"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ആചാര്യന്‍ നന്തന്‍കോട് സുകുമാരന്‍


കേരളത്തില്‍ ദലിത് കുട്ടികള്‍ക്കു വേണ്ടിയുള്ള ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ആചാര്യപെരുമ നേടിയ ഒരാളാണ് നന്തന്‍കോട് സുകുമാരന്‍. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളു മായി കഴിയുമ്പോഴാണ് 81-ാം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ നന്തന്‍കോട് സുകുമാരന്‍ നിര്യാതനായത്.

അറുപതുകളില്‍ ദലിതരില്‍ സംഘടനാബോധവുംവിദ്യാഭ്യാസ മുന്നേറ്റവുമൊക്കെ ചിന്താധാരയിലെത്തിയ കാലം . മുന്‍ മന്ത്രിയും മലബാറിലെ ദലിത് സമുദായ നേതാവുമായ ഒ.കോരന്‍ മാസ്റ്റര്‍ കേരളത്തിലെ എല്ലാ പട്ടികജാതിക്കാരേയും ഒത്തൊരുമിച്ച് ഒറ്റ കൊടിക്കീഴില്‍ അണി നിരത്തുകയെന്ന ലക്ഷ്യബോധത്തോടെ സ്ഥാപിച്ച കേരള ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കേരള തലസ്ഥാനത്തെത്തി. ഇവിടെയും കേരള ഹരിജന്‍ സമുദായത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി നന്തന്‍കോട് സുകുമാരനെപോലുള്ള യുവാക്കന്മാരെ സംഘടി പ്പിച്ചു പ്രവര്‍ത്തനം നടത്തി പോന്നിരുന്നു. 1965 ഓടെ നന്തന്‍കോട് സുകുമാരന്‍ കേരള ഹരിജന്‍ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയായി. അന്ന് സമാജത്തിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് പഴയ ഗ്യാസ് ഹൗസ് ജംഗ്ഷനിലെ (ഇന്നത്തെ ഏ.കെ.ജി സെന്റര്‍ ജംഗ്ഷന്‍) ഒരു ഇരുനില കെട്ടിടത്തിലായിരുന്നു. 

ഈ കാലത്ത് അച്ഛന്റെ ബന്ധു കൂടിയായ നന്തന്‍കോട് സുകുമാരന്‍ സമാജത്തിന്റെ മാസപ്പടി പിരിക്കാന്‍ രസീതു ബുക്കുമായി വീട്ടില്‍ വരുമാനമായിരുന്നു. അന്നു ഞാന്‍ എസ്.എസ്.എല്‍.സി കഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നെ കൂടി ഓഫീസ് പ്രവര്‍ത്തനത്തിന് അച്ഛനോട് അനുവാദം വാങ്ങി കൊണ്ടു പോയിരുന്നു. 

1966 ല്‍ ഹരിജന്‍ സമാജം സ്റ്റേറ്റ് കമ്മിറ്റി ഒ.കോരന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതികുട്ടികള്‍ക്കായി ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കു ന്നതിനാല്‍ സ്റ്റേറ്റ് കമ്മറ്റി ഓഫീസ് ഗ്യാസ് ഹൗസ് ജംഗ്ഷനില്‍ നിന്നും തിരുവനന്തപുരം ആയുര്‍വേദകോളേജിന് സമീപം സൗകര്യങ്ങള്‍ ഏറെയുള്ള പ്രജാ സഭാ മെമ്പറായിരുന്ന ആചാരി സാറിന്റെ കെട്ടിടത്തിന്റെ മുകള്‍ നില വാടകയ്ക്ക് എടുത്തു. സ്‌കൂള്‍ ഇടാനും സൗകര്യമുണ്ടായിരുന്നു.

തുടര്‍ന്ന് ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സ്‌കൂളിനൊരു പേരും, പ്രോസ്‌പെറ്റക്‌സും നിയമാവലികളും തയ്യാറാക്കുവാന്‍ പ്രശസ്ത കവി കൂടിയായ കല്ലട ശശി സാറിനെ കൂട്ടി കൊണ്ടു വന്നു. അങ്ങിനെയാണ് ഇന്ത്യന്‍ ഭരണഘടനാ ശില്പിയും ഇന്ത്യയിലെ പട്ടികജാതിക്കാരുടെ അനിഷേധ്യ നേതാവുമായിരുന്ന ഡോ.അംബേദ്കറുടെ പേരു തന്നെ സ്‌കൂളിന് ഇടുവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ 'ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട'് പിറന്നു വീണു. ഞാനും ഇതിനെല്ലാം സാക്ഷികളായി കൂടെ ഉണ്ടായിരുന്നു.

സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ കുട്ടികളെ കൊണ്ടു വരുന്നതിനായി സ്റ്റാച്യുവിന് സമീപത്തെ ചിറക്കുളം കോളനിയില്‍ നിന്നും വണ്ടിക്കാരന്റെ മകള്‍ ഗൗരി വള്ളക്കടവില്‍ നിന്നുള്ള നായര്‍ സമുദായാംഗം ശാന്തകുമാരി അമ്മ, പുളിമൂട്ടിലുള്ള മറ്റൊരു നായര്‍ സമുദായാംഗം പത്മകുമാരി തുടങ്ങിയ യുവതികളെ കൊണ്ടു വന്നു. ഇവരോടൊപ്പം ഞാനും നോട്ടീസുമായി നഗരത്തിലെ പ്രധാന ചേരി പ്രദേശങ്ങളായചെങ്കല്‍ചൂള, പൗണ്ട്കുളം കോളനി, ബാര്‍ട്ടണ്‍ഹില്‍ കോളനി, ശിങ്കാരതോപ്പ് കോളനി എന്നിവിടങ്ങ ളിലെ പുതിയതായി സ്ഥാപിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് ചേരാന്‍ കുട്ടികളെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ ഏതാണ്ട് ഒരു മാസത്തോളം പ്രവര്‍ത്തിച്ചതിന്റെ ഫലമായി കുറെ കുട്ടികള്‍ എത്തുകയും ജൂണ്‍ മാസത്തോടെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യമൊക്കെ ബയന്റിംഗ് ക്ലാസ്സുകളും, തയ്യല്‍ ക്ലാസ്സുകളുമാണ് തുടങ്ങാനായത്. ആവശ്യമായ അദ്ധ്യാപകരെയും നിയമനം നടത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പളായി നന്തന്‍കോട് സുകുമാരന്‍ തന്നെയായിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ സുകുമാരന്‍ തുളസി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. 

സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഞാന്‍ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടതാ യി വന്നു ചേര്‍ന്നു. അവിടെ നിന്നും ഞാന്‍ പത്രപ്രവര്‍ത്തന മേഖലയി ലേയ്ക്ക് കടന്നു പോന്നു. എന്നോടൊപ്പം എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നിരുന്ന ഗൗരിയും സ്‌കൂളുമായുള്ള ബന്ധം അവസാനിപ്പിച്ചു വെന്നാണ് പിന്നീട് കേട്ടത്. ഒടുവില്‍ ഗൗരി ആദ്യത്തെ ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ സി.സി.കുഞ്ഞന്റെ ഭാര്യയായി തീര്‍ന്നിരുന്നു,

കുറച്ചുകാലം ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആയുര്‍വേദ കോളേജിനു സമീപം തന്നെ പ്രവര്‍ത്തിച്ചു പോന്നിരുന്നു. പിന്നീട് കൂടുതല്‍ സൗകര്യത്തിനായി നന്തന്‍കോട്ടേയ്ക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. ഇങ്ങനെ നിരന്തരമായുള്ള പ്രവര്‍ത്തനം കൊണ്ട് സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരവും പട്ടികജാതി കുട്ടികള്‍ക്ക് ഗ്രാന്റും മറ്റും ലഭിച്ചിരുന്നു. കേരളത്തില്‍ പട്ടികജാതിക്കാരില്‍ നിന്നും ആദ്യമായി സ്ഥാപിച്ചതായിരുന്നു ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ സ്‌കൂള്‍. തുടര്‍ന്ന് മുടവൂര്‍പാറ നെഹ്‌റു മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പാറ്റൂരില്‍ ജെ.ആര്‍.ദാസ് സാറിന്റെ നേതൃത്വത്തില്‍ ഡോ.മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉയര്‍ന്നു വന്നു. അതോടൊപ്പം തന്നെ പരേതനായ രാജപ്പന്റെ നേതൃത്വത്തില്‍ ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ പെണ്‍കുട്ടി കള്‍ക്കായി ഒരു തയ്യല്‍ സ്‌കൂളും വളരെക്കാലം പ്രവര്‍ത്തിച്ചി രുന്നു. എങ്കിലും നന്തന്‍കോട് സുകുമാരന്റെ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ സ്‌കൂളിനായിരുന്നു ഏറെ പ്രസക്തിയുണ്ടായിരുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ ഇവിടെ നിന്നും പഠിച്ച് ഇറങ്ങിയിരുന്നു.

അതോടൊപ്പം തന്നെ സുകുമാരന്‍ ഡോ.അംബേദ്കറുടെ ചിന്തകള്‍ക്കും തത്വങ്ങള്‍ക്കും പ്രസിദ്ധി നല്‍കുവാന്‍ കൂടി യത്‌നിച്ചിരുന്നു. ഡോ.അംബേദ്കര്‍ ജന്മദിനാഘോഷങ്ങള്‍ തലസ്ഥാന നഗരിയില്‍ നടത്തിയിരുന്നു. ജയന്തി കാലത്ത് ഡോ.അംബേദ്ക്ക റുടെ വലിയ പടം ഉന്തുവണ്ടിയില്‍ വച്ച് നഗരത്തില്‍ വലിയഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഡോ.അംബേദ്കര്‍ ആരായിരുന്നുവെന്ന് കേരളത്തിലെ പട്ടികജാതിക്കാരെ അറിയിച്ചത് നന്തന്‍കോട് സുകുമാരന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാ ണെന്ന വസ്തുത വിസമരിക്കാനാവില്ല. അതൊക്കെ പില്‍ക്കാല ചരിത്രത്തിന്റെ ഭാഗമായിരുന്നു. 

പിന്നീട് വാര്‍ദ്ധക്യകാലത്തോടെ സ്‌കൂള്‍ മതിയാക്കി വിശ്രമ ജീവിതം നയിച്ചിരുന്ന നന്തന്‍കോട് സുകുമാരനും കഥാവിശേ ഷനായി ചരിത്രത്തോടൊപ്പം ചേര്‍ന്നിരിക്കുന്നു. ഹരിജന്‍ സമാജത്തിലൂടെ സാമൂഹിക പ്രവര്‍ത്തന രംഗത്തെത്തി ഡോ.അംബേദ്ക്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ ആദ്യമായി സ്ഥാപിച്ചു കൊണ്ട് പട്ടികജാതിക്കാര്‍ക്ക് ഒരു ദിശാബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യക്തിത്വത്തിന്റെ നല്ല ഓര്‍മ്മകളാണ് സുകുമാരന്റെ നിരോധാനത്തിലൂടെ നഷ്ടമായിരി ക്കുന്നത്. ആദ്യ ഭാര്യ തുളസി മൂന്നു മക്കളെ പ്രസവിച്ച ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നും സുകുമാരന്‍ ലീലയെന്നൊരു സ്ത്രീയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ആദ്യഭാര്യയിലെ മക്കളാണ് അജിത് നന്തന്‍കോട് (എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്.) രണ്ടാമത്തെ മകന്‍ തത്തുവാണ് (DHMR എന്ന സംഘടനയുടെ സ്ഥാപകന്‍). പക്ഷേ തത്തുവും അകാലത്തില്‍ പൊലിയുകയായിരുന്നു. മകള്‍ അനീഷാദേവി ഇപ്പോള്‍ കുടുംബിനിയായി കഴിയുന്നു. നന്ദന്‍കോട് സുകുമാരന്‍ സാങ്കേതിക സ്ഥാപനവത്കരണത്തിനായുള്ള ദലിത് അഭിവാഞ്ഛയുടെ ഉജ്വലമായ പ്രതീകമായിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.