"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭൂരഹിതര്‍ക്ക് പുതുവല്‍ ഭൂമി പതിച്ചുകിട്ടാന്‍ പ്രജാസഭയില്‍ നടത്തിയ പോരാട്ടങ്ങള്‍ - കുന്നുകുഴി എസ് മണികേരളത്തിലെ അടിസ്ഥാന വിഭാഗമായ പുലയര്‍ തുടങ്ങിയ സാധുജനങ്ങള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി പുതുവല്‍ഭൂമികള്‍ പതിച്ചുകിട്ടാന്‍ ശ്രമം തുടങ്ങിയതും ലഭ്യമാക്കിയതും അയ്യന്‍കാളിയാണ്. സാധുജനപരിപാലനസംഘം വഴിയും, പ്രജാസഭ മെമ്പറായ ശേഷം പ്രജാസഭ വഴിയായും നിരവധി അപേക്ഷകള്‍ ദിവാനും ഗവണ്‍മെന്റിനും സമര്‍പ്പിച്ചതിന്റെ ഫലമായിട്ടാണ് പുതുവല്‍ ഭൂമികള്‍ ഭൂരഹിതരായ സാധുജനങ്ങള്‍ക്കായി പതിച്ചു നല്‍കാന്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സര്‍ക്കാര്‍ തയ്യാറായത്. അത്തരത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് അയ്യന്‍കാളിയുടെ പേരില്‍ സാധുജനങ്ങള്‍ക്കായി പതിച്ചുകൊടുത്തത്. പക്ഷെ ഇന്നവയില്‍ ഒട്ടുമുക്കാലും കൈവശാവകാശങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും വിധേയമായിരിക്കുന്നു. അത്തരം പുതുവല്‍ഭൂമികളെ സംബന്ധിച്ച രേഖകളും അവയുടെ പട്ടയങ്ങളും വരെ അധികൃതസ്ഥാനങ്ങളില്‍ നിന്നും അന്തര്‍ദ്ദാനം ചെയ്തിരിക്കുന്നു.

ബ്രാഹ്മണകുടിയേറ്റവും കൂടി ഉറപ്പിക്കലും സംഭവിച്ചതോടെ മണ്ണില്‍ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിതമാകെ ചൂഷണവിധേയമായി മാറി. ബ്രാഹ്മണര്‍ക്ക് മണ്ണില്‍ അധ്വാനിക്കാതെ സുഖഭോഗം അനുഭവിച്ച് ഉണ്ട് ഉറങ്ങുവാന്‍ അടിസ്ഥാനവിഭാഗങ്ങളുടെ അധ്വാനത്തേയും മണ്ണിലെ പ്രവര്‍ത്തനത്തേയും നിയന്ത്രിച്ച് സ്വന്തമാക്കുവാന്‍ സാധിച്ചിരുന്നു. കാലാന്തരത്തില്‍ അടിസ്ഥാനവിഭാഗം ചൂഷണവിഭാഗമായി അധ:പതിച്ചു. 'ചതുര്‍വര്‍ണ്യം ശക്തിപ്പെട്ടുവരുന്ന കാലത്ത് ചേറിലും ചെളിയിലുമെല്ലാം പണിയെടുക്കുന്നത് മാന്യമല്ലാത്ത തൊഴിലായിതീര്‍ന്നു. അങ്ങനെ വയല്‍കൃഷിക്കാര്‍ പഞ്ചമരായി താഴ്ത്തപ്പെട്ടു. തൊഴിലാളികള്‍ കൃഷിക്കാര്‍ എന്നൊക്കെയുള്ള തൊഴിലിന്‍ പേരില്‍അറിയപ്പെട്ടിരുന്ന ജനവിഭാഗത്തിന് പുലയന്‍ എന്ന ജാതിപേരു നല്‍കപ്പെട്ടു. എന്നാല്‍ അയിത്തമുള്ളവരായി വ്യവഹരിക്കപ്പെട്ടുവന്നതും അവരുടെ സാമൂഹ്യനില ശോചനീയമാവുകയും അവര്‍ അടിമകളാക്കുകയും ചെയ്തത് എ.ഡി.14-ാം ശതകത്തിനുമേലായിരുന്നു. ആ നിലയില്‍ പുലയന്‍ എന്ന പദം എ.ഡി. 955-ല്‍ ഉപയോഗിച്ചിരുന്നത് ഒരു ജാതിപേരിലോ അയിത്തമുള്ളവന്‍ എന്ന അര്‍ത്ഥത്തിലോ ആയിരുന്നില്ല. മറിച്ച് പുലത്തിന്റെ ഉടമസ്ഥന്‍ നിലം സൂക്ഷിപ്പുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ബ്രാഹ്മണര്‍ ജന്മിയാകുന്നതിനു മുന്‍പ് ഭൂസ്വത്തില്‍ വലിയൊരു ഭാഗം പുലയന്മാരുടേയും മറ്റും കൈവശമായിരുന്നു എന്ന വസ്തുത പ്രാചീന കര്‍ണാടക ചരിത്രത്തില്‍ നിന്നുഗ്രഹിക്കാം.'

ബ്രാഹ്മണപ്രഭാവത്തോടൊപ്പമാണ് ഭൂമിയില്‍ മേലുള്ള പുലയരുടെ അധീശത്വം എന്നത്തേയ്ക്കുമായി നഷ്ടപ്പെടുന്നത് പിന്നീടവര്‍ ജന്മി- കുടിയാന്‍ വ്യവസ്ഥയ്ക്ക് അടിപ്പെടുകയും ജീവിതത്തില്‍ ഭൂമിയില്ലാത്തവരായി മാറുകയും ചെയ്യുന്നു. ഈ സ്ഥിതി നൂറ്റാണ്ടുകളായി തന്നെ തുടര്‍ന്നിരുന്നു, ഈയൊരു അവസ്ഥയ്ക്ക് സമൂലമായ മാറ്റം സംഭവിച്ചത് 1912-ല്‍ അയ്യന്‍കാളി അവരുടെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയില്‍ പ്രവേശിച്ചതോടെയാണ്. അയ്യന്‍കാളിയുടെ പ്രജാസഭയിലെ ആദ്യപ്രസംഗം തന്നെ പുതുവല്‍ഭൂമികള്‍ പുലയന്മാരുടെ പേരില്‍ പതിച്ചുകൊടുക്കു ന്നതിനെ സംബന്ധിച്ചായിരുന്നു. അയ്യന്‍കാളി പ്രജാസഭ മെമ്പറാകും മുന്‍പേ തന്നെ ഭൂമിയില്ലാത്ത അശരണരായ പുലയര്‍ തുടങ്ങിയവര്‍ക്ക് പുതുവല്‍ഭൂമികള്‍ പതിച്ചുകൊടുക്കുന്നതിന് സാധുജനപരിപാലനസംഘം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അയ്യന്‍കാളി പല നിവേദനങ്ങളും തിരുവിതാംകൂര്‍ ദിവാന് നല്‍കിപോന്നിരുന്നു. അത്തരം നിവേദനങ്ങളെത്തുടര്‍ന്ന് 1911-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ എരുമേലി ക്കടുത്ത് 'മുന്നൂറാംവയല്‍' എന്ന സ്ഥലത്ത് മുന്നൂറേക്കര്‍ സ്ഥലം പുലയര്‍ക്ക് പതിച്ചു നല്‍കാന്‍ കല്പനയായി. അത്തരത്തില്‍ എഴുപതോളം പേര്‍ക്കായി 200 ഏക്കര്‍ പുതുവല്‍ഭൂമി പതിച്ചുകൊടുത്തിരുന്നു.

എന്നാല്‍ കാലാന്തരത്തില്‍ കുടിയേറ്റം നടത്തിയ ആ പ്രദേശത്തെ ക്രൈസ്തവ പ്രമാണിമാര്‍ ബലംപ്രയോഗിച്ച് പുലയര്‍ക്ക് സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഏക്കര്‍ കണക്കിന് ഭൂമി കയ്യേറ്റം നടത്തി തട്ടിയെടുത്തു. കേരളത്തിലെ ഭൂമി കൈയ്യേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കൈയ്യേറ്റത്തിന്റെ കുത്തകചരിത്രം പേറുന്ന ഒരുവിഭാഗമാണ്‌സവര്‍ണക്രിസ്താനികള്‍. അവര്‍ക്ക് ഒത്താശ നല്‍കാന്‍ മലയോരത്ത് നിന്നും ഉയിര്‍കൊണ്ട അവരുടേതായ രാഷ്ട്രീയപാര്‍ട്ടിയുമുണ്ട്. ഇന്നും കേരളത്തിന്റെ മലയോര മേഖലകള്‍ ലക്കും ലഗാനുമില്ലാതെ കൈയ്യേറ്റം നടത്തി സ്വന്തം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ ക്രൈസ്തവ ജന്മിമാര്‍ ആര്യബ്രാഹ്മണന്റെ മറ്റൊരു പതിപ്പായിട്ടാണ് ഭൂമിയില്‍മേല്‍ വാണരുളുന്നത്. ടിപ്പു സുല്‍ത്താനും, ബ്രിട്ടീഷ് ഭരണാധികാരികളും നടപ്പിലാക്കിയ ഭൂനിയമങ്ങള്‍ ഇവര്‍ക്ക് അനുകൂലമായി ഭവിച്ചു. ഇക്കൂട്ടരാണ് മദ്ധ്യകേരളത്തില്‍ പുലയര്‍, പറയര്‍ തുടങ്ങിയ വര്‍ക്ക് പള്ളികളില്‍ സവര്‍ണ ബ്രാഹ്മണരെപ്പോലെ അയിത്തം തുടങ്ങിയ സാമൂഹ്യ അനാചാരങ്ങള്‍ കല്പിച്ചുകൂട്ടിയത്. ഒരു കാലത്ത് മദ്ധ്യകേരളത്തിലെ സവര്‍ണപള്ളികളില്‍ പുലയര്‍ തുടങ്ങിയ അടിമകളെ പാര്‍പ്പിച്ചിരുന്നതായും ചിലപഴമക്കാര്‍ പറഞ്ഞു കേട്ടിരുന്നു. ഈ സവര്‍ണ-സമ്പന്ന-കൈയ്യേറ്റ-കുടിയേറ്റ ക്രിസ്താനികൂട്ടങ്ങള്‍ക്കെതിരെയാണ് പ്രജാസഭ മെമ്പറും, പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ജനയിതാവുമായ പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരു - അപ്പച്ചന്‍) ഗതിമുട്ടിയപ്പോള്‍ ആഞ്ഞടിക്കാന്‍ തയ്യാറായത്. സവര്‍ണ ക്രിസ്താനികളുടെ ജാതിവേര്‍തിരിവിനെത്തുടര്‍ന്നാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലൂടെ നീളം പുലപള്ളികളും, പറപ്പള്ളികളും വ്യാപകമായി ഉയര്‍ന്നു പൊങ്ങിയത്. ഒടുവില്‍ നിവര്‍ത്തി മാര്‍ഗ്ഗമില്ലാതായ സന്ദര്‍ഭത്തില്‍ പ്രസിദ്ധമായ തിരുവല്ലയിലെ മരാമണ്‍ മണല്‍പുറത്തുവെച്ച് യോഹന്നാന്‍ ഉപദേശിക്ക് ഇസ്രയേല്‍ ജനത്തിന്റെതായ കേരളത്തിലെ കറുത്തവരെക്കുറിച്ച് ഒന്നും പറയാത്ത പൗലൂസിന്റെ പതിന്നാല് ലേഖനങ്ങളുടെ സമാഹാരമായ ബൈബിള്‍ കത്തിച്ചെറിയേണ്ടി വന്നത്. ലോകചരിത്രത്തിലെ തന്നെ മഹത്തായ ഒരു സംഭവമാണ് ക്രിസ്താനികളുടെ വേദഗ്രന്ഥമായ 'ബൈബില്‍' കത്തിച്ചെറിഞ്ഞത്. മനുഷ്യനെ ഒന്നായി കാണുകയും പരസ്പരം സ്‌നേഹിക്കുകയും ചെയ്യണമെന്ന് ഉപദേശിച്ച ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ ജാതിവിവേചനം കാട്ടിയത് പൊറുക്കാന്‍ കഴിയാതെയാണ് പൊയ്കയില്‍ യോഹന്നാന്‍ ആ കൃത്യത്തിന് മുതിര്‍ന്നത്. അതുമാത്രമല്ല നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് യോര്‍ദ്ദാന്‍ നദിയില്‍ വെച്ച് സ്താപക യോഹന്നാന്‍ നടത്തിയ ജ്ഞാനസ്‌നാനത്തെ അന്നാദ്യമായി മരാമണ്‍നദിയിലിറങ്ങി മുങ്ങിക്കുളിച്ച് ജ്ഞാനസ്‌നാനം കഴുകിയിറക്കുകയും പൊയ്കയില്‍ യോഹന്നാന്‍ ചെയ്തുവെന്ന് കേള്‍ക്കുമ്പോള്‍ അത്രഭീകരമായിരുന്നു മുന്തിയ ക്രൈസ്തവര്‍ പുലയനോടും പറയനോടും ചെയ്ത ക്രൂരത. അങ്ങിനെ ക്രൈസ്തവ മതത്തില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ടാണ് 'പ്രത്യക്ഷരക്ഷാ ദൈവസഭ' യെന്ന പുത്തന്‍ മതത്തിന് പൊയ്കയില്‍ യോഹന്നാന്‍ രൂപം നല്‍കിയത്. ഇതൊന്നും അറിയാതെയാണ് കീഴാളകൂട്ടങ്ങള്‍ ഇന്നും വന്‍തോതില്‍ സ്വര്‍ഗ്ഗരാജ്യം തേടി ക്രൈസ്തവ മതത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ മക്കളെ രക്ഷിക്കാന്‍ കഴിയാത്ത ക്രിസ്തുവിന് എങ്ങിനെയാണ് കേരളത്തിലെ കറുത്തവരായ കീഴാളരെ രക്ഷിക്കാന്‍ കഴിയുന്നത്. 

കോട്ടയം കുറുവിലങ്ങോട്ട് പള്ളിയിലെ സെമിത്തേരിയില്‍ സവര്‍ണക്രിസ്താനിയുടെ ശവകല്ലറയ്ക്കു സമീപം ഒരു പുലയക്രിസ്താനിയുടെ പ്രേതം സംസ്‌കരിച്ചു. മനുഷ്യരെല്ലാം ഒന്നാണെന്ന് ഉത്‌ഘോഷിക്കുന്ന സവര്‍ണ ക്രിസ്താനികള്‍ രാവേറെ കടക്കുന്നതുവരെ കാത്തിരുന്നു. ഒടുവില്‍ അര്‍ദ്ധരാത്രിയില്‍ അവിടത്തെ മതമേലദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ പുലയ ക്രിസ്താനിയുടെ പ്രേതം തൊണ്ടിയെടുത്ത് ശവപറമ്പിന്റെ മറ്റൊരു മൂലയ്ക്കായി കുഴിച്ചിട്ടു. മരിച്ചുകഴിഞ്ഞിട്ടും ജാതീയ ഉച്ഛനീചത്വം കല്പിച്ച ഈ ക്രിസ്താനി കൂട്ടങ്ങള്‍ ഹൈന്ദവ നീതിശാസ്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്കും മേലെയാണ് പ്രവര്‍ത്തി ച്ചത്. ഇനിയും മറ്റൊരു സംഭവം കൂടി പറയാം. മുണ്ടക്കയം പൈങ്ങനയില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ പുലയ സമുദായക്കാരിയാണെന്ന് ബോധ്യമായ സഭാനേതൃത്വം അവരെ ക്രിസ്തീയ സഭയില്‍ നിന്നും പുറത്താക്കുകയും ഭ്രാന്തിയെന്ന് മുദ്രകുത്തി തറവാടിന്റെ അകത്തളത്തില്‍ ചങ്ങലയ്ക്കിടകുകയും ചെയ്ത പരമദ്രോഹികളാണ് കേരളത്തിലെ സവര്‍ണ ക്രിസ്താ നികള്‍. ഇവറ്റകള്‍ പുലയര്‍ക്ക് സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഏക്കര്‍കണക്കിന് ഭൂമി തട്ടിപ്പറിച്ചെടുക്കാന്‍ ഒരു ഉളുപ്പുമില്ലാ യിരുന്നു.

തങ്ങള്‍ക്ക് സര്‍ക്കാര്‍ ദാനമായി നല്‍കിയ ഭൂമി മുഴുവന്‍ മുന്തിയ സുറിയാനി ക്രിസ്താനികള്‍ കൈയ്യേറ്റം നടത്തി പിടിച്ചെടുക്കുന്നത് പുലയര്‍ക്ക് നിസഹായരായി നോക്കി നില്ക്കാനെ അക്കാലത്ത് കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ കൈയ്യേറ്റം നോക്കി നില്‍ക്കാന്‍ കഴിയാത്തവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ സംഘടിച്ച് പ്രതിഷേധിച്ചപ്പോള്‍ ക്രൈസ്തവ ലോബികള്‍ മതമേലാധികാരികളുടെ ഒത്താശയോടെ മുന്നൂറാം വയലിലെ പുലയര്‍ക്കെതിരെ കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടു. ഒടുവില്‍ പുലയരും സുറിയാനിക്രിസ്താനികളും തമ്മില്‍പൊരിഞ്ഞ സംഘട്ടനമുണ്ടായി. ആള്‍ബലത്തിലും ഭരണസ്വാധീനത്തിലും മുന്നണിയിലായിരുന്ന ക്രിസ്താനികള്‍ പാവപ്പെട്ട നിത്യപട്ടിണി ക്കാരായ പുലയരെ മുച്ചൂടും മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമം തുടര്‍ന്നു. അത് മുന്നൂറാം വയല്‍മേഖലയില്‍ വന്‍പിച്ച സംഘര്‍ഷത്തിനു കാരണമായി. 1920-21 കാലത്ത് നടന്ന ഈ ലഹളയില്‍ പുലയരെ സുറിയന്‍ ക്രിസ്ത്യന്‍ മാടമ്പിപ്പട മര്‍ദ്ദനം കൊണ്ട് തളര്‍ത്തി. മുന്നൂറാം വലയില്‍ സംഭവിച്ച ലഹളയുടെ വിവരം അറിഞ്ഞ അയ്യന്‍കാളി ശക്തമായി ചെറുത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും പ്രജാസഭ മെമ്പറന്മാരായ പൊയ്കയില്‍ യോഹന്നാന്‍, വെള്ളിക്കര ചോതി എന്നിവരോടൊപ്പം പീരിമേട്ടിലെ മുന്നൂറാംവയലിലെത്തി സുറിയാനി ക്രിസ്താനികളുമായി അനുരഞ്ജനചര്‍ച്ചകള്‍ നടത്തുകയും പുലയരില്‍ നിന്നും അപഹരിച്ചെടുത്ത ഭൂമികള്‍ വിട്ടുകൊടുക്കാമെന്ന തീരുമാനത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്തു. അവിടെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗോപാലസ്വാമിപ്പിള്ളയുടെ ഇടപെടലും കൂടുതല്‍ അനിഷ്ടങ്ങള്‍ക്ക് കാരണമാകാതെ സഹായിച്ചു. അങ്ങിനെ മുന്നൂറാം വയല്‍ സമരം ഒതുക്കിത്തീര്‍ത്തു.

പുതുവല്‍ ഭൂമി പതിച്ചു നല്‍കാന്‍ 1912 മുതല്‍ പ്രജാസഭയിലും അതിനുമുന്‍പ് സാധുജനപരിപാലന സംഘത്തിന്റെ പേരിലും നിവേദനങ്ങളിലൂടെയും അയ്യന്‍കാളി ഭൂമിയില്ലാത്ത സാധുജന ങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുവാന്‍ യത്‌നിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു വിഭാഗം സവര്‍ണ ഉദ്യോഗസ്ഥന്മാര്‍ വിദ്യാലയപ്രവേശന ത്തിലെന്ന പോലെ ആദ്യം മുതല്‍ക്കേ ഇടങ്കോലിട്ടുകൊണ്ടിരുന്നു. ഈ വസ്തുത മനസ്സിലാക്കിയ അയ്യന്‍കാളി പ്രജാസഭാതലത്തില്‍ പരസ്യമായിത്തന്നെ പരാതിപ്പെടുവാനും മറന്നില്ല. ഇതിന് ഉദാഹരണമാണ് നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ പുതുവല്‍ ഭൂമി പതിച്ചുകൊടുക്കു ന്നതിന് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ സമ്മതത്തോടെ ദിവാന്‍.പി.രാജഗോപാലാചാരി ഉത്തരവ് ഇട്ടിട്ട് വര്‍ഷങ്ങള്‍ പലതായിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി പതിച്ചുകൊടുക്കാന്‍ മിനക്കെട്ടില്ല. അയ്യന്‍കാളി പ്രജാസഭയിലെത്തിയ 1912-ല്‍ തന്നെ ഭൂമിയ്ക്കുവേണ്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. ഇതെക്കുറിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1916 ഫെബ്രുവരി 29-ന് ചേര്‍ന്ന പ്രജാസഭ സമ്മേളനത്തില്‍ അയ്യന്‍കാളി ഇങ്ങനെ ആവശ്യപ്പെട്ടു.

'വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ പതിച്ചു കൊടുക്കാന്‍
ഉത്തരവായിട്ട് വര്‍ഷം പലതു കഴിഞ്ഞുവെങ്കിലും അവര്‍-
ക്ക് ഇതുവരെ അത് നല്‍കിയില്ല. ആ കാരണത്താല്‍ ഭൂമി
ഇപ്പോള്‍ മറ്റു ജാതിക്കാര്‍ കൈയ്യേറിയിരിക്കുകയാണ്.തറവില
കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ അവര്‍ക്ക് അത് ഒഴി-
വാക്കികൊടുക്കണമെന്നും, ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി
ഒരു സ്‌പെഷ്യല്‍ ആഫീസറെ നിയമിക്കണമെന്നും അപേക്ഷിക്കുന്നു.' 2

പുതുവല്‍ ഭൂമികള്‍ പതിച്ചു നല്‍കണമെന്ന അയ്യന്‍കാളിയുടെ നിരന്തരമായുള്ള നിവേദനവും പ്രജാസഭ വഴി ഉന്നയിച്ച ആവശ്യവും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയും 1919 മുതല്‍ പുലയര്‍ക്ക് പുതുവല്‍ ഭൂമികള്‍ പതിച്ചുനല്‍കിത്തുടങ്ങി. അപ്രകാരം നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ 300 ഏക്കര്‍ ഭൂമിയും, നെടുമങ്ങാട് താലൂക്കില്‍ ഉഴമലയ്ക്കല്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലവും തടിവില, തറവില എന്നിവ കൂടാതെ സര്‍ക്കാരില്‍ നിന്നും പതിച്ചുകൊടുത്തു. ഓരോ ഏക്കര്‍ സ്ഥലം വീതമാണ് ഓരോ പുലയകുടുംബത്തിനും പതിച്ചു കൊടുക്കാന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. വിളപ്പില്‍ പകുതിയിലും 500 ഏക്കര്‍ ഭൂമിയാണ് പതിച്ചുകൊടുക്കാന്‍ 1912-ലെ അയ്യന്‍കാളിയുടെ പ്രജാസഭ പ്രസംഗം വഴി സര്‍ക്കാര്‍ ഉത്തരമായിരുന്നതെങ്കിലും 200 ഓളം ഏക്കര്‍ സ്ഥലം ഇതിനകം സവര്‍ണ ഉദ്യോഗസ്ഥരുടെ കള്ളക്കളി മൂലം സവര്‍ണര്‍ തന്നെ കൈയ്യേറ്റം നടത്തി സ്വന്തമാക്കിയിരുന്നു. ശേഷിച്ച 300 ഏക്കറാണ് പിന്നീട് വിളപ്പില്‍ ശാലയില്‍ 1919-ല്‍ പതിച്ചുകൊടുത്തത്. അതും കാലാന്തരത്തില്‍ കയ്യേറ്റം നടത്തുകയോ കള്ളക്കേസില്‍ കുടുക്കി സവര്‍ണര്‍ സ്വന്തമാക്കുകയോ ചെയ്ത നിലയിലാണിന്ന്. ഈ ഭൂമികളെല്ലാം അയ്യന്‍കാളിയുടെ പേരില്‍ ചെമ്പുപട്ടയങ്ങ ളായിട്ടാണ് സര്‍ക്കാര്‍ നല്‍കിയത്. ഇവയെ എല്‍.എ.പട്ടയം (ലാന്റ് അയ്യന്‍കാളി സൗജന്യപതിവ്) എന്നാണ് രേഖപ്പെടുത്തി യിരുന്നത്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരത് ഭൂഷന്‍ കമ്മറ്റി മതികെട്ടാന്‍ മലയില്‍ എല്‍.എ.പട്ടയം കണ്ടെത്തിയിരുന്നു. കൂടാതെ കോട്ടൂര്‍, കുറ്റിച്ചല്‍, കൊല്ലം, അഞ്ചല്‍, പാലോട്, വെങ്ങാന്നൂര്‍, വട്ടിയൂര്‍ക്കാവ്, പുളിയറ ക്കോണം എന്നിവിടങ്ങളിലെല്ലാം ചെമ്പുപട്ടയപ്രകാരം പുതുവല്‍ ഭൂമികള്‍ സര്‍ക്കാര്‍ പുലയര്‍ തുടങ്ങിയ സാധുജനങ്ങള്‍ക്കായി പതിച്ചുകൊടുത്തിരുന്നു. എല്‍.എ. പട്ടയത്തെ വെട്ടിപ്പട്ടയം എന്നും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം യാതൊരു കൈമാറ്റ വ്യവസ്ഥകളും പാടില്ലെന്നു രേഖപ്പെടുത്തിയാണ് അന്നത്തെ ദിവാന്‍ ശ്രൂമൂലം പ്രജാസഭയില്‍ നിന്നും ചെമ്പുപട്ടയം അനുവദിച്ചുകൊടുത്തിരുന്നത്. പക്ഷെ സാധുജനങ്ങള്‍ക്ക് പലര്‍ക്കും ഈ സൗജന്യഭൂമി കിട്ടിയില്ലെന്നു മാത്രമല്ല കിട്ടിയവര്‍ക്ക് ഓരോ ഏക്കര്‍ ഭൂമി തികച്ചും കൊടുത്തിരുന്നു മില്ല. പതിവില്‍ തന്നെ സവര്‍ണ ഉദ്യോഗസ്ഥര്‍ ക്രിത്രിമം കാണിച്ചിരുന്നു. അതുകൊണ്ടാണ് 1920 ഫെബ്രുവരി 24ന് അയ്യന്‍കാളി പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെക്കൂടി ആവശ്യപ്പെടാന്‍ തയ്യാറായത്. 

'തടി വിലയും തറവിലയും നല്‍കാതെ തന്നെ പുലയര്‍ക്ക്
പുതുവല്‍ ഭൂമി പതിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവു
ണ്ടായെങ്കിലും വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമേ ഇതുവരെ 
ഭൂമി കിട്ടിയിട്ടുള്ളൂ. നെയ്യാറ്റിന്‍കര താലൂക്കില്‍ ചില പുലയര്‍ക്ക്
ഒരേക്കര്‍ സ്ഥലം വീതം കിട്ടിയില്ല. താമസ സൗകര്യങ്ങള്‍ക്കായി
തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളിലും പുതുവല്‍ ഭൂമികള്‍ പതിച്ചു നല്‍കുകയാണെങ്കില്‍ വലിയ അനുഗ്രഹമായിരിക്കും.'3

തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജന്മിമാരുടെ പറമ്പുകളിലും, പാടശേഖരങ്ങളുടെ വരമ്പുകളിലും മറ്റും കുടില്‍ കെട്ടി പാര്‍ത്തിരുന്ന പുലയര്‍ തുടങ്ങിയ സാധുജനങ്ങള്‍ക്ക് സൗകര്യപ്രദമായി സ്വന്തമായി നല്ല വീടുകള്‍ വെയ്ക്കുവാന്‍ പുതുവല്‍ ഭൂമികള്‍ പതിച്ചു നല്‍കണമെന്നാണ് ഈ പ്രസംഗം വഴിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം സൗമനസ്യപൂര്‍വ്വം പരിഗണിക്കുകയും ഭൂമി പതിവിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെയാണ് തിരുവനന്തപുരം ജില്ലയില്‍പ്പെട്ട പള്ളിപ്പുറം പകുതിയില്‍ 500 ഏക്കര്‍ പുതുവല്‍ ഭൂമി തറവിലയും തടിവിലയും കൂടാതെ കൃഷിക്കും വീടു കെട്ടി താമസിക്കുന്നതിനുമായി പതിച്ചുകൊടു ക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പതിച്ചുനല്‍കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അങ്ങിനെ പല സാധുജനങ്ങള്‍ക്കും പള്ളിപ്പുറം പകുതിയില്‍ ഭൂമികള്‍ ലഭിച്ചു. എന്നാല്‍ ചില സവര്‍ണ ഉദ്യോഗസ്ഥര്‍ ആ സര്‍ക്കാര്‍ ഉത്തരവിനെ അട്ടിമറിക്കുകയും സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പള്ളിപ്പുറം പകുതിയിലെ പതിവ് പാതിവഴിക്കുവെച്ച് റദ്ദാക്കുകയും പകരം ആര്‍ക്കും വേണ്ടാത്ത നെടുമങ്ങാട് താലൂക്കില്‍പ്പെട്ട ഉഴമലയ്ക്കല്‍ പകുതിയില്‍ 500 ഏക്കര്‍ പുതുവല്‍ ഭൂമി പതിച്ചുകൊടുത്തു. കൊക്കോതമംഗലത്തെ പുലയഭരണാധികാരി കോതറാണിയുടെ കോട്ടയ്ക്കുപുറത്തുള്ള ഭാഗമാണ് ലാന്റ് അയ്യന്‍കാളി സൗജന്യപതിവില്‍പ്പെടുത്തികൊടുത്തത്. പള്ളിപ്പുറത്തെ ഭൂമിയിലാണ് ഇന്ന് സി.ആര്‍.പി.ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വീടുകെട്ടി താമസിച്ചിരുന്ന സാധുജനങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. അവരില്‍ ചിലര്‍ കേസുമായി മുന്നോട്ടു പോയെങ്കിലും വിജയിക്കാനായില്ല. കേസു വാദിക്കുന്നവരും വിധി പറയുന്നവരും സവര്‍ണന്മാരായിരു ന്നല്ലോ. കാവല്ലൂര്‍ സ്വദേശി പരേതനായ അയ്യന്‍ചടയന്‍ അങ്ങിനെ കേസു കൊടുത്തവരില്‍ ഒരാളായിരുന്നു.

ഇതു കൂടാതെ രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും സര്‍ക്കാര്‍ പുതുവല്‍ഭൂമികള്‍ പുലയര്‍ തുടങ്ങിയ സാധുജനങ്ങള്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഒട്ടേറെ അന്വേഷണങ്ങള്‍ ഇതു സംബന്ധമായി നടത്തിയെങ്കിലും സര്‍ക്കാരിന്റെ പക്കലോ റവന്യൂ ഡിപ്പാര്‍ട്ടുമെന്റിലോ, വില്ലേജ് ഓഫീസുകളിലോ, പുരാവസ്തുവകുപ്പിലോ ഇതു സംബന്ധമായ രേഖകള്‍ ഒന്നുമില്ല. അന്വേഷണത്തിനൊടുവില്‍ ആര്‍ക്കിയോളജി ഡയറക്‌ടേറ്റിലെ ഇന്‍ഡക്‌സില്‍ ബണ്ടില്‍ നമ്പര്‍ 10-ല്‍ (130)6-679/1922 റവന്യൂ -രജിസ്ട്രി ഓഫ് ലാന്റ് ഇന്‍ ദി നെയും ഓഫ് അയ്യന്‍കാളി സര്‍വ്വേനമ്പര്‍ 363/143 വിളപ്പില്‍ പകുതി നെയ്യാറ്റിന്‍കരയുടേതായ 5.24 ഏക്കര്‍ ഭൂമിയെ സംബന്ധിക്കുന്ന വിവരമാണ് ആെകകൂടി കണ്ടെത്തിയത്. 1922 മേയ് 20ന് അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.അനന്തനാരായണ അയ്യരുടെ കത്തുപ്രകാരമാണ് വിളപ്പില്‍ പകുതിയില്‍ അയ്യന്‍കാളിക്ക് 5.24 ഏക്കര്‍ സ്ഥലം അനുവദിച്ചത്. 1922-ല്‍ ദിവാന്‍ രാഘവയ്യ ജൂണ്‍ 10ന് ഇതിനായി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷെ സ്ഥലം സന്ദര്‍ശിച്ച അയ്യന്‍കാളി കണ്ടത് വെറും പാറക്കെട്ടു പ്രദേശമായിരുന്നു പതിച്ച് നല്‍കിയത്. ഒന്നിനും കൊള്ളാത്ത ഈ പാറക്കെട്ട് പ്രദേശം വേണ്ടായെന്ന് അയ്യന്‍കാളി പറഞ്ഞു. പിന്നീട് ഈ സ്ഥലത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇതിനകം അഞ്ചോളം റീസര്‍വ്വേകള്‍ വിളപ്പില്‍ പകുതിയില്‍ നടന്നു കഴിഞ്ഞു. അന്ന് അയ്യന്‍കാളിക്ക് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കൊടുത്ത 5.24 ഏക്കര്‍ സ്ഥലം എവിടെയായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാന്‍ കഴിയില്ല. നേരത്തെ പതിച്ചു നല്‍കിയ 300 ഏക്കര്‍ സ്ഥലവും ഇന്ന് പലരും കൈയ്യേറ്റം നടത്തി സ്വന്തമാക്കിയ നിലയിലാണ്. ഇതിനിടെ അയ്യന്‍കാളിയുടെ മക്കളും ബന്ധുക്കളും മറ്റും ഇവിടെ സ്ഥലം സ്വന്തമാക്കിയിരുന്നു. പാവപ്പെട്ട സാധുജനങ്ങള്‍ക്ക് പതിച്ചു നല്‍കാന്‍സര്‍ക്കാര്‍ നല്‍കിയ പുതുവല്‍ ഭൂമികളാണ് കാലക്രമത്തില്‍ ഇങ്ങനെ കൈയ്യേറപ്പെട്ടത്. ഇപ്പോള്‍ വിളപ്പില്‍ ശാലയില്‍ സ്ഥാപിച്ചിരിക്കുന്ന ഇ.എം.എസ് അക്കാദമി പോലും ലാന്റ് അയ്യന്‍കാളി സൗജന്യഭൂമിയിലാണെന്ന കാര്യം പലര്‍ക്കുമറിയില്ല. ഇ.എം.എസ് ജീവിച്ചിരുന്ന കാലത്തൊന്നും അയ്യന്‍കാളിയേയോ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളേയോ കുറിച്ച് മൗനവൃതം അനുഷ്ഠിച്ച ഇ.എം.എസിന് ഒരു സ്മാരകമെന്നോണം അക്കാദമി അയ്യന്‍കാളി പ്രജാസഭ വഴി നേടിയെടുത്ത ഭൂമിയില്‍ തന്നെ സ്ഥാപിച്ച നടപടി ഉചിതമായില്ല. വിളപ്പില്‍ ശാലയില്‍ പതിച്ചു നല്‍കിയ 300 ഏക്കര്‍ പുതുവല്‍ ഭൂമിയില്‍ നിന്നും ആ കാലത്തു തന്നെ 10 സെന്റ് സ്ഥലം വിളപ്പില്‍ ശാല ഊറ്റുകുഴിയില്‍ അയ്യന്‍കാളിയുടെ അനുജനും സന്തതസഹചാരിയുമായിരുന്ന കേശവന്‍ ടൈറ്റര്‍ക്ക് സേവാസദനം നിര്‍മ്മിക്കാന്‍ നല്‍കിയതായി ചിന്നന്‍ ശിപായിയുടെ മകന്‍ മാധവന്‍ പറഞ്ഞു. 75 കാരനായ മാധവന് 14 വയസ്സുള്ള കാലത്താണ് സേവാസദനത്തിന്റെ നിര്‍മ്മാണം നടന്നതെന്ന് ഓര്‍മ്മിച്ചുപറഞ്ഞു. കട്ടയും ചെളിയും എടുത്തുകൊടുക്കുന്ന ജോലി ചെയ്തതായും മാധവന്‍ പറഞ്ഞു. 4 ഉദ്ദേശം 1948-ല്‍ ആയിരുന്നു സേവാസദനത്തിന്റെ നിര്‍മ്മാണം നടന്നത്. പട്ടികജാതിക്കാരായ കുട്ടികള്‍ രണ്ടാം ക്ലാസ്സുവരെ ഇവിടെ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ സേവാസദനം പ്രവര്‍ത്തനമില്ലാതെ അടച്ചിട്ട നിലയിലാണ്. ' മലയിന്‍കീഴില്‍ പെട്ട നൂലിയോട് വാര്‍ഡില്‍ 7 ഏക്കര്‍ നെടുമ്പാറയില്‍ 12 ഏക്കര്‍ പുതുവല്‍ ഭൂമികളും ആ കാലത്ത് സര്‍ക്കാര്‍ ലാന്റ് അയ്യന്‍കാളി സൗജന്യ പതിവില്‍പ്പെടുത്തി പതിച്ചുകൊടുത്തിരുന്നതായി മാധവന്‍ തന്റെ ഓര്‍മ്മയില്‍ നിന്നും പറഞ്ഞു. 5

ഈ അദ്ധ്യായം എഴുതാന്‍ വേണ്ടി ഒട്ടേറെ രേഖകള്‍ പരിശോധിച്ചതോടൊപ്പം തന്നെ വിളപ്പില്‍ശാല വില്ലേജ് ഓഫീസില്‍ കുന്നുകുഴിമണി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തുവെങ്കിലും വില്ലേജ് ഓഫീസില്‍ വിളപ്പില്‍ പകുതിയില്‍ അയ്യന്‍കാളിക്ക് പതിച്ചു കൊടുത്ത 300 ഏക്കര്‍ പുതുവല്‍ ഭൂമിയെ സംബന്ധിച്ച ഒന്നും ലഭ്യമല്ലെന്ന മറുപടിയാണ് വില്ലേജ് ആഫീസറില്‍ നിന്നും ലഭിച്ചത്. അതെതുടര്‍ന്ന പുരാവസ്തു ഡയറക്ടറേറ്റില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു. മണി കൊടുത്ത അപേക്ഷ താഴെ കൊടുക്കുന്നു.


പ്രേക്ഷിതന്‍,
കുന്നുകുഴി എസ്.മണി
(ചരിത്രഗവേഷകന്‍)
TC 6/614 (1)
എം.എസ്.വില്ല
കൈപ്പിരിക്കോണം
വട്ടിയൂര്‍ക്കാവ് P.O
തിരുവനന്തപുരം-13

സ്വീകര്‍ത്താവ്,
ദി ഡയറക്ടര്‍/
ഇന്‍ ഫെര്‍മേഷന്‍ ആഫീസര്‍,
ദി ഡയറക്ടറേറ്റ് ഓഫ് ആര്‍ക്കിവീസ്
നളന്ത
തിരുവനന്തപുരം-3
സര്‍,
അറിയാനുള്ള അവകാശം ആക്ട് 2005 പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.
അറിയേണ്ടതായ/ആവശ്യപ്പെടുന്ന വിവരങ്ങള്‍

1) 1911-ല്‍ ശ്രീ അയ്യന്‍കാളിയുടെ നിവേദനത്തെതുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം എരുമേലിക്കടുത്ത് മൂന്നൂറാംവയലില്‍ 200 ഏക്കര്‍ ഭൂമി പട്ടിക ജാതിക്കാര്‍ക്ക് പതിച്ചുകൊടുത്ത രേഖകളുടെ കോപ്പി.
2) 1912-ല്‍ പ്രജാസഭ വഴി വിളപ്പില്‍ ശാലയില്‍ പട്ടികജാതിക്കാര്‍ക്കായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 500 ഏക്കര്‍ പുതുവല്‍ ഭൂമി പതിച്ചു നല്‍കിയതിന്റെ രേഖകളുടെ കോപ്പി. ലാന്റ് അയ്യന്‍കാളി സൗജന്യപതിവ് എന്നാണ് പതിവ് ഭൂമിയുടെ പട്ടയം. അതിന്റെ രേഖകളുടെ കോപ്പി.
3) മറ്റു സ്ഥലങ്ങളില്‍ പതിച്ചു കൊടുത്ത പുതുവല്‍ ഭൂമികളെ സംബന്ധിച്ച രേഖകളുടെ കോപ്പി.
4) തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1912നു ശേഷം പട്ടികജാതിക്കാര്‍ക്ക് എവിടെയെല്ലാം ഭൂമികള്‍ പതിച്ചുകൊടുത്തുവെന്ന പ്രജാസഭയുടെ രേഖകള്‍.
എന്ന്,
കുന്നുകുഴി.എസ്.മണി 6

തിരുവനന്തപുരം 
3-08-2009
ഈ അപേക്ഷയ്ക്ക് നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ നിന്നും സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടി:
വിവരാവകാശം
അടിയന്തിരം
ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്
നളന്ദ,തിരുവന്തപുരം
തീയതി : 11.08.2009
നമ്പര്‍ RM 23192/09/എസ്.എ 

From,
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
To
ശ്രീ കുന്നുകുഴി എസ്.മണി
ഠഇ.6/614 (1)
എം.എസ്.വില്ല
കൈപ്പിരിക്കോണം
വട്ടിയൂര്‍ക്കാവ് പി.ഒ
തിരുവനന്തപുരം
സര്‍,
വിഷയം : സംസ്ഥാന പുരാരേഖ വകുപ്പ് -റിക്കാര്‍ഡ്
മാനേജ്‌മെന്റ്- വിവരാവകാശ നിയമം 2005
മറുപടി നല്‍കുന്നത് സംബന്ധിച്ച്

സൂചന : 03-08-2009 ലെ താങ്കളുടെ അപേക്ഷ

മറ്റു വകുപ്പുകളില്‍ തീര്‍പ്പാക്കിയ 25 വര്‍ഷത്തിന് മുകളിലുള്ള ഫയലുകളാണ് ആര്‍ക്കൈവ്‌സ് വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ളത്. ആയതിനാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെയോ/ബന്ധപ്പെട്ട വകുപ്പിന്റെയോ ഉത്തരവ് നമ്പരും തീയതിയും രേഖപ്പെടുത്തി അപേക്ഷ നല്‍കിയാലേ ആവശ്യപ്പെടുന്ന രേഖകള്‍ വകുപ്പില്‍ ലഭ്യമാണോ എന്നറിയാന്‍ കഴിയുകയുള്ളൂ. താങ്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ഇവിടെ ലഭ്യമാണോ എന്നു പരിശോധിക്കാന്‍ തക്ക സൂചനകളൊന്നും ഇല്ലാത്തതിനാല്‍ തുടര്‍ നടപടി സാദ്ധ്യമല്ല എന്ന വിവരം അറിയിക്കുന്നു.
വിശ്വസ്തതയോടെ,
ഒപ്പ്

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫെര്‍മേഷന്‍ ഓഫീസര്‍ക്ക്
മണി വളരെ വ്യക്തമായി വര്‍ഷം കണക്കാക്കി അപേക്ഷ വിവരാവകാശ നിയമപ്രകാരം അയച്ചിട്ട് സര്‍ക്കാര്‍ ഉത്തരവും നമ്പരും തീയതിയും രേഖപ്പെടുത്തി നല്‍കിയാലേ ആവശ്യപ്പെടുന്ന രേഖകള്‍ ലഭ്യമാണോ എന്നറിയാന്‍ കഴിയുവെന്നാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എഴുതിയിരിക്കുന്നത്. മഹാനായ അയ്യന്‍കാളി ഈ രാജ്യത്തെ പട്ടികജാതിക്കാര്‍ക്കു വേണ്ടി പ്രജാസഭയിലും അല്ലാതെയും ചെയ്ത ,സേവനങ്ങളുടെ വിവരങ്ങള്‍, പ്രജാസഭ രേഖകള്‍ ഒന്നും തന്നെ പുരാരേഖവകു പ്പില്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണ് ആര്‍ക്കൈവ്‌സ് പോലും. എന്നാല്‍ അതിനേക്കാള്‍ പഴക്കം ചെന്ന രാജാക്കന്മാരുടെ രേഖകള്‍ പുരാരേഖ വകുപ്പില്‍ സൂക്ഷിച്ചു പോരുന്നുണ്ട്. ഒടുവില്‍ മണി 13.08.2009ല്‍ വകുപ്പുമന്ത്രി എം.എ.ബേബിക്ക് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലെ പുതുവല്‍ ഭൂമികളെ സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിക്കുവാന്‍ ആവശ്യമായ സെപഷ്യല്‍ ഉത്തരവിനായി അപേക്ഷ കൊടുത്തു കാത്തിരുന്നു. അപ്പോഴേ യ്ക്കും 28-11-2009ല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടറുടെ കത്ത് വീണ്ടും വരുന്നു. ആ കത്ത് താഴെ ചേര്‍ക്കുന്നു.

നമ്പര്‍. ആര്‍ എം. 2-4656/09/എസ്.എ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ് 
നളന്ദ, തിരുവന്തപുരം 
തീയതി : 28-11-2009


From
ഡയറക്ടര്‍

To 
ശ്രീ കുന്നുകുഴി എസ്.മണി
ഠഇ. 6/614 (1)
എം.എസ്.വില്ല
കൈപ്പിരിക്കോണം
വട്ടിയൂര്‍ക്കാവ് പി.ഒ
തിരുവനന്തപുരം

സര്‍,
വിഷയം : സംസ്ഥാന പുരാരേഖവകുപ്പ് - വിവരാവകാശ നിയമം
2005- മറുപടി നല്‍കിയത് - സംബന്ധിച്ച്
സൂചന : താങ്കള്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം

സൂചന നിവേദനത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ മുഖാന്തിരം ലഭിച്ചിട്ടുണ്ട്. താങ്കള്‍ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കുന്നതിന് തക്കതായ സൂചനകളൊന്നും നല്‍കാതിരുന്നതിനാലാണ് രേഖകള്‍ ലഭ്യമാക്കാന്‍ കഴിയാതിരുന്നത്. സര്‍ക്കാരില്‍ നിന്നും താങ്കളുടെ നിവേദനം ലഭിച്ചതിനെത്തുടര്‍ന്ന് ഒരിക്കല്‍ കൂടി പരിശോധന നടത്തിയതില്‍ താങ്കള്‍ രണ്ടാമതായി ആവശ്യപ്പെട്ടിരിക്കുന്ന വിവരം വകുപ്പില്‍ ലഭ്യമാണെന്ന് കണ്ടെത്തി. നിയമാനുസൃത ഫീസായ 403/-രൂപ (അപേക്ഷ ഫീസ് 200/-തെരച്ചില്‍ ഫീസ് 200/- ഫോട്ടോകോപ്പി ചാര്‍ജ് 3/-രൂപ)വകുപ്പില്‍ നേരിട്ടോ മണിഓര്‍ഡ റായോ അടച്ചാല്‍ രേഖയുടെ പകര്‍പ്പ് ലഭ്യമാകുന്നതാണ്. വീണ്ടും തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും അപേക്ഷയില്‍ ലഭ്യമല്ലാത്തതിനാല്‍ താങ്കള്‍ ആവശ്യപ്പെട്ട മറ്റ് രേഖകള്‍ കണ്ടെത്താനായിട്ടില്ല എന്നും അറിയിക്കുന്നു. 

വിശ്വസ്തതയോടെ 
ഒപ്പ് 
ഡയറക്ടര്‍ക്കു വേണ്ടി

ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലെ കത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് അടച്ച് രേഖവാങ്ങാനായി മണി ഡയറക്ടറേറ്റിലെത്തി ഡയറക്ടറെ നേരില്‍ കണ്ടു. ഡയറക്ടര്‍ ഊരട്ടമ്പലം തീവച്ച സ്‌കൂളില്‍ പഠിച്ച വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ രേഖകള്‍ ലഭിക്കുമെന്ന വിശ്വാസമുണ്ടായി. ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഡക്‌സ് ബുക്കു കൊണ്ടുവരുകയും പരിശോധനയില്‍ മണി ആവശ്യപ്പെട്ട വിളപ്പില്‍ പകുതിയിലെ 300 ഏക്കര്‍ പുതുവല്‍ ഭൂമിയെ സംബന്ധിക്കുന്ന രേഖയൊന്നും ഇന്‍ഡക്‌സില്‍ ഇല്ലായിരുന്നു. നേരത്തെ സൂചിപ്പിച്ച 1922-ല്‍ അയ്യന്‍കാളിക്ക് അനുവദിച്ച 5.24 ഏക്കര്‍ പാറമടയുടെ രേഖമാത്രമാണ് പുരാരേഖയില്‍ ആകെക്കൂടി ഉള്ളതെന്ന് ബോധ്യപ്പെട്ട് മണി തിരികെ പോന്നു.

അയ്യന്‍കാളി 1912-ല്‍ ശ്രീമൂലം പ്രജാസഭ വഴിയും, നിവേദന ങ്ങളിലൂടെയും ആവശ്യപ്പെടുകയും വിവിധ കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലയര്‍ തുടങ്ങിയ അധ:സ്ഥിതര്‍ക്ക് പതിച്ചു നല്‍കിയ ലാന്റ് അയ്യന്‍കാളി സൗജന്യ പതിവില്‍പ്പെട്ട ഭൂമിയെ സംബന്ധിച്ച ഒരു രേഖയും പുരാവസ്തു വകുപ്പില്‍ കാണാനില്ല. അതെസമയം അതിനുമുന്‍പുള്ള രാജാക്കന്മാരുടെ ഉത്തരവുകളും വിളംബരങ്ങളും ഒന്നുപോലും നഷ്ടപ്പെടാതെ രേഖകളില്‍ കാണുന്നുമുണ്ട്. അധാസ്ഥിതര്‍ക്ക് പതിച്ചുകൊടുത്ത ഭൂമികള്‍ മുഴുവന്‍ കൈയ്യേറപ്പെടുകയും ചെയ്ത് പുതിയ പട്ടയങ്ങളും പ്രയാണങ്ങളും അനധികൃതമായി ചവച്ച് സ്വന്തമാക്കുകയും ചെയ്ത അവസ്ഥയിലാണ്. നഷ്ടപ്പെട്ട ഭൂമിയും അതു സംബന്ധിച്ച രേഖകളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷണം നടത്തി കണ്ടെത്തുകയും കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിച്ച് ഗുണഭോക്താക്കളുടെ പിന്‍തലമുറ യ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണ്. അയ്യന്‍കാളി നേടിയെടുത്ത ഭൂമി നനഷ്ടപ്പെടുത്തുവാന്‍ ആരേയും അനുവദിച്ചുകൂട. കാരണം ആ കാര്യത്തില്‍ അയ്യന്‍കാളി ഏറെ ത്യാഗം അനുഷ്ഠിച്ച ആളാണ്.

സഹായഗ്രന്ഥങ്ങള്‍/ സൂചനകള്‍/ റിപ്പോര്‍ട്ടുകള്‍ /അന്വേഷണങ്ങള്‍
1) പ്രാചീന കര്‍ണാടക ചരിത്രം : ഇളംകുളം കുഞ്ഞന്‍പിള്ള
2) 1916 ഫെബ്രുവരി 29-ന് ചേര്‍ന്ന പ്രജാസഭയില്‍ അയ്യന്‍കാളി ചെയ്ത പ്രസംഗത്തില്‍ നിന്നും 
3) 1920 ഫെബ്രുവരി 24ന് ചേര്‍ന്ന പ്രജാസഭ യോഗത്തില്‍ അയ്യന്‍കാളി നടത്തിയ പ്രസംഗത്തില്‍ നിന്നും
4) സാധുജനപരിപാലന സംഘത്തിന്റെ ശിപായി ആയിരുന്ന വിളപ്പില്‍ശാല ചിന്നന്‍ ശിപായിയുടെ മകന്‍ മാധവനുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും
5) മാധവന്റെ വിവരണങ്ങളില്‍ നിന്നും 
6) വിവരാവകാശ നിയമം - 2005 പ്രകാരം ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ കുന്നുകുഴി മണി അയച്ച അപേക്ഷ
7) വിവരാവകാശ നിയമപ്രകാരം അയച്ച അപേക്ഷയ്ക്ക് പുരാരേഖ വകുപ്പില്‍ നിന്നും ലഭിച്ച മറുപടി
8) സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രിക്ക് മണി അയച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച രണ്ടാമത്തെ മറുപടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ