്യമായി ഓര്‍മ്മിച്ചു പറയുവാന്‍ വിഷമമുണ്ട്. 
പോള്‍ സാറിനെ കാണുന്നതിനു മുന്‍പുതന്നെ ഞാന്‍ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടിരുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ എഴുത്തിലേയ്ക്കും വായനയിലേയ്ക്കും ഒക്കെ പ്രവേശിക്കുന്നതിനുമുമ്പ് പോള്‍ ചിറക്കരോട് പ്രസിദ്ധനായ ഒരു എഴുത്തുകാരനായിരുന്നു. വളരെ സീനിയറായ എഴുത്തുകാരനാണ്. പെരുമ്പടവത്തെ ലൈബ്രറിയില്‍ നിന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ എന്നെ വളരെ ആകര്‍ഷിച്ച നോവലാണ് മതില്‍. ആ നോവല്‍ വായിച്ചാണ് ഞാന്‍ പോളിന്റെ ഒരാരാധകനായി മാറിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ ഉപദേശിമാര്‍ അനുഭവിക്കുന്ന ദുരിതം നിറഞ്ഞ ജീവിത്തെ കുറിച്ചുള്ള ഒരു പഠനമായിരുന്നു ആ നോവല്‍. അതിമനോഹരമായ നോവല്‍. അന്ന് ഈ പുസ്തകം വായിച്ചപ്പോള്‍തന്നെ പോള്‍ചിറക്കരോടിനെ കാണുവാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. പെരുമ്പടവംപോലുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നഎനിക്ക് പോള്‍ചിറക്കരോടിനെ കണ്ടെത്തുക അസാദ്ധ്യമാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പിന്നീട് ഞാനും എഴുത്തിലേയ്ക്ക് വന്നു. എന്റെ സര്‍ഗാത്മീകമായ ജീവിതം ആരംഭിച്ച ഒരു ഘട്ടമുണ്ട്. ആകാലത്ത് ചമ്പക്കുളത്ത് വി.കെ.എം. ബുക്ക് ഡിപ്പോ എന്നൊരു ബുക്ക് ഡിപ്പോ ഉണ്ടായിരുന്നു. തോമസ് പാപ്പി വേലംകുളം എന്നയാളായിരുന്നു. അതിന്റെ ഉടമസ്ഥന്‍. പോള്‍ചിറക്കരോടിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതും എന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതും അദ്ദേഹമായിരുന്നു. തോമസ് പാപ്പി വേലംകുളത്തിന്റെ ഷഷ്ടി പൂര്‍ത്തിക്ക് എന്നോട് ചെല്ലണമെന്നു ക്ഷണിച്ചു. മുണ്ടശ്ശേരി ഉണ്ടാകും. വളരെക്കുറച്ച് സുഹൃത്തുക്കളെ ഉണ്ടാകൂ എന്ന് അറിയിച്ചിരുന്നു. ഞാന്‍ പെരുമ്പടവത്തുനിന്ന് ചമ്പക്കുളത്ത് എത്തി. അവിടെ മുണ്ടശ്ശേരി ഉണ്ട്. സ്ഥലത്തെ ചില പ്രധാനികളുണ്ട്. അവിടെ വച്ചാണ് ഞാന്‍ പോള്‍ ചിറക്കരോടിനെ കാണുന്നത്. സുമുഖനായ ഊര്‍ജ്ജ സ്വലനായ ഒരു ചെറുപ്പക്കാരന്‍, സുന്ദരനായൊരു ചെറുപ്പക്കാരന്‍, വാഗ്മി, പോള്‍ ചിറക്കരോടൊന്നു സംസാരിക്കുമ്പോള്‍ ആശയങ്ങളുടെ ഒരു കുത്തൊഴുക്കാണ് വരുന്നത്. എന്നെ വളരെ വിസ്മയിപ്പിച്ചു. അന്നു മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പിന്നീട് സാഹത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ വച്ചുകാണുകയും ഞാനും കറങ്ങിത്തിരിഞ്ഞ് തിരുവനന്തപുരത്ത് എത്തുകയും ചെയ്തപ്പോഴാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയത്. പത്തുനാല്‍പ്പതു വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഞാനും പോള്‍ ചിറക്കരോടും തമ്മില്‍. പക്ഷേ ആ വര്‍ഷങ്ങളിലെ ബന്ധമല്ല ഒരു ജന്മാന്തരങ്ങളിലെ ബന്ധംപോലെയായിരുന്നു ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ നെയ്യാര്‍ഡാമിലുള്ള വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. ഒന്നോരണ്ടോ മാസം കൂടുമ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വരും. അദ്ദേഹം ഇങ്ങോട്ട് വരുന്നത് ഒരു സ്‌നേഹിതന്റെ വീട്ടില്‍ വരുന്നതുപോലെയല്ല. ഒരു സഹോദരന്റെ വീട്ടില്‍ വരുന്നതുപോലെയാണ്, ഗെയിറ്റിനു മുമ്പില്‍ വന്ന് പൊട്ടിച്ചിരിക്കും. അദ്ദേഹം വന്ന് കഴിഞ്ഞാല്‍ ഈ വീട്ടിലെ മുതിര്‍ന്ന അംഗം അദ്ദേഹമാണെന്ന് തോന്നും. അദ്ദേഹത്തിന്റെ മരണത്തിന് ഒരു വര്‍ഷം മുമ്പ് വരെ ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. സുദീര്‍ഘമായ ഒരു ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ സംസാരം ആശയങ്ങളുടെ കുത്തൊഴുക്കാണെന്ന് അങ്ങ് പറഞ്ഞു. വളരെ ആഴത്തിലുള്ള ഒരു പരന്ന വായന പോള്‍ സാറിനുണ്ടായിരുന്നു എന്നതിനെക്കുറിച്ച് അങ്ങ് എന്ത് പറയുന്നു?

വളരെ പരന്ന ഒരു വായന അദ്ദേഹത്തിന് ഉണ്ടായിരുന്നു. പാശ്ചാത്യ സാഹിത്യം അദ്ദേഹത്തിന്റെ കൈവെള്ളയിലിരിക്കുന്നതുപോലെ തോന്നുമായിരുന്നു. കഥയായാലും കവിതയായാലും നോവലായാലും സാഹിത്യചിന്തയായാലും പോള്‍ വായിക്കാത്ത പുസ്തകങ്ങള്‍ ചുരുക്കമായിരുന്നു. മികച്ച ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കെ. സുരേന്ദ്രനും എസ്. ഗുപ്തന്‍നായരും എം. കൃഷ്ണന്‍ നായരും പോളിനെക്കുറിച്ച് സംസാരിക്കും. പ്രത്യേകിച്ചും കെ. സുരേന്ദ്രന്‍. സുരേന്ദ്രനുമായി എനിക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ പോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു പോള്‍ അഗാധമായ വായനയുള്ള ആളാണ്. നമ്മള്‍ ആഗ്രഹിക്കുന്ന ഉയരങ്ങളില്‍ അദ്ദേഹം എത്തുന്നു. എന്തെങ്കിലും പുസ്തകം പോള്‍ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, വായിച്ചിട്ടുണ്ട് എന്നല്ല ആ പുസ്തകത്തിന്റെ പേജ് കണക്കിന് കാണാപ്പാടം പറയും. എന്റെ ലൈബ്രറിയില്‍ ഒരു ദിവസം വന്നു. തോമസിന്റെ ജോസഫ് ബ്രദേഴ്‌സ് എന്ന പുസ്തകം കണ്ടിട്ട് അദ്ദേഹം പേജുകണക്കിന് കാണാപ്പാടം പറയുകയുണ്ടായി. ഞാന്‍ അത് കേട്ട് അത്ഭു തപ്പെട്ടിരുന്നു. വിശ്വസാഹിത്യത്തിലെ ഏത് മികച്ച കലാസൃഷ്ടിയും അദ്ദേഹം വായിച്ചിരുന്നു. അങ്ങനെ ധൈഷണികമായ ഒരു ജീവിതം അദ്ദേഹത്തിനുണ്ടാ യിരുന്നു. ഷേക്‌സ്പിയര്‍, ഷെല്ലി, കീറ്റ്‌സ് എന്നിവരെ മാത്രമല്ല ആധുനീക കാലത്തിലെ കാഫ്ക, കാമു തുടങ്ങിയവരുടെ സൃഷ്ടികള്‍പോലും അദ്ദേഹത്തിന് കാണാപ്പാടമാ യിരുന്നു. ഇതെല്ലാം വായിച്ച് പഠിച്ചിട്ടാണ് അദ്ദേഹം നടന്നത്. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു മരണദര്‍ശനങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതണമെന്ന്. സാര്‍ത്ര, കാമു എന്നിവരുടെ ദര്‍ശനത്തെ ആസ്പദമാക്കി മരണദര്‍ശനത്തെക്കുറിച്ച് ഒരു നോവല്‍ എഴുതണമെന്നും അതിനുള്ള നോട്‌സ് ഒക്കെ തയ്യാറാക്കിയിരുന്നു. പക്ഷെ എഴുതിയില്ല.ഇതൊന്നും അദ്ദേഹം സീരിയസ്സായി എടുത്തില്ല. എപ്പോഴെങ്കിലും കുറെ കാശിന് ആവശ്യമുള്ളപ്പോള്‍ ടൗണിലെ ഹോട്ടലില്‍ പോയി ഒരു മുറിയെടുത്ത് പത്തു നാന്നൂറ് പേജ് എഴുതും. അത് അവിടത്തന്നെ കൊടുത്ത് കുറേ കാശ് വാങ്ങി കോപ്പിറൈറ്റിന് നല്‍കുകയും ചെയ്യും. അങ്ങനെയാണ് മതിലുകളെന്ന കൃതിയും കോപ്പിറൈറ്റിന് വിറ്റത്. മതില്‍ മലയാളത്തിലെ ഏറ്റവും മനോഹരമായ നോവലാണ്. അത് അദ്ദേഹം പകര്‍പ്പവകാശത്തിന് വിറ്റതാണ്. ഇങ്ങനെ എത്രകാലം ജീവിക്കും. 

അങ്ങനെ പത്തായിരം രൂപയ്ക്ക് ആവശ്യം വരുമ്പോള്‍ എഴുതുക. ഗൗരവമായി എഴുതിയിരുന്നില്ല. ഈ എഴുത്താണ് എന്റെ ജീവിതം എന്നു കരുതാത്തതെന്തേ? താത്ക്കാലികമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപരിപ്ലവമായി കാണ്ടാല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ച് പിണങ്ങാറുണ്ട്.

സൗഹൃദം കൊണ്ടുള്ള പിണക്കമാണ്. എഴുത്തിനെ ഗൗരവപൂര്‍ണ്ണമായികൊണ്ടു നടക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. 

കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുമായുള്ള പോള്‍സാറിന്റെ ബന്ധത്തെ ക്കുറിച്ച് സാര്‍ പരാമര്‍ശിച്ചു. അത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ?

ഞങ്ങളുടെ കാലത്തെ എല്ലാ എഴുത്തുകാരുമായി പോള്‍ സാറിന് നല്ല ബന്ധമുണ്ടായിരുന്നു. തകഴി, പൊറ്റക്കാട്, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ എഴുത്തുകാരുമായി പോളിന് നല്ല ബന്ധമുണ്ടായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അംഗമെന്ന നിലയിലും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ ചെറുപ്പക്കാരെന്ന നിലയില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിലെ യോഗങ്ങളിലും തെരഞ്ഞെടുപ്പുകളിലുമൊക്കെ ആവേശത്തോടെ പങ്കെടുക്കുമായിരുന്നു.

അക്കാലത്തൊക്കെ അദ്ദേഹം ഭംഗിയായി എഴുതുമായിരുന്നു. അക്കാലത്താണ് പുലയത്തറയൊക്കെ എഴുതിയത്. രാഷ്ട്രീയക്കാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലൊക്കെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു എങ്കിലും ഒരെഴുത്തു കാരനെന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നത്. 

പോള്‍ചിറക്കരോട് സാഹിത്യകാരന്‍ തന്നെയായിരുന്നു. പിന്നീടാണ് അദ്ദേഹം സമുദായിക പ്രവര്‍ത്തനത്തിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും പോയത്.

അതൊക്കെ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയുടെ പ്രവര്‍ത്തനമായിരുന്നു എന്നാണ് എന്റെ പക്ഷം. ബ്ലാക്ക് റൈറ്റിംഗ് കറുത്തവരുടെ സാഹിത്യ രംഗത്തേക്ക് അദ്ദേഹം ചുവട് മാറി അങ്ങനെ നോവലുകളിലും കഥകളിലും അദ്ദേഹം വഴിമാറി സഞ്ചരിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. 

അത് ശരിയാണ്. സര്‍ഗ്ഗാത്മകത എഴുത്തില്‍ മാത്രം നില്‍ക്കണമെന്നില്ല സാംസ്‌ക്കാരിക പ്രവര്‍ത്തങ്ങളിലും മറ്റും പങ്കെടുത്ത് നമ്മുടെ സര്‍ഗ്ഗാത്മകതയെ സാക്ഷാത്കരിക്കാം. ആ വഴിക്കും പ്രവര്‍ത്തിക്കാം. ഊര്‍ജ്ജസ്വലനായ രാഷ്ട്രീയ പ്രവര്‍ത്തകനും നല്ലവാഗ്മിയുമായിരുന്നു അദ്ദേഹം. കേരളത്തിലെ മികച്ച വാഗ്മിയായിരുന്നു. പോള്‍ചിറക്കരോട്. സദസ്സിനെ മുഴുവന്‍ സൂചിമുനയില്‍ നിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. 

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം വലുതായിരുന്നു. പോള്‍ചിറക്കരോട് എന്നോട് ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ആരുണ്ട് എന്ന് ചോദിച്ചിട്ടുണ്ട്. കേള്‍ക്കുന്നവര്‍ക്ക് അഹങ്കാരം എന്ന് തോന്നുന്നുവെങ്കിലും അങ്ങനെയല്ല. ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ച് എനിക്ക് സംസാരിക്കണമെങ്കില്‍ കെ. സുരേന്ദ്രനോടോ അയ്യപ്പപണിക്കരോടോ എം. കൃഷ്ണന്‍ നായരോടോ ഹൃദയകുമാരി യോടോ അങ്ങനെ അപൂര്‍വ്വംപേരെ ഉള്ളൂ എന്ന് അദ്ദേഹം പറയുമായിരുന്നു. ബാക്കി ഉള്ളവര്‍ക്കൊക്കെ എന്ത് ഇംഗ്ലീഷ് സാഹിത്യം എന്ന് ചോദിക്കുമായിരുന്നു. അവരുമൊക്കെയായിട്ടാണ് സംസാരിക്കാറുണ്ടായിരുന്നത്. അയ്യപ്പപണിക്കര്‍ സാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പോള്‍ സാര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാറി മാറി വരുന്ന സെന്‍സിബിളിറ്റിയെക്കുറിച്ചൊക്കെ പോളും അയ്യപ്പപണിക്കരു മൊക്കെ സംസാരിക്കുന്നതുകേട്ടു കൊണ്ട് അവര്‍ക്കൊപ്പം നടന്നിട്ടുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം അത്രയേറെ ഉണ്ടായിരുന്നു പോളിന്.

പോളിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സന്ദര്‍ഭം എനിക്ക് ഓര്‍മ്മ വരുന്നുണ്ട്.

വി.കെ. കൃഷ്ണ മേനോന്‍ ഇവിടെ പാര്‍ലമെന്റ് മെമ്പറായി തിരുവനന്തപുരത്ത് മത്സരിച്ചു. കൃഷ്ണമേനോന്റെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാനായി തിരുവനന്ത പുരത്ത് ആരുണ്ടെന്ന് ഇടതുപക്ഷ നേതാക്കള്‍ അന്വേഷിച്ച് നടന്നു. അങ്ങനെ സി.കെ. സീതാറാമിനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം എന്റെ സ്‌നേഹിതനാ യിരുന്നു. സീതാറാമായിരുന്നു കൃഷ്ണമേനോന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി യിരുന്നത്. സീതാറാമിന് അസൗകര്യം വന്നപ്പോള്‍ ഇനിയാരുണ്ട് എന്ന് അന്വേഷിച്ചപ്പോളാണ് പോളിനെ കണ്ടെത്തുന്നത്. അന്നു മുതല്‍ കൃഷ്ണമേനോന്‍ പോകുന്നതുവരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിഭാഷ ചെയ്തത് പോളായിരുന്നു. അത്രയ്ക്കും മതിപ്പായിരുന്നു കൃഷ്ണ മേനോന് പോളിന്റെ ഇംഗ്ലീഷിനോടും മലയാളത്തി നോടും. അതിനുശേഷവും അവര്‍ തമ്മില്‍ എഴുത്തുകുത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു സാധാരണ വ്യക്തി ആയിരുന്നില്ല പോള്‍ ചിറക്കരോട്. എഴുത്തിലും പ്രസംഗ ത്തിലും ഒരു അസാധാരണ പ്രതിഭയായിരുന്നു. 

ഒരു സംഘവും വേണ്ട അങ്ങനെയുള്ള ആള്‍ സാഹിത്യത്തില്‍ ഒന്നുമാവില്ല എന്ന ഒരു സംശയം? പോള്‍ ചിറക്കരോട് പ്രസിദ്ധനായ ഒരു സാഹിത്യകാരനാണ്. അന്നും ഇന്നും അദ്ദേഹത്തിന്റെ മതിലുകള്‍, പുലയത്തറ തുടങ്ങിയ കൃതികള്‍ വളരെ ഔന്നിത്യം പുലര്‍ത്തുന്നതും പ്രസിദ്ധവുമാണ്.

ഏലി,ഏലിലമ്മ ശബദ്താനി എന്നത് പോളിന്റെ ചെറുകഥയാണ്. മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥകളിലൊന്നായി എക്കാലവും പരിഗണിക്കുന്ന ചെറുകഥയാണ്. ഗോപി സൂചിപ്പിക്കുന്നതുപോലെ ബ്ലാക്ക് ലിറ്ററേച്ചര്‍ തുടങ്ങിവച്ചത്ടി.കെ.സി. വടുതലയാണെങ്കിലും അതിനോടൊപ്പം പോളും ഉണ്ടായിരുന്നു. മതില്‍, പുലയത്തറ, മുതലായ അദ്ദേഹത്തിന്റെ കൃതികളിലൊക്കെ ദലിത് ജീവിതമായിരുന്നു അദ്ദേഹം ചിത്രീകരിച്ചത്. നിരന്തരം എഴുതികൊണ്ടിരിക്കണമെന്നില്ല. ഏറ്റവും മികച്ച അപൂര്‍വ്വം ചില കൃതികളുടെ പേരിലാണ് എഴുത്തുകാരന്‍ ഭാവിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു ജീവിതം പോള്‍ ചിറക്കരനോടിനും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നില്ല. അതിനുള്ള മാര്‍ഗ്ഗം കണ്ടുപിടിക്കണമെന്ന് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരെ കാണുമ്പോള്‍ ഞാന്‍ പറയാറു്വണ്ട്. അദ്ദേഹത്തിന്റെ നോവലുകള്‍, ചെറുകഥകള്‍, കൂടാതെ അദ്ദേഹത്തിന്റെ ജീവിത ചരിത്ര സാഹിത്യം എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കയ്യൊപ്പ് അവിടേയും ഉണ്ട്. ബെര്‍ട്രാന്‍സ് റസ്സല്‍ ജീവചരിത്രം മലയാളത്തില്‍ ഉണ്ടാകുന്നത് പോള്‍ചിറക്കരോടി ന്റേതാണ്. അംബേദ്ക്കറിനേക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് പോള്‍ചിറക്കരോടി ന്റെ അംബേദ്ക്കര്‍ എന്ന പുസ്തകം. ജീവചരിത്രമേഖലയില്‍ രണ്ടു പുസ്തകങ്ങള്‍ കൊണ്ട് പോള്‍ ചിറക്കരോട് വലിയ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ്. 

പോള്‍ സാറിന്റെ ക്രൈസ്തവ ദലിതര്‍ എന്ന പുസ്തകം സാര്‍ കാണാനിടയായില്ല. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു നോവല്‍ പോലെ വായിച്ചു പോകാന്‍ കഴിയും.

അതൊക്കെ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ടതുതന്നെയാണ്. ദലിത് സംസ്‌ക്കാരത്തെക്കുറിച്ച് എഴുതുക. വളരെ പഠനം ആവശ്യമുള്ള സംഗതിയാണ്. തിരസ്‌ക്കരിക്കപ്പെട്ട, തമസ്‌ക്കരിക്കപ്പെട്ട, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജീവിതത്തെക്കുറിച്ച് എഴുതുക എന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്. ലളിതമായ ഒരു കാര്യമല്ല. ഇരുണ്ട് കിടക്കുന്ന ഒരു ചരിത്രഘട്ടത്തിലേയ്ക്ക് കടന്നു കയറുകയും അവിടെ മറഞ്ഞ് കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്യുക എന്നത് നോവല്‍ എഴുതുന്നതുപോലെയോ കഥയെഴുതുന്നതുപോലെയോ അല്ല. മറ്റൊരുതരം സര്‍ഗ്ഗാത്മകത അതിനുണ്ട്. അതില്‍ അദ്ദേഹം ഏറ്റവും പ്രഗത്ഭനായ എഴുത്തുകാരനായിരുന്നു. ഇന്നിപ്പോള്‍ ദലിത് സാഹിത്യമൊക്കെ ഒരു പ്രസ്ഥാനമായി വരുന്നുണ്ട്. പക്ഷെ അത്രയൊന്നും അത് പച്ച പിടിച്ചിട്ടില്ല. ടി. കെ.സി. വടുതല ആയിരുന്നു ദലിത് സാഹിത്യം തുടങ്ങി വച്ചത്. പിന്നീട് പോള്‍ സാറായിരുന്നു പ്രധാനി.

സംവത്സരങ്ങളെഴുതിയ ജെയിംസ് പോള്‍ സാറിനോടൊപ്പം ഉണ്ടായിരുന്നു.

ശരിയാണ്. സംവത്സരങ്ങള്‍ വളരെ നല്ല ഒരു പുസ്തകമാണ്. ജെയിംസ് പോളിനൊപ്പം വന്ന ആളാണ്. ദലിത് സാഹിത്യത്തില്‍ ടി.കെ.സി. വടുതല, പോള്‍, ജെയിംസ് അതിനുശേഷമാണ് മറ്റുള്ളവര്‍ വരുന്നത്.

ഇന്ത്യയിലെ അടിസ്ഥാന ജനങ്ങളെ അന്ധകാരത്തില്‍ നിന്നും നീക്കികളയുക എന്നിട്ട് അവര്‍ ജീവിച്ച ജീവിതം ഇന്നത്തെ കാലത്തിന്റെ മുമ്പില്‍ വയ്ക്കുക എന്ന ദൗത്യം ഏറ്റെടുത്തത് ഇവരൊക്കെ തന്നെയാണ്. ടി.കെ.സി. വടുതലയേയും പോളിനേയും ജെയിംസിനേയുമൊക്കെ ആദരവോടെയാണ് ഓര്‍ക്കുന്നത്. ദലിത് മൂവ്‌മെന്റ് ഒക്കെ വരുന്നതിനുമുമ്പാണ് ഇവര്‍ എഴുതി തുടങ്ങിയത്. ശങ്കരാന്തിങ്ങന് ഇതുപോലെയുള്ള കഥ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ട് എഴുതിയതാണ്. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ പോയ കാര്യങ്ങള്‍ സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന പ്രതിഭാശാലിയാണ് ഇവരെന്നും. അതില്‍ അവര്‍ വളരെയധികം ആദരവ് അര്‍ഹിക്കുന്നവരാണ്. പോള്‍ എന്തും വികാരഭരിതരായിട്ടേ ചെയ്യുമായിരുന്നുള്ളൂ. 

നിര്‍വികാരതയോടും നിസ്സംഗതയോടും കൂടെ ഒന്നും ചെയ്യുവാന്‍ പോള്‍ചിറക്കരോടി നാകുമായിരുന്നില്ല. എല്ലാം തീഷ്ണമായിട്ട് അവഗാഹമായിട്ട്.

സാഹിത്യത്തിന് നിലനില്‍ക്കുക എന്നത് വളരെ യുദ്ധം ആവശ്യമുള്ള കാര്യമാണ്. പോള്‍ ചിറക്കരോട് നല്ലൊരു യോദ്ധാവായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അധികാരസ്ഥാനങ്ങളോടും പോരാടുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആജീവനാന്തം ഒരു യോദ്ധാവായിരുന്നു അദ്ദേഹം. അത് അദ്ദേഹത്തിന്റെ എഴുത്തിലൂടെ കാണാവുന്നതാണ്. 

പക്ഷെ നമ്മുടെ സാംസ്‌ക്കാരിക അന്തരീക്ഷം പെട്ടെന്ന് ഒരാളെ അംഗീകരിക്കുന്നതല്ല. കഴിവുള്ള ഒരാളിനേയും തമസ്‌ക്കരിക്കാനുള്ള ശ്രമം എല്ലാ കാര്യത്തിനും ഉണ്ടായിരുന്നു. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ കവിതയ്ക്ക് മത്സ്യത്തിന്റെ മണമുണ്ടെന്ന് പറയുമായിരുന്നു. 

ക്രിസ്ത്യാനിക്ക് എന്ത് കവിത? പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നൊക്കെ പറഞ്ഞ്കട്ടക്കയത്തെ ആക്ഷേപിച്ചിരുന്നു. സാഹിത്യവും കലയുമൊക്കെ ഏതാണ്ടൊരു സവര്‍ണ്ണ സമൂഹത്തിന്റെ കുത്തകയാണെന്ന് സങ്കല്‍പ്പിക്കപ്പെട്ട ഒരു കാലമുണ്ട്. എഴുത്തച്ഛന്‍പോലും അതിന്റെയൊക്കെ പീഢനം അനുഭവിച്ചിട്ടുണ്ട്. എഴുത്തച്ഛനോട് ചോദിച്ചിട്ടുണ്ട് തന്റെ ചക്കില്‍ നാലും ആറും ഒക്കെ ആടുമോയെന്ന്. അതൊക്കെ ഏറ്റവും ക്രൂരമായ പരിഹാസമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന ജാതിയുടേയും അയിത്തത്തിന്റയും ഒക്കെ പശ്ചാത്തലത്തില്‍ ജാതിയുടെ അടിസ്ഥാന ത്തില്‍ മനുഷ്യന്റെ കഴിവുകളെ നോക്കികാണുന്ന ഒരു കാലമുണ്ടായിരുന്നു. അതാണ് എഴുത്തച്ഛനോട് തന്റെ ചക്കില്‍ നാലും ആറും ആടുമോ എന്ന് ചോദിച്ചത്. 

കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയെ ആക്ഷേപിച്ചതും കറുപ്പനെ അധിക്ഷേപിച്ചതും ആ ഒരു മനോഭാവത്തോടുകൂടിയാണ്. ഇതുപോലെ കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറിനുമൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബഷീറും ആശാനുമൊക്കെ ഇവര്‍ക്കൊക്കെ കയ്യെത്താവുന്നതിലും ഉയരത്തിലായതുകൊണ്ട് അവര്‍ ഉയരത്തിലേയ്ക്ക് പോയി. കലയും സാഹിത്യവും സവര്‍ണ്ണ കുത്തകയാണെന്ന് വിചാരിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ ഒരു ഇരയായിരുന്നു പോള്‍ ചിറക്കരോട് എന്ന് വിചാരിക്കുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ടി.കെ.സി. വടുതലയും പോളും ഒക്കെ വലിയ എഴുത്തുകാരുടെ നിലയിലാണ് ജീവിച്ചിരുന്നത്. ജെയിംസ് മാത്രമാണ് ഇതില്‍ ഒറ്റപ്പെട്ട് പോയിരുന്നത്. പോള്‍ സാഹിത്യപ്രവര്‍ത്തനത്തെ ഒരു ജീവിതമാക്കിയിരുന്നില്ല. പോള്‍ സാര്‍ രാഷ്ട്രീയത്തില്‍ പോയി. എഴുത്തിനേക്കാളൊക്കെ സമൂഹത്തെ മാറ്റുവാന്‍ നല്ലത് രാഷ്ട്രീയമാണെന്ന കാഴ്ചപ്പാടില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. കുറേനാള്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു. പിന്നീട് അദ്ദേഹം ഐ.എല്‍.പി.-യില്‍ പോയി പിന്നീട് ബി.എസ്.പി.-യില്‍ ചേര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഐ.എല്‍.പി.-യിലേയ്ക്കാണ് ചേര്‍ന്നത്. ഐ.എല്‍.പി.. ബി.എസ്.പി.യില്‍ ലയിക്കുകയായിരുന്നു. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിഞ്ഞു. പോള്‍ സാര്‍ രാഷ്ട്രീയക്കാരനല്ലായിരുന്നു, എഴുത്തുകാരനായിരുന്നു. പെരുമ്പടവം:- ശരിയാണ്. അദ്ദേഹം വഴിതെറ്റിയാണ് രാഷ്ട്രീയത്തില്‍ പോയത്. പക്ഷെ രാഷ്ട്രീയത്തില്‍ പോള്‍ സാര്‍ ശോഭിച്ചു. ലോകപ്രശസ്തരായ രാഷ്ട്രീടക്കാരേയും കറുത്ത വിപ്ലവകാരികളേയും കറുത്ത ദൈവശാസ്ത്രത്തേയും മാല്‍ക്കം എക്‌സ് പോലുള്ളവരെ സാധാരണ ലക്ഷം വീട് കോളനിയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത് പോള്‍ സാറിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ വഴിയായിരുന്നു. ആ രീതിയില്‍ അദ്ദേഹത്തിന്റെ സേവനം മഹനീയമാണ്. പെരുമ്പടവം:-അതു ശരിയാണ്. എന്തുകാര്യമായാലും അതിന്റെ റൂട്ടുമുതല്‍ തുടങ്ങണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു, വലിയ ജ്ഞാനിയായിരുന്നു. പക്ഷെ എഴുത്തിനെ ഒരു തപസ്സായി അദ്ദേഹം കണ്ടില്ല. 

പക്ഷെ പിന്നീട് അദ്ദേഹത്തിന് തോന്നിയിരുന്നു, എന്നോടൊരിക്കല്‍ പറഞ്ഞു. എടോ വഴി തെറ്റിപ്പോയി, എഴുത്തില്‍ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. ജന്മസിദ്ധമായ വാസനയുള്ള എഴുത്തുകാരനാണ് പോള്‍ സാര്‍. പക്ഷെ വഴിമാറിപ്പോയി. അതിനാല്‍ എഴുതാന്‍ കഴിയാത്ത സങ്കടങ്ങള്‍ എന്നോടു പറയുമായിരുന്നു. ചിലപ്പോള്‍ എഴുതാന്‍ തുടങ്ങണമെന്ന് പറഞ്ഞ് എന്റെ അടുത്ത് വരുമായിരുന്നു. ഞാന്‍ അപ്പോള്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. മരണവും ആത്മഹത്യയുമായിരുന്നു ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി ആധുനീക സാഹിത്യം കൊണ്ട്‌വന്നത്. സാര്‍ത്രും, കാഫ്കയുമൊക്കെ ആയിരുന്നു അതിന്റെ അപ്പോസ്‌തോലന്മാര്‍. അവരുടെ പുസ്തകങ്ങളൊക്കെ വായിച്ചുമനസ്സിലാക്കിയിട്ടാണ് മരണദര്‍ശനം എന്ന ഒരു പുസ്തകം എഴുതണമെന്ന് പോള്‍ തീരുമാനിച്ചത്. മറ്റാര്‍ക്കും കൈവയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. കാഫ്ക്കയേയും സാര്‍ത്രനെയും കുറിച്ച് എഴുതുമെങ്കിലും അവരുടെ സാഹിത്യത്തെ സമഗ്രമായി അപഗ്രഥിച്ച് അവര്‍ ലോകത്തിനുമുമ്പില്‍ കാഴ്ചവച്ച ദര്‍ശനം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുവാന്‍ ശ്രമം ഉണ്ടായിരുന്നില്ല. പക്ഷെ പോളിനത് കഴിയുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അദ്ദേഹം അതിന തുനിഞ്ഞതുമാണ്. എന്നാല്‍ രോഗിയായിപ്പോയി. അത് അദ്ദേഹത്തിന്റെ സകലസ്വപ്നങ്ങളേയും മടക്കിക്കെട്ടിവയ്ക്കാന്‍ ഇടവന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. രോഗിയായി കിടന്നതും ഞാനറിഞ്ഞില്ല. അത് എനിക്ക് വല്ലാത്ത വേദന ഉണ്ടാക്കിയിട്ടുണ്ട്. എന്റെ വലിയ സ്‌നേഹിതനായിരുന്നിട്ടും അദ്ദേഹം കിടപ്പിലായത് ഞാന്‍ അറിഞ്ഞില്ലായെന്നത് എന്നെ ഇപ്പോഴും സങ്കടപ്പെടുത്തുന്ന കാര്യമാണ്.

അദ്ദേഹത്തിന്റെ മരണം തന്നെ യാദൃശ്ചികമാണ്. ഞാന്‍ കോട്ടയത്തിന് പോകാനൊരുങ്ങുമ്പോഴാണ് ആരോ വിളിച്ച് എന്നോട് പറയുന്നത്. പോള്‍ സാര്‍ മരിച്ചുപോയിയെന്ന്. അപ്പോഴാണ് ബേബി പറഞ്ഞത് സുഖമില്ലാതെ കിടക്കുകയായിരുന്നു എന്ന്. ബേബിയേയും കൂട്ടിയാണ് ഞാന്‍ കള്ളിക്കാട്ട് പോയി ഉറങ്ങിക്കിടക്കുന്ന പോളിനെ കാണുന്നത്. എന്റെ ആത്മസുഹൃത്തിന്റെ മരണം വല്ലാത്ത വേദനയുണ്ടാക്കി. വളരെ ബൃഹത്തായപദ്ധതികള്‍ ബാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്. വായനയൂടേയും പ്രതിഭയുടേയും കരുത്തായിരുന്നു അദ്ദേഹം. വായിച്ച് എല്ലാം മനഃപ്പാഠമാക്കിവയ്ക്കാനുള്ള കഴിവ് അദ്ദേഹത്തിന് അപാരമായിരുന്നു. ഞാനൊരു സങ്കീര്‍ത്തനംപോലെ എഴുതി. ആ പുസ്തകം വളരെ പ്രശസ്തമായ കാലത്ത് അദ്ദേഹം ഇവിടെ വന്ന് എന്നെ കെട്ടിപ്പിടിയ്ക്കുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്തു. താനിതെന്നോട് പറഞ്ഞില്ലല്ലോ എന്നു ചോദിച്ചു. ഞാനാരോടും പറയാറില്ല.

എന്റെ എഴുത്ത് ഒരു സ്വകാര്യതയാണ്. മലയാളത്തില്‍ ദസ്‌തേയ്‌വിസ്‌കി ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള ആളാണ് പോള്‍. താന്‍ എന്തത്ഭുതമാണ് ഈ കാണിച്ചിരി ക്കുന്നത് എന്ന് എന്നോട് ചോദിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തു. സങ്കീര്‍ത്തനം പോലെയെന്ന പുസ്തകത്തിനു കിട്ടിയ പ്രശസ്തിയിലും അംഗീകാരത്തിലും ഒരു ജേഷ്ഠസഹോദരനെപ്പോലെ ആദരിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്നു.

ഒരു പക്ഷിയുടെ ആത്മാവായിരുന്നു പോള്‍ ചിറക്കരോടിന്. ഒരു മരക്കൊമ്പിലും ഒരു കൂട്ടിലും ഒരാകാശത്തിലും ഒതുങ്ങാതെ അകാശങ്ങള്‍ തേടി പറന്ന ഒരു പക്ഷി!


2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

അയ്യന്‍ കാളിയുടെ പേരില്‍ വ്യാജ കത്ത് - ഡോ. എം എസ് ജയപ്രകാശ്


ചരിത്രസ്മരണത്തിന് വ്യാജരേഖ ചമക്കുന്നവരെയും 
ചരിത്രത്തെ പുറകോട്ടടിക്കുന്നവരേയും പറ്റി.


2010 ഡിസംബര്‍ 20-ന് മാധ്യമം പത്രത്തില്‍ വന്ന സ്വദേശാഭിമാനി രാമക്യഷ്ണപിള്ള യെ സംബന്ധിച്ച ലേഖനത്തില്‍, സാധുജനപരിപാലന സംഘം സെക്രട്ടറി അയ്യന്‍കാളി എഴുതിയതായി പറയുന്ന ഒരു കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ കത്ത് ഇങ്ങനെ 

ഈ തിരുവിതാംകുറില്‍ പൊതുജനപ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാന പത്രപ്രവര്‍ത്തകരുണ്ട്. എന്നിരുന്നാലും പൊതുജനപ്രതിനിധി എന്ന നിലയില്‍ ഉള്ളവണ്ണം ഏതുകാര്യങ്ങളും സധൈര്യം പ്രസാതവിച്ചിട്ടുള്ളതായി അവിടത്തെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തിലെ സ്വദേശികളും അഗതികളും ആയിട്ടുള്ള ഞങ്ങള്‍ക്കുവേണ്ടി അനുകുലമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് അവിടെ ഒഴികെ മറ്റാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്.ഉള്ളത് പറഞ്ഞാ കഞ്ഞിയ്ക്ക് പറ്റില്ല എന്ന് പറഞ്ഞകുട്ടത്തില്‍ നിഷ്പക്ഷവാദിയും നീതിജ്ഞനുമായ യജമാനന്‍ അവര്‍കളെ ഈ രാജ്യത്തുനിന്നും അകറ്റുന്നതിനു മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുലയ ജാതിക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള സങ്കടത്തെ സര്‍വ്വശക്തനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കുമെന്ന് ആശംസിക്കുന്നു.

സ്ഥലം-വെങ്ങാനുര്‍, തീയതി 16/07/1901

ചരിത്രപരമായ കാരണങ്ങളാല്‍ അക്ഷരം പഠിക്കാനുള്ള അവസരം നിഷേധി ക്കപ്പെട്ട ആളായിരുന്നു അയ്യന്‍കാളിയും അദ്ദേഹത്തിന്റെ സമുദായവും. നിരക്ഷരനായ അയ്യന്‍കാളി കത്തെഴുതിയെന്നാണ് ലേഖന കര്‍ത്താവായ രാധാക്യഷ്ണന്‍ അവകാശപ്പെട്ടിരിക്കുന്നത്. സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സേവനങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന രീതിയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.1901 ജുലൈ 16 എന്ന തീയ്യതിയാണ് കത്തില്‍ കാണുന്നത്. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതില്‍ പുലയര്‍ക്കുള്ള സങ്കടവും കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് 1910 സെപ്തംബര്‍ 26 നാണ്. ഈ സംഭവത്തില്‍ സങ്കടം രേഖപ്പെടുത്തിയിരിക്കുന്നത് 9 വര്‍ഷം മുമ്പ് 1901 ല്‍ എഴുതിയ കത്തിലാ ണെന്ന കാര്യം ശ്രദ്ധിക്കുക. ജാമ്യം മുന്‍കുര്‍ സമ്പാദിക്കുന്നതുപോലെ സങ്കടവും മുന്‍കുര്‍ രേഖപ്പെടുത്താനാവുമോ എന്ന് ഈ ഉള്ളവന് അറിയില്ല.

അക്ഷരം പഠിക്കാത്ത അയ്യന്‍കാളി ഇങ്ങെനയൊരു കത്ത് എഴുതി എന്നുതന്നെ കരുതിയാലും ഇതിലെ ഭാഷയും, അടിമ മനോഭാവവും വിളിച്ചുപറയുന്ന പദപ്രയോഗ ങ്ങളും അയ്യന്‍കാളിയുടേതാവാന്‍ വഴിയില്ല. യജമാനവര്‍ഗ്ഗത്തെ മെയ്കരുത്തുകൊണ്ട് നേരിട്ടയോദ്ധാവിന്റെ സ്വരം ഈ വിധം അടിയങ്ങളുടെ ഭാഷയാവില്ല.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോടുള്ള അയ്യന്‍കാളിയുടെ നന്ദി പ്രകടനം രേഖപ്പെടുത്തിയ ഒരു കത്ത് എന്തിന് ആ ലേഖകന്‍ ഹാജരാക്കിയെന്ന് പരിശോ ധിക്കാം പട്ടികജാതിക്കാരേയും മറ്റു വിഭാഗങ്ങളേയും ഒന്നിച്ചിരുത്തരുതെന്നും, ബുദ്ധികൃഷിക്കാരേയും നിലം കൃഷിക്കാരേയും ഒരുമിച്ചിരുത്തി പഠിപ്പിക്കരുതെന്നും അദ്ദേഹം ആക്ഷേപം ചൊരിഞ്ഞിരുന്നു. വക്കം മൗലവിയുടെ പത്രമായിരുന്ന സ്വദേശാഭിമാനിയില്‍ 1910 മാര്‍ച്ച് രണ്ടിന് രാമകൃഷ്ണപിള്ള എഴുതിയ മുഖപ്രസംഗ ത്തിലാണ്. ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായത്,ഈ പരാമര്‍ശത്തിന്റെ പേരില്‍ രാമകൃഷ്ണപിള്ളയെ വിമര്‍ശിക്കരുതെന്നും, ഇടപ്രദപ്രയോഗങ്ങള്‍ ആലങ്കാരിക ഭാഷാപ്രേയാഗമായി കാണണമെന്നുമാണ് മാധ്യമത്തിലെ ലേഖനകര്‍ത്താവായ എം.ജി. രാധാകൃഷ്ണന്റെ വാദം. ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ ജാതിനിയമം അനുവദിക്കാ ത്തതുകൊണ്ടായിരുന്നല്ലോ ഏകലവ്യനെ ദ്രോണാചാര്യര്‍ മാറ്റി നിര്‍ത്തിയതും, സ്വയം പരിശീലനം നേടിയ ഏകലവ്യന്‍ അസ്ത്രവിദ്യയില്‍ അഗ്രഗണ്യനായതും. ഇതൊക്കെ അലങ്കാരമായി കാണണമെന്ന വാദം അപലപനീയമാണ്. ശ്രീശങ്കരാ സര്‍വ്വകലാശാല മുന്‍. വി. സി. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ദലിത് ബന്ധു എന്‍.കെ.ജോസ്. തുടങ്ങിയവര്‍ ഉള്‍പ്പെടെ മറ്റു പലരും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ ശതാബ്ദിവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ജാതീയ സമീപനത്തെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുവര്‍ണ്ണ ഹൈന്ദവ പക്ഷപാതി യല്ലെന്നും അധ:സ്ഥിത വിഭാഗങ്ങളുടെ വക്താവായിരുന്നെന്നും സ്ഥാപിക്കാനാണ് എം.ജി. രാധാകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ മേല്‍പറഞ്ഞ കത്ത് ഹാജരാക്കിയി രിക്കുന്നത്. 

തൊട്ടുകുടായ്മയും തീണ്ടിക്കുടായ്മയും അരങ്ങുതകര്‍ക്കുകയും അതിനെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നല്ലോ രാമകൃഷ്ണ പിള്ളയുടെ കാലഘട്ടം. ഫ്യൂഡല്‍-ജാതി ജന്മി-നാടുവാഴി മനോഭാവം ശക്തമായ എതിര്‍പ്പിനും മാനവികതയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടികള്‍ക്കും വിധേയമാ യിക്കൊണ്ടിരുന്നു.ആ ഘട്ടത്തിലാണ് രാമകൃഷ്ണപിള്ള കുതിരയുടേയും പോത്തിന്റെയും ഉപമാപ്രയോഗം നടത്തിയത്. പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന ധ്വനിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.ആ കാലഘട്ടത്തിലെ യാഥാസ്ഥിതികഭാവം രാമകൃഷ്ണ പിള്ളയിലും തെളിഞ്ഞു എന്നതാണ് വാസ്തവം. തലമുറ തലമുറയായി ഇത് നടന്നുവരുന്നു എന്ന് കാണാം. മഹാഭാരതത്തിലെ ദ്രോണാചാര്യര്‍ 9-ാം നൂറ്റാണ്ടിലെ ആദിശങ്കരന്‍ 19-ാം നൂറ്റാണ്ടിലെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 20-ാം നുറ്റാണ്ടിലെ രാമകൃഷ്ണപിള്ള, 20-ാം നൂറ്റാണ്ടിലെ തന്നെ 1970-കളിലെ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ സംഭവം, 21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കോളേജ് ഹോസ്റ്റലിലെ പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥിനികളെ മാത്രം ഒരു മുറിയിലാക്കിയ സംഭവം, പട്ടികജാതിക്കരായ വിദ്യാര്‍ത്ഥികളെകൊണ്ട് മൂത്രപ്പുര കഴുകിപ്പിക്കുന്ന സംഭവം, ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നു എന്ന് പരാതികള്‍ തുടങ്ങിയവയെല്ലാം ജാതിരാക്ഷസിയുടെ കളിത്തോഴന്മാരെ തുറന്നുകാട്ടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ്.

താണജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണമെന്നു വാദിക്കുന്ന ആദിശങ്കരന്‍ പറഞ്ഞത് ഇങ്ങനെ :

ശുദ്രം അക്ഷര സംയുക്തം ദുരതപരിവര്‍ജയേല്‍.

ശുദ്രര്‍ക്കും മറ്റും വിദ്യ നിഷേധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിനേക്കാള്‍ ഏറെ പോത്തിനോട് അടുത്തു നില്‍ക്കുന്ന പ്രഖ്യാപനമാണ് കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നടത്തിയിരിക്കുന്നത് :

നാനാജാതികളെപ്പിടിച്ചൊ രുനിലയ്ക്കാക്കാന്‍ ശ്രമീച്ചീടിലും
ജ്ഞാനാംശം ജളനും വിദഗ്ദ്ധനുമൊരേമട്ടാക്കുവാന്‍ പറ്റുമോ ?
ഹീനാഹീനത പോയ് ദരിദ്രധനികന്മാരൊപ്പമായ് നില്ക്കുമോ ?

ജ്ഞാനാംശം ജളനും (പോത്തിനും) വിദഗ്ദ്ധനും (കുതിരക്കും) ഒരേപോലെയാക്കാന്‍ ശ്രമിക്കരുതെന്നും ഉച്ചനിചത്വം മാറില്ലെന്നുമാണ് തമ്പുരാന്‍ പറഞ്ഞിരിക്കുന്നത്. ഈ സമീപനത്തിനെതിരെയാണ്: മാറ്റുവിന്‍ ചട്ടങ്ങളെ; എന്ന വിപ്ലവകരമായ പ്രഖ്യാപനം കുമാരനാശാന്‍ നടത്തിയത്. ആശാന്‍ ബുര്‍ഷ്വ കവിയും രാമകൃഷ്ണപിള്ള പുരോഗമന വാദിയുമാകുന്നതും നാം കാണുന്നുണ്ടല്ലോ.

1970 കളില്‍ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹൈസ്‌കുളില്‍ നടന്ന ഒരു സംഭവം ഇവിടെ സ്മര്‍ത്തവ്യമാണ്. ഒരു ക്ലാസിലെ പല ഡിവിഷനുകളിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥിനികളെ മാത്രം ഒരുമിച്ചാക്കി പോത്തുകളുടെ ഒരു ഡിവിഷന്‍ ഉണ്ടാക്കാന്‍ അന്നത്തെ ചില ബുദ്ധി കൃഷിക്കാര്‍ ശ്രമം നടത്തി. ഉല്പതിഷ്ണുവായ സി. അച്യുത മേനോനായിരുന്നു. അന്നത്തെ മുഖ്യമന്ത്രി. ഇത് സംബന്ധിച്ച പരാതിയിന്മേല്‍ അദ്ദേഹം ശക്തമായ ഉത്തരവിട്ടതോടെ ബുദ്ധികൃഷിക്കാരുടെ പരിപാടി നിലം പൊത്തുകയാണുണ്ടായത്. ഇതിന്റെ മറ്റൊരു രുപമാണ് അടുത്തകാലത്ത് കൊച്ചിയിലെ ഒരു കോളേജിന്റെ വിമന്‍സ് ഹോസ്റ്റലിലെ പട്ടികജാതി വിദ്യാര്‍ത്ഥിനികളെ മാത്രം ഒരു മുറിയിലാക്കിയ സംഭവം.നിന്നെപ്പൊലെ നിന്റെ അയല്‍ക്കാരെ സ്‌നേഹിക്കുന്ന യേശുദാസന്‍മാരുടെയും ദാസിമാരുടേയും പരിപാടിയായിരുന്നു അത്.പോത്തിനേയും കുതിരയേയും ഒന്നിച്ചു കെട്ടാന്‍ ഇന്നും പലരുടേയും മനസ്സ് അനുവദിക്കുന്നില്ല. സി.പി.എമ്മില്‍ നിന്നും പുറത്തുപോയ പാലക്കാട് മുന്‍ എം.പി. എസ്. ശിവരാമന്‍ പാര്‍ട്ടിയിലെ തമ്പുരാന്‍ മന:സ്ഥിതിയെപ്പറ്റി പറഞ്ഞത് നാം കേട്ടതാണല്ലോ. കേരം തിങ്ങും കേരള നാട്ടിലെ കെ.ആര്‍. ഗൗരിയമ്മയും ഇക്കാര്യം തുറന്നടിച്ചത് നാം കേട്ടുകൊണ്ടുമിരിക്കുന്നു. പിന്നോക്ക പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഉദ്യോഗങ്ങള്‍ അവര്‍ക്ക് നല്‍കാതെ ദശാബ്ദങ്ങളായി സര്‍വ്വകലാശാല ഉദ്യോഗങ്ങള്‍ കുതന്ത്രങ്ങളിലുടെ കൈയടക്കിയി രിക്കുന്ന ബുദ്ധികൃഷിക്കാരേയും കുതിരകളേയും ഇക്കുട്ടരില്‍ കാണാം. സര്‍വ്വരും സോദരത്വേന വാഴുന്ന മാത്യകാസ്ഥാനത്തെപ്പറ്റി ഈ വിദ്വാന്മാരും വിദുഷികളും പ്രസംഗിക്കുന്നത് ചന്തത്തിനായി വേദിയില്‍ പറയുന്ന ഭംഗിവാക്കുകള്‍ മാത്രമാണ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയ്ക്ക് ഇവര്‍ അഭിനവ ഭാഷ്യം നല്‍കിയിരിക്കുന്നു :

ജാതി ചോദിക്കുന്നില്ല ഞാന്‍ സഖാവേ
ചോദിക്കുന്നു കൈവിരല്‍ തരികതെനിക്കു നീ....

അയ്യന്‍കാളിയുടെ പേരില്‍ മറ്റൊരു സംഭവം കുടി ഉണ്ടായിരിക്കുന്നു. മഹാനായ അയ്യന്‍കാളിയുടെ നിയമസഭാ പ്രവേശനത്തിന്റെ ശതാബ്ദിആഘോഷങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ അച്യുതനാന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച അയ്യന്‍കാളി തൊഴിലുറപ്പുപദ്ധതി ഫലത്തില്‍ അദ്ദേഹത്തോടുള്ള അവഹേളനമായിത്തീര്‍ന്നി രിക്കുന്നു. തൊഴിലുറപ്പാണോ തൊഴിയുറപ്പാണോ എന്ന് വര്‍ണ്യത്തില്‍ ആശങ്കയുള്ള തുകൊണ്ട് സംഭവം ഉല്‍പ്രേക്ഷതന്നെ. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യലാണ് ഈ തൊഴിലുറപ്പുപദ്ധതി ഭവനപദ്ധതിയ്ക്ക് ഇ.എം.എസിന്റെ പേരുപറയുമ്പോള്‍ ഭവനങ്ങളില്‍ നിന്ന് പുറത്തുകളയുന്ന മാലിന്യം നീക്കം ചെയ്യുന്ന പദ്ധതിക്ക് അയ്യങ്കാളിയുടെ പേരിട്ടത്. കടുത്ത വിവേചനവും അവഹേളനവുമാണ്.

മറ്റുള്ളവരുടെ വിസര്‍ജ്യവും മാലിന്യങ്ങളും നീക്കം ചെയ്യലാണ് പഞ്ചമരുടെ ജോലി എന്ന മനുസ്മൃതിയിലെ പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ അയ്യകാളി തൊഴിലുറപ്പു പദ്ധതി.

അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നു പറയുന്ന സര്‍ക്കാര്‍, മുമ്പ് പട്ടിയെ പിടിക്കാന്‍ അഭ്യസ്തവിദ്യര്‍ തയ്യാറാവണമെന്നു പറഞ്ഞതിനെ യാണ് ഓര്‍മ്മിപ്പിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനമായാലും വേണ്ടില്ല അയ്യന്‍കാളിയുടെ പേരില്‍ പദ്ധതി വന്നല്ലോ എന്നാശ്വസിക്കുന്നവരും അയ്യങ്കാളിയുടെ അനുയായികളാ യിട്ടുണ്ട്. മഹാത്മാവേ ഇവരോട് പൊറുക്കേണമേ!!!!!

സംവരണ സീറ്റില്‍ നിന്നും ജനപ്രതിനിധികളാവുന്ന 14 പട്ടിക ജാതി -വര്‍ഗ്ഗ എം.എല്‍.എ. മാരേയും എം.പിമാരേയും നോക്കുകുത്തികളാക്കികൊണ്ട് നടത്തുന്ന ഈ അവഹേളനം പൊറുക്കാനാവാത്തതാണ്.

സ്‌നേഹനിധിയായ എന്റെ അപ്പന്‍ - സി പി പ്രകാശ്


ശ്രീ പോള്‍ ചിറക്കരോട് ഒരു സാഹിത്യകാരനെന്ന നിലയ്ക്ക് ദലിത് സമുഹത്തിനും സാഹിത്യാസ്വാദകന്മാര്‍ക്കും പരിചിതമാണ് അതോടൊപ്പം ഒരുകുടുംബാംഗം എന്ന നിലയ്ക്ക് സാധാരണക്കാരനും സ്‌നേഹമുള്ള ഒരു പിതാവും ആയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ എന്റെ കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. അപ്പന്‍ ഈ നാട്ടിലെ ഒരാളായി വളരെ വേഗം മാറി. വലിയ ഒരു സുഹൃദ് വലയം അപ്പനുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം അറിയാവുന്ന ഒരു കാര്യമാണ്, അപ്പന്‍ ഒരു സിനിമാ പ്രേമിയായിരുന്നു എന്നത്. ഇംഗ്ലീഷിലെ ക്ലാസ്സിക്ക് സിനിമകളേയും ടോള്‍സ്റ്റോയി, ഡോസ്റ്റോവ്‌സ്‌ക്കി എന്നീ ലോകസാഹിത്യാകരന്‍മാരുടെ ക്ലാസിക്ക് കൃതികളേയും എനിക്കു പരിചയപ്പെടുത്തി തന്നതും ഞാനോര്‍ക്കുന്നു. സമൂഹത്തില്‍ നടക്കുന്ന അഴിമതിക്കും, കാര്യക്ഷമതയില്ലായ്മയ്ക്കുമെതിരെ എവിടെവച്ചും പൊട്ടിതെറിക്കുന്ന, അപ്പന്റെ കുടെ പോകാന്‍ കുട്ടിക്കാലത്ത് പേടിയായിരുന്നു. നമ്മള്‍ ഇത്രയും കടുപ്പത്തില്‍ പ്രതികരിക്കണോ എന്നതായിരുന്നു എന്റെ ചിന്ത. താമസസ്ഥലത്തു നിന്ന് 30 കിലോ മീറ്റര്‍ അകലെ പട്ടണത്തിലെ സിനിമാ തിയേറ്ററുകളില്‍ ഇംഗ്ലീഷ് ക്ലാസിക്ക് സിനിമകള്‍ എന്നെ കൊണ്ടുപോ യി കാണിക്കുന്നതു അദ്ദേഹത്തിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു, മൃഗങ്ങളെ വളരെ സ്‌നേഹമായിരുന്ന എന്നെ കുട്ടിക്കാലത്ത് തിരുവനന്തപുരം മൃഗശാല ഞാന്‍ ആവശ്യപ്പെടുമ്പോഴൊക്കെ കൊണ്ടുപോയി കാണിക്കുമായിരുന്നു.

എന്റെ പിറന്നാളുകള്‍ മറക്കാതെ ഏതു സ്ഥലത്തായിരുന്നാലും ഒന്നു രണ്ടു ദിവസം മുമ്പേതന്നെ കേക്കുവാങ്ങിതരുകയൊ വാങ്ങാന്‍ രൂപ എന്റെ കൈയില്‍ തരുകയൊചെയ്യുമായിരുന്നു. ആ വാത്സല്യവും സ്‌നേഹവും ഒരു മാറാരോഗത്തിന്റെ രൂപത്തില്‍ എന്നെന്നേയ്ക്കുമായി അകറ്റികളഞ്ഞത് ഓര്‍ക്കാന്‍ വയ്യ. എന്റെ പിതാവ് മറ്റുള്ളവരെ സ്‌നേഹിച്ചതിനേക്കാള്‍ എന്നെ സ്‌നേഹിച്ചിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പുമുതല്‍ ബോധം മറയുന്നതുവരെ മോനേ, മോനേ എന്ന് വേദനയോടെ വിളിച്ചിരുന്നത് ഇന്നും വേദനയൊടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കു. അവസാന ആഗ്രഹം പറയുകയോ ആരെയെങ്കിലും കാണണമെന്ന് പറയുകയോ ചെയ്യാതെ അബോധത്തിലേക്കും പിന്നെ മരണത്തിലേക്കും അദ്ദേഹം അല്പാല്പമായി താണുപോകുന്നത് മായാത്ത ചിത്രമായി എന്നില്‍ എന്നും അവശേഷിക്കും എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളു.

പോള്‍ ചിറക്കരോട്: വൈജ്ഞാ നിക മണ്ഡല ത്തിലെ നക്ഷത്ര ശോഭ - ഡോ. എം എം ബഷീര്‍


പോള്‍ ചിറക്കരോട് തിരുവല്ലയ്ക്ക് കിഴക്ക് പമ്പയാറിന്റെ തീരത്തുള്ള മാരാമണ്‍ എന്ന ഗ്രാമത്തില്‍ വേദ പണ്ഡിതനായ റവ: സി.ടി. ദാനിയേല്‍, ശ്രീമതി: ഏലിയാമ്മ എന്നിവരുടെ മകനായി 1939 സെപ്തംബര്‍ 4-ാം തീയ്യതി ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളെജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ ആദ്യ നോവലെഴുതി-''അലഞ്ഞുതീര്‍ന്ന ആത്മാവ്,'' തുടര്‍ന്ന് പുലയത്തറ, മതില്‍, സൂര്യകാന്തി, അക്ഷയപാത്രം, സത്യത്തിന്റെ മുഖം, ആവരണം തുടങ്ങി 38 കൃതികള്‍ പ്രസിദ്ധീകരിച്ചു. ഇക്കണോമിക്‌സ്, സോഷ്യോളജി, സാഹിത്യം, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ ഈ സാഹിത്യകാരന്‍ അറിവിന്റെ മേഖലകളില്‍ കനമാര്‍ന്ന ഉപസ്ഥിതി നേടിയിട്ടുണ്ട്. വൈജ്ഞാനിക സാഹിത്യമാണ് തന്റെ ശരിയായ സര്‍ഗ്ഗപ്രപഞ്ചമെന്ന് മനസ്സിലാക്കിയ പോള്‍ ചിറക്കരോട് ആ വഴിക്ക് തിരിഞ്ഞതിന്റെ പ്രഥമ സംഭാവനയാണ് ''ബര്‍ട്രാന്റ് റസ്സല്‍ - മാനവരാശിയുടെ മനസ്സാക്ഷി.'' 20 -ാം നൂറ്റാണ്ടിനെ ആഴത്തില്‍ സ്വാധീനിച്ച ബര്‍ട്രാന്റ് റസ്സലിന്റെ ജീവിതവും ദര്‍ശനവും അതീവ ഹൃദ്യമായി, ആധികാരികതയോടെ അനാവരണം ചെയ്തിരിക്കുന്നു. പോള്‍ ചിറക്കരോടിന്റെ ജ്ഞാനതപസ്യയില്‍ പിറന്ന ബര്‍ട്രാന്റ് റസ്സല്‍ എന്ന ഗ്രന്ഥത്തിന് മലയാളത്തിലുണ്ടായ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനമുണ്ട്.

നോവലുകളിലൂടെ ശ്രദ്ധേയനായ പോള്‍ ചിറക്കരോട് ചെറുകഥാകൃത്തുകൂടിയാണ്. നോവലുകള്‍ക്കിടയില്‍ ചെറുകഥ മുങ്ങിപ്പോയതാവാം ചിറക്കരോട് ചെറുകഥാകൃത്തായി അറിയപ്പെടാതെ പോയതിന് കാരണം. ദലിത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന തീവ്രമായ ദു:ഖങ്ങള്‍ ചിറക്കരോടിന്റെ കഥകളില്‍ ഉണ്ട്. ആദ്യകാലത്ത് സാധാരണ ആള്‍ക്കാരുടെ ജീവിതകഥകള്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന അദ്ദേഹം പിന്നീട് സ്വത്വം തിരിച്ചറിയുകയും ദലിത്കഥകള്‍ എഴുതുകയും ചെയ്തു. ഇന്ത്യയില്‍ മഹാത്മാഗാന്ധി ഹരിജന്‍ എന്നു വിളിച്ച ദലിതരുടെ ജീവിതാവസ്ഥകള്‍ ഇന്നും പരിതാപകരമാണ്. ഹരിജനഗിരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പക്ഷേ അതില്‍ പത്തിലൊരംശം പോലും അവകാശപ്പെട്ടവര്‍ക്ക് കിട്ടുന്നില്ല. ഇടനിലക്കാരായ ഉദ്യോഗസ്ഥര്‍ ഹരിജനങ്ങള്‍ എക്കാലത്തും അതേ നില തുടരാന്‍ ഒത്താശകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇളവുകളും സംവരണങ്ങളും നല്‍കിയിട്ടും എന്തുകൊണ്ട് ദലിതര്‍ മുന്നേറുന്നില്ല എന്ന കാര്യം പഠനവിഷയമാക്കേണ്ടതാണ്.

ദലിതനായി ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ തീവ്രമായ ദു:ഖം പോള്‍ ചിറക്കരോട് പല കഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. ' പുതിയ പാര്‍പ്പിടം' എന്ന കഥ നോക്കുക: ജോലി കിട്ടി നഗരത്തിലെത്തിയ അയാള്‍ ഒരു പാര്‍പ്പിടം തേടി നടക്കുകയാണ്. നാട്ടിന്‍പുറത്ത് മേല്‍ജാതിയില്‍പ്പെട്ട കാമുകിയുണ്ട്. താമസിക്കാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയിട്ടേ അവളെ വിളിച്ചുകൊണ്ടു വരികയുള്ളൂ എന്ന നിര്‍ബന്ധത്തിലാണ് അയാള്‍. ഹരിജനായ അയാള്‍ അവളോട് ചോദിച്ചു : '' ഒരു ഹരിജനു തമ്പുരാട്ടിയെ വിവാഹം ചെയ്യാമോ?'' അവള്‍ തുടര്‍ന്നു''എന്താ മറ്റുള്ളവര്‍ക്കുള്ളതെല്ലാം ഹരിജനുമില്ലേ?'' അവള്‍ തുടര്‍ന്നു:'' മനുഷ്യരെ ഇക്കാലത്തും ഇങ്ങനെ ജാതി തിരിച്ചു ഓരോ അറയില്‍ നിര്‍ത്തുന്നല്ലോ! അദ്ഭുതം!'' അധകൃതര്‍ ഇന്നു വരെ ആ തറവാടിനെ തൊട്ട് അശുദ്ധമാക്കിയിട്ടില്ല. അയാള്‍ പട്ടണത്തിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: ''ഞാനൊന്നിച്ചു പോരാന്‍ തീരുമാനിച്ചു. പോരട്ടെ?'' ഒരു ദിവസം അവള്‍ അയാള്‍ ജോലി ചെയ്യുന്ന ഓഫീസിലേക്ക് കയറിച്ചെന്നു. അന്നു രാത്രി അവര്‍ ലോഡ്ജില്‍ കഴിഞ്ഞു. വാടകയ്ക്കു വീടു കിട്ടുന്നില്ല. ബ്രോക്കര്‍ ഒടുവില്‍ സത്യം പറഞ്ഞു: ''സാറിനു മറ്റൊന്നും തോന്നരുത് സാറിന് ഈ ചുറ്റുവട്ടത്തില്‍ ആരും വീടു തരികയില്ല. ഒരു ഹരിജനു വീടു കൊടുത്താല്‍...'' അയാളുടെ ഉള്ളില്‍ ഒരു ശബ്ദം മുഴങ്ങി: ''ഞാന്‍ മനുഷ്യനല്ലേ? മനുഷ്യനല്ലേ? മനുഷ്യനല്ലേ?'' തന്നെ വെറുക്കുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ തീവ്രമായ ദു:ഖം, വേദന, നിരാശ്രയത്വം എല്ലാം ഈ കഥയില്‍ ഉറഞ്ഞുകൂടിയിട്ടുണ്ട്. അനുഭവബോധത്തില്‍ നിന്ന് രൂപം കൊണ്ട ഇത്തരം കഥകളിലാണ് പോള്‍ ചിറക്കാരോടിന്റെ സ്വത്വം കാണുന്നത്.

'നനഞ്ഞഭൂമി' ഒരു പ്രേമഭംഗത്തിന്റെ കഥയാണ്. നാരായണി അമ്മയും മകള്‍ ശാരദയും താമസിക്കുന്ന വീടിനടുത്ത് പ്രഭാകരന്‍ താമസത്തിനു വന്നു. പാലുമായി ചെല്ലാറുള്ള ശാരദയുമായി അയാള്‍ പ്രണയത്തിലായി. മാറ്റം കിട്ടിയപ്പോള്‍ അയാള്‍ ആരുമറിയാതെ അവിടം വിട്ടു പോവുകയും ചെയ്തു. ഗതികെട്ട ഒരു കുടുംബത്തിന്റെ വ്യാകുലമനസ്സുകളെ ഈ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 'നനഞ്ഞഭൂമി' എന്ന സമാഹാരത്തിലെ മറ്റൊരു ചതിയുടെ കഥയാണ് 'ചതി'. രവീന്ദ്രന്‍ നാട്ടിന്‍പുറത്തുള്ള ഒരു പെണ്‍കു ട്ടിയെ പണം കൊടുത്തു പഠിപ്പിച്ചു. അയാള്‍ക്ക് അവളില്‍ വിശ്വാസമുണ്ടായിരുന്നു. അവള്‍ പഠിച്ചു പാസ്സായി; ഉദ്ദ്യോഗസ്ഥയുമായി. അവളുടെ വിവാഹം അറിയിച്ചു കൊണ്ടുള്ള കത്ത് കിട്ടിയപ്പോള്‍ രവീന്ദ്രന്‍ തകര്‍ന്നുപോയി. ഒരാള്‍ വണ്ടിക്കു കുടുങ്ങി എന്നു കേട്ടപ്പോള്‍ കഥാകൃത്ത് അസ്വസ്ഥയോടെ കോരിച്ചൊരിയുന്ന മഴയത്ത് അന്വേഷിച്ചിറങ്ങുന്നു.

'പുതിയപാര്‍പ്പിടം' എന്ന കഥാസമാഹാരത്തിലെ പല കഥകളും ഗദ്യകഥകളാണ്. ' വന്ധ്യനിലങ്ങള്‍', 'ഉഷ്ണമേഖലയിലെ അവസാനത്തെ പകല്‍', 'അപാരത', 'മരണം', 'തുലാസ്സ്', 'ജലബിന്ദുവിന്റെ ദാഹം' തുടങ്ങിയ കാവ്യാത്മകരചനകള്‍ വന്ധ്യനിലങ്ങളിലെ ഒരിക്കലും കൃത്യതയില്ലാത്ത വാച്ചുപോലെ കൃത്യതയില്ലാത്ത ജീവിതവുമായി അലയേണ്ടി വരുന്ന രവീന്ദ്രന്‍ എന്ന എഴുത്തുകാരന്‍ ആഘാതമേല്പിക്കുന്ന കഥാപാത്രമാണ്. 'വൃദ്ധന്‍ എന്ന കഥയില്‍ മകനെക്കാണുന്ന ദിവസം മരിക്കും എന്നു പറയുന്ന വൃദ്ധന്‍ അപൂര്‍വ്വമനുഷ്യരില്‍ ഒരുവനായിത്തോന്നാം. കവിത തുളുമ്പുന്ന ഭാഷയുടെയും ബിംബാവലികളുടെയും ഇടകലര്‍ന്ന ആഖ്യാനം ആകര്‍ഷകമാണ്.

'പുതിയ പാര്‍പ്പിടം' പോലുള്ള കഥകളാണ് പോള്‍ ചിറക്കാരോടില്‍ നിന്നു ഉണ്ടാകേണ്ടത്. പക്ഷേ പലപ്പോഴും അനുഭവങ്ങളുടെ ലോകത്തെ തിരസ്‌ക്കരിച്ചുകൊണ്ട് സ്വപ്നസമാനമായ ജീവിതാവസ്ഥകളെ പുല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നോവലുകളില്‍ ദലിത്പ്രമേയങ്ങള്‍ ശക്തമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ചെറുകഥകളില്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്കിക്കാണുന്നില്ല.

ഡോ: എം.എം. ബഷീര്‍

മലയാള ചെറുകഥാ സാഹിത്യ ചരിത്ര രചയിതാവ്. ഇപ്പോള്‍ കേരള കവിതയുടെ പത്രാധിപര്‍. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, കാലിക്കറ്റ് സെനറ്റ് എന്നിവയില്‍ അംഗമായിരുന്നു. എസ്.പി.സി.എസ്. ഡയറക്ടര്‍, കുമാരനാശാന്‍ സ്മാരകം ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാരതീയജ്ഞാനപീഠം, സരസ്വതീ സമ്മാന്‍ അവാര്‍ഡ് കമ്മിറ്റികളില്‍ പല കാലങ്ങളില്‍ മലയാളത്തിന്റെ കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.കല്ലറ സുകുമാരന്‍: നീതിബോധത്തിന്റെ മഹാശബ്ദം - സണ്ണി എം കപിക്കാട്


ആധുനികാന്തര കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച ആദരണീയവ്യക്തിത്വമാണ് ശ്രീ കല്ലറ സുകുമാരന്‍. കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനും, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സ്വന്തം നിലയില്‍ ബഹുജനാടിത്തറയുളള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപം കൊടുത്ത രാഷ്ട്രീയ നേതാവും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പു തന്നെ വിജയകരമായൊരു ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് രൂപം കൊടുത്ത അതുല്യ സംഘാടകനും സര്‍വ്വോപരി ആരാധകരും അനുയായികളുമുണ്ടായിരുന്ന കല്ലറ സുകുമാരന്റെ ജീവിതങ്ങളും പ്രവര്‍ത്തനങ്ങളും ഗൗരവമായി പരിഗണിക്കാന്‍ കേരളം വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? കല്ലറ സുകുമാരന്റെ ജീവിതത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന തമസ്‌കരണ തന്ത്രത്തിന്റെ വേരുകള്‍ നാം തിരയേണ്ടത് കേവലമായ സവര്‍ണ്ണ-അവര്‍ണ്ണ തിരസ്‌കാരത്തിന്റെ യുക്തിക്കകത്തല്ല, മറിച്ച് ആധുനിക കേരളത്തെ സൃഷ്ടിച്ച സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലാണ്.

കൊളോണിയല്‍ അധികാരത്തിന്‍ കീഴില്‍ നടന്ന ആധുനിക കേരളത്തിലെ വിവിധ ജാതികളെ വ്യത്യസ്ത രൂപങ്ങളിലാണ് സ്വാധീനിച്ചത്. വേലുത്തമ്പിയെന്ന നായര്‍ ഭരണാധികാരി വിദേശികള്‍ക്കെതിരെ പടനയിച്ച്, ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മത്ഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലെ ഒരിനം വിദേശ ഭരണാധികാരികള്‍ ജാതി നിയമങ്ങള്‍ പരിപാലി ക്കുന്നതിന് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന പരാതിയായിരുന്നു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് ശ്രീനാരായണഗുരു പറഞ്ഞത് ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ നാമെല്ലാം പ്രാത്ഥിക്കണം. കാരണം അവരാണ് നമുക്ക് സന്ന്യാസം തന്നത് എന്നായിരുന്നു. മഹാത്മാ അയ്യന്‍ങ്കാളി അദ്ദേഹത്തിന്റെ ജീവിത സ്വപ്‌നമാ യി പറഞ്ഞത് എന്റെ സമുദായത്തില്‍ നിന്നും പത്തു ബി.എ.ക്കാരെ കണ്ടിട്ടു മരിക്കണമെന്നാണ്.

ആധുനികതയുടെ ഗുണഭോക്താക്കളാകാനുള്ള വലിയ അഭിലാഷം കേരളത്തിലെ കീഴാള ജന വിഭാഗങ്ങളിലുണ്ടായിരുന്നെങ്കിലും സവര്‍ണ്ണ വിഭാഗങ്ങളുടെ സംഘടിത മായ എതിര്‍പ്പുകള്‍ നിരന്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം ചെയ്യുവാനും സഞ്ചാരസ്വാതന്ത്ര്യത്തിനും, പൊതുഇടങ്ങളില്‍ പ്രവേശിപ്പിക്കുവാനും ദലിതര്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും കലാപങ്ങളാക്കി മാറ്റിക്കൊണ്ട് സമര്‍ഥമായി തടയുവാന്‍ സവര്‍ണ്ണര്‍ക്കു കഴിഞ്ഞു. ഇതേ സമയം തന്നെ സവര്‍ണ്ണരിലെ ഒരു വിഭാഗം ആധുനിക ഭരണ സംവിധാനത്തിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞിരുന്നു. 1860 മുതലാരാംഭിക്കുന്ന ഈ കാലഘട്ടം ആധുനിക കേരളത്തിലെ ചരിത്രത്തില്‍ നിര്‍ണ്ണായകമാണ്.

ഒരു ആധുനിക സമൂഹത്തിനാവശ്യമായ എല്ലാ സാമഗ്രികളും രൂപപ്പെടുന്നത് ഇക്കാലത്താണ്. ആധുനിക രൂപത്തിലുള്ള ഒരു ചരിത്രം മലയാള ഗദ്യം, നോവല്‍ അടക്കമുള്ള ആധുനിക സാഹിത്യം, സാഹിത്യ വിമര്‍ശനം, പത്രപ്രവര്‍ത്തനം, സാഹിത്യ ചര്‍ച്ചാവേദികള്‍, സിവില്‍ കൂട്ടായ്മകള്‍. രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയെല്ലാം രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഓരോ മേഖലയിലേയും പ്രഖ്യാപിത പിതാക്കന്മാരെയെടുക്കുമ്പോള്‍ ഇവരെല്ലാം ആധുനിക വിദ്യാഭ്യാസം കൈവരിച്ച സവര്‍ണ്ണരാണെന്നു കാണാം. ഒരു ജനതയെന്ന നിലയില്‍ മലയാളിയുടെ ഭാവിയെ നിര്‍ണ്ണായകമായി രൂപപ്പെടുത്തിയ ഈ ചരിത്ര പ്രക്രിയയില്‍ നിന്നും ദലിതര്‍ പൂര്‍ണ്ണമായും പുറത്തായിരുന്നു. ശ്രീനാരായണഗുരു, ഡോ.പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍, സി.വി. കുഞ്ഞിരാമന്‍, ടി.കെ. മാധവന്‍. സി. കേശവന്‍ തുടങ്ങിയവരിലൂടെ ഈഴവ സമുദായം ഈ പ്രക്രിയയില്‍ ഇടപ്പെട്ടിരുന്നു എന്നതും ഇതിനോടു കൂട്ടി വച്ച് വായിക്കേണ്ടതായിരുന്നു.

സാമുദായിക മത്സരങ്ങളുടെ രംഗഭൂമിയില്‍ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും, പാമ്പാടി ജോണ്‍ ജോസഫുമെല്ലാം പ്രസക്തമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോള്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ച ചരിത്ര രൂപീകരണം അവരെ അപ്രസക്തരാക്കിക്കൊണ്ട് മുന്നേറുകയായിരുന്നു. ആധുനിക പൗരനായി വേഷം മാറിയ സവര്‍ണ്ണന്‍ ദേശം, ദേശീയത, രാഷ്ട്രനിര്‍മ്മാണം, തൊഴിലാളി വിമോചനം തുടങ്ങിയ വീക്ഷണങ്ങളുടെ വക്താക്കളായി അരങ്ങ് നിറഞ്ഞാടിയപ്പോള്‍ ജാതിയും സാമുദായിക വുമെല്ലാം പഴഞ്ചന്‍ കാര്യങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. നാല്പതുകളാകുമ്പോള്‍ സാമുദായികപ്രസ്ഥാനങ്ങള്‍ ഇല്ലാതാവുകയോ, ഓരങ്ങളിലേക്ക് ഉള്‍വലിയുകയോ ചെയ്യുന്നതിങ്ങനെയാണ്. ഇവിടെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ദലിത് ജനത യാണ്. അവര്‍ കേരളീയ സമൂഹത്തില്‍ അദൃശ്യരായ ആള്‍ക്കൂട്ടമായി രാഷട്രീയ പാര്‍ട്ടികള്‍ക്കു പിന്നില്‍ ഒഴുകി നടന്നു.

സവിശേഷമായൊരു ചരിത്രപ്രക്രിയയിലൂടെ അനാഥരായ കേരളത്തിലെ ദലിതരെ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം കൊടുക്കുന്നതിലൂടെയാണ് കല്ലറ സുകുമാരന്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരദ്ധ്യായമായി മാറുന്നത്. കല്ലറ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന അറുപതുകള്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. കേരളത്തിലെ ദലിതര്‍ക്കിടയില്‍ നിന്നും വിദ്യാസമ്പന്നരായ വിപുലമായൊരു തലമുറ രൂപപ്പെടുന്നതും ഇക്കാലത്താണ്. ഈ തലമുറയാണ് കേരള ഹരിജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനുണ്ടാക്കുന്നത്. ദലിതര്‍ക്കിട യില്‍ നിന്നും രൂപപ്പെട്ടു വന്ന വിദ്യാസമ്പന്നരായ ഒരു തലമുറയെ ദലിത് സ്വത്വബോധത്തിലേക്കും അംബേദ്കര്‍ ചിന്തയിലേക്കും നയിക്കാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് കല്ലറ സുകുമാരന്റെ ചരിത്രപരമായ പ്രസക്തി.

മാത്രവുമല്ല സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെ ടണമെന്ന ഡോ. അംബേദ്കറുടെ മഹത്തായ ആശയത്തെ സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെഴുതി ചേര്‍ക്കുകയായിരുന്നു കല്ലറ സുകുമാരന്‍. സാര്‍വലൗകിക പ്രത്യയശാസ്ത്ര തണലില്‍ കേരളം അഭിരമിക്കുമ്പോഴാണ് അംബേദ്കറെ മുന്‍നിര്‍ത്തി കല്ലറ സുകുമാരന്‍ പടനയിച്ചത്. ദേശീയ പ്രസ്ഥാനത്തി ന്റേയും മാര്‍ക്‌സിസത്തിന്റേയും പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പു റം മറ്റൊരു ചിന്താലോകം ദലിതര്‍ക്ക് സാദ്ധ്യമാണെന്നും. സാദ്ധ്യമാക്കണമെന്നും അദ്ദേഹത്തിന്റെ രചനകള്‍ നിരന്തരം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ ദലിതരുടെ വാക്കും നോക്കും മാത്രമല്ല ഭാവനയും രാഷ്ട്രീയ ധീരതയുമായിരുന്നു കല്ലറ സുകുമരാന്‍.

അതുകൊണ്ടാണ് കേരള ത്തിലെ പൊതുസമൂഹം കല്ലറസുകുമാരന്റെ ജീവിതത്തെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കല്ലറ സുകുമാരനോടൊപ്പം പതിനായിര കണക്കിനും വോട്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഇരുമുന്നണികളും അദ്ദേഹത്തെ തിരസ്‌കരിച്ചത് ദലിതരുടെ രാഷ്ട്രീയ പ്രാതിനിധ്യമെന്ന നിര്‍ണ്ണായകപ്രശ്‌നത്തിലാണ്. ഇടതായാലും വലതായാലും സവര്‍ണ്ണന്റെ ആധികാരികതയെ ആഘോഷമാക്കുന്ന കേരളത്തിലെ രാഷ്ട്രീയസമൂഹത്തിന് കല്ലറ സുകുമരാനെ പുറത്തു നിര്‍ത്തിയേ മതിയാവു. കേരളീയ പൊതുബോധത്തില്‍ ലീനമായിരിക്കുന്ന ജാതിബോധമാണ് ഈ തിരസ്‌കാരത്തിനു പിന്നില്‍. പൊതുബോധത്തെ പിളര്‍ക്കാനും നവീകരിക്കാനും കഴിയുന്ന സാമൂഹ്യശക്തിയായി ദലിതര്‍ മാറുമ്പോള്‍ മാത്രമേ ഇതിനെ മറികടക്കാനാവു. കല്ലറ സുകുമരാനെക്കുറിച്ച് നിശബ്ദത പാലിച്ച് പൊതു രാഷ്ട്രീയത്തിലിടം അന്വേക്ഷി ക്കുന്നവര്‍ ചരിത്രത്തിനുമേല്‍ കരിമ്പടം വിരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കല്ലറയോട് മാത്രമല്ല ദലിതരോടും വിഡ്ഢിത്തപൂര്‍ണ്ണമായ വഞ്ചനയാണ് കാണിക്കുന്നത്.

കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രവാഹമായിരുന്ന കല്ലറ സുകുമാരന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെയാണെന്നു തന്നെയാണ് നാം അടയാളപ്പെടുത്താന്‍ ശ്രമിക്കേണ്ടത്. കല്ലറ സുകുമാരനെ കേരളത്തിലെ ദലിതരുടെ വികാരവായ്പായി മാത്രം കാണുന്നത് അദ്ദേഹത്തെ ചരിത്രത്തിന് വെളിയില്‍ നിര്‍ത്താനേ ഉപകരിക്കു. കല്ലറ സുകുമരാന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം ചരിത്രത്തിന്റെ സംഭാവനയായി മാറുകയാണ്. അപ്പോള്‍ മാത്രമേ അദ്ദേഹം സമകാലിനതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാകു കയും ചെയ്യു.

ധീരവും ധന്യവുമായ ആ ജിവിതത്തെ ആദരപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. 

പ്രഗത്ഭമതികളായ രണ്ടു നേതാക്കന്മാര്‍; ഒരനുസ്മരണം - അഡ്വ. പി കെ രാജന്‍മഹാത്മാ അയ്യന്‍കാളിക്കു ശേഷം കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രാത:സ്മരണീയനാണ് ശ്രീ.കല്ലറ സുകുമാരന്‍ എന്ന് അതിശയോക്തി കൂടാതെ പറയാനാവും. സ്വയം ഏറ്റെടുത്ത മിഷനറി പ്രവര്‍ത്തനങ്ങളോട് അദ്ദേഹം പ്രകടിപ്പിച്ച അത്മാര്‍ത്ഥതയും അര്‍പ്പ ണബോധവും പ്രതിബദ്ധതയും അത്രമാത്രം പ്രശംസനീയമായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ കാലത്ത് കേരളത്തില്‍ ദലിതരുള്‍പ്പെട്ട അധ:സ്ഥിത ജന വിഭാഗങ്ങള്‍ക്ക് അവരുടെ പ്രാഥമിക മനുഷ്യാവകാശങ്ങളായിരുന്നു നേടിയെടുക്കേണ്ടി യിരുന്നത്. സഞ്ചാരസ്വാതന്ത്യം, വിദ്യാഭ്യാസ സ്വാതന്ത്യം തുടങ്ങിയവ അതില്‍പ്പെടുന്നു. എന്നാല്‍ ശ്രീ കല്ലറ സുകുമാരന്റെ കാലമായപ്പോഴേക്കും രാജ്യത്തെ ദലിത്, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഡോ.അംബേദ്കറുടെ പ്രഗത്ഭമായ ഇടപെടലിലുടെ ലഭിച്ച ദിശാബോധവും ശാസ്ത്രീയ അടിത്തറയും ഭരണഘടനാപരമായ പിന്‍ബലവും കൊണ്ട് മിഴിവും വ്യക്തതയും കൈവന്നിരുന്നു. എങ്കില്‍പ്പോലും ശ്രീ കല്ലറ സുകുമരാെനപ്പോലെ പിന്നീടു വന്ന സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പാത സുഗമമായിരുന്നു എന്നു പറയാന്‍ കഴിയില്ല.

രാജ്യത്തെ പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ വ്യക്തമായിത്തന്നെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിരുന്നെങ്കിലും അവ നടപ്പാക്കുന്നതിനു പാകമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവില്‍ വന്നില്ല. പകരം ബ്രാഹ്മണ മേധാവിത്വ ശക്തികളുടെ അധിശത്വം നിലനിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അംബേദ്കറുടെ അനുയായികളെ വിലയ്‌ക്കെടുക്കുകയും അല്ലെങ്കില്‍ അടിമകളാക്കി സ്വന്തം കൂടാരത്തില്‍ പാര്‍പ്പിക്കുകയും അംബേദ്കറെ തമസ്‌കരിക്കയുമാണു ചെയ്തത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ദലിത്-പിന്നോക്ക ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് സഖാക്കളും കോണ്‍ഗ്രസ്സ് യജമാനന്മാരും പറയുന്നതിനപ്പുറത്ത് തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിലനില്‍പ്പോ അവകാശങ്ങളോ ഉണ്ടെന്നു വിശ്വസിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ പാടത്തും പ റമ്പിലും പണിയെടുക്കുന്ന തൊഴിലാളികളായിരിക്കുക മാത്രമാണു തങ്ങളുടെ അവകാശമെന്നു വിശ്വസിപ്പി ക്കപ്പെട്ട പട്ടികജാതി, ആദിവാസി, ദലിത് ക്രൈസ്തവ, പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും അവകാശസംരക്ഷണത്തിനും വേണ്ടി ഇറങ്ങിതിരിച്ച ശ്രീ.കല്ലറ സുകുമാരനെപ്പോലുള്ള നേതാക്കന്മാരുടെ മുമ്പിലുണ്ടായിരുന്ന സാധ്യതകള്‍ എത്രയോ പരിമിതമായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും അതിനുവേണ്ടി ഇറങ്ങിതിരിച്ച ശ്രീ കല്ലറ സുകുമാരന്‍ എത്രയോ മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു എന്നുപറയാതിരിക്കാന്‍ കഴിയുന്നില്ല.

ശ്രീ കല്ലറ സുകുമാരന്‍ കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാറി മാറി കുറേക്കാലം പ്രവര്‍ത്തിച്ചിരുന്നു. എന്നതിനാല്‍ ആ പാര്‍ട്ടികള്‍ കേരളത്തിലെ ദലിത്-പിന്നോക്ക ജനങ്ങളോടു സ്വീകരിച്ച സമീപനം തികച്ചും നിഷേധാത്മകവും പ്രതിഷേധാര്‍ഹവുമാണെന്നു നേരിട്ടു ബോധ്യപ്പെട്ട ആളാണ്. അവരെ നേരിടണമെങ്കില്‍ സ്വയം കരുത്താര്‍ജ്ജിക്കാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതുകൊണ്ട് ചിന്നിച്ചിതറിക്കിടന്ന നിരവധി ദലിത് സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തി ആ ലക്ഷ്യം നേടാന്‍ കുറേയൊക്കെ അദ്ദേഹത്തിന് കഴിഞ്ഞു. 1959ല്‍ പീരുമേട് താലുക്ക് ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചതിനു ശേഷം 1969 ല്‍ ദലിത് സംഘടനകളുടെ ഏകീകരണത്തിനുവേണ്ടി നിരന്തരമായി പ്രയത്‌നിക്കുകയും 1973 ല്‍ 41 പട്ടികജാതി സംഘടനകളുടെ സംയുക്ത സമിതി രൂപീകരിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

നിരന്തരമായ അവകാശപ്പോരാട്ടങ്ങളുടെ ഒരു നീണ്ട അദ്ധ്യായമായിരുന്നു ശ്രീ കല്ലറ സുകുമാരന്റെ ജീവിതം. തന്റെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവകാശ ങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ നീണ്ട പോരാട്ടങ്ങള്‍ ജനമുന്നേറ്റത്തിന്റെ കരുത്തുകൊണ്ടും ഉന്നയിച്ച ആവശ്യങ്ങളുടെ സ്വീകാര്യത കൊണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. തന്റെ തട്ടകമായ പീരുമേട്ടില്‍ വ്യാപിച്ചു കിടക്കുന്ന തേയില, ഏലം തോട്ടങ്ങളിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ദലിതരും ദലിത് ക്രൈസ്തവരും ദരിദ്രരായ പിന്നോക്കക്കാരുമായിരുന്നു. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടങ്ങളുടെ വാഹനമായി അദ്ദേഹം കേരള പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ സ്ഥാപിച്ചു. അതിനെത്തുടര്‍ന്ന് സെന്റര്‍ ഓഫ് കേരള ട്രേഡ് യൂണിയന്‍സ് (സി.കെ.ടി.യു) സ്ഥാപിക്കുകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലുടെ തോട്ടം തൊഴിലാളികളായ തന്റെ ജനതയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കുവേണ്ടി നീണ്ട പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തികച്ചും ന്യായവും മിതവുമായ അവകാശങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ഈ പോരാട്ടങ്ങള്‍ മിക്കതും പൂര്‍ണ്ണ വിജയത്തില്‍ കലാശിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തുന്നതിനും ഈ പോരാട്ടങ്ങള്‍ ഉപകരിച്ചു. തോട്ടം തൊഴിലാളികളല്ലാത്ത സാധാരണക്കാരായ പട്ടിക-ജാതി, ദലിത് ക്രൈസ്തവ, ജനങ്ങള്‍ക്കെതിരായ സാമൂഹിക പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവകാശപ്പെട്ടുകൊണ്ടു നടത്തിയ സമരങ്ങളും അവരുടെ അവകാശ സംരക്ഷണാര്‍ത്ഥം നടത്തിയ നിരവധി പോരാട്ടങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു.

സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം കൊണ്ടുമാത്രം ഒരു ജ നത രക്ഷപ്പെടുകയില്ലെന്ന് ശ്രീ. കല്ലറ സുകുമാരന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള പോരാട്ടം മുമ്പോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അതിന്റെ ഫലമായി 1983-ല്‍ അദ്ദേഹം ഇന്ത്യന്‍ ലേബര്‍പാര്‍ട്ടി രൂപീകരിച്ചു. തന്റെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക പുരോഗതിയും മുന്‍നിര്‍ത്തി 1983-ല്‍ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വമ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്, സംഘടിപ്പിച്ചു. അതുപോലെ 1986ല്‍ ഐ.എല്‍.പി.യു ടെ ആഭിമുഖ്യത്തില്‍ കാസര്‍കോഡു നിന്ന് തിരുവന്തപുരത്തേക്കു നടത്തിയ മനുഷ്യാവകാശ സംരക്ഷണ ജാഥ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

എല്ലാ വിഭാഗം രാഷ്ട്രീയക്കാരും അവഗണിച്ച ആദിവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം ശ്രീ കല്ലറ സുകുമാരന് ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു. തന്റെ പ്രക്ഷോഭ പരിപാടികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആദിവാസികളുടെ ഭൂമി സംരക്ഷണവും സാമൂഹിക സുരക്ഷിതത്വവും മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി 1989 ല്‍ ബത്തേരിയില്‍ നിന്ന് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു.

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ താന്‍ നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിരുന്നാലും ദലിത് പിന്നോക്ക ജനവിഭാഗ ങ്ങള്‍ക്ക് സ്വന്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിലുടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം മനസ്സിലാക്കി. 1984 ല്‍ കാന്‍ഷിറാംജിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നിലവില്‍വന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും വളര്‍ച്ചയും അദ്ദേഹം സശ്രദ്ധം വീക്ഷിച്ചിരുന്നു. 1989 ആഗസ്റ്റ് 15 ന് ബി.എസ്.പി. കേരള ഘടകം രൂപീകരിച്ചപ്പോള്‍ ഐ.എല്‍.പി ബി.എസ്.പി.യില്‍ ലയിച്ചു. ശ്രീ.കല്ലറ സുകുമാരന്‍ ബി.എസ്.പി.യുടെ കേരളാഘടകം പ്രസിഡന്റായി. 1994-ല്‍ വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതിയാഘോഷത്തിന്റെ ഭാഗമായി വൈക്കത്ത് ബി.എസ്.പി നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചതും നിരവധി ബഹുജന്‍ സമാജ് പാര്‍ട്ടി കേഡര്‍ ക്യാമ്പുകള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഉജ്ജ്വല വാഗ്മിയും സംഘാടകനുമായിരുന്നു അദ്ദേഹം. ദലിത് പ്രസ്ഥാനത്തിന് ആശയപരമായ കരുത്തും പ്രത്യയശാസ്ത്രപരമായ പിന്‍ബലവും നല്‍കുന്ന നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകാരന്‍ കുടിയായിരുന്നു.

തന്റെ ജനതയുടെ സാമുഹിക-സാമ്പത്തിക പുരോഗതിക്കുവേണ്ടിയുള്ള സുദീര്‍ഘമായ പോരാട്ടങ്ങളില്‍ അദ്ദേഹത്തോടോപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ശ്രീ പോള്‍ ചിറക്കരോട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും ഉറ്റ ചങ്ങാതിയുമാ യിരുന്നു. ശ്രീ പോള്‍ ഉന്നത ശീര്‍ഷകനായ പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു. പ്രതിഭാധനന്മാരായ ഈ രണ്ടു നേതാക്കന്മാരുടെ ഉജ്ജ്വലമായ നേതൃത്വം ഇന്ത്യന്‍ ദലിത് ഫെഡറേഷനും ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിക്കും പിന്നീട് ബഹുജന്‍ സമാജ് പാര്‍ട്ടിക്കും അതുവഴി കേരളത്തിലെ ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്കും പുരോഗതിക്കും നിസ്തുലമായ സേവനമാണ് നല്‍കിയത്. യശശരീരരായ ഈ രണ്ടു നേതാക്കന്മാരോടൊപ്പം ബി.എസ്.പി.യില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ ഇപ്രകാരം ഒരു അനുസ്മരണ കുറിപ്പെഴുതാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും ഓര്‍മയുടെ പടവുകളില്‍ - കെ കെ എസ് ദാസ്‌


കേരളത്തിലെ ദലിത്-ജനാധിപത്യ സാംസ്‌ക്കാരിക ചരിത്രത്തില്‍ ചിരസ്മരണീയരായ രണ്ട് വ്യക്തിത്വങ്ങളാണ് ശ്രീ. കല്ലറ സുകുമാരനും ശ്രീ. പോള്‍ ചിറക്കരോടും. സാഹിത്യരംഗത്തും സംഭാവനകള്‍ നല്‍കി. 

കേരളത്തിന്റെ ഹരിജന്‍ സംഘടനകളില്‍ കേരള ഹരിജന്‍ ഫെഡറേഷന്റെ സവിശേഷതയും ചരിത്രപ്രാധാന്യവും

1957-ലെ ഇ.എം.എസ്. മന്ത്രിസഭയുടെ പിരിച്ചുവിടല്‍ മുതല്‍ മുതലാളിത്വ-ജാതിഫ്യൂഡല്‍ ശക്തികള്‍ ജാഗ്രരായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി. യോഗം തുടങ്ങിയ സംഘടനകള്‍ക്കൊപ്പം, കേരള പുലയര്‍ മഹാസഭ, സാമ്പവര്‍ മഹാസഭ, പരവര്‍ മഹാസഭ, ചേരമര്‍ മഹാസഭ തുടങ്ങിയ ജാതി സംഘടനകള്‍ കേരള സമൂഹത്തെ ജാതീയമായി വിഘടിപ്പിച്ച് ജാതി ബദ്ധ സമ്പദ്ഘടനയുടെ മേധാവിത്തത്തില്‍ നിലനിര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ക്രൈസ്തവ മേധാവിത്തം രാഷ്ട്രീയവത്കരിക്കുന്നതിന്റെ മതരാഷ്ട്രീയ പ്രസ്ഥാനമായി നിലനിന്നു. അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ ജാതിവിരുദ്ധമായ സാധുജനമുന്നേറ്റത്തെ ജാതിവാദ രാഷ്ട്രീയം തകര്‍ത്തു. 1920 മുതല്‍ അത്തരം പ്രവണതകളെ ഭരണവര്‍ഗ്ഗ രാഷ്ട്രീയം പ്രോത്സാഹിപ്പിച്ചു. അതിന്റെ ഒരു വികസിത ഘട്ടത്തിലാണ് 1962-ല്‍ പീരമേടു ഹരിജന്‍ ഫെഡറേഷന്‍ കല്ലറ രൂപീകരിക്കുന്നത്. 

1957-ല്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും മദ്ധ്യ ജാതികളേയും മദ്ധ്യവര്‍ഗ്ഗങ്ങളേയും വികസിപ്പിച്ചു. അടിത്തട്ടു സമൂഹങ്ങള്‍ ഹരിജന്‍കോളനികള്‍ ഹരിജന്‍ സംഘടനകളുടെ ഡിമാന്റും, കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തിന്റെ ഉല്പന്നവുമായിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ്സും പള്ളി മേധാവിത്വവും ആദിവാസി ഭൂമി വെട്ടിപ്പിടിക്കുന്ന കുടിയേറ്റ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് വാഴ്ചയില്‍ സംരക്ഷിച്ചപ്പോള്‍ ഹരിജനങ്ങളുടെ ഭൂപ്രശ്‌നം ഹരിജന്‍കോളനികളില്‍ തളച്ചു. ജാതി സംഘടനകളും അതിന്റെ ദല്ലാള ദൗത്യത്തിനപ്പുറം ഭൂപ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല.

അറുപതുകളുടെ മദ്ധ്യത്തില്‍ ഇന്ത്യയില്‍ കാര്‍ഷിക വിപ്ലവത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തപ്പെട്ടു. അതിന്റെ പ്രതിരോധമായ കമ്മ്യൂണിസ്റ്റുനേതൃത്വത്തില്‍ മിച്ചഭൂമി സമരം ഉയര്‍ത്തി. ഭരണവര്‍ഗ്ഗത്തിന്റെ പട്ടാളവല്‍ക്കരണത്തിനോ കമ്മ്യൂണിസ്റ്റുകളുടെ സാമ്പത്തിക പരിഷ്‌കരണ വാദത്തിനോ അറുപതുകളുടെ മദ്ധ്യത്തിലും എഴുപതുകളുടെ ദശകത്തിലുമായി ഉയര്‍ന്നുവന്ന തൊഴിലാളി കാര്‍ഷീക മുന്നേറ്റത്തെയോ ദേശീയ വിമോചന മുന്നേറ്റത്തെയോ നശിപ്പിപ്പിക്കാന്‍ കഴിഞ്ഞില്ല. ആക്രമിക്കാനും ഭാഗീകമായി പ്രതിരോധിക്കാനും കഴിഞ്ഞു. ഇത്തരം ഒരു ഘട്ടത്തില്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തിനും ഹരിജന്‍വാദത്തിനുമെതിരെ മര്‍ദ്ദിത ജനതകളുടെ ദേശീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. കേരളത്തില്‍ ''സീഡിയനും'' മഹാരാഷ്ട്രയില്‍ ''ദലിത് പാന്തറും'' സവിശേഷമായ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. ജനാധിപത്യപ്രക്ഷോഭണങ്ങളിലൂടെ അത് വികസിച്ചു വന്നു. ഇതേ ചരിത്രഘട്ടത്തില്‍ കല്ലട നാരായണന്‍ എം.എല്‍.എ. നേതൃത്വം നല്‍കിയ ഹരിജന്‍ സംയുക്ത സമരസമിതിയും കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ കേരള ഹരിജന്‍ ഫെഡറേഷനും (1974) ഉയര്‍ന്നുവന്നു.

ഹരിജനവാദത്തിനെതിരെ അംബേദ്കര്‍ ചിന്തയുടെ ജാതീനശികരീണവും ജനാധിപത്യ അവകാശ വിപ്ലവ മുന്നേറ്റസമരങ്ങളും ഹരിജന്‍ സംഘടനയുടെ അവസാനം കുറിച്ചു. അംബേദക്കര്‍ ചിന്തയോടും സംവരാണാവകാശ സമരങ്ങളോടും ഐക്യപ്പെട്ട് കേരള ഹരിജന്‍ ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി വികസിച്ചു വന്നു. അംബേദ്ക്കറിന്റെ പൂര്‍ണ്ണമായ ചിത്രവും വഹിച്ചുകൊണ്ടുള്ള കല്ലറയുടെ വാഹനജാഥയെ കോണ്‍ഗ്രസ് നേതാവും എം.പി.യും ആയ കെ.കെ. മാധവന്‍ വിമര്‍ശിച്ച് ചോദിച്ചു. ''ഹരിജനും അംബേദ്ക്കറും തമ്മിലെന്താബന്ധം'' ഈ സംവാദത്തില്‍ അംബേദ്ക്കറെ കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തുക എന്നത് കോണ്‍ഗ്രസ്സിന്റെ അധഃകൃത വര്‍ഗ്ഗലീഗ് സമീപനത്തിനെതിരെയും വിപ്ലവ രാഷ്ട്രീയത്തിന്റെ തുടക്കവുമാണ് എന്ന് നമ്മള്‍ പ്രതികരിച്ചു. അത് കല്ലറയ്ക്ക് പിന്‍തുണ ആയിരുന്നില്ല. ഒരു പൊതു ജനരാഷ്ട്രീയ സമീപനമായിരുന്നു. എന്നാല്‍ പരോക്ഷമായി കല്ലറയുടെ സമീപനങ്ങള്‍ക്ക് പിന്തുണയുമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കവും ഇതായിരുന്നു. ഹരിജന്‍ സംഘടനകളില്‍ നിന്ന് വേറിട്ട് അംബേദ്ക്കര്‍ ചിന്തയെ ഉയര്‍ത്തിപ്പിടിച്ച കല്ലറയുടെ സമീപനങ്ങള്‍ക്ക് പിന്തുണയുമായിരുന്നു. ദലിത രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നതിന്റെ ഈ സവിശേഷത കല്ലറ സുകുമാരനെ ദലിത് ചരിത്രത്തിന്റെ പാതയില്‍ സ്ഥാനപ്പെടുത്തുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം പുത്തന്‍ അവസ്ഥയിലൂടെ കടന്നുപോയി. ദലിത്‌വിമോചന മുന്നേറ്റം അടിയന്തിരാവസ്ഥ വിരുദ്ധ ജനാധിപത്യ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിയ ഹരിജനവാദ നിഷേധത്തെ രാഷ്ട്രീയ വത്ക്കരിച്ചു. ഹരിജന്‍ എന്ന പദം മര്‍ദ്ദിത ജനതകളെ വിളിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കല്പന കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തു.

ഗുരുവായൂര്‍ മാര്‍ച്ച്-സാമൂഹ്യപരിഷ്‌കരണത്തിന്റെ ചരിത്രമുന്നേറ്റം

ദലിത് ജനതയുടെ സ്വാതന്ത്യ സമരം 1820 മുതല്‍ 2010 വരെ എന്ന ചരിത്രഗ്രന്ഥത്തില്‍ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗുരുവായൂര്‍ മാര്‍ച്ചിനെ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ചരിത്രമുന്നേറ്റം എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. 'ദലിത് പ്രത്യയശാസ്ത്രം' എന്ന കൃതിയില്‍ ഗാന്ധിതോറ്റിടത്ത് ദലിത് ജനതയുടെ വിജയം എന്ന് വിലയിരുത്തുന്നു. കേരള നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി സാമൂഹ്യ പരിഷ്‌കരണസമരത്തില്‍ കല്ലറ സുകുമാരന്‍ 'നമസ്‌കാര സദ്യ'യ്ക്ക് അന്ത്യം കുറിച്ചു. ശ്രീപത്മനാഭസ്വാമിക്ഷേത്രം മുതല്‍ ഗുരുവായൂര്‍വരെ ക്ഷേത്രങ്ങളില്‍ കുളിച്ചുതൊഴുത് ഹൈന്ദവ സമൂഹത്തിന്റെ പിന്‍തുണ നേടി സാമൂഹ്യപരിഷ്‌കരണ താത്പര്യത്തെ-ക്ഷേത്രങ്ങളുടെ ഊട്ടുപുരയിലെ നമസ്‌ക്കാര സദ്യ (ബ്രാഹ്മണര്‍ക്ക് മാത്രമായ ആചാര്യസദ്യ) അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഗുണപരമായ സന്ധിയില്‍ നേടിയെടുത്തു. 1983 ഡിസംബര്‍ 31-ന് കേരളാ ഹൈക്കോടതി ബ്രാഹ്മണസദ്യ നിര്‍ത്തലാക്കാന്‍ വിധിച്ചു. ദലിത് ജനതയുടെ സ്വാതന്ത്യ സമരമാണ് അതിന്റെ ശക്തി.

അഖിലേന്ത്യാ ദലിത് സാഹിത്യ സമ്മേളനം

1987-ല്‍ ഹൈദരാബാദില്‍ അഖിലേന്ത്യാ ദലിത് സാഹിത്യസമ്മേളനം മൂന്നു ദിവസങ്ങളിലായി നടന്നു. സിഡിയനെ പ്രത്യേകം ക്ഷണിച്ചിരുന്നു. ഞങ്ങള്‍ നാല് പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും കേരളാ ഹരിജന്‍ ഫെഡറേഷനെ പ്രതിനിധീകരിച്ചു. കവിയൂര്‍ മുരളി ഡി.എസ്.എസ്. എന്ന സംഘടയുടെ പേരില്‍ പങ്കെടുത്തു. ആമച്ചല്‍ സുരേന്ദ്രന്‍ എഴുത്തുകാരന്‍ എന്ന നിലക്കും ബാബു സൈമണും മറ്റു മൂന്നു പേരും കൂട്ടിന് അയിരുക്കുഴി അച്ചനും, ദലിത് ക്രൈസ്തവരുടെ പേരില്‍ പങ്കെടുത്തു. 

ഒരു ഭാഷയ്ക്ക് ഒരാള്‍ എന്ന സമ്പ്രദായത്തിലാണ് പ്രതിനിധി സമ്മേളനത്തില്‍ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചത്. കല്ലറ എന്നോട്‌ചോദിച്ചു. ''പോള്‍ സാര്‍ സംസാരിക്കട്ടെ'' എന്ന ഉത്തരം പറഞ്ഞു. ജോസഫ് കുറുച്ചി പറഞ്ഞു. ''പോള്‍ സാറും കെ.കെ. എസ്സും അനുവദിച്ചിരിക്കുന്ന സമയം പപ്പാതി സംസാരിക്കട്ടെ'' പോള്‍ സാര്‍ അപ്പോള്‍ 'കെ.കെ.എസ്. സംസാരിച്ചാല്‍ മതി'യെന്ന് പറയുകയും പ്രതിനിധി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ച് ഞാന്‍ സംസാരിക്കുകയും ചെയ്തു. അഖില ദേശീയമായ അംഗീകാരങ്ങള്‍ക്ക് ആ പ്രസംഗം വലിയ പങ്കു വഹിച്ചു. പോള്‍ സാറിനോട് ഞങ്ങള്‍ക്ക് വലിയ മതിപ്പ് ഉണ്ടാകുകയും ചെയ്തു.

സൗഹൃദത്തിന്റെയും പരസ്പര അംഗീകാരത്തിന്റെയും ഇഴപിരിയാത്ത ബന്ധം ഞങ്ങളില്‍ ഹൈദരാബാദ് സമ്മേളനം സൃഷ്ടിച്ചു. 

ക്രിസ്തുമസ് ദിനത്തിലെ കോട്ടയം ധര്‍ണയും സമരത്തിലെ മുന്‍നിര പങ്കാളിത്തവും

ഐ. ഡി എഫിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ കോട്ടയം നഗരത്തില്‍ ദലിത് ക്രൈസ്തവ സംവരണം മുന്‍നിര്‍ത്തി ഒരു നിശാധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ധര്‍ണ്ണയില്‍ പങ്കെടുക്കണമെന്നും കഴിവതും 25 പേരെയെങ്കിലും പങ്കെടുപ്പിക്കണ മെന്നും ആവശ്യപ്പെട്ട് കല്ലറ ഒരു കത്തെഴുതിയിരുന്നു. ഞങ്ങള്‍ 25 പേര്‍ പങ്കെടുത്തു. എല്ലാവിധ പിന്തുണയും സഹകരണവും നല്‍കാനും തീരുമാനിച്ചു. വിശ്വാസത്തി ന്റെയും സഹകരണത്തിന്റേയും പരസ്പര അംഗീകാരത്തിന്റേയും സംഘടനാ ബന്ധമായി ക്രിസ്തുമസ് ദിനത്തിലെ നിശാധര്‍ണ്ണയിലെ പങ്കാളിത്തം വിലയിരുത്താം.

സംവരണം മതനിരപേക്ഷ ജനാധിപത്യ അവകാശമാണ്.

ഞാനും കല്ലറയും മറ്റു ചില സംഘടനാ നേതാക്കളും ഒപ്പിട്ട് പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയുടെ പ്രഖ്യാപനവും അതാകുന്നു.

ദലിത് ലീഡേഴ്‌സ് കൗണ്‍സില്‍രൂപീകരിച്ചപ്പോള്‍ പോള്‍ ചിറക്കരോട് ചെയര്‍മാനും ഞാന്‍ വൈസ് ചെയര്‍മാനും ആയിരുന്നു. കല്ലറ സ്ഥിരം ക്ഷണിക്കപ്പെട്ട നേതാവും ആയിരുന്നു. ഈ പൊതു അംഗീകാരത്തിന്റെ സംസ്‌ക്കാരത്തില്‍ ഞങ്ങളെല്ലാം ഉറച്ചുനിന്നിരുന്നു. 

ദലിത് സാഹിത്യ ക്യാമ്പും പൊതുസമ്മേളനവും

കേരളത്തിലെ ദലിത് എഴുത്തുകാരെ സംഘടിപ്പിച്ച് ഒരു ക്യാമ്പും പൊതുസമ്മേളനവും നടത്തുന്നതില്‍ ദലിത് സാഹിത്യ ചരിത്രത്തില്‍ സ്മരിക്കപ്പെടും. (ദലിത് എഴുത്തുകാരുടേയും കലാകാരന്മാരുടേയും ക്യാമ്പും നാടകമത്സരവുംഅഖില കേരളാടിസ്ഥാനത്തില്‍ ആദ്യം സംഘടിപ്പിച്ചത് സീഡിയന്റെ നേതൃത്വത്തിലാണ്) ഞാന്‍ സാഹിത്യ ക്യാമ്പിലും പൊതു സമ്മേളനത്തിലും പങ്കെടുത്തിരുന്നു. സംഘടനാ തലത്തിലെ സഹകരണവും ഐക്യ സമരവും ഇന്ന് തീര്‍ത്തും ഇല്ലാതായിരിക്കുന്നു.

പോള്‍ ചിറക്കരോട് : സൗഹൃദത്തിന്റെ ശാന്തിതീരം

മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരനായി വിരാചിക്കേണ്ട പോള്‍ ചിറക്കരോട് ഹരിജന്‍ ദലിത് പ്രവര്‍ത്തനങ്ങളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഊഷരഭൂമിയില്‍ ഈന്തല്‍മരമായി മാറി. നാല്പതോളം കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക സമരം എന്തുകൊണ്ട് വരട്ടാറുപോലെ വരണ്ടുപോയി. ദലിത കവിതകളുടെ ക്രോഡീകരണവും അഭിമുഖ എഴുത്തുകളുമായി ദലിത് സാഹിത്യവേദിയില്‍ നില്‍ക്കുന്ന പോള്‍ ചിറക്കരോടിന്റെ സര്‍ഗ്ഗാത്മക സാഹിത്യം ഉദയസൂര്യന്റെ രഥം തെളിയിക്കുന്നുണ്ടോ? ആദര്‍ശവത്കരണത്തിനപ്പുറം സത്യത്തിന്റെ വഴി തുറക്കാന്‍ നമ്മള്‍ മടിക്കുന്നില്ലെങ്കില്‍ ഒരു തുറന്ന ചര്‍ച്ച അനിവാര്യമായിരിക്കുന്നു. സ്വര്‍ഗ്ഗസമ്പന്നനായ സാഹിത്യകാരന്‍ ദലിത്-സാമൂഹ്യ-രാഷ്ട്രീ സമരത്തില്‍ നിഷ്പ്രഭനായി മരണം വരിക്കുക ഒരു ദലിത് അവസ്ഥയാണോ? രാഷ്ട്രീയമായോ ദാര്‍ശനികമായോ മൂല്യനിര്‍ണ്ണയം ചെയ്യാന്‍ തുടങ്ങുന്നില്ല. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ എന്നില്‍ കത്തിനില്‍ക്കുന്നു. എന്റെ കൃതികളെക്കുറിച്ച് പോള്‍ സാര്‍ എഴുതിയ കുറിപ്പുകളെ ഞാന്‍ അഖില ദേശീയമായി സാഹിത്യ സൗന്ദര്യ നിരീക്ഷണങ്ങളാക്കി മാറ്റിയിരിക്കുന്നു. സാമൂഹ്യ സാഹിത്യ പ്രതിബദ്ധമായ എന്റെ കടമ കേവലം വ്യക്തിനിഷ്ടമല്ല. ആശയ ശാസ്ത്രനിഷ്ടവും സമരാത്മകവുമാണ്. അത് സാമൂഹ്യ രാഷട്രീയ പ്രതിബദ്ധമാണ്. എന്നാലും പോള്‍ സാര്‍ സവിശേഷമായ ഓര്‍മ്മകളാണ്. സവിശേഷമായ ബന്ധമാണ്.

ഒരു സാഹിത്യ സംവാദനത്തിലെ ഇടിമുഴക്കം 

തിരുവല്ലയില്‍ അകപ്പൊരുള്‍ എന്നൊരു സാഹിത്യ ചര്‍ച്ചാ വേദിയുണ്ട്. എന്റെ രണ്ട് കവിതകള്‍ 1) സ്വാതന്ത്യത്തിന്റെ സൗന്ദര്യം 2) നരകം പ്രതീക്ഷയാണ്. ചര്‍ച്ചയ്ക്ക് പരിപാടി നിശ്ചയിച്ചു. ഞാന്‍ ചര്‍ച്ചയുടെ അന്നു രാവിലെ പോള്‍ സാറിനെ വിളിച്ചു കാര്യം പറഞ്ഞു. 3 മണിക്കുശേഷം എത്താമോ എന്ന് നോക്കാം. ഉറപ്പു പറയുന്നില്ല എന്ന് മറുപടി പറഞ്ഞു. കവിതയുടെ കോപ്പി, അകപ്പൊരുള്‍ വിതരണം ചെയ്തിരുന്നു. ഞാനുംഅശോകയിലെ ബാബു ജോസഫും കവിതാ ചര്‍ച്ചയ്ക്ക് എത്തി. ഏകദേശം 5 പ്രൊഫസര്‍മാര്‍ തുരുത്തിക്കാട്ടു കോളേജ് പ്രിന്‍സിപ്പാള്‍ പാറയ്ക്കല്‍ സാര്‍. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ ഒരു മുന്‍ സാഹിത്യ അക്കാദമി മെമ്പര്‍ തുടങ്ങിയ പ്രമുഖന്മാരുടെ വേദിയില്‍ ഞാന്‍ കവിത ചൊല്ലി. ഇരുപതു മിനിറ്റു കവിഞ്ഞിട്ടും ആരും പ്രതികരിച്ചില്ല. എന്താ ഒരു മരണ നിശബ്ദത? ഞാന്‍ അദ്ധ്യക്ഷനോട് ചോദിച്ചു. ഹാസ്യ സാഹിത്യകാരനും വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരനുമായിരുന്ന പീലിപ്പോസ് മാത്യു പറഞ്ഞു (അദ്ദേഹമാണ് അകപ്പൊരുളിന്റെ നേതാവും സംഘാടകനും) ''ദുര്‍ഗ്രാഹ്യതയാണ് പ്രശ്‌നം'' ഇങ്ങനെ ചര്‍ച്ച വഴിമുട്ടി നില്‍ക്കുമ്പോഴാണ് പോള്‍ സാര്‍ ഹാളിലേക്ക് കടന്നുവന്നത്.

''ചര്‍ച്ച എന്തായി'' പൊതുവെ ആരോടെന്നില്ലാതെ അദ്ദേഹം ഒരു ചോദ്യം എടുത്തിട്ടു. പീലിപ്പോസ് മാത്യു കവിതയുടെ ഒരു കോപ്പി അപ്പോള്‍ പോള്‍ സാറിനു നല്‍കി. അദ്ദേഹം കവിത കണ്ണോടിച്ചു. പ്രൊഫ.ളാത്തറ പറഞ്ഞു. ചര്‍ച്ച പോള്‍ സാര്‍ ഉദ്ഘാടനം ചെയ്യട്ടെ. പ്രൊഫ.തുമ്പന്‍ തോമസ് അതിനെ പിന്‍തുണച്ചു. പോള്‍ സാര്‍ എഴുന്നേറ്റ് കവിതയിലെ ദുര്‍ഗ്രാഹൃത കവിയെ വധിക്കാനുള്ള ആരോപണവും ആയുധവുമാണ്. ചെറുപ്പം മുതലെ കവിത എഴുതി തുടങ്ങിയ കെ.കെ.എസ്. ദാസ് ഇരുത്തം വന്ന കവിയാണ്. കവിത ഉള്‍ക്കൊള്ളുന്ന സാമൂഹ്യശാസ്ത്രം തിരിച്ചറിയാതെ കവിതയിലെ സൂചനകളെ ചരിത്രപരമായും സാഹിത്യ പ്രത്യയശാസ്ത്രപരമായും വ്യാഖ്യാനിയ്ക്കാനാവില്ല. ഈ സത്യം മറി കടക്കുന്നതിനുപകരം 'ദുര്‍ഗ്രാഹ്യത' ആരോപിച്ച് കവിയെ കൊല്ലാനുള്ള ഗുഢാലോചന ശരിയല്ല. അത് ഒരു സാമൂഹ്യകുറ്റമാണ്. ജിയുടെ കവിതകളെക്കുറിച്ച് കേരളം ഉയര്‍ത്തിയ സംവാദത്തിലാണ് ദുര്‍ഗ്രാഹ്യത ഒരു കവിദോഷമാണെന്ന ആരോപണം പൊതുവെ ഉയര്‍ത്തപ്പട്ടത്. അതും കവിയ്‌ക്കെതിരായ ഗൂഢാലോചന ആയിരുന്നു. അകപ്പൊരുള്‍ കെ.കെ.എസ്. കവിയ്‌ക്കെതിരെ ദുര്‍ഗ്രാഹ്യത ആരോപിച്ചാല്‍ അതു നിലനില്‍ക്കില്ല. അദ്ദേഹം മലയാള കവിതാ പ്രസ്ഥാനത്തില്‍ കരുമാടിനൃത്തം പോലെയുള്ള ദലിത് കവിതാ പ്രസ്ഥാനത്തിന് രൂപം കൊടുത്ത ആളാണ്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഉള്ള ഈ നിശബ്ദ ഗൂഢാലോചന ഒരു ക്രിമിനല്‍ കുറ്റമായി കാണാതെ നമ്മുടെ സംസ്‌ക്കാരം ജാതി-വര്‍ഗ്ഗമേധാവിത്വം വിട്ടു മുന്നേറുന്നില്ല.

എന്റെ കവിതയെക്കുറിച്ചും സാഹിത്യ രാഷ്ട്രീയ രംഗത്തെ നിശബ്ദ ഗൂഢാലോചനയെക്കുറിച്ചും പോള്‍സാര്‍ നല്‍കിയ താക്കീതിന്റെ ഇടിമുഴക്കം മലനാടിന്റെ മാറ്റൊലി മുതല്‍ അംബേദ്ക്കര്‍ വരെയുള്ള കവിതകളുടെ വായനയ്ക്ക് ശേഷമുള്ള പഠനത്തില്‍ അദ്ദേഹം വീണ്ടും പ്രതിധ്വനിപ്പിക്കുകയുണ്ടായി. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ കേന്ദ്രീകരിക്കാന്‍ ഞാന്‍ പലവട്ടം അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ വിമര്‍ശന സാഹിത്യത്തില്‍ നിലയുറപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ദലിത് സംഘടനാ പ്രവര്‍ത്തനത്തില്‍ കെട്ടപ്പെട്ടു. അത് മഹത്തരമായി സംഭാവന നല്‍കിയോ? അദ്ദേഹത്തിന്റെ സംഘടനയും സമൂഹവും അര്‍ഹിക്കുന്ന നീതി കാട്ടിയോ? ഇതു കാലത്തിന്റെ ചോദ്യമായി നില്‍ക്കുന്നില്ലേ?

കാരവന്‍-സാഹിത്യ അവാര്‍ഡുദാനവും സാംസ്‌ക്കാരിക സമ്മേളനവും 

കേരളത്തിലെ പ്രമുഖ കവികള്‍ ഏഴാച്ചേരി രാമചന്ദ്രന്‍, മധുസൂദനന്‍ നായര്‍, കുരീപ്പുഴ ശ്രീകുമാര്‍ ദലിത് സാഹിത്യ ഗ്രന്ഥകാരന്‍ കെ.സി. പുരുഷോത്തമന്‍ ഡോ. രാജന്‍ ബാബു, ബേബിച്ചന്‍ ഏര്‍ത്തയില്‍ (നാടക പ്രവര്‍ത്തകന്‍) ബാബു കൊടിത്തോട്ടം, കഥാകൃത്ത് ബേബി തോമസ് തുടങ്ങിയ സാഹിത്യനായകന്മാരുടെയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ബഹുജനസദസ്സിനെ മുന്‍നിര്‍ത്തി കാരവന്‍ സാഹിത്യ അവാര്‍ഡ് എനിക്ക് പോള്‍ ചിറക്കരോട് നല്‍കുകയുണ്ടായി. അങ്ങനെ ചരിത്രനിമിഷങ്ങളുടെ ഓര്‍മ്മകളില്‍ സജ്ജീവമാണ് ഞങ്ങളുടെ ബന്ധം വ്യക്തികള്‍ കാലത്തില്‍ മറയും സാഹിത്യവും ചരിത്രവും മരിക്കുന്നില്ല. ഒപ്പം സാഹിത്യകാരനും.