"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 23, വ്യാഴാഴ്‌ച

ഭവനീ ഭവായ്: ജാതിവ്യവസ്ഥയുടെ നേര്‍ക്കുള്ള പരിഹാസശരം!


🎬 1980 ല്‍ ഗുജറാത്തി ഭാഷയില്‍ എടുത്ത തന്റെ ആദ്യ സിനിമയായ 'ഭവനീ ഭവായ്' ലൂടെ പ്രസിദ്ധ സംവിധായകന്‍ കേതന്‍ മേത്ത ജാതിവ്യവസ്ഥയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കുന്നു. സമൂഹത്തില്‍ മേല്‍ക്കൈ നേടിയവരുടെ ആത്മനിഷ്ഠകളാണ് ജാതിയെ വ്യവസ്ഥാപിതമാക്കിയത്. അത് ജനാധിപത്യ കീഴ് വഴക്കത്തിന് വിരുദ്ധമായാണ് രൂപപ്പെട്ടത്. ആത്മനിഷ്ഠ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഒരുവന്‍ അസ്പൃശ്യനാണെന്ന് അപരന്‍ വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആ വിശ്വാസം അയാള്‍ ഉപേക്ഷി ക്കുകയേ വേണ്ടൂ. അതിനായി കായികമായ ഒരു പ്രക്രിയയും നടത്തേണ്ടതില്ല. അധികാരസ്ഥാനത്തുനിന്നും ഇതിനുവേണ്ടി ആത്മാര്‍ത്ഥമായ ഒരു നീക്കമുണ്ടായാല്‍ മതി, ആ പിന്തിരിപ്പന്‍ വിശ്വാസത്തെ ഉച്ചാടനം ചെയ്യാമെന്ന് 'അസ്പൃശ്യത'യെ ആജ്ഞാപനത്തിലൂടെ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു രാജാവിന്റെ കഥ 'ഭവനീ ഭവായ്'ലൂടെ ഉപവര്‍ണിച്ചുകൊണ്ട് കേതന്‍ മേത്ത സമര്‍ത്ഥിക്കുന്നു. 

ജാതിവ്യവസ്ഥയനുസരിച്ച് ഒരാള്‍ക്ക് ക്രിസ്തുമത വിശ്വാസി യാകാം. പിന്നീട് ആ വിശ്വാസത്തെ മാറ്റി ഇസ്ലാം മതം സ്വീകരിക്കാം. ആ വിശ്വാസം വീണ്ടും മാറ്റി ക്രിസ്ത്യാനിയാകാം. എല്ലാം ഉപേക്ഷിച്ച് വിശ്വാസമില്ലാത്തവനായും ഇരിക്കാം. വീണ്ടും വിശ്വാസിയാകാം. ഈ വിശ്വാസങ്ങള്‍ ഒരുവന്‍ സ്വയം സ്വീകരിക്കുന്നതാണെങ്കില്‍ 'അസ്പൃശ്യത' ഒരുവനില്‍ അപരന്‍ അടിച്ചേല്പിക്കുന്ന അവന്റെ വിശ്വാസമാണ്! അതുപോലെ കേവലം ഒരു വിശ്വാസം മാത്രമാണ് ജാതിവ്യവസ്ഥയെ സൃഷ്ടിച്ച ആത്മനിഷ്ഠകള്‍. ജാതിവ്യവസ്ഥ ആത്മനിഷ്ഠമായതുകൊണ്ടുതന്നെ അതു പുറപ്പെടുവിച്ചവര്‍ക്ക് മറ്റൊരു ആജ്ഞാപനത്തിലൂടെ അത് പിന്‍വലിക്കാനും സാധിക്കും; അതോടൊപ്പം അപരനില്‍ ആരോപിക്കപ്പെയുന്ന 'അസ്പൃശ്യത' എന്ന വിശ്വാസവും. വിശ്വാസം ആത്മനിഷ്ഠമായതുകൊണ്ടുതന്നെ അത് മാറ്റത്തിന് വിധേയമാണ്. ആത്മനിഷ്ഠയുള്ളവരുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. മനോഭാവത്തില്‍ മറ്റം വരുത്തുന്നതിലൂടെ അസ്പൃശ്യത നീക്കം ചെയ്യാമെന്ന് നാടോടി കലാരുപമായ 'ഭവായ്'യുടെ സാങ്കേതികതയെ ആശ്രയിച്ചുകൊണ്ടാണ് 'ഭവനീ ഭവായ്'ചിട്ടപ്പെടുത്തിയിട്ടുള്ളത്.

മനോഭാവത്തില്‍ മാറ്റവരുത്തുന്നതിലൂടെ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാമെന്നത് ഡോ. അംബേഡ്കര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടാണ്. 'മിശ്രവിവാഹ നിരോധനം' ' മിശ്രഭോജന നിരോധനം' എന്നീ പിന്‍തിരിപ്പന്‍ സാമൂഹ്യ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിലൂടെ ജാതിവ്യവസ്ഥയെ എളുപ്പം ഉച്ചാടനം ചെയ്യാനാവുമെന്ന് അംബേഡ്കര്‍ നിരീക്ഷിച്ചു. അതിന് ആര്‍ക്കാണ് കഴിയുക? അത് മുന്നോട്ടു വെച്ചവര്‍ക്കുതന്നെ. അവരുടെ മനോഭാവത്തില്‍ മാറ്റം വന്നാലേ മിശ്രവിവാഹ നിരോധനവും മിശ്രഭോജന നിരോധനവും നീക്കം ചെയ്യാനാവൂ. അബോധപൂര്‍വ മായിരിക്കാം, ജാതിഉന്മൂലനത്തിലുള്ള ഡോ. അംബേഡ്കറുടെ കാഴ്ചപ്പാട് കേതന്‍ മേത്ത പിന്‍പറ്റിയിട്ടുണ്ട്. മിശ്രഭോജന ത്തിലൂടെ ബ്രാഹ്മണ്യം ഉപേക്ഷിച്ച ഒരു മഹാനുഭാവന്‍ തീര്‍ത്ത നാടന്‍ കലാരൂപമാണ് സിനിമയുടെ ശീര്‍ഷകത്തിന് ആധാരമാ കുന്നത്. ഈ വസ്തുതകള്‍ മനസിലാക്കുന്നതിന് 'ഭവനീ ഭവായ്' യുടെ കഥാഗാത്രത്തിലൂടെ സഞ്ചരിക്കുക;

വൃദ്ധനായ ഒരു ദലിതന്‍ തന്റെ പേരക്കിടാവിന് ഒരു കഥ പറഞ്ഞുകൊടുക്കുന്ന രംഗത്തോടെ 'ഭവനീ ഭവായ്' ആരംഭിക്കുന്നു.

ഉന്നതകുലജാതനായതില്‍ അഹങ്കരിക്കുന്ന മഹാരാജാവാണ് ചക്രസേനന്‍. പക്ഷെ രണ്ടു രാജ്ഞിമാരുണ്ടായിരുന്നിട്ടും ഈ അഹങ്കാരം സന്താന സൗഭാഗ്യം മാത്രം ചക്രസേനന് എത്തിച്ചു കൊടുത്തിരുന്നില്ല!

ഒരിക്കല്‍ ചക്രസേനമഹാരാജാവ് കൊട്ടാരത്തിലൂടെ ചുറ്റിയടി ക്കുമ്പോള്‍ പുറത്തുനിന്നും വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. അതിന്റെ കാരണം തിരക്കിയപ്പോള്‍, തൂപ്പുകാരായ ഭംഗികള്‍ അവരിലാരുടേയോ വിവാഹച്ചടങ്ങിന് പങ്കെടുക്കാന്‍ പോയതി നാല്‍ അവധിയെടുത്തിരിക്കുകയാണെന്ന് അറിഞ്ഞു. ഇതുകേട്ട് കലിമൂത്ത ചക്രസേനന്‍, ഭംഗികളെ ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് ജോലിചെയ്യിപ്പിക്കുവാനും അന്ന് ജോലിക്ക് വരാതിരുന്ന കുറ്റത്തിന് അവരെ ശിക്ഷിക്കുവാനും ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കിയാല്‍ ഭംഗികളെല്ലാം ചക്രസേനനെതിരേ തിരിയു മെന്നും, അയല്‍ രാജാവിനോട് ചേര്‍ന്ന് യുദ്ധം ചെയ്യുമെന്നും ഒരു ചാരന്‍ അറിയിച്ചു. അതേസമയം അയല്‍രാജാവിനോട് യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി ചക്രസേനനെ ഉപദേശിക്കുകയും ചെയ്തു. തന്റെ ഇളയ രാജ്ഞിയുമായി പ്രധാനമന്ത്രിക്ക് രഹസ്യബന്ധമുണ്ടെന്നുള്ള വിവരം ചക്രസേനന് അറിഞ്ഞുകാടാ യിരുന്നു. അയല്‍ രാജ്യവുമായി നടന്ന യുദ്ധത്തില്‍ ചക്രസേനന്‍ വിജയിച്ചുവെങ്കിലും തന്റെ സൈന്യത്തിന് വന്‍പിച്ച നാശനഷ്ടങ്ങള്‍ സംഭവിക്കുകയുണ്ടായി. ഈ സമയം തന്റെ മൂത്ത രാജ്ഞി ഒരു കുഞ്ഞിന് ജന്മം നല്കാന്‍ പോകുന്ന വിവരം രാജാവ് അറിഞ്ഞു! അസൂയ മൂത്ത ഇളയരാജ്ഞി തന്റെ രഹസ്യകാമുകനായ പ്രധാനമന്ത്രിയോടൊപ്പം ചേര്‍ന്ന്, കൊട്ടരാം ജ്യോത്സ്യനെക്കൊണ്ട്, നവജാതശിശുവിന്റെ മുഖം കാണുന്നമാത്ര യില്‍ത്തന്നെ മഹാരാജാവ് മരിച്ചുവീഴുമെന്ന് പറയിപ്പിച്ചു. ഇതുകേട്ട ഭയന്ന രാജാവ് കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ കൊന്നുകളയുവാന്‍ കിങ്കരന്മാരോട് ആജ്ഞാപിച്ചു. എന്നാല്‍ കരുണ തോന്നിയ കിങ്കരന്മാര്‍ നവജാതശിശുവിനെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കുകയാണ് ചെയ്തത്. തൂപ്പുകാരനായ (ഭംഗി) മാലോ ഭഗത്തിന് ആ കുഞ്ഞിനെ കിട്ടി. തന്റെ ഭാര്യയായ ധൂലിയുമായി ചേര്‍ന്ന് ആ കുഞ്ഞിന് 'ജീവോ' എന്ന് പേരിട്ട് സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്തി. ഇതേ സമയം ചക്രസേനന് ആപത്തു പിണയാതിരിക്കാന്‍ ഒരു കുട്ടി പിറക്കണമെന്നുണ്ടെങ്കില്‍, രാജ്യത്ത് ഒരു ആഴക്കിണര്‍ കുഴിച്ച് പ്രായശ്ചിത്തം ചെയ്യണമെന്ന് കൊട്ടാരം ജ്യോത്സ്യന്‍ ഒരു പരിഹാരം നിര്‍ദ്ദേശിച്ചു.

കിണറുകുഴിക്കല്‍ തകൃതിയായി നടന്നുകൊണ്ടിരുന്നുവെങ്കിലും അതില്‍ വെള്ളം മാത്രം കാണുകയുണ്ടായില്ല. ഇതിനിടെ യുവാവായി വളര്‍ന്ന ജീവോ മറ്റൊരു ദലിത് പെണ്‍കുട്ടിയായ ഉജാമുമായി പ്രണയത്തിലായി. ജീവോ രാജാവിന്റെ മകനാണെന്ന് തിരിച്ചറിയുന്ന കൊട്ടാരം ജ്യോത്സ്യന്‍, കിണറില്‍ വെള്ളം കാണണമെന്നുണ്ടെങ്കില്‍ ലക്ഷണമൊത്ത ഒരു പുരുഷനെ ബലികഴിപ്പിക്കണമെന്ന് രാജാവിനെ അറിയിച്ചു. അതിന് പറ്റിയ, 32 സദ്ഗുണങ്ങളുമുള്ള ഒരേയൊരാള്‍ രാജ്യത്തുള്ളത് ജീവോ മാത്രമാണെന്നും ബോധ്യപ്പെടുത്തി. ഉടനെ ജീവോയെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ രാജാവ് കല്പന പുറപ്പെടുവിച്ചു. അതനുസരിച്ച് കിങ്കരന്മാര്‍ ചെന്നപ്പോഴേക്കും ജീവോ ഓടി രക്ഷപ്പെട്ടു. ഈ സമയും ജീവോ രാജാവിന്റെ മകനാണെന്നറിയുന്ന കൊട്ടാരം വിദൂഷകന്‍ രംഗ്ലോ മൂത്ത രാജ്ഞിയെ വിവരം ധരിപ്പിച്ചു. രാജാവാകട്ടെ ജീവോയെ പിടിച്ച് തടവിലാക്കുകയും ചെയ്തു. ഉജാമുമായി കൂടിയാലോചിച്ച് ജീവോ ഒരു പദ്ധതി തയാറാക്കി രാജാവിനെ അറിയിച്ചു. അതായത്, ജീവോ ബലിക്ക് വിധേയ നാകാം, പകരമായി രാജാവ് 'അസ്പൃശ്യത' അവസാനിപ്പിക്ക ണമെന്ന് ഒരു ഉപാധിയും വെച്ചു. മന്ത്രിമാരുമായി കൂടിയാലോ ചിച്ചെങ്കിലും മറ്റു പോംവവികളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ രാജാവ് ജീവോ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയാറായി. വിദൂഷകനായ രംഗ്ലോ ജീവോയെ തടവുചാടാന്‍ സഹായിക്കുകയും, അത് രാജാവിന്റെ സ്വന്തം മകനാണെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ആഹ്ലാദ ചിത്തനായ ചക്രസേനമഹാരാജാവ് ജീവോയെ ബലിനല്കുന്നതില്‍ നിന്നും ഒഴിവാക്കി. അപ്പോള്‍ കുഴിച്ചുകൊണ്ടിരുന്ന കിണറില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു!

വൃദ്ധന്‍ കഥയിങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പായി, ഒരു ദലിതന്‍ ഇടപെട്ട് കുട്ടിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി മാത്രമായി കഥയെ ശുഭപര്യവസായിയാക്കാരുത് എന്നു പറഞ്ഞു കൊണ്ട്, അതിന് വേറൊരു തുടര്‍ച്ച കൊടുത്തു. അതുപ്രകാരം, രംഗ്ലോ ജീവോയുടെ ജന്മരഹസ്യം രാജാവിന് വെളിപ്പെടുത്താതെ, ബലിക്ക് വിധേയനാകുന്നു. എന്നിട്ടും കിണറ്റില്‍ വെള്ളം കാണുകയുണ്ടായില്ല! മകന്‍ നഷ്ടപ്പെട്ടതറിയുന്ന ആഘാതത്താല്‍ മൂത്ത രാജ്ഞിയും മരണമടയുന്നു. ആ കൊടിയ പാതകം ചെയ്തതിന് രാജാവിനെ ശിപിച്ചുകൊണ്ട് മാലോ ഭഗത്ത് കിണറ്റില്‍ ചാടി ആത്മഹത്യചെയ്യുന്നു. ഉടനെ കിണറില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ് പ്രളയം രൂപപ്പെടുന്നു. ആ പ്രളയത്തില്‍ മുങ്ങി ചക്രസേനമഹാരാജാവും മറ്റ് മന്ത്രിമാരും പരിവാരങ്ങളും മരണമടയുന്നു!

തന്നെ ബലിയര്‍പ്പിക്കുന്നതിന് പകരമായി ജീവോ രാജാവിനോട് ആവശ്യപ്പെടുന്നത് 'അസ്പൃശ്യത' നീക്കം ചെയ്യണമെന്നാണ്. ഒരു വിജ്ഞാപനത്തിലൂടെ നീക്കം ചെയ്യാന്‍ മാത്രം ദുര്‍ബലമാണ് ജാതിവ്യവസ്ഥ എന്ന് 'ഭവനീ ഭവായ്' ലൂടെ കേതന്‍ മേത്ത അടിവരയിട്ടു പറയുന്നു. 

ഉച്ചാടനം ചെയ്യപ്പെടേണ്ടതായ ഈ സാമൂഹ്യതിന്മയെ പരിഹാസ വിധേയമാക്കുന്ന ഭവനീ ഭവായ് 'അസൈത' എന്ന നാടോടി കലാരൂപത്തിന്റെ രൂപഭാവങ്ങളുടെ പകര്‍ച്ച നേടിയിട്ടുണ്ട്. അസൈതയുടെ ഉപജ്ഞാതാവുതന്നെ ജാതിവ്യവസ്ഥക്കെതിരായി തന്റെ വിശ്വാസം ഉപേക്ഷിച്ച ഒരു ചരിത്രപുരുഷനാണ്. 14 ആം നൂറ്റാണ്ടില്‍ ഗുജറാത്തിലെ ചെറുപട്ടണമായ ഉംഝയില്‍ ജീവിച്ചരിരുന്ന അസൈത് താക്കൂര്‍ ആണ് ആ മഹാനുഭാവന്‍. അദ്ദേഹം നഗരാധിപനായിരുന്ന ഹേമ പട്ടേലിന്റെ ഭവനപുരോ ഹിതന്‍ കൂടിയായ ഒരു ബ്രാഹ്മണനായിരുന്നു. ഒരു ദിവസം ഹേമ പട്ടേലിന്റെ മകള്‍ ഗംഗയെ ഒരു മുസ്ലീം സുബേദാറായ ജഹാന്‍ റോസ് തട്ടിക്കൊണ്ടുപോവുകയുണ്ടായി. കുട്ടിയെ തിരികെ വാങ്ങുന്നതിനായി ഗംഗ തന്റെ മകളാണെന്ന് അവകാശ പ്പെട്ടുകൊണ്ട് സുബേദാറുടെ അടുക്കല്‍ അസൈത് താക്കൂര്‍ ചെന്നു. കുട്ടിയെ വിട്ടുകൊടുക്കാന്‍ സുബേദാര്‍ തയാറായി. എന്നാല്‍ അസൈത് താക്കൂര്‍ ഗംഗംയോടൊപ്പമിരുന്ന് ആഹാരം കഴിച്ച് അസൈത് ഒരു ബ്രാഹ്മണനല്ലെന്ന് തെളിയിക്കണമെന്ന് സുബേദാര്‍ ഒരു നിര്‍ദ്ദേശം വെച്ചു. അതനുസരിച്ച്, ബ്രാഹ്മണ്യ ത്തിലുള്ള തന്റെ വിശ്വാസം അവിടെ ഉപേക്ഷിച്ച അസൈത് താക്കൂര്‍ ഗംഗയോടൊപ്പമിരുന്ന് ആഹാരം കഴിച്ചു! അതിനുശേഷം കുട്ടിയേയും കൊണ്ട് തിരികെ പോന്ന അസൈത് താക്കൂര്‍ നേരിട്ട നടപടികള്‍ ഭീകരമായിരുന്നു. അസൈത് താക്കൂറിനെ ബ്രാഹ്മണര്‍ ഭ്രഷ്ട് കല്പിച്ചു. കുറച്ചു ഭൂമിയും സാമ്പത്തിക സഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ട് ഹേമ പട്ടേല്‍ അസൈത് താക്കൂറി നോടുള്ള നന്ദി പ്രകടിപ്പിച്ചു. അവിടെ നാട്ടുകാരുടെ ഇടയില്‍ ജാതിരഹിതനായി ജീവിച്ചുകൊണ്ട് അസൈത് തീര്‍ത്ത നാടോടി കലാരൂപമാണ് 'ഭവായ്'. ഇതാണ് 'വേഷ' എന്നും 'സ്വാങ്' എന്നും ഗുജറാത്തില്‍ ഇന്നറിയപ്പെടുന്ന ജനകീയ കലാരൂപത്തിന്റെ തുടക്കം. അസൈതിന്റെ പിന്തുടര്‍ച്ചക്കാരായ 'താരഗാല' സമുദായത്തില്‍ പെട്ടവരാണ് ഇന്നും ഈ കലാരൂപം അവതരിപ്പി ക്കുന്നു. 360 നാട്യകൃതികള്‍ അസൈത് താക്കൂര്‍ രചിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. പക്ഷെ 60 എണ്ണം മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. എ ഡി 1360 ആണ് കാലഘട്ടം. 16 ആം നൂറ്റാണ്ടിലെ മുകള്‍ ചക്രവര്‍ത്തിയായ അക്ബറുടെ കൊട്ടാരം കവിയായിരുന്ന അബുള്‍ ഫസല്‍ തന്റെ എയ്ന്‍-ഇ-അക്ബാറിയില്‍ 'അസൈത'യെ പരാമര്‍ശിക്കുന്നുണ്ട്.

പ്രതിബദ്ധതയുള്ള ചുരുക്കം ചില ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് കേതന്‍ മേത്ത. റിബല്‍ സ്വഭാവമുള്ള വിഷയങ്ങളാണ് അദ്ദേഹം സിനിമകള്‍ക്കായി തിരഞ്ഞടുക്കാറുള്ളത്. 1952 ല്‍ ഗുജറാത്തിലെ നവ്‌സാരിയില്‍ ജനിച്ച കേതന്‍ മേത്ത പൂനെയിലെ നാഷനല്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനത്തില്‍ ഡിഗ്രിയെടുത്തു. നാടിന്റെ സാംസ്‌കാ രിക കലാ പാരമ്പര്യത്തില്‍ ഈന്നിനിന്നുകൊണ്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന 13 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. അതില്‍ 1993 ലെ 'സര്‍ദാര്‍' ഉം 2005 ലെ 'മംഗള്‍ പാണ്ഡെ'യും ജീവചരിത്ര കഥനങ്ങളാണ്. 1992 ല്‍ എടുത്ത 'മായാ മേംസാബ്' വിഖ്യാത ക്ലാസിക് നോവല്‍ 'മദം ബാവറി'യുടെ ഹിന്ദി ആവിഷ്‌കാരമാണ്. 1985 ലെ 'മിര്‍ച്ച് മസാല' യും ശ്രദ്ധേയമായിരുന്നു. 1989 ലെ 'ഹീറോ ഹീരേലാല്‍' സിനിമാ വൃത്തങ്ങള്‍ക്കു നേരേ തന്നെയുള്ള സറ്റയറാണ്. 2015 'മംഝി: ദി മൗണ്ടന്‍ മാന്‍' ജീവചരിത്ര കഥനവും ജാതിവിരുദ്ധ സിനിമയുമാണ്. ആദ്യ സിനിമയായ 'ഭവനീ ഭവായ്' തന്നെ കേതന്‍ മേത്തക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. 'മിര്‍ച്ച് മസാല' ഹാവായ് ഫിലിം ഫെസ്റ്റിവെ ലില്‍ നിന്ന് മികച്ച സിനിമക്കുള്ള പുരസ്‌കാരം നേടിയിരുന്നു. നിരവധി അന്താരാഷ്ട മേളകളിലും ജൂറി അംഗമായും കേതന്‍ മേത്ത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ധീരുബെന്‍ പട്ടേലിന്റെ നാടകത്തെ ആധാരമാക്കി ഹൃദയ് ലീനിയും കേതന്‍ മേത്തയും ചേര്‍ന്നാണ് 'ഭവനീ ഭവായ്'യുടെ തിരക്കഥ തയാറാക്കിയത്. നസീറുദ്ദീന്‍ ഷായാണ് ചക്രസേന മഹാരാജാവിനെ അവതരിപ്പിച്ചത്. സ്മിതാ പാട്ടീല്‍ ഉജാമിനേയും മോഹന്‍ ഗോഖലെ ജീവോയേയും അവതരിപ്പിച്ചു. പ്രസിദ്ധ നടന്‍ ഓം പുരിയാണ് മാലോ ഭഗത്തായി വേഷമിട്ടത്. ഗൗരംഗ് വ്യാസാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ധീരുബെന്‍ പട്ടേലിന്റേതാണ് ഗാനങ്ങള്‍. 

'ഭവനീ ഭവായ്' എന്നാല്‍ 'ജീവിത കഥ' (The Tale of Life) എന്ന് അര്‍ത്ഥം. സറ്റയര്‍ നാടകമായതുകൊണ്ടാവണം രംഗാവതരണ കലയിലെ ഇതിഹാസമായ ബെര്‍ടോള്‍ഡ് ബ്രെഷ്ടിനും ഫ്രഞ്ച് കോമിക് എഴുത്തുകാരനും പ്രസാധകനുമായ റെനെ ഗോസിന്നി ക്കും ഈ സിനിമ സമര്‍പ്പിക്കപ്പെട്ടു. ഭവായ് കലാരൂപത്തിന്റെ സാങ്കേതികത സ്വീകരിച്ചതിനാല്‍ അതിന്റെ ഉപജ്ഞാതാവായ അസൈത് താക്കൂറിനും കൂടി 'ഭവനീ ഭവായ്' സമര്‍പ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ