"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 19, ഞായറാഴ്‌ച

അച്ചുത് കന്യ: ജാതിപ്രശ്‌നം വെള്ളിത്തിരയില്‍ ഉന്നയിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ🎬 1936 ല്‍ ഇറങ്ങിയ 'അച്ചുത് കന്യ' യായിരിക്കണം ജാതിപ്രശ്‌നം വെള്ളിത്തിരയില്‍ ചര്‍ച്ചക്ക് വിധേയമാക്കിയ ആദ്യത്തെ ഇന്ത്യന്‍ സിനിമ. ജാതിവ്യവസ്ഥക്കെതിരേ പൊതുബോധം രൂപപ്പെടുകയും പോരാട്ടങ്ങള്‍ നയിക്കപ്പെടുകയും ചെയ്തിരുന്ന ആ സവിശേഷ കാലഘട്ടമാണ് ഇത്തരമൊരു സനിമയുടെ നിര്‍മാണത്തിന് അനുകൂലമായ സാഹചര്യമൊ രുക്കിയത്. അഖിലേന്ത്യാ തലത്തില്‍, ഡോ. അംബേഡ്കറുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന, നാസിക്കിലെ കലാറാം ക്ഷേത്ര സത്യാഗ്രഹവും 1930 - 32 ലെ വട്ടമേശസമ്മേളനത്തില്‍ നടത്തിയ അവകാശപ്പോരാട്ടങ്ങളും 1936 ലെ തന്നെ ഇന്‍ഡിപ്പെന്റ് ലേബര്‍ പാര്‍ട്ടി രൂപീകരണവും 'ജാതി ഉന്മൂലനം' എന്ന പ്രബന്ധത്തിന്റെ രചനയും, കേരളത്തില്‍ 1931 - 32 ല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇടയാക്കിയ പോരാട്ടങ്ങളും ജാതിവ്യവ സ്ഥക്കെതിരായി പൊതുബോധമുണര്‍ന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. അക്കാലത്ത് നിശബ്ദരായിരിക്കാന്‍ തങ്ങള്‍ക്ക വകാശമില്ല എന്നു ചിന്തിച്ച ഒരുകൂട്ടം ഉത്പതിഷ്ണുക്കളുടെ കൂട്ടായ പരിശ്രമ ത്തിന്റെ ഫലമായി പിറവികൊണ്ട സിനിമയാണ് 'അച്ചുത് കന്യ'.

അച്ചുത് കന്യ എന്ന പേരിന് അര്‍ത്ഥം 'തൊട്ടുകൂടാത്തവള്‍' എന്നാണ്. ദമ്പതികളായ ഹിമാംശു റായിയും ദേവികാ റാണിയും ചേര്‍ന്ന് 1930 ല്‍ മഹാരാഷ്ട്രയിലെ മലദ് ല്‍ (പിന്നീട് ബോംബെ, ഇപ്പോള്‍ മുംബൈ) സ്ഥാപിപിച്ച ബോംബെ ടാക്കീസില്‍ അംഗമായിരുന്ന എഴുത്തുകാരനും നടനും നാടകപ്രവര്‍ത്തകനും സംവിധായകനുമായ നിരഞ്ജന്‍ പാലിന്റെ കഥയെ ആധാരമാ ക്കിയാണ് അച്ചുത് കന്യ സാക്ഷാത്കരിച്ചത്. നായികയായ കസ്തൂരിയെ ദേവികാ റാണിതന്നെയാണ് വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. ചിത്രം സംവിധാനം ചെയ്തത് ജര്‍മന്‍കാ രനായ ഫ്രാന്‍സ് ഓസ്റ്റനാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധമായ സംരംഭം എഡ്വിന്‍ അര്‍നോള്‍ഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിയെ ആധാരമാക്കി എടുത്ത 'പ്രേം സന്യാസി' യാണ്. ബോംബെ ടാക്കീസ് സ്ഥാപിച്ചതുമുതല്‍ ഹിമാംശു റായിയുമായി പുലര്‍ത്തിപ്പോന്നിരുന്ന സൗഹൃദമാണ് സംവിധാനം നിര്‍ഹിക്കാനുള്ള ചുമതല ഫ്രാന്‍സ് ഓസ്റ്റണില്‍ എത്തിച്ചേരാ നിടയായത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമാണ് കാലഘട്ടം. ബാല്യകാല സുഹൃത്തുക്കളാണ് പ്രതാപും കസ്തൂരിയും. വളര്‍ന്നപ്പോള്‍ ഇരുവരും പ്രണയബദ്ധരായി. പക്ഷെ വിവാഹിതരായി ഒരുമിച്ചു ജീവിക്കാന്‍ ജാതിവ്യവസ്ഥയില്‍ അനുമതികളില്ലായിരുന്നു! പ്രതാപ് ബ്രാഹ്മണനും കസ്തൂരി അയിത്തജാതിക്കാരിയുമാണ്. പ്രതാപ് സ്വജാതിയില്‍പ്പെട്ട മീരയേയും, കസ്തൂരിയെ സ്വജാതിയില്‍പ്പെട്ട മനുവിനേയും വിാഹം ചെയ്തു. എങ്കിലും പ്രണയസ്മരണകള്‍ ഇരുവരിലും മായാതെ തുടര്‍ന്നു. ഇതുപക്ഷെ ഇരുവരുടേയും വ്യത്യസ്ത കുടുംബജീവിതങ്ങളില്‍ പ്രതിബന്ധ ങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ മനു നേരത്തെ തന്നെ കജ്രി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നതാ ണെന്ന വിവരം പുറത്തായതോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞു. ബന്ധുവീട്ടുകാരുമായുള്ള പ്രശ്‌നങ്ങള്‍ നിമിത്തം കജ്രിയെ മനു അവളുടെ വീട്ടില്‍ കൊണ്ടുനിര്‍ത്തിയി രിക്കുകയായിരുന്നു. മനുവിന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നുവന്നി രിക്കുന്നു എന്നറിയുന്ന കജ്രിയില്‍ കസ്തൂരിയോടുള്ള വിദ്വേഷം സംജാതമായി. 

അസൂയ പെരുത്ത കജ്രി പ്രതാപിന്റെ ഭാര്യയായ മീരയിലാണ് കസ്തൂരിക്കെതിരായ വിദ്വേഷത്തിന്റെ വിഷം കുത്തിവെച്ചത്. പ്രതാപുമായി കസ്തൂരിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അറിയുന്ന മനുവും അസ്വസ്ഥചിത്തനായി. ഒരുദിവസം അടുത്ത ഗ്രാമത്തിലെ ഒരു മേളക്ക് കസ്തൂരിയേയും കൂട്ടി പോയ മനു കസ്തൂരിയെ അവിടെ ഉപേക്ഷിച്ചു പോന്നു. അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയതിനാല്‍ ഭയന്ന അവസ്ഥയില്‍ കസ്തൂരി, അടുത്ത് ഒരു ചായക്കടയില്‍ ഉണ്ടായിരുന്ന പ്രതാപിന്റെ സഹായം തേടി. പ്രതാപിന്റെ കാളവണ്ടിയില്‍ അയാളോപ്പം കയറി കസ്തൂരി വീട്ടിലെത്തി. അതല്ലാതെ കസ്തൂരിക്ക് മറ്റ് പോംവഴികളില്ലായിരുന്നു. ഈ വിവരം നാട്ടില്‍ പാട്ടായത് വന്‍ കോളിളക്കത്തിനിടയായി!

പ്രതാപിനെ നേരിട്ട് എതിര്‍ക്കാന്‍ തന്നെ മനു തീരുമാനിച്ചു. ഒരു ദിവസം മനു ഗേറ്റ് കീപ്പറായി ജോലിചെയ്യുന്ന റെയില്‍വേ ക്രോസില്‍ പ്രതാപിന്റെ വാഹനമെത്തിയപ്പോള്‍ മനു പ്രതാപിനെ ആക്രമിച്ചു. ട്രാക്കില്‍ കിടന്നുള്ള ഇരുവരുടേയും സംഘട്ടനം കാണുന്ന കസ്തൂരി, ഇരുവരേയും രക്ഷിക്കാനായി ദൂരെ നിന്നും വരുന്ന ട്രെയിന്‍ നിര്‍ത്തുന്നതിന് ഡ്രൈവറോട് അപേക്ഷിക്കുന്ന തിന് വേണ്ടി ഓടിയടുയടുക്കവേ ട്രെയിന്‍ തട്ടി മരിക്കുന്നു. 

റോമിയോ ആന്റ് ജൂലിയറ്റില്‍ കുടിപ്പകയാണ് പ്രണയത്തെ ദുരന്തമാക്കുന്നതെങ്കില്‍ അച്ചുത് കന്യയില്‍ ജാതിവ്യവസ്ഥയാണ് വില്ലനാകുന്നത് എന്ന നിരീക്ഷണം സാധുതയുള്ളതാണ്. കഥാഘടന യില്‍ നിരഞ്ജന്‍ പാല്‍ പുലര്‍ത്തിയ അവധാനതയാണ് സിനിമ യെ വിജയമാക്കിയ മുഖ്യഘടകം. സ്വാതന്ത്ര്യ സമരസേനാനിയാ യിരുന്ന സാക്ഷാല്‍ വിപിന്‍ ചന്ദ്രപാലിന്റെ മകനായി 1889 ആഗസ്റ്റ് 17 ന് കല്‍ക്കട്ടയിലാണ് നിരഞ്ജന്‍പാല്‍ ജനിച്ചത്. ലണ്ടനില്‍ വിദ്യാഭ്യാസം ചെയ്യുന്ന യൗവനകാലത്ത് വിനായക് ദാമോദര്‍ സവര്‍ക്കറുമായും മദന്‍ലാല്‍ ധിന്‍ഗ്രയുമായും സൗഹൃദത്തിലായി. ആയിടെ 1910 ല്‍ ലണ്ടനില്‍ത്തന്നെ 'ലൈറ്റ് ഓഫ് ഏഷ്യ'ക്കം 'ഷിറാസ്' നും രംഗാവിഷ്‌കാരം നടത്തി. ലണ്ടനില്‍ സാമ്പത്തികമായി വന്‍വിജയം നേടിയ ഈ രംഗകലാരൂപം നേരിട്ട് കാണാനിടയായ സാഹചര്യമാണ് 'ലൈറ്റ് ഓഫ് ഏഷ്യ' (പ്രേം സന്യാസി) സംവിധാനം നിര്‍വഹിക്കാന്‍ ഫ്രാന്‍സ് ഓസ്റ്റണില്‍ പേരണചെലുത്തിയത്. 

അച്ചുത് കന്യ കൂടാതെ അതേവര്‍ഷം തന്നെ ഹിമാംശു റായ് നിര്‍മിച്ച ''ജീവന്‍ നയ്യ'' എന്ന സിനിമയും സംവിധാനം ചെയ്തത് ഫ്രാന്‍സ് ഓസ്റ്റനാണ്. ഫ്രാന്‍സ് ഓസ്റ്റര്‍മേയര്‍ എന്ന യഥാര്‍ത്ഥ നാമാവായ ഫ്രാന്‍സ് ഓസ്റ്റന്‍ 1876 ഡിസംബര്‍ 23 ന് ജര്‍മനിയി ലെ മ്യൂണിച്ചിലാണ് ജനിച്ചത്. അച്ഛനെ പോലെ ഫോട്ടോഗ്രാ ഫറായി കലാജീവിതം ആരംഭിച്ച ഓസ്റ്റന്‍ ഷോര്‍ട്ട് ഫിലിമുകള്‍ ക്കും ഡോക്യുമെന്ററികള്‍ക്കും ശേഷം 1911 ല്‍ തന്റെ ആദ്യമുഴുനീള സിനിമയായ 'എര്‍ന വലേസ്‌ക' സംവിധാനം ചെയ്തു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധത്തില്‍ മുന്നണിയിലേക്ക് പോയി അവിടെ കറസ്‌പോണ്ടന്റായി തുടങ്ങുകയും പിന്നീട് ഭടനായി പങ്കെടുക്കുകയും ചെയ്തു. 1925 ല്‍ ഹിമാംശു റായിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തി ശ്രീബുദ്ധചരിതം ആധാരമാക്കിയ 'ലൈറ്റ് ഓഫ് ഏഷ്യ' സംവി ധാനം ചെയ്തു. 1929 ല്‍ മഹാഭാരതകഥകളെ ആധാരമാക്കുന്ന 'എ ത്രോ ഓഫ് ഡൈസ്' എന്ന സിനിമയുടേയും സംവിധാനം നിര്‍വഹിച്ചു.

അച്ചുത് കന്യ ഒരു വന്‍വിജയമായത് ദേവികാ റാണിയുടെ അഭിനയ മികവുകൊണ്ടുകൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു അഭിനേത്രി മാത്രമല്ല, സിനിമാരംഗത്തു കടന്നുവന്ന ഇന്ത്യയിലെ വനിതകളിലെ ആദ്യത്തെ നിര്‍മാതാവും സാങ്കേതിക വിദഗ്ധയും ദേവികാ റാണിയാണ്. 1908 മാര്‍ച്ച് 30 ന് മദ്രാസ് പ്രസിഡന്‍സിയിലെ വിശാഖപട്ടണത്ത് ജനിച്ച ദേവികാറാണി ലണ്ടനിലെത്തി വാസ്തുവിദ്യയാണ് അഭ്യസിച്ചത്. 1928 ല്‍ ഹിമാംശു റായിയെ കണ്ടെത്തുന്നതുവരെ ടെക്‌സ്റ്റൈല്‍ എഞ്ചിനീ യറായി ജോലിനോക്കുകയായിരുന്നു. 1929 ല്‍ ഇരുവരുമായുള്ള വിവാഹം നടന്നു. 1929 ല്‍ ഹിമാംശു റായി നിര്‍മിച്ച എ ത്രോ ഓഫ് ഡൈസില്‍ സഹസംവിധായികയായും കോസ്റ്റിയൂം ഡിസൈനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജന്മനിയിലെത്തിയ ദേവികാറാണി സിനിമാ സാങ്കേതിക ശാസ്ത്രത്തില്‍ അറിവുനേടി. ഇന്ത്യയില്‍ തിരിച്ചെത്തി 1933 ല്‍ എടുത്ത 'കര്‍മ'യാണ് അഭിനയിച്ച ആദ്യ ചിത്രം. ഹിമാംശു റായി തന്നെയാണ് നായകനേയും അവതരിപ്പിച്ചത്. കര്‍മ ഒരു ഇന്ത്യക്കാരന്‍ ഇംഗ്ലീഷിലെടുക്കുന്ന ആദ്യത്തെ സിനിമയുമാണ്. ഹിമാംശു വിന്റേയും ദേവികാറാണിയുടേയും നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ചുംബനരംഗം സിനിമയുടെ ഒരു സവിശേഷതയാണ്. ഇംഗ്ലീഷില്‍ ഒരു ഗാനവും ദേവികാ റാണി ഈ സിനിമയില്‍ ആലപിച്ചിട്ടുണ്ട്. അതാകട്ടെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ഇംഗ്ലീഷ് ഗാനമായും ചരിത്രത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. 1940 ല്‍ ഹിമാംശു റായ് അന്തരിച്ച ശേഷം ബോംബെ ടാക്കീസ് നോക്കിനടത്തിയത് ദേവികാ റാണിയാണ്. 1945 ല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിരുന്ന റഷ്യന്‍ പെയിന്റര്‍ സ്വെറ്റോസ്ലാവ് റോറിച്ചിനെ വിഹാഹം ചെയ്തു. സെന്‍ട്രല്‍ പാര്‍ലമെന്റ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നെഹ്‌റുവിന്റേയും ഇന്ദിരാ ഗാന്ധിയുടേയും ചിത്രങ്ങള്‍ വരച്ചത് റോറിച്ചാണ്. പത്മഭൂഷണ്‍ നല്കി നെഹ്‌റു റോറിച്ചിനെ ആദരിക്കുകയുമുണ്ടായി. 1990 ല്‍ 88 ആം വയസില്‍ റോറിച്ചും 1993 ല്‍ 85 ആം വയസില്‍ ദേവികാ റാമിയും ബാംഗ്ലൂരില്‍ വെച്ച് അന്തരിച്ചു.പ്രതാപിനെ അവതരിപ്പിക്കുന്ന അശോക് കുമാര്‍ കുമുദ്‌ലാല്‍ ഗാംഗുലിയുടെ മകനായി 1911 ഒക്ടോബര്‍ 13 ന് ബീഹാറിലെ ഭഗല്‍പൂരിലാണ് ജനിച്ചത്. അഭിനയ മികവുകൊണ്ട് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുത ന്നെയാണ് അശോക് കുമാര്‍ നിലനിന്നിരുന്നത്. 1988 ല്‍ സിനിമാ രംഗത്തെ മികവിന് രാഷ്ട്രം നല്‍കുന്ന പരമോന്നത പുരസ്‌കാര മായ ദാദാസൈഹേബ് ഫാല്‍ക്കേ അവാര്‍ഡ് അശോക് മാറിനെ തേടിയെത്തി. 1999 ല്‍ പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചു. 

ഇന്ത്യന്‍ സിനിമാരംഗത്തെ രണ്ടാമത്ത സംഗീത സംവിധായിക യായ സരസ്വതീ ദേവിയാണ് അച്ചുത് കന്യയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. (ആദ്യത്തെ വനിത, പ്രസിദ്ധ അഭിനേത്രിയാ യിരുന്ന നര്‍ഗീസിന്റെ അമ്മയായ ജാദ്ദെന്‍ ബായിയാണ്.) ഗാനരചന നിര്‍വഹിച്ചത് ജമുന സ്വരൂപ് കാശ്യപ് ആണ്. ജര്‍മനിയില്‍ ജനിച്ച മറ്റൊരു പ്രതിഭയായ ജോസഫ് വിര്‍ഷിം ഗിന്റേതാണ് ഛായാഗ്രഹണം. ലൈറ്റ് ഓഫ് ഏഷ്യയുടേയും ഛായാഗ്രഹണം വിര്‍ഷിംഗാണ് നിര്‍വഹിച്ചത്. ബോംബെ ടാക്കീസിനുവേണ്ടി 20 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോസഫ് വിര്‍ഷിംഗ് മറ്റ് പ്രൊഡക്ഷന്‍ കമ്പനികളുമായും സഹകരിച്ചു കൊണ്ട് ഇന്ത്യയില്‍ സ്ഥിരതാമസമാക്കി, 1967 ല്‍ ബോംബെയില്‍ വെച്ച് അന്തരിച്ചു. 

അച്ചുത് കന്യ ഇന്ത്യയിലെ ജാതി ഉന്മൂലനപ്രക്രിയകളെ എന്തു മാത്രം പിന്തുണച്ചു എന്ന വിലയിരുത്തല്‍ പ്രസക്തമാണ്. ജാതിവിരുദ്ധ ചിന്ത സാമാന്യ ജനങ്ങളില്‍ ഉണര്‍ത്തിവിടാന്‍ കാരണമായത് എന്തായാലും അച്ചുത് കന്യയല്ല എന്ന് ഉറപ്പിക്കാം. അതേ സമയം തന്നെ സമൂഹത്തിലുളവായ ജാതിവിരുദ്ധ ചിന്തയുടെ പ്രതിഫലനങ്ങളാണ് സിനിമ ഉള്‍ക്കൊള്ളുന്നതെന്ന് തീര്‍ച്ചയുമാണ്. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ