"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 31, വെള്ളിയാഴ്‌ച

ചിതറിയവര്‍: തെറ്റിദ്ധരിക്കപ്പെട്ട സംവരണത്തെ മുന്‍നിര്‍ത്തി ചില നിര്‍ദ്ദേശങ്ങള്‍..?


🎥 2004 ല്‍ ഇറങ്ങിയ മലയാള സിനിമയാണ് 'ചിതറിയവര്‍'. സംവരണം ഒഴിവാക്കപ്പെടേണ്ട ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ഈ സിനിമ വിലയിരുത്തുന്നു. പ്രമുഖ സാഹിത്യ നിരൂപകനും നോവലിസ്റ്റുമായ എം കെ ഹരികുമാര്‍ തയാറാക്കിയ കഥയാണ് സിനിമക്ക് ആധാരമാകുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്ന ദലിതര്‍ സംവരണത്തെ സര്‍ക്കാരുദ്യോഗം നേടുന്നതിനുള്ള അവസരമായി കാണാതെ, തങ്ങളുടെ ശേഷികള്‍ വിനിയോഗിച്ച് തൊഴില്‍ മേഖലസൃഷ്ടിച്ചുകൊണ്ട് മുന്നേറണമെന്ന ഒരു നിര്‍ദ്ദേശം ഈ സിനിമ മുന്നോട്ടു വെക്കുന്നു. ദലിതുകള്‍ക്ക് പുരോഗതിയു ണ്ടാകാത്തതും അവരുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ത്തന്നെ തളഞ്ഞുകൂടി കിടക്കേണ്ടിവരുന്നതും സംവരണമെന്ന പഴഞ്ചന്‍ ഏര്‍പ്പാടിനെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണെന്നും ഈ സിനിമ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളില്‍ സൂചനകളുണ്ട്.

സംവരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ നിന്നുമുണ്ടാ യതാണ് ഈ സിനിമക്ക് ആധാരമാകുന്ന കഥയിലെ നിര്‍ദ്ദേശ ങ്ങളൊക്കെയും. സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ആ തെറ്റിദ്ധാരണകളെ തിരുത്തേണ്ടതുണ്ട്. സംവരണ ത്തിന്റെ ചരിത്രവും സാംഗത്യവും ആവര്‍ത്തിച്ച് വ്യക്തമാക്ക പ്പെട്ടിട്ടും അതിന്മേലുള്ള തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നത് വിദ്രോഹകരമായി അനുഭവപ്പെടുന്ന സമീപകാല സാഹചര്യ ങ്ങളില്‍ വിശേഷിച്ചും അത് ഒരു അത്യാവശ്യവുമാണ്. 

'ആനുകുല്യം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് 'സംവരണം' ഏറെ അവമതിക്കപ്പെടുന്നുണ്ട്. അത് ദലിതര്‍ക്ക് മാത്രമുള്ള ആനുകൂ ല്യമാണെന്നുള്ള തെറ്റിദ്ധാരണയാണ് അതില്‍ പ്രമുഖം. അഥവാ സംവരണത്തിനെതിരായ പൊതുബോധം അങ്ങനെയാണ് രൂപപ്പെട്ടത്. 

സവിശേഷ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ ജാതിവ്യവസ്ഥ മൊത്തം ജനതയെ തട്ടുകളായി വിഭജിച്ചിരിക്കുകയാണ്. ഉയര്‍ന്ന ജാതിക്കാരുടെ മേല്‍ത്തട്ടും അവരാല്‍ത്തന്നെ താഴ്ന്ന ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരുടെ കീഴ്ത്തട്ടുമാണ് പ്രമുഖമായ രണ്ട് വിഭജനങ്ങള്‍. പൗരാവകാശങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്നത് മേല്‍ത്തട്ടുകാരാണ്. അവര്‍ക്ക് അതിനുള്ള അധികാരം നല്കു ന്നതാണ് ജാതിവ്യവസ്ഥ. ഈ ജാതിവ്യവസ്ഥതന്നെ പൗരന്മാര്‍ക്കു തമ്മില്‍ വലിയ അന്തരമുണ്ടാക്കിക്കൊണ്ട് പൊതുവായി സംഘടിക്കലിനേയും സംഘടിപ്പിക്കലിനേയും തടയുന്നു. അതിനുവേണ്ടി പ്രധാനമായും അവര്‍ തടഞ്ഞത് വിദ്യാഭ്യാസം നേടുന്നതിനുള്ള കീഴ്ത്തട്ടു ജാതികളുടെ പൗരാവകാശത്തേയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പൂരഗോതിപ്രാപിക്കാനാവൂ എന്നത് ലോകം അംഗീകരിച്ച പൊതുതത്വമാണ്. ലോകത്തെല്ലാ യിടത്തും മതം മനുഷ്യനെ ഉയര്‍ത്തുന്നതിനായി വിദ്യാഭ്യാസാ വകാശത്തെ വിട്ടുകൊടുക്കുമ്പോള്‍ ഇന്ത്യയിലെ മേല്‍ത്തട്ടു ജാതിക്കാരായ ഹിന്ദുമതം മാത്രം കീഴ്ത്തട്ടു വിഭാഗത്തിന് വിദ്യാഭ്യാസാവകാശം തടഞ്ഞു വെക്കുകയാണ് ചെയ്യുന്നത്! വിദ്യാഭ്യാസം നേടി കീഴ്ത്തട്ടു ജാതികള്‍ സ്വതന്ത്രരായാല്‍, മേല്‍ത്തട്ടുജാതികളുടെ അടിമവേല ആരു ചെയ്യും? എക്കാലവും തങ്ങളുടെ സേവകരായി നിലനിര്‍ത്തുന്നതിനാണ് ജാതിവ്യവസ്ഥ യുടെ നടത്തിപ്പുകാര്‍ കീഴ്ത്തട്ടു ജാതികളുടെ വിദ്യാഭ്യാസാവ കാശം നിഷേധിച്ചത്.

അങ്ങനെയാണ് ഇന്ത്യയില്‍ പൗരന്മാര്‍ക്കിടയില്‍ അന്തരം സൃഷ്ടിക്കപ്പെട്ടത്. എല്ലാ അവകാശങ്ങളും കയ്യടക്കിവെച്ച ജാതി ഹിന്ദുക്കളും ഇവരാല്‍ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട കീഴ്ത്തട്ടുജാതിക്കാരായ അസ്പൃശ്യരുമാണ് ഈ അന്തരത്തിലെ ഇരു ധ്രുവങ്ങള്‍. ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ അവകാശ ങ്ങളും എല്ലാവര്‍ക്കും തുല്യമായിരിക്കുമല്ലോ. അവിടെ പൗരന്മാര്‍ക്കു തമ്മില്‍ അന്തരമില്ല. പൗരന്മാര്‍ക്കുതമ്മില്‍ അന്തരം നിലനില്ക്കുന്ന ജാതിവ്യവസ്ഥയില്‍, അതിനെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ജനാധിപത്യത്തില്‍ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രക്രിയയാണ് 'സംവരണം'. സംവരണത്തിലൂടെ വിദ്യാഭ്യാസ മേഖലയിലും സിവില്‍ സര്‍വീസ് മേഖലയിലും കീഴ്ത്തട്ടു ജാതികള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രവേശനം ലഭിക്കുമ്പോള്‍ ജാതിവ്യവസ്ഥ അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന വിലക്കുകളാണല്ലോ ഭേദിക്കപ്പെടുന്നത്!. നോക്കുക; പൗരന്മാര്‍ക്കു തമ്മിലുള്ള അന്തരത്തെ ഇല്ലായ്മചെയ്യുകയല്ലേ സംവരണം? (സംവരണം ഇല്ലെങ്കില്‍ ഒരു വിഭാഗം ഉടമകളും മറ്റൊരു വിഭാഗം അടിമകളും എന്ന നിലയിലുള്ള അന്തരം പൗരന്മാര്‍ക്കി ടയില്‍ നിലനില്‍ക്കും! അത് ജനാധിപത്യ കീഴ് വഴക്കമാണോ എന്ന് സംവരണവിരോധികള്‍ മറുപടി പറയേണ്ട ചോദ്യമാണ്)

മേല്‍ത്തട്ട് ജാതികള്‍ ജനാധിപത്യവിരുദ്ധമായ അധികാരം നിലനിര്‍ത്താനായി പ്രയോഗിച്ചതും സംവരണത്തിന്റെ മാര്‍ഗങ്ങള്‍ തന്നെയാണെന്ന് അംബേഡ്കര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണര്‍ക്കു മാത്രമായി വിദ്യാഭ്യാസം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. യുദ്ധം ചെയ്യല്‍ ക്ഷത്രിയര്‍ക്കും കൃഷി ഗോരക്ഷ വാണിജ്യം തുടങ്ങിയവ വൈശ്യര്‍ക്കും, ഈ മൂന്ന് മേല്‍ജാതി വര്‍ണങ്ങളേയും സേവിക്കല്‍ ശൂദ്രര്‍ക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവരണം തന്നെ തികച്ചും ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ കീഴ്ത്തട്ടു ജാതികള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നു. സംവരണം ദലിതര്‍ മാത്രം അനുഭവിക്കുന്ന ഔദാര്യമാണെന്ന അര്‍ത്ഥത്തിലാണ് കഥാകൃത്തായ എം കെ ഹരികുമാറും അതിനെ ഉള്‍ക്കൊണ്ടത് എന്ന് 'ചിതറിയവര്‍' സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പിന്നോക്കവിഭാഗങ്ങളും അന്തരാള സമുദായങ്ങളും 'സംവരണ'ത്തിന് വെളിയിലാണ്.

സാംബവ സമുദായത്തില്‍പ്പെട്ട ഒരു മടവതിയുടെ മകനാണ് സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ വിശ്വനാഥന്‍. ഇളയ രണ്ടു സഹോദരിമാര്‍ കൂടി വിശ്വനാഥനുണ്ട്. ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനുമാണ് വിശ്വനാഥന്‍. നാട്ടുചികിത്സയും, ദോഷപരിഹാരക്രിയകളും അടങ്ങുന്ന അച്ഛന്റെ മടവതിവേല യില്‍ നിന്നും, സഹാരദിമാര്‍ ചെയ്യുന്ന ഈറ്റത്തൊഴിലില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് വിശ്വനാഥന്റെ കുടുംബം കഴിഞ്ഞിരുന്നത്. തന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അര്‍ഹമായ ജോലി ലഭിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ അത് സ്വീകരിക്കാം എന്ന നിസ്സംഗതയാണ് വിശ്വനാഥന്‍ വെച്ചു പുലര്‍ത്തിയിരുന്നത്. 'സംവരണ'ത്തില്‍ വലിയ താത്പര്യം വിശ്വനാഥനുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ പ്രേരണക്കു വഴങ്ങിയ വിശ്വനാഥന്‍ ഒരു കളേജിലെ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കു നടന്ന ഇന്റര്‍വ്യൂവിന് ഹാജരായി. എന്നാല്‍ കോളിജിലേക്ക് ആവശ്യമുണ്ടായിരുന്നത,് ഒരു സ്‌പെസിമെന്‍ കളക്ടറെയായിരുന്നു. വിശ്വനാഥന്‍ ആ ജോലി ഏറ്റെടുക്കാന്‍ തയ്യാറായി. രാത്രികാലങ്ങളില്‍ തവളപിടിക്കാന്‍ പോയി വിശ്വനാഥന്‍ ആ ജോലി തുടര്‍ന്നു. അതിനിടെ വിശ്വനാഥന്റെ ട്യൂട്ടോറിയല്‍ കോളേജിലെ ഒരു അധ്യാപകന്‍ ജിവികളുടെ ആന്തരാവയവങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ കണ്ടുപിടിക്കുന്നു. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് പഠനം എളുപ്പമാകുമെന്നു മാത്രമല്ല, തവള തുടങ്ങിയ ജീവികളെ നശിപ്പിക്കാതെ സംരക്ഷിക്കുവാനും സാധിക്കുന്നു. സോഫ്റ്റ് വെയര്‍ പ്രചാരത്തിലായപ്പോള്‍ വിശ്വനാഥന്റെ 'സെപസിമെന്‍ കളക്ടറുടെ' ജോലിയും പോയി. ഇതിനിടെ മടവതിയായ അച്ഛനും മരിച്ചു. സഹോദരിമാരില്‍ ഒരാളെ വിവാഹം ചെയ്യാമെന്നേറ്റിരുന്ന ഒരു മച്ചുനനും അതില്‍നിന്ന് പിന്മാറി. ഗത്യന്തരമില്ലാതെ വിശ്വനാഥന്‍ മടവതിയുടെ ജോലി ഏറ്റെടുക്കുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ സംവരണവും കാത്തിരി ക്കാതെ ആധുനികതയില്‍ ഇടപെടണമെന്നും എം കെ ഹരികുാര്‍ കഥയിലൂടെ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു അനബന്ധം കൂടിയുണ്ട്. സോഫ്റ്റ് വേറിന്റെ കണ്ടുപിടിത്തം അതാണ് സൂചിപ്പിക്കുന്നത്. സംവരണേതരര്‍ ആധുനികതയില്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനോട് വിമുഖത കാണിക്കുന്ന സാംബവരെ പ്പോലെയുള്ള സംവരണീയര്‍ക്ക് ഇതുമൂലം മടവതിയിലേക്ക് മടങ്ങിപ്പോകേണ്ടുന്ന ഗതികേടുണ്ടാകുന്നുവെന്നാണ് സൂചന. ഒരര്‍ത്ഥത്തില്‍ ഈ നിര്‍ദ്ദേശത്തോട് പലര്‍ക്കും യോജിപ്പാണ് തോന്നുക. പക്ഷെ, ഒരു പദ്ധതി പ്രായോഗികമാക്കാനും അതിനു മുന്നോടിയായി നടത്തേണ്ട ഗവേഷണങ്ങള്‍ക്കുമായി മുടക്കാനുള്ള മൂലധനം ഈ പറയക്കുടിയില്‍ എവിടെ നിന്ന് കണ്ടെത്താനാണ്. ഭൂമിയില്‍ നിന്നും വിഭവാധികാരങ്ങളില്‍ നിന്നും ബഹിഷ്‌കൃത രാക്കപ്പെട്ട ജനതയാണല്ലോ ദലിതര്‍. അവര്‍ക്ക് ആശ്രയമായുള്ളത് സര്‍ക്കാര്‍ ജോലികള്‍ മാത്രമേയുള്ളൂ. ദലിതര്‍ നേടുന്ന സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരംശം മൂലധനത്തിനായി സംഭരിച്ചാല്‍ ലഭ്യമായ തുകകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സാധിക്കുന്നതാണ്. മാന്യവര്‍ കാന്‍ഷിറാം 'ബാംസെഫ്' ലൂടെ സാക്ഷാത്കരിച്ചത് ഇത്തരം പദ്ധതിയാണ്. അതിനാല്‍ സിനിമയിലെ വിശ്വനാഥന്‍ സംവരണാവ കാശം വിനിയോഗിക്കേണ്ടതാണ് എന്നൊരു നിര്‍ദ്ദേശം കഥാകൃത്തി ന്റെ നേര്‍ക്ക് തിരിച്ചും വെക്കാം.

സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍, കഥാകൃത്ത് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളുടെ സെല്ലുലോയ്ഡ് പതിപ്പ് എന്നതിലപ്പുറം ചിതറിയവര്‍ ഒരു സിനിമയല്ല. ഛായാഗ്രാഹകന്‍ കെ ജി ജയനോ, എഡിറ്റര്‍ കെ രാജഗോപാലിനോ മൗലികമായ സംഭാവനകള്‍ എന്തെങ്കിലും നല്‍കിക്കൊണ്ട് ഈ പരിമിതിയെ മറികടക്കാനുമായില്ല. കൂടുതലായൊന്നും മുഖ്യകഥാപാത്രമായ വിശ്വനാഥനെ അവതരിപ്പിച്ച ശ്രീനിവാസനില്‍ നിന്ന് പ്രതീക്ഷി ക്കേണ്ടതുമില്ല. സാംബവരുടെ ജൈവികവും തൊഴില്‍ പരവുമായ സാംസ്‌കാരിക അടരുകളില്‍ നിന്നുള്ള പകര്‍പ്പുകള്‍ ഇടകലര്‍ത്തി യിരുന്നുവെങ്കില്‍ 'ചിതറിയവ'രെ സിനിമ എന്ന കലാസൃഷ്ടിയോട് കൂടുതല്‍ അടുപ്പിക്കുകയെങ്കിലും ചെയ്‌തേനെ. ഒരു ഷോട്ടില്‍ പ്രത്യക്ഷപ്പെടുകയും കലാസംവിധാനം നിര്‍വഹിക്കുകയും ചെയ്ത ആര്‍ട്ടിസ്റ്റ് ശിവദാസന് തന്റെ പ്രതിഭയുടെ ശക്തി പുറത്തെടുക്കുന്നതിന് വിനയായത് കുറഞ്ഞ മുതല്‍മുടക്കായി രിക്കണം. മടവതിയായി തിളങ്ങിയ പ്രസിദ്ധ കഥാകൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി നല്ലൊരു അനുഭവമായിരുന്നു. ലില്ലി ഫിലിംസി ന്റെ ബാനറില്‍ വി കെ എസ് ദേവനാണ് ചിതറിയവര്‍ നിര്‍മിച്ചത്.

പിന്‍കുറി: ദലിതുകളുടെ വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തലാക്കു കയും, സംവരണം നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയും, അവരുടെ ഉന്നമനത്തിനുവേണ്ടി കാലങ്ങളായി ലഭ്യമായിക്കൊണ്ടിരുന്ന ഫണ്ടിംങ് നിര്‍ത്തലാക്കപ്പെടുകയും, ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് വിധേയരാക്കപ്പെടുകയും, അവരുടെ പണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും, നിരപരാധികളായ അവരെ നിഴലുതീണ്ടിയെന്ന കുറ്റമാരോപിച്ചു പോലും ജീവനോടെ ചുട്ടരിക്കപ്പെടുകയും, കൈകാലുകള്‍ മുറിച്ചുമാറ്റപ്പെടുകയും, തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് അധികമാ യി സംഭവിച്ചുകൊണ്ടിരിക്കുന്ന ആകുലതകളുടേയും ഭീതിയുടേ യും ആധുനികകാലമാണിത്! ചിതറിയവര്‍ സിനിമയിലെ വിശ്വനാഥന്‍ തന്റെ തന്നെ വീഴ്ചകൊണ്ടാണ് പിന്നോക്കം പോയി പഴയ അടിമത്തത്തെ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാ കുന്നത് എന്നുള്ളത് കഥാകൃത്തിന്റെ കല്പനകള്‍ മാത്രമാണ്. എന്നാല്‍ ആദ്യം കുറിച്ച വാചകങ്ങള്‍ സൂചിപ്പിക്കുന്നത് കല്പനകളല്ല, ഒരു ദേശിക ജനത നേരിടുന്ന ക്രൂര യാഥാര്‍ത്ഥ്യ ങ്ങളാണ്. അവര്‍ അല്പമെങ്കിലും രക്ഷപെട്ടിരുന്നത്, ജനാധിപത്യ നിര്‍മാണ പ്രക്രിയയായ 'സംവരണം' നടപ്പാക്കിയതുകൊണ്ടു മാത്രമാണ്. ഒരു ജാതിരഹിത സമൂഹ്യ വ്യവസ്ഥയില്‍ സംവരണം വേണ്ടിവരില്ല. ഒരു ജാതിസഹിത സാമൂഹ്യ വ്യവസ്ഥയില്‍ ദലിതുകള്‍ അടിമകളായിരിക്കും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ