"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ടിന്‍ ഡ്രം: കാഴ്ചയുടെ രാഷ്ട്രീയമൂല്യം പുതുക്കി നിശ്ചയിക്കുമ്പോള്‍


ഗുന്തര്‍ ഗ്രാസിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നോബല്‍ സമ്മാനം നേടുകയും ചെയ്ത 'ടിന്‍ ഡ്രം' എന്ന നോവലാണ് 1979 ല്‍ വോള്‍ക്കര്‍ സ്‌ക്ലോണ്ടോര്‍ഫ് സാക്ഷാത്മരിച്ച ഇതേ പേരിലുള്ള ജര്‍മന്‍ സിനിമക്ക് ആധാരം. കാനില്‍ അതേവര്‍ഷം ഈ സിനിമ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ 'അപ്പോക്കാലിപ്‌സ് നൗ' വുമായി ഗോള്‍ഡന്‍ പാം പങ്കുവെക്കുകയും 1980 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്തു. 1959 ല്‍ എഴുതിത്തുടങ്ങി 67 ല്‍ പൂര്‍ത്തിയാക്കിയ ടിന്‍ ഡ്രം നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നത് 1999 ലാണ്. ബഹുമതികളോടൊപ്പം ഏല്‌ക്കേണ്ടി വന്നിട്ടുള്ള അവമതികള്‍ കൊണ്ടും ഈസിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

മത്സെരാഥ് കുടുംബത്തിലെ ആള്‍ഫ്രഡ് - ആഗ്നസ് ദമ്പതികളുടെ മകനായ ഓസ്‌കാര്‍, വലിയവരുടെ ലോകത്തിലെ കാപട്യങ്ങളും നാഗരികരുടെ ലോകത്തിലെ നാട്യങ്ങളും കണ്ടുമടുത്ത് തന്റെ മൂന്നാമത്തെ വയസുമുതല്‍ ഇനിയങ്ങോട്ട് വളരേണ്ടതില്ലാ എന്ന് തീരുമാനിക്കുന്നു. പിറന്നാളാഘോഷം നടക്കുന്ന വേളയില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓസ്‌കാര്‍ സ്വയം ഒരു കോണിപ്പടി യുടെ മുകളില്‍ നിന്ന് താഴേക്കുരുണ്ടുവീണ് എന്നെന്നേക്കുമായി തന്റെ വളര്‍ച്ചയെ തടഞ്ഞു. ഓസ്‌കാറിന്റെ ജീവിതത്തെ സംബന്ധിച്ച്, ശേഷമുള്ള കാഴ്ചകളുടെ സഞ്ചാരം അദ്ദേഹത്തി ന്റെ മരണത്തിലവസാനിക്കുന്നതിനു മുമ്പ് സാമ്പ്രദായിക ദൃശ്യഭാഷക്ക് അപരവും അതിയഥാര്‍ത്ഥ കല്പനകള്‍ക്ക് അപരിചിതവുമായ ഒരുപാട് മേഖലകളെ പിന്നിടുന്നുണ്ട്.

1920 മുതല്‍ക്ക് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലംവരെ പോളണ്ടിലെ ഡാന്‍സിംഗ് എന്ന ചെറുപട്ടണത്തില്‍ - പഴയ പ്രഷ്യയുടെ കിഴക്കന്‍ പ്രദേശത്ത് - നാസികളുടെ ചുമലിലേറി പ്രൊട്ടസ്റ്റന്റുകാര്‍ ജൂതന്മാര്‍ക്കുമേല്‍ അഴിഞ്ഞാടിയ ക്രൂര വിളയാട്ടങ്ങള്‍ക്കും സാമ്രാജ്യത്വ മോഹികളുടെ ഹിംസാ ത്മകമായ എല്ലാത്തരം നിഷ്ഠുര തന്ത്രങ്ങള്‍ക്കുമെതിരേ രൂപപ്പെടുത്തിയതാണ് ഈ സിനിമയുടെ ദൃശ്യകല്പനകള്‍. കര്‍തൃത്വപരമായ നീക്കങ്ങളൊക്കെയും അധികാരം ഉരുക്കുമറ കൊണ്ട് തടയിട്ടപ്പോള്‍ അതിനെ പിളര്‍ക്കാന്‍ അന്യാപദേശ രൂപമാതൃകയിലുള്ള ആയുധം തീര്‍ക്കുകയായിരുന്നു ഗുന്തര്‍ ഗ്രാസ് എന്ന് പരക്കെ പഠിക്കപ്പെട്ട വസ്തുതയാണ്.

കറുത്ത നര്‍മത്തില്‍ കുറുക്കിയെഴുതിയ അതിയഥാര്‍ത്ഥ ഭാഷയുടെ പദാനുവര്‍ത്തനവും അതിനിശിത ദൃശ്യതയുടെ സാകല്യവുമായ ഈ സിനിമയെ സ്വീകരിച്ചവരോടൊപ്പം വെറുത്തവരുമുണ്ടായി. ഈ അടുത്തകാലത്ത്, 1998 ല്‍ അമേരിക്കയിലെ ഓക്ലഹോമ സംസ്ഥാനത്ത് ബാല - അശ്ലീല ലൈംഗികതയുടെ അതിപ്രസര മുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഈ ചിത്രത്തിന്റെ ഏതുവിധേന യുമുള്ള പ്രദര്‍ശനം നിരോധിക്കുകയുണ്ടായി. നായകനായ ഓസ്‌കാര്‍ മത്സെരാഥിനെ അവതരിപ്പിച്ചത് ഡേവിഡ് ബെന്നറ്റ് എന്ന ബാല നടനായിരുന്നു. ഓസ്‌കാറിനാകട്ടെ ശരീരത്തിന്റെ വളര്‍ച്ചയേ നിരോധിക്കാന്‍ കഴിഞ്ഞുള്ളൂ താനും. തന്റെ അമ്മയുടെ മരണശേഷം ആയയായി വന്നെത്തുന്ന അന്നത്തെ ഇരുപതുകാരിയുമായി യുവാവിന്റെ മാനസികവളര്‍ച്ചയെത്തിയ ഓസ്‌കാര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യശകലിത ങ്ങളുണ്ട് സിനിമയില്‍. ഇതര സാക്ഷാത്കാര സങ്കേതങ്ങളെ യൊന്നും ആശ്രയിക്കാതെയുള്ള, ബാലകനും യുവതിയും തമ്മിലുള്ള ലൈംഗിക കേളിയുടെ നേര്‍ചിത്ര സങ്കലനം കാഴ്ചയുടെ ശീലങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലപ്പു റമായിരുന്നു. ഇഗോര്‍ ലുഥറാണ് പടം പകര്‍ത്തിയത്. എന്നാല്‍ ബാലനടനു പകരം ഉയരക്കുറവുള്ള ഒരു നടനെ ഉള്‍പ്പെടുത്തിയി രുന്നുവെങ്കില്‍ സ്ലോണ്ടോര്‍ഫിന് ആരോപണത്തെ മറികടക്കാന്‍ കഴിയുമയിരുന്നു.

കേരളത്തിലെ ഫിലിം സൊസൈറ്റികളിലൂടെ ഈ സിനിമ ഇവിടെ പ്രദര്‍ശനത്തിന് വീണ്ടുമെത്തുമ്പോള്‍ ആധാനമായ നോവലിനേയും സാക്ഷാത്കാരത്തേയും അനിവാര്യമാക്കിത്തീര്‍ത്ത അരാജക രാഷ്ട്രീയ സാഹചര്യം ഇന്നു നിലനില്ക്കുന്നുണ്ടോ എന്നും ദേശികമായ ഏതെങ്കിലും പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള സമരസംരംഭത്തിന് സിനിമയുള്‍ക്കൊള്ളുന്ന ദൃശ്യതയുടെ രാഷ്ട്രീയം പുതിയതായി എന്തെങ്കിലും സംഭാവന നല്കുന്നുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്. ലോകമെമ്പാടുമുല്‌ള പുറത്താക്കപ്പെട്ട ജനതകളായ റെഡ് ഇന്ത്യര്‍, കറുത്തവര്‍, ജൂതര്‍, ദലിതര്‍, ആദിവാസികള്‍, ലൈംഗികത്തൊഴിലാളികള്‍, സമലൈംഗി കര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കുമേല്‍ നാസികളും അവരുടെ ആഗോളവ്യാപകമായ വാര്‍പ്പുമാതൃകാ പരിപാടികള്‍ പഴയ രൂപത്തിലല്ല നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രചനാസങ്കേതങ്ങളുടെ നിലവിലുള്ള പ്രതിരോധശേഷി ചോദ്യം ചെയ്യപ്പെട്ടിരുന്ന അക്കാലത്ത് നാസി ഭീകരതക്കെതിരേ ഗുന്തര്‍ ഗ്രാസ് രൂപപ്പെടു ത്തിയ അന്യാപദേശ കല്പനകള്‍ക്ക് ഏതായാലും പരിധികള്‍ ലംഘിച്ച് മുന്നേറുവാന്‍ സാധിച്ചിരുന്നു. ഇന്ന് പുറത്താക്കപ്പെട്ട വര്‍ക്ക് മേലുള്ള പീഢനവ്യവസ്ഥകള്‍ നാസിസം പോലെയുള്ള അതിന്റെ പിതൃശാസന അടിത്തറയില്‍ വെച്ച് പുതുക്കിയ പാഠ്യപദ്ധതികള്‍ക്കനു സൃതമായാണ് പുരോഗമിക്കുന്നത്. അധികാരത്തിലേക്ക് പുറത്താക്കപ്പെട്ടവരുടെ ആഗമനം തടയാന്‍ ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും വിഭവങ്ങളിന്മേല്‍ അവര്‍ക്കുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴും നാസികളുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വികസനമാതൃകകള്‍ വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പ്രഹരശേഷി യുള്ള ദൃശ്യതയുടെ / വചനങ്ങളുടെ ആധാര കേന്ദ്രമായ നോവല്‍ / സിനിമ ആ കാലഘട്ടത്തില്‍മാത്രം ഒതുക്കി നിര്‍ത്തി വായിച്ച് / കണ്ട് ഒഴിവാക്കുന്നതിന് പഴയ രാഷ്ട്രീയ കാലാവസ്ഥയുടെ ക്രൂരമാതൃകയുടെ പുന്‍വിന്യാസം അഥവാ വികസിത രൂപത്തിലുള്ള അതിന്റെ പരിണിത അവസ്ഥ തടസമാകുന്നുണ്ട്. അന്യാപദേശ ദൃശ്യതക്കുള്ള രൂപമാതൃകകളുടെ പൂര്‍വപീഠിക എന്ന നിലക്കു മാത്രമല്ല പുറത്താക്കപ്പെടുന്നവര്‍ക്കെതിരായ എല്ലാത്തരം ഉന്മൂലന പദ്ധതികള്‍ക്കുമുള്ള പ്രതിരോധ തന്ത്രങ്ങള്‍ മികച്ച സൂചകമായി നിലനില്ക്കുന്ന 'ടിന്‍ ഡ്രം' കാഴ്ചയുടെ ഭൂമികയില്‍ വെച്ച് പുതുക്കി നിശ്ചയിക്കപ്പെട്ട ജ്ഞാനവ്യവസ്ഥ കള്‍ക്ക് അനുസൃതമായാണ് സ്വീകരിക്കപ്പെടുന്നത്.

കേരളത്തിലെ പ്രേക്ഷകര്‍ക്ക് അപരിചിതനല്ലാത്ത വോള്‍ക്കര്‍ സ്‌ക്ലോണ്ടോര്‍ഫിന്റെ 'സ്വാന്‍ ഇന്‍ ലൗ (1984)' ദൂരദര്‍ശന്‍ പാതിരാപ്പടമെന്ന പ്രത്യേക കാഴ്ചക്കൂടിലിട്ട് സംപ്രേക്ഷണം ചെയ്തതും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് വന്നതും ലൈംഗിക ദൃശ്യതക്ക് ഇവിടെയുള്ള കമ്പോളയുക്തിയുടെ അടിസ്ഥാനത്തി ലായിരുന്നു. മലീമസമായ അത്തരം പ്രവണതകളെ ഉച്ചാടനം ചെയ്യുന്നതിന് തൊട്ടുമുമ്പിറങ്ങിയ, അതിനേക്കാള്‍ പരുക്കനായ പ്രതലത്തില്‍ ലൈംഗികതയെ എഴുതിയ ടിന്‍ ഡ്രം ന് കഴിയുന്നതും സ്വീകാര്യതയില്‍ വന്ന കാല വിപര്യയമായി അടയാളപ്പെടുത്താവുന്നതാണ്. ബെര്‍ത്തോള്‍ഡ് ബ്രഹ്റ്റിന്റെ ബാല്‍ - നെ ആധാരമാക്കുന്ന 1969 ലെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മറ്റൊരു ജര്‍മന്‍ ചലച്ചിത്രേതി ഹാസമായ റെയ്‌നര്‍ വെര്‍ണര്‍ ഫാസ്ബിന്ദറാണ്. ക്ലൂഗ് വെന്‍ഡേഴ്‌സ്, ഹെര്‍സോഗ് വെര്‍ണര്‍ എന്നിവരുടെ സമശീര്‍ഷക ത്വമുള്ള സ്‌ക്ലോണ്ടോര്‍ഫിന് ശേഷം ജര്‍മനിയിലേക്ക് വീണ്ടും ഓസ്‌കാര്‍ അവാര്‍ഡ് വരുന്നത് ഈ വര്‍ഷം (2003) കരോലിന്‍ ലിങ്ക് രചിച്ച 'നോവേര്‍ ഇന്‍ ആഫ്രിക്ക'യിലൂടെയാണ്. എല്ലാ മികച്ച സംവിധായകരേയും പോലെ അമേരിക്കന്‍ പ്രവാസവും പ്രതിവാസവും സ്‌ക്ലോണ്ടോര്‍ഫിന്റെ കരിയറിലുമുണ്ട്.

* പടവുകള്‍. 2003 സെപ്തംബര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ