"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 19, ഞായറാഴ്‌ച

ആതാ ഉന്‍ കോയിലിലെ: പ്രണയദുരന്തം ഒരു ജാതിനിര്‍മിതി!


🎬 കസ്തൂരി രാജ 1991 ല്‍ എടുത്ത 'ആത ഉന്‍ കോയിലിലെ' എന്ന തന്റെ ആദ്യ തമിഴ് സിനിമ ജാതിവ്യവസ്ഥയെ പ്രശ്‌നവത്കരി ക്കുന്നുണ്ടെങ്കിലും കഥാഗതിയില്‍ അതിനെ മുന്‍നിര്‍ത്തുന്നില്ലെന്നു കാണാം. പ്രണയസാഫല്യത്തിന് ജാതി പ്രശ്‌നമായതാണ് കഥാവസ്തു. പ്രണയസഞ്ചാരത്തിന്റെ മറുകര ദുരന്തമാണല്ലോ. സാധാരണഗതിയില്‍ സാമ്പത്തിക അസന്തുലിതാ വസ്ഥ, കുലമഹിമ, പ്രാദേശികത തുടങ്ങിയവയിലെ ഏറ്റക്കുറ ച്ചിലുകള്‍ എന്നിവ സാമൂഹ്യ ഘടനയില്‍ മുഖ്യ പരിഗണന നേടുമ്പോഴാണ് പ്രണയം ദുരന്തത്തിലെത്തിച്ചേരുന്നത്. ഇവിടെ അത് ജാതിവ്യവസ്ഥയായി എന്നുമാത്രം. മറ്റു സിനിമകളിലേതു പോലെ പ്രശ്‌നപരിഹാര നിര്‍ദ്ദേശമില്ലെങ്കിലും ജാതിവ്യവസ്ഥയുടെ നിരര്‍ത്ഥകതയെ ബോധ്യപ്പെടുത്തുന്നതിനുള്ള ശക്തിവൈശിഷ്ഠ്യം 'ആതാ ഉന്‍ കോയിലിലെ' പ്രകടിപ്പിക്കുണ്ട്.

ജന്മിയായ അഴഗര്‍സാമിയുടെ മകന്‍ പാണ്ടി നിഷ്‌കളങ്കനും നാണംകുണുങ്ങിയുമായ ഒരു ചെറുപ്പക്കാരനാണ്. കസ്തൂരി എന്ന പാവപ്പെട്ടൊരു നാടന്‍ പെണ്‍കൊടിയുമായി പാണ്ടി പ്രണയത്തി ലായി. ഇതറിയുന്ന മരുതു എന്ന കൊല്ലപ്പണിക്കാരന്‍ പാണ്ടിയെ കസ്തൂരിയെ പ്രണയിക്കുന്നതില്‍ നിന്നും വിലക്കി. പാണ്ടിയുടെ അച്ഛന്‍ അഴഗര്‍സാമി ഗ്രാമീണരോടു ചെയ്യുന്ന ദുഷ്ടത്തരങ്ങളില്‍ പ്രതിഷേധിച്ചാണ് മരുതു പാണ്ടിയോട് ഇങ്ങനെ പെരുമാറിയത്. തന്നെയുമല്ല, കസ്തൂരിയോട് മരുതുവിന് ഒരു അനുകമ്പയുമുണ്ടാ യിരുന്നു. അത് പക്ഷെ, പ്രണയമായിരുന്നില്ല. ദീര്‍ഘകാലം കസ്തൂരിയുടെ വീട്ടില്‍ അവളുടെ അച്ഛനമ്മമാരോടൊത്ത് താമസിച്ചുകൊണ്ട് മരുതു അവര്‍ക്കുവേണ്ട വീട്ടുവേലകളും ചെയ്തുകൊടുത്തിരുന്നു.

കസ്തൂരിയുടെ മുറച്ചെറുക്കനായ ദൊരൈരാസു വിവാഹാ ഭ്യര്‍ത്ഥനയുമായി കടന്നുവരുന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. നാട്ടുനടപ്പനുസരിച്ച് മകളെ മുറച്ചെറുക്കന് വിവാഹം ചെയ്തുകൊടുക്കാന്‍ കസ്തൂരിയുടെ അച്ഛന് പാതിമനസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ദുരൈരാസു ദുര്‍വൃത്തനാണെ ന്നറിയുന്ന കസ്തൂരി വിവാഹത്തെ എതിര്‍ക്കുകയും മരുതുവിനെ വിവാഹം ചെയ്യാന്‍ തയാറാണെന്നും അച്ഛനെ അറിയിച്ചു. കസ്തൂരിയുടെ ആവശ്യപ്രകാരം അച്ഛനും അമ്മയും അവളെ മരുതുവിന് വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍ അഴഗര്‍സാ മിക്ക് കസ്തൂരിയുടെ അച്ഛനമ്മമാരുടെ ഈ നടപടി തീരെ ഇഷ്ടപ്പെട്ടില്ല. മരുതു ഒരു കീഴ്ജാതിക്കാരാണെന്നതായിരുന്നു കാരണം. ഇതുമൂലം ഗ്രാമക്കോടതിയും ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. അഴഗര്‍സാമി കസ്തൂരിയുടെ അച്ഛനില്‍ സമ്മര്‍ദ്ദം ചെലുത്തി, മകളെ വിഷംകൊടുത്തു കൊല്ലണമെന്ന് വിധിച്ചു. ജാത്യാചാരങ്ങള്‍ താളംതെറ്റിക്കരുത് എന്ന് നിര്‍ബന്ധ മുള്ളതിനാലാണ് അഴഗര്‍സാമി ഈ കൊടുംപാതകത്തിന് കസ്തൂരിയുടെ അച്ഛനെ നിര്‍ബന്ധിച്ചത്. അന്നു രാത്രിതന്നെ കസ്ത്രൂരിയുടെ അച്ഛന്‍ അവള്‍ക്ക് അത്താഴത്തിന് വിളമ്പിയ ആഹാരത്തില്‍ വിഷം കലര്‍ത്തി. ഇതറിഞ്ഞ്, കസ്തൂരി വിഷം കഴിക്കുന്നത് വിലക്കുന്നതിനായി ഓടിയടുത്ത മരുതുവിനെ, ഒളിഞ്ഞുനിന്നിരുന്ന ദൊരൈരാസുവും അയാളുടെ ശിങ്കിടികളും ചേര്‍ന്ന് തടഞ്ഞു. അവരെയെല്ലാം അടിച്ചുവീഴ്ത്തി മരുതു ഓടിയടുത്തപ്പോഴേക്കും കസ്തൂരി വിഷംകഴിച്ചു കഴിഞ്ഞിരുന്നു. മരുതുവിന്റെ കാല്ക്കല്‍ വീണ് അവള്‍ മൃതിയടഞ്ഞു.

കസ്തൂരിയുടെ നഷ്ടം മറ്റൊരു പെണ്‍കൊടിയായ ഈശ്വരിയെ പ്രണയിച്ചുകൊണ്ടാണ് പാണ്ടി നികത്തിയത്. എന്നാല്‍ പാണ്ടിയുടെ അച്ഛന്‍ അഴഗര്‍സാമി അവരുടെ വിവാഹത്തിന് ഒരിക്കലും സമ്മതമേകില്ല എന്ന് അറിയാവുന്ന പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇതറിയുന്ന നാട്ടുകാര്‍ ഇടപെട്ട് അവരെ ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. ഗ്രാമീണര്‍ ഒന്നടങ്കം അഴഗര്‍സാമിയെ പഴിച്ചു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അഴഗര്‍സാമി പാണ്ടിയും ഈശ്വരിയുമായുള്ള വിവാഹത്തിന് സമ്മതം മൂളി. അന്നു രാത്രിതന്നെ ദുഷ്ടനായ അഴഗര്‍സാമി ഈശ്വരിയുടെ അച്ഛന്‍ രാമയ്യയോട് മകളെ വിഷംകൊടുത്തു കൊല്ലണമെന്ന് ആജ്ഞാ പിച്ചു! ഇത് അറിഞ്ഞെത്തിയ മരുതു രാമയ്യയെ ആ ഉദ്യമത്തില്‍ നിന്നും വിലക്കി. മരുതു ഇടപെട്ട് പാണ്ടിയുടേയും ഈശ്വരിയു ടേയും വിവാഹം നടത്തി. തുടര്‍ന്ന് മരുതു, രാമയ്യയേയും കസ്തൂരിയുടെ അച്ഛനേയും കസ്തൂരിയുടെ അമ്മാവനേയും ചേര്‍ത്ത് അഴഗര്‍സാമിയെ വകവരുത്തുന്നതി നുള്ള കോപ്പുകൂട്ടി. നാളിതുവരെ ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് അറുതിവരുത്തു ന്നതിനായി, എല്ലാവരും ചേര്‍ന്ന് ബലമായി അഴഗര്‍സാമിയെ ക്കൊണ്ട് വിഷം കുടിപ്പിക്കുന്നു!

ജാതിവ്യവസ്ഥ സമൂഹത്തില്‍ വരുത്തിവെക്കുന്ന ക്രൂരതകളോട് പ്രതികാരം ചെയ്യുക എന്നുതു മാത്രമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ അതിന്റെ മൂലകാരണത്തെ കണ്ടെത്തി നശിപ്പിക്കുന്നതിനായി ഒരു നിര്‍ദ്ദേശവും മുന്നോട്ടു വെക്കുന്നില്ല. കാര്യത്തെ നശിപ്പിക്കുന്നു; കാരണം സജീവമായി തുടരുന്നു. ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞാല്‍, ചികിത്സകൊണ്ട് താത്കാലികമായ രോഗശമനം ലഭിക്കുന്നു; എന്നാല്‍ രോഗകാ രണത്തിന് നാശം സംഭവിക്കാത്തതിനാനാല്‍ അത് വീണ്ടും വീണ്ടും ശരീരത്തെ ആക്രമിച്ചുകൊണ്ടിരിക്കും. ഈ വസ്തുത പരിഗണിക്കാതിരുന്നത് സിനിമയുടെ പോരായ്മയാണ്. എങ്കില്‍ അഴഗര്‍സാമിക്കെതിരായ പോരാട്ടം ജാതിവ്യവസ്ഥക്കെതിരേ ആകുമായിരുന്നു! എന്നിരുന്നാലും, ജാതിഉന്മൂലനത്തിന് ഫലപ്രദമായ മാര്‍ഗം 'മിശ്രവിവാഹനിരോധനത്തെ' നീക്കം ചെയ്യലാണെന്നുള്ള അംബേഡ്കറുടെ നിരീക്ഷണത്തെ അബോധ പൂര്‍വമായെങ്കിലും ഉള്‍ക്കൊണ്ടത് 'ആതാ ഉന്‍ കോയിലിലെ' എന്ന ഈ സിനിമയെ വിലയിരുത്തുമ്പോള്‍ പരിഗണനാര്‍ഹമാണ്.

1991 ല്‍ എടുത്ത 'ആതാ ഉന്‍ കോയിലിലെ' ആ വര്‍ഷം മെയ് 31 നാണ് റിലീസ് ചെയ്തത്. 135 മിനിറ്റ് ദൈര്‍ഷ്യമുള്ള ഈ സിനിമയില്‍ 12 ഗനങ്ങളുണ്ട്. ദേവയാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. പുതുമുഖ നടീനടന്മാരെകൊണ്ടാണ് 'ആതാ ഉന്‍ കോയിലിലെ' ഒരുക്കിയത്. മരുതുവായി സെല്‍വയും പാണ്ടി യായി രവി രാഹുലും വേഷമിട്ടു. കസ്തൂരിയെ കസ്തൂരി തന്നെ അവതരിപ്പിച്ചപ്പോള്‍ ഈശ്വരിയെ വിനോദിനിയും അവതരിപ്പി ച്ചു. നിര്‍മാതാവുകൂടിയായ കെ പ്രഭാകരനാണ് വില്ലന്‍ കഥാപാത്രമായ അഴഗര്‍സാമിയെ അവതരിപ്പിച്ചത്. പുതുമുഖ താരങ്ങള്‍ക്കുപുറമെ സെന്തില്‍ പിച്ചുമണി എന്ന കഥാപാത്രത്തേ യും അവതരിപ്പിച്ചു. മറ്റു ശില്പികളില്‍ കെ ബി അഹ്മദ് ഛായാഗ്രഹണവും എല്‍ കേശവന്‍ എഡിറ്റിംഗും നിര്‍വഹിച്ചു.

കസ്തൂരി രാജയുടെ സ്വന്തം കഥയാണ് 'ആതാ ഉന്‍ കോയിലിലെ' സിനിമക്ക് ആധാരം. സംവിധായകന്‍ എന്നതുപോലെ സംഗീത സംവിധായകനായും നിര്‍മാതാവായും കസ്തൂരിരാജ സിനിമാ രംഗത്ത് തിളങ്ങി. സാമൂഹ്യപുരോഗതി ലക്ഷ്യംവെച്ചുള്ള പ്രമേയങ്ങളാണ് സിനിമക്കുവേണ്ടി തെരഞ്ഞെടുക്കാറുള്ളത്. തേനി ജില്ലയിലെ തേവാരത്തിനടുത്ത് മല്ലിംഗപുരത്ത് 1946 ആഗസ്റ്റ് 8 നാണ് കസ്തൂരി രാജ ജനിച്ചത്. 70 വയസായ ഇക്കാലത്തും സിനിമാരംഗത്ത് സജീവമാണ്. 2015 ല്‍ 'കാശു പണം തുട്ടു' എന്നൊരു സിനിമയെടുത്തു. തമിഴ് സിനിമാതാരങ്ങളായ സെല്‍വരാഘവനും ധനുഷും കസ്തൂരിരാജയുടെ മക്കളാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ