"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

ലാച്ചോ ഡ്രോം: വംശചരിത്രം വിളിച്ചോതുന്ന സംഗീതശില്പംഇന്ത്യന്‍ ദലിതരും യൂറോപ്യന്‍ ജിപ്‌സികളും അതാതിടങ്ങളിലെ സമൂഹ്യ സാഹചര്യങ്ങളില്‍ വിവേചനം നേരിടുന്നു എന്ന കാര്യത്തില്‍ മാത്രമേ സാദൃശ്യമുള്ളൂ എന്നാണ് ഈ അടുത്തകാലം വരെ സാമൂഹ്യ ശസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ 2012 ഡിസംബറില്‍ അമേരിക്കന്‍ ശ്‌സ്ത്രവിജ്ഞാന പത്രികയായ 'ജേര്‍ണല്‍' ചൂണ്ടിക്കാട്ടുന്നത് ഇവര്‍ക്കുതമ്മില്‍ സാമൂഹ്യനില യിലെ സാദൃശ്യം മാത്രമല്ല, രക്തബന്ധമുണ്ടെന്നാണ്! പ്രൊഫ. ജ്ഞാനേശ്വര്‍ ചൗബിയുടെ നേതൃത്വത്തില്‍ എസ്‌തോണിയയിലെ ടാര്‍ട്ടു യൂണിവേഴ്‌സിറ്രിയും ഡോ. കുമാരസ്വാമി തങ്കരാജിന്റെ നേതൃത്വത്തില്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളേക്കുലര്‍ ബയോളജി (CCMB) യും സ്വിറ്റ്‌സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 205 എത്‌നിക് ഗ്രൂപ്പുകളില്‍ പെടുന്ന 7000 പുരുഷന്മാരുള്‍പ്പെടെ ലോകത്താക മാനമുള്ള മറ്റ് 1000 പുരുഷന്മാരില്‍ നടത്തിയ DNA പരിശോധന യുടെ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രസത്യം കണ്ടെത്തിയത്.ഈജിപ്തിലും യൂറോപ്പിലും കാണപ്പെടുന്ന ജിപ്‌സികള്‍ 1405 വര്‍ഷങ്ങള്‍ക്കു മുമ്പ് പശ്ചിമോത്തര ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ദലിത് വംശമായ ഡോമാ (Doma) ജനതയുടെ പിന്മുറക്കാരാണെന്ന് ഈ പഠനശാഖ തെളിയിക്കുന്നു. ജിപ്‌സികള്‍ ഇപ്പോഴും ഉപയോഗിക്കുന്ന സംസാരഭാഷയില്‍ സജീവമായുള്ള രാജസ്ഥാനി - പഞ്ചാബി പദങ്ങളും ഇരുണ്ട തൊലിനിറവും വസ്ത്രധാരണ ത്തിലെ ഏഷ്യന്‍ പാരമ്പര്യവും ഒക്കെ കണക്കിലെടുത്ത് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വളരെ മുമ്പുമുതലേ അവരുടെ ഡോമാ ബന്ധത്തെക്കുറിച്ച് ചില ധാരണകള്‍ വെച്ചുപുലര്‍ത്തി യിരുന്നു. ബ്രിട്ടണിലെ ജിപ്‌സി കൗണ്‍സിലിന്റെ നേതൃത്വമായ ജോസഫ് ജോണ്‍സ് തുടങ്ങിയവര്‍ പുതിയ പഠനത്തിലെ വെളിപ്പെടുത്തലുകള്‍ അംഗീകരിച്ചിട്ടുണ്ട്. അവര്‍ പറയുന്നത്, 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടണിലെത്തിയ തങ്ങളാണ് ബ്രിട്ടണിലെ ആദ്യത്തെ നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യന്‍സ് എന്നാണ്. ജിപ്‌സികള്‍ അവരെ ഇപ്പോള്‍ സ്വയം വിളിക്കുന്നത് ഡോമ ജനത (Roma, Romani) എന്നാണ്. ഈ വാക്ക് ഡോമ എന്നതിന്റെ യൂറോപ്യന്‍ രൂപാന്തരമാണ്. 

2012 ല്‍ ഈ പഠനറിപ്പോര്‍ട്ട് വെളിപ്പെടുന്നതിന് മുമ്പുതന്നെ ടോണി ഗാറ്റ്‌ലിഫ് എന്ന ഫ്രഞ്ച് സിനിമാസംവിധായകന്‍ 1993 ല്‍ എടുത്ത തന്റെ 'ലാച്ചോ ഡ്രോം' എന്ന മ്യൂസിക്കല്‍ ഡോക്യു മെന്ററി സിനിമയിലൂടെ ശാസ്ത്രസത്യം കണ്ടെത്തിയിരുന്നു. 

രാജസ്ഥാനിലെ താര്‍ മരുപ്രദേശത്തുനിന്നും ദലിത് സമുദായമായ കല്‍ബേലിയക്കാരുടെ ചെറുസംഘത്തിന്റെ പലായനത്തോടെ സിനിമയാരംഭിക്കുന്നു. അത്യുദാത്തമായ കല്‍ബേലിയ സംഗീതം ആലപിച്ചുകൊണ്ടും താളവ്യവസ്ഥകള്‍ കൃത്യതയോടെ പാലിച്ചു കൊണ്ട് ചുവടുവെച്ചും സംഘം രാത്രികാലങ്ങളില്‍ ഒരു മരച്ചുവട്ടില്‍ തങ്ങുന്നു. തുടര്‍ന്ന് കുട്ടികളും വൃദ്ധരും വളര്‍ത്തു മൃഗങ്ങളുമടങ്ങുന്ന സംഘം മുന്നോട്ടു നീങ്ങുന്നു. ഇവരുടെ പലായനം അനിവാര്യമാക്കിയ സന്ദര്‍ഭത്തെ കുറിച്ച് സിനിമയില്‍ സൂചനകളില്ല. സംഗീതവും ചുവടുവെപ്പുകളും ഒഴിവാക്കാനാ വാത്ത സാംസ്‌കാരിക മൂലധനമെന്നതുപോലെ ഇവര്‍ യാത്രയിലുടനീളം കാത്തുപോരുന്നു. അവ എങ്ങും പോയി അഭ്യസിച്ച് സ്വായത്തമാക്കുന്നതല്ല. മറിച്ച് അത് അവരുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ള നൈസര്‍ഗികമായ പ്രതിഭാവിലാസമാണ്. അതോടൊപ്പം അവരോരുത്തര്‍ക്കും വേണ്ട ജോലികള്‍ അവര്‍ സ്വമേധയാ ചെയ്യുന്നു. ഇരുമ്പ് കാച്ചിപ്പഴുപ്പിച്ച് പണിയായുധങ്ങള്‍ തീര്‍ക്കുന്ന ജോലി ചെയ്യുന്നവരെ ഒരു പ്രത്യേക ജാതിയായി വിഭജിച്ച് മാറ്റിനിര്‍ത്തുന്നില്ല. അതുപോലെ പശുപരിപാലനം ചെയ്യുന്നവരേയും പ്രത്യേകം ജാതിയായി വേര്‍തിരിച്ചിട്ടില്ല. എല്ലാവരും എല്ലാ ജോലികളും സ്വമേധയാ ചെയ്യുന്നതിനാല്‍ ഒരു സംഘനേതാവിനേയോ അധിപനേയോ ഇവര്‍ക്ക് വാഴിക്കേണ്ട തായി വരുന്നില്ല. (എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ് - ഡോ. ബി ആര്‍ അംബേഡ്കര്‍) ഒരിടത്തുതന്നെ സ്ഥിരമായി തങ്ങാത്തതിനാല്‍ ഇവര്‍ കൃഷിയിലേര്‍പ്പെടുന്നില്ല എന്നു മാത്രം. എന്നാല്‍ ഒരു കാലത്ത് ഇവര്‍ ഒരിടത്ത് സ്ഥരമായി തങ്ങിയിരു ന്നവരും കൃഷിചെയ്ത് ജീവിച്ചിരുന്നവരുമാണ്. അതിനുള്ള തെളിവാണ് ഇവര്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുനടക്കു ന്നതും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതും കാര്‍ഷി കോത്പന്ന ങ്ങള്‍ പാകം ചെയ്ത് കഴിക്കുന്നതും. കൃഷിയില്‍ ഏര്‍പ്പെടുന്നില്ലെന്നതൊഴിച്ചാല്‍ ഇത്രയേറെ മണ്ണിനോടിണങ്ങി ജീവിക്കുന്ന മറ്റൊരു ജനതയെ കണ്ടെത്താനാവില്ല. (കല്‌ബേലിയ ക്കാര്‍ മുഴുവനുമായി പലായനം ചെയ്തിരുന്നില്ല. പിറവികൊ ണ്ടിടത്തുതന്നെ തങ്ങിയ ആളുകള്‍ ഇപ്പോഴും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടാണ് ജീവിക്കുന്നത്)

ടോണി ഗാറ്റ്‌ലിഫ് തന്റെ സിനിമയാരംഭിക്കുന്നത്, പലായനം മുതലാണ്. ജിപ്‌സികളുടെ പൂര്‍വിക ഭൂമി ഇന്ത്യയാണെന്ന തിരിച്ചറിവാണ് അതിന് നിദാനം. എന്നാല്‍ ഇവര്‍ പലായനം ചെയ്യേണ്ടിവന്നതിന് വ്യക്തമായ ഒരു മൂലകാരണമുണ്ട്. അതെന്താണെന്ന് ടോണിക്ക് അജ്ഞാതമായിരുന്നു; അഥവാ അറിയാന്‍ ശ്രമിച്ചില്ല. 

സ്ഥിരവാസമുള്ള സ്ഥലലത്തുനിന്നും ഒരു ജനതക്ക് പലായനം ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ അത് അവര്‍ സ്വമേധയാ ആഗ്രഹി ക്കുന്നതുകൊണ്ടല്ല; പ്രത്യുത നിര്‍ബന്ധിതരാകുന്നതുകൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആര്യന്‍ അധിനിവേശമല്ലാതെ മറ്റൊന്നും തന്നെ അതിന്റെ കാരണമായി കണ്ടെത്താനാവില്ല! ആര്യന്‍ വര്‍ഗക്കാര്‍ ഇങ്ങനെ പലായനത്തിന് വിധേയമായിട്ടി ല്ലെന്നതും, ദേശികര്‍ മാത്രമാണ് പലായനത്തിന് വിധേയരായിട്ടുള്ള തെന്നും മനസിലാക്കിയാല്‍ ഇതിന് ഉത്തരമായി. രണ്ടു ജനതയും ഒരേപോലെ പലായനത്തിന് വിധേയരായിരുന്നുവെങ്കില്‍ അതിനുള്ള കാരണം അധിനിവേശമാണെന്ന് കരുതാനാവില്ലല്ലോ. ആര്യന്മാര്‍ വന്നവരും അനാര്യന്മാര്‍ നിന്നവരുമാണ്. വന്നവര്‍ നില്കുക്കയും നിന്നവര്‍ പലായനത്തിന് വിധേയരാവുകയും ചെയ്‌തെങ്കില്‍ അത് വന്നവര്‍ നിന്നവരെ പുറത്താക്കിയത് നിമിത്തമല്ലാതെ മറ്റെന്തെങ്കിലും കാരണത്താലാവില്ല. എന്നാല്‍ മുഴുവന്‍ ദേശികരും പലായനത്തിന് വിധേയരായിട്ടില്ലെന്നതും വസ്തുതയാണ്. ആര്യന്മാര്‍ക്ക് വഴങ്ങി ജീവിക്കാന്‍ തയാറല്ലാ ത്തവരെയാണ് അവര്‍ പുറത്താക്കിയത്. കന്നുകാലികളേയും സന്തതസഹചാരിയായ സംഗീതത്തേയും മാത്രമേ അവര്‍ കൂടെ എടുത്തുള്ളൂ.

ലാച്ചോ ഡ്രോം എന്നാല്‍ സുരക്ഷിത യാത്ര (സെയ്ഫ് ജേര്‍ണി) എന്ന് അര്‍ത്ഥം. വര്‍ത്തമാനകാലത്തെ കാഴ്ചകളുടെ യാത്രയാണ് സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഒരുരാജ്യത്തെ ജിപ്‌സി ജീവിതകാഴ്ചകള്‍ അടുത്ത രാജ്യത്തേക്ക് സഞ്ചരിച്ചെത്തുന്നു. അതിലൂടെ ഡോമാ ജനതയുടെ സഞ്ചാരത്തിന്റെ ചരിത്രം അനാവൃതമാക്കപ്പെടുന്നു. ഏത് പ്രദേശത്ത് കടന്നു ചെന്നവരാ യാലും ഡോമാ ജനതയുടെ രക്തബന്ധം ഇന്ത്യയോടാണ് എന്ന സത്യം ആ ചരിത്രം രേഖപ്പെടുത്തുന്നു. സംഗീതത്തിന്റെ ഏകതയില്‍ നിന്നാണ് ടോണി ഗാറ്റ്‌ലിഫ് ഈ ചരിത്രസത്യം തിരിച്ചറിയുന്നത്. രക്തബന്ധമെന്നാല്‍ സംഗീതബന്ധമാണ് എന്ന സന്ദേശമാണ് ലാച്ചോ ഡ്രോം നല്കുന്നത്. ഇന്ത്യയിലെ ദലിതരില്‍ നിന്ന് കാഴ്ചകള്‍ ഈജിപ്തിലെ ജിപ്‌സികളിലേക്ക് കൂട്ടിച്ചേര്‍ക്കു മ്പോള്‍ ഒരു മുറിപ്പാട് കാഴ്ചയില്‍ പെടുന്നില്ലെന്നത് ശ്രദ്ധേയ മാണ്. ഭാഷയിലെ നേരിയ വ്യത്യാസം കൊണ്ട് മാത്രമാണ് ഇത് ബോധ്യമാവുക. സംഗീതവും താളവും ചുവടുവെപ്പുകളും വ്യത്യാസപ്പെടുന്നില്ല. ഇന്ത്യയിലെ 'തപ്പ്' അവിടെ 'ദഫ്' ആയും 'ദര്‍ബുക്ക'യായും ഉച്ചരിക്കുന്നുവെന്നല്ലാതെ രൂപത്തിലും ഉതിര്‍ക്കുന്ന സ്വരതാളത്തിലും ഏകതയുണ്ട്. ഈ സവിശേഷത യാണ് ലാച്ചോ ഡ്രോമിനെ മറ്റ് സംഗീത സിനിമകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.

തുടര്‍ന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കാഴ്ചകള്‍ പകര്‍ന്ന് മാറുന്നു. റൊമേനിയയിലേക്ക് മാറുമ്പോള്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന നിക്കോളാസ് ചൗഷെസ്‌ക്യുവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളില്‍ നിന്നും അനുഭവിച്ച വേദനയുടെ സ്വരമാണ് സംഗീതം പകരുന്നത്. തുടര്‍ന്ന് ഹംഗറിയിലേക്കും സ്ലോവാക്യയിലേക്കും സംഗീതപ്പകര്‍ച്ച നേടി എത്തുന്ന യാത്ര ഫ്രാന്‍സിലൂടെ കടന്ന് സ്‌പെയിനില്‍ അവസാനിക്കുന്നു.

സ്വയം ഒരു ജിപ്‌സിയായ ടോണി ഗാറ്റ്‌ലിഫ് 1948 സെപ്തംബര്‍ 10 ന് അള്‍ജിയേഴ്‌സിലാണ് ജനിച്ചത്. ഫ്രഞ്ച് അധീനതയില്‍ നിന്നും അള്‍ജീറിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഗാറ്റ്‌ലിഫ് ഫ്രാന്‍സിലെത്തി. തിയേറ്റര്‍ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് കലാജീവിതം ആരംഭിച്ചു. 1975 ല്‍ എടുത്ത 'ലാ ടീറ്റെ എന്‍ റൂയില്‍' ആണ് ആദ്യമെടുത്ത സിനിമ. അള്‍ജീറിയന്‍ സ്വാതന്ത്യ സമരത്തെക്കുറിച്ച് 1979 ല്‍ എടുത്ത 'ലാ ടെറെ അ വെന്റര്‍' പ്രസിദ്ധമായ ഒരു സൃഷ്ടിയാണ്. 1981 ന് ശേഷമാണ് ജിപ്‌സി ജീവിതം ആധാരമാക്കുന്ന സിനിമകള്‍ എടുത്തു തുടങ്ങുന്നത്. 1993 ല്‍ പൂര്‍ത്തിയാക്കിയ ലാച്ചോ ഡ്രോം ആ വര്‍ഷം കാനില്‍ അണ്‍സെര്‍ട്ടന്‍ റിഗാര്‍ഡ് ആയി പ്രദര്‍ശിപ്പിക്കുയുണ്ടായി. 'ട്രാന്‍സില്‍വാനിയ' എന്ന സിനിമയും കാനില്‍ പ്രദര്‍ശിപ്പിക യുണ്ടായി. 2004 ല്‍ എടുത്ത 'എക്‌സൈല്‍' എന്ന സിനിമ കാനില്‍ നിന്നും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.

മൈക്കിള്‍ റേ-ഗാവ്‌റെയാണ് ലാച്ചോ ഡ്രോമിന്റെ നിര്‍മതാവ്. എറിക് ഗയ്ഷാര്‍ദാണ് സിനിമാട്ടോഗ്രാഫര്‍. ഡോക്യുമെന്ററി എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും ലാച്ചോ ഡ്രോമില്‍ പ്രസ്താവ നകളോ അഭിമുഖങ്ങളോ ഇല്ല. 103 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയിലുടനീളം സംഗീതത്തിന്റെ ലോകഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഒരു സംഗീതാത്മക സിനിമക്ക് ഒരു സംഗീതജ്ഞന്‍ ഇല്ല എന്നത് ലാച്ചോ ഡ്രോമിന്റെ മാത്രം സവിശേഷതയാണ്! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, റോമാജനത അവരുടെ സംഗീതം സ്വയം ഉപാേഗിക്കുന്നതുകൊണ്ട്, പ്രത്യക്ഷ പ്പെടുന്ന എല്ലാവരും ഈ സിനിമയിലെ സംഗീതത്തിന് ഉടമകളാണ്. ചുരുക്കം ചില വിവരണങ്ങല്‍ക്ക് ഫ്രഞ്ച് ഭാഷ ഉപയോഗിച്ചതിനാല്‍ സൗകര്യത്തിന് വേണ്ടി ലാച്ചോ ഡ്രോം ഒരു ഫ്രഞ്ച് സിനിമയാണെന്ന് പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ