"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

ലോകരെ നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ? 2; ബ്രാഹ്മണര്‍ നിര്‍ദ്ദേശിച്ച വഴികള്‍ - വിനില്‍ പോള്‍


1853 ഫെബ്രുവരി 22-ാം തീയതി തിരുവിതാംകൂറില്‍ നടന്നതായി ലണ്ടന്‍ മിഷണറിമാര്‍ രേഖപ്പെടുത്തിയ ഒരു സംഭവം:

''മിഷണറിമാരുടെ ഒരു സംഘം പല്ലക്കുകളില്‍ ഒരു പള്ളിയില്‍ പോയിട്ടു മടങ്ങുകയായിരുന്നു. ശുചീന്ദ്രത്തുവെച്ച് ക്ഷേത്രത്തിലെ എഴുന്നള്ളത്ത് അവര്‍ക്കെതിരെ വന്നു. ബ്രാഹ്മണരായിരുന്നു എഴുന്നള്ളത്തില്‍ പങ്കെടുത്തിരുന്നവരിലധികം പേരും. മിഷണറിമാരുടെ സാന്നിദ്ധ്യം അവര്‍ക്ക് പൊറുക്കാനായില്ല. അവര്‍ കോപം കൊണ്ട് കലിതുള്ളി. പല്ലക്കുകള്‍ റോഡിന്റെ വക്കത്ത് ഏറ്റവും ഒതുക്കി വെച്ചിട്ട് മിഷണറിമാര്‍ പുറത്തിറങ്ങി, എഴുന്നള്ളത്തിനും തങ്ങള്‍ക്കും പോകാന്‍ സ്ഥലമുണ്ടെന്ന് വിനയമായി പറഞ്ഞപ്പോള്‍ മുറുമുറുത്തുകൊണ്ട് അവര്‍ പോയി. എന്നാല്‍ ലെവിസ് എന്ന മിഷണറിയുടെ പല്ലക്ക് വളരെ പിന്നില്‍ നിന്നും വരികയായിരുന്നു. അദ്ദേഹവും പല്ലക്കില്‍ നിന്നും പുറത്തിറങ്ങി എഴുന്നള്ളത്തിനു സ്ഥലം കൊടുത്തു. എന്നാല്‍ കോപാക്രാന്തരായ ബ്രാഹ്മണയുവാക്കള്‍ ലെവിസിനെ കഠിനമായി മര്‍ദ്ദിക്കുകയും, അദ്ദേഹത്തെയും പല്ലക്കിനെയും റോഡില്‍ നിന്നും താഴ്ച്ചയുള്ള നദിയുടെ മണല്‍പ്പരപ്പിലേയ്ക്കു തള്ളിയിടുകയും ചെയ്തു (Agur, 1990 )''

മറ്റൊരു സംഭവം:  

''1868 ഒക്‌ടോബര്‍ 5 നു ലണ്ടന്‍ മിഷണറിയായ വില്യം ലീ തന്റെ ഒരു മിഷന്‍ സ്റ്റേഷനിലേയ്ക്ക് ബ്രാഹ്മണ ഗ്രാമമായ പഞ്ചലിംഗ പുരത്തുകൂടെ നടന്നു പോകുകയായിരുന്നു. മുമ്പ് പല തവണ ഈ റോഡിലൂടെ അദ്ദേഹം നടന്നുപ്പോയിരുന്നെങ്കിലും ഈ പ്രത്യേക ദിവസം ആ റോഡിലൂടെ നടക്കരുതെന്നും മറ്റൊരു വഴിയെ പോകണമെന്നും ചില ബ്രാഹ്മണര്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അനുസരിക്കുകയും, പോകുന്ന വഴി ശരിയല്ലെങ്കില്‍ മടക്കയാത്രയില്‍ ഗ്രാമത്തിലൂടെ വരുമെന്നും പറഞ്ഞു. വഴി ശരിയല്ലാത്തതിനാല്‍ ലീ തിരികെ വന്നപ്പോള്‍ ഗ്രാമത്തിലെ റോഡിലൂടെ തന്നെ നടന്നു. ബ്രാഹ്മണര്‍ കൂട്ടമായി ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചു. അപ്പോള്‍ അവിടെ വന്നു ചേര്‍ന്ന ഒരു മുക്കുവന്റെ സഹായത്താല്‍ ലീ കഷ്ടിച്ചു രക്ഷപ്പെട്ടു (ഗ്ലാഡ്‌സറ്റണ്‍, 2004)''. 

മുകളില്‍ പരാമര്‍ശിച്ച രണ്ട് സംഭവങ്ങളിലും നടപടിയെടുക്ക ണമെന്ന് മിഷണറിമാര്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ പരാതി നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍ കൈകൊണ്ട നടപടി യെന്നത് ''ബ്രാഹ്മണര്‍ നിര്‍ദ്ദേശിച്ച വഴി വണ്ടിപോകുന്ന റോഡാക്കി മാറ്റുക, മറ്റുള്ളവര്‍ക്ക് നടക്കുവാനായി പുത്തന്‍ റോഡുകള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു.''

തിരുവിതാംകൂറിലെ 32 ജില്ലകളുടെയും അവസ്ഥ ഇത് തന്നെയാ യിരുന്നു. നിലവിലുള്ള റോഡുകളെ ജാതി അടിസഥാനത്തില്‍ സംരക്ഷിക്കുക, കീഴാളരെ റോഡില്‍ കണ്ടാല്‍ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുക, റോഡിലേക്ക് പുതിയ ശാഖയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ തടയുക തുടങ്ങിയവയെല്ലാമായിരുന്നു സവര്‍ണ്ണ വിഭാഗത്തിന്റെ ദൗത്യങ്ങള്‍. ഇത്തരത്തില്‍ ജാതീയത കാത്തുസൂക്ഷിച്ചിരുന്ന ഭൂപ്രദേശത്താണ് യൂറോപ്യന്‍ മിഷണറിമാര്‍ അവരുടെ പ്രവര്‍ത്തനാലയങ്ങള്‍ ആരംഭിച്ചത്. തിരുവിതാംകൂ റിന്റെ ഭൂമിയുടെ മേലുള്ള ജാതി അധീശത്വത്തിനേറ്റ കനത്ത പ്രഹരമായിരുന്നു യൂറോപ്യന്‍മാര്‍ കീഴാളര്‍ക്കായി ആരംഭിച്ച പള്ളിയും, പള്ളിക്കൂടവും. തിരുവിതാംകൂറില്‍ 1850 കള്‍ക്ക് ശേഷം മിഷണറി പ്രവര്‍ത്തനം വളരെ ശക്തമായി തീര്‍ന്നു. തിരുവിതാം കൂറിലെ മിക്ക ജില്ലകളിലും അവര്‍ സഭകള്‍ സ്ഥാപിച്ചു. 1864ല്‍ ലണ്ടന്‍ മിഷണറിമാര്‍ 220 സഭകളും, ചര്‍ച്ച് മിഷണറി സമൂഹം 53 സഭകളും നടത്തുന്നുണ്ടായിരുന്നു (Foulkes, 1864). കേന്ദ്രീക്യത ഭരണത്തിന്‍ കീഴിലും, ഉടമസ്ഥാവകാശത്തിനും വിധേയമായിട്ടാണ് ഈ 273 സഭകളും നിലനിന്നിരുന്നത്. പില്‍ക്കാലത്ത് സഭകളുടെ എണ്ണം ഇതിന്റെ ഇരട്ടിയായി. തിരുവിതാംകൂറില്‍ ചിതറികിടക്കുന്ന സഭകളെ സായിപ്പിനു സന്ദര്‍ശിക്കുന്നതിനും, പ്രത്യേകിച്ച് വിദേശ ത്തുനിന്നുള്ള സന്ദര്‍ശകരെയുമെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് പുതിയ റോഡുകളോട് കൂടിയാണ് ഈ സഭകള്‍ സ്ഥാപിതമായത്. യൂറോപ്യന്‍ ബിഷപ്പിന്റെ സന്ദര്‍ശനത്തിനായിട്ട് വെട്ടിയ റോഡാണ് ഇത് എന്നുള്ള വാമൊഴികള്‍ പല പ്രാദേശികമേഖലയിലും ഇന്നും പ്രചാരത്തിലുണ്ട് (യേശുദാസന്‍, 2010). കാടുകളിലും, ചതുപ്പുകളിലും ഉള്‍പ്പെടെ രൂപംകൊണ്ട ദലിത് ആരാധനാ ഷെഡുകള്‍ പ്രാദേശിക മേഖലയിലെ സ്ഥല നിര്‍ണ്ണായക (Land mark) കേന്ദ്രവും, പുത്തന്‍ റോഡിന്റെ ആവശ്യകത ഉണ്ടാക്കിയതുമായ ഒന്നായിരുന്നു. ചര്‍ച്ച് മിഷണറി സൊസയിറ്റി അവരുടെ ആസ്ഥാനത്ത് നിന്നും 1857 മുതല്‍ വര്‍ഷാവര്‍ഷം ഇറക്കുന്ന 'The Church Missionary Atlas'' എന്ന ജേണലില്‍ തിരുവിതാംകൂറില്‍ നിന്നും രേഖപ്പെടുത്തപ്പെട്ടതില്‍ ഈ ചെറിയ സഭകളുമുണ്ടായിരുന്നു.

@ഒന്നാം ഭാഗം ഈ ലിങ്കില്‍ വായിക്കുക....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ