"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

കോര്‍ട്ട്: ദലിത് ഉന്മൂലനത്തിന് എതിരാളികള്‍ പയറ്റുന്ന മറ്റൊരു തന്ത്രം


🎬 2015 ല്‍ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്‌കാര്‍ മത്സരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമയാണ് ചൈതന്യ തമാനെയുടെ ''കോര്‍ട്ട്''. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍, ഏറെ ദുര്‍ഘടം പിടിച്ച 'വിചാരണ' എന്ന വ്യവഹാരത്തിലെ നെറികേട് വിശകലനവിധേയമാക്കുക എന്നതു മാത്രമാണ് ചൈതന്യ തമാനെ 'കോര്‍ട്ട്' എന്ന തന്റെ ആദ്യ സിനിമയിലൂടെ ഉന്നം വെച്ചിരുന്നത്. വിചാരണയുടെ നെറികേടുകള്‍ വിനാശകരമായി ബാധിക്കുന്നത് ഏറ്റവും താഴെത്തട്ടിലുള്ള നിരാശ്രയരായ ദേശിക ജനതയെയാണെതു കൊണ്ട് ഇതൊരു ദലിത് സിനിമയാണ്. ഇവിടെ കോടതി വിചാരണ എന്നത് ദലിത് ഉന്മൂലനത്തിന് വഴിവെക്കുന്ന മറ്റൊരു ഏര്‍പ്പാടായി മാറുന്നു. 


ജീവനോടെ ചുട്ടെരിച്ചും കഴുത്തുവെട്ടി യുമൊക്കെ കൊല ചെയ്യുന്ന തിലൂടെയോ, കൈകാലുകള്‍ വെട്ടിമാറ്റി കൊല്ലാക്കൊല ചെയ്തുകൊണ്ടോ ഒക്കെയാണ് ദലിത് ഉന്മൂലനം നടപ്പാക്ക പ്പെടുന്നത്. ദലിത് - ആദിവാസികള്‍ക്ക് അവരുടെ ജന്മം തന്നെ അവര്‍ ചെയ്യുന്ന ക്രിമിനല്‍ക്കുറ്റമാകുന്ന രാഷ്ട്രീയ സാഹചര്യ മുള്ളപ്പോള്‍ മറ്റുള്ളവര്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യ ങ്ങളും കൂടി അവരുടെ മേല്‍ ചൊരിയപ്പെടുന്ന മറ്റൊരു മാരകമായ സാമൂഹികാവസ്ഥയും നിലനില്ക്കുന്നു. ഇത്തരം കേസുകള്‍ കോടതിയിലെത്തിയാല്‍ വിചാരണയിലൂടെ ഒരിക്കലും ദലിതു കള്‍ക്ക് രക്ഷപ്രാപിക്കാനാവില്ല!

ആദ്യകാഴ്ചകളില്‍ കോര്‍ട്ട് ഒരു സറ്റയര്‍ ഡ്രാമയായാണ് അനുഭവപ്പെട്ടത്. പിന്നീട്, ഈ സിനിമയിലൂടെ ഒരു ദലിത് ഉന്മൂലന തന്ത്രമാണ് ആവിഷ്‌കരിക്കപ്പെടുന്നതെന്ന് തിരിച്ചറിയുന്നു. ഭാഷാ പ്രയോഗത്തിലെ വ്യഞ്ജനാര്‍ത്ഥം ഒരിക്കലും വാസ്തവ മാണെന്ന് ആരും ധരിക്കാറില്ല. ഉദാഹരണത്തിന്: ഒരു നോവലിസ്റ്റ് വായനക്കാരനെ 'വധിക്കുക'യാണെന്ന് ഒരു നിരൂപകന്‍ എഴുതിക്കണ്ടാല്‍, ഉടനെ തന്നെ ആ നോവലിസ്റ്റിനെ കൊലക്കു റ്റത്തിന് അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമോ !? ഏതാണ്ട് ഇതേ പോലെ ഒരു കുറ്റാരോപിതനായാണ് വയോവൃദ്ധനായ ദലിത് കവിഗായകന്‍ നാരായണ്‍ കാംബ്ലെ അറസ്റ്റു ചെയ്യപ്പെടുന്നത്?

65 കാരനായ നാരായണ്‍ കാംബ്ലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സ്വന്തം ചെലവുകള്‍ നിര്‍വഹിക്കുന്നത്. മുമ്പ് ചില ദലിത് വിമോചന സംഘടനകളിലൊക്കെ സജീവമായി പ്രവര്‍ത്തിച്ചിരു ന്നു. എന്നാല്‍ ഇപ്പോള്‍ നാടന്‍പാട്ടു സംഘങ്ങളില്‍ പാടാന്‍ പോകുന്നതു മാത്രം തുടരുന്നുണ്ട്. ഒരു വേദിയില്‍ പാടിക്കൊണ്ടു നില്ക്കുമ്പോഴാണ് നാരായണ്‍ കാംബ്ലെയെ പൊസീസ് വന്ന് അറസ്റ്റു ചെയ്യുന്നത്. കുറ്റം പവാര്‍ എന്നൊരു മാന്‍ഹോള്‍ ജീവനക്കാരനെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്നതാണ്. ഈ 65 കാരന്‍ നാരായണ്‍ കാംബ്ലെ പാടിയ ഒരു പാട്ടുകേട്ട് അതിനാല്‍ പ്രേരിതനായാണ് പോലും പവാര്‍ മാന്‍ഹോളില്‍ ചാടി ആത്മഹത്യ ചെയ്തത്..!!! 'മാന്‍ഹോള്‍ ജീവനക്കാരെല്ലാം ചാകെടാ, ചാകെടാ...' എന്നായിരുന്നു നാരായണ്‍ കാംബ്ലെ പാടിയ പാട്ട്. 

കോടതിയില്‍ കേസ് വിചാരണക്കു വന്നപ്പോള്‍ കാംബ്ലെ കുറ്റപത്രം വായിച്ചു കേട്ട് അന്തംവിട്ടു. താന്‍ അങ്ങനെ ഒരു പാട്ട് പാടിയിട്ടുണ്ടെന്ന സത്യം കാംബ്ലെ കോടതിമുമ്പാകെ തുറന്നു പറഞ്ഞു. പക്ഷെ മാന്‍ഹോള്‍ ജീവനക്കാരന്‍ പവാര്‍ എന്നരൊളെ താന്‍ അറിയുക പോലുമില്ല, അറിഞ്ഞാലും തന്റെ പാട്ടില്‍ പ്രേരിതനായി ഒരാള്‍ ആത്മഹത്യ ചെയ്യുമെന്നും വിശ്വസിക്കാ നാകുന്നില്ല. അത്രക്ക് സംഹാര ശേഷിയുണ്ടോ താന്‍ പാടിയ ഒരു നാടന്‍പാട്ടിന്? തോട്ടിപ്പണിക്കാരായ മാന്‍ഹോള്‍ ജീവനക്കാരെല്ലാം അവിടെ തന്നെ മരിച്ചൊടുങ്ങാറാണ് പതിവ്. ആരും ജീവനു ള്ളപ്പോള്‍ ഈ തൊഴില്‍ നിര്‍ത്തി ജീവിതത്തിലേക്ക് മടങ്ങി വന്നതായി അറിവില്ല. വിഷവാതകം ശ്വസിച്ച് രോഗികളായും, മനോവേദനയും മദ്യാപാനം കൊണ്ടുള്ള അരക്ഷിതാവസ്ഥയില്‍ അപകടം പിണഞ്ഞുമൊക്കെയാണ് എല്ലാ തോട്ടിപ്പണിക്കാരും മരണമടയുന്നത്. വിഷവാതകമേല്‍ക്കാതിരിക്കുന്നതിനുള്ള മാസ്‌ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങളും അധികാരികള്‍ ഇവര്‍ക്ക് നല്കാറില്ല. എന്നാല്‍ വര്‍ഷം തോറും ഭരണഘടക ങ്ങളില്‍ കനത്ത തുകതന്നെ വകകൊള്ളിക്കാറുണ്ടെങ്കിലും ഒരു നയാ പൈസയുടെ പ്രയോജനം പോലും തോട്ടിപ്പണിക്കാര്‍ക്ക് ലഭ്യമാക്കാറില്ല. തോട്ടികളുടെ മരണകാരണം അധികാരികളുടെ ഈ അനാസ്ഥയും അഴിമതിയുമാണ്. ഈ ക്രൂര യാഥാര്‍ത്ഥ്യത്തെ അഭിവ്യഞ്ജിപ്പിക്കുന്ന പാട്ടാണ് നാരായണ്‍ കാംബ്ലെ പാടിയ 'മാന്‍ഹോള്‍ ജീവനക്കാരെല്ലാം ചാകെടാ, ചാകെടാ...' എന്നത്!

നാരായണ്‍ കാംബ്ലെയെ വിചിത്രമായൊരു കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസധികാരികള്‍ രണ്ടു കുറ്റകൃത്യ ങ്ങളില്‍ നിന്നാണ് തലയൂരിയത്. ഒന്ന്, തങ്ങളുടെ അഴിമതി മൂലമാണ് പവാര്‍ മരിക്കാനിടയായതെന്ന സത്യം പുറത്തുവ രാതിരിക്കും. രണ്ട്, ഒരു ദലിതന്‍ ദലിതനെതിരേ ചെയ്ത കുറ്റമായതിനാല്‍ ഇതില്‍ ജാതീയത കണ്ടെത്താനാവില്ല, അതായത് 'ദലിത് പീഢനം' ആരോപിക്കാന്‍ പഴുതുകളേതുമില്ല! 

നാരായണ്‍ കാംബ്ലെക്കുവേണ്ടി കോടതിയില്‍ ഹാജരായത് യുവ അഭിഭാഷകനായ വിനയ് വോറയാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ നൂതന്‍ എന്ന ഒരു വനിതയായിരുന്നു. പാട്ടുപാടിയത് സത്യമാ ണെന്ന നാരായണ്‍ കാംബ്ലെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് ശിക്ഷ നല്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ വയോവൃദ്ധനായ നാരായണ്‍ കാംബ്ലെ നിരപരാധിയാണെന്നറിയാമെങ്കിലും അയാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി വിധി സമ്പാദിക്കുന്ന കാര്യത്തില്‍ വക്കില്‍ വിനയ് വോറ നിസ്സഹായനായി. എങ്കിലും അയാളും സഹായിയായ സുബോധി ന്റേയും പരിശ്രമഫലമായി മരിച്ചുപോയ പവാറിന്റെ വൈഫ് ഷര്‍മിളയെ കോടതിയിലെത്തിക്കാന്‍ സാധിച്ചു. തന്റെ ഭര്‍ത്താവ് ആത്മഹത്യചെയ്യാനിടയില്ലെന്നും മദ്യാപാനിയായ അയാള്‍ ലക്കുകെട്ട്, മാന്‍ഹോളില്‍ വീണ് അപകടം പിണഞ്ഞാതാണെന്നുമുള്ള ഷര്‍മിള പവാറിന്റെ മൊഴി കോടതി അംഗീകരിച്ചു. തന്നെയുമല്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാനും വക്കീല്‍ വിനയ് വോറക്ക് സാധിച്ചു. അതില്‍ വ്യക്തമാക്കിയിരുന്നത്, പവാര്‍ കുഴിയില്‍ വീണ് മരിക്കാനിട യായത് വിഷവാതകം ശ്വസിച്ചതുകൊണ്ടാണെന്നും ശരീരത്തിനു ള്ളിലോ പുറമേയോ പരിക്കുകളൊന്നും കാണാനില്ലായിരു ന്നുവെന്നും മറ്റുമായിരുന്നു. കോടതി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് നാരായണ്‍ കാംബ്ലെയുടെ ശിക്ഷ ഒരു ലക്ഷം രൂപയാക്കി കുറച്ചു. അത്രയും തുക കെട്ടിവെക്കാനുള്ള ശേഷി തന്റെ കക്ഷിക്കില്ലെന്ന് വിനയ് വോറ വാദിച്ചുവെങ്കിലും, കേസ് മറ്റൊരവധിക്ക് മാറ്റിവെക്കുകയാണ് ജഡ്ജി ചെയ്തത്.

അടുത്ത വിചാരണ വേളയില്‍ കേസിന് നിര്‍ണായകമായ ഒരു വഴിത്തിരിവുണ്ടായി. നാരായണ്‍ കാംബ്ലെ മുമ്പ് നിരോധിക്കപ്പെട്ട പല തീവ്രവാദ സംഘടനകളിലും അംഗമായിരുന്നുവെന്നും ഭീകരപ്രവര്‍ത്ത നിരോധന നിയമമായ യുഎപിഎ അയാള്‍ക്കെ തിരേ ചുമത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു! ഈ കേസുമായി ബന്ധമില്ലാത്ത അവാസ്തവങ്ങ ളാണതെന്നും, അതിന്റെയൊന്നും പേരില്‍ ആരും നാരായണ്‍ കാംബ്ലെക്കെതിരേ കേസുകൊടുത്തിട്ടില്ലെന്നും ഇപ്പോഴത്തെ കേസില്‍ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരി ക്കുന്നതിനാല്‍ അയാളെ വെറുതേ വിടണമെന്നും വിവേക് വോറ എതിര്‍വാദമുന്നയിച്ചു. എന്നാല്‍ യുഎപിഎ ചുമത്തിയ ഒരാളെ വെറുതെ വിടാനാവില്ലെന്ന നിലപാടില്‍ കോടതി എത്തിച്ചേര്‍ന്നു. കേസ് മറ്റൊരു അവധിയിലേക്ക് മാറ്റിവെച്ചു. അതുപക്ഷെ വെക്കേഷന്‍ തുടങ്ങുന്നതിനുമുമ്പുള്ള അവസാന ദിവസമായിരുന്നു. ഇപ്പോള്‍ത്തന്നെ ഗുരുതരമായ രോഗങ്ങള്‍ക്കടിപ്പെട്ട ആ വൃദ്ധന് രണ്ടുമാസത്തെ അവധിക്കാലത്തെ് എന്തുതന്നെ സംഭവിക്കുകയില്ല എന്നു പറയാനാവില്ലെന്നും അദ്ദേഹത്തിന്റെ പ്രായമെങ്കിലും പരിഗണിക്കണമെന്നും വക്കീല്‍ അപേക്ഷിച്ചുവെങ്കിലും കോടതി അതൊന്നും ചെവിക്കൊണ്ടില്ല. നാരായണ്‍ കാംബ്ലെക്കുള്ള വിധി തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് വിട്ടുതരുന്ന തുറവില്‍ കോടതി അടയുന്നു!

സാമ്പ്രദായിക നടന്മാരല്ല കോര്‍ട്ടില്‍ കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്. നാരായണ്‍ കാംബ്ലെയെ അവതിരിപ്പിക്കുന്ന വീര സത്തീദാര്‍ ബീഹാറിലെ അറിയപ്പെടുന്ന അംബേഡ്കറൈറ്റും കവിയും ശില്പിയും ചിത്രകാരനുമാണ്. 1960 ല്‍ നാഗ്പൂര്‍ സിറ്റിയില്‍ ജനിച്ച വീര സത്തീദാര്‍ കാലിച്ചെറുക്കനായാണ് ജീവിതമാരംഭിച്ചത്. ഇപ്പോള്‍ 'വിരോധി' എന്ന മറാത്തി മാഗസിന്റെ എഡിറ്ററാണ്. നാടന്‍പാട്ട് എഴുതുന്നതിലും പാടുന്നതിലുമുള്ള മികവ് കണ്ടറിഞ്ഞാണ് ചൈതന്യ തമാനേ കോര്‍ട്ടിലേക്ക് വീര സത്തീദാറെ തെരഞ്ഞെടുക്കുന്നത്. നാരായണ്‍ കാംബ്ലെയുടെ വക്കീലായ വിനയ് വോറയെ അവതരിപ്പിക്കുന്ന വിവേക് ഗോംബെറാണ് സിനിമ നിര്‍മിച്ചത്. ചൈതന്യ തമാനേയുടെ സുഹൃത്തായ വിവേക് ഗോംബെര്‍ തിരക്കഥാ രചനയിലും സഹകരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ നൂതന്‍ എന്ന വനിതയെ ഗീതാഞ്ജലി കുല്‍ക്കര്‍ണിയാണ് അവതരി പ്പിച്ചത്. പ്രദീപ് ജോഷി ജഡ്ജിയായും പവാറിന്റെ വൈഫ് ഷര്‍മിളയെ ഉഷാ ബാനെയും സുബോധായി ശ്രീരിഷ് പവാറും വേഷമിട്ടു. ഉഷ ബാനെ ഒരു മാന്‍ഹോള്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ വിധവതന്നെയാണ്. മറ്റുള്ളവരില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരും ബാങ്ക് ജീവനക്കാരുമുള്‍പ്പെടെ നാനാതുറകളില്‍ നിന്നുമള്ള ആളുകള്‍ ചേര്‍ന്നാണ് പാത്രാവതരണം ഗംഭിരമാ ക്കിയത്. പലരും ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച വരുമായിരുന്നു. 6 മാസത്തെ പാത്രാവതരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 47 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നൂതന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ അവതരിപ്പിച്ച ഗീതാഞ്ജലി കുല്‍ക്കര്‍ണിക്ക് ഓരോ സീനിലും 30 മുതല്‍ 40 വരെ ടേക്കുകള്‍ വേണ്ടിവന്നു!

കോര്‍ട്ടിലെ സംഗീതം ചിട്ടപ്പെടുത്തുകയും ഗാനങ്ങള്‍ എഴുതി ആലപിച്ചതും ഫോക് മ്യൂസിക് ലെജണ്ടും ദലിത് ആക്ടിവിസ്റ്റു മായ സാംബാജി ഭഗത്താണ്. ഛായാഗ്രഹണം മൃണാള്‍ ദേശായിയും എഡിറ്റിംഗ് റിഖാവ് ദേശായിയും നിര്‍വഹിച്ചു. തന്റെ സംഘാംഗങ്ങളിലുള്ള എല്ലാവരേയും ആനന്ദ് പട് വര്‍ദ്ധന്റെ വിഖ്യാതമായ 'ജയ് ഭീം, കോമ്രേഡേ' എന്ന ഡോക്യുമെന്റെറി കാണുവാന്‍ അവസരമൊരുക്കിക്കൊണ്ട് വിപുലമായ മുന്നോരുക്കങ്ങള്‍ നടത്തിയശേഷമാണ് ചൈതന്യ തമാനെ ചിത്രീകരണം ആരംഭിച്ചത്.

1987 ല്‍ മഹാരാഷ്ട്രയിലെ മുബെയില്‍ ജനിച്ച ചൈതന്യ തമാനെ തന്റെ ആദ്യ മുഴുനീള സിനിമയായ 'കോര്‍ട്ട്'ന് മുമ്പ് 'സിക്‌സ് സ്ട്രാന്‍സ്' എന്നൊരു ഷോര്‍ട്ട് ഫിലിം മാത്രമേ എടുത്തിരുന്നുള്ളൂ. 'സിക്‌സ് സ്ട്രാന്‍സ്' മികച്ച അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശി പ്പിച്ച് ശ്രദ്ധനേടിയിരുന്നു. ഓസ്‌കാര്‍ നോമിനേഷനെ തുടര്‍ന്ന് കോര്‍ട്ട് 9 ആം ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് ല്‍ മികച്ച തിരക്കഥക്കുള്ള നോമിനേഷനും നേടി. 16 ആമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ നിന്നും മികച്ച സംവിധായകനുള്ള അവാര്‍ഡ് കോര്‍ട്ട് നേടി. 2015 ലെ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയതിന് പുറമേ 17 ല്‍ ഏറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കോര്‍ട്ട് കരസ്ഥമാക്കി. ലോകോത്തര ഫെസ്റ്റിവെലായ വെനീസിലെ 71 ആം മേളയില്‍ നിന്ന് മികച്ച സിനിമക്കുള്ള അവാര്‍ഡ് കോര്‍ട്ടിനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ