"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 20, തിങ്കളാഴ്‌ച

ഉദ്ധം സിംഗ്: സിനിമയാകുന്ന ആദ്യത്തെ ദലിത് ജീവചരിത്രം.


🎬 ജാലിയന്‍ വാലാബാഹ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഒ'ഡ്വെയറെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ചെന്ന് വധിച്ചതിലൂടെ വിഖ്യാതനായ വിപ്ലവകാരി യാണ് ഉദ്ധം സിംഗ് എന്ന ധീരദലിതന്‍. 2000 ല്‍ ഉദ്ധം സിംഗിന്റെ ജീവിതപ്പോരാട്ടങ്ങളെ ആധാരമാക്കി 'ശഹീദ് ഉദ്ധം സിംഗ്: ഏലിയാസ് രാം മൊഹമ്മദ് സിംഗ് ആസാദ്' എന്നൊരു സിനിമയിറങ്ങി. ചിത്രാര്‍ത്ഥ് എന്ന സംവിധായകന്‍ പഞ്ചാബി ഭാഷയില്‍ എടുത്ത പ്രസ്തുത സിനിമയില്‍ രാജ് ബബ്ബാര്‍ ഉദ്ധം സിംഗായി വേഷമിടുന്നു. 1977 ല്‍ ബല്‍രാജ് താഹ് സംവിധാനം ചെയ്ത് പുറത്തിറക്കിയ 'ജാലിയന്‍വാലാ ബാഹ്' എന്ന സിനിമയിലും ഉദ്ധം സിംഗിന്റെ ജീവിതത്തേയും ആധാരമാക്കി യിട്ടുണ്ട്. ഹിന്ദിയില്‍ എടുത്ത ഈ സിനിമയില്‍ ബല്‍രാജ് സാഹ്നിയാണ് ഉദ്ധം സിംഗായി വേഷമിട്ടത്.

1889 ഡിസംബര്‍ 26 ന് സന്‍ഗൂര്‍ ജില്ലയിലെ രാജനഗരമായ പട്യാലക്ക് അടുത്ത് സുനം എന്ന നാട്ടിന്‍ പുറത്താണ് ഉദ്ധം സിംഗ് ജനിച്ചത്. ഇപ്പോള്‍ ഈ നാട്ടിന്‍പുറം സുനം ഉദ്ധം സിംഗ് വാല എന്ന് അറിയപ്പെടുന്നു. ഉദ്ധം സിംഗിന്റെ അച്ഛന്‍ സര്‍ദാര്‍ തെഹല്‍ സിംഗും അമ്മ സര്‍ദാരിണി ഹര്‍നം കൗറും ആയിരുന്നു. ഉദ്ധം സിംഗിന്റെ മാതാപിതാക്കള്‍, ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സീയറായിരുന്ന സര്‍ദാര്‍ ധന്ന സിഗ് ജി യുടെ പ്രേരണയാല്‍ സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു. അതിനുമുമ്പ് സര്‍ദാര്‍ തെഹല്‍ സിംഗിന്റെ പേര് ശ്രീ ചുഹാര്‍ രാം എന്നും സര്‍ദാരിണി ഹര്‍നം കൗറിന്റെ പേര് ശ്രീമതി നാരായണ ദേവി എന്നുമായിരുന്നു. അവര്‍ ഉത്തര്‍ പ്രദേശിലെ ഇറ്റാ നഗറിലെ പട്യാലിയിലാണ് താമസിച്ചിരുന്നത്. ചുഹാര്‍ റാം ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജമ്മു കാശ്മീരിലെ കാംബോജി ഗോത്രത്തില്‍ പെടുന്ന ചമാറുകളു ടേതാണ് അവരുടെ തായ് വഴി. ഗുരു രവിദാസിന്റെ പിന്‍തുടര്‍ച്ചക്കാരായ അസ്പൃശ്യ സമുദായക്കാരാണ് ചമാറുകള്‍. 1414 - 1540 എ ഡിയാണ് ഗുരു രവിദാസിന്റെ കാലഘട്ടം. ബനാറസിലാണ് ഗുരു രവിദാസ് ജനിച്ചത്.

1980 ല്‍ ഉത്തര്‍ പ്രദേശിലെ പട്യാലിയില്‍ നിന്നും പഞ്ചാബിലെ പട്യാലയിലെ സുനം എന്ന നാട്ടിന്‍ പുറത്തേക്ക് ചുഹര്‍ റാമും നാരായണ ദേവിയും എത്തിപ്പെട്ടത്, കൃഷിപ്പണിയെടുക്കുന്നതിനും ഭൂവുടമകളുടെ ഇഷ്ടികക്കളങ്ങളില്‍ പണിയെടുക്കുന്നതിനുമായാണ്  വളരെ പാവപ്പെട്ട ദലിത് കുടുംബത്തില്‍ പെട്ട അവര്‍ക്ക് അവിടെയും കുറഞ്ഞ കൂലിക്ക് കഠിനമായ ജോലികള്‍ ചെയ്യേണ്ടതായി വന്നു. സുനം നാട്ടിന്‍പുറത്തു നിന്നും അഞ്ച് കിലോ മീറ്റര്‍ അകലത്തുള്ള നീലോവല്‍ എന്ന കൃഷിപ്പാടത്ത് പണിയെടുക്കാന്‍ ചെന്നപ്പോഴാണ് സര്‍ദാര്‍ ധന്നാ സിംഗിനെ പരിചയപ്പെടുന്നത്. നിഷ്‌കളങ്കരായ ആ കര്‍ഷകത്തൊഴിലാളി ദമ്പതികളുടെ കഠിനാധ്വാനശീലം നേരിട്ട് ബോധ്യമായ സര്‍ദാര്‍ ധന്നാ സിംഗിന് അവരില്‍ അങ്ങേയറ്റം മതിപ്പുളവാക്കി. സിഖ്മതത്തോട് ധന്നാ സിംഗിനുള്ള അര്‍പണ ബോധം ചുഹര്‍ റാം ദമ്പതികളേയും വല്ലാതെ ആകര്‍ഷിച്ചു.

സിഖ്മതം സ്വീകരിക്കുന്നതിന് മാത്രമല്ല സര്‍ദാര്‍ തെഹല്‍ സിംഗിന് ധന്നാ സിംഗ് പ്രേരണയായത്. തെഹല്‍ സിംഗിന് റെയില്‍വേ ഗേറ്റ് കീപ്പറുടെ ജോലി തരപ്പെടുത്തി കൊടുക്കു ന്നതിലേക്ക് ഈ ബന്ധം വളര്‍ന്നു. സുനാമില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ അകലെ ഉപ്പാലി റെയില്‍വെ സ്റ്റേഷനിലായിരുന്നു തെഹല്‍ സിംഗിന് ജോലി തരമായത്. ഉത്തര്‍ പ്രദേശില്‍ നിന്ന് പോരുമ്പോള്‍ തെഹല്‍ സിംഗിനും സര്‍ദാരിണിക്കും ഒപ്പം മൂത്ത മകള്‍ മായാ കൗറും കൂടെയുണ്ടായിരുന്നു. സുനാമില്‍ ഒരു കൊച്ചുകൂരയില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം തെഹല്‍ സര്‍ദാരിണിമാര്‍ക്ക് രണ്ട് ആണ്‍മക്കള്‍ കൂടി പിറന്നു. രണ്ടാമത്തെ മകനാണ് ഉദ്ധം സിംഗ്. മൂത്ത മകന് മുഖാ സിംഗ് എന്നാണ് പേര്. ഉദ്ധം സിംഗിനെ ആദ്യം വിളിച്ചിരുന്ന പേര് ഷേര്‍ സിംഗ് എന്നായിരുന്നു.

മക്കളുടെ കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാരായ തെഹല്‍ സിംഗും സര്‍ദാരിണിയും പെട്ടെന്നു മരണമടഞ്ഞത് ഉദ്ധം സിങിന്റെ ജീവിതത്തിലെ ആദ്യ ദുരന്തമായിരുന്നു. മുത്ത സഹോദരന് പത്തും ഉദ്ധം സിംഗിന് അഞ്ചും വയസുള്ളപ്പോള്‍ത്തന്നെ ഇരുവരും അനാഥരായി. സര്‍ദാര്‍ ധന്നാ സിംഗിന്റെ മരുമകനായ സര്‍ദാര്‍ ചഞ്ചല്‍ സിങ് രണ്ടുവര്‍ഷത്തോളം രണ്ടുകുട്ടികളേയും നോക്കി. 1907 ഒക്ടോബര്‍ 24 ന് അമൃത്സര്‍ പുത്‌ലി ദാര്‍ഹിന് അടുത്തുള്ള സെന്‍ട്രല്‍ ഖസ്ല രാം ബാഹ് അനാഥാലയത്തില്‍ മുഖാ സിംഗിനേയും ഷേര്‍ സിംഗിനേയും സര്‍ദാര്‍ ചഞ്ചല്‍ സിംഗ് കൊണ്ടുചെന്നാക്കി. ധന്നാം സിംഗിന്റെ മകളും ചഞ്ചല്‍ സിംഗിന്റെ ഭാര്യയുമായ സര്‍ദാരിണി മായാ കൗര്‍ രണ്ടു കുട്ടികളേയും സ്വന്തം മക്കളെ പോലെ പരിപാലിച്ചു. അവിടെ വെച്ചാണ് മുഖാ സിംഗിന് സാധു സിംഗ് എന്നും ഷേര്‍ സിംഗിന് ഉദ്ധം സിംഗ് എന്നും പേരുകള്‍ മാറ്റി നല്കിയത്. അനാഥാല യത്തിലെ പാചകക്കാരനായിരുന്ന പണ്ഡിറ്റ് ജയ് ചന്ദ് ആണ് ബാലനായ ഉദ്ധം സിംഗിന്റെ ഉള്ളില്‍ വിപ്ലവത്തിന്റെ വിത്തുകള്‍ പാകിയത്. ബാലനായ ഉദ്ധം സിംഗിന്റെ വിനയവും ഊര്‍ജസ്വലതയും സത്യസന്ധതയും പണ്ഡിറ്റ് ജയ്ചന്ദിന്റെ ഭാര്യയിലും സര്‍ദാരിണി മായാ കൗറിലും വളരെയധികം മതിപ്പുളവാക്കി. ഇരുവരും മാതാക്കളെ പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത്. 

1913 ല്‍ പൊടുന്നനെ ഒരു ദിവസം സാധു സിംഗ് ആരോടും പറയാതെ അനാഥാലയം വിട്ടു. പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. 1917 ല്‍ എന്നോ സാധു സിംഗ് മരണപ്പെട്ടതായി അറിവു ലഭിച്ചു. തീര്‍ത്തും അനാഥനായ ഉദ്ധം സിംഗിന് വീണ്ടും കനത്ത ആഘാതമായിരുന്നു സഹോദരന്റെ വേര്‍പാട് നല്കിയത്.

1919 ല്‍ മെട്രിക്കുലേഷന്‍ പാസായതിനു ശേഷം ഉദ്ധം സിംഗ് അനാഥാലയം വിട്ടു. മരപ്പണിയും ഡ്രൈവിംഗും പഠിച്ച് അനാഥാലയത്തിനടുത്തുള്ള ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി നോക്കി. അതോടൊപ്പം ഗുസ്തിയിലും സംഗീതത്തിലും ഉദ്ധം സിംഗ് പ്രാവീണ്യം നേടി. എന്നാല്‍ വാസ്തവത്തില്‍ ആ സ്ഥാപനം വിപ്ലവകാരികളുടെ ഒരു രഹസ്യ കേന്ദ്രമായിരുന്നു! (ക്രാന്തികാരീസ് റെവല്യൂഷനറി ഫ്രീഡം ഫൈറ്റര്‍) അവിടെ വെച്ചാണ് ഉദ്ധം സിംഗ് സര്‍ദാര്‍ ഭഗത് സിംഗിനേയും രാജ് ഗുരുവിനേയും സുഖ് ദേവിനേയും കണ്ടുമുട്ടുന്നത്.

1919 ഏപ്രില്‍ 13.

Jhooth Na Bol Pande എന്ന ഹിന്ദി ഭാഷയിലുള്ള ഗ്രന്ഥത്തിന്റെ കര്‍ത്താവായ സര്‍ദാര്‍ ഗുര്‍നാം സിംഗ് സൂകസ്തര്‍ തന്റെ ഗ്രന്ഥത്തിന്റെ 283 ആം പേജില്‍ എഴുതിയിട്ടുള്ളത് പ്രകാരം ജാലിയന്‍വാലാ ബാഗില്‍ ഒത്തു കൂടിയവര്‍ ബ്രിട്ടീഷ് കരിനിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ഒത്തു കൂടിയവരായി രുന്നില്ലെന്നാണ്. അത് ദലിത് സിഖുകാരുടെ ഒരു സമ്മേളനമായി രുന്നുവത്രേ. സവര്‍ണ സിഖുകാരനായ ഗ്രാന്ധി അറൂര്‍ സിംഗ് (Granthi Aroor Singh) ദലിത് സിഖുകാരുണ്ടാക്കുന്ന അലുവ വില്‍ക്കുന്നതിനായി അമൃത്സറിലോ പരിസരപ്രദേശത്തോ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. അറൂര്‍ സിംഗിന്റെ ഈ നടപടിയില്‍ പ്രതിഷേധിക്കാനാണ് ദലിത് സിഖ്കാര്‍ സൈനിക രായ മറ്റ് അസ്പൃശ്യരോടൊപ്പം ജാലിയന്‍വാലാ ബാഗില്‍ ഒത്തുകൂടിയത്. ഇതില്‍ അമര്‍ഷം പൂണ്ട ഗ്രാന്ധി അറൂര്‍ സിംഗ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഡ്വെയര്‍ സൈന്യവുമായി എത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കമാണിതെന്ന് ഗ്രാന്ധി അറൂര്‍ സിംഗ് ഡ്വെയറെ തെറ്റിദ്ധരിപ്പിച്ചു! ഗ്രാന്ധി തന്നെയാണ് പ്രമുഖ ദലിത് നേതാക്കളെ ഒഡ്വെയറിന് ചൂണ്ടിക്കാണിച്ചു കൊടുത്തതത്രേ.

തടിച്ചുകൂടിയവര്‍ക്ക് വെള്ളം എത്തിച്ച ശേഷം ഉദ്ധം സിംഗിനു കൂടി ഇരിക്കുവാന്‍ മൈതാനത്ത് ഇടമുണ്ടായിരുന്നില്ല. നേതാക്കന്മാരുടെ പ്രസംഗം കേള്‍ക്കുന്നതിനായി ഉദ്ധം സിംഗ് ഒരു മരത്തില്‍ കയറില്‍ അതിന്റെ മുകളില്‍ ഇരുപ്പുറപ്പിച്ചു. അപ്പോഴാണ് സൈന്യം വന്നതും വടിവെച്ചതും. മരത്തിലായി രുന്നതു കൊണ്ട് ഉദ്ധം സിംഗ് വെടിയേല്ക്കാതെ രക്ഷപെടുക യായിരുന്നു. മരത്തിനു മുകളിലിരുന്ന ഉദ്ധം സിംഗ് എല്ലാ ക്രൂര നടപടികള്‍ക്കും ദൃക്‌സാക്ഷിയായി. മൈക്കിള്‍ ഒ'ഡ്വെയറാ (Michael O'Dwyer 1846 - 1940) അന്ന് പഞ്ചാബിലെ ഗവര്‍ണര്‍. ഈ കൂട്ടക്കുരുതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഒ'ഡ്വെയറി നായിരുന്നു. ഗ്രാന്ധിയുടെ ഒത്താശയോടു കൂടിയാണ് ഒ'ഡ്വെയര്‍ ഈ അരുംകൊല നടത്തിയത്. 'ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുമെന്നും പഞ്ചാബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരെ ഒതുക്കു'മെന്നും മറ്റുമുള്ള ഒ'ഡ്വെയറിന്റെ തീരുമാനങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. 

മരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ഉദ്ധം സിംഗ് നേരേ പോയത് അമൃത്സറിലെ കുളത്തിലേക്കായിരുന്നു. കുളികഴിഞ്ഞ് സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ മൗനമായി നിന്ന് ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതിക്ക് കാരണക്കാരനായ ഒ'ഡ്വെയറിനോട് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു!

ഉദ്ധം സിംഗ് ലണ്ടനില്‍

ലണ്ടനിലെത്തിയപ്പോള്‍, ഉദ്ധം സിംഗ് ഇന്ത്യാ ഓഫീസ് ലൈബ്ര റിയില്‍ വെച്ച് രണ്ടു വട്ടം ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുമായി കണ്ടുമുട്ടുകയുണ്ടായി. ഡോ. അംബേഡ്ക റുടെ ഉപദേശമനുസരിച്ച് ഉദ്ധം സിംഗ് എഞ്ചിനീയറിങ് കോഴ്‌സിന് ചേര്‍ന്നു പഠിച്ചു. അതില്‍ത്തന്നെ ഉന്നത പഠനത്തിന് ചേരണമെന്നും ഡോ. അംബേഡ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആയിടെ ഒരു ജര്‍മന്‍ വനിതയായ മിസ് മെറിയെ അവിടെ വെച്ച് ഉദ്ധം സിംഗ് പരിചയപ്പെടാനിടയായി. സാമ്പത്തികം ഉള്‍പ്പെടെ ഉദ്ധം സിംഗിന്റെ വിദ്യാഭ്യാസത്തിന് എന്തു സഹായവും ചെയ്യാമെന്ന് ആ മഹിള ഉറപ്പു കൊടുത്തു. എന്നാല്‍ 1923 ല്‍ ഡോ. അംബേഡ്കര്‍ സംസ്‌കൃതം പഠിക്കുന്നതിനായി ബേണിലേക്കു പോയപ്പോള്‍ തന്റെ വിപ്ലവഗുരുവായ ഭഗത് സിംഗ് ആവശ്യപ്പെട്ടതനുസരിച്ച് ഉദ്ധം സിംഗ് ഇന്ത്യയിലേക്കും തിരിച്ചു പോന്നു.

വീണ്ടും ലണ്ടനില്‍ തിരിച്ചെത്തിയ ഉദ്ധം സിംഗ് മിസ് മെറിയോടൊപ്പം ഷെഫാര്‍ഡ് ബുഷ് ഗുരുദ്വാരക്ക് സമീപം താമസിച്ചു. ഗുരുദ്വാരക്കു വേണ്ടി ടാക്‌സി ഡ്രൈവറായി ധദ്ധം സിംഗ് ജോലി നോക്കി. അതിനു ശേഷം ഡെവോണ്‍ ഷയറില്‍ താമസിച്ചിരുന്ന സര്‍ മൈക്കിള്‍ ഒ'ഡ്വെയറുടെ വീട്ടു ഡ്രൈവറായി ജോലി തരപ്പെടുത്തി. ഒ'ഡ്വെയറുടെ മകള്‍ മിസ് ഗോള്‍ഡിയെ കൊളേജില്‍ കൊണ്ടു വിടുന്നതിനും തിരികെ കൊണ്ടുവരുന്നതി നുമുള്ള ചുമതല ഉദ്ധം സിംഗിനായിരുന്നു. മെല്ലെ മെല്ലെ മിസ് ഗോള്‍ഡിയുടെ വിശ്വാസം നേടിയെടുത്ത ഉദ്ധം സിംഗ് ഒ'ഡ്വെയറുടെ കുടുംബത്തിന്റെ അപ്പോഴത്തെ ചുറ്റുപാടുകളെ കുറിച്ചെല്ലാം നന്നായി മനസിലാക്കിയെടുത്തു. കുറച്ചു നാള്‍ക്കകം ഉദ്ധം സിംഗ് ആ ജോലി ഉപേക്ഷിച്ചു. പ്രതികാരം നിറവേറ്റാനുള്ള സന്ദര്‍ഭം ലഭ്യമാകുന്നത് പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

1940 മാര്‍ച്ച് 12 ന് മറ്റൊരു വിപ്ലവകാരിയായ ബല്‍ബീര്‍ സിംഗിന്റെ റസ്റ്റോറന്റില്‍ വെച്ച് മറ്റു സുഹൃത്തുക്കളോടൊപ്പം ഉദ്ധം സിംഗ് ലഡ്ഡു കഴിക്കുകയായിരുന്നു. എല്ലാ സുഹൃത്തു ക്കളും ഒരേ സ്വരത്തില്‍ അന്വേഷിച്ചു, എപ്പോഴാണ് മിസ് മെറിയുമായുള്ള വിവാഹമെന്ന്. താനെന്നേ തന്റെ മാതൃഭൂമിയെ വിവാഹം കഴിച്ചതാണെന്നും ഇനി മറ്റൊരു വിവാഹമില്ലെന്നും ഞാനീപ്പറയുന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വൈകാതെ നിങ്ങള്‍ക്ക് മനസിലാകുമെന്നും ഉദ്ധം സിംഗ് മറുപടി കൊടുത്തു.

അങ്ങനെ 1940 മാര്‍ച്ച് 13 ന് ഉദ്ധം സിംഗിന്റെ ദിവസമെത്തി. അപ്പോഴേക്കും ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി നടന്ന ശേഷം 21 വര്‍ഷം പിന്നിട്ടിരുന്നു. അന്ന് രാവിലെ ഷേഫേഡ് ബുഷ് ഗുരുദ്വാരയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം ഉദ്ധം സിംഗ് വീട്ടില്‍ തിരിച്ചെത്തി. ഒരുപുസ്തകവു മെടുത്തുകൊണ്ട് നേരെ കാക്സ്റ്റണ്‍ ഹാളിലെത്തി. അവിടെ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റേയും റോയല്‍ സെന്‍ട്രല്‍ ഏഷ്യാ സൊസൈറ്റിയുടേയും ഒരു സംയുക്ത സമ്മേളനം നടക്കുന്നുണ്ടായിരുന്നു. മൈക്കിള്‍ ഒ'ഡ്വെയറായിരുന്നു യോഗത്തിന്റെ സ്പീക്കര്‍. പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച തോക്കുമായി പ്രസംഗവേദിക്ക് അടുത്തുള്ള ഭിത്തിക്ക് പുറം തിരിഞ്ഞ് ഉദ്ധം സിംഗ് നിലയുറപ്പിച്ചു. യോഗം പിരിഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റു. ലോഡ് സെറ്റ്‌ലാന്റുമായി സംസാരിക്കാന്‍ മുന്നോട്ടാഞ്ഞ ഒ'ഡ്വെയറുടെ നെഞ്ചിനു നേരെ ഉദ്ധം സിംഗ് രണ്ടു വട്ടം നിറയൊഴിച്ചു. ഒഡ്വെയര്‍ മരിച്ചു വീണു! ലോഡ് സെറ്റ് ലാന്റ് (1876 - 1951 ഇദ്ദേഹം സ്‌റ്റേറ്റ് ഫോര്‍ ഇന്ത്യ സ്‌ക്രട്ടറിയായിരുന്നു) ന് നേരെയും ഉദ്ധം സിംഗ് നിറയൊഴിച്ചുവെങ്കിലും അദ്ദേഹം നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. സര്‍ ലൂയിസ് ഡെയ്ന്‍ന് നേരെ ഉതിര്‍ത്ത വെടി താടിയെല്ലിനെ മാരകമായി പരിക്കേല്പിച്ചതു നിമിത്തം അദ്ദേഹം ഉടന്‍ തന്നെ മരിച്ചു വീണു. ലോഡ് ലാമിങ്ടന് (1896 - 1951) നേര്‍ക്ക് ഉതിര്‍ത്ത വെടി അദ്ദേഹത്തിന്റെ കൈപ്പത്തി തകര്‍ത്തുവെങ്കിലും അദ്ദേഹം രക്ഷപെട്ടു. രക്ഷപ്പെടാന്‍ മതിയായ സമയവും സാഹചര്യവും ഉണ്ടായിരുന്നിട്ടും ഉദ്ധം സിംഗ് അവിടെ തന്നെ നിന്നു കൊണ്ട് പിടികൊടുത്തു.

ഓള്‍ഡ് ബെയ്‌ലി കോടതിയിലെ വിധിയനുസരിച്ച് 1940 ജൂലൈ 31 ന് മൈക്കിള്‍ ഒ'ഡ്വെയറെ വധിച്ച കുറ്റത്തിന് കന്റോണ്‍വില്ലി ജയിലില്‍ വെച്ച് ഉദ്ധം സിംഗിനെ തൂക്കിക്കൊന്നു. അതിനു മുമ്പ് ഏപ്രില്‍ 1 മുതലുള്ള 42 ദിവസവും ഉദ്ധം സിംഗ് ബ്രിക്‌സറ്റണ്‍ ജയിലില്‍ നിരാഹാര സമരം ചെയ്തു. ഒടുവില്‍ ബലാത്കാര മായി ആഹാരം കഴിപ്പിക്കുകയുണ്ടായി. 

താന്‍ ചെയ്ത വിപ്ലവ പ്രവര്‍ത്തനത്തെക്കുറിച്ച് ഉദ്ധം സിംഗ് ഇങ്ങനെ വിവരിച്ചു. : 'അയാളോടുള്ള പക തീര്‍ക്കുന്നതിനാണ് ഞാന്‍ അത് ചെയ്തത്. അയാള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് ഞാന്‍ അയാള്‍ക്ക് കൊടുത്തത്. യഥാര്‍ത്ഥ ഭീകരന്‍ അയാളാണ്. എന്റെ രാജ്യത്തെ ജനങ്ങളുടെ ആത്മവീര്യം തകര്‍ത്തത് ഒ'ഡ്വെയറാണ്. 21 വര്‍ഷം എന്റെ ശിക്ഷ നടപ്പാക്കാന്‍ ഞാന്‍ അയാളെ പിന്‍തുടര്‍ന്നു. എനിക്ക് രാജ്യത്തോടുള്ള കടമ നിറവേറ്റണമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതില്‍ പരിപൂര്‍ണ തൃപ്തനാണ്. മരണത്തെ എനിക്ക് ഭയമില്ല. എന്റെ രാജ്യത്തിനു വേണ്ടി മരിക്കാന്‍ ഞാന്‍ തയാറാണ്. ബ്രിട്ടീഷ് വാഴ്ചയിന്‍ കീഴില്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ നരകിക്കുന്നത് കണ്ടുകൊ ണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനുവേണ്ടി ജീവിതകാലമത്രയും ഞാന്‍ സമരം ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ ചുമതല നിറവേറ്റിയിരിക്കുന്നു. മാതൃഭൂമിക്കു വേണ്ടി ര്കതസാക്ഷിയാ കുന്നതില്‍ പരം എന്ത് പ്രതിഫലമാണ് എന്നെ സംതൃപ്തനാ ക്കുക?'

ഇങ്ങനെ പ്രസ്താവിക്കാനും പ്രവര്‍ത്തിക്കാനും ഇന്ത്യയില്‍ എത്ര ദേശാഭിമാനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ജാതിയില്‍ കല്പിക്കപ്പെട്ട ഹീനത്വമുള്ളതുകൊണ്ട് ഇത്തരം ഒരു രാജ്യസ്‌നേഹിയുടെ ജീവത്യാഗത്തെ തമസ്‌കരിക്കുമ്പോള്‍ നിങ്ങള്‍ രാജ്യദ്രോഹികളാ കുകയാണ് വാസ്തവത്തില്‍. സര്‍ദാര്‍ ഉദ്ധം സിങ് തന്റെ പേര് 'രാം മൊഹമ്മദ് സിങ് ആസാദ്' എന്ന് മാറ്റിയിരുന്നു എന്നുള്ള വിവരം എത്ര പേര്‍ക്കറിയാം? മതത്തിനതീതമായി ചിന്തിക്കുക യോ മതങ്ങളെ തുല്യ നിലയില്‍ കാണുകയോ ചെയ്ത മഹാനായ ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു ശഹീദ് - ഇ - അസം സര്‍ദാര്‍ ഉദ്ധം സിങ്!

1974 ജൂലൈയില്‍ ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. അതിനായി അശ്രാന്ത പരിശ്രമം നടത്തിയത് സുല്‍ത്താന്‍പൂര്‍ ലോധിയിലെ എംഎല്‍എ ആയിരുന്ന എസ് സാധു സിംഗ് തിണ്ഡാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയോട് ബ്രിട്ടീഷ് ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലു ത്താന്‍ നിര്‍ബന്ധിക്കുക മാത്രമല്ല ചെയ്തത്, ആ അഭ്യര്‍ത്ഥനയു മായി നേരിട്ട് ഇംഗ്ലണ്ടില്‍ ചെന്ന് നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രേരണ ചെലുത്തുകയും ചെയ്തു. ഡെല്‍ഹി വിമാനത്താവള ത്തില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ജ്ഞാനി സെയില്‍ സിംഗും ചേര്‍ന്ന് ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ഏറ്റുവാങ്ങി. ഇരുവരും പിന്നീട് ഇന്ത്യുടെ രാഷ്ട്രപതിമാരായി മാറുകയുണ്ടായി എന്നത് ശ്രദ്ധിക്കുക. ഇപ്പോള്‍ ചിന്തിക്കുക; രണ്ട് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ശേഷിപ്പുകള്‍ ഏറ്റുവാങ്ങാനിടയായി എന്ന വസ്തുത, ലോകത്ത് മറ്റേത് വിപ്ലവകാരിക്ക് ഉണ്ടായിട്ടുണ്ട്! ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ജന്മനാടായ സുനാമില്‍ ഒദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചിതാഭസ്മം ഗംഗാ നദിയില്‍ ഒഴുക്കുകയും ചെയ്തു. 

ഇതാണ് യഥാര്‍ത്ഥത്തില്‍ ഉദ്ധം സിംഗ് നയിച്ച ജീവിതപ്പോരാട്ടം. രണ്ടു സിനിമകളിലും താരങ്ങളേയുള്ളൂ; ഉദ്ധം സിംഗ് ഇല്ല! ധീരദേശാഭിമാനിയായ ദലിതന്‍ എന്നത് ഇരു സിനിമകളിലും മൂടിവെക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ഭഗത് സിംഗുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുപോലും ഭഗത് സിംഗിന്റെ ജീവിതപ്പോ രാട്ടത്തെ ആധാരമാക്കി 1965 ല്‍ ഇറങ്ങിയ 'ശഹീദ്' എന്ന സിനിമയില്‍ ഉദ്ധം സിംഗ് കഥാപാത്രമായി പോലും പ്രത്യക്ഷ പ്പെടുന്നില്ല! എസ് രാം ശര്‍മ സംവിധാനം ചെയ്ത പ്രസ്തുത സിനിമയില്‍ മനോജ് കുമാറാണ് ഭഗത് സിംഗായി വേഷമിട്ടത്. ഈ സിനിമയില്‍ പ്രേം ചോപ്ര സുഖ് ദേവിനേയും അനന്ദ് മറാത്തേ രാജ്ഗുരുവിനേയും മന്‍മോഹന്‍ ചന്ദ്രശേഖര്‍ ആസാദി നേയും അവതരിപ്പിച്ചു. ഭഗത് സിംഗിന്റെ ജീവിതപ്പോരാട്ടത്തെ ആധാരമാക്കി 2002 ല്‍ രാജ്കുമാര്‍ സന്തോഷി എടുത്ത ''ദി ലെജണ്ട് ഓഫ് ഭഗത് സിംഗ്' എന്ന സിനിമയില്‍ 95 ല്‍ ഏറെ ചരിത്രപുരുഷന്മാര്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു ണ്ടെങ്കിലും അതില്‍ ഉദ്ധം സിംഗ് മാത്രം ഇല്ല !? ഉദ്ധം സിംഗിനാല്‍ വെടിയേറ്റ മൈക്കിള്‍ ഒ'ഡ്വെയര്‍ കഥാപാത്രമായി വരുന്നുണ്ടുതാനും! 'ശഹീദ് ഉദ്ധം സിംഗ്' എന്ന ചിത്രാര്‍ത്ഥിന്റെ 2000 ലെ സിനിമയില്‍ ആകട്ടെ ഗുര്‍ദാസ് മന്‍ ഭഗത്സിംഗായി വേഷമിടുന്നുമുണ്ട്.

കച്ചവടം ലാക്കാക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ അനിവാര്യതയല്ലായിരിക്കാം. ്‌വിടെ താരത്തിന് മാത്രമേ പ്രസക്തിയുള്ളൂ. സിനിമ കലയാവണം എന്ന് നിര്‍ബന്ധമുണ്ട്. കലയുടെ ലക്ഷ്യം വിപ്ലവമാകണം. കല കച്ചവടമാകരുത് എന്ന് നിര്‍ബന്ധമുണ്ട്. കച്ചവടത്തിന്റെ വിജയം എപ്പോഴും ലാഭത്തെ ആശ്രയിക്കുന്നു. ആ ലാഭം മുതലാളിമാരെ വളര്‍ത്തുന്നു. മുതലാളിത്തത്തിന്റെ വളര്‍ച്ച ജനതയുടെ അസ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ചയാണ്. ആ തുടര്‍ച്ച അവസാനിക്കുന്നത് ജനത സ്വാതന്ത്ര്യം നേടുമ്പോഴാണ്. വിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടാനാവൂ. അതുകൊണ്ട് കല വിപ്ലവമാകണം. അതിനാല്‍ വിപ്ലവകാരികളുടെ ചരിതം സാക്ഷാത്കരിക്കുമ്പോള്‍ അതും കച്ചവടച്ചരക്കായ ഒന്നാവരുത്, കലാസൃഷ്ടി എന്ന വിപ്ലവമാകണം.

ബോളീവുഡ് സംവിധായകന്‍ സുജിത് സര്‍ക്കാര്‍ ഉദ്ദം സിംഗിന്റെ ജീവിതപ്പോരാട്ടങ്ങളെ ആധാരമാക്കി സിനിമ എടുക്കുന്നു എന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ധം സിംഗായി രണ്‍വീര്‍ കപൂര്‍ വേഷമിടു മെന്നും അഭ്യൂഹങ്ങളുണ്ട്. മുന്‍പ് ഇറങ്ങിയിട്ടുള്ള ഉദ്ദം സിംഗ് സിനിമകളുടെ പോരായ്മകള്‍ നികത്തപ്പെടും എന്ന് പ്രതീക്ഷി ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ