"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 2, ഞായറാഴ്‌ച

ദലിത് ഫിലിം ഫെസ്റ്റിവെല്‍: സങ്കല്പനം തന്നെ പ്രതിരോധ രൂപകം.🎬 കേരളത്തില്‍ വെച്ച് നടാടെ ഒരു ദലിത് ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കപ്പെട്ടു. ദലിത് - സ്ത്രീ - പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ദൃഷ്ടി ഫിലിം ക്ലബ് അംബേഡ്കര്‍ പരിനിര്‍വാണ ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ നാട്യഗൃഹത്തില്‍വെച്ച് 2002 ഡിസംബര്‍ 7 ആം തിയതിയാണ് ഈ സംരഭം സാക്ഷാത്ക രിച്ചത്. ദലിത് ചലച്ചിത്രമേള എന്ന സങ്കല്പനം തന്നെ, നിലവി ലുള്ള ചലച്ചിത്ര നിര്‍മിതിയിലും അതേത്തുടര്‍ന്നുള്ള പ്രദര്‍ശനമേള, പാഠവത്കരണം എന്നീ സ്ഥാപനങ്ങളേയും താങ്ങിനിര്‍ത്തുന്ന സവര്‍ണീയമായ എല്ലാത്തരം ലാവണ്യശാസ്ത്ര അടിത്തറകളിലും കനത്ത വിള്ളലുകള്‍ ഏല്പിച്ചുകൊണ്ടാണ് രൂപപ്പെടുന്നത്. ദലിത് സിനിമകളുടെ അസുലഭതയോ സൗന്ദര്യരീതികളിലെ അപരത്വമോ ഇത്തരമൊന്ന് വിഭാവനചെയ്യുമ്പോള്‍ പ്രതിബന്ധിക്കാതിരുന്ന ഒരു കൂട്ടം യുവതയുടെ ഇച്ഛാശക്തി ഒന്നുതന്നെയാണ് ഈ ഏകദിന മേളയെ സാധ്യമാക്കിയത്.

ആര്‍ ആര്‍ ശ്രീനിവാസന്റെ 'ദി അണ്‍ടച്ചബിള്‍ കണ്ട്രി', കെ സ്റ്റാലിന്റെ 'ലെസ്സര്‍ ഹ്യൂമണ്‍സ്', എന്നീ ഡോക്യുമെന്ററികളും ആനന്ദ് പട്വര്‍ദ്ധന്റെ 'വി ആര്‍ നോട്ട് മങ്കീസ്' എന്ന ഹ്രസ്വ സംഗീതാവിഷ്‌കാരവും ജബ്ബാര്‍ പട്ടേലിന്റെ 'ബാബാസാഹിബ് ഡോ. അംബേഡ്കര്‍' എന്ന ജീവചരിത്ര സിനിമയുമാണ് മേളയിലുണ്ടായിരുന്നത്. ദലിതുകളെ പുറത്താക്കി സ്ഥാപിച്ച മലയാളീയത എന്ന സവര്‍ണസ്ഥാപനം അതിന്റെ ദുഷിപ്പുകള്‍ നിക്ഷേപിക്കുന്നതിന് കണ്ടെത്തിയ വാര്‍ത്താചിത്രണ സങ്കേത ങ്ങളില്‍ വെച്ച് തീര്‍ക്കുന്ന കാവുകളും കനവുമലയിലെ കാഴ്ച കളും പരത്തുന്ന ജീര്‍ണതകള്‍ക്ക് അപരവും വെള്ളക്കാരന്റെ കാഴ്ചവെപ്പുധിക്കാരങ്ങളെ പ്രതിരോധിച്ച 'ബ്ലാക്ക് അമേരിക്കന്‍ സിനിമ' എന്ന സങ്കല്പനം ഉയര്‍ത്തിവിട്ട മൂല്യബോധങ്ങള്‍ക്ക് അനുരൂപവുമായ ഈ ദലിത് രചനകള്‍ അപരിചിതിയുടെ നവസിദ്ധാന്തങ്ങളെ ഈടുവെക്കുന്നുണ്ട്.

ബ്രാഹ്മണിത്ത പ്രത്യയശാസ്ത്രം അതിന്റെ ശാസനകള്‍ അനുസ രിച്ചുള്ള ദണ്ഡനകള്‍ അനായാസം നടപ്പാക്കുന്നതിനായി, തമിഴ്‌നാട്ടിലെ ജാതിരാഷ്ട്രീയം തുറന്നിട്ടിരിക്കുന്ന കളിക്കളത്തില്‍ വെച്ച് വിനാശമടയുന്ന ദേശികജനതയായ ദളിതുകള്‍ നേരിടുന്ന പീഢാവസ്ഥകളുടെ നേര്‍പകര്‍പ്പ് എടുത്തുകാണിച്ചാണ് ആര്‍ ആര്‍ ശ്രീനിവാസന്‍ 'ദി അണ്‍ടച്ചബിള്‍ കണ്‍ട്രി'യിലൂടെ ഡോക്യു മെന്ററിയുടെ സൗന്ദര്യശാസ്ത്രരീതികളെ അട്ടിമറിച്ചത്. സവര്‍ണീ യ സങ്കല്പനം കുത്തകയാക്കിയ കാഴ്ചവെപ്പധികാരങ്ങളുടെ വെണ്‍പ്രതലത്തില്‍ കരിയെഴുത്തുനടത്തിയ ഈ ഡോക്യുമെന്ററി, അതിലെ ദൃശ്യനൈരന്തര്യങ്ങളില്‍ ദലിത് എഴുത്തുകാരുടെ / വിമോചനപ്രവര്‍ത്തകരുടെ ആകുലതകള്‍ പങ്കുവെക്കുന്നു. കാഞ്ച ഐലയ്യ, ഗെയില്‍ ഓംവെദ്, കെ വീരമണി. പി ശിവകാമി തുടങ്ങിയവര്‍ ദലിത് ഉന്മൂലനത്തിന് പിന്നിലെ ഫാസിസ്റ്റ് അജണ്ട യെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു.

ആനന്ദ് പട് വര്‍ദ്ധന്‍ അവതരിപ്പിക്കുന്ന നാടോടി സംഗീതരൂ പകമായ 'വി ആര്‍ നോട്ട് മങ്കീസ്' ബ്രാഹ്മണിത്ത ശക്തികള്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നതിന് ദലിതുകളെ അതിനിഗൂഢമായി ഉപയോഗപ്പെടുത്തുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്ന ഹ്രസ്വ സിനിമയാണ്. സവര്‍ണവത്കരണത്തിന്റെ കുരങ്ങാട്ടി കള്‍ക്കു മുന്നില്‍ കൂനിക്കളിക്കാന്‍ തയാറാകാത്ത ദലിത് ജനതയുടെ ചെറുത്തു നില്പുകളിലെ രാഷ്ടിയ അവബോധ ത്തിന്റെ പിന്‍ബലത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന 'വി ആര്‍ നോട്ട് മങ്കീസി'ലെ കലാപഗാനം കുരങ്ങുകളിയുടെ ഉത്തരേന്ത്യന്‍ നാടോടിത്താളത്തില്‍ ആലാപനം ചെയ്യപ്പെട്ടിരിക്കുന്നു. സങ്കലന ത്തിനിടയില്‍ കാണിക്കുന്ന രാമന്റെ ചിത്രത്തിന്റെ നിശ്ചലത അധിനിവേശകാരികളുടെ അധികാരചിഹ്നമെന്ന നിലയില്‍ ദേശികജനതക്ക് ഭീഷണിയാണെന്ന് ഓര്‍മപ്പെടുത്തുമ്പോള്‍, പരാമര്‍ശിക്കപ്പെടുന്ന രാവണനാമമാകട്ടെ പ്രതിരോധ രൂപകമായി നിര്‍ദ്ദേശിക്കപ്പെടുന്നുവെന്നതാണ് 'വി ആര്‍ നോട്ട് മങ്കീസി'ല്‍ പട് വര്‍ദ്ധന്‍ പാലിക്കുന്ന ദൃശ്യതയുടെ രാഷ്ട്രീയ വിശുദ്ധി.

സവര്‍ണമേലാളന്‍ ചോദിക്കുന്ന, എന്താ നിന്റെ പ്രശ്‌നം? നീ ഞങ്ങളുടെ തീട്ടക്കുഴികള്‍ തൂത്തുവാരുന്നുണ്ട്, അതിന് നിനക്ക് ഞങ്ങള്‍ തീറ്റ തരുന്നില്ലേ? ഇതില്‍ കൂടുതല്‍ എന്തുവേണം?

എഴുത്തുകാരിയുടെ ഉത്കണ്ഠ; നമ്മുടെ കാലത്തെ ഈ ജീര്‍ണവ്യവസ്ഥ ഇല്ലായ്മ ചെയ്യുവാന്‍ അതിനിരയാക്കപ്പെടുന്ന ജനസമുദായം മുന്നോട്ടു വരുന്നതുവരെ കാത്തിരിക്കണമോ? അഥാവാ ഇന്ത്യുടെ ഭംഗി ജനത അന്തസ്സിനും നീതിക്കും സമതക്കും വേണ്ടി ഇനിയൊരു അന്‍പത് വര്‍ഷംകൂടി കാത്തിരിക്കണമോ? 

മേരി തെക്കേക്കര രചിച്ച Endless Filth എന്ന കൃതിയില്‍ നിന്നുള്ള സംവാദശകലമാണ് മേലുദ്ധരിച്ചത്. പ്രതിസംസ്‌കാരപരമായ ജാതിത്തൊഴില്‍ വ്യവഹാരത്തില്‍ നിന്ന് നൂറ്റാണ്ടുകളായി ഒരു ദേശിക ജനസമുദായം ഒന്നടങ്കം അനുഭവിച്ചു പോരുന്ന കൊടിയ പീഢകള്‍ക്കു പിന്നിലെ നിഗൂഢതകളെ അനാവരണം ചെയ്യുന്നതി നുള്ള വരമൊഴിയുടെ പരിമിതികളെ അതിലംഘിക്കുന്ന 'ലെസ്സര്‍ ഹ്യൂമണ്‍സ്' എന്ന ഡോക്യുമെന്ററിയിലൂടെ കെ സ്റ്റാലിന്‍ സാമ്പ്രദായിക കാഴ്ചകളുടെ സവര്‍ണ സങ്കേതങ്ങളെ പാടേ നിരാകരിക്കുന്നു. ഭംഗി സമുദായം തലമുറകളായി തുടര്‍ന്നുപോ രുന്ന തീട്ടക്കുഴികളിലെ നരകത്തൊഴില്‍ കോടികളുടെ കടലാസു പദ്ധതികള്‍ക്കു പോലും നിര്‍ത്തലാക്കാന്‍ കഴിയാതിരിക്കു ന്നതിന്റെ മൂലകാരണങ്ങള്‍ വൈദികബ്രാഹ്മണ്യത്തിന്റെ ശാസനകളില്‍ കണ്ടെത്തുന്നു. 'ഇന്ത്യന്‍ ഗെറ്റോ' എന്ന ദേശിക ദുരന്തത്തെ ചരിത്രാതീതകാലത്തുള്ള സങ്കല്പനം മാത്രമായി ചുരുക്കിയെഴുതുന്ന മാധ്യമ വിശകലനങ്ങളുടെ ഹീനതന്ത്രങ്ങള്‍ക്ക് പ്രഹരമേല്പിച്ചും, മയക്കുകാഴ്ചകള്‍കൊണ്ട് യാഥാര്‍ത്ഥ്യ ങ്ങള്‍ക്കുമേല്‍ മറപിടിക്കുന്ന ഡോക്യുമെന്ററി രചാനാസങ്കേ തങ്ങള്‍ക്കു നേരേ തീട്ടം കോരിയെറിഞ്ഞും, ഭംഗികളുടെ നരകസ്ഥലങ്ങളായ കക്കൂസുമാടങ്ങളില്‍ നിന്ന് ഇത്തിരിത്തീറ്റ ക്കായി ഒത്തിരിത്തീട്ടത്തില്‍ മുങ്ങിനിവരുന്ന ദലിതുകളുടെ ദുരന്ത ഭൂമികകള്‍ക്കെതിരായി പൊതുബോധമുണര്‍ത്തുന്നതിന് കെ സ്റ്റാലിന്‍ തയാറാക്കിയ പ്രതിഷേധ പത്രികയാണ് 'ലെസ്സര്‍ ഹ്യൂമണ്‍സ്'.

മറ്റെവിടെനിന്നുമല്ല, എം കെ ഗാന്ധിയുടെ സ്വന്തം ഗുജറാത്തില്‍ നിന്നാണ് ഈ കാഴ്ചകള്‍! കോളപ്പാനീയങ്ങളുടെ ആഗോള വ്യാപനത്തിന് എതിരേ പാളപ്പാത്രവും പഴങ്കഞ്ഞിയും ശുപാര്‍ശ ചെയ്യുന്ന ബ്രാഹ്മണിത്ത ഗാന്ധിമാര്‍ഗികള്‍ക്ക് ഈ മാരക സാമൂഹ്യവ്യവസ്ഥകള്‍ക്കെതിരേ എന്തു ബദലുകളാണാവോ നിര്‍ദ്ദേശിക്കാനുള്ളത്? 

സുരാസുവിന്റെ മകനായ കെ സ്റ്റാലിന് ദൃശ്യതയിലെ കാര്‍ക്കശ്യം പിതൃസിദ്ധമാണ്. സ്ഥിതിവിവരക്കണക്കുകളുടെ ആമുഖരേഖയും, നിരക്കക്കൂസുകളിലോരോന്നിലും കടന്നുകയറി തീട്ടം കോരുന്ന ഒരു ദലിത് സ്ത്രീയുടെ ദൃശ്യവും പരസ്പരം ഇടകലര്‍ത്തി യെഴുതിയ സന്നിവേശരീതിയിലെ ശക്തിപ്രകടനമൊന്നുമതി സാക്ഷാത്കാരതന്ത്രജ്ഞതയിലുള്ള കെ സ്റ്റാലിന്റെ ഇരുത്തം വിലിയിരുത്താന്‍. സിനിമയിലേതിനേക്കാള്‍ ഡോക്യുമെന്ററി കളില്‍ പ്രയോഗിക്കുന്ന നിശ്ചലതകള്‍ വിപുലമായ സംവേദതല ങ്ങള്‍ തുറന്നുതരുമെന്ന സാക്ഷാത്കാരപാഠം ഏറ്റവുമധികം ഉള്‍ക്കൊണ്ടയാളാണ് കെ സ്റ്റാലിന്‍ എന്ന് 'ലെസ്സര്‍ ഹ്യൂമണ്‍സ്' സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം നെഞ്ചുകൂട്ടില്‍ കയര്‍ വട്ടം ചുറ്റിക്കെട്ടി തീട്ടക്കുഴിയിലെ ആഴത്തില്‍ മുങ്ങിയറങ്ങി മിനുട്ടു കളോളം അധ്വാനിച്ചു നിവരുന്ന മെല്ലിച്ച ഒരു ഭംഗി യുവാനിനെ ലെസ്സര്‍ ഹ്യൂമണ്‍ പരിചയപ്പെടുത്തുന്നു. ഈ ഹീനവൃത്തി എന്തിനെന്ന ചോദ്യത്തിന് അവര്‍ നല്കുന്ന മറുപടിയാണ് 'ഞങ്ങള്‍ ഹരിജനങ്ങളാണ്.....' അതിനു ശേഷമുള്ള അവന്റെ നിശ്ചലത നടുക്കുന്ന കാഴ്ചയാണ്.

സവര്‍ണ സങ്കല്പങ്ങളുടെ പര്യായരൂപകം മാത്രമായ മലയാളീ യതക്ക് വെളിയിലെ ഡെസ്റ്റ് ബിന്നിലാണ് മറ്റല്ലാ വ്യവഹാര ങ്ങള്‍ക്കുമൊപ്പം ദലിത് സിനിമകളുടേയും സ്ഥാനം എന്നതാണ് ചരിത്രപരമായ അതിന്റെ ദുരന്തം. അതിനാല്‍ സാമ്പ്രദായിക കാഴ്ചവെപ്പധികാരങ്ങളോട് നിരന്തംരം സംഘര്‍ഷപ്പെട്ടുകൊണ്ടാണ് ദലിത് സിനിമകളും രൂപംകൊള്ളുന്നത്. ദൃഷ്ടി അതിന് നല്ലൊരു തുടക്കമാണ്, പ്രതീക്ഷയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ