"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 2, വ്യാഴാഴ്‌ച

ധര്‍മാത്മാ: ജാതിവിരുദ്ധ പോരാട്ടത്തില്‍ ഒരു പങ്കാളിത്തം🎬 കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകള്‍ ജാതിവിരുദ്ധ ചിന്താഗതി ഉയരുന്നതിന്റേതും പോരാട്ടങ്ങള്‍ നടമാടുന്നതിന്റേയും ചരിത്രകാലഘട്ടത്തെ അടായളപ്പെടുത്തുന്നവയാണ്. അക്കാലത്ത് ഇറങ്ങിയ നാല് സിനിമകളില്‍ ആ കാലഘട്ടത്തിന്റെ കീര്‍ത്തി മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. നിതിന്‍ ബോസിന്റെ ചന്ദീദാസ് (1934), വി ശാന്താറാമിന്റെ 'ധര്‍മാത്മ' (1935), ഫ്രാന്‍സ് ഓസ്റ്റന്റെ 'അച്ചുത് കന്യ' (1936), ബിമല്‍ റോയിയുടെ 'സുജാത' (1959), തുടങ്ങിയവയാണ് സിനിമയില്‍ ജാതിവിരുദ്ധ ചിന്താഗതിയുടെ ഭാഗധേയത്വം സംവഹിച്ചത്. 1936 ല്‍ വിഷ്ണുപന്ത് ഗോവിന്ദ് ഡാംലേയും ഷെയ്ക്ക് ഫത്തേലാലും ചേര്‍ന്നൊരുക്കിയ 'സന്ത് തുക്കാറാം' ഉം ഈ ഗണത്തില്‍ വരുന്ന ഒരു സിനിമയാണ്.
ഇതില്‍ ചന്ദീദാസ് 1932 ല്‍ ഇതേപേരില്‍ ബംഗാളിയില്‍ എടുത്ത സിനിമയുടെ റീമേക്കാണ്. വി ശാന്താറാമിന്റെ 'ധര്‍മാത്മ'യാകട്ടെ 15 ആം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന സന്ത് ഏക്‌നാഥ് (1533 - 99) എന്ന മറാത്തി ഭക്തകവിയുടെ ജീവിതത്തെ ആധാരമാക്കുന്നു.

ഏതാനും ഉത്പതിഷ്ണുക്കള്‍ക്കളില്‍ സംജാതമായ ജാതിവിരുദ്ധ ചിന്താഗതിയാണ് ഇത്തരം സിനിമകള്‍ ഉരുവംകൊണ്ടതിന് പിന്നിലെ പ്രേരക ഘടകം. വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തി യാക്കി തിരിച്ചുവന്ന ഡോ. അംബേഡ്കറുടെ ജാതിവിരുദ്ധ പ്രവര്‍ത്തനഎങ്ങളാണ് ഇത്തം ഒരു ചിന്താഗതിയില്‍ അവര്‍ എത്തിച്ചേരാനുള്ള പ്രധാന കാരണം. അംബേഡ്കറുടെ വിദ്യാഭ്യാസ മികവാണ്, ചിലര്‍ ജന്മനാ ശേഷിയില്ലാത്തവരാ ണെന്നും മറ്റു ചിലര്‍ക്ക് ജന്മാനാ എല്ലാ ശേഷികളുമുണ്ടെന്നും അവര്‍ വെച്ചുപുലര്‍ത്തിയിരുന്ന മാമൂല്‍ ധാരണകളെ തുരത്തിയതും 'എല്ലാ ശേഷികളും എല്ലാവരിലും തുല്യമാണ്' എന്ന വസ്തുതയെ പ്രതിസ്ഥാപിച്ചതും. പക്ഷേ അവര്‍ക്ക് ഡോ. അംബേഡ്കറെ പോലെ 'ജാതിഉന്മൂലനം' പോലൊരു സിദ്ധാന്തം മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല. അസ്പൃശ്യനോടുള്ള സഹാ നുഭൂതി മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നത്, തങ്ങളുടെ തന്നെ പൂര്‍വികരും പുരോഗമന ചിന്താഗതിക്കാരു മായിരുന്ന ഇതിഹാസകഥാപാത്രങ്ങളുടെ ജീവിതം തിരശീലയില്‍ പുനരാവിഷ്‌കരിക്കുക എന്നത് മാത്രമായിരുന്നു. അംബേഡ്കറുടെ 'ജാതിഉന്മൂലനം' എന്ന പ്രബന്ധം അവതരിപ്പിക്കാനുള്ള അനുമതി ലഭിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഉത്പതിഷ്ണുക്കള്‍ നിര്‍മിച്ച് അവതരിപ്പിച്ച സിനിമകള്‍ വന്‍വിജയങ്ങളായി മാറുകയും ചെയ്തത്. അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം അംബേഡ്കര്‍ മുന്നോട്ടുവെച്ച ജാതിഉന്മൂലന പദ്ധതി നടപ്പായാലേ വിമോചനം സാധ്യമാകുകയുള്ളൂ. എന്നാല്‍ ജാതിചിന്തക്കെതിരായ പൊതുബോധമുണര്‍ത്തുന്നതിന് തുടക്കമിടാന്‍ ഉത്പതിഷ്ണുക്ക ളുടെ പരിശ്രമങ്ങള്‍ കാരണമായി എന്ന വസ്തുതയും വിസ്മരി ക്കാവുന്നതല്ല.

ഇവിടെ പ്രമേയങ്ങളായി സ്വീകരിച്ചിട്ടുള്ളതില്‍, അച്ചുത് കന്യയും സുജാതയും യാഥാര്‍ത്ഥങ്ങളോട് ഒട്ടിനില്ക്കുന്ന കല്പിത കഥകളാണെങ്കില്‍, ചന്ദീദാസും സന്ത് തുക്കാറാമും ധര്‍മാത്മയും ഭക്തകവികളുടെ ജീവിതത്തെയാണ് ആധാരമാക്കുന്നത്. അതില്‍ നിന്ന് മനസിലാകുന്നത് ഉത്പതിഷ്ണുക്കള്‍ തങ്ങളുടെ വംശത്തി ലുള്ള ആത്മീയാചാര്യന്മാരെ മാത്രം സ്വീകരിക്കുന്നതില്‍ ശദ്ധാലു ക്കളായിരുന്നു എന്ന വസ്തുതതാണ്. എന്നാല്‍ അസ്പൃശ്യരുടെ ഭാഗത്തും ഗുരു രബിദാസ്, കബീര്‍, ചൊക്കമേള തുടങ്ങി നിരവധി സന്തുക്കളുണ്ടെങ്കിലും അവരെ ആരും പരിഗണിക്കുക യുണ്ടായില്ല. ഇക്കൂട്ടത്തില്‍ അസ്പൃശ്യ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ജാതിവരുദ്ധ ചിന്താഗതിക്കാരനും ആദ്യമായി അസ്പൃശ്യര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും ചെയ്ത ഛത്രപതി സാഹുജി മഹാരാജ്, അംബേഡ്കര്‍ക്ക് വിദേശത്തു പോയി പഠനം നടത്താന്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ആദ്യായി അസ്പൃശ്യര്‍ക്കു വേണ്ടി ഒരു പള്ളിക്കൂടം തുടങ്ങുയും ചെയ്ത ബറോഡയിലെ സയോജിറാവു ഗെയ്ക്ക്‌വാദ് മഹരാജ് തുടങ്ങിയവരും പരിഗണിക്കപ്പെടാതെ പോയി. 1954 ല്‍ പക്ഷെ, മറാത്തിയില്‍ ജ്യോതിറാവു ഗോവിന്ദ്‌റാവു ഫൂലെയുടെ ജീവിതത്തെ ആധാരമാക്കി പ്രഹ്‌ളാദ് കേശവ് അത്രി മറാത്തി യില്‍ എടുത്ത 'മഹാത്മാ ഫൂലെ' പുറത്തിറങ്ങുകയുണ്ടായി.

പണ്ഡിതനും ഭക്തകവിയും സത്ഗുരുവുമായ ഏക്‌നാഥ് മറാത്തയിലെ പൈതാനില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 16 ആം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. ചെറുപ്പതിലേ തന്നെ അച്ഛനമ്മമാര്‍ മരിച്ചുപോയതിനാല്‍ ഏക്‌നാഥിന്റെ അപ്പൂപ്പന്‍ വര്‍ക്കരിയിലെ ജനനേതാവായിരുന്ന ബാനുദാസ് ഏടുത്തുവളര്‍ത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ബാനൂദാസ് വാസ്തവത്തില്‍ ഏക്‌നാഥിന്റെ അപ്പൂപ്പന്റെ അച്ഛനായിരുന്നുവെന്ന ചിലരുടെ വാദം മിക്കവരും തള്ളിക്ക ളയുന്നു. എന്നാല്‍ ഏക്‌നാഥിന്റെ ഗുരുവായ ജനാര്‍ദ്ദന്‍ ഒരു സൂഫിവര്യനായിരുന്നു എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഏക്‌നാഥ് വളര്‍ന്ന നാടിന്റെ രചനാപാരമ്പര്യം വര്‍ക്കരി സമ്പ്രദായം എന്നറിയപ്പെടുന്നു. ഈ സമ്പ്രദായമാണ് മറാത്തി സാഹിത്യത്തിന്റെ വികാസത്തിന് കാരണമായത്. പൂര്‍വ ഭക്തകവികളായ ധ്യാനേശ്വര്‍, നാംദേവ് തുടങ്ങിയവരില്‍ നിന്ന് തുക്കാറാം രാംദാസ് തുടങ്ങിയവരിലേക്ക് പ്രസ്ഥനത്തിന്റെ പാലമായി വര്‍ത്തിച്ചത് ഏക്‌നാഥാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ, 'ഏക്‌നാഥ് ഭാഗവത' എന്ന് തന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്നു ഭാഗവതപുരാണ വ്യാഖ്യാനം, വിവിധ രാമായണകൃതികളെ സ്വാംശീകരിച്ച് രചിച്ച 'ഭാവാര്‍ത്ഥ് രാമായണ്‍' എന്നിവയാണ്.

സ്‌തോത്രകൃതികളും മറ്റും രചിക്കുന്നതില്‍ താല്പര്യമുള്ള പ്പോള്‍ത്തന്നെ ഏക്‌നാഥ് അസ്പൃശ്യരുടെ ഇടയില്‍ സന്നദ്ധ സേവനം നടത്തുന്നതിനും അവര്‍ക്കുവേണ്ട സഹായമെത്തിക്കു ന്നതിലും വ്യാപൃതനുമായിരുന്നു. ഏക്‌നാഥിന്റെ ഈ പ്രവൃത്തി യാഥാസ്ഥിതികരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരുന്നത്. തന്നെയുമല്ല, കാര്യദര്‍ശിയും പ്രാമാണികനുമായിരുന്ന മഹന്ത് എന്ന ബ്രാഹ്മണന്‍ ഏക്‌നാഥിനെ നേരിട്ട് എതിര്‍ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ മഹന്ത് ഏര്‍പ്പെടുത്തിയ ഒരു അന്നദാനപരിപാടി, ബ്രാഹ്മണരേക്കാള്‍ മുമ്പ് അസ്പൃശ്യര്‍ക്ക് വിളമ്പിക്കൊടുത്തുകൊണ്ട് ഏക്‌നാഥ് അവരോടുള്ള സ്‌നേഹവും തന്റെ വിശ്വാസപ്രമാണങ്ങളോടുള്ള ആദരവും ഒരേപോലെ പ്രകടിപ്പിക്കുകയുണ്ടായി ! സ്വതേ ഏക്‌നാഥിനോട് ചൊരുക്കു ണ്ടായിരുന്ന മഹന്തിന് ഇതുകൂടിയായപ്പോള്‍ കോപം ഇരട്ടിയായി. 'മനുഷ്യരെ അസ്പൃശ്യരായി താന്‍ കാണുന്നില്ലെന്നും അതുകൊ ണ്ടുതന്നെ അവരുടെയൊക്കെ വീട്ടില്‍ പോകുന്നതിലും അവരോ ടൊത്തിരുന്ന് ആഹരം കഴിക്കുന്നതിലും താന്‍ യാതൊരു വ്യത്യാസവും കാണുന്നില്ലെന്നും' ഏക്‌നാഥ് മഹന്തിന് മറുപടി കൊടുത്തു. കലിപൂണ്ട മഹന്ത് ഏക്‌നാഥിന്റെ മകന്‍ ഹരി പണ്ഡിറ്റില്‍ ബ്രാഹ്ണ്യത്തിന്റെ വിഷം കുത്തിവെച്ച് അച്ഛനെതി രായി തിരിച്ചുവിട്ടു. ശാന്തശീലക്കാരനായ ഏക്‌നാഥ് താമസിയാതെ അവിടം വിട്ട് കാശിയിലെത്തി ഗ്രന്ഥരചനയിലും കീര്‍ത്തനാലാപനത്തിലും മുഴുകി കാലംകഴിച്ചു എന്നാണ് കരുതപ്പെടുന്നത്.

മറാത്തി നാടകവേദിയില്‍ സ്ത്രീവേഷം മാത്രം ചെയ്ത് ലെജണ്ടാ യി മാറിയ ബാല ഗന്ധര്‍വനാണ് സിനിമയില്‍ ഏക്‌നാഥിനെ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാവ് എന്നതുപോലെ ഗാനരംഗത്തും പ്രസിദ്ധനായിരുന്ന ബാല ഗന്ധര്‍വന്റെ യഥാര്‍ത്ഥ പേര് നാരായണ്‍ ശ്രീപദ് രഝന്‍സ് എന്നായിരുന്നു. ബാല ഗന്ധര്‍വന്റെ ഒരു സംഗീതപരിപാടി കാണാനിടയായ ബാല ഗംഗാധര തിലകനാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. മഹാകവി ശൂദ്രകന്റെ പ്രസിദ്ധമായ 'മൃച്ഛകടികം' പ്രകരണത്തില്‍ അവതരിപ്പിച്ച വസന്തസേന ബാല ഗന്ധര്‍വന്റെ പ്രസിദ്ധമായ സ്ത്രീവേഷങ്ങളില്‍ ഒന്നാണ്. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ഏക സ്ത്രീ കഥാപാത്രമാണ് 'ധര്‍മാത്മ'യിലെ ഏക്‌നാഥ്. 1955 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി ഈ രംഗത്തെ പ്രമുഖര്‍ക്ക് നല്കുന്ന പരമോന്നത ബഹുമതി (അന്ന് പ്രസിഡന്റ്‌സ് അവാര്‍ഡ്) ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും ബാല്ഗന്ധര്‍വന്‍ ഏറ്റുവാങ്ങി. 1964 ല്‍ പത്മ ഭൂഷണ്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. 1888 ജൂണ്‍ 26 ന് മഹാരാഷ്ട്രയിലെ സത്താരയില്‍ ജനിച്ച ബാല ഗന്ധര്‍വന്‍ 1967 ജൂലൈ 15 ന് തന്റെ 79 ആം വയസില്‍ പൂനെയില്‍ വെച്ച് അന്തരിച്ചു.

1901 നവംബര്‍ 18 ന് കോലാപൂരില്‍ ജനിച്ച ശാന്താറാം രാജാറാം വങ്കുദ്രേയുടെ ചുരുക്കപ്പേരാണ് വി ശാന്താറാം എന്നത്. നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായയ വി ശാന്താറാം ആദ്യം സംവിധാനം നിര്‍വഹിച്ച സിനിമ 1927 ലെ നേതാജി ഫാല്‍ക്കര്‍ ആണ്. 1957 ല്‍ എടുത്ത 'ജാനക് ജാനക് പായല്‍ ബാജേ' മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. 1958 ല്‍ 'ദോ ആംഖേന്‍ ഭാരത്' മികച്ച സിനിമയായും തെരഞ്ഞെടുക്ക പ്പെട്ടു. സിനിമാരംഗത്തെ പരോമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് 1985 ലും പത്മ വിഭൂഷണ്‍ 1992 ലും (മരണാനന്തരം) ലഭിച്ചു. 1990 ഒക്ടോബര്‍ 30 ന് തന്റെ 88 ആം വയസില്‍ ബോംബെയില്‍വെച്ച് അന്തരിച്ചു. 1939 ലെ 'മനൂസ്' എന്ന മറാത്ത സിനിമ തനിക്കേറെ ഇഷ്ടപ്പെട്ടുവെന്ന് ചാര്‍ലി ചാപ്ലിന്‍ രേഖപ്പെടുത്തുകയുണ്ടായി.

നര്‍സിംഗ്പൂരില്‍ 1906 ജൂലൈയില്‍ ജനിച്ച ചന്ദ്ര മോഹന്‍ ആണ് വില്ലനായ മഹന്തിനെ അവതരിപ്പിക്കുന്നത്. 'പ്രകൃതിസിദ്ധമായ നീണ്ട ചാരക്കണ്ണുകള്‍'ക്ക് ഉടമയാണ് ചന്ദ്രമോഹന്‍. ഇദ്ദേഹത്തി ന്റെ ആദ്യ സിനിമ വി ശാന്താറാമിന്റെ തന്നെ 'അമൃത് മന്ഥന്‍' ആണ്. രണ്ടാമത്തെ സിനിമ 'ധര്‍മാത്മ' തന്നെ. 1949 ഏപ്രില്‍ 2 ന് തന്റെ 42 ആം വയസില്‍, ബോബെയില്‍ വെച്ച് വളരെ ചെറുപ്പത്തിലേ അന്തരിച്ചതിനാല്‍ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ സംഭാവനകളൊന്നും സിനിമാലോകത്തിന് ലഭിക്കുകയുണ്ടായില്ല. 

പത്മ ഭൂഷണും സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുള്ള കൃഷ്ണറാവു ഫൂലാംബ്രിഗറാണ് ധര്‍മാത്മയുടെ സംഗീത സംവിധായകന്‍. കേശവ്‌റാവു ധൈബറിന്റേതാണ് ഛായാഗ്രഹണം. പ്രഭാത് ഫിലിം കമ്പനി നിര്‍മിച്ച ഈ സിനിമക്ക് 144 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ