"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 20, തിങ്കളാഴ്‌ച

കീഴ് വെണ്മണി: എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാകുന്നില്ല ? !


🎬 തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയുടെ കീള്‍വേലൂര്‍ താലൂക്ക് ആസ്ഥാനത്തുനിന്നും 8 കി. മീ അകലെയുള്ള കീഴ് വെണ്മണി എന്ന ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ ദലിതരില്‍, കുഞ്ഞുകുട്ടികളും സ്ത്രീകളുമടങ്ങുന്ന 44 പേരെ അടച്ചുപൂട്ടിയ വീട്ടിലിട്ട് ജന്മിമാര്‍ വീടടക്കം ചുട്ടെരിക്കുകയുണ്ടായി. ഓര്‍മകളില്‍ ഇന്നും നടുക്കമുളവാക്കുന്ന ആ ദാരുണ സംഭവം അരങ്ങേറിയത് 1968 ഡിസംബര്‍ 25 നാണ്! കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ പ്രേരണയാല്‍ ഭൂരഹിതരും നിസ്സഹായരു മായ ദലിതര്‍ കൂലിക്കുടുതലിനും മെച്ചപ്പെട്ട ജീവിത സൗകര്യ ങ്ങള്‍ക്കും വേണ്ടി ജന്മിമാര്‍ക്കെതിരെ സമരം നയിച്ചിരുന്നു. അതിനുള്ള പ്രതികാര നടപടിയായാണ് ജന്മിമാര്‍ ദലിതരെ കൂട്ടത്തോടെ ചുട്ടെരിച്ചത്.

ഈ കൂട്ടക്കുരുതിയെ സംബന്ധിച്ച ദൃക്‌സാക്ഷിവിവരണങ്ങള്‍ മനസ്സാക്ഷിയുള്ള ഏതൊരാള്‍ക്കും കേട്ടുനില്ക്കുക പ്രയാസം.! രാത്രി 10 മണിക്ക് പൊലീസ് ലോറികളിലാണ് ജന്മിമാരും ഗുണ്ടകളും കീഴ് വെണ്മണിയിലെത്തുന്നത്. അവര്‍ വന്നപാടേ ഗ്രാമത്തിന് വെളിയിലേക്ക് കടക്കാനുള്ള എല്ലാ പഴുതുകളും അടച്ചു. മുതിര്‍ന്നവര്‍ മിക്കവരും പകലേ ഒളിവില്‍ പോയിരുന്നു. ശേഷിച്ചത് കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളുമായിരുന്നു. അവര്‍ എട്ട് അടി മാത്രം വിസ്ത്ൃതിയിലുള്ള ഒരു കൂരയില്‍ അഭയം തേടി. അധികവും വൈക്കോലും ഉണങ്ങിയ കഴകളും കൊണ്ടു തീര്‍ര്‍ത്ത ആ കുടിലിന് ഗുണ്ടകള്‍ തീകൊളുത്തിയ മാത്രയില്‍ത്തന്നെ ആളിപ്പടര്‍ന്നു. കത്തുന്ന കൂരയിലെ മരണ വെപ്രാളത്തിനിടയിലും രണ്ടു കുട്ടികളെ പുറത്തേക്കെറിയപ്പെട്ടു! അവര്‍ രക്ഷപ്പെടട്ടെയെന്ന് കത്തുന്നവര്‍ കരുതിക്കാണണം! എന്നാല്‍ ജന്മിമാരുടെ ഗുണ്ടകള്‍ ആ കുട്ടികളെ എടുത്ത് കത്തുന്ന തീയിലേക്ക് തിരികെ എറിഞ്ഞു! അതിനിടെ കത്തുന്ന കൂരയില്‍ നിന്ന് 6 പേര്‍ പുറത്തേക്ക് ചാടി. രണ്ടുപേര്‍ പിടിക്കപ്പെട്ടു. അവരെ ജന്മിഗുണ്ടകള്‍ തിരികെ തീയിലേക്കറിഞ്ഞു! അതിനു ശേഷം ജന്മിമാര്‍ നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. ദലിതരുടെ പ്രത്യാക്രമണമുണ്ടായാല്‍ രക്ഷനല്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും പൊലീസില്‍ നിന്ന് അതിന് അനുമതി ലഭിക്കുകയും ചെയ്തു! 

വെന്തുമരിച്ച 44 പേരില്‍ 5 വൃദ്ധരും 16 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു!

യുദ്ധങ്ങളേയും കൂട്ടക്കുരുതകളേയും അവകാശപ്പോരാട്ടങ്ങളേയും പ്രകൃതിദുരന്തങ്ങളേയും ചുറ്റിപ്പറ്റി രചിക്കപ്പെട്ട സിനിമകള്‍ ലോകോത്തരങ്ങളായിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ മികച്ച സിനിമകളെല്ലാം രണ്ടാം ലോക മഹായുദ്ധക്കാലത്ത് അവര്‍ നേരിട്ട തിരിച്ചടികളുടേയും കടുത്ത നഷ്ടങ്ങളുടേയും ചുവടു പിടിച്ച് നിര്‍മിക്കപ്പെട്ടവയായിരുന്നു. ജപ്പാന്‍ അധിനിവേശക്കാ ലത്ത് ഒരു ജനത നുഭവിച്ച കൊടുംക്രൂരതകളുടെ രേഖപ്പെടുത്തലു കളായി ചൈനീസ് സിനിമകള്‍ ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നു. 1985 ല്‍ റഷ്യന്‍ സംവിധായകനായ ഏലം ക്ലിമോവ് തന്റെ 'കം ആന്റ് സീ' എന്ന സിനിമയില്‍ കീഴ് വെണ്മണിയുടേതിന് തുല്യമായ ഒരു കൂട്ടക്കുരുതി സാക്ഷാത്കരിച്ചിട്ടുണ്ട്. അത് ദേശികനായ ഒരു ചലച്ചിത്രകാരന്റെ പ്രതിബദ്ധതയാണെന്ന് വിലയിരുത്തപ്പെട്ടു. കാരണം ആ സംഭവം റഷ്യന്‍ ജനതക്ക് ജര്‍മന്‍കാരില്‍ നിന്നും ഏറ്റ തിരിച്ചടിയായിരുന്നു. ലോക സിനിമാ ചരിത്രത്തില്‍ ഇതുപോലെ ഒട്ടറെ ഉദാഹരണങ്ങളുണ്ട്. എന്തു കൊണ്ട് ഏലം ക്ലിമോവിനെ പോലെയുള്ളവര്‍ക്കു തോന്നിയതു പോലെ കീഴ് വെണ്മണിയിലെ കൂട്ടക്കുരുതിക്ക് ചലച്ചിത്രാ വിഷ്‌കാരം കൊടുക്കണമെന്ന് ഇന്ത്യയിലാര്‍ക്കും തോന്നുന്നില്ല? ഉത്തരമുണ്ട്, കുരുതികഴിക്കപ്പെട്ടവര്‍ ദലിതരായിരുന്നു! അവരെ കുരുതി ചെയ്തവരോ, ഉന്നതകുലജാതരായ ഭൂജന്മമിമാരും! കൊന്നവന്‍ ചത്തവന്റെ ചരിത്രം എഴുതാറില്ലല്ലോ. 

കീഴ് വെണ്‍മണി കൂട്ടക്കുരുതിയെ ആധാരമാക്കി സിനിമകള്‍ തീര്‍ത്തും ഇറങ്ങിയിട്ടില്ലേ എന്ന് ഒരു ആരോപണം ഉന്നയിക്ക പ്പെട്ടേക്കാം. അവര്‍ ഉദ്ദേശിക്കുന്നത് 1983 ല്‍ ശ്രീധര്‍ രാജന്‍ സംവിധാനം ചെയ്ത 'കണ്‍ സിവന്താല്‍ മണ്‍ സിവക്കും' എന്ന തമിഴ് സിനിമയെക്കുറിച്ചാവും. ഈ സിനിമക്ക് ആധാരം ഇന്ദ്രിരാ പാര്‍ത്ഥസാരഥിയുടെ 1977 ലെ സാഹിത്യ അക്കദമി അവാര്‍ഡ് നേടിയ 'കുരുതിപ്പുനല്‍' എന്ന നോവലാണ്. കീഴ് വെണ്‍മണി കൂട്ടക്കുരുതിയെ പരാമര്‍ശവിധേയമാക്കിയിട്ടുണ്ടെങ്കിലും ഭാവനാ സൃഷ്ടമായ ഒരു കഥാഘടനയാണ് നോവലിനുള്ളത് അതിന്റെ ചുവടുപിടിച്ച സിനിമ ആ ഭാവനാസൃഷ്ടിയെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോയി എന്നു മാത്രം. 

ഫോട്ടോ ജേര്‍ണലിസ്റ്റായ ഗൗതമും നര്‍ത്തകിയായ അരുന്ധതിയും ആവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ ലഭ്യമല്ലാതെ കഷ്ടപ്പെടുന്ന അവസരത്തിലാണ് പരസ്പരം കണ്ടുമുട്ടുന്നത്. മെച്ചപ്പെട്ട അവസരങ്ങള്‍ തേടി ഇരുവരും 'തേരു കൂത്ത്' എന്ന നാടോടി കലയില്‍ സമര്‍ത്ഥനായ തമ്പിരാനെ കാണുന്നതിനായി കീഴ് വെണ്‍മണിയിലെത്തുന്നു. അവര്‍ അവിടെ എത്തിയ ശേഷം, വര്‍ത്തമാനകാലത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ സാക്ഷാത്കരിക്കുന്നത്. അന്യാപദേശരൂപത്തില്‍ പോലും കീഴ് വെണ്‍മണി ദൃശ്യമാകുന്നില്ല. മറ്റൊരു ട്രീറ്റ്‌മെന്റ് സ്വീകരിച്ചതാ ണെന്ന് വിലയിരുത്തപ്പെട്ടു. പടം ശ്രീധര്‍ രാജന് നവാഗത സംവിധായ കര്‍ക്കുള്ള ഇന്ദിരാഗാന്ധി നാഷനല്‍ അവാര്‍ഡ് നേടിക്കൊടുത്തു.

1997 ല്‍ ടി നാഗരാജന്‍ തമിഴില്‍ എടുത്ത 'അരവിന്ദന്‍' കീഴ് വെണ്‍മണി കൂട്ടക്കുരുതിയാണ് ദൃശ്യവത്കരിച്ചതെന്ന് പറയപ്പെ ടുന്നു. ടി നാഗരാജന്റേതു തന്നെയാണ് കഥ. അക്കാലത്ത് ധര്‍മപുരി ജില്ലയില്‍ ജീവിച്ചിരുന്ന നക്‌സലൈറ്റായ ബാലനെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ ചിട്ടപ്പെടുത്തിയത്. പക്ഷെ, പ്രദര്‍ശനവിജയം നേടാനാവാതെ പടം പെട്ടന്നുതന്നെ തിയേറ്ററു കളില്‍ നിന്ന് അപ്രത്യക്ഷമാകുകയാണുണ്ടായത്. സംഗീത ഇതിഹാസം ഇളയരാജയുടെ ഏറ്റവും ഇളയമകന്‍ യുവാന്‍ ശങ്കര്‍ രാജയെ സംഗീതസംവിധാനത്തിലും ഛായാഗ്രഹണത്തില്‍ ആര്‍ രത്‌നവേലുവിനേയും അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതു മാത്രമാണ് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും എടുത്തുപറയാ നായി അവശേഷിക്കുന്നുള്ളൂ.

2006 ല്‍ കീഴ് വെണ്‍മണി കൂട്ടക്കുരുതിയെക്കുറിച്ച് 'രാമയ്യാവിന്‍ കുടിശൈ' (രാമയ്യന്റെ കുടില്‍) എന്ന പേരില്‍ ഒരു ഡോക്യു മെന്ററി പുറത്തിറങ്ങി. കൂട്ടക്കുരുതിയെ അതിജീവിച്ച ദലിതരുടെ പ്രസ്താവനകളും ഫോട്ടോഗ്രാഫുകളും ദൃശ്യനൈര ന്തര്യത്തില്‍ കണ്ണിചേര്‍ത്താണ് ഈ ഡോക്യുമെന്ററി ഒരുക്കിയിട്ടുള്ളത്. പ്രസ്താവന നല്കുന്നവരില്‍ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എന്‍ റാമും ഉള്‍പ്പെടുന്നു. ഡോക്യുമെന്ററി എന്ന അര്‍ത്ഥത്തില്‍ സമ്പൂര്‍ണമാണ് രാമയ്യാവിന്‍ കുടിശൈ.

ദലിത് ആക്ടിവിസ്റ്റായ മീന കന്ദസാമി 2014 ല്‍ രചിച്ച 'ദി ജിപ്‌സി ഗോഡസ്' എന്ന നോവല്‍ കീഴ് വെണ്‍മണി കൂട്ടക്കുരു തിയെ ആധാരമാക്കുന്നു.

'ഇരകള്‍ സ്വന്തം ചരിത്രം എഴുതുന്നതുവരെ വേട്ടക്കാരന്‍ എഴുതുന്ന ചരിത്രം അവനെ വാഴ്ത്തിക്കൊണ്ടരിക്കും' എന്ന വിഖ്യാത ആഫ്രിക്കന്‍ സാഹിത്യകാരന്‍ ചിനുവ അച്ചേബിയുടെ വചനങ്ങള്‍ ഓര്‍ത്തുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ