"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

രൂപാന്തര്‍; ഏകലവ്യന്മാര്‍ പെരുവിരല്‍ ഉപയോഗിക്കാറില്ല..!?


🎥 ബംഗ്ലാദേശി സംവിധായകന്‍ അബു സയ്ദ് 2008 ല്‍ എടുത്ത സനിമയാണ് 'രൂപാന്തര്‍'. മഹാഭാരതത്തിലെ ഏകലവ്യ ഉപാഖ്യാനത്തെ ചൂഴ്ന്നാണ് കഥ രചിക്കപ്പെട്ടതെങ്കിലും രൂപാന്തര്‍ ഒരു സിനിമാ സംവിധായകന്‍ നേരിടുന്ന അന്തഃസംഘര്‍ഷങ്ങളില്‍ ഊന്നിനില്ക്കുന്നു. സിനിമാ നിര്‍മാണം പാതിവഴിയിലെത്തി യപ്പോള്‍ തിരക്കഥ മാറ്റി എഴുതേണ്ട ഘട്ടത്തിലേക്ക് ആ സംഘര്‍ഷം പരിണമിച്ചു!
മഹാകവി വ്യാസന്‍ മഹാഭാരതം രചിച്ചത് രാജവംശത്തെ മാത്രം മുന്‍നിര്‍ത്തിയാണ്. ആ വംശത്തെ ഉദാത്തവത്കരിക്കുന്ന തന്ത്രങ്ങള്‍ മാത്രമാണ് വാസ്തവത്തില്‍ മഹാഭാരതം. വ്യാപക മായി നിലനിന്നിരുന്ന ദേശികവംശങ്ങളൊക്കെയും മഹാഭാരത ത്തില്‍ അദൃശ്യരാക്കപ്പെട്ടു. ഘടോത്കചന്‍, ഏകലവ്യന്‍ എന്നീ കഥാപാത്രങ്ങളുടെ സൂചനകള്‍ മാത്രമാണ് ദേശികരെ കുറിച്ച് അറിവ് ലഭിക്കുന്ന ഏക ഉറവിടം. ദേശിക ജനതയെക്കുറിച്ചുള്ള വിപുലമായ അറിവ് ചെറിയ സൂചനകളില്‍ നിന്നും വികസിപ്പി ച്ചെടുക്കുക എന്ന വെല്ലുവിളിയാണ് കഥാകാരന്‍ കൂടിയായ അബു സയ്ദ് രൂപാന്തറിന്റെ സൃഷ്ടിയിലൂടെ നിര്‍വഹിച്ചിട്ടു ള്ളത്.

ആര്യന്മാരായ ക്ഷത്രിയര്‍ക്കും ദേശികര്‍ക്കും തമ്മില്‍ വലിയ അന്തരം നിലനില്ക്കുന്നുണ്ട്. ഇത് പരസ്പരമുള്ള ഒരു ധാരണ പ്രകാരം സംജാതമായതോ സംഘട്ടനത്തില്‍ നിന്ന് ഉളവായിട്ടു ള്ളതോ അല്ല. വേദങ്ങള്‍ തൊട്ടുള്ള ആര്യന്മാരുടെ പ്രത്യയശാസ്ത്ര ങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ള കര്‍ശന നിഷ്‌കര്‍ഷകളാണ് ഈ അന്തരത്തെ സൃഷ്ടിച്ചത്. എന്നാല്‍ ഇത്തരം നിഷ്‌കര്‍ഷകള്‍ മുമ്പോട്ടുവെച്ചവര്‍ തന്നെ അത് പാലിക്കാതിരിുന്നതിനോ ലംഘിച്ചതിനോ ഉള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാ നാവും. ആര്യനായ ഭീമന്‍ ദേശികയായ ഹിഡുംബിയെ വിവാഹം ചെയ്തത് ഈ നിഷ്‌കര്‍ഷകളുടെ നഗ്നമായ ലംഘനമാ യിരുന്നു. പക്ഷെ അവിടെ കൊണ്ട് ആ ലംഘനം അവസാനിച്ച തായും കാണാം. ഭീമനും ഹിഡുംബിക്കും പിറന്ന മകനായ ഘടോത്കചന്‍ ഹിഡുംബിയുടെ വംശത്തില്‍ പിറന്ന മകനായാണ് അറിയപ്പെട്ടത്. എന്തുകൊണ്ട് അച്ഛന്റെ വംശത്തില്‍ പെടാതെ പോയി എന്ന ഘടോത്കച ചിന്തക്ക് ഇന്നോളം ജാതിവ്യവസ്ഥ കൃത്യമായ ഒരു മറുപടി കണ്ടെത്തിയിട്ടില്ല. ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും ഇളയ സഹോദരനായ വിദുരരും ആര്യനായ അവരുടെ അച്ഛന് ഒരു ദാസിയില്‍ പിറന്ന മകനാണ്. വിദുരര്‍ അറിയപ്പെട്ടത് ദാസ്ഥന്‍ എന്നാണ് (ദാസിയുടെ പുത്രന്‍). വിദുരരും അച്ഛന്റെ വംശത്തില്‍ അറിയപ്പെട്ടില്ല! 'അച്ഛനെന്തുകൊണ്ട് അമ്മയെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല ?' എന്ന ഘടോത്കചവിലാപം മഹാഭാരതത്തില്‍ രേഖപ്പെടുത്താതെ പോയതിന് കാരണവും മറ്റൊന്നല്ല. ഘടോത്കചന്‍ അനുഭവിച്ചത് സ്വത്വ പ്രതിസന്ധിയാണെങ്കില്‍ മറ്റൊരു ദേശികകഥാപാത്രമായ ഏകലവ്യന്‍ നേരിട്ടത് വിദ്യാധികാരം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് സ്വത്വവികാസം നഷ്ടമായതിലുള്ള മനോവേദനയാണ്.

ദ്രോണാചാര്യര്‍ പാണ്ഡവരെ ധനുര്‍വിദ്യ പഠിപ്പിക്കുന്നിടത്ത് ദേശികനായ ഏകലവ്യന്‍ ശിഷ്യത്വമാഗ്രഹിച്ച് എത്തുന്നു. ആര്യന്‍ പ്രത്യയശാസ്ത്രങ്ങളില്‍ അടിയുറച്ച നിഷ്‌കര്‍ഷയുള്ളതു കൊണ്ടു തന്നെ ഏവലവ്യന് ശിക്ഷണം നല്കാനാവില്ലെന്ന് ദ്രോണാചാര്യര്‍ അറിയിക്കുന്നു. ഏകലവ്യന്‍ തിരിച്ചു പോയി. പിന്നീടൊരിക്കല്‍, വായ തുറക്കാനാവാത്തവിധം കുറുകെ ശരമേറ്റ ഒരു നായ ഓടിവരുന്നതു കണ്ട് ആ ശരപ്രയോഗം ആരുടേതാണെന്ന് ആചാര്യന്‍ ആന്വേഷിച്ചറിയുന്നു. അത് ഏകലവ്യനാണെന്ന് അറിയുന്ന ആചാര്യന്‍ അവനെ അടുക്കലേക്ക് വിളിച്ചു വരുത്തി. ഏകലവ്യന്‍ താന്‍ ദ്രോണാചാര്യരെ മനസില്‍ ധ്യാനിച്ച് സ്വയം പഠിച്ചതാണ് ധനുര്‍വിദ്യയെന്ന് വെളിപ്പെടുത്തുന്നു. അപ്പോള്‍ താന്‍ തന്നെയാണല്ലോ അവന്റെ ഗുരു എന്ന് സങ്കല്പിച്ച ദ്രോണാ ചാര്യന്‍ ഗുരുദക്ഷിണയായി ഏകലവ്യന്റെ പെരുവിരല്‍ അറുത്തുവാങ്ങുന്നു!

തന്റെ ശിഷ്യന്മാരില്‍ അര്‍ജുനനെ വില്ലാളി വീരനാക്കണമെന്ന അഹങ്കാരമാണ് ദ്രോണാചാര്യരെക്കൊണ്ട് ആ കൊടും ക്രൂരകര്‍മം ചെയ്യിച്ചത്. ലോകത്ത് ഒരു ഗുരുനാഥനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പാതകമാണത്. അര്‍ജുനനെ വില്ലാളിവീരനാക്കണ മെങ്കില്‍ അതും അതിലപ്പുറവും ദ്രോണാചാര്യര്‍ ചെയ്യുമായി രുന്നു. ധനുര്‍വിദ്യക്ക് മാത്രമല്ല, ഇന്നോളം മനുഷ്യരാശി കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും നിദാനം മനുഷ്യന്റെ ഈ പെരുവിരലാണ്. അത് നഷ്ടപ്പെടുന്നവന്‍ നിര്‍വീര്യനാക്ക പ്പെടുന്നു. പെരുവിരല്‍ നഷ്ടപ്പെടുന്നതോടെ ഏകലവ്യന്‍ നിര്‍വീര്യനാക്കപ്പെടുന്ന അവസ്ഥയില്‍ അര്‍ജുനന്‍ തന്റെ ഒന്നാം സ്ഥാനത്തെ നില തുടരുമെന്നാണ് ഗുരു സ്വപ്‌നം കണ്ടിരുന്നത്! അങ്ങനെ കരുതിയപ്പോള്‍ ദ്രോണാചാര്യര്‍ക്ക് പിഴച്ചു! അതായത് ഏകലവ്യന്റെ വംശത്തില്‍പ്പെട്ട ദേശികര്‍ അന്നും ഇന്നും വില്ലു കുലക്കുമ്പോള്‍ പെരുവിരല്‍ ഉപയോഗിക്കാറില്ല! 

അബു സെയ്ദ് കണ്ടെത്തിയ ധനുര്‍വിദ്യയെക്കുറിച്ചുള്ള ഈ ഈ സത്യമാണ് രൂപാന്തറിലൂടെ വെളിപ്പെടുത്തുന്നത്. ഏകലവ്യനെ കുറിച്ച് ഒരു സിനിമ ചിത്രീകരിക്കുന്നതിനായി സംവിധായകനും സംഘവും ഏകലവ്യന്റെ പിന്തുടര്‍ച്ചക്കാരായ സന്താളര്‍ അധിവസിക്കുന്ന ഒരു കാട്ടരികിലെത്തി. ഏകലവ്യന്‍ ശരം തൊടുക്കുന്ന രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷൂട്ടിംഗ് കാണാന്‍ നിന്ന ഒരു നാട്ടുകാരന്‍ എതിര്‍പ്പു രേഖപ്പെടുത്തുന്ന ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട് ഷൂട്ടിംഗിന് അലോസരമുണ്ടാ ക്കുന്നു. കാര്യം തിരക്കിയ സംവിധായകനോട് അദ്ദേഹം വെളിപ്പെടുത്തിയത്; സന്താളര്‍ ശരം തൊടുക്കുമ്പോള്‍ പെരുവിരല്‍ ഉപയോഗിക്കാറില്ലെന്നും ചൂണ്ടുവിരലും നടുവിരലും മാത്രമാണ് ഉപയോഗിക്കുക എന്നുമാണ്! അപ്പോള്‍ത്തന്നെ മറ്റൊരു സന്താള യുവാവിനേയും കൂടെ വിളിച്ച് രണ്ടുപേരും ചേര്‍ന്ന് വില്ലുകു ലച്ച് അമ്പ് ലക്ഷ്യത്തില്‍ കൊള്ളിച്ചുകൊണ്ട് അവരുടെ വാദം ശരിയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. സംവിധായകന് ഇതൊരു പുതിയ അറിവായിരുന്നു. അദ്ദേഹം ആകെ പ്രതിസന്ധി യിലായി. തിരക്കഥ മാറ്റിയെഴുതാന്‍ നിര്‍ബന്ധിതനാകുന്നു.

ഇവിടെ ഒരു ചോദ്യമുയരുന്നു; ഏകലവ്യന്മാര്‍ പെരുവിരല്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് അത് അറുത്തു വാങ്ങി? ധനുര്‍വിദ്യ ആര്യന്മാരുടേതായിരുന്നില്ല. അത് ദേശികരുടേത് മാത്രമായിരുന്നു. ആര്യന്മാര്‍ വാളും കുന്തവുമാണ് ഉപയോഗി ച്ചിരുന്നത്. അതാകട്ടെ ഇരതേടുന്നതിനുള്ള ആയുധങ്ങളായിരുന്നില്ല. വെട്ടിപ്പിടിക്കുന്നതിനായി - മനുഷ്യനെ തന്നെ കൊല്ലുന്നതിനായാണ് അവ ഉപയോഗിച്ചിരുന്നത്. അതിവേഗം സഞ്ചരിക്കുന്ന കുതിര കളും അവരുടെ ആക്രമണപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി. അവരുടെ ആയുധങ്ങളായ വാളും കുന്തവുമാകട്ടെ അസ്രങ്ങളെ പോലെ കൈവിട്ടു പ്രയോഗിക്കുന്ന ആയുധങ്ങളുമല്ല. ഇരയുടെ - മനുഷ്യന്റെ ശരീരത്തില്‍ അത് കയ്യില്‍ നിന്ന് വിടാതെ നേരിട്ട് പ്രയോഗിക്കണം. ദേശികര്‍ ഇര (ഭക്ഷ്യം മാത്രം) തേടുന്നത് അസ്ത്രം തൊടുത്തുവിട്ടാണ്. വാള്, കുന്തം എന്നിവ പ്രയോഗിക്കു ന്നതിനേക്കാള്‍ ആയാസരഹിതമാണ് അസ്ത്രം പ്രയോഗിക്കുന്നത്. വാളുകൊണ്ട് വെട്ടിപ്പിടിക്കുന്നത് ആയാസകരമായതിനാല്‍ അസ്ത്രവിദ്യ സ്വായത്തമാക്കുന്നത് ഗുണകരമാണെന്ന് ആര്യന്മാര്‍ മനസിലാക്കി. എന്നാല്‍ ഏകലവ്യന്മാര്‍ക്ക് ശിഷ്യപ്പെട്ട് അത് പരിശീലിക്കുന്നതിന് അവര്‍ തയാറായിരുന്നില്ല. അസ്ത്രവിദ്യ കണ്ടുപഠിക്കുകയാണ് അവര്‍ ചെയ്തത്. അപ്പോള്‍ പിണഞ്ഞ അബദ്ധം മൂലമാണ് പെരുവിരലും ചൂണ്ടുവിരലും ചേര്‍ത്ത് അസ്ത്രം പിടിച്ചത്! അങ്ങനെയാണ് അമ്പു തൊടുക്കുന്നത് എന്ന് അവര്‍ കരുതിപ്പോന്നു.

പെരുവിരല്‍ ഉപയോഗിക്കുന്നു എന്ന ധാരണയിലാണ് ദ്രോണാ ചാര്യര്‍ ഏകലവ്യനോട് ഗുരുദക്ഷിണയായി അത് നല്കാന്‍ ആവശ്യപ്പെട്ടത്. അതിലൂടെ ഏകലവ്യന്റെ വളര്‍ച്ച തടയാമെന്ന് ദ്രോണാചാര്യര്‍ കരുതി. അമ്പെയ്യാന്‍ പെരുവിരല്‍ ഉപയോഗി ക്കാത്ത ഏകലവ്യന് അത് മുറിച്ച് നല്കാന്‍ യാതൊരു മടിയുമുണ്ടാകാതിരുന്നതിന്റെ കാരണവും ഇതാണ്. കൈപ്പത്തി ആകെത്തന്നെ ആവശ്യപ്പെട്ടിരുന്നാല്‍ ഏകലവ്യന്‍ അത് നല്കുമായിരുന്നില്ല!

ഈ ഉപാഖ്യാനത്തില്‍ അര്‍ജുനനേക്കാള്‍ ശേഷിയുള്ളവനായാണ് ഏകലവ്യനെ അവതരിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാണല്ലോ. ദ്രോണാചാര്യന് അര്‍ജുനനെ ഏറ്റവും കൂടുതല്‍ ശേഷിയുള്ള വന്റെ സ്ഥാനത്ത് നിലനിര്‍ത്തണമായിരുന്നു. അതിന് ദ്രേണാ ചാര്യര്‍ ചെയ്യേണ്ടിയിരുന്നത് ഏകലവ്യനേക്കാള്‍ കൂടുതല്‍ ശേഷികിട്ടുന്നതിനായി അര്‍ജുനന് കൂടുതല്‍ മുറകളില്‍ പരിശീലനം കൊടുക്കുക എന്നുള്ളതായിരുന്നു. മറിച്ച് ആചാര്യന്‍ ചെയ്തതോ, ഒന്നാം സ്ഥാനത്തുള്ളവനെ ഇല്ലായ്മ ചെയ്തുകൊണ്ട് രണ്ടാം സ്ഥാനക്കാരനെ ഒന്നാം സ്ഥാനക്കാരനാക്കി! ലോകത്ത് ഏതെങ്കിലും ആചാര്യന് നിരക്കുന്ന പ്രവൃത്തിയാണോ ഇത്? ഇതാണോ കൊട്ടിഘോഷിക്കപ്പെടുന്ന ആര്‍ഷ സംസ്‌കാരത്തിന്റെ മഹത്വം?

അബു സയ്ദ് സംവിധാനം നിര്‍വഹിക്കുന്ന നാലാമത്തെ സിനിമയാണ് രൂപാന്തര്‍. നിരന്തര്‍, ശംഖനാദ്, ബസ്തി തുടങ്ങിയവയാണ് മറ്റ് സിനിമകള്‍. രൂപാന്തര്‍ 'സിനിമക്കുള്ളിലെ സിനിമ' എന്ന കൂട്ടത്തിലാണ് പെടുന്നത്. സിനമയില്‍ സിനിമാ സംവിധായകനായി വരുന്ന ആരിഫിനെ അവതരിപ്പിക്കുന്നത് ടോളീവുഡിന് സുപരിചിതനായ നടന്‍ ഫിര്‍ദൗസ് അഹമ്മദാണ്. താരിക് മസൂദിന്റെ പ്രസിദ്ധമായ 'ക്ലേ ബേര്‍ഡ്'ല്‍ നായകനായി എത്തിയ ജയന്ത ചതോപാധ്യായ മറ്റൊരു കഥാപാത്രത്തെ രൂപാന്തറില്‍ അവതരിപ്പിക്കുന്നുണ്ട്. മുംബെയിലെ തേഡ് ഐ ഫിലിം ഫെസര്‌റിവെല്‍ തുടങ്ങി ഇന്ത്യയിലെ പല മേളകളിലും രൂപാന്തര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവെലില്‍ നിന്നും ഏറ്റവും നല്ല കഥക്കുള്ള പുരസ്‌കാരം അബു സയ്ദ് നേടി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ