"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 22, ബുധനാഴ്‌ച

കാലോ ഹരിണ്‍: വേട്ടയാടപ്പെട്ട കറുത്തമാന്‍!


🎬 ഫുട്‌ബോളര്‍ ഐ എം വിയനെക്കുറിച്ച് 1998 ല്‍ ഇറങ്ങിയ ഡോക്യുമെന്ററിയാണ് ''കാലോ ഹരിണ്‍. തൃശൂര്‍ സ്വദേശിയായ ചെറിയാന്‍ ജോസഫ് എടുത്ത കാലോ ഹരിണ്‍ ആണ് ഇന്ത്യയില്‍ ഒരു ഫുട്‌ബോളറെ കുറിച്ച് ആദ്യമായി എടുക്കുന്ന ഡോക്യു മെന്ററി. തൃശ്ശിവപേരൂര്‍ ക്രിയേഷന്‍സ് നിര്‍മിച്ച ഈ സിനിമയുട രചന നിര്‍വഹിച്ചത് എ എന്‍ രവീന്ദ്രദാസും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നാണ്. ഛായാഗ്രഹണം പി ജെ ചെറിയാനും എം എ മതിയഴകനും ചേര്‍ന്ന് നിര്‍വഹിച്ചു. പി രാമന്‍ നായരാണ് സിനിമയുടെ എഡിറ്റര്‍. വിഖ്യാത സംഗീതസംവി ധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങളും സിനിമയുടെ സവിശേഷതയാണ്. ശബ്ദമിശ്രണം ടി കൃഷ്ണനുണ്ണിയുടേതാണ്. 1999 കൊച്ചിയില്‍ നടന്ന ഐഎഫ്എഫ്‌ കെ യില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച കാലോഹരിണ്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

ഒരു ഫുട്‌ബോളറെ രേഖപ്പെടുത്തുക എന്നതിലുപരി, കാലോ ഹരിണിലൂടെ സിനിമയുടെ ഭാഷയില്‍ ചെറിയാന്‍ ജോസഫ് മുന്നോട്ടു വെച്ചത്, ലോകഫുട്‌ബോളില്‍ രാജ്യത്തിന് വേണ്ടി വിജയങ്ങള്‍ നേടുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് . ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യത്തെ അധികാരികള്‍ പക്ഷെ, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നതല്ലാതെ ലോകഫുട്‌ബോളില്‍ വിജയം കൈവരിക്കുന്നതിനുള്ള ഫലപ്രദമായ ഈ നിര്‍ദ്ദേശങ്ങളെ കേട്ടതായിപ്പോലും നടിച്ചില്ല!

എന്തുകൊണ്ടാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ വിദേശ ടീമുകളോട് തോറ്റുപോകുന്നത്? അവരെ ജയിക്കാന്‍ കെല്പില്ലാത്തതുകൊണ്ട്! ചോദ്യവും ഉത്തരവും എത്ര ലളിതം. എന്നാല്‍ കളിച്ചു നേടുക എന്നത് കഠിനവും! ഇവിടെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പറഞ്ഞ് ഊറ്റം കൊണ്ടാല്‍ കളിവിജയം നേടാനാവില്ല. അതിന് കായിക ശക്തിതന്നെ പ്രയോഗിക്കണം. അത് ഒരു ജനവര്‍ഗത്തെ (Race) ആശ്രയിച്ചി രിക്കുന്നുവെങ്കില്‍ അവരെ പരിഗണിക്കാന്‍ ഒട്ടും മടിക്കരുത്. വിദേശ ടീമുകളുടെ ഫുട്‌ബോള്‍ വിജയതന്ത്രം ഇതാണ്. അവര്‍ ഉയര്‍ന്ന കായിക ക്ഷമതയുള്ള കറുത്ത വര്‍ഗക്കാരെ ടീമില്‍ ഉള്‍പ്പെടുത്തി വിജയം നേടുന്നു. ഫുട്‌ബോളിന്റെ കാര്യം വരുമ്പോള്‍ അവര്‍ വര്‍ണവിവേചനം മാറ്റിവെക്കുന്നു. ഈ തന്ത്രമുപയോഗിച്ചാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് വിജയം നേടുകയും ഇതിഹാസ താരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ള ബ്രസീല്‍ ഫുട്‌ബോളില്‍ വന്‍ശക്തിയായത്. ഈ തന്ത്രമറിയുന്നതുകൊണ്ടാണ് വര്‍ണവെറിയുടെ കുപ്രസിദ്ധി പേറിയിട്ടുള്ള സൗത്ത് ആഫ്രിക്ക ക്രിക്കറ്റില്‍ വെള്ളക്കാരെ മാത്രം പരിഗണിക്കുമ്പോള്‍ ഫുട്‌ബോളില്‍ കറുത്തവര്‍ഗക്കാരെ മാത്രം ഉള്‍പ്പെടുത്തുന്നത്. ഫുട്‌ബോളിലെ ഏഷ്യന്‍ ശക്തിയായ സൗദി അറേബ്യയും കറുത്തവര്‍ഗക്കാരുടെ ചുമലിലേറിയാണ് ഫൂട്‌ബോള്‍ മാമാങ്കത്തില്‍ ജൈത്രയാത്ര നടത്തുന്നത്. സമ്മിശ്ര ജനവര്‍ഗങ്ങളുടെ അധിവാസ കേന്ദ്രമായ യുഎസ്എ ആകട്ടെ ഫുട്‌ബോള്‍ എന്നല്ല, ഒട്ടുമിക്ക കായിക ഇനങ്ങളിലും അന്താരാഷ്ട്ര മത്സരവിജയങ്ങള്‍ കൈവരിക്കുന്നത് കറുത്ത വര്‍ഗക്കാരെ മുന്‍നിര്‍ത്തിയാണ്. പ്രായേണ വെളുത്തവര്‍ഗക്കാരുടെ മാത്രം വിളനിലമായ യൂറോപ്പിലെ എല്ലാരാജ്യങ്ങളും ഫുട്‌ബോളില്‍ മാത്രം കറുത്ത വര്‍ഗക്കാരേക്കൂടി ഉള്‍പ്പെടുത്തി വിജയം നേടുന്നത് കറുത്തകരുത്തില്‍ അവര്‍ക്കുള്ള അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. വര്‍ണവെറിയുടെ യൂറോപ്യന്‍ സാമ്രാജ്യമായ ജര്‍മനി പോലും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

1974 ല്‍ മാള്‍ട്ടക്ക് എതിരെ കളിച്ച എര്‍വിന്‍ കോസ്‌റ്റെഡ്ഡിയാണ് ജര്‍മനിക്ക് വേണ്ടി ആദ്യമായി കളിക്കുന്ന കറുത്ത വര്‍ഗക്കാരന്‍. എന്നാല്‍ 1881 ല്‍ ഇംഗ്ലണ്ടിനെതിരെ സ്‌കോട്ടലണ്ട് ടീമില്‍ കളിച്ച അണ്‍ഡ്യൂ വാട്‌സനാണ് ഒരു യൂറോപ്യന്‍ ടീമിനുവേണ്ടി കളിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍. 1931 ല്‍ ചെക്കോ സ്ലോവാക്യക്കെതിരെ ഫ്രാന്‍സ് ടീമില്‍ കളിച്ച റൂവുള്‍ ഡിയാംഗേ, അതേവര്‍ഷം തന്നെ നോര്‍ത്തേണ്‍ അയര്‍ലണ്ടിനെതിരെ വെയില്‍സ് ടീമില്‍ കളിച്ച എഡ്ഡി പാരിസ്സ്, 1978 ല്‍ ചെക്കോ സ്ലോവാക്യക്കെതിരെ ഇംഗ്ലണ്ട് ടീമില്‍ കളിച്ച വിവ് ആണ്ടേഴ്‌സണ്‍, 1979 ല്‍ യുഎസ്എക്ക് എതിരെ റിപ്പപ്ലിക് ഓഫ് അയര്‍ലണ്ട് ടീമില്‍ കളിച്ച ക്രിസ് ഹട്ടണ്‍, 1994 ല്‍ ഡെന്മാര്‍ക്കിനെതിരെ സ്‌പെയിന്‍ ടീമില്‍ കളിച്ച ഡാന്റോ ഗാമ ഡാ സില്‍വ, 1998 ല്‍ ഈജിപ്തിനെതിരെ നോര്‍വെ ടീമില്‍ കളിച്ച ജോണ്‍ കാറെവ്, 2001 ല്‍ സൗത്ത് ആഫ്രിക്കക്ക് എതിരെ ഇറ്റാലിയന്‍ ടീമില്‍ കളിച്ച ഫേബിയോ ലിവെറാനി, 2011 ല്‍ പെറുവിനെതിരെ ചെക്ക് റിപ്പപ്ലിക്ക് ടീമില്‍ കളിച്ച തിയോഡര്‍ ഗെബ്രെ സെലാസ്സി തുടങ്ങിയവര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞ കറുത്ത വര്‍ഗക്കാ രായ ആദ്യ യൂറോപ്യന്‍ താരങ്ങളായി ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

ഫുട്‌ബോള്‍ വിജയത്തിന് ഉതകുന്ന കറുത്തവര്‍ഗക്കാരുടെ സവിശേഷ ശക്തിവിശേഷം എന്താണ്? പരുക്കന്‍ പ്രതലങ്ങളോട് പെരുമാറുമ്പോള്‍ കറുത്ത ശരീരങ്ങള്‍ക്ക്, വിശേഷിച്ച് അവരുടെ പാദങ്ങള്‍ക്ക് പരുക്ക് പറ്റുന്നില്ല! അങ്ങനെ പരുവപ്പെടുന്നതിന് അനുകൂലമായിരുന്നു വംശപരവും ദേശപരവുമായി അവര്‍ നേരിട്ട പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. അതിന് ഏറെ സഹായകവുമായിരുന്നു അവര്‍ ചെയ്യുന്ന തൊഴിലുകളും. അഥവാ അത്തരം തൊഴിലുകള്‍ അവര്‍ക്കുവേണ്ടി മാറ്റിവെക്ക പ്പെട്ടിരുന്നു! ഇന്ത്യയില്‍ കറുത്ത വര്‍ഗക്കാരുടെ കായികക്ഷമത യോട് കിടപിടിക്കുന്ന വര്‍ഗം ഐ എം വിജയന്‍ ഉള്‍പ്പെട്ട ദലിത് വംശമാണ്. മണ്ണിനോട് മല്ലിടുന്ന തൊഴില്‍ ചെയ്താണ് ദലിത് വംശത്തിന്റെ ശരീരവും ഇത്തരത്തില്‍ പരുവപ്പെട്ടത്. അഥവാ പരുക്കന്‍ പ്രതലങ്ങളോട് പൊരുത്തപ്പെട്ടത്. ഒരു പകലന്തിയോളം സൂര്യതാപമേറ്റ് കുനിഞ്ഞുനിന്ന് പണിയെടുക്കുമ്പോള്‍ ദലിത് വംശത്തിന്റെ ശരീരം കായികക്ഷമമായി പരുവപ്പെട്ടു... ഉയരത്തിലുള്ള മരത്തില്‍ നഗ്നപാദങ്ങള്‍ ചവിട്ടി ഭൂമിയുടെ ആകര്‍ഷണത്തിനെതിരേ ബലംപിടിച്ച് മുകളിലേക്കു കയറുമ്പോള്‍ ദലിതന്റെ പാദങ്ങള്‍ ഇപ്രകാരം പരുവപ്പെട്ടു.... മെതിക്കളത്തിലെ കാല്‍പിണര്‍വുകളിലൂടെ ഈ ജനുസ്സില്‍ പെട്ടവര്‍ ആര്‍ജിക്കുന്ന വഴക്കത്തെ കളിക്കളത്തിലേക്ക് വഴിതിരിച്ചുവിട്ടാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ രാജ്യത്തിന് വിജയം മാത്രമേ നേടിത്തരികയുള്ളൂ എന്നാണ് സിനിമാറ്റിക് ഭാഷയില്‍ 'കാലോ ഹരിണി'ലൂടെ ചെറിയാന്‍ ജോസഫ് അടിവരയിട്ടു പറഞ്ഞത്. അരിവാളുകൊണ്ട് അരിഞ്ഞശേഷം അസ്ത്രം പോലെയായിത്തീര്‍ന്ന കറ്റക്കടകള്‍ക്കിട യിലൂടെ ചുവടുപിഴക്കാതെയുള്ള ഈ ജനുസ്സിന്റെ കൊയ്തു മുന്നേറ്റം പ്രയോജനപ്പെടുത്തിയാല്‍ കളിക്കളത്തിലെ പ്രതിരോധ നിരയെ അനായാസം മറികടക്കാന്‍ ഉതകുമെന്നും 'കാലോ ഹരിണ്‍' ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തി... അതെ, ദലിതന്റെ ആദ്യത്തെ ഫുട്‌ബോള്‍ കളിക്കളമാണ് കൊയ്ത്തുപാടം! പക്ഷെ, ഫുട്‌ബോള്‍ വിജയത്തിന് കറുത്തവവര്‍ഗക്കാരെ മാത്രം അണിനിരത്തിയാല്‍ മതിയെന്ന സത്യത്തെ അംഗീകരിക്കുന്ന സൗത്ത് ആഫ്രിക്കയെ പോലെയുള്ള രാജ്യങ്ങളെ അനുകരിച്ച് ഇവിടെ ദലിതരെ മാത്രം ഉള്‍പ്പെടുത്തി വിജയപ്പോരാട്ടത്തി നിറങ്ങുന്ന കാര്യത്തില്‍ ഒരു പരീക്ഷണത്തിന് മുതിരാന്‍ പോലും വര്‍ണവെറിയുടെ സാമൂഹ്യാധികാരത്തില്‍ വ്യവസ്ഥകളില്ല. അതുമൂലം ഇന്ത്യ തോല്‍വിയുടെ എണ്ണത്തില്‍ തോല്ക്കുന്നരാജ്യ ങ്ങളുടെ മുന്നിലെത്തുകയാണ്!

ഐ എം വിജയന്‍ കളി കണ്ടുപഠിച്ചാണ് ഫുട്‌ബോളില്‍ തുടങ്ങിയത്. അങ്ങനെതുടങ്ങുന്നവരാണ് ഫുട്‌ബോള്‍ ലെജണ്ടു കളായി മാറുന്നത്. വിജയന്‍ വെറും കാലില്‍ നടന്നുകണ്ടാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ കണ്ടുപഠിച്ചത്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ചെറുപ്രായത്തില്‍ തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളികാണുന്നവരുടെ ഇടയില്‍ സോഡാപ്പെട്ടി ചുമന്നുനടന്ന് വില്ക്കുന്നതിനിടയിലാണ് കളികണ്ടുപഠിക്കുന്നത്. സാധാരണഗതിയില്‍ മറ്റുവ്യവഹാര ങ്ങളില്‍, ഉദാഹരണത്തിന് സിനിമയില്‍ ഫിലിം പെട്ടി ചുമന്നു നടന്നൊരാള്‍ സിനിമക്കാരനായി എന്നു കേട്ടിട്ടുണ്ട്. വിഖ്യാത ചലച്ചിത്രമേളയായ കാനില്‍ നിന്നും ഒരിക്കല്‍ പരമോന്നത ബഹുമതി നേടിയെടുത്ത 'പള്‍പ്പ് ഫിക്ഷന്റെ' സംവിധായകന്‍ ക്വിന്റിന്‍ ടൊറാന്റിനോ അങ്ങനെ വളര്‍ന്നു വലുതായൊരാ ളാണ്. കായികരംഗത്ത്, ഫുട്‌ബോളില്‍ കളി കണ്ടുനിന്നൊരാള്‍ രാജ്യത്തെ ഏറ്റവും വിഖ്യാതനായി കളിക്കാരനായി മാറുന്നത് ആദ്യമായി ഐ എം വിജയനാണ്. മുമ്പ് സൂചിപ്പിച്ച ദലിത് ജനുസ്സിന്റെ ശക്തിവിശേഷമുള്ളതിനാല്‍ വിജയന് കളിക്കള ത്തിലേക്ക് പ്രവേശിക്കാന്‍ അവസരം കിട്ടിയതുമുതല്‍ മികച്ച ഫോമില്‍ത്തന്നെ തുടരാനായി. ആ ജനുസ്സിന്റെ ഗുണംകൊണ്ടാണ് മറ്റുള്ളവര്‍ പരിശീലനക്യാമ്പില്‍ നിന്ന് കളിക്കളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ വിജയന് നേരിട്ട് പ്രവേശിക്കാനായത്!

ഈ ജനുസ്സിന്റെ സവിശേഷതയില്ലാതിരുന്നിട്ടും മറ്റുള്ളവര്‍ മാത്രം എങ്ങനെ ടീമില്‍ അധികമായി ഇടം നേടുന്നു? വിജയന്റെ ജനുസ്സില്‍പ്പെട്ടവര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാത്ത വര്‍ഗക്കാരാണ് അക്കൂട്ടര്‍. അവര്‍ പരിശീലന ക്യാമ്പുകളില്‍ ബുട്ട്‌സ് കെട്ടിയിറ ങ്ങിയാണ് ഫുട്‌ബോളില്‍ തുടങ്ങുന്നത്. വിജയനെപ്പോലെ കാല്‍ വഴക്കവും പന്തൊതുക്കവും അവര്‍ക്ക് പരിശീലനത്തിലൂടെ നേടാനാവുന്നില്ല. ടീമിലേക്ക് ഇക്കൂട്ടര്‍ തെരഞ്ഞെടുക്കപ്പെടുന്നത്, കഴിവ് പരിഗണിക്കപ്പെടുന്നതുകൊണ്ടല്ല, അവിടെ പണവും സ്വാധീനവും മേല്‍ക്കൈ നേടുന്നതിലൂടെയാണ്. ഇന്ത്യയിലെ മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസമായ സൈമണ്‍ സ്വാമിദാസ് സുന്ദര്‍രാജ് ഇക്കാരം തുറന്നു പറഞ്ഞിട്ടുണ്ട്. 


സൈമണ്‍ സ്വാമിദാസ് സുന്ദര്‍രാജ്. 

എക്കാലത്തേയും മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍. 1960 റോം ഒളി മ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ മെഷീനായിരുന്നു. ആദ്യകളി ഇന്ത്യ 1-3 ന് ഹംഗറിയോട് തോറ്റു. രണ്ടാം കളിയില്‍ കരുത്തരായ ഫ്രാന്‍സിനെ 1-1 നു തളച്ചു. മൂന്നാംകളിയില്‍ വന്‍ശക്തിയായ പെറുവിനെനേരിട്ട് 2-1 ന് തോറ്റു. ഈ കളിയിലാണ് സൈമണ്‍ സുന്ദര്‍ രാജിന്റെ കാലുകള്‍ അത്ഭുതം കാട്ടിയത്. 30 അടി അകലെ നിന്നു തോടുത്ത പന്ത് ഇരുടീമിലെയും കളിക്കാര്‍ക്ക് കാണാന്‍പോലും കഴിയുന്നതിനുമുമ്പ് പെറുവിന്റെ ഗോള്‍വലയത്തിലേക്ക് ഇരച്ചെത്തി. സ്‌റ്റേഡിയത്തില്‍ കാണികള്‍ ആടിയുലഞ്ഞ് പ്രകമ്പനം കൊണ്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇന്ത്യന്‍ കളിക്കാര്‍ നിശ്ചലരായി പകച്ചുനിന്നു. ഉടനെ ഒരു പെറൂവിയന്‍ കളിക്കാരന്‍ സൈമണ്‍ന്റെ അടുത്ത് ഓടിയെത്തി അദ്ദേഹത്തിന്റെ കൈരണ്ടും പിടിച്ചു ഉയര്‍ത്തി സ്റ്റേഡിയത്തിന്റെ പലഭാഗത്തേക്കും തിരിച്ച് വിഷ് ചെയ്യിപ്പിച്ചു. അപ്പോഴേ കാണികള്‍ അടങ്ങിയുള്ളൂ. കളി തുടര്‍ന്നു. ഏതുരാജ്യം ഗോളടിച്ചുവെന്നതല്ല, അതിന്റെ മനോഹാരിത ഏതുരാജ്യക്കാരനും ആസ്വദിക്കും എന്നതിന് സൈമണും ഒരു ഉദാഹരണമാണ്. ആ ടൂര്‍ണമെന്റിലെ സ്‌കോര്‍ നോക്കുക, ഇന്ത്യന്‍ ടീം ഗോള്‍രഹിതരായല്ല മടങ്ങിയത്. ഇന്ന് ഇന്ത്യന്‍ ഫുട്‌ബോ ളിന് എന്തു സംഭവിച്ചു ? സൈമണ്‍ തന്നെ പറയും' കളിയില്‍ രാഷ്ട്രീയം വന്നപ്പോള്‍ എല്ലാം പോയില്ലേ !'. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്നത് സൈമണ്‍ന്റെ പരിശീലനത്തിന്റെ ഫലമായാണ്. ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടിയും അദ്ദേഹം കളിച്ചു. ദീര്‍ഘകാലം കൊച്ചി എഫ് എ സി ടി യില്‍ ജോലി ചെയ്തു. 89, ലോമറ്റോ അദ്ദേഹം റിട്ടയര്‍ ചെയ്തു. തഞ്ചാവൂര്‍ക്ക് തിരിച്ചുപോയി. വിശ്രമജീവിതം നയിക്കുന്നു. 

ഐ എം വിജയന്‍ കരിയര്‍, ജീവിതരേഖ

ഇനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ എം വിജയന്‍ 1969 ഏപ്രില്‍ 25 ന് തൃശൂരില്‍ ജനിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം സോഡവിറ്റു നടന്ന വിജയന്റെ ഫുട്‌ബോളിലുള്ള താത്പര്യം കണ്ടറിഞ്ഞ അന്നത്തെ ഡിജിപി എം കെ ജോസഫ് കേരള പൊലീസ് ടീമിലേക്ക് വിജയനെ സെലക്ട് ചെയ്തു. 1987 ല്‍ പ്രാദേശിക ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ഐ എം വിജയന്‍ 1992 മുതല്‍ 2004 വരെ ദേശീയ ടീമില്‍ കളിച്ച് ശ്രദ്ധേയമായ വിജയങ്ങല്‍ രാജ്യത്തിന് സമ്മാനിച്ചു. ഫിഫയുടെ അംഗീകരമുള്ള 32 അന്താരാഷ്ട്ര ഗോളുകള്‍ 70 കളികളില്‍ നിന്നായി വിജയന്‍ നേടി. 79 കളികളില്‍ നിന്ന് 40 ഗോളുകള്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്നും കരസ്ഥമാക്കി. ബൈച്ചുങ് ബൂട്ടിയയുമൊത്ത് പ്രതിരോധനിരയിലാണ് വിജയന്‍ മിന്നിയത്. 1999 ല്‍ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ 12 ആം സെക്കന്റില്‍  ഗോളടിച്ച ഐ എം വിജയന്‍ അതിവേഗ ഗോള്‍ നേടിയ മൂന്നാമനായി റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചു. അതിനു മുമ്പ് സാന്‍മാറിനോ ഫുട്‌ബോളറായിരുന്ന ഡേവിഡി ഗുവാല്‍റ്റിയേറി ഇംഗ്ലണ്ടിനെതിരെ 8 ആം സെക്കന്റില്‍ നേടിയ ഗോളും ടര്‍ക്കിഷ് ഫുഡ്‌ബോളറായിരുന്ന ഹക്കാന്‍ സുക്കൂര്‍ 11 ആം സെക്കന്റില്‍ നേടിയ ഗോളുമാണ് ഒന്നും രണ്ടും സ്ഥാനത്തു ണ്ടായിരുന്നത്. ബെല്‍ജിയം ദേശീയ ടീമിലെ കറുത്ത വര്‍ഗക്കാ രനായ ക്രിസ്ത്യന്‍ ബെന്‍ടേകി ജിബ്രാള്‍ട്ടറിനെതിരെ 2016 ഒക്ടോബര്‍ പത്തിന് 7 ആം സെക്കന്റില്‍ ഗോള്‍ നേടിയപ്പോള്‍ ഈ നേട്ടം കൈവരിക്കുന്ന നാലമത്തെ ആളുടെ സ്ഥാനത്തായി ഐഎം വിജയന്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം 2012 വരെ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഐ എം വിജയനനെ 1993 ലും 1997 ലും പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു. ഈ അവാര്‍ഡ് ഒന്നിലേറെ തവണ നേടുന്ന ആദ്യത്തെ കളിക്കാരനും ഐ എം വിജയനാണ്. 2003 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ കേരള പൊലീസില്‍ ഉദ്യോഗസ്ഥനാണ്. ഏതാനും മലയാള സിനിമകളിലും വേഷമി ട്ടിട്ടുണ്ട്. ഒരിക്കല്‍ കോച്ചായായിരുന്ന റഷ്യക്കാരന്‍ റുസ്തം അക്രമോവ് വിജയനെ ടീമിലുള്‍പ്പെടുത്താതിരുന്ന നടപടി വിവാദമായിരുന്നു.

കാലോ ഹരിണ്‍ ഡോക്യുമെന്റെറി ഇറങ്ങിയ ശേഷവും 2012 വരെ വിജയന്‍ ഫുഡ്‌ബോളില്‍ സജീവമായിരുന്നു. വിജയനെ ക്കുറിച്ച് ഒരു ഡോക്യു - ഫിക്ഷന്‍ ചെറിയാന്‍ ജോസഫില്‍ നിന്നു തന്നെ ലഭിക്കുമെന്ന് സിനിമയുടേയും ഫുട്‌ബോളിന്റേയും ആരാധകര്‍ ഒരുപോലെ ആഗ്രഹിക്കുന്നു. ഒരു കലാസൃഷ്ടി എന്നതിലുപരി ചെറിയാന്‍ ജോസഫ് കാലോ ഹരിണിലൂടെ മുന്നോട്ടുവെച്ച കളിവിജയത്തിന്റെ രാഷ്ട്രീയമാണ് ഈ ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കിയിട്ടുള്ളത്. ഈ സിനിമ ദേശീയ അവാര്‍്ഡും 1999 ലെ ജോണ്‍ എബ്രഹാം അവാര്‍ഡും നേടുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ