"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 31, വെള്ളിയാഴ്‌ച

പുസ്തകം: ഒളിവിലെ ഓര്‍മകള്‍ - കല്ലറ സുകുമാരന്‍


📚മണ്ണ്, കണ്ടന്‍ചിറ, ഒളിവിലെ ഓര്‍മകള്‍ - എന്നീ മൂന്ന് ചെറുകവിതകളുടെ സമാഹാരമാണ് ഈ പ്രസിദ്ധീകരണം. മൂന്നും ഒരുപോലെ ദലിത് കവിതകളാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പ് ദലിതര്‍ അനുഭവിക്കേണ്ടിവന്ന പീഢനങ്ങളുടേയും യാതനകളുടേയും ഒരു കേവല നഖചിത്രം മാത്രമാണിത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നേരിയ പങ്കാളിത്തമെങ്കിലും വഹിച്ചവരെ തേടിപ്പിടിച്ച് സേവനത്തിന്റേയും വരുമാനത്തി ന്റേയും സ്വത്തിന്റേയും പിരധി നോക്കാതെ പന്‍ഷന്‍ നല്കുകയും, സമൂഹം അവരെ ദേശസ്‌നേഹികളും ദേശഭക്ത രുമായി വാഴ്ത്തി ആദരിക്കുകയും ചെയ്തു പോരുന്നു. നല്ലതു തന്നെ; നമുക്കവരോട് തികഞ്ഞ കടപ്പാടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത സ്വാതന്ത്ര്യ സമരപ്പോരാളികള്‍ ലക്ഷങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കുന്നു. പൊലീ സിന്റെ പൈശാചികമായ വേട്ടയാടലിന് വിധേയമായി തകര്‍ന്നുപോയ സാധുജീവികള്‍ ആരെല്ലാമായിരുന്നുവെന്നു പോലും ആരും അറിയുന്നില്ല. അതുപോലെതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിരോധിക്കപ്പെട്ടപ്പോഴൊക്കെ കമ്മ്യൂണിസ്റ്റുകളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുകയോ അവരോട് സഹകരിക്കുകയോ ചെയ്ത പട്ടിണിപ്പാവങ്ങള്‍ നാടെമ്പാടും അവാച്യമാംവിധം പീഢിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരോധനകാലത്ത് ഒളിവിലിരുന്ന പാര്‍ട്ടിസഖാക്കള്‍ അനുഭവിച്ച വിഷമതകളേക്കാള്‍ നൂറിരട്ടി പീഢനങ്ങള്‍ അവര്‍ക്ക് ഒളിസങ്കേതങ്ങള്‍ നല്കിയ നിരാലംബര്‍ക്ക് അനുഭവിക്കേണ്ടിവന്നു. സഖാവ് ടി വി തോമസിനെ അറസ്റ്റ്‌ചെയ്ത് ടി ബി യില്‍ കൊണ്ടുവന്ന് സൗകര്യപ്രദമായി താമസിപ്പിച്ച ശേഷം താഴെത്തെനിലയിലെ മുറിയില്‍ ഇരുന്നുകൊണ്ട് ഒരു പൊസീസ് സൂപ്രണ്ട് ടി വി തോമസിന് രണ്ട് അടികൊടുക്കാന്‍ ഒരു കോണ്‍സ്റ്റബിളിനെ പറഞ്ഞുവിട്ട കഥ സഖാവ് തോമസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നാരായണപിള്ള സഖാവ് ടി വിയുടെ മുറിയില്‍ ചെന്ന് എസ് പിയുടെ ആഗ്രഹം അറിയിക്കുകയും, താന്‍ ഭിത്തിയില്‍ കൈകൊണ്ട് ഇടിക്കുമ്പോള്‍ സഖാവ് ഉച്ചത്തില്‍ നിലവിളിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സഖാവ് നിലവിളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ തന്നെ ഭിത്തിയിലിടിച്ച് നിലവിളിക്കുകയും താഴെയുണ്ടായിരുന്ന എസ് പിയെ തൃപ്തിപ്പെടുത്തുകയും ചെയ്തുവെന്ന് സഖാവ് ടി വി തോമസ് ഹാസ്യഭാവേന തന്റെ ഒളിവിലെ ഓര്‍മകളെ അയവിറക്കുന്നു.

എന്നാല്‍ ഒരിക്കലും ഇതേ സമീപനമായിരുന്നില്ല, ടി വി തോമസിനെയോ അതുപോലുള്ള ഉന്നതരായ സഖാക്കളേയോ ഒളിവിലുത്തി പരിപാലിച്ച ചെറ്റക്കുടിലിലെ പാവങ്ങളോട് പൊലീസും ജന്മിമാരും അവരുടെ ഗുണ്ടകളും സ്വീകരിച്ചത്. മീശ പിരിച്ചുവെക്കുക, ശംഖുമാര്‍ക്ക് കൈലി ഉടുക്കുക, സ്റ്റീല്‍ മോതിരം അണിയുക, തുടങ്ങിയവയൊക്കെ കമ്മ്യൂണിസ്റ്റുകാരുടെ അടയാളമായി കരുതുകയും അങ്ങനെയുള്ളവരെ തിരഞ്ഞുപിടിച്ച് പീഢിപ്പിക്കുകയും ചെയ്തിരുന്നു. താനും തന്റെ സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അന്നോടെ അവസാനിക്കുമെന്ന് ധരിച്ചു വശായി ആയിരത്താണ്ടുകളുടെ അടിമത്തത്തിനു വിരാമമിടാന്‍ സമരമുഖത്തെത്തി രക്തസാക്ഷികളാവുകയാണ് അക്കാലഘട്ടത്തില്‍ പീഢനമേറ്റു തളര്‍ന്ന നിരാലംബ സാധുക്കള്‍ ചെയ്തത്. അവരുടെ ആവേശം കത്തിജ്വലിപ്പിച്ച് ഈയാംപാറ്റകളാകാനുതകുംവിധം വശീകരണത്തിന്റെ മാസ്മരികത ഉള്‍ക്കൊള്ളുന്ന നിരവധി ഗാനങ്ങളും, കഥകളും നോവലുകളും നാടകങ്ങളുമെല്ലാം ഗ്രാമാന്തരങ്ങളിലരങ്ങേറി.

'നിങ്ങളുകൊയ്യും വയലെല്ലാം
നിങ്ങടെതാകും പൈങ്കിളിയേ'
'നമ്മളോന്നാണേ പാടാം നമ്മളൊന്നാണേ'
'എണ്ണക്കറുപ്പുള്ള മാലപ്പെണ്ണാളേ-
നിന്നെശരിക്കുമറിയില്ല തമ്പ്രാന്‍' 

- തുടങ്ങിയ, നിരവധി ഗാനങ്ങള്‍ ഒരു നല്ല നാളെയുടെ പ്രതീക്ഷകള്‍ നല്കി ജനഹൃദയങ്ങളെ തട്ടിയുണര്‍ത്തി വിജൃം ഭിപ്പിക്കുകതന്നെ ചെയ്തു. പരിണിതഫലം പൊലീസിന്റേയും ഗുണ്ടാ സംഘങ്ങളുടേയും ക്രൂര താഢനങ്ങളേറ്റ് ആ മൂകജീവികള്‍ മൃതപ്രായരാവുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക മാത്രമാ യിരുന്നു. അവരുടെ ദുരന്തങ്ങള്‍ അറിയേണ്ടവര്‍ അറിഞ്ഞില്ലെന്നു മാത്രമല്ല ആ ത്യാഗങ്ങള്‍ തമസ്‌കരിക്കപ്പെടുകയും അവരുടേ തല്ലാത്ത കഥയും നോവലും നാടകവും സിനിമയുമായി ഒളിവിലെ ഓര്‍മകള്‍ എന്ന പേരില്‍ പുറത്തുവരികയും അതും ആസ്വാദ കരുടെ പോക്കറ്റടിക്കാന്‍ ഉപാധിയാവുകയും ചെയ്തു. രാഷ്ട്രീയതടവുകാരനായിരുന്നതിന്റേയും ഒളിവിലിരുന്നതിന്റേയും കൈപ്പേറിയ അനുഭവങ്ങള്‍ തെരഞ്ഞെടുപ്പു വേദികളില്‍ പ്രഘോഷിച്ചും ലഘുലേഖകളില്‍ പ്രതിപാദിച്ചും സമ്മതിദായ കരുടെ അനുകമ്പയെ ചൂഷണം ചെയ്തവര്‍ തങ്ങളെ ഒളിവിലിരു ത്തിയ പാവങ്ങളുടെ ചെറ്റപ്പുരയിലൊഴുകിയ ചുടുചോരയുടെ ഗന്ധമുള്ള കണ്ണുനീരിന്റെ കഥ സൗകര്യപൂര്‍വം വിസ്മരിച്ചു. മൃഗയാവിനോദത്തിന് അശ്വാരൂഢനായി പുറപ്പെട്ട രാജാവി നേയും, രാജകിരീടത്തേയും, സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങിയ കര്‍ണകുണ്ഡലങ്ങളേയും മാറില്‍ ചാര്‍ത്തിയ രത്‌നാഭരണ ങ്ങളേയും, രക്തദാഹിയായ കൂര്‍ത്ത കുന്തത്തേയും പോരാ, കുതിരയേയും കുതിരയുടെ കുഞ്ചിരോമത്തേയും വരെ അംഗപ്രത്യംഗം വര്‍ണിച്ചവര്‍, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പ്രാണവേദനയോടെ പാഞ്ഞ് വായില്‍ നുരയും പതയുമൊഴുകി കൈകാലുകള്‍ തളര്‍ന്നുവീണ് കുന്തമുനയില്‍ ദീനരോദനത്തോടെ പിടഞ്ഞു മരിച്ച മാന്‍പേടയെ കണ്ടില്ലെന്ന് നടിക്കുന്നത് കഷ്ടമാണ്. ദീനദീനം വിലപിച്ചുകൊണ്ട് പ്രാണന്‍ വെടിയുന്ന നിരാലംബ മൂകജീവികളെ കാണാത്തവര്‍ 'ഒളിവിലെ ഓര്‍മകളില്‍' വിസ്മ രിച്ച ആയിരക്കണക്കിന് ഹതഭാഗ്യരില്‍ ഒരു കുടുംബത്തിന്റെ കഥയാണ് ഈ ഒളിവിലെ ഓര്‍മകള്‍.

എണ്ണക്കാട്ടുകൊട്ടാരത്തിലെ ശങ്കരനാരായണന്‍ തമ്പിയെ (57 ലെ സ്പീക്കര്‍) ഒളിവിലിരുത്തിയെന്ന സംശയത്തില്‍ എണ്ണക്കാട്ടു ഗ്രാമത്തിലെ നിരപരാധികളായ പുലയരേയും പറയരേയും കുറവരേയും അതിഭീകരമായ പീഢനങ്ങള്‍ക്കു വിധേയമാക്കിയ കഥ തോപ്പില്‍ ഭാസി ഒഴിവിലെ ഓര്‍മകളില്‍ വിശദീകരി ക്കുന്നുണ്ട്. എന്നാല്‍ ശൂരനാട്ടു കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ദീര്‍ഘകാലം ഒളിവിലിരുന്നു തടവിലായ ഭാസി ഒരു ചീത്തവാക്കുപോലും കേള്‍ക്കാതെയാണ് ലോക്കപ്പില്‍ കഴിഞ്ഞിരുന്നതെന്ന് (പേജ് 358) അദ്ദേഹംതന്നെ പറയുന്നു. തടവുകാരോടുള്ള പൊലീസിന്റെ പെരുമാറ്റത്തില്‍ ജാതിപരിഗ ണനയുണ്ടായിരുന്നുവെന്നും (പേജ് 125) നല്ലമുട്ടത്തു പത്മനാഭ പിള്ള എന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ തന്നെ ഭാസിയുടെ അച്ഛനെ ജാമ്യത്തിലിറക്കിയതായും (പേജ് 148) തോപ്പില്‍ ഭാസി ഓര്‍മിക്കുന്നു. എന്നാല്‍ 1944 മുതല്‍ 52 വരെ 8 കൊല്ലം കേരളത്തിലെ അധഃകൃതര്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ അനുഭവിച്ച പീഢനങ്ങള്‍ ലോകചരിത്രത്തില്‍ മറ്റെങ്ങും നടക്കാത്ത വിധം പൈശാചികവും അവര്‍ണനീയവുമായിരുന്നു. പാര്‍ട്ടി ഏഴു പ്രാവശ്യം മാറിമാറി ഭരിച്ചിട്ടും അവര്‍ക്കെന്തു നേട്ടമു ണ്ടായി എന്ന് ഇന്നാലോചിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ലജ്ജിക്കേണ്ടതായി വരും.

'മണ്ണ്' യഥാര്‍ത്ഥത്തില്‍ എന്റെ കുടുംബത്തിന്റെ കഥാംശ മുള്‍ക്കൊണ്ടതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സായിപ്പിന്റെ സേവകനായിരുന്ന എന്റെ അച്ഛന്‍ വെള്ളക്കാരന്‍ മടങ്ങിപ്പോയപ്പോള്‍ നല്കിയ തുകകൊണ്ട് വൈക്കത്തിനടുത്ത് കല്ലറ ഗ്രാമത്തില്‍ മൂന്നേക്കര്‍ ഭൂമി വാങ്ങുകയും ഭേദമായ ഒരു വീടുപണിയുകയും ചെയ്തു. അത് അന്നത്തെ നാട്ടാചാരപ്രകാരം കുറ്റകരമായിരുന്നു. തമ്പുരാക്കന്മാരുടെ അനുവാദമില്ലാതെ പുലയന്‍ ഭൂമി വാങ്ങുക. അവരുടേതുപോലുള്ള വീടുപണിയുക. അതില്‍ക്കവിഞ്ഞ തെറ്റ് മറ്റൊന്നുമില്ല. സംഘടിതരായ സവര്‍ണര്‍ പ്രതികാരദാഹത്തോടെ കലിതുള്ളി ഒരു ഗൂഢാലോചനയുടെ ഫലമായി എന്റെ അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ ഞാന്‍ ഗര്‍ഭസ്ഥ ശിശുവായിരുന്നു. അച്ഛന്‍ മരിച്ച് നാലുമാസംകൂടി കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. സവര്‍ണരുടെ ശത്രുതമൂലമുള്ള അരക്ഷിതാ വസ്ഥയും ഒപ്പം അച്ഛന്റെ വേര്‍പാടും നരകത്തിലേക്കെറിഞ്ഞ എന്റെ കുടുംബത്തെ നിലനിര്‍ത്താന്‍ അമ്മയും സഹോദരങ്ങളും അച്ഛന്‍ സമ്പാദിച്ച ഭൂമിയില്‍ കഠിനാധ്വാനം ചെയ്തു. പക്ഷെ വിളവെടുക്കാന്‍ തമ്പുരാക്കന്മാര്‍ അനുവദിച്ചില്ല. പാടത്തെ നെല്ല് നിരയാകും മുമ്പ് അവ കന്നുകാലികള്‍ മേഞ്ഞു നശിപ്പിച്ചു. തമ്പുരാന്റെ പശുവിനെ തല്ലിയോടിക്കാന്‍ അടിമകള്‍ക്കവ കാശമില്ല., അതായിരുന്നു ആചാരം. 

ഈ സാമൂഹ്യപശ്ചാത്തലത്തില്‍ അനുഭവിച്ചും പറഞ്ഞുകേട്ടും അറിഞ്ഞ ജാതിരാക്ഷസിയുടെ ഭീകരകഥകളില്‍, കുട്ടിക്കാലം മുതല്‍ എന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു സംഭവ മാണ് എന്റെ അച്ഛന്റെ വല്യമ്മയുടെ ജഢം കായലില്‍ താഴ്ത്തിയത്. തീര്‍ച്ചയായും ഇതൊരൊറ്റപ്പെട്ട സംഭവമല്ല. സഹസ്രാബ്ധങ്ങളായി അടിമത്തത്തില്‍ കഴിയേണ്ടിവന്ന കുലത്തില്‍ ജനിച്ച ഓരോ അധഃസ്ഥിതനും ഇത്തരത്തിലും ഇതിലധികവും ദുഃപൂര്‍ണമായ അനുഭവങ്ങള്‍ വ്യവസ്ഥിതിക്കെതിരെ നുഴഞ്ഞു പൊന്തുന്ന രോഷത്തോടെ മനസിന്റെ അടിത്തട്ടില്‍ സൂക്ഷിക്കുന്നു ണ്ടാകും. അവര്‍ക്കെല്ലാം വേണ്ടിയാണ് 'മണ്ണ്' ഞാന്‍ കുത്തി ക്കുറിച്ചത്.

'കണ്ടന്‍ചിറ'യുടെ പ്രമേയം കേട്ടിട്ടില്ലാത്ത ദലിതരുണ്ടാവുകയില്ല. കഴിഞ്ഞ തലമുറയുടെ ആരംഭം വരെ ഇന്ത്യയിലെമ്പാടും വിവിധ കാരണങ്ങളാലും കാരണമില്ലാതെയും ദലിതര്‍ ബലിയര്‍പ്പിക്ക പ്പെട്ടിട്ടുണ്ട്. തമ്പുരാന്‍ അടിയാളത്തിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് അവളുടെ കാമുകന്‍ കണ്ടു എന്ന കാരണത്താല്‍ അവനെ നരബലി നടത്തിയെന്ന് ജോസഫ് ഇടമറുക് രേഖപ്പെ ടുത്തുന്നു. നിരവധി ദലിത് കവികള്‍ ഈ പ്രമേയം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. നാട്ടിലെമ്പാടും കണ്ടന്‍ചിറ, ചീരപ്പഞ്ചിറ, ആപ്പാഞ്ചിറ, നാലാഞ്ചിറ, എന്നിങ്ങനെ നിരവധി സ്ഥലനാമ ങ്ങളുണ്ട്. പ്രസ്തുത സ്ഥലനാമങ്ങളോടനുബന്ധമായി കുറേ മനുഷ്യരുടെ നിണമാര്‍ന്ന കഥകളുണ്ട്. അവിടെ അന്ധവിശ്വാ സങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കും വിധേയരായി നിരാക്ഷേപം വധിക്കപ്പെട്ട രക്തസാക്ഷികളുടെ പാവനസ്മരണ ക്കാണ് 'കണ്ടന്‍ചിറ' എഴുതിയിരിക്കുന്നത്. 

ദലിതര്‍ ഇന്ന് നിരവധി പരിരക്ഷകളുടെ തണലിലാണ്. കുറേ പ്പേര്‍ക്കെങ്കിലും ഉയരങ്ങളില്‍ എത്തിപ്പിടിച്ചു നില്ക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അവസരങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ വ്യാപൃതരുമാണ്. പക്ഷെ ഇന്നലെകളുടെ ദുഃഖപൂര്‍ണമായ ഓര്‍മകള്‍ അയവിറക്കുക്കുവാനും അവയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുവാനും വിമുഖരാകുന്ന അവസ്ഥ സമൂഹത്തിന്റെ സമ്പൂര്‍ണ മോചനത്തിന് വിഘാതമാവുകതന്നെ ചെയ്യും. ക്ഷേമരാഷ്ട്രത്തിന്റെ സൃഷ്ടിക്ക് ഇന്നോളം തടസ്സം സൃഷ്ടിച്ചവരെ അടുത്തറിയുവാനും ലക്ഷ്യം പൂര്‍ത്തീകരിക്കു വാനുമുള്ള പ്രയാണത്തിന് ഉത്തേജനം നല്‍കുന്ന സിദ്ധൗഷധമാണ് ദലിതരെ സംബന്ധിച്ചിടത്തോളം അവരുടെ ഇന്നലെകളുടെ ഓര്‍മകള്‍. നിര്‍ഭാഗ്യവശാല്‍ ആ വിധത്തിലുള്ള ആയിരമായിരം ഓര്‍മകള്‍ ഇന്നൊളിവിലാണ്. ഇന്നലെവരെ ദലിതരുടെ ശത്രുക്കളായിരുന്നവരും അവരുടെ പിന്മുറക്കാരും ഇന്ന് മിത്രവേഷം ചമഞ്ഞെത്തുമ്പോള്‍ അവരുടെ ലക്ഷ്യെന്തെന്ന് മനസിലാക്കാനും ഒളിവിലെ ഓര്‍മകള്‍ ഉപകരിക്കും. വിമോച നത്തിന്റെ കാഹളധ്വനിയുമായി സമരമുഖത്തെത്തി നില്ക്കുന്ന ഓരോ കറുത്ത വിപ്ലവകാരിക്കും ഒരു കൈത്തിരിയായി 'ഒളിവിലെ ഓര്‍മകള്‍' വിനയപൂര്‍വം ഞാന്‍ സമര്‍പ്പിക്കുന്നു.

സ്‌നേഹാദരങ്ങളോടെ

കല്ലറ സുകുമാരന്‍.

ഡോ. അംബേഡ്കര്‍ ഭവന്‍
പീരുമേട് - 685531
ആഗസ്റ്റ് 15 - 1993
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ