"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 3, വെള്ളിയാഴ്‌ച

മദുരൈ വീരന്‍: ജാതിവ്യവസ്ഥയുടേയും പ്രണയത്തിന്റേയും ദുരന്തനായകന്‍🎬 തമിഴ് സിനിമാരംഗവും പശ്ചിമ - ഉത്തര കേന്ദ്രങ്ങള്‍ക്കൊപ്പം ഇക്കാര്യത്തില്‍ തുല്യപദവി അര്‍ഹിക്കുന്നുണ്ടെങ്കിലും അതിന്റെ ചരിത്രത്തില്‍ ജാതിവിരുദ്ധ സിനിമകളൊന്നും അത്രയേറെ ഇറങ്ങിയിട്ടുള്ളതായി കണ്ടെത്താനാവില്ല. അതിനുള്ള പ്രധാനകാരണം ജാതിവ്യവസ്ഥയെ ജനിപ്പിച്ച വര്‍ണവ്യവസ്ഥ തമിഴ്‌നാട്ടില്‍ എത്തുന്നത് വളരെ വൈകിയാണ് എന്നുള്ളതാണ്. ദ്രാവിഡകേന്ദ്രം തീര്‍ത്തുവെച്ചിരുന്ന ഉപരോധമേഖലയില്‍ അത്രപെട്ടെന്ന് കടന്നുകയറാന്‍ വര്‍ണവ്യവസ്ഥക്കായില്ല. താമസിയാതെ വര്‍ണവ്യവസ്ഥ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുന്നതും ദേശികര്‍ താഴ്ത്തപ്പെട്ട പൗരന്മാരായി മാറുന്നതും കാണുന്നു. പിന്നീട്, സ്വന്തം നാട്ടില്‍ ദ്രാവിഡര്‍ക്ക് വര്‍ണവ്യവസ്ഥക്കെതിരായി തങ്ങളുടെ സ്വത്വത്തെ പ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടായി വന്നു. പെരിയാര്‍ ഇവി രാമസ്വാമി നായ്കരെ പോലെയുള്ള ദ്രാവിഡസ്വത്തരാഷ്ട്രീയക്കാര്‍ ഉദയം ചെയ്യുന്നു.
പറയ സമുദായത്തില്‍ ജനിച്ച മധൂരൈ പിള്ളൈ കപ്പല്‍ വ്യവസായത്തില്‍ കോടീശ്വനായ തമിഴ്‌നാട്ടില്‍ ജാതിവ്യവസ്ഥ വേരുറപ്പിച്ചതോടെ അദ്ദേഹത്തിന്റെ മകന് അത് മുന്നോട്ടുവെച്ച സാമൂഹ്യവിരുദ്ധതയെ ചെറുക്കാന്‍ ''ആദി ദ്രാവിഡ'' പ്രസ്ഥാനം രൂപീകരിക്കേണ്ടിവന്നതും, അദ്ദേഹത്തിന്റെ മകള്‍ മീനാംബാള്‍ക്ക് അംബേഡ്കര്‍ സ്ഥാപിച്ച ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ടിവന്നതുമൊക്കെ ജാതിവിരുദ്ധ പോരാട്ടത്തിലെ തമിഴ്‌നാടിന്റെ ചരിത്രമായി വായിച്ചെടുക്കാ വുന്നതാണ്. ( മീനാംബാള്‍ പിന്നീട് 'അംബേഡ്കറുടെ വലംകൈ' എന്നറിയപ്പെട്ട എന്‍ ശിവരാജിനെ വിവാഹം ചെയ്തപ്പോള്‍ മീനാംബാള്‍ ശിവരാജായി അറിയപ്പെട്ടു. മീനാംബാള്‍ ശിവരാജാണ് ആദ്യമായി ഇ വി രമാസ്വാമി നായ്കനെ 'പെരിയാര്‍' എന്നു വളിച്ചത്. അംബേഡ്കര്‍ മീനാംബാളെ 'ബഹന്‍ജി' (സിസ്റ്റര്‍) എന്നും ജനങ്ങള്‍ മീനാംബാളെ 'അന്നൈ' എന്നും വിളിച്ചു)

തമിഴ്‌നാട്ടിലെ ജാതിമേധാവിത്വം വളര്‍ന്നു വികസിച്ചത് പിന്നോക്ക സമുദായങ്ങള്‍ക്ക് ദലിത് സമുദായങ്ങള്‍ക്കുമേലുള്ള അധികാരം ഉറപ്പിക്കുന്നതിലേക്കാണ്. വര്‍ണവ്യവസ്ഥ കടന്നുവരുന്നതോടെ അവരുടെ അടിയാളരാകേണ്ടിവന്ന പിന്നോക്ക സമുദായങ്ങള്‍ക്ക് തങ്ങള്‍ക്ക് നാളുകളായി ഉണ്ടായിരുന്ന മേധാശക്തിയിലെ നഷ്ടബോധം തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. സവര്‍ണ രുടെ അടിയാളനായിരിക്കുമ്പോഴും തങ്ങള്‍ക്ക് ആരുടേയെങ്കിലും മേധാവിത്വും വേണമെന്ന പിന്നോക്കക്കാരുടെ ഇച്ഛകളാണ് ആദി ദ്രാവിഡരായ ദലിതരുമായി സാമൂഹികമായ അന്തരം കല്പിക്ക പ്പെട്ടതും അവരുമായുള്ള സംഘട്ടനങ്ങള്‍ക്ക് വഴിവെച്ചതും. ദലിതരുടെ സ്വത്വരാഷ്ട്രീയം 'ആദി ദ്രാവിഡ' പ്രസ്ഥാനമാകുന്നതും പിന്നോക്കക്കാരുടെ പ്രസ്ഥാനം 'ദ്രാവിഡ മുന്നേറ്റ കഴക'മാകു ന്നതിന്റെയും സാംഗത്യം ഇവിടെയാണ്. എന്നാല്‍ ആദി ദ്രാവിഡര്‍ ആരേക്കാളും താഴെയായിരുന്നില്ല. തമിഴ്‌നാടിന്റെ രക്ഷാകര്‍തൃത്വമുണ്ടായിരുന്ന വീരനായകന്മാര്‍ പലരും ആദിദ്രാവിഡരുടെ ഇടയില്‍ നിന്നുള്ളവരായിരുന്നു. (മധുരൈ പിള്ളൈ എന്ന കപ്പല്‍ വ്യവസായി ഒരു ഉദാഹരണം) അത്തരത്തില്‍പ്പെട്ട ഒരു വീരനായകനായിരുന്നു ദലിതരുടെ ഇടയിലെ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട 'മധുരൈ വീരന്‍'. 1956 ല്‍ മധുരൈ വീരനെക്കുറിച്ച് ഇതേപേരില്‍ ഒരു സിനിമ ഇറങ്ങി. ഡി യോഗാനന്ദാണ് സംവിധായകന്‍.

അരുന്ധതിയാറില്‍പ്പെട്ട അച്ഛനമ്മമാര്‍ക്ക് അവര്‍ കാട്ടില്‍ വസിക്കുമ്പോള്‍ അവിടെ വെച്ചുണ്ടായ ഏക മകനാണ് മുത്തു കുമാരന്‍. കായികാഭ്യാസിയായി വളര്‍ന്ന മുത്തുകുമാരന്റെ ശേഷിയെ കുറിച്ച് കേള്‍ക്കാനിടയായ മദുരൈ രാജാവ് തിരുമലൈ നായക് മുത്തു കുമാരനെ വിളിച്ച് തന്റെ സേനാനായകനാക്കി. അതോടെ മുത്തുകുമാരന്‍ 'മദുരൈ വീര'നായി അറിയപ്പെട്ടു തുടങ്ങി. കള്ളര്‍ സമുദായക്കാരുടെ മദുരൈ ആക്രമണത്തെ ചെറുക്കുന്നതിനായി മുത്തു കുമാരന്‍ വരുത്തപ്പെടുകയായിരുന്നു എന്നും ചില നാടന്‍ പാട്ടുകളില്‍ സൂചനയുണ്ട്. മുക്കുളത്തൂരില്‍ ആധിപത്യമുള്ള ഒരു സമുദായമായിരുന്നു കള്ളര്‍. മറവര്‍, അഗമുടയാര്‍ തുടങ്ങിയവര്‍ സമാനസമുദായക്കാരാണ്. കളവും പിടിച്ചുപറിയും ഇവര്‍ തൊഴിലാക്കിയിരുന്നു. അതുകൊണ്ടാണ് ഇവര്‍ക്ക് 'കള്ളര്‍' എന്ന് പേരുവന്നത്. 

കള്ളന്മാരെ തുരത്തിയതോടെ തിരുമല നായകിനൊപ്പം താമസമാക്കിയ മധുരൈവീരനില്‍ കൊട്ടാരം നര്‍ത്തകിയായ വെള്ളായിയമ്മാള്‍ ആകൃഷ്ടയായി. സകലകലാവല്ലഭനായിരുന്ന മദുരൈ വീരന്റെ വ്യക്തിത്വമാണ് വെള്ളായിയമ്മാളെ ആകര്‍ഷിച്ചത്. നൃത്തവിദ്യ തനിക്ക് വശത്താക്കിത്തരണമെന്ന് വെള്ളായിയമ്മാള്‍ മദുരൈ വീരനോട് അപേക്ഷിക്കുകപോലും ചെയ്തു. വെള്ളായിയമ്മാളുടെ ഈ അനുരാഗ ചേഷ്ടകളോട് മദുരൈ വീരന്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സൈന്യത്തിലുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനായ നരസപ്പന് വെള്ളായിയമ്മാള്‍ വീരനുമായി അടുക്കുന്നതില്‍ എതിര്‍പ്പുണ്ടാ യിരുന്നു. കാരണം വീരന്‍ കീഴ്ജാതിയില്‍ പിറന്നവമാണ്! എന്നതുതന്നെ. മദുരൈ വീരനും വെള്ളായിയമ്മാളും ചേര്‍ന്ന് അഴഗര്‍ മലൈയിലെ ഒരു ഗുഹയില്‍ വെച്ച് കള്ളരോട് പൊരുതുകയായിരുന്നു. ഈ തക്കം നോക്കി നരസപ്പന്‍ വീരനേയും വെള്ളായിയമ്മാളേയും ചേര്‍ത്ത് തിരുമലൈ മന്നനോട് അപവാദങ്ങള്‍ പറഞ്ഞു. വെള്ളായിയമ്മാളില്‍ ഒരു കണ്ണുണ്ടായിരുന്ന തിരുമലൈ മന്നന് ഇതു കേട്ടപ്പോള്‍ കോപം ഇരച്ചുകയറി. മന്നന്‍ ഉടനെ, മദൂരൈ വീരന്റെ ഒരു കാലും കയ്യും അറുത്തുകൊണ്ടുവരാന്‍ ഒരു ശിങ്കിടിയെ ചട്ടംകെട്ടി. അവന്‍ പറഞ്ഞപ്രകാരം ചെയ്തു! ക്രൂരമായ ഈ അനീതിയെ എതിര്‍ത്ത വെള്ളായിയമ്മാള്‍ മധുരൈ മന്നനെ ശാപവാക്കുകള്‍ കൊണ്ട് മൂടി. മന്നന്‍ പശ്ചാത്താപം കൊണ്ട് വിവശനായി. മധുരൈ വീരന്‍ കൊലചെയ്യപ്പെട്ട സ്ഥലത്താണ് പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മധുരൈ വീരന്റെ പേരിലാണ് അറിയപ്പെടുന്നത്.

മധുരൈ വീരനെക്കുറിച്ച് പ്രചരിച്ചിട്ടുള്ള പാട്ടുകള്‍ക്ക് തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. എല്ലാ കഥകളും സമാഹരി ച്ചാണ് സിനിമയുടെ കഥ രചിക്കപ്പെട്ടിട്ടുള്ളത്. ഇതുപ്രകാരം സിനിമയില്‍ ബൊമ്മി എന്നൊരു നായികകൂടി യുണ്ട്. കാവേരി നദിയില്‍ മുങ്ങിച്ചാകുമായിരുന്ന ഒരു പെണ്‍കുട്ടിയെ വീരന്‍ രക്ഷപ്പെടുത്തുകയുണ്ടായി. തൊട്ടിയം റാണിയായിരുന്ന ബൊമ്മിയാണ് ആ പെണ്‍കുട്ടി. തന്നെ രക്ഷിച്ച വീരനില്‍ ബൊമ്മി അനുരക്തയായി. എന്നാല്‍ വീരന് ആദ്യമൊന്നും ബൊമ്മിയോട് തിരികെ അനുരാഗം തോന്നിയിരുന്നില്ല. ബൊമ്മിയുടെ അമ്മാവനാണ് നരസപ്പന്‍. അദ്ദേഹം തിരുച്ചി രാജാവിന്റെ സൈന്യാധിപനുമായിരുന്നു. രാജാവിന്റെ സ്വാധീനമുപയോഗിച്ച നരസപ്പന്‍ ബൊമ്മിയും വീരനും തമ്മില്‍ വിവാഹിതരാകു ന്നതിനെ വിലക്കി. ഇവിടെയും വീരന് വിനയായത് തന്റെ കീഴ്ജാതി സ്വത്വമായിരുന്നു. ആയിടെ മദുരൈയില്‍ കള്ളര്‍മാരുടെ ആക്രമണം ശക്തമായതിനാല്‍ തിരുമലൈ മന്നന്‍ തിരുച്ചി മന്നന്റെ സഹായം തേടി. മന്നന്‍ വീരനെ മദുരൈയിലേക്കയച്ചു. വീരന്റെ അഭ്യാസപാടവത്തില്‍ മതിപ്പുവന്ന മദുരൈ മന്നന്‍ തന്റെ സൈന്യാധിപനായി വീരനെ നിയോഗിച്ചു. അങ്ങനെയാണ് വീരന്‍ മദുരൈയിലെത്തുന്നതും വെള്ളായിയമ്മാളുമായി കണ്ടുമുട്ടുന്നതും.

നര്‍ത്തകിയായ വെള്ളായിയമ്മാളെ തന്റെ വെപ്പാട്ടിയാക്കണമെന്ന് മദുരൈ മന്നന്‍ കരുതിയിരിക്കുകയുമായിരുന്നു. ഇതറിയുന്ന നരസപ്പന്‍ മദുരൈയിലെ മുന്‍ സൈനികോദ്യോഗസ്ഥന്‍ കൂടിയാ യിരുന്ന കുടിലനുമായി ചേര്‍ന്ന് മദുരൈ വീരനേയും വെള്ളായ മ്മാളേയും കുറിച്ച് മദുരൈ മന്നനില്‍ വിഷം കുത്തിവെച്ചു. മദുരൈ വീരന്റെ അന്ത്യം എല്ലാ പാട്ടിലും ഒന്നുതന്നെയാണ്. മരണ സമയത്ത് ബൊമ്മിയും എത്തിച്ചേര്‍ന്നി രുന്നു എന്നു മാത്രം. 

ജാതിവ്യവസ്ഥ അനുമതി നല്കാത്തതിനാലാണ് നരസപ്പനെ മദുരൈ വീരന്റെ പ്രണയത്തെ വകവെച്ചു കൊടുക്കുന്നതില്‍ നിന്ന് വിലക്കിയത്. നാടിനെ രക്ഷിച്ച ഒരു വീരനാണ് അതെന്നുള്ള വസ്തുത പരിഗണിക്കപ്പെടാതെ പോയി. അങ്ങനെ വന്നിരുന്നു വെങ്കില്‍ വീരന് പ്രതിഫലമായെങ്കിലും ഏതെങ്കിലും ഒരു പ്രണയം അനുവദിക്കപ്പെടുമായിരുന്നു. എത്രയോ കഥകളില്‍ - ചരിത്രത്തിലും വീരയോദ്ധാക്കള്‍ക്ക് രാജാക്കന്മാര്‍ തന്റെ പുത്രിയെ പാരിതോഷികമെന്നോണം പരിണയം ചെയ്തു കൊടുത്തതായി വിവരണങ്ങളുണ്ട് ! എത്രയും മികച്ച വീരനായിരുന്നിട്ടും കീഴ്ജാതിയിലുള്ള പിറവി മദുരൈ വീരന് ജാതിവ്യവസ്ഥയുടേയും പ്രണയത്തിന്റേയും ദുരന്ത നായകനാ കാനായിരുന്നു വിധി. 

1922 ഏപ്രില്‍ 16 ന് മദ്രാസില്‍ ജനിച്ച ദസാരി യോഗാനന്ദ് എന്ന ഡി യോഗാനന്ദാണ് സിനമ സംവിധാനം ചെയ്തത്. റേഡിയോള ജില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയ ഡി യോഗാനന്ദ് ജിതന്‍ ബാനര്‍ജിയുടെ ന്യൂട്ടന്‍ സ്റ്റുഡിയോവില്‍ ചേര്‍ന്ന് പ്രസിദ്ധ സിനിമാട്ടോഗ്രാഫറായ എം എ റഹ്മാനുമൊത്തു ജോലിചെയ്തു കൊണ്ടാണ് സിനിമാരംഗത്ത് സജീവമായത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് നേതാവായി രുന്ന രാരഗോപാലാചാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 1945 ല്‍ തെലുങ്കില്‍ എടുത്ത 'മായാലോകം' ആണ് ആദ്യത്തെ സിനിമ. 1984 ല്‍ തമിഴില്‍ എടുത്ത 'സരിത്തിരനായ കന്‍' ്‌വസാനത്തെ സിനിമയും. 2006 നവംബര്‍ 23 ന് തന്റെ 84 ആം വയസില്‍ ചെന്നൈയില്‍ വെച്ച് അന്തരിച്ചു.

1956 ഏപ്രില്‍ 13 ന് റിലീസ് ചെയ്ത 'മദുരൈ വീരന്‍' വന്‍ പ്രദര്‍ശനവിജയം നേടുകയുണ്ടായി. റിലീസ് ചെയ്ത 40 കേന്ദ്രങ്ങളില്‍ 100 ദിവസത്തിലേറെ പ്രദര്‍ശനങ്ങല്‍ നടന്നു. അക്കാലത്ത് 10 ലക്ഷം മുടക്കി എടുത്ത ഈ സിനിമ തമിഴ് സിനിമാ വ്യവസായരംഗത്ത് 1 കോടി സമാഹരിക്കുന്ന ആദ്യത്തെ സിനിമയുമായി. പില്ക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ എം ജി രാമചന്ദ്രനാണ് മധുരൈ വീരനെ അവതരിപ്പി ക്കുന്നത്. ബൊമ്മിയായി ഭാനുമതി രാമകൃഷ്ണയും വെള്ളായിയ മ്മാളായി പത്മിനിയും തിരശീലയി ലെത്തി. കൃഷ്ണാ പിക്‌ചേഴ്‌സി നുവേണ്ടി ലച്ചുമണ ചെട്ടിയാര്‍ നിര്‍മിച്ച ഈ സിനിമയില്‍ 10 ഗാനങ്ങളുണ്ട്. എം എല്‍ വസന്തകുമാരി, ടി എം സൗന്ദരരാജന്‍, ജിക്കി, പി ലീല, പി ഭാനുമതി തുടങ്ങിയവരാണ് ഗായികാഗായകന്മാര്‍. ജി രാമനാഥന്‍ ഈണം പകര്‍ന്നു. എം എ റഹ്മാന്‍ ഛായാഗ്രഹണം നിര്‍വഹിച്ച മദുരൈ വീരന് 3 മണിക്കൂ റിലേറെ ദൈര്‍ഘ്്യമുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ