"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 10, വെള്ളിയാഴ്‌ച

സദ്ഗതി; ബ്രാഹ്മണ്യത്തിന്റെ ദുര്‍ഗതി!🎬 വിഖ്യാത സംവിധായകന്‍ സത്യജിത് റേ 1981 ല്‍ എടുത്ത 'സദ്ഗതി' അദ്ദേഹത്തിന്റെ സിനിമകളില്‍വെച്ച് ജാതിവ്യവസ്ഥയെ വിശകലനവിധേയമാക്കുന്ന ഒന്നാണ്. കഥാസാഹിത്യത്തിലെ മറ്റൊരു ഇതിഹാസമായ മുന്‍ഷി പ്രേംചന്ദിന്റെ ഇതേപേരിലുള്ള ചെറുകഥയാണ് സിനിമക്ക് ആധാരം. 1931 ലാണ് പ്രേംചന്ദ് ഈ കഥയെഴുതുന്നത്. അത് ജാതിവിരുദ്ധകാഴ്ചപ്പാടുകള്‍ അതിന്റെ പ്രായോഗിക പദ്ധതിയായി സമരമാര്‍ഗങ്ങള്‍ അവലംഭിച്ച 20 നൂറ്റാണ്ടിലെ 30 കളുടെ കാലമാണല്ലോ. സദ്ഗതി എന്ന കഥ എഴുതപ്പെട്ടശേഷം 24 വര്‍ഷം കഴിഞ്ഞാണ് റേ തന്റെ ആദ്യ സിനിമ പഥേര്‍ പാഞ്ചാലി (1955) എടുക്കുന്നത്. സദ്ഗതി
എടുക്കുന്നതാകട്ടെ വീണ്ടും 26 വര്‍ഷം കഴിഞ്ഞ് 1981 ലും. 45 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ടി വി സിനിമ നിര്‍മിച്ചത് ദൂരദര്‍ശനാണ്. ജാതിവുരുദ്ധ പോരാട്ടത്തില്‍ തന്റെ പങ്കാളിത്തം രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരുന്നില്ല, സദ്ഗതി എടുക്കുന്നതിന് സത്യജിത് റേക്ക് പ്രേരണയായത്. വൈവിധ്യമുള്ള വിഷയങ്ങള്‍ തെരഞ്ഞടുക്കുന്നതില്‍ റേക്കുള്ള താത്പര്യമാണ് സദ്ഗതിയെ സാധ്യമാക്കിയത്. എന്നിരുന്നാലും ജാതിവിരുദ്ധതയി ലുള്ള ഈടുവെപ്പായി സദ്ഗതിയെ പരിഗണിക്കുന്നതില്‍ അനൗചിത്യമില്ല.

സത്യജിത് റേ ബംഗാളിയിലെഴുതിയ തിരക്കഥയുടെ ഇംഗ്ലീഷ് ഭാഷാന്തരം പഠിച്ച് അത് ഹിന്ദിയിലേക്ക് പരിവര്‍ത്തിപ്പിച്ചത് മുന്‍ഷി പ്രേചന്ദിന്റെ മകന്‍ അമൃത് റായ് ആണ്. 1936 ഒക്ടോബര്‍ 8 ന് പ്രേം ചന്ദ് അന്തരിച്ചിരുന്നുവല്ലോ.

അസ്പൃശ്യനായ ദുഖി എന്നയാളുടെ ഒരു ദിവസത്തെ ജീവിതത്തെ - മരണത്തേയും മുന്‍നിര്‍ത്തിയാണ് പ്രേം ചന്ദ് ജാതിവ്യവസ്ഥയുടെ തത്വവും ചരിത്രവും വര്‍ത്തമാനവും കൃത്യമായി ചെറുകഥയില്‍ വരച്ചു ചേര്‍ത്തത്. തന്റെ മകളുടെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചു കിട്ടുന്നതിനായി ദുഖി അടുത്തുള്ള പ്രാമാണികനായ ഒരു ബ്രാഹ്മണന്റെ വീട്ടിലെത്തുന്നു. പ്രതിഫലമായി ബ്രാഹ്മമന് കൊടുക്കാന്‍ ദുഖിയുടെ ഭാര്യ പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലും കൊടുത്തയച്ചിരുന്നു. എന്നാല്‍ അത് സ്വീകരിച്ച ബ്രാഹ്മണന്‍ മുഹൂര്‍ത്തം കുറിച്ചുതരുന്നതിന് പ്രതിഫലമായി ദുഖിയോട് വീട്ടുജോലികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. തറ വൃത്തിയാക്കുന്ന ജോലികള്‍ മുഴുവന്‍ ദുഖിയെക്കൊണ്ട് ചെയ്യുക്കുന്ന ബ്രാഹ്മണന്‍ കുടിവെള്ളം പോലും ദുഖിക്കു കൊടുത്തില്ല. വിശ്രമമൊട്ട് അനുവദിച്ചുമില്ല! ആ ജോലി പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ബ്രാഹ്മണന്‍, ദുഖിയോട് ഒരു കീറാമുട്ടി കോടാലികൊണ്ട് വെട്ടിക്കീറുവാന്‍ ആവശ്യപ്പെട്ടു. അസാധ്യമായ ആ ജോലി, വഴിയോടു ചേര്‍ന്ന വീട്ടുവളപ്പില്‍ ഒരിടത്ത് വെച്ച് ദുഖി ചെയ്യാന്‍ തുടങ്ങി. ആ വീട്ടില്‍ വിറകിന്റെ ആവശ്യമുണ്ടായിരുന്നില്ല! ദുഖിയുടെ ദീനതകണ്ട് മനസലിഞ്ഞ ഒരു വഴിപോക്കന്‍ അവന് ഒരു ബീഡി വലിക്കാന്‍ കൊടുത്തു. എന്നാല്‍ അത് കത്തിക്കാന്‍ തീക്കുവേണ്ടി ബ്രാഹ്മണന്റെ വീട്ടിലെത്തിയ ദുഖിയെ അടുക്കള വരാന്തയില്‍ വെച്ച് ബ്രാഹ്മണന്‍ വിലക്കി. ബ്രാഹ്മണന്റെ നല്ലവളായ ഭാര്യ കത്തുന്ന വിറകുകൊള്ളി ദുഖിക്ക് നല്കുവാന്‍ തയാറായി രുന്നിട്ടും! ദുഖി തിരികെ പോയി ജോലി തുടര്‍ന്നു. ഇതിനിടെ തന്റെ ഉച്ചയുറക്കം പൂര്‍ത്തിയാക്കി ഉണര്‍ന്നെഴുന്നേറ്റ ബ്രഹ്മണന്‍ നോക്കിയപ്പോള്‍ ദുഖി ഇരുന്ന് വിശ്രമിക്കുന്നതാണ് കണ്ടത്. വേഗം വേഗം പണിചെയ്യാന്‍ അയാള്‍ കര്‍ക്കശസ്വരത്തില്‍ ആജ്ഞാപിച്ചു. അതനുസരിച്ച് അതികഠിനമായി ജോലി തുടര്‍ന്ന ദുഖി, വിശപ്പും ക്ഷീണവും മൂര്‍ച്ഛിച്ച് അവസാനം അവിടെത്തന്നെ വീണു മരിക്കുന്നു. 

ദുഖി താമസിച്ചിരുന്ന ദലിത് കോളനിയിലുള്ളവര്‍ മരണവാര്‍ത്ത യറിഞ്ഞു. എന്നാല്‍ അവര്‍ ശവം എടുത്തുമാറ്റുവാന്‍ മുന്നോട്ടു വന്നില്ല. ദുഖിയുടെ മരണത്തിന് ഉത്തരവാദി ബ്രാഹ്മണനാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ മഴ ചാറുവാന്‍ തുടങ്ങി. ഗത്യന്തരമില്ലാത്ത ഈ അവസ്ഥയില്‍, ദലിത് കോളനി നിവാസി കള്‍ പൊലീസില്‍ വിവരം അറിയിച്ചാലോ എന്ന ഭയം നിമിത്തം ദുഖിയുടെ ശവശരീരം ഒരു വടികൊണ്ട് തൊണ്ടി വലിച്ചുകൊണ്ട് ബ്രാഹ്മണന്‍ വീട്ടുവളപ്പില്‍ നിന്ന് ഗ്രാമത്തിന് വെളിയിലേക്ക് പോകുന്നു.

ജാതിവിരുദ്ധത മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധതയെ വളരെ കൃത്യമായി ഈ സിനിമ ചോദ്യം ചെയ്യുന്നു. ജാതി കേവലം തരംതിരിവല്ല അത് അധികാരവ്യവസ്ഥയാണെന്ന് അതിന്റെ ഇരകള്‍ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജാതിവ്യവസ്ഥയനുസരിച്ച് ബ്രാഹ്മണനാണ് വിദ്യാധികാരം. ആ അധികാരത്തോടെയാണ് അവന്‍ പിറക്കുന്നത് എന്നും കല്പിക്ക പ്പെട്ടിരിക്കുന്നു. വര്‍ണവ്യവസ്ഥയില്‍ പെടാത്ത അസ്പൃശ്യരാകട്ടെ, ബ്രാഹ്മണനുവേണ്ടി അടിമവേല ചെയ്യേണ്ടവരാണെന്നാണ് അവന്റെ മറ്റൊരു വിധികല്പന. ഇത് അധികാരമാളുന്നവന്‍ അത് നിലനിര്‍ത്തുന്നതിനായി വെച്ചുപുലര്‍ത്തുന്ന അഭിലാഷങ്ങള്‍ മാത്രമാണെന്നും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി ജാതി വ്യവസ്ഥക്ക് യാതൊരു പൊരുത്തവുമില്ലെന്നും 'സദ്ഗതി' അടിവരയിട്ടു പറയുന്നു. 

ഇവിടെ കാണിക്കുന്ന കീറാമുട്ടിയാണ് ജാതിവ്യവസ്ഥ. അത് പിളര്‍ക്കപ്പെട്ടാല്‍ അസ്പൃശ്യന് സ്വാതന്ത്ര്യം ലഭിക്കുന്നു. പക്ഷെ അവന്‍ അത് പിളര്‍ക്കാതിരിക്കാന്‍ ബ്രാഹ്മണന്‍ ശ്രദ്ധിക്കുന്നു. കാരണം അധികാരം നിലനിര്‍ത്തേണ്ടത് ബ്രാഹ്മണന്റെ ആവശ്യമാണ്. അസ്പൃശ്യന് സ്വാതന്ത്ര്യം കൊടുക്കാതെ അവനെ മരിക്കാന്‍ അനുവദിക്കുകയാണ് ബാഹ്മണന്‍ ചെയ്യുന്നത്! കീറാമുട്ടി പിളര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന് അവകാശപ്പെട്ട ഭക്ഷണവും വിശ്രമവും നിഷേധിച്ചുകൊണ്ടാണ് ബ്രാഹ്മണന്‍ അസ്പൃശ്യനെ മരണത്തിലേക്ക് തള്ളിവിടുന്നത്. അതായത് ജാതിവ്യവസ്ഥയെ പിളര്‍ക്കണമെങ്കില്‍ അസ്പൃശ്യന് വിദ്യാഭ്യാസവും മറ്റ് സാഹചര്യങ്ങളും വിട്ടുകിട്ടേണ്ടതുണ്ട്. എല്ലാ നവോത്ഥാന പരിശ്രമങ്ങളും വിദ്യാഭ്യാസാവകാശം ലഭ്യമാക്കുന്നതില്‍ നിന്ന് തുടങ്ങിയാണ് വിജയപഥത്തില്‍ എത്തിച്ചേര്‍ന്നത് എന്നതും ചരിത്രം. അസ്പൃശ്യന് സ്വാതന്ത്ര്യം അനുവദിക്കാതെ അവനെ മരണത്തിന് വിട്ടുകൊടുക്കുമ്പോള്‍ വിപത്ത്, ബ്രാഹ്മണനുതന്നെയാണ്. കാരണം അസ്പൃശ്യന്‍ ചെയ്യേണ്ട ശവം മറവു ചെയ്യുക തുടങ്ങിയ ജോലികള്‍ ബ്രാഹ്മണന്‍ ചെയ്യേണ്ടതായി വരുന്നു! ബ്രാഹ്മണന്‍ വഹിച്ചാലും ശവം നീങ്ങുമെന്നതും സിനിമ മുന്നോട്ടുവെക്കുന്ന സന്ദേശമാണ്. ഇവിടെ മരിച്ചത് ദുഖി എന്ന അസ്പൃശ്യനല്ല, ബ്രാഹ്മണ്യമാണ് എന്ന് സദ്ഗതി ബോധ്യപ്പെടുത്തുന്നു.

ഈയിടെ അന്തരിച്ച പ്രസിദ്ധ നടന്‍ ഓം പുരിയാണ് ദുഖിയെ അവതരിപ്പിക്കുന്നത്. ദുഖിയുടെ ഭാര്യയായി സ്മിതാ പാട്ടീലും വേഷമിടുന്നു. മോഹന്‍ അഗാഷെ ബ്രാഹ്മണനെയും അവതരി പ്പിക്കുന്നു. സത്യജിത് റേ തന്നെയാണ് സംഗീതം ചിട്ടപ്പെടുത്തിയത്. ഛായാഗ്രഹണം സൗമ്യേന്ദു റോയിയും എഡിറ്റിംഗ് ദുലാല്‍ ദത്തും നിര്‍വഹിച്ചു. 

സദ്ഗതി വിദേശത്ത് പ്രദര്‍ശിപ്പിക്കുന്നതിനെതിരേ ഒരുപാട് നിയമയുദ്ധങ്ങള്‍ നടന്നിരുന്നു. ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്‍ക്കുമെന്നാണ് ഇതുസംബന്ധിച്ച് ഉയര്‍ന്ന വാദം. ജാതിവ്യവസ്ഥ വെച്ചുപുലര്‍ത്താം, അത് പുറത്തുള്ളവര്‍ അറിയരുത്? ജാതിവ്യവസ്ഥയില്‍ എന്തോ വലിയ നന്മ കുടിയിരിക്കുന്നുണ്ടെന്നാണ് അതിന്റെ വക്താക്കള്‍ ആവര്‍ത്തിച്ച് പുലമ്പുന്നത്. എങ്കില്‍ ആ നന്മ എന്തെന്നത് മറ്റുള്ളവര്‍ അറിയുകയല്ലേ വേണ്ടത്?

ദൂരദര്‍ശന്‍ പലവട്ടം സദ്ഗതി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വിദേശത്തോ സ്വദേശത്തോ ഉള്ള വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വന്നതിനാല്‍ പുരസ്‌കാരങ്ങളൊന്നും ഈ സിനിമയെ തേടിയെത്തുകയുണ്ടായില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ