"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 18, ശനിയാഴ്‌ച

ജീവന്‍ പ്രഭാത്: ജാതിവിരുദ്ധ നിലപാടുകള്‍ക്ക് ഒരു അനുബന്ധം


🎬 ജാതിവിരുദ്ധ ചിന്തയുടെ ആദ്യത്തെ സെല്ലുലോയ്ഡ് പങ്കാളിത്തമായ 'അശുദ്ധ് കന്യയുടെ' ശില്പികള്‍ തീര്‍ത്ത അനുബന്ധമാണ് 1937 ല്‍ പുറത്തിറങ്ങിയ 'ജീവന്‍ പ്രകാശ്'. സംവിധായകനായ ഫ്രാന്‍സ് ഓസ്റ്റനേയും നിര്‍മാതാവായ ഹിംമാംശു റായിയേയും കഥാകൃത്തായ നിരഞ്ജന്‍ പാലിനേയും നായികയെ അവതരിപ്പിച്ച ദേവികാ റാണിയേയും കുറിച്ച് 'അശുദ്ധ് കന്യ' എന്ന കുറിപ്പില്‍ വിശദമായ പരാമര്‍ശങ്ങള്‍ നല്കിയിട്ടുണ്ട്. ജാതിവിരുദ്ധ വികാരം സമൂഹത്തില്‍
ആളിപ്പടര്‍ന്ന ഇരുപതാം നൂറ്റാളിലെ മുപ്പതുകളാണ് 'ജീവന്‍ പ്രഭാത്' ഉരുവം കൊള്ളുന്ന കാലഘട്ടം. ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായി ഡോ. അംബേഡ്കര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ പ്രമുഖങ്ങളായ 'മിശ്രവിവാഹം', 'മിശ്രഭോജനം' തുടങ്ങിയ പ്രായോഗിക പദ്ധതികള്‍ക്ക് അനുപൂരകമായി 'പുനര്‍വിവാഹം' എന്ന സാമൂഹ്യ പരിഷ്‌കരണ പ്രക്രിയയെകൂടി ജീവന്‍ പ്രഭാത് പിന്തുണക്കുന്നു. 1936 ല്‍ ആറ് ആഴ്ചകളെടു ത്താണ് 'അശുദ്ധ് കന്യ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ തെങ്കില്‍ 1937 ല്‍ രണ്ടുമാസക്കാലം ചെലവഴിച്ചാണ് 'ജീവന്‍ പ്രഭാത്' ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

ഗ്രാമത്തില്‍ അധിവസിക്കുന്ന ബ്രാഹ്മണ ദമ്പതികളാണ് നന്ദ്‌ലാലും ഉമയും. കുട്ടികളില്ലാത്ത ദുഃഖം ദീര്‍ഘകാലമായി ഈ ദമ്പതികളെ വല്ലാതെ അലട്ടിയിരുന്നു. ഇതിന് പരിഹാരമെന്നോണം അന്നത്തെ നാട്ടുനടപ്പനുസരിച്ച് നന്ദ്‌ലാല്‍ പത്മ എന്ന ബ്രാഹ്മണ കന്യകയെ വിവാഹം ചെയ്തു. ഉമയെ അവളുടെ അച്ഛന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അവിടെ ഉമ തന്റെ ചിരകാല സുഹൃത്തായ രാമുവിനെ വീണ്ടും കണ്ടെത്തുന്നു. രാമു അയിത്ത ജാതിയില്‍ പെട്ട മണ്‍പാത്രനിര്‍മാണക്കാരനാണ്. ജാതീയമായ വിലക്കു കളുണ്ടാ യിരുന്നതിനാല്‍ വിവാഹിതരായി ജീവിക്കുവാന്‍ സാധ്യമാകില്ലെന്നറിയാവുന്നതു കൊണ്ടുതന്നെ ഉമ - രാമു മാരുടെ സൗഹൃദം പ്രണയമായി വളര്‍ന്നിരുന്നിരുന്നില്ല. നന്ദ്‌ലാല്‍ ഉമയെ വിവാഹം കഴിച്ച ശേഷം ഇരുവരും ആ സൗഹൃദം പോലും തുടര്‍ന്നില്ല. അതുകൊണ്ടുതന്നെ ഉമ കൂടെയുള്ളകാലത്തും നന്ദ്‌ലാലിന് അവളില്‍ യാതൊരു മതിപ്പുകേടും ഉളവാക്കിയി രുന്നുമില്ല. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉമ അച്ഛന്റെ വീട്ടിലെത്തിയപ്പോള്‍ രാമു അവളോട് സംസാരിക്കു വാന്‍ തുടങ്ങിയത് അറിയുന്നത് നന്ദലാലില്‍ നീരസമുളവാക്കി.

അച്ഛന്റെ വീട്ടില്‍ തിരിച്ചെത്തി രണ്ടു നാള്‍ കഴിഞ്ഞ് ഉമ ഗര്‍ഭിണിയാണെന്ന സത്യം പുറത്തറിയുന്നു. സന്തോഷിക്കുന്നതിന് പകരം ഈ വാര്‍ത്ത എല്ലാവരിലും അമ്പരപ്പാണ് ഉളവാക്കിയത്! നന്ദ്‌ലാലിന് രാമുവിനെ സംശയിക്കാന്‍ മറ്റൊരു കാരണവും വേണ്ടിവന്നില്ല. എന്നാല്‍ നന്ദ്‌ലാലിന്റെ രണ്ടാം ഭാര്യ, നല്ലവളും വിവേകശാലിയുമായ പത്മ ഉമയുടെ ഗര്‍ഭകാലം കൃത്യമായി പരിശോധിച്ച് കുട്ടി നന്ദ്‌ലാലിന്റേതാണെന്ന് അയാളെ ബോധ്യ പ്പെടുത്തുന്നു. നന്ദ്‌ലാലിനേയും ഉമയേയും വീണ്ടും ഒന്നിച്ചു ചേര്‍പ്പിച്ചശേഷം പത്മ അവരുടെ ജീവിതത്തില്‍ നിന്നും വിട്ടകലുന്നു. 

അയിത്ത ജാതിക്കാരനും ബ്രാഹ്മണകന്യകക്കും തമ്മില്‍ വിവാഹി തരാകുന്നതിന് കടുത്ത ശാസനകള്‍ കൊണ്ടു വിലക്കേര്‍പ്പെടുത്തി യിട്ടുള്ളതാണ് ജാതിവ്യവസ്ഥ. ആതിനതീതമായി, ആ വ്യവസ്ഥ കളെ ഉല്ലംഘിക്കുന്നതാണ് മനുഷ്യാത്മാക്കള്‍ക്കി ടയിലുളവാകുന്ന 'പ്രണയം'. മനുഷ്യന്‍ പ്രണയത്തിനുമേല്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥാപിതമായ ഈ വിലക്ക് ചിലരുടെ സ്വാര്‍ത്ഥ താത്പര്യ മനുസരിച്ചാണ്. അവരുടെ വ്യവസ്ഥകളോട് അനുസരണക്കേട് കാണിക്കും പ്രണയം. 'പ്രേമമതത്തില്‍ ഹീനരില്ല, ജാതിമതാദി കളില്ല....' എന്ന് മഹാകവി ഉള്ളൂര്‍ പാടിയ ഗാനം, ജാതിവിരു ദ്ധവികാരം പ്രമേയവത്കരിച്ച മറ്റൊരു മലയാള സിനിമയായ 'ജീവിതനൗക'യില്‍ ഉയര്‍ന്നു കേള്‍ക്കാം. വ്യവസ്ഥകളുടെ ഇരുമ്പുമറകളുണ്ടെങ്കിലും ഇരു മനുഷ്യാത്മക്കള്‍ക്കിടയിലെ ചാലകശക്തിയായി പ്രണയും സജീവമായി തുടരുമെന്ന ബോധ്യമു ള്ളതുകൊണ്ടാണ് നന്ദ്‌ലാല്‍ രാമുവിനെ സംശയിക്കുന്നത്. അവിടെ ചിലരുടെ താത്പര്യങ്ങളാല്‍ നിര്‍മിതമായ വ്യവസ്ഥകള്‍ക്ക് പ്രസക്തിയില്ല. വിവേകബുദ്ധിയെ ഒരിക്കലും സങ്കല്പങ്ങള്‍ക്ക് കീഴ്‌പ്പെടുത്തരുത് എന്ന സന്ദേശം മുന്നോട്ടുവെക്കുന്നതിനാണ് പത്മ എന്ന കഥാപാത്രം സൃഷ്ടിക്കപ്പെത്. അപ്രകാരം സങ്കല്പത്തിന് മേല്‍ വിവേകം വിജയം വരിക്കുമ്പോള്‍ സിനിമ അവസാനി ക്കുന്നു. 

ദേവികാ റാണിയുടെ അഭിനയ മികവാണ് ജീവന്‍ പ്രഭാത് ന്റെ സാമ്പത്തിക വിജയത്തെ നിര്‍ണയിച്ചതെന്ന് നിരീക്ഷിക്കപ്പെട്ടു. 1937 നവംബര്‍ 2 ന് ബോംബെയിലെ മിനര്‍വ ടാക്കീസില്‍ റിലീസ് ചെയ്ത ഈ സിനിമയാണ് ഫ്രാന്‍സ് ഓസ്റ്റന്റെ ഏറ്റവും മികച്ച സിനിമയെന്ന് 'ഫലിമിന്ത്യ'യുടെ എഡിറ്റര്‍ ബാബുറാവു പട്ടേല്‍ പ്രസിദ്ധീകരണത്തിന്റെ ഡിസംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നിരഞ്ജന്‍ പാല്‍ തയാറാക്കിയ കഥയേയും സരസ്വതീ ദേവിയുടെ സംഗീതത്തേയും വിര്‍ഷിംഗിന്റെ ഛായാഗ്രഹണ മികവിനേയും വിലയിരുത്താന്‍ പ്രസിദ്ധീകരണം പിശുക്കു കാണിച്ചില്ല. ബോംബെയില്‍ 17 ആഴ്ചകളോളം തുടര്‍ച്ചയായി ജീവന്‍ പ്രഭാത് ജൈത്രയാത്ര തുടര്‍ന്നു. നാലുവര്‍ഷക്കാലയള വിനുള്ളില്‍ 18 സിനിമകള്‍ ഫ്രാന്‍സ് ഓസ്റ്റന്‍ ബോംബെ ടാക്കീസിനുവേണ്ടി സംവിധാനം നിര്‍വഹിക്കുകയുണ്ടായി.

ദേവികാ റാണിയും മുതാസ് ആലിയും സംഗീതസംവിധായിക സരസ്വതീ ദേവിയും ജീവന്‍ പ്രഭാതില്‍ ഗാനങ്ങള്‍ ആലപിച്ചു. നായിക ഉമയെയാണ് ദേവികാ റാണി സിനിമയില്‍ അവതരിപ്പിച്ചത്. ദലിതനായ രാമുവിനെ അവതരിപ്പിച്ചത് കിഷോര്‍ സാഹുവാണ്. 1915 നവംബര്‍ 22 ന് ഛത്തീസ്ഗഢില്‍ ജനിച്ച കിഷോര്‍ സാഹു നടനായും സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായുമൊക്കെ സിനിമാരംഗം അടക്കിവാണു. കിഷോര്‍ സാഹുവിന്റെ അച്ഛന്‍ റായ്ഗാര്‍ഹ് രാജാവിന്റെ പ്രധാനമന്ത്രിയായിരുന്നു. 1960 ലെ ' ദില്‍ അപ്‌നാ പ്രീത് പാരി'യാണ് കിഷോര്‍ സാഹു സംവിധാനം ചെയ്ത സിനിമയില്‍ പ്രസിദ്ധമായത്. 1965 ല്‍ വിജയ് ആനന്ദ് സംവിധാനം ചെയ്ത 'ഗൈസ്'ലെ മാര്‍ക്കോയും 1971 ല്‍ ദേവ് ആനന്ദ് സംവിധാനം ചെയ്ത 'ഹരേ രാമ ഹരേ കൃഷ്ണ' യിലെ മി. ജയ്‌സ്വാളുമാണ് ചെയ്ത പ്രസിദ്ധ വേഷങ്ങളില്‍ രണ്ടെണ്ണം. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കിഷോര്‍ സാഹു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കഥയെഴുത്തില്‍ ഉണ്ടായ താത്പര്യമാണ് സിനിമയുമായി അടുപ്പിച്ചത്. 1937 ല്‍ ബിരുദമെടുത്ത ഉടനെ തന്നെയാണ് 'ജീവന്‍ പ്രഭാത്'ല്‍ പങ്കെടുക്കുന്നത്. 1980 ആഗസ്റ്റ് 22 ന് തന്റെ 64 ആം വയസില്‍ തായ്‌ലന്റിലെ ബാങ്കോംഗില്‍ വെച്ച് കിഷോര്‍ സാഹു അന്തരിച്ചു.

നന്ദ്‌ലാലിനെ അവതരിപ്പിക്കുന്ന മുംതാസ് ആലി അറിയപ്പെടുന്ന ഡാന്‍സറും 'മുംതാസ് ആലി നൈറ്റ്‌സ്' എന്ന ഡാന്‍സ് കമ്പനിയുടെ ഉടമയുമായിരുന്നു. 1940 - 70 കാലഘട്ടത്തില്‍ ഇന്ത്യൊട്ടാകെ മുംതാസ് ആലിയുടെ ഡാന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ നൃത്തപുരിപാടി അവതരിപ്പിച്ചിരുന്നു. വന്‍ സാമ്പത്തികനേട്ടം ഡാന്‍സ് കമ്പനിയിലൂടെ മുംതാസ് ആലി കൈവരിച്ചിരുന്നുവെങ്കിലും നിരന്തരമായ മദ്യാപാനം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നില പരിതാപകരമാക്കി. ആ അവ്സ്ഥയില്‍ നിന്നും കരകയറുന്നത്‌ന് തന്റെ മക്കളില്‍ മെഹ്മൂദ് ആലിയെ സിനിമയിലേക്കും മകള്‍ മീനു മുംതാസിനെ തൃത്തപരിപാടികളിലേക്കും അയക്കേണ്ടിവന്നു. മെഹ്മൂദ് ആലി പിന്നീട് ഹാസ്യനടന്‍ എന്ന നിലയില്‍ പ്രസിദ്ധനായി. മുതാസ് ആലി അവസാനമായി പ്രത്യക്ഷപ്പെട്ട സിനിമ 1974 ല്‍ അദ്ദേഹത്തിന്റെ മകന്‍ മെഹ്മൂദ് ആലി അഭിനയിച്ചുകൊണ്ട് സംവിധാനം നിര്‍വഹിച്ച 1974 ലെ 'കന്‍വാരാ ബാപ്' എന്ന സിനിമയിലാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ