"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 24, വെള്ളിയാഴ്‌ച

ജയ്ത് രേ ജയ്ത്...! ജയത്തിന് തുല്യം തോല്‍വി...!?


🎬 വിഖ്യാത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ 1977 ല്‍ എടുത്ത സിനിമയാണ് 'ജയ്ത് രേ ജയ്ത്'. ജയം... ജയം... എന്നാണ് ഈ ശീര്‍ഷകത്തിന് അര്‍ത്ഥം. 'ഠാകര്‍' എന്ന ആദിവാസി വിഭാഗ ത്തിന്റെ ജീവിതചര്യകളെ ആധാരമാക്കിയാണ് സിനിമ ആവിഷ്‌കാരം കൊണ്ടത്. എന്നാല്‍ ജയ്ത് രേ ജയ്ത് ആദിവാസി കളായ ഠാകര്‍മാരുടെ സാംസ്‌കാരിക പാരമ്പ്യത്തില്‍ നിന്നുള്ള സംഭാവനകളെ ആശ്രയിച്ചുള്ളതോ, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതിനുള്ള നിര്‍ദ്ദേശമുള്‍ക്കൊ ള്ളുന്നതോ ആയ ഒരു കഥാസന്ദര്‍ഭത്തെയല്ല സിനിമയിലൂടെ ആവിഷ്‌കരിക്കുന്നത്.. വിഖ്യാത മറാത്തി സാഹിത്യകാരന്‍ ഗോപാല്‍ നീല്‍കണ്ഠ് ദണ്ഡേക്കറുടെ ഇതേപേരിലുള്ള നോവലിന് ആവിഷ്‌കാരം കൊടുത്തപ്പോള്‍ ഠാകര്‍മാരുടെ ജീവിതത്തെ ആധാരമാക്കി എന്നു മാത്രം.

തപ്പുമേളത്തില്‍ സമര്‍ത്ഥനായ നഗ്യ എന്ന ഠാകര്‍ യുവാവ് സ്വഗോത്രത്തില്‍ പെട്ട ചിന്തി എന്ന തരുണിയെ കണ്ടുമുട്ടുന്നു. ചിന്തി നേരത്തേ തന്നെ വിവാഹിതയായിരുന്നെങ്കിലും, കൊള്ളരുതാത്തവനെന്നു കണ്ട് തന്റെ കണവനെ ഉപേക്ഷിച്ചിരി ക്കുകയായിരുന്നു. നഗ്യയും ചിന്തിയും തമ്മില്‍ പ്രണയത്തിലായി. ഒരു ദിവസം വിറകുവെട്ടാന്‍ കാട്ടിലെത്തിയ നഗ്യ, തേനീച്ചകളുടെ ആക്രമണത്തിലകപ്പെട്ടു. തേനീച്ചകളുടെ റാണിയുടെ കുത്തേറ്റ് നഗ്യയുടെ ഒരു കണ്ണുപൊട്ടുകയും ചെയ്തു. തിരികെ വീട്ടിലെ ത്തിയ നഗ്യ തേനീച്ചകളോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ കയറിപ്പറ്റാന്‍ പ്രയാസമുള്ള കിഴുക്കാംതൂക്കായ ഒരു പാറമലമേലാണ് തേനീച്ചകള്‍ കൂടുവെച്ചിരുന്നത്. തേനീച്ചകളുടെ റാണിയെ കണ്ടെത്തി വകവരുത്തണമെന്നുള്ള തീരുമാനത്തില്‍ നിന്നും നഗ്യ തെല്ലിടപോലും പിന്നോട്ടു പോയിരുന്നില്ല. ഇതിനിടെ നഗ്യയില്‍ നിന്നും ചിന്തി ഗര്‍ഭിണിയായി. ഇതൊന്നും വകവെ ക്കാതെ ചിന്തി തന്റെ കണവന്റെ പ്രതികാരനിര്‍വഹണ ത്തിനായി എല്ലാവിധ പിന്തുണയും നല്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം നഗ്യ തേനീച്ചക്കൂടുകള്‍ തിരഞ്ഞ് പാറമലമേല്‍ അള്ളിപ്പിടിച്ചു കയറി. കണവന്‍ തിരിച്ചിറങ്ങുന്നതും കാത്ത് ചിന്തി പാറമലയുടെ താഴെ ഇരുപ്പുറപ്പിച്ചു. പൊടുന്നനെ എത്തിയ തേനീച്ചകളുടെ കുത്തേറ്റ് ചിന്തി കൊല്ലപ്പെട്ടു. അതേ സമയം പറമലയില്‍ കയറിയ നഗ്യ തേനീച്ചകളുടെ റാണിയെ വകവരുത്തുന്ന പ്രതികാര നടപടിയില്‍ വിജയിച്ചു...! 

ജയപരാജയങ്ങളുടെ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച പ്രാഗ്ധാരണ കളെ ഒന്നുകൂടി ആവര്‍ത്തിച്ച് ഉറപ്പിക്കുക മാത്രമാണ് 'ജയ്ത് രേ ജയ്ത്' (വിന്‍ വിന്‍). ഒരു ജയം നേടുമ്പോള്‍ മറുവശത്ത് ഒരു നഷ്ടവുമുണ്ടാകുന്നു! ഇവിടെ പ്രതികാരനിര്‍വഹണത്തില്‍ നഗ്യ വിജയിച്ചപ്പോള്‍ അയാള്‍ക്ക് നഷ്ടമായത് എന്താണ്? അപ്പോള്‍ ജയം തുല്യം പരാജയം എന്നാകുന്നു സമവാക്യം. വിജയം എന്നത് ഒരിക്കലും സംജാതമാകാത്ത ഒരു അവസ്ഥയാണത്. ഠാകര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഈ ആവിഷ്‌കാരം ഇത്തരമൊരു സത്യവാചകത്തിലേക്ക് മിഴിവേകിയിരിക്കുന്നു. അതിലൂടെ ഈ ആദിവാസി ഗോത്ര വിഭാഗത്തെക്കുറിച്ച് പഠിക്കാന്‍ പൊതു സമൂഹത്തിന് ഒരു അവസരമൊരുക്കി എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രയോജനം.

ഠാകര്‍ എന്ന ഗോത്രനാമം ഒരുപാട് വിശദീകരണങ്ങള്‍ ആവശ്യ പ്പെടുന്ന ഒന്നാണ്. ഈ ആദിവാസി വിഭാഗം ഏറിയപങ്കും മഹാരാഷ്ട്രയിലെ വനഭൂമികള്‍ക്കരികിലും മലഞ്ചരിവുകളിലു മായാണ് അധിവാസമുറപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ മഹാരാഷ്ട്രയില്‍ പലയിടങ്ങളിലുമായി അവര്‍ വ്യാപിച്ചു. ഇവര്‍ ഠാകുര്‍ എന്നും അറിയപ്പെടുന്നു. 'ക ഠാകര്‍, മഠാകര്‍' എന്നും 'ക ഠാകുര്‍, മ ഠാകുര്‍' എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ ഷെഡ്യൂള്‍ഡ് ട്രൈബ് കാറ്റഗറിയില്‍ പെടുന്നു. എന്നാല്‍ 'ഠകര്‍'മാരും 'ഠകുര്‍'മാരും മറാത്തി സംസാരിക്കുന്ന ഇന്തോ - ആര്യന്‍ ഗോത്രത്തില്‍പ്പെട്ട അനാദിവാസി വിഭാഗങ്ങളാണ്. മഹാരാഷ്ട്രയിലെ ദേശസ്ഥ ബ്രാഹ്മണര്‍ തങ്ങളുടെ ജാതിനാമമായി 'ഠകാര്‍' എന്നും ചേര്‍ക്കുന്നുണ്ട്.

മികച്ച നാടോടിനര്‍ത്തകരുടെ സമൂഹമാണ് ആദിവാസികളായ ഠാകര്‍മാരുടേത്. തങ്ങളുടെ ഗോത്രവഴക്കമനുസരിച്ചാണ് അവര്‍ ദീപാവലി ആഘോഷിക്കുന്നത്. അന്നേ ദിവസം ഗോത്ര ഊരുകളില്‍ ധോള്‍ താളത്തില്‍ ഇവര്‍ സംഘനൃത്തമാടുക പതിവാണ്. 

സിനിമക്ക് ആധാരമായ നോവലെഴുതിയ ഗോപാല്‍ നീല്കണ്ഠ് ദണ്ഡേക്കര്‍ 1916 ജൂലൈ 8 ന് മഹാരാഷ്ട്രയിലെ അമരാവതിയി ലാണ് ജനിച്ചത്. പിന്നീട് വിദര്‍ഭയിലേക്ക് കുടംബം മാറിത്താമസി ക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരാഹ്വാന ങ്ങള്‍ കേട്ട് തന്റെ 13 ആം വയസില്‍ ദണ്ഡേക്കര്‍ നാഗ്പൂരിലെ തന്റെ വീടുവിട്ട് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. പിന്നീട് രാഷ്ട്രീയ സ്വംയം സേവക് സംഘില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഏറ്റവുമൊടു വില്‍, ജാതിഉന്മൂലന നിലപാടില്‍ അംബേഡ്കറുടെ സഹയാത്രി കനും സാമൂഹ്യ സേവനത്തിലൂടെ അതിനായി ജീവിതകാലമ ത്രയും പരിശ്രമിക്കുകയും ചെയ്ത ഗാഡ്‌ജെ ബാബയുടെ പ്രസ്ഥാനത്തിലും ദണ്ഡേക്കര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കൃതികളില്‍ ഏറിയവയും നോവലാണ്. 'സ്മരണ്‍ ഗാഥ'യാണ് ആത്മകഥ. 1976 ല്‍ ഈ കൃതിക്ക് സാഹിത്യ ്ക്കാദമി അവാര്‍ഡ് ലഭിച്ചു. 1992 ഡിസംബര്‍ 30 ന് പൂന യൂണിവേഴ്‌സിറ്റി ഓണററി ഡി ലിറ്റ് നല്കുകയുണ്ടായി. 1998 ജൂണ്‍ 1 ന് അന്തരിച്ചു.

മഹാലക്ഷ്മി ചിത്ര എന്ന കമ്പനിയുടെ ബാനറില്‍ ഉഷ മംഗേഷ്‌കറും ഹൃദയനാഥ് മംഗേഷ്‌കറും ചേര്‍ന്നാണ് ജയ്ത് രേ ജയ്ത് നിര്‍മിച്ചത്. ആ വര്‍ഷം സിനിമ, പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയെടുത്തു. മറാത്തി കവിയായ എന്‍ ഡി മനോഹര്‍ എഴുതിയ 12 ഗാനങ്ങലുണ്ട് സിനിമയില്‍. എല്ലാ ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് പണ്ഡിറ്റ് ഹൃദയനാഥ് മംഗേഷ്‌കറാണ്. ലതാ മംഗേഷ്‌കര്‍, ആഷാ ബോസ്ലെ, ഉഷാ മംഗേഷ്‌കര്‍, രവീന്ദ്ര സാഥെ, ചന്ദ്രകാന്ത് കാളെ എന്നീ പ്രസിദ്ധ ഗായകരോടൊപ്പം മറ്റൊരു മറാത്തി കവിയായ ആരതി പ്രഭുവും ഗാനങ്ങള്‍ ആലപിച്ചു. 

മോഹന്‍ അഗാഷെ നഗ്യയാും സ്മിതാ പാട്ടീല്‍ ചിന്തിയായും വേഷമിട്ടു. പൂനെയിലെ പി ജെ മെഡിക്കല്‍ കോളേജില്‍ നിന്നും സൈക്കിയാട്രിയില്‍ എംബിബിഎസ്ഉം പി ജിയും നേടിയിട്ടുള്ള മോഹന്‍ അഗാഷെ നിയേറ്റര്‍, അഭിനയകലയിലുള്ള കമ്പം നിമിത്തമാണ് സിനിമയില്‍ സജീവമായത്. സത്യജിത് റേ ഉള്‍പ്പെടെ പ്രഗത്ഭരും പ്രശസ്തരുമായ സ്വദേശ - വിദേശ സംവിധായകുരടെയെല്ലാം സിനിമകളില്‍ മോഹന്‍ അഗാഷെ വേഷമിട്ടിട്ടുണ്ട്. 'ദി കിംഗ് ആന്റ് ദി കമ്മീഷണര്‍' എന്ന മലയാള സിനിമയില്‍ പ്രധാനമന്ത്രിയായും വേഷമിട്ടു. 1996 ല്‍ സംഗീത നാടക ്ക്കാദമി അവാര്‍ഡ് നേടി. കലാസിനിമയിലെ നായിക എന്ന് ഖ്യാതിയുള്ള സ്മിതാ പാട്ടീലാണ് ചിന്തിയെ അവതരി പ്പിച്ചത്. 1974 ല്‍ 'മേരേ സാത് ചല്‍' എന്ന സിനിമയില്‍ തുടങ്ങി 1989 ലെ 'ഗാലിയന്‍ കേ ബാദ്ഷാ' യിലെ പാത്രാവതരണത്തിന് ശേഷം തന്റെ 31 ആം വയസില്‍ സ്മിതാ പാട്ടീല്‍ അന്തരിച്ചു. ജി അരവിന്ദന്റെ 'ചിദംബംരം' എന്ന മലയാള സിനിമയില്‍ നായികയെ അവതരിപ്പിച്ചത് സ്മിതാ പാട്ടീലാണ്. നിരവധി തവണ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡും മറ്റ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 'ജയ്ത് രേ ജയത്' മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. പ്രസിദ്ധ നടന്‍ രാജ് ബബ്ബാറാണ് സ്മിതാ പാട്ടീലിന്റെ ജീവിത പങ്കാളി. 

1942 ജൂണ്‍ 23 ന് മഹാരാഷ്ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ജബ്ബാര്‍ പട്ടേലും മെഡിസിനില്‍ ബിരുദമെടുത്ത് പീഡിയാട്രീഷ്യ നായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രസിദ്ധ നാടക കൃത്ത് വിജയ് ടെണ്‍ഡുല്‍ക്കറുടെ 'ഘാഷിറാം കൊത്വാള്‍' എന്ന നാടകത്തിന് രംഗാവിഷ്‌കാരം കൊടുത്തുകൊണ്ട് കലാരംഗത്ത് പ്രവേശിച്ചു. 1999 ല്‍ ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ ജീവിതകഥയെ ആധാരമാക്കി ഇതേപേരിലെടുത്ത സിനിമ പ്രസിദ്ധിയിലേക്കുയര്‍ത്തി. 1974 ല്‍ ഏടുത്ത 'സാംന'യാണ് ആദ്യത്തെ സിനിമ. 'ജയ്ത് രേ ജയത്' രണ്ടാമത് എടുത്ത സിനിമയാണ്. 1995 ല്‍ മറാത്തി ഭാഷയിലെടുത്ത 'മുക്ത' എന്ന സിനിമക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചു. 'ജയ്ത് രേ ജയത്' മികച്ച സംവിധായകനുള്ള മഹാരാഷ്ട്ര ഗവണ്‍മ്ന്റിന്റെ അവാര്‍ഡ് അതേ വര്‍ഷം ജബ്ബാര്‍ പട്ടേലിന് നേടിക്കൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ