"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 7, ബുധനാഴ്‌ച

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 22 ഫെബ്രുവരി 1915 വിദ്യാഭ്യാസകാര്യത്തില്‍ പുലയര്‍ക്കുള്ള കുറവുകള്‍ ദൂരീകരിക്കണം


1915 ഫെബ്രുവരി 22-ന് ശ്രീ കുമാരനാശാന്‍ ഇപ്രകാരം വിശദീകരിച്ചു. സ്‌കൂളുകളില്‍ അഡ്മിഷന്‍ കൊടുക്കാനായി തയ്യാറാകുന്ന ലിസ്റ്റ് പ്രത്യേകമായി ഏതെങ്കിലും സമുദായക്കാര്‍ക്കു മാത്രമുള്ളതല്ല. എന്നിട്ടും സ്‌കൂളുകളില്‍ ചില വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു യാതൊരടിസ്ഥാനവുമില്ലാ ത്തതാണ്. മറ്റു സമുദായക്കാര്‍ക്കുണ്ടാകുന്ന വിദ്വേഷവും ഈഴവര്‍ താണ ജാതിക്കാരും തൊട്ടുകൂടാത്തവരുമാണെന്ന് അവരുടെ അനാരോഗ്യകരമായ ധാരണയുമൊക്കെയാണ് ഈഴവക്കു അഡ്മിഷന്‍ ലഭിക്കാന്‍ തടസ്സമായി നില്ക്കുന്നത്. ആ മനോഭാവം ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഈഴവര്‍ക്ക് അഡ്മിഷന്‍ നിഷേധിച്ച സ്‌കൂളുകളുടെ കൃത്യവും സമ്പൂര്‍ണ്ണവുമായ ഒരു ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഖാന്തിരം ഗവണ്‍മെന്റ് വിളിച്ചു വരുത്തിയാല്‍ ഈഴവസമുദായത്തോട് ചെയ്ത നീതികേടിന്റെ ഭീകരത എത്രയാണെന്നറിയാന്‍ കഴിയും. അതു തീര്‍ച്ചയായും യാതൊരു കാരണവശാലും എണ്ണത്തിലും, മാനദണ്ഡത്തിലും നിസ്സാരമായി ഗണിക്കാവുന്നത്രയല്ലെന്നതു തീര്‍ച്ചയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പ്രത്യേകമായന്വേഷണം നടത്തണമെന്നും ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്നും ശ്രീ കെ.കുമാരനാശാന ഭ്യര്‍ത്ഥിച്ചു.

വിദ്യാഭ്യാസവകുപ്പിലെ ഓഫീസറന്മാര്‍ ഈഴവര്‍ക്കയച്ച ചില കത്തിടപാടുകളിലെ സൂചനകള്‍ മെമ്പര്‍ ശ്രീ കുമാരനാശാന്‍ പരാമര്‍ശിക്കുകയുണ്ടായി. അതായത് ഈഴവരെക്കുറിച്ച് അത്തരം കത്തുകളില്‍ വിവരിച്ചിട്ടുള്ളത് താഴ്ന്ന ജാതിക്കാരിലൊരു ജാതിയെന്നാണ്. ഇത് തികച്ചും തര്‍ക്കിക്കത്തക്കതാണ്. ഇത് കുറഞ്ഞ പക്ഷം ഓഫീസ് കത്തിടപാടുകളിലെങ്കിലും ഒഴിവാക്കേണ്ടതാണ്.

ശ്രീ ശങ്കരന്‍ കൊച്ചുകുഞ്ഞ് ചാന്നാര്‍ (
Member Nomina-ted)

ശ്രീ കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങളോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് ശ്രീ ശങ്കരന്‍കൊച്ചുകുഞ്ഞുചാന്നാര്‍ പറയുകയുണ്ടായി.

ശ്രീ കെ.കൃഷ്ണന്‍ പണിക്കന്‍ (
Member Nominated)

ശ്രീ കെ.കൃഷ്ണപ്പണിക്കന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞതിങ്ങനെയാണ്. അതായത് ഒരന്വേഷണം നടത്തുന്നതും അതേ തുടര്‍ന്ന് ഈഴവ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യാതൊരു എതിര്‍പ്പുകളുമൊന്നുമുണ്ടാകാത്ത പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് അവിടങ്ങളില്‍ പ്രവേശനം വാങ്ങുന്നതില്‍ തനിക്കു യാതൊരു തൃപ്തിയുമില്ല. എന്നാലദ്ദേഹമാവശ്യപ്പെട്ടത് ഈഴവര്‍ക്കാവശ്യമുള്ളത് സംസ്ഥാന ത്തുള്ള ഓരോ പെണ്‍പള്ളിക്കൂടത്തിലും ആണ്‍പള്ളിക്കൂടത്തിലും സര്‍വ്വസ്വാതന്ത്ര്യ ത്തോടെ പഠിക്കാന്‍ പ്രാപ്തമാക്കത്തക്കവണ്ണം അവര്‍ക്കു പ്രവേശനം നല്‍കുക എന്നതാണ്. അതിനു വിപരീതമായി നില്ക്കുകയാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ ഈ സമുദായത്തിന്റെ പുരോഗതിക്കു തടസ്സമാകുമെന്നു കാണാവുന്നതുമാണെന്ന് ശ്രീ കെ.കൃഷ്ണപണിക്കന്‍ ഗൗരവപൂര്‍വ്വം സഭയെ അറിയിച്ചു.

ദിവാന്റെ മറുപടി: എല്ലാ മെമ്പറന്മാരുടെയും നിവേദനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളില്‍ ആവശ്യമായ അന്വേഷണം നടത്തുന്നതായിരിക്കും.

വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ പുലയര്‍ക്കുള്ള കുറവുകള്‍
ദൂരീകരിക്കല്‍.

ശ്രീ.അയ്യന്‍കാളി (
Member Nominated)

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പുലയ കുട്ടികള്‍ക്ക് പ്രവേശനമനുവദി ച്ചതില്‍ ശ്രീ അയ്യന്‍കാളി ഗവണ്‍മെന്റിനോട് തന്റെ സമുദായത്തിന്റെ നന്ദി പ്രകടിപ്പിച്ചു. ഗവണ്‍മെന്റില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ പിന്നെയും ഒരുപാട് ബുദ്ധിമുട്ടുകളനുഭവിക്കേണ്ടതായി വരുന്നുണ്ട്. അങ്ങനെ സംഭവിക്കേണ്ടി വരുന്നത് ചില പ്രാഥമിക സ്‌കൂളുകളിലെ അദ്ധ്യാപകര്‍ അവരുടെ ചില മേല്‍ജാതി സുഹൃത്തുക്കളുമായി നടത്തുന്ന ഗൂഢാലോചനയുടെ ഫലമായി അഡ്മിഷന്‍ നേടാനുള്ള വഴികളില്‍ മനപൂര്‍വ്വമായ തടസ്സം സൃഷ്ടിക്കുന്ന തിനാലാണ്. അതുകൊണ്ട് സ്‌കൂള്‍ പ്രവേശന വിഷയത്തില്‍ പുലയ കുട്ടികള്‍ക്ക് പ്രവേശനമനുവദിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള നയപരിപാടികള്‍ മേല്‍ പറയപ്പെടുന്ന അദ്ധ്യാപകരെ അറിയിക്കേണ്ടതാവശ്യമാണ്. ഗവണ്‍മെന്റുത്തരവ് അവഗണിച്ച് കൃത്യവിലോപം കാട്ടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ഇക്കാര്യങ്ങളൊക്കെ തങ്ങള്‍ ഗവണ്‍മെന്റിനോടാ വശ്യപ്പെടുന്നത് സ്‌കൂളധികൃതര്‍ക്കു നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ്. അല്ലാതെ ഏതെങ്കിലും സമുദായക്കാരോട് വിരോധമായിരിക്കാനല്ല.അതുകൊണ്ട് ഇപ്പോള്‍ കാണുന്ന കുറവുകളൊക്കെ പരിഹരിക്കാനായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നു തന്നെ ഒരു ഉത്തരവാദപ്പെട്ട ഓഫീസറെ നിയമിക്കേണ്ടതനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസസംബന്ധമയ അപര്യാപ്തതകള്‍ അദ്ദേഹത്തിനു പരിഹരിക്കാനാവുമെന്ന് ശ്രീ അയ്യന്‍കാളി ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി
മേല്‍ പറഞ്ഞതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.
അസംബ്ലി 5.45 പി.എം.ന് തല്ക്കാലം പിരിഞ്ഞു.