"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

വിദ്യാഭാസ മേഖലയിലെ ദളിത് പ്രാതിനിത്യം : വെല്ലുവിളികളും അതിജീവനവും - അരുന്ധതി സിന്ധു ആര്‍ / തരുണ്‍ തങ്കച്ചന്‍ തങ്കച്ചന്‍

അരുന്ധതി സിന്ധു ആര്‍  / തരുണ് തങ്കച്ചന്‍ 


വിദ്യ സമ്പാദിക്കണമെന്ന അതിയായ ആഗ്രഹത്താൽ സ്വന്തം ഊരുകളിൽ നിന്നും കാടിറങ്ങി പ്രസിദ്ധമായ മഹാരാജാസ് കോളേജിന്റെ പടിവാതിൽക്കലെത്തി പട്ടിണി നിറഞ്ഞ ഏഴുമാസക്കാലം സമ്പാദിച്ചെടുത്ത അട്ടപ്പാടി യിലെ വടക്കേതറയിൽ നിന്നും എത്തിയ ജയറാം, വിഘ്നേഷ്, മല്ലേഷ്, ഹരീഷ് എന്നീ യുവതലമുറകളുടെ അനുഭവകഥ സോഷ്യൽ മീഡിയായിൽ വൈറലായത് ആരും  മറന്നു കാണാനിടയില്ല . വിദ്യാഭ്യാസം നേടണമെന്ന അഭിവാജ്ഞയോടെ എത്തിയ ഇവര്‍  തങ്ങള്‍ക്ക് കയറി കിടക്കുവാനും, ആഹാരത്തിനും  സര്‍ക്കാര്‍  അനുവദിച്ച ആനുകൂല്യങ്ങള് ആരായുമ്പോള്‍  തിരിച്ച് കാട്ടിലേക്ക് പറഞ്ഞയയ്ക്കാൻ മുതിര്‍ന്നു കൊണ്ട്  നവോത്ഥാന കേരളത്തിലെ വിദ്യാഭ്യാസ മേഖലയും പട്ടിക ജാതി / വര്ഗ്ഗ വകുപ്പും പ്രതികരിച്ച രീതി നിരാശാജനകമാണ്സാക്ഷര കേരളത്തെ ഞെട്ടിച്ച് ഏറെ അപമാനകരമായി അരങ്ങേറിയ ജാതിവിവേചന കാഴ്ചകളിലൊന്നാണ് കുറച്ച് നാളുകള്‍ക്ക് മുന്പ്  പേരാമ്പ്ര Govt.HSS  ദലിത് വിഭാഗത്തിലാണെന്ന കുറ്റത്താൽ NCC പ്രവേശനം നിക്ഷേധിക്കപ്പെട്ട വിദ്യാർത്ഥികളും, പേരാമ്പ്ര Welfare LPS ക്ളാസ്മുറിയിൽ ഹീനജാതിയെന്ന് പേരിട്ട് ദൂരെ മാറ്റിയിട്ടിരിക്കുന്ന തൊട്ടുകൂടായ്മയുടെ ബഞ്ചുകളിലിരിക്കുന്ന ഒരു കൂട്ടം നിഷ്കളങ്കരായ മുഖങ്ങളും..! നൂറ്റാണ്ടുകളായി ദലിത് ജനങ്ങൾ അനുഭവിച്ചു വരുന്ന, വരേണ്യവർഗ്ഗങ്ങളുടെ ബോധമണ്ഡത്തിൽ കെടാതെ തിളങ്ങുന്ന ജാതീയതയുടെ തീ നാമ്പുകൾ കാർന്നു തിന്നുന്നതും പന്താടുന്നതും ദലിത് യുവത്വങ്ങളുടെ ദലിത് ഭാവിവക്താക്കളുടെ അമൂല്യമായ ജീവിതം തന്നെയാണ്. വിദ്യാഭ്യാസം നേടിയെടുക്കുക എന്ന പോരാട്ടത്തിലൂടെ കടന്നുവന്ന് ദലിത് ജനതയെ വിദ്യാഭ്യാസയോഗ്യരാക്കി തീർത്ത മഹത് വ്യക്തിത്വങ്ങളുടെ പിൻമുറക്കാരായി, വീണ്ടെടുക്കുവാനുള്ള വിദ്യാഭ്യാസ മൂല്യങ്ങളെ മുൻനിർത്തി ദലിത് ജനതകൾ ഉയർന്ന് വരേണ്ടതുണ്ട്.


വിദ്യാഭ്യാസത്തിന്റെ നിഷേധത്തില്‍ നിന്നാണ് അധഃസ്ഥിതരുടെ പിന്നോക്കാവ സ്ഥയും പാര്ശ്വതവത്കരണവും ഉടലെടുത്തതെന്ന് വിദ്യാഭ്യാസ ചിന്തകനും ഭരണഘടന ശില്പിയുമായ ഡോ. അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. സാമൂഹികപദവിയും മാന്യതയും ഉയര്‍ത്താന്‍ അധഃസ്ഥിതവിഭാഗങ്ങള്‍ നിര്ബന്ധമായും വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിഷ്‌കര്ഷിക്കുന്നു. പലരും കരുതുന്നത് പോലെ കേവലം ഉദ്യോഗ ലബ്ധിക്കായിട്ടുള്ള ഒരു ഉപാധിയല്ല വിദ്യാഭ്യാസം, മറിച്ച് ഒരാളുടെ വ്യക്തിത്വത്തെ വാർത്തെടുത്ത് വിവേചിച്ചറിയാനും, വിലയിരുത്താനുമുള്ള ഒരുവന്റെ സ്വഭാവരൂപീകരണത്തിന് അടിത്തറപാകി മനുഷ്യനെ മൂല്യവത്കരിക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ/സമുദായത്തിൽ എപ്രകാരം പൗരബോധത്തോടെയും, ഉത്തരവാദിത്വത്തോടെയും പെരുമാറണമെന്ന് പരിശീലിപ്പിക്കുക കൂടിയാണ് വിദ്യ അഭ്യസിക്കുന്നതിലൂടെ നേടിയെടുക്കുന്നത്. വിദ്യാഭ്യാസം ഒരു മാർഗനിർദേശം കൂടിയാണ്. പിറന്നു വീഴുന്ന ഓരോകുട്ടിക്കും ജന്മവാസനകളുണ്ട് വാസനകളെ വികസിപ്പിച്ചെടുക്കേണ്ടത്, സമൂഹത്തിൽ പിൻതള്ളപ്പെട്ട അധഃസ്ഥിത ജനതയ്ക്ക് വീണ്ടെടുക്കേണ്ടതെന്തോ അവയെ മുൻനിർത്തി ആയിരിക്കണംഅതിന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള വഴികാട്ടലും, നിയന്ത്രണവും പ്രാധാന്യമർഹിക്കുന്നു. അങ്ങനെ വരുമ്പോൾ ശാരീരികവും, മാനസികവും, വൈകാരികവുംആത്മീയവും, ഭൗതീകവും, സാമൂഹികവുമായ എല്ലാവശങ്ങളിലൂ ടെയുമുള്ള സമഗ്ര വളർച്ചയാണ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടത്.  'വെളിച്ച'ത്തിലേക്കുള്ള പടവുകളേറണമെങ്കിൽ 'വിജ്ഞാന'മെന്ന താക്കോൽ ഉപയോഗിച്ച് 'വിമോചന'ത്തിലേക്കുള്ള വാതായനങ്ങൾ തുറക്കണമെന്നാണ് വാഴ്ചയുഗ തിരുമേനി ഉദ്ബോധിപ്പിക്കുന്നത്. വിദ്യാഭ്യാസമുള്ള തലമുറ വരുമ്പോൾ അവർ  എന്റെ സത്യം സംസാരിക്കുമെന്ന്  പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ പ്രഖ്യാപിക്കുമ്പോൾ, തന്റെ 'സത്യത്തെ' മനസിലാക്കുവാനും സംസാരിക്കുവാനും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് മുന്നറിയിപ്പ് നല്കുന്നതായിട്ടാണ്  ബോധ്യപ്പെടേണ്ടത്. അതിനാലാണ് തനിക്ക് ആയിരം  ബി../ എം. ക്കാരെ വേണമെന്ന് ഗുരുദേവൻ ആവശ്യപ്പെട്ടത്.


വിദ്യാഭ്യാത്തിന്റെ ആവശ്യകത മനസിലാക്കി ദളിതര്‍ നടത്തിയ പോരട്ടങ്ങളെയും അവര് നേരിട്ട / നേരിടുന്ന വെല്ലുവിളികളെയും അഭിസംബോധന ചെയ്യുവാന് ശ്രമികുകയാണ്  പ്രസ്തുത ലഘു പഠനം.ദളിത്‌ വിദ്യാഭ്യാസ പ്രാരംഭ ഘട്ടം : മിഷനറിമാരും നവോഥാന ദളിത്‌ പോരാട്ടങ്ങളും

ഇന്ത്യൻ സാമൂഹിക വ്യവസ്ഥ ജാതി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്. ജാതി വ്യവസ്ഥ വഴി സമൂഹത്തെ വിവിധ തട്ടുകളാക്കി അധികാരത്തെയും സമ്പത്തിനെയും അറിവിനെയും ചില പ്രത്യേക ജാതികളിലേക്ക് നിക്ഷേപിക്കുവാൻ മേൽജാതികൾക്ക് സാധിച്ചു. ശൂദ്രർ മുതൽ താഴോട്ടുള്ള പുറം ജാതികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ക്രൂരമായ ശിക്ഷാവിധികൾ സ്‌മൃതികളിലൂടെ (നിയമസംഹിതകൾ) കർശനമായി നടപ്പിലാക്കപ്പെട്ടു. ക്ഷേത്രങ്ങളിലെ വിലക്ക് ദളിതർക്ക് ഈശ്വര ദർശനം / സാമീപ്യം നിഷേധിക്കുക മാത്രമായിരുന്നില്ല മറിച്ച് ഗുരുകുല സമ്പ്രദായത്തിൽ നിന്നും ക്ഷേത്ര മതപഠനശാലയിലേക്ക് ചുവടു മാറിയ വിദ്യാഭ്യാസത്തെ അപ്രാപ്യമാക്കുക കൂടിയായിരുന്നു.

സമൂഹത്തില് നിലനിന്നിരുന്ന ഇത്തരം അനാചാരങ്ങള്ക്കും ജാതി വിവേചനങ്ങള്ക്കും എതിരെ നിരവധി മുന്നേറ്റങ്ങള് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒപ്പം കേരളത്തിലും നടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മുന്നേറ്റങ്ങളിലൂടെയാണ് നവോത്ഥാന പ്രക്രിയ ദേശ വ്യാപകമായി സജീവമായത്. നൂറ്റാണ്ടുകളോളം വിദ്യയിൽ നിന്നും അക്ഷരാഭ്യാസത്തിൽ നിന്നും അസ്പൃശ്യരാക്കപ്പെട്ട ദളിതർക്ക് അറിവിന്റെ പാഠങ്ങൾ സ്വായത്തമാക്കാനുള്ള അവസരം ഒരുക്കിയ മഹാത്മാ ജ്യോതി ഫൂലെയും ഭാര്യ സാവിത്രിബായി ഫൂലെയും നവോത്ഥാന ഇന്ത്യയുടെ നിർമ്മിതിയിൽ നിസ്‌ഥൂല പങ്ക് വഹിച്ചവരാണ്. ദലിതർക്കെന്ന പോലെ സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷിദ്ധ മായിരുന്ന സാമൂഹികാന്തരീക്ഷത്തിൽ അവരിരുവരും 1848 മഹാരാഷ്ട്രയിലെ പൂനെ എന്ന സ്ഥലത്ത് സ്ത്രീകൾക്കായും പിന്നീട് 1851 ജൂലൈ 3ന് അയിത്ത ജാതികൾക്കുമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതായത് വിദ്യാഭ്യാസം നവോഥാന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നുവെന്നു കാണാൻ കഴിയും.


എന്നാല്‍ കേരളത്തിൽ കീഴാളര്ക്കിടയിൽ വിദ്യാഭ്യാസം ആദ്യമായി എത്തുന്നത് നവോത്ഥാനത്തിന്റെ ഭാഗമായിട്ടയിരുന്നില്ല മറിച്ച് മിഷനറിമാരുടെ മത പരിവര്ത്ത്നത്തിന്റെയും നാട്ടുരാജ്യങ്ങളിലെക്ക് ബ്രിട്ടീഷ്‌ സര്ക്കാര് അധികാരം ശക്തിപ്പെടുത്തിയതിന്റെയും ഭാഗമായിട്ടാണ്. ക്രിസ്തുമത പ്രചരണാര്ത്ഥം കേരളത്തില് പ്രവര്ത്തിച്ച യൂറോപ്യന് മിഷനറിമാരായ London missionary society (തിരുവിതാംകൂര്‍) , church missionary society (കൊച്ചി), basel evangelical mission (മലബാര്) മേല്ജാതികളില് നിന്നും പരിവര്ത്തനം സാധ്യമാവാതെ വന്നപ്പോള്‍ വിദ്യാഭാസം, വസ്ത്രം, സഞ്ചാര സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്ത് അവര് ദളിതരെ ക്രിസ്തുമതത്തിലേക്ക് ആകര്ഷിച്ചു. അടിമ ജീവിതത്തത്തിന്റെ കയ്പ്പില് ജീവിതം ഒടുക്കിയിരുന്ന ദളിതര് വൻ തോതില് ക്രിസ്തുമതത്തിലേക്ക് പരിവര്ത്തനം ചെയ്തതായി 1901ലെ സെന്സസ് സൂചിപ്പിക്കുന്നുണ്ട്. എന്നാല് ദളിതര് മത പരിവര്ത്തനം നടത്തിയത് സാമൂഹിക ഉയര്ച്ച് കണ്ടല്ല എന്നും വിശ്വാസപരമായിട്ടാണ് ക്രിസ്തു മതത്തിലേക്ക് ദളിതർ ചേര്ന്നതെന്നും  വിനിൽ  പോൾ  വാദിക്കുന്നുണ്ട്. വാദം പ്രസ്തുത പഠനത്തിന്റെ പരിധിയില് വാരാത്തതിനാല് അവയെ ചർച്ചക്ക് പരിഗണിക്കുന്നില്ല എങ്കിലും പരിവര്ത്തിത ദളിതരുടെ ആവശ്യപ്രകാരം നിരവധി അടിമ സ്കൂളുകളും നിശാപാഠശാലകളും തുടങ്ങാന് മിഷനറിമാരെ പ്രേരിപ്പിച്ചതായി ഉമ്മന്‍ മാമ്മൻ  രേഖപെടുത്തു ന്നുണ്ട്പള്ളികളേക്കാൾ പള്ളിക്കൂടങ്ങൾ ഉണ്ടാക്കുന്നതിനാണ് മതംമാറിയ പുലയർ മിഷണറിമാരിൽ സമ്മർദ്ദം ചെലുത്തിയത്. ഉമ്മൻ വിവരിക്കുന്നതിങ്ങനെ:
പുലയർ പുതിയ സ്‌കൂളുകൾ സ്ഥാപിക്കാനായി മിഷണറിമാരിൽ സമ്മർദം ചെലുത്തി. പുതിയ സ്ഥലങ്ങളിൽ സ്‌കൂളുകൾ പണിയിക്കാൻ അവർ സംഭാവന നൽകാനും തയ്യാറായിരുന്നു. മിഷണറിമാർക്ക് ഇങ്ങിനെ പള്ളിപണിയുന്നതിന് മുന്നേ സ്‌കൂളുകൾ പണിയേണ്ടിവന്നു.” തല്ഫലം 1830ല് തിരുവിതാംകൂറില്‍ 100  LMS സ്കൂളുകള് ഉണ്ടായതായി രേഖകള്‍ സൂചിപ്പിക്കുന്നു. അതേ സമയം മത പരിവര്ത്തനം ചെയ്യാത്ത ദളിതര്ക്ക് സ്കൂളുകളുടെ വാതിലുകള് അടഞ്ഞു തന്നെ കിടന്നു. അവസ്ഥയെ പറ്റി തിരുവിതാംകൂറിലെ റസിഡന്റ്റ് ആയ ബല്ലാര്ഡ് മദ്രാസ്‌ ഗവണ്മെന്റ്നോട്‌ സൂചിപിച്ചതായി കവാഷിമ രേഖപ്പെടുത്തുന്നുണ്ട്.


ഇന്ത്യൻ  ദളിത്‌സമൂഹത്തിന്റെ ചരിത്രത്തെ പുനര്നിര്മ്മിച്ചു പുരോഗതിയുടെ നവ പാത വെട്ടി തെളിച്ചത് ഡോ. ബി.ആര്‍.അംബേദ്‌കര് ആണ്. സ്വന്ത സമുദായത്തിന്റെ വളര്ച്ചക്കും അഭിവൃദ്ധിക്കും വേണ്ടി തന്റെ ജീവിതത്തെ ഇന്ധനമാക്കി മാറ്റിയ മഹാനാണ് ബാബ സാഹേബ് അംബേദ്‌കര്‍. ചെറുപ്പത്തില് തന്നെ ജാതീയ വിവേചനങ്ങള് നേരിട്ട അദ്ദേഹം വിജ്ഞാന സമ്പത്തില്കൂടി മാത്രമേ സമൂഹത്തിലെ ജീര്ണതകളെ ഉന്മൂലനം ചെയ്യാന് കഴിയു എന്ന് മനസ്സിലാക്കി. തുടര്ന്ന് സ്വദേശത്തും വിദേശ സര്വ്വകലാശാലകളില് നിന്നുമായി നിരവധി ബിരുദങ്ങള് കരസ്ഥമാക്കുകയും തിരിച്ചെത്തി 1924ല് ദളിതരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി  ബഹിഷ്കൃത് ഹിത്കാരിണി സഭ സ്ഥാപിക്കുകയും ചെയ്തു. സഭയുടെ കീഴില്‍ മുതിര്ന്നവര്ക്കും കുട്ടികള്ക്കും സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം വായനശാലയും നിര്മ്മിച്ചിരുന്നു. പിന്നീട് 1945ല്‍ അദ്ദേഹം പീപിള്‍ എഡ്യൂകേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി കോളേജുകളും ഹോസ്റ്റെലും സ്ഥാപിച്ചു (സിദ്ധാര്ത്ഥ കോളേജ് ബോംബെ , മിലിന്ദ് മഹാ വിദ്യാലയം ഔറംഗാബാദ്). സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭരണഘടനാ നിര്മ്മാണ സമിതിയുടെ അധ്യക്ഷനാവുകയും ദളിതരുടെ വികസനത്തിനും അഭിവൃദ്ധിക്കുമുതകും വിധം ഭരണഘടന  വിഭാവനം ചെയ്യുകയും ചെയ്തു. നൂറ്റാണ്ടുകളോളം ദളിതര്ക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം മൌലിക അവകാശമാക്കി തന്നത് അംബേദ്‌കര്‍ ആണ് (article 15). വിദ്യാഭ്യാസം തൊഴില്‍ എന്നിവ കൃത്യമായി ലഭിക്കാനും ഉന്നത മേഖലയില്‍ പ്രാതിനിത്യം ഉറപ്പാക്കാനും സംവരണം ലഭിക്കുന്നതിനുള്ള മാര്ഗ്ഗ രേഖകള്‍ അദ്ദേഹം  ഭരണഘടനയില്‍ ഉള്പ്പെടുത്തി [article 15(4), 330, 332, 334, 16(4A, 4B)]. ഒപ്പം ദളിതരുടെ വികസനത്തിനായി സര്ക്കാ ര്‍, ആനുകൂല്യങ്ങളും, പദ്ധതികളും നിര്മ്മിക്കുകയും, നിശ്ചിത കാലാവധിയില്‍ അവയുടെ ഫലം പരിശോധിക്കപ്പെടണം എന്നും അദ്ദേഹം നിഷകര്ശിച്ചു [article 46, 338,275(1)]. മേല്സൂചിപിച്ച ഭരണഘടനാ അനുച്ഛേദങ്ങളുടെ പിന്ബലത്തിലാണ് ഇന്ന് ദളിതര്ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമായത് . ചരിത്രകാരനായ പി.കെ.ബാലകൃഷ്ണന്‍ അംബേദ്കറെ പറ്റി എഴുതിയത്, “ഇന്ത്യയിൽ മഹാന്മാരായ ഗാന്ധിജിയെ പോലുള്ള നേതാക്കള്‍ ഇല്ലായിരുന്നെങ്കിലും ഇന്ത്യക്ക് പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകുമായിരുന്നില്ല, എന്നാല്‍ അംബേദ്‌കര്‍ ജനിച്ചില്ലായിരുന്നെങ്കില്‍ നാം ഇന്ന് കാണുന്ന ഇന്ത്യ ഒരു സങ്കല്പം മാത്രമായേനെ.”


 കേരളത്തില്‍ ദളിതര്‍ക്കിടയില്‍ നിന്നും വിദ്യഭ്യാസത്തിന് വേണ്ടി ആദ്യമായി ശബ്ദം ഉയര്ത്തിയത് അയങ്കാളിയാണ്. തന്റെ ആവശ്യം നിരസിക്കപെട്ടപ്പോള് വേങ്ങാനൂരില് അദ്ദേഹം ആദ്യത്തെ സ്കൂള് സ്ഥാപിച്ചു. എന്നാലത് സവര്ണ്ണരുടെ അക്രമത്താൽ തീ വച്ച് നശിപ്പിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് ഏറ്റവും വലിയ കാര്ഷിക തൊഴിലാളി സമരമായിരുന്നു. 1904 സെപ്റ്റംബറില് പുലയ കര്ഷകര് ഉള്പ്പെടെയുള്ള അയിത്ത ജാതിക്കാരെ കൃഷി പണികള് മുഴുവന് നിറുത്തി വയ്ക്കാന് വേങ്ങാനൂര് ഏലായിലെ നെല്പാടങ്ങളില് എത്തി അയ്യങ്കാളി ആജ്ഞാപിച്ചതായി കുന്നുകുഴി എസ് മണി രേഖപ്പെടുത്തുന്നുണ്ട്.പഠിക്കാന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സമ്മതിച്ചില്ലെങ്കില് ഇക്കാണായ പാടങ്ങളിലെല്ലാം മുട്ടിപുല്ല് കുരുപ്പിക്കും എന്നദ്ദേഹം സവര്ണ്ണരെ വെല്ലുവിളിച്ചു. ദളിതരുടെ  കാര്ഷിക സമരം അഷ്ടിക്ക് വേണ്ടിയുള്ളതായിരുന്നില്ല്ല മറിച്ച് അക്ഷരങ്ങള്ക്ക് വേണ്ടിയുള്ളതായിരുന്നു. 1904 മുതൽ 1907 വരെ നീണ്ടു നിന്ന സമരം ദളിതര്ക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അവസാനം ഗത്യന്തരമില്ലാതെ സര്ക്കാരിനു ദളിത്‌കുട്ടികള്ക്ക് വിദ്യാലയ പ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കി ഉത്തരവിറക്കേണ്ടി വന്നു.ഏതാണ്ട് ഇതേ കാലഘട്ടത്തില് മധ്യ തിരുവിതാംകൂറില് വിവിധ ഉപജാതികളില് പെട്ട അനേകം ദളിതര് ജ്ഞാനപരമായ സംവാദങ്ങളിലൂടെ ജാതിയെ പ്രശ്നവല്ക്കരിച്ച് പൊയ്കയില് ശ്രീ കുമാര ഗുരുദേവന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച prds, 1909 ല് മാരംകുളം എന്ന സ്ഥലത്ത് സ്വന്തമായി സ്കൂള് സ്ഥാപിച്ചുകൊണ്ടാണ്  അക്ഷരങ്ങളുടെ അപ്രത്യക്ഷതകളെ മറികടന്നത്. ഏതാണ്ട് 9 സ്കൂളുകള് സഭ സ്ഥാപിച്ചതായി വി.വി.സ്വാമി / .വി. അനില് രേഖപ്പെടുത്തുന്നുണ്ട്. അതില് വെങ്ങളത്ത്കുന്നില് സ്ഥാപിച്ചത് ഇംഗ്ലീഷ് മീഡിയം റെസിഡെന്ഷിയല് സ്കൂള് ആയിരുന്നു(ഇന്നും അത് lkg/ukg സ്കൂളായി സഭ നിലനിര്‍ത്തുന്നുണ്ട്). നിലവില്‍ prdsന് അമരയില്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജും, അവിടെ തന്നെ യു.പി. സ്കൂളുമുണ്ട്.  1921, 1931 വര്ഷങ്ങളില് ശ്രീ മൂലം പ്രജാസഭയിലും പോപ്പുലര് അസ്സംബ്ലിയിലും ഗുരുദേവന് നിരവധി അവസരങ്ങളില്‍ അയങ്കാളിക്കും മറ്റ് ദളിത്‌നേതാകള്ക്കും ഒപ്പം ഉപജാതി ഭേദമെന്യേ പുസ്തക വിതരണം, വസ്ത്ര വിതരണം (യൂണിഫോം) , ധനസഹായം, ഫീസിളവു , ജയിക്കാനുള്ള മിനിമം മാർക് മുതലായ വിദ്യാഭ്യാസ അവകാശങ്ങള്ക്ക് വേണ്ടി നിരവധി തവണ ശബ്ദം ഉയര്ത്തുകയുണ്ടായി.

അട്ടിമറിക്കപ്പെട്ട വിദ്യാഭ്യാസ അവകാശം

സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി അവര്ണ്ണ ജാതികള്ക്കിടയില് നിന്നും ഉയര്ന്നു വന്ന ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും കേരള നവോത്ഥാനത്തിനു പല മാനങ്ങള് നല്കുകയുണ്ടായി. വിദ്യാഭ്യാസം വേണമെന്ന അഭിവാഞ്ജ ദളിതര്ക്കി ടയില് ശക്തമായി രൂപപ്പെടുന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. എന്നാല് സ്വാതന്ത്ര്യാനന്തരം സ്ഥിതിഗതികള് മാറി മറിയുന്നതായി കാണുവാന് കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില് വന് വര്ധനവുണ്ടാവുകയും  സര്ക്കാർ സ്കൂളുകളെക്കാള് സ്വകാര്യ എയ്ഡഡ് സ്കൂളുകള് കേരളത്തില് ഉയര്ന്നു പൊങ്ങുകയും ചെയ്തു. കേരള സംസ്ഥാന രൂപീകരണത്തെ തുടര്ന്ന് അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് സര്ക്കാര് വിദ്യാഭ്യാസ മേഖലയെ സര്ക്കാരിന്റെ അധികാര പരിധിയില് കൊണ്ട് വരാനും കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ മെച്ചപ്പെടു ത്താനുമായി തയ്യാറാക്കിയ ബില്ലിനെ ക്രൈസ്തവ സമുദായം നഖശിഖാന്തം എതിര്ത്തു . കാരണം എണ്പ്ത് ശതമാനത്തോളം സ്വകാര്യ സ്കൂളുകളും നടത്തി പോന്നത് ക്രൈസ്തവര് ആയിരുന്നു. അധ്യാപകരുടെ ശമ്പളം, അവരുടെ സേവനങ്ങളുടെ സംരക്ഷണം, PSC വഴിയുള്ള അധ്യാപക നിയമനം എന്നിവ ആയിരുന്നു ബില്ലിലെ കാതലായ നിര്ദേശങ്ങള്‍. അത് വരെയും അധ്യാപകരെ ലേലം വിളിക്കുന്ന മാതൃകയില് ആയിരുന്നു നിയമനങ്ങള് നടന്നിരുന്നത് എന്ന് ജെഫ്രി രേഖപ്പെടുത്തുന്നുണ്ട്. കുട്ടികളെ അവിശ്വാസികളാക്കാനാണ് കമ്മ്യുണിസ്റ്റ് സര്ക്കാർ ശ്രമികുന്നതെന്ന് മലബാര് കത്തോലിക്ക് അസോസിയേഷന് കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ്കാര്ക്ക് വോട്ട് ചെയ്യരുതെന്നും സഭ ഇടയലേഖനം ഇറക്കി. വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്പ്പ് ഭൂപരിഷ്ക്കരണ നയപ്രഖ്യാപനത്തോടെ ശക്തമാകുകയും 1959 ജൂലൈയില് മന്ത്രിസഭ പിരിച്ചു വിടുകയും ചെയ്തു. വിമോചന സമരത്തിലൂടെ വിദ്യാഭ്യാസ ബില്ലിനെ അട്ടിമറിച്ചപ്പോള് ഏറ്റവും നഷ്ടം സംഭവിച്ചത് ദളിതർക്ക് ആണെന്ന് രോഷ്നി പദ്മനാഭൻ രാജേഷ്‌ കോമത്ത് എന്നിവരുടെ പഠനത്തിൽ   രേഖപ്പെടുത്തുന്നുണ്ട്.


നവോത്ഥാന കാലഘട്ടത്തില് ദ്ളിതര് നടത്തിയ ചെറുത്തുനില്‌പ്പുകൾ  ശക്തമായ സമുദായവല്ക്കരണത്തില് കലാശിച്ചില്ല. ഉപജാതി സംഘടനകളായും ദളിത്‌ക്രൈസ്ത വരായും കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലുമായി ദളിതർ വീണ്ടും ചിതറപ്പെട്ടു. തന്മൂലം വിദ്യാഭ്യാസ മേഖലയുൾപ്പടെ എങ്ങും സാമുദായികമായി സ്വയംപര്യാപ്തത കൈവരി ക്കാന് ദളിതര്ക്ക് സാധിച്ചില്ല. അതിന്റെ കാരണങ്ങളെ പറ്റി പഠനത്തില് പ്രദിപാദിക്കുന്നില്ല എങ്കില്കൂടി, ചേക്കേറിയ ഇടങ്ങളില് ദളിതര്ക്ക് സ്വന്തമായ അനന്യത/വ്യക്തിത്വം നിലനിര്ത്തുവാനോ കീഴാള ജാതിയുടെ അസ്പ്രശ്യതയില് നിന്നും രക്ഷപെടുവാനോ അര്ഹിക്കുന്ന മതിപ്പ് നേടിയെടുക്കുവാനോ സാധിചില്ലായെന്നത് ഇനിയും ദളിതര് തിരിച്ചറിയേണ്ടതുണ്ട്.

1960 കളോടെ സര്ക്കാര് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ പറ്റി ചോദ്യങ്ങള് ഉയരാന് തുടങ്ങി. മെച്ചപ്പെട്ട വിദ്യാഭ്യാസവും സജ്ജീകരണങ്ങളും അച്ചടക്കവും സവര്ണ്ണ ആഡ്യ വിദ്യാര്ഥികളെ സ്വകാര്യ സ്കൂളുകളില് എത്തിച്ചു. വിദ്യാഭ്യാസം വാണിജ്യവല്ക്കരിക്കപ്പെടുക കൂടി ചെയ്തപ്പോള് പാരമ്പര്യമായി പാര്ശ്വവല്ക്കരി ക്കപ്പെട്ട ദളിതർ  കൂടുതല് പാര്ശ്വവല്ക്കരണത്തിനു വിധേയരായതായി ശിവാനന്ദന്റെ പഠനം ചൂണ്ടി കാണിക്കുന്നുണ്ട്. സര്ക്കാര്‍ സ്കൂളുകളിലെ വിദ്യാഭാസം മെച്ചപ്പെടുത്താന്‍ dpep, സര്വ്വ ശിക്ഷാ അഭിയാന്‍(ssa) പോലുള്ള പദ്ധതികള്‍ സര്ക്കാര്‍ ആവിഷരിച്ചു. എന്നാല്‍ 1990 കളോടെ ആഗോളവല്ക്കരണത്തിന്റെ ചുവട് പിടിച്ച് വന്ന   തൊഴിലധി ഷ്ടിത വിഷയങ്ങളേയും  മത്സരാധിഷ്ടിത പരീക്ഷകളേയും  സര്ക്കാര്‍ സ്കൂളുകളിൽ പഠിച്ച ദളിത്‌ വിദ്യാര്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിനു കീഴ്പെടുത്താനായില്ല . അതിനു പുറമേ നടപ്പിലാക്കിയ ഗ്രേഡിംഗ് സമ്പ്രദായം പരീക്ഷാ തോൽവികളില്‍ നിന്നും വിദ്യാര്ഥികളെ രക്ഷിച്ചെങ്കിലും സി,ഡി, ഗ്രേഡ് ലഭിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും  അയോഗ്യരാക്കപ്പെട്ട് പുറത്താക്കപ്പെടുകയാണുണ്ടായത്. ഓരോ വര്ഷവും ഏതാണ്ട് ഒരു ലക്ഷം വിദ്യാര്ഥികള്‍ ഇത്തരത്തില്‍ അയോഗ്യ രാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ദളിത്‌ വിദ്യാര്ഥികള്‍ ആണെന്നത് ആശങ്കാജനകമാണ്. DPEP, SSA പോലുള്ള പദ്ധതികള്‍ ദളിതരെ മുഖ്യധാരാ വിദ്യാഭ്യാസ സങ്കേതങ്ങളില്‍ നിന്നും അകറ്റുകയാണ് ചെയ്തത്. തദ്വാര ദിവസ വേതന ജോലികളില്‍ ഉപജീവന മാര്ഗ്ഗം കണ്ടെത്താന്‍ ദളിതര്‍ നിര്ബതന്ധിതരായി.

വിദ്യാഭ്യാസ മേഖലയിൽ ദളിതർ നേരിടുന്ന വെല്ലുവിളികൾ 

1) ഡ്രോപ്പ് ഔട്ട്‌

ഒന്നാം ക്ലാസ്സില്‍ ചേരുന്ന 100 ദളിത് വിദ്യാര്ഥികളില്‍ 4 പേര്‍ മാത്രമാണ് പന്ത്രണ്ടാം ക്ലാസ്സില്‍ എത്തുന്നതെന്ന് 2007ല്‍ നടത്തിയ പഠനം സൂചിപിക്കുന്നുണ്ട്. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ 2,385 ആദിവാസി കുട്ടികളാണ് പഠനം ഉപേക്ഷിച്ചത്. ആദിവാസി ജനതയുടെ 35.82% ഉള്ള വയനാട്ടില്‍ 1185 കുട്ടികള്‍ പഠനം നിര്‍ത്തിയതായി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ  രേഖകള്‍ സൂചിപ്പിക്കുന്നുസ്‌കൂളിൽ നിന്നുള്ള ദളിതരുടെ കൊഴിഞ്ഞു പോക്ക് നിയന്ത്രിക്കുവാൻ സർക്കാരെടുത്ത നടപടികളെല്ലാം പരാജയപ്പെട്ടതിന്റെ പ്രധാന കാരണം അവയൊക്കെയും തൊലിപ്പുറത്തുള്ള ചികിത്സ കണക്കായിരുന്നതിനാലാണ് . വിദ്യാലയങ്ങളിൽ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ദളിത് വിദ്യാർത്ഥികൾ കൊടിയ ജാതീയ വിവേചനം അനുഭവിക്കുന്നുണ്ടെന്നത് പച്ചയായ സത്യമാണ്. സ്‌കൂളിൽ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങൾ കുരുന്നു മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുകയും അവർക്ക് വിദ്യാഭ്യാസത്തോട് തന്നെ ഒരു തരം വെറുപ്പ് തോന്നി തുടങ്ങുകയും ചെയ്യുന്നത് കൊഴിഞ്ഞു പോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കടുത്ത ദാരിദ്ര്യവും നിമിത്തം  ഒട്ടനവധി കുട്ടികൾ  സ്കൂളുകളിൽ നിന്നും കൂലി പണിയിലേക്ക് വഴുതി പോകുന്നതും ദളിത് സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. സ്വസമുദായത്തിലെ അധ്യാപകരുടെ കുറവ്, അക്ഷര - സംഖ്യാ പഠനത്തിലെ അടിത്തറയില്ലായ്മ , പഠനത്തിൽ സഹായിക്കാൻ നിർവാഹമില്ലാത്ത രക്ഷകർത്താക്കൾ, വീടും സ്‌കൂളും തമ്മിലുള്ള ദൂരക്കൂടുതൽ തുടങ്ങി നിരവധി കാരണങ്ങളാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകളിൽ സമത്വ സൗഹാർദ അന്തരീക്ഷം നിർമ്മിക്കാതെ ഇത് പരിഹരിക്കപ്പെടുകയില്ല. അധ്യാപകർ ജനാധിപത്യ പരമായി പരിഷ്‌ക്കരിക്കപ്പെടേണ്ടത് അനിവാര്യമാണ് . അവർ ദളിതരോട് ആഭിമുഖ്യം പുലർത്തുന്നതിനൊപ്പം പ്രൈമറി തലത്തിലെങ്കിലും അവരിൽ കൂടുതൽ ശ്രദ്ധ  ചെലുത്തേണ്ടതുണ്ട്. അതിനായി സർക്കാർ/ എയ്‌ഡഡ്‌ / സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തുകയും ദളിത് പ്രാധിനിത്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കുകയും ചെയ്യണം. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ മുൻനിർത്തി ദളിത് ആവാസകേന്ദ്രങ്ങളിലും കോളനികളിലും സ്‌കൂളുകളിലും സമഗ്രമായ ബോധവൽക്കരണ ക്ലാസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. സ്‌കൂളുകളിൽ നിർബന്ധമായും കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തി ദളിത് കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി അവ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഒപ്പം സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് സൂക്ഷമമായി നിരീക്ഷണ വിധേയമാക്കുകയും അവ ഫലപ്രദമായി വിനിയോഗിക്ക പ്പെടേണ്ടതുമുണ്ട്.2) ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദളിതരുടെ അദൃശ്യതയും സ്വാശ്രയ മേഖലയും 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദളിതരുടെ  GER (ഗ്രോസ് എൻറോൾമെൻറ് റെഷിയോസ്വാതന്ത്ര്യത്തിനു 69 വർഷങ്ങൾക്കിപ്പുറവും കാര്യമായി വർധിച്ചിട്ടില്ലായെന്നത് സർക്കാറിന്റെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെയും ദളിതരോടുള്ള സമീപനത്തിലെ വിവേചനത്തെയാണ്‌ വെളിവാക്കുന്നത്. 2004-05 ജനറൽ വിഭാഗത്തിലെ GER 26.3 % ആയിരുന്ന സമയത്ത് ദളിതരുടെ GER 16.7 % മാത്രമായിരുന്നു. അല്പമെങ്കിലും GER മെച്ചപ്പെട്ടത് പരമ്പരാഗത ആർട്സ് / സയൻസ് കോഴ്‌സുകളിലാണ് അതിലാവട്ടെ ഭൂരിപക്ഷവും ആർട്സ് വിഷയങ്ങളാണ്  തിരഞ്ഞെടുത്തത്താരതമ്യേന നിലവാരം കുറഞ്ഞ സർക്കാർ സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന ദളിത് വിദ്യാർത്ഥിക്ക് മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കു വാൻ സാധിക്കാറില്ല. എൻട്രൻസ്  കോച്ചിങ്ങു പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ  ദളിത് വിദ്യാർത്ഥികൾക്ക് പലപ്പോഴും കഴിയാറുമില്ല. എൻട്രൻസ് മുഖേന തിരഞ്ഞെടു ക്കപ്പെടുന്നവർക്ക് ഫീസ് ഇളവ് ഉണ്ടെങ്കിലും സ്പെഷ്യൽ ഫീസ്, പരീക്ഷാ ഫീസ്, PTA ഡോനെഷൻ, കെട്ടിട നിർമ്മാണ ഫീസ്, സ്റ്റഡി ടൂറുകൾ, പഠന സാമഗ്രികളുടെ ചിലവ്, യാത്ര ചിലവ് ഒക്കെയും  താങ്ങാവുന്നതിലും അപ്പുറമാണ്. ദളിത് വിദ്യാർത്ഥികൾക്ക്  സർക്കാർ നൽകുന്ന സ്റ്റൈപ്പന്റ് , ലംസംഗ്രാന്റ് സ്കോളർഷിപ്പുകൾ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളിലെ ചെലവുകൾക്ക് അപര്യാപ്തമാണെന്ന് 2010 നടന്ന പഠനത്തിൽ അജിത് കുമാർ രേഖപെടുത്തുന്നുണ്ട്സർക്കാർ നല്കുന്ന സാമ്പത്തിക സഹായങ്ങൾ  കാലോചിതമായി പരിഷ്കരിക്കപ്പെടാത്തതും ദളിതർക്ക് വിനയാവുന്നു ണ്ട്. അതിനാൽ തന്നെ സർക്കാരിതര സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ദളിതരുടെ എണ്ണം പരിമിതമാണ്. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലും (ITC) ഇതേ അദൃശ്യത കാണാനാകും.

90 കളിലെ  സ്വാശ്രയ കോളേജുകളുടെ കടന്നു വരവ് ഉന്നത വിദ്യാഭാസ മേഖലയെ കൂടുതൽ വാണിജ്യവൽക്കരിച്ചതായി കാണാൻ കഴിയും.വിദ്യാർത്ഥികളിൽ നിന്നും മുടക്കുമുതൽ ഫീസായി തിരിച്ചു പിടിക്കുക എന്നതായിരുന്നു സ്വാശ്രയ സ്ഥാപനങ്ങളു ടെ ബിസിനസ് തന്ത്രം. നിലവിൽ  80 % ത്തിൽ അധികം എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാർമസി  കോളേജുകളും  സ്വാശ്രയ മേഖലയിൽ ആണ് (126 സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളും 25 സര്ക്കാര് നിയന്ത്രണത്തില് ഉള്ള സ്വാശ്രയ സ്ഥാപനങ്ങളും). വിവിധ  മെഡിക്കൽ കോഴ്സുകൾ (അലോപ്പതി , ആയുർവേദ ) നൽകുന്ന സ്ഥാപനങ്ങളിൽ 3/ 5ഉം സ്വാശ്രയ മേഖലയിലേതാണ്. ഇതിന് പ്രധാന കാരണം കാലാ കാലങ്ങളിൽ  വിവിധ സർക്കാരുകളുടെ  ബജറ്റുകളിൽ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കാര്യമായ നിക്ഷേപം ഉണ്ടായില്ല എന്നതാണ്. കേരള സംസ്ഥാന രൂപീകരണത്തോടെ  സർക്കാർ  ധനവ്യയത്തിൽ  വിദ്യാഭ്യാസത്തിനായി വലിയൊരു പങ്ക് നീക്കിയിരുന്നു വെന്നു കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 1978 - 79 കാലഘട്ടത്തിൽ 38.7 %  വരെ അത് ഉയർന്നിരുന്നു. എന്നാൽ പിന്നീട് അത് കുത്തനെ കുറയുന്നതായി കാണാം. 2008 - 09 അത് 19.1% വരെ താഴ്ന്നു. ഉന്നത വിദാഭ്യാസ മേഖലയുടെയും പ്രൊഫഷണൽ / തൊഴിലധിഷ്ഠിത മേഖലയുടെയും  ആവശ്യകതയെ നികത്താൻ സർക്കാർ - എയ്ഡഡ് സ്ഥാപങ്ങൾക്കായില്ല. ഒഴിവു നികത്തിയത് സ്വാശ്രയ സ്ഥാപനങ്ങളും അന്യ സംസ്ഥാന സ്ഥാപനങ്ങളുമാണ്. വിദ്യാഭ്യാസത്തിനായി സർക്കാർ സ്ഥാപനങ്ങളെയും അനുകൂല്യങ്ങളെയും ആശ്രയിക്കുന്ന ദളിതർ സ്വാശ്രയ മേഖലയുടെ കടന്നു വരവോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അന്യവൽക്കരിക്കപ്പെടുകയാണുണ്ടായത്. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലുള്ള 51,960 സീറ്റുകളില്‍ 50% മാനേജ്‌മന്റ്‌ സീറ്റുകളാണ്. അവശേഷിക്കുന്ന 50% സീറ്റുകളില്‍ 15% NRI സീറ്റുകളാണ്. സാമ്പത്തികമായി ഉയര്‍ന്ന വിദ്യാര്തികള്‍ക്ക് മാത്രമേ NRI സീറ്റില്‍ അഡ്മിഷന്‍ കിട്ടുകയുള്ളൂ. ദളിതര്‍ക്കും ആദിവാസി വിഭാഗങ്ങള്ക്കുമായി അവശേഷിക്കപ്പെടുന്ന 50%ത്തില്‍ 10% സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത്.അതായത് ഏതാണ്ട് 2598 ദളിത്‌ ആദിവാസി വിദ്യാര്‍ഥികള്‍ക്ക്  മാത്രമാണ് സ്വകാര്യ  സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കുന്നുള്ളൂഇത്തരത്തില്‍ ദളിതരുടെ വിദ്യാഭാസ അവകാശത്തെയും സംവരണ നയത്തെയും സ്വാശ്രയ സ്ഥാപനങ്ങളും സര്‍ക്കാരും ചേര്‍ന്ന് അട്ടിമറിക്കുന്നത് ദളിത്‌ സമൂഹം തിരിച്ചറിയേണ്ടതുണ്ട്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്യ സ്വാശ്രയ സ്ഥാപനങ്ങളില്‍ ജനസന്ഖ്യാ നുപാതമായി  സംവരണം കര്‍ശനമായി പാലിക്കപ്പെടുത്തുകയും ദലിതർക്കുള്ള സാമ്പത്തിക സഹായങ്ങൾ കാലോചിതമായി പരിഷ്കരിച്ചെങ്കിൽ മാത്രമേ ദളിതർക്ക് സമുദായമെന്ന നിലയിൽ പ്രാധിനിത്യം ഉറപ്പാക്കാൻ സാധിക്കുകയുള്ളു. മുൻപ് സൂചിപ്പിച്ച കൊഴിഞ്ഞു പോക്ക് തടയപ്പെട്ടാൽ കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരുമെന്നത് ഉറപ്പാണ്. ഹയർ സെക്കൻഡറി കഴിയുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ, അഭിരുചി തിരിച്ചറിയാൻ aptitude test programs  സംഘടിപ്പിക്കേണ്ടതുണ്ട്. ദലിതർക്കായി സൗജന്യ എൻട്രൻസ് കോച്ചിങ് സെന്ററുകൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കപ്പെടണം.

3) സർക്കാർ വിദ്യാഭ്യാസ-ആവാസ  സ്ഥാപനങ്ങളുടെ ശോചനീയ അവസ്ഥ

വിദ്യാഭ്യാസത്തിനും അനുബന്ധ ആവശ്യങ്ങൾക്കും ദളിതർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സർക്കാർ സ്ഥാപനങ്ങളെ ആണെന്നത് മുൻപ് സൂചിപ്പിച്ചിരുന്നല്ലോസർക്കാർ ദലിതർക്കായി  റെസിഡൻഷ്യൽ സ്കൂളുകൾ, പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, പേരിപ്പറ്റാറ്റിക് സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.  .കേരളത്തിൽ 18 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുണ്ട്. അതിൽ ഞാറനീലി, തിരുവനന്തപുരത്തുള്ള അംബേദ്‌കർ വിദ്യാനികേതൻ  CBSE  സിലബസ് സ്‌കൂളാണ്. എന്നാൽ ഇവയിൽ പല സ്‌കൂളുകളിന്റെയും  അടിസ്ഥാന സൗകര്യങ്ങ ളുടെ അവസ്ഥ വളരെ ശോചനീയവും പരിതാപകാരവുമാണെന്ന്  ദളിത് ആദിവാസി പ്രവർത്തകയായ ശ്രിമതി ധന്യാ രാമൻ പറയുന്നു. "വടശ്ശേരിക്കര MRS കാമ്പസ്സിൽ ചെന്നപ്പോൾ കണ്ടത് അവിടെ മുട്ടോളം കാട്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും കക്കൂസിന്റെ പൈപ്പ് പൊട്ടി മാലിന്യം ഭിത്തി വഴി താഴേക്ക് ഒഴുകി വയറിംഗ് നശിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. തൊട്ടടുത്താണ് അടുക്കള. അവിടെ പ്രാതലിനായി തയ്യാറാക്കിയ ഇഡ്ഡലി കൂന കൂട്ടി ഇട്ടിരിക്കുന്നു". MRSകളിലെ അധ്യാപകരും ആയമാരും വിദ്യാർത്ഥികളെ പലപ്പോഴും മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും  അവർ പറയുന്നു. രാവിലെ കുട്ടികളെ എണീപ്പിക്കുന്നത് ഒരു വലിയ വടികൊണ്ട് കട്ടിലിൽ അടിച്ച് ഒപ്പം അസഭ്യം പറഞ്ഞു കൊണ്ടാണത്രെ. ഞാറനീലി MRS ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നത് ധന്യ ഓർക്കുന്നു. ഏതാണ്ട് ഇരുപതോളം പരാതികൾ കുട്ടികൾ എഴുതി തന്നുവെന്നും അതിന് വേണ്ട നടപടികൾ എടുത്തുവെന്നും ധന്യ കൂട്ടിച്ചേർക്കുന്നു. ഏതാണ്ട് ഇതേ അവസ്ഥയാണ് പ്രീ മെട്രിക് ഹോസ്റ്റലുകളുടേത്. സംസ്ഥാനത്തിലു ടനീളം 107 പ്രീ മെട്രിക് ഹോട്ടലുകളുണ്ട്. ഇവയിൽ പലതും എളുപ്പം എത്തിപ്പെടാനാവാ ത്ത ഉൾപ്രദേശങ്ങളിലാണുള്ളത്. അതിനാൽ ഭൂരിഭാഗം കുട്ടികൾ (പെൺകുട്ടികൾ അടക്കം) ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേക്ക് നടന്നാണ് പോകുന്നതെന്ന് rights നടത്തിയ പഠനത്തിൽ രഘു ഇരവിപേരൂർ രേഖപ്പെടുത്തുന്നുണ്ട്. ഹോസ്റ്റലുകളിൽ വെള്ളത്തിന്റെ ലഭ്യത പരിമിതമായത് കൊണ്ട് ആരോഗ്യ ശുചിത്വ പ്രശ്നങ്ങൾ സ്ഥായിയായി ഉണ്ടെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. വൃത്തിഹീനവും ദുർഗന്ധപൂര്ണമായ ടോയ്‌ലറ്റ്, പൊട്ടിപ്പൊളിഞ്ഞു പുറത്തു കാണാവുന്ന രീതിയിൽ കിടക്കുന്ന വൈദ്യുതി വയറുകൾ, ചുറ്റുമതിൽ ഇല്ലാത്ത വനിതാ ഹോസ്റ്റൽ. ഇവിടെയാണ് വിദ്യാർത്ഥികൾ താമസിക്കേണ്ടി വരുന്നത്. ഹോസ്റ്റലിൽ കുട്ടികളുടെ ആരോഗ്യം, പോഷക ആഹാര സ്ഥിതി എന്നിവ പരിശോധിക്കാനുള്ള സംവിധാനമോ അസുഖം വന്നാൽ പ്രാഥമിക ശുശ്രുഷ കൊടുക്കാനുള്ള സംവിധാനമോ മിക്ക ഹോസ്റ്റലുകളിലുമില്ല. ബില്ല് മാറി കിട്ടുന്നതിലെ താമസം കാരണം പല വാര്ഡന്മാരും സ്വന്തം നിലയിൽ  പണം കണ്ടെത്തിയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്. അതിനാൽ ഭക്ഷണത്തിലെ ഗുണത്തിലും അളവിലും വിട്ടു വീഴ്ച ചെയ്യേണ്ടി വരാറുണ്ടെന്ന് വാര്ഡന്മാർ സമ്മതിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ ദളിതർക്കുള്ള  ഔദാര്യമാണെന്ന സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സമീപനം മാറിയേ തീരു. വൃത്തിയുള്ള, പഠന യോഗ്യമായ ഇടം നിർമ്മിച്ച് കൊടുക്കുകയും   അവ പരിപാലിക്കേണ്ടതും  സർക്കാരിന്റെ ചുമതലായാണ്. അതിനായി കൂടുതൽ ഫണ്ട് ബജറ്റ് വിഹിതത്തിൽ ഉൾപെടുത്തേണ്ടതുണ്ട്ആദിവാസി ഊരുകളിലും വനേമഖല, കടേലാരപ്രദേശങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏകാധ്യാപക സ്‌കൂളാണ്  പെരിപെറ്റാറ്റിക്ക് സ്ഥാപനങ്ങൾ. കേരളത്തിൽ 16 പെരിപെറ്റാറ്റിക്ക് സ്‌കൂളുകളുണ്ട്. ഇവയുടെ പ്രധാന പ്രശ്നം അധ്യാപകന്  കൃത്യമായ ശമ്പളം സമയത് കിട്ടാത്തതാണ്. പലപ്പോഴും ഇവർ സ്വന്തം ചെലവിലാണ് സ്‌കൂളുകൾ നടത്തിപ്പോരു ന്നത്. ഇവിടെയും പ്രശ്നം ഫണ്ടില്ലാത്തതാണെന്നാണ് ഉത്തരവാദിത്തപെട്ടവർ പറയുന്നത്.

4) അസാധുവാക്കപ്പെടുന്ന  പട്ടിക ജാതി - വർഗ്ഗ വികസന ഫണ്ട്‌ 

പട്ടിക വിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിനായി പ്ലാനിംഗ് കമ്മീഷന്റെ നിർദ്ദേശാനുസരണം ആവിഷ്ക്കരിച്ച വികസന സംവിധാനമാണ് പ്രത്യേക ഘടക പദ്ധതിയും (SCSP) പട്ടികവർഗ ഉപപദ്ധതിയും (TSP). അതു പ്രകാരം പട്ടിക വിഭാഗ ങ്ങളുടെ സാമ്പത്തിക വികസനത്തിനായി അവരുടെ ജനസംഖ്യാനുപാതികമായ പ്ലാൻ ഫണ്ട് കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ വകയിരുത്താൻ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. 2012 -13 scsp പദ്ധതി പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കുമായി 80,310 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിരുന്നു. അതിൽ കേവലം 12% അതായത് 9,920 കോടി രൂപ മാത്രമാണ് പട്ടിക ജാതി വികസനത്തിനായി ഉപയോഗിച്ചത്ദളിതരുടെ വികസന ത്തിനായി പ്രഖ്യാപിക്കുന്ന ഫണ്ട് വഴി മാറ്റി ചിലവഴിക്കുന്നത് കാലാ കാലങ്ങളായി നടന്നു വരുന്ന നിഷ്ടൂരതയാണ്. പുതിയ കേന്ദ്ര സർക്കാർ scsp tsp പദ്ധതികളിലെ ഫണ്ട് കുറച്ചത് ദളിതർക്ക് കൂടുതൽ തിരിച്ചടിയായി. വിദ്യാഭ്യാസത്തിനായുള്ള ഫണ്ട്  SCSP   10,194.70 കോടിയിലേക്കും  TSP 5,486.44 കോടിയിലേക്കും  പരിമിതപ്പെടുത്തി. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിപ്രകാരമുള്ള ഫണ്ട്  1,904.78 കോടിയിൽ നിന്നും 1,599 കോടിയാക്കി പരിമിതപ്പെടുത്തി.

 അതിനിടയിൽ  കേന്ദ്ര സർക്കാർ പ്ലാനിങ് കമ്മീഷൻ പിരിച്ചു വിട്ട് പഞ്ചവത്സര പദ്ധതി നിർത്തലാക്കിയത് ദളിതരെ ഭീതിയിലാഴ്ത്തുന്നുണ്ട്. പകരം കൊണ്ട് വന്ന  നീതി ആയോഗിലൂടെ scsp / tsp പദ്ധതികളെ  അട്ടിമറിക്കാൻ സാധ്യതയുള്ളതായി ദളിത് സാമ്പത്തിക വിദഗ്ധർ സൂചന നൽകുന്നുണ്ട്. സർക്കാരിന്റെ  ദളിത് വിരുദ്ധ നയങ്ങ ളെയും, ദളിതരുടെ വികസനത്തിനായി പ്രഖ്യാപിക്കപ്പെടുന്ന ഫണ്ട് ഉപയോഗിക്ക പ്പെടാതെ അസാധുവാകുന്ന പ്രവണതയെയും  ഉപജാതി - സംഘടനാ ഭേദമന്യേ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ടത് ദളിത് സമൂഹത്തിന്റെ ആവശ്യമാണ്.

5)  സ്‌കോളർഷിപ്പ് / ഫെല്ലോഷിപ്പ്ക്കളുടെ കാല താമസം 

" കത്ത് വായിക്കുന്നവര്‍ സാധിക്കുമെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യണം. സര്വ്വകലാശാലയില്‍ നിന്നും ഏഴ് മാസത്തെ ഗവേഷണ ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയോളം വരുമത്. എന്റെ കുടുംബത്തിന് തുക നല്കലണം. പിന്നെ രാംജിക്ക് നാല്പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും പണം തിരികെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എനിക്കുവേണ്ടി നിങ്ങള്‍ കടം വീട്ടണം." നവജാതീയതയുടെ ഏറ്റവും അവസാനത്തെ ഇരയായി മാറിയ ഹൈദരാബാദ് സർവകലാശാല ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല തന്റെ ആത്മഹത്യാ കുറിപ്പിൽ എഴുതിയ വരികളാണ് ഇത്. വിദ്യാഭ്യാസ വ്യവസ്ഥ എത്രമാത്രം ദളിത് വിരുദ്ധമാണെന്നു വാക്കുകളിലൂടെ വ്യക്തമാണ്. സ്‌കോളർഷിപ്പ്/ ഫെല്ലോഷിപ്പ് വൈകുമ്പോൾ അത് ബാധിക്കുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന  ദളിത് വിദ്യാര്ഥികളെയാണ്.മുഴുവൻ തുകയും കേന്ദ്ര സർക്കാർ മുൻകൂട്ടി നൽകുമ്പോഴും  ഉദ്യോഗസ്ഥരുടെ അലംഭാവവും വിവേചനപരമായ സമീപനവുമാണ് സ്‌കോളർഷിപ്പ് വൈകുവാൻ കാരണമാകുന്നത്.കഴിഞ്ഞ വര്ഷം ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോ മിക്സിൽ അഡ്മിഷൻ നേടിയ ബിനീഷ് ബാലൻ അർഹമായ സ്കോളർഷിപ് നേടിയെടു ക്കുവാൻ നടത്തിയ പോരാട്ടം വാർത്തയായിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നും  നേരിട്ട തടസ്സങ്ങളും പരിഹാസവും അനുഭവിച്ച  മാനസിക സമ്മർദങ്ങളും അദ്ദേഹം   കീഴ്ജാതിക്കാരൻ ആയതിനാൽ മാത്രമാണെന്ന് ബിനീഷ് സാക്ഷ്യപ്പെടുത്തുന്നു. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് തുക വൈകിപ്പിക്കുന്നതെന്നു ഓർക്കണം. ഏതാണ്ട് 65.2 കോടിയോളം രൂപയാണ് ദളിത് വിദ്യാർത്ഥികൾക്ക് സ്കോളര്ഷിപ്പിനത്തിൽ  കേരളത്തിലെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലഭിക്കേണ്ടിയിരുന്നത്.ഇവ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരത്തക്ക രീതിയിലേക്ക് വ്യവസ്ഥിതി പരിഷ്‌ക്കരിക്ക പ്പെടുന്നതിനു ഒപ്പം സ്‌കോളർഷിപ്പ് തടഞ്ഞു വയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടികളെടുക്കാൻ തയ്യാറാവണം.

അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ജനത സാമുഹിക അതിജീവനത്തിനായുള്ള ഏക ഉപാധിയെന്ന നിലയിലാണ്  വിദ്യാഭ്യാസത്തെ ഉള്‍കൊള്ളുന്നത്. അതിനായി അവര്‍ നേരിടുന്ന ഇത്തരം വെളുവിളികളും നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും ഒറ്റപ്പെട്ടവ ആകുന്നത് അതിനെ ദുര്‍ബലപ്പെടുത്തുമെന്നതില്‍  സംശയമില്ല. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയ്ക്ക് മാത്രം ഊന്നൽ നൽകിയാൽ പോര, മറിച്ച് വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും, എങ്ങനെ ഫലവത്തകാകും എന്താണ് ലക്ഷ്യം എന്നതൊക്കെയും വിലയിരുത്തപ്പെടണം. എങ്കില്‍ മാത്രമേ  ദലിത് ഏകീകരണത്തിന്റെ ആവശ്യകത വ്യക്തമാവുകയുള്ളു. പലയിടത്തായി ചിതറിക്കിടന്ന അധഃസ്ഥിത വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നപ്പോൾ പൊയ്കയിൽ  ശ്രീകുമാര ഗുരുദേവനും ചൂണ്ടിക്കാട്ടി യത്  ഏകോപനത്തിന്റെ പ്രാധാന്യത്തെയാണ് .ജാതി വ്യവസ്ഥ ആരോപിച്ച് പട്ടികകളിൽ തളച്ചിട്ട ജാതിക്കാർ/വർഗക്കാർ ആധിപത്യ ശക്തികൾക്കെതിരെ ശബ്ദമുയർത്തണമെങ്കിൽ വിദ്യാഭ്യാസപരമായി ഉയരുന്നതിനോടൊപ്പം സാഹോദര്യ മൂല്യം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷികമാണ്. ദലിത് ജനങ്ങൾ സാമൂഹിക/സാമുദായിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെ അഭ്യസ്തവിദ്യരുടെ ഉന്നമനത്തിനു വേണ്ടിയും വിദ്യാസമ്പന്നരായ ദലിതർ മുൻകൈ എടുക്കണമെന്ന് അംബേദ്‌കർ  നിർദ്ദേശിക്കുമ്പോൾ ചിന്തിക്കേണ്ടത് അർത്ഥപൂർണ്ണമായ വിദ്യാഭ്യാസത്തിന്റെ കാതലായ ഘടകമെന്നത് വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർ മറ്റുള്ളവരെയും തങ്ങളുടെ നിലയിലേക്ക് കൊണ്ടുവരത്തക്ക വിധം ദലിത് ജനതകളുടെ പരിവർത്ത നത്തെ സജ്ജമാക്കേണ്ട ആവശ്യകതയെയാണ്. ആയതിനാൽ ദലിത് വിദ്യാർത്ഥികൾ ഗുണനിലവാരത്തിനനുസൃതമായ പഠന സാമഗ്രികൾ/രീതികൾ/ടെക്നോളജികൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രം പുരോഗമിക്കുമ്പോൾ ദലിത് ലോകവും വെളിച്ചത്തിലേക്ക് ലയിക്കേണ്ടത് ഓരോ യുവതലമുറകളുടെയും ഉത്തവാദിത്വമായി കണക്കാക്കേണ്ടതിന്റെ പ്രധാന്യം നൂറ്റാണ്ടിലും ഏറിവരികയാണ്! പാരമ്പര്യ ചുറ്റുപാടിൽ നിന്ന് ദലിതർ വിദ്യാഭ്യാസ മേഖലയിൽ മോഡേണൈസ് ആകേണ്ടതിന്റെ കാരണങ്ങൾ മുൻപ് പല വിഷയങ്ങളിലൂടെ പങ്കുവച്ചു കഴിഞ്ഞു. ലോകത്തിന്റെ ഒരു കോണിലിരുന്ന് പ്രപഞ്ചം നമ്മുടെ വിരൽ തുമ്പിൽ ഒതുക്കുന്ന കാഘട്ടത്തിൽ ദലിത് വിദ്യാർത്ഥികൾ ഖാൻ അക്കാഡമി, ബൈജുസ്.കോം പോലുള്ള  ഓൺലൈൻ എജ്യുക്കേഷൻ വെബ്സൈറ്റുകൾ  , ലേണിംഗ് മൊബൈൽ ആപ്പുകൾ, കണക്ക് മെച്ചപ്പെടുത്തുന്ന മൊബൈൽ ഗേമുകൾ  തുടങ്ങിയ നൂതനസാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ ദലിത് പുരോഗതിയുടെ പാതയ്ക്ക് ഉയർച്ച പ്രാപിക്കുകയുള്ളൂ .സംവരണത്തിന്റെ  മറപിടിച്ച് മിനിമം മാർക്കുമായി വിദ്യാലയങ്ങളിൽ നിന്നിറങ്ങുന്ന  അവസ്ഥ ആവർത്തിക്കപ്പെടരുത്. സംവരണം നിലനൽക്കെ, മത്സര ബുദ്ധിയോടു കൂടി പരീക്ഷകളെ ത്വരണം ചെയ്ത് പ്രൊഫഷണൽ മേഖലയും , ഉന്നത വിദ്യാഭ്യാസ മേഖലയും  കടന്ന് മുന്നേറുമ്പോൾ ദലിത് ജനത സൃഷ്ടിക്കുവാൻ പോകുന്നത് ഒരൊറ്റ ശബ്ദത്തിലുള്ള അനേകായിരം ബാബാ സാഹേബ് അംബേദ്കർമാരെയാകും.

References
1  ആര്‍. അനിരുദ്ധന്‍ - ബാബാസാഹേബ് അംബേദ്കറുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ 
2.  വി.വി സ്വാമി / .വി.അനില്‍ - പ്രത്യക്ഷ രക്ഷാ ദൈവ സഭ ഓര്‍മ്മ പാട്ട് ചരിത്ര രേഖകള്‍
3. കുന്നുകുഴി എസ് മണി - മഹാനായ അയ്യങ്കാളി (ജീവചരിത്രം
4തരുണ്‍ തങ്കച്ചന്‍ - ധന്യാ രാമന്‍ : ദളിത്‌ ആദിവാസികളുടെ ഉറച്ച ശബ്ദം (പൊന്‍വിളക്ക് മാസിക)
5 അരുന്ധതി സിന്ധു.ആര്‍  -  അഭിമുഖം : ബിനേഷ് ബാലന്‍  (idaneram blog)

6. സുരേഷ് മാനേ - മഹാത്മാ ഫൂലെയുടെ വിദ്യാഭ്യാസനയ

7.  വിനിൽ പോൾ - വിശ്വാസത്തിന്റെ  പരിവർത്തനം  ചരിത്രമാകുമ്പോൾ (ദളിത് മാസിക )

8.Pre Matric Hostels for Dalit Children in Kerala -  A study by RIGHTS NGO

9. . Funds earmarked for SC/STs seldom reach beneficiaries - By Anubhuti Vishnoi, The Economic Times

10. . George, K.K. (2011), Higher Education in Kerala: How Inclusive is it to Scheduled Castes and Scheduled Tribes?, Working Paper , Centre for Socio-economic & Environmental Studies, Kochi.

11. Kumar, Ajith, N. (2004), “Private Cost of Medical and Para-Medical Education in Kerala”, Discussion Paper No. 84, Kerala Research Programme on Local Level Development, Centre for Development Studies, Thiruvananthapuram.

12. Padmanabhan ,Roshni – Learning to learn Dalit education in kerala  (Development, Democracy and the State: Critiquing the Kerala Model of Development)

13.Sivanandan.P -  1989 Caste and economic opportunity: A study of educational development and land reforms on the employment and income earning opportunities of sc/sts in kerala, PhD diss University of kerala

14. Oommen, Mammen -  2007 C 12/0157/11 CMS Archives, Brimingham university, UK; CMS report: 1861-62,165

15.Jeffrey.Robin - 1992,1993 Politics, women and well being: how kerala became a model, London,Macmillan, New Delhi, Oxford University Press 2001.

16. Kawashima,K. - 1998 Missionaries and a hindu state, Travancore 1858-1936 New Delhi, Oxford University Press.

17. Kooiman,D. -  1989 Conversion and social equity in India the London Missionary Society in Travancore, New Delhi, Manohar.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ