"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

രാംചന്ദ് പാകിസ്ഥാനി: ഒരു ദലിത് സിനിമ?അതിര്‍ത്തിവേലിയുടെ പിന്തിരിപ്പന്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിശകലനവിധേയമാക്കുന്ന നിരവധി സനിമകള്‍ പിറവി കൊണ്ടിട്ടുണ്ട്. മണ്ണുകൊണ്ടും മനസുകൊണ്ടും ഒന്നായ ഒരേ ദേശക്കാര്‍, ഒരേ ഭാഷ സംസാരിക്കുകയും വസ്ത്രം, ആഹാരം എന്നിവയില്‍ ഒരേ സാംസ്‌കാരികപാരമ്പര്യം പങ്കുവെക്കുന്ന വരുമായ ഒരു ജനത പൊടുന്നനെ ഒരു ദിവസം മറ്റാരാലോ സ്ഥാപിക്കപ്പെടുന്ന അതിര്‍ത്തിവേലികൊണ്ട് പരസ്പരം അന്യരാ ക്കപ്പെടുന്നു! ഇത്തരം സിനിമകളൊക്കെയും അതിര്‍ത്തിവേലിയുടെ ജീര്‍ണിച്ച രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന രചനകളായാണ് കാലത്തില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ പെടുന്ന സിനിമയാണ് 2008 ല്‍ പാകിസ്ഥാനില്‍ പിറവികൊണ്ട 'രാംചന്ദ് പാകിസ്ഥാനി.' പ്രസിദ്ധ ഷോര്‍ട്ട് ഫിലിം / ടി വി പ്രോഗ്രാം നിര്‍മാതാവായ പാകിസ്ഥാനി വനിത മഹ്‌റീന്‍ ജബ്ബാറിന്റെ ആദ്യത്തെ മുഴുനീള സിനിമയാണിത്.ഒരു ദലിത് സിനിമ എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സൂക്ഷ്മ വിശകലനത്തില്‍ ദലിത് പ്രശ്‌നങ്ങള്‍ ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നില്ല. അതിര്‍ത്തിയുടെ രാഷ്ട്രീയത്തിന്റെ നിരര്‍ത്ഥകത യെയാണ് ഒരു സംഭവകഥയെ ആധാരമാക്കുന്ന ഈ സിനിമ ഉന്നം വെച്ചിട്ടുള്ളത്. ഇവിടെ ദലിതര്‍ അതിന് പാത്രമായതിനാല്‍ കഥനീയത അവരില്‍ ഊന്നി എന്നുമാത്രം. 

പാകിസ്ഥാനിലെ ഇന്ത്യാ അതിര്‍ത്തിയിലുള്ള താര്‍ ഗ്രാമത്തിലെ നിവാസകരായ ദലിതരുടെ ഇടയിലെ ഒരു സംഭവകഥയാണ് രാംചന്ദ് പാകിസ്ഥാനിക്ക് ആധാരം. രാജസ്ഥാനിലെ ദലിതരുടെ സാംസ്‌കാരിക പാരമ്പര്യം പിന്തുടരുന്നവരാണ് ഈ ഗ്രാമക്കാര്‍. കുടിപ്പള്ളിക്കൂടം അധ്യാപകനായ ശങ്കറിന്റേയും സാധാരണ കൂലിപ്പണിക്കാരിയായ ചമ്പയുടേയും ഏക മകനാണ് ഏഴ് വയസുകാരന്‍ രാംചന്ദ്. ഒരു ദിവസം രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം തനിക്ക് ഇഷ്ടമില്ലാത്ത 'കാപ്പി' വിളമ്പിയതിന് ചമ്പയോട് കലഹിച്ച രാംചന്ദ് വീടുവിട്ടിറങ്ങി നടന്നു. രാംചന്ദ് നടന്നുനീങ്ങുന്നത് ഇന്ത്യയിലേക്കാണെന്ന് കണ്ടറിയുന്ന ശങ്കറും മകനെ തിരികെ കൊണ്ടുവരുന്നതിനായി അവനെ പിന്തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നു! ഇന്ത്യന്‍ അതിര്‍ത്തിയിലെ രക്ഷാസൈനികര്‍ ശങ്കറേയും രാംചന്ദിനേയും പിടികൂടി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തടവിലാക്കുന്നു. ശങ്കറിനും രാംചന്ദിനും എന്തു സംഭവിച്ചുവെന്ന് അറിയാന്‍ കഴിയാത്ത ഭീതിതമായ അവസ്ഥയില്‍ ചമ്പ പാകിസ്ഥാനിലെ വീട്ടില്‍ ഒറ്റപ്പെട്ടു. 

ശങ്കറും രാംചന്ദും തടവിലാക്കപ്പെട്ട സ്ഥലം ക്രിമിനല്‍ കുറ്റവാളി കളെ പാര്‍പ്പിക്കുന്നതുപോലെയുള്ള ഭീകരമായ ഒരിടമായിരുന്നില്ല. അതിക്രമിച്ചു കടക്കുന്നവരെ പാര്‍പ്പിക്കുന്ന ഒരു പൊലീസ് സ്റ്റേഷനായിരുന്നു അത്. ശങ്കറിനേയും മകനേയും കൂടാതെ ഇതുപോലെയെത്തിയ, മുസ്ലീങ്ങളും അമുസ്ലീങ്ങളുമടങ്ങുന്ന മറ്റനേകം ആളുകളും അവിടെ പാര്‍പ്പിക്കപ്പെട്ടിരുന്നു. അവരെ ക്കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയോ, കൊടിയ ശിക്ഷകള്‍ ഏല്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. ജയില്‍പ്പുള്ളി കളുടേതായ പ്രത്യേക വസ്ത്രം ധരിക്കേണ്ടതുമില്ലായിരുന്നു. ആകെയുള്ള അസഹനീയത എല്ലാവരേയും ഒറ്റമുറിയില്‍ പാര്‍പ്പിച്ചിരുന്നു എന്നുള്ളതാണ്. എന്നാല്‍ ജയിര്‍പ്പുള്ളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചിലപ്പോഴൊക്കെ സംഘട്ടനങ്ങളിലേക്ക് വളര്‍ന്നിരുന്നു. 

ഈ ജയില്‍പ്പുള്ളികളെ വിചാരണ ചെയ്യാനോ കുറ്റവാളികളല്ലാ ത്തവരെ പുറത്തുവിടാനോ യാതൊരു നീക്കവും അധികാരി കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതുതന്നെയാണ് നിരപരാധി കളായ ഇവര്‍ അനുഭവിക്കുന്ന കൊടിയശിക്ഷ! വര്‍ഷത്തിലൊ രിക്കലോ മറ്റോ ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ മൂന്നു നാലുപേരെ പുറത്തുവിടും. എന്നാല്‍ ഇത് നല്ലനടപ്പിനുള്ള പാരിതോഷികമായല്ല നല്കിപ്പോരുന്നത്. സ്വന്തം രാജ്യമേത് അന്യരാജ്യമേത് എന്ന് കൃത്യമായറിയാതെ അബദ്ധം പിണഞ്ഞ് അതിക്രമിക്കേണ്ടിവന്നവരാണ് അവരെല്ലാവരും. ക്രിമിനല്‍ കുറ്റവാളികളല്ലാത്തതിനാല്‍ പിന്നീടൊരു 'നല്ലനടപ്പ്' അവര്‍ക്ക് വേണ്ടിവരില്ലല്ലോ.

ഇത്തരം സംഭവങ്ങള്‍ മനുഷ്യമനസുകളിലും ഗ്രാമജീവിതത്തിലും വലിയ ആഘോതങ്ങളാണ് ഏല്‍പ്പിക്കുന്നത്. രാജ്യങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും വലിയകുഴപ്പങ്ങളൊന്നും കൂടാതെ അതിര്‍ത്തി ക്കപ്പുറവും ഇപ്പുറവും പഴയപടി നിലനില്ക്കും. ഇവിടെ ചമ്പയാകട്ടെ, ആണ്‍പിറന്നവും മകനും ജീവിച്ചിരിക്കവെ തന്നെ അനാഥയാക്കപ്പെടുന്നു! ഇടക്ക് ചെറിയ സഹായം ചെയ്യുന്ന ഒരു വളക്കച്ചവടക്കാരനില്‍ ആകൃഷ്ടയായി ചമ്പയുടെ മനസ് അവളില്‍ നിന്ന് കൈവിട്ടുപോകുന്ന ഒരു ഘട്ടവുമുണ്ടായി. എന്നാല്‍ ചമ്പ പണിയെടുക്കുന്ന കടുകുപാടത്തെ കങ്കാണി, വളക്കച്ചവടക്കാരന്‍ ചമ്പയെ കാണാന്‍ വരുന്നതില്‍ നിന്ന് വിലക്കിയതിനാല്‍ ആ ആകര്‍ഷണം ഒരു ബന്ധമായി വളര്‍ന്ന് വഷളായില്ല. ആ ഘട്ടത്തില്‍ ഒരു വിശേഷദിനം വിടുതല്‍ ലഭിച്ചതിനാല്‍ രാംചന്ദ് ചമ്പയുടെ അടുത്ത് എത്തുന്നു. അപ്പോഴേക്കും അഞ്ച് വര്‍ഷം കടന്നുപോയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് ശങ്കറിന് വിടുതല്‍ ലഭിച്ചത്.

ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെടുന്ന 2002 കാലഘട്ടത്തിലാണ് ഈ സിനിമക്ക് ആധാരമാകുന്ന സംഭവവികാസങ്ങള്‍ നടക്കുന്നത്. അക്കാലത്ത് ഇന്ത്യും പാകിസ്ഥാനും ഏതാണ്ടൊരു യുദ്ധമുഖത്തു തന്നെയായിരുന്നു. അന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ട രാംചന്ദ് 2007 ലും അച്ഛന്‍ ശങ്കര്‍ 2008 ലും പാകിസ്ഥാനില്‍ തിരിച്ചെത്തി. തിരിച്ചെത്തുന്നതുവരെ രാംചന്ദും ശങ്കറും ജീവിച്ചിരിപ്പുണ്ടെന്നുതന്നെ ആര്‍ക്കുമറിയില്ലായിരുന്നു. 2008/2009 ല്‍ മഹാറീന്‍ ജബ്ബാര്‍ 'രാംചന്ദ് പാകിസ്ഥാനി' എടുത്തു. 

പ്രസിദ്ധ ഇന്ത്യന്‍ നടി നന്ദിതാ ദാസാണ് ചമ്പയെ അവതരിപ്പി ക്കുന്നത്. 7 വയസുകാരന്‍ രാംചന്ദിനെ അവതരിപ്പിച്ച സയ്ദ് ഫസല്‍ ഹൂസൈന്റെ അവതാരണത്തിന് മഹ്‌റീന്‍ ജബ്ബാര്‍ അങ്ങേയറ്റത്തെ അഭിനന്ദനമര്‍ഹിക്കുന്നു. ഓസ്‌കാര്‍ അവാര്‍ഡ് നേട്ടം കൊണ്ട് ശ്രദ്ധേയമായ, ഡാനി ബോയ്‌ലും ലൗലീന്‍ ഠണ്ടനും ചേര്‍ന്നൊരുക്കിയ പ്രസിദ്ധമായ 'സ്ലംഡോഗ് മില്യനയറി'ല്‍ സയ്ദ് ഫസല്‍ ഹുസൈന്‍ ഒരു വേഷം ചെയ്തിരുന്നു. രാംചന്ദ് പാകിസ്ഥാനിയുടെ സിനിമയുടെ വിജയത്തെ നിര്‍ണയിച്ച മറ്റ് രണ്ട് ഘടകങ്ങള്‍ ദേബജ്യോതി മിശ്രയുടെ സംഗീതവും സോഫിയാന്‍ ഖാന്റെ ഛായാഗ്രഹണവുമാണ്. ജാവേദ് ജബ്ബാര്‍ എഴുതിയ സംഭവകഥക്ക് മൊഹമ്മദ് അഹമ്മദാണ് തിരക്കഥ തയാറാക്കിയത്. സിനിമയെ ഉദ്ഗ്രഥിക്കാന്‍ മികച്ച സംഭാവന കളൊന്നും ഇവരില്‍ നിന്ന് ലഭിക്കുകയുണ്ടായില്ല. കഥാഘടന രേഖീയമായതിനാല്‍ എഡിറ്റര്‍മാരില്‍ ഒരാള്‍കൂടിയായ മഹ്‌റീന്‍ ജബ്ബാറിനും അസീം സിന്‍ഹക്കും അക്കാര്യത്തില്‍ ഏറെയൊന്നും ക്ലേശിക്കേണ്ടിയും വന്നില്ല. സംഭവവികാസങ്ങളുടെ തുടക്കം തന്നെ സിനിമയുടേയും തുടക്കം. ഹിന്ദിയും ഉറുദുവും സിനിമയില്‍ കൈകാര്യം ചെയ്യപ്പെടുന്നു. 

1971 ഡിസംബര്‍ 21 ന് കറാച്ചിയിലെ സിന്ധ് പ്രവിശ്യയിലാണ് മഹ്‌റീന്‍ ജബ്ബാര്‍ ജനിച്ചത്. രാംചന്ദ് പാകിസ്ഥാനി എടുക്കുന്നതിന് മുമ്പ് ടിവി/ഷോര്‍ട്ട് ഫിലിം രംഗത്ത് നീണ്ട 18 വര്‍ഷത്തെ മുന്‍പരിചയം അവര്‍ക്കുണ്ടായിരുന്നു. 'ഡോട്ടേഴ്‌സ് ഓഫ് ദി കേണല്‍', 'ബ്യൂട്ടി പാര്‍ലര്‍' തുടങ്ങിയവ മഹ്‌റീന്‍ ജബ്ബാര്‍ എടുത്ത പ്രസിദ്ധങ്ങളായ ഷോര്‍ട്ട് ഫിലിമുകളാണ്. ആദ്യ സിനിമയായ രാംചന്ദ് പാകിസ്ഥാനി എന്ന ഈ സിനിമ ഇന്ത്യ, പാകിസ്ഥാന്‍, യുകെ സംയുക്ത സംരംഭമാണ്. സിനിമയുടെ ആദ്യ പ്രദര്‍ശനം ന്യൂ യോര്‍ക്കിലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവെലില്‍ വെച്ചായി രുന്നു. ഫിപ്രസി ആവാര്‍ഡും നിരവധി ക്രിട്ടിക്‌സ് അവാര്‍ഡും ഇതിനോടകം ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. 2010 ല്‍ ഈ സിനിമ ന്യൂ യോര്‍ക്കിലെ MOCA (മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്) യില്‍ ഒരാഴ്ചയോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

കറാച്ചിയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സില്‍ അംഗമാണ് മഹ്‌റീന്‍ ജബ്ബാര്‍. WAR (വാര്‍ എഗെയ്ന്‍സ്റ്റ് റേപ്) എന്ന സംഘടനയുടെ സ്ഥാപകാംഗവുമാണ്. 2002 ല്‍ കറാച്ചി ഫിലിം ഫെസ്റ്റിവെലില്‍ ജൂറി അംഗമായിരുന്നു. മീര നയ്യാര്‍ ഉഗാണ്ടയില്‍ സ്ഥാപിച്ച സന്നദ്ധസേവന സംഘമായ മൈഷ ഫിലിം ലാബിന്റെ ഡയറക്ടറായും മഹ്‌റീന്‍ ജബ്ബാര്‍ പ്രവര്‍ത്തിക്കുന്നു. അഡൈ്വസറി ബോര്‍ഡ് ഓഫ് സൗത്ത് ഏഷ്യന്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്റ് ടിവി യിലും മഹ്‌റീന്‍ ജബ്ബാര്‍ സജീവാംഗമാണ്. ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ താമസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ