"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

വി.എസ്.ആട്ടക്കഥ മൂന്നാം ഭാഗം - കെ എന്‍ രാമചന്ദ്രന്‍വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് 
സ. കെ.എന്‍. രാമചന്ദ്രന്‍ മറുപടി നല്‍കുന്നു

? സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്നാരോപിച്ചു കുറ്റവിചാരണ ചെയ്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതുമെല്ലാം സിപിഐ(എം)നകത്ത് വി.എസ് ഉയര്‍ത്തുന്ന കലാപത്തെ വീണ്ടും ശ്രദ്ധേയമാക്കിയിരി ക്കുകയാണല്ലോ. ഇക്കാര്യങ്ങളെപ്പറ്റി സിപിഐ(എംഎല്‍) സമീപനം എന്താണ് ? - ഷാജു സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട

= സി.പി.എം-ന്റെ സംസ്ഥാന സമ്മേളനത്തില്‍ വി.എസ് നടത്തിയ ഇറങ്ങിപ്പോക്കു പ്രഹസനം സി.പി.എം. സംസ്ഥാന കമ്മറ്റിയില്‍ പിടി മുറുക്കിയ പിണറായി വിഭാഗത്തിനെതിരായ ആട്ടക്കഥാ പരമ്പരയുടെ മൂന്നാം ഭാഗം ആണെന്നു വേണമെങ്കില്‍ പറയാം. 1964-ല്‍ മറ്റു മുപ്പത്തിയൊന്നു പേരോടൊപ്പം വി.എസ്. സി.പി.ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി പോന്നത് സി.പി.ഐ യുടെ ഡാങ്കേയിസ്റ്റ് നേതൃത്വം പിന്‍തുടര്‍ന്ന, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സമീപനത്തിന് കടക വിരുദ്ധമായി കോണ്‍ഗ്രസ്സിന്റെ വാലായി അധ:പതിക്കുന്ന അവസരവാദ നയത്തിനെതിരായിട്ടായിരുന്നു. പക്ഷേ, ഇ.എം.എസിന്റെയും ജ്യോതി ബസുവിന്റെയും നേതൃത്വത്തില്‍ സി.പി.എം 1967-ലെ പൊതു തിരഞ്ഞെടുപ്പിലും പിന്നീടും പിന്‍തുടര്‍ന്ന സി.പി.ഐ യുടെ അവസവാദ നയത്തിന്റെ തുടര്‍ച്ചയായ പാര്‍ലമെന്റി സത്തിനെതിരായോ, അതുമൂലം ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ നയങ്ങള്‍ തന്നെ നടപ്പാക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി അധ: പതിച്ചതിനെതിരായോ, വി.എസ്. ഒരിക്കലും രംഗത്തു വന്നിട്ടില്ല. മാത്രമല്ല, ഇ.എം.എസിന്റെ വലതുപക്ഷ അവസരവാദ നിലപാടുകള്‍ക്കെതിരെ അന്നോ, പിന്നീടോ, വി.എസ്. ഒരിക്കലും നിലപാട് എടുത്തിട്ടില്ല. മറിച്ച് അന്ന് ഉള്ള ആ നയങ്ങളുടെ ഉറച്ച അനുയായി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെ. കേരളത്തിലെ സി.പി.എം-ന്റെ മുന്നണി നേതാവും 2006-11 കാലത്തെ മുഖ്യമന്ത്രിയുമായിട്ട് അദ്ദേഹം കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ ഈ വസ്തുതകളെ സ്ഥിരീകരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ വലതു മുന്നണിയും, സി.പി.എം. നയിക്കുന്ന ഇടതു ജനാധി പത്യ മുന്നണിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി അധ:പതിച്ച, കേരളത്തിലെ ജനങ്ങള്‍ക്ക് തീരാശാപമായി അധഃപതിച്ചതിലും ഇ.എം.എസിന്റെ അനുയായികളായ വി.എസിനും പിണറായിക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. എന്നിട്ടെന്തോ മഹാകാര്യം ചെയ്യുന്നതു പോലെ പിണറായി വിഭാഗത്തിനെതിരെ അദ്ദേഹം നടത്തുന്ന പൊറാട്ടു നാടകം ജനങ്ങളെ കബളിപ്പിച്ച് കയ്യടി വാങ്ങാന്‍ മറ്റേതു ഭരണവര്‍ഗ്ഗ പാര്‍ട്ടി നേതാക്കളും അവസരവാദികളും സ്ഥാന മോഹികളും നടത്തുന്ന പ്രഹസനങ്ങളില്‍ നിന്ന്ഒട്ടും വ്യത്യസ്തമല്ലെന്ന് കഴിഞ്ഞ മൂന്ന് നാലു പതിറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ ചെയ്തികള്‍ തെളിയിക്കുന്നു.

സി.പി.എം.ന്റെയും അതു നയിക്കുന്ന മുന്നണിയുടെയും ജീര്‍ണ്ണതയും അതില്‍ വി.എസ്. വഹിക്കുന്ന അറപ്പുണ്ടാക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനവും എല്‍.ഡി.എഫ്, യു.ഡി.എഫിനു ബദലല്ല, അതിന്റെ തന്നെ അനുബന്ധമാണെന്ന അവസ്ഥയില്‍ എത്തിയി രിക്കുന്നു. കേരളീയ ജനത ആവശ്യപ്പെടുന്നത് ഇവയ്ക്കു രണ്ടിനും എതിരായ ബദലാണ്. ആ സ്ഥാനം പിടിച്ചെടുക്കാനാണ്. വര്‍ഗ്ഗീയ ഭ്രാന്തു വളര്‍ത്തി ആര്‍.എസ്.എസും, ബി.ജെ.പിയും ശ്രമിക്കുന്നത്. 

ന്യൂനപക്ഷ മതമൗലികവാദികളും എന്‍.എസ്.എസ്, എസ്.എന്‍. ഡി.പി നേതൃത്വങ്ങളും മറ്റു ജാതി സംഘടനകളും എല്ലാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടു ത്തുന്നവയാണ്. ഈ സാഹചര്യത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ എങ്ങനെ ഒരു ജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതാണ് പുരോഗമന ജനാധി പത്യ ശക്തികള്‍ക്ക് മുന്നിലെ വെല്ലുവിളി. ഇതേറ്റെടുത്ത് മുന്നോട്ട് പോകാന്‍ വിപ്ലവ ഇടതു പക്ഷ ജനാധിപത്യ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ തകര്‍ക്കുകയെന്നതാണ് വി.എസിന്റെ ആട്ടക്കഥയുടെ അന്ത:സത്ത; കൂടെ സി.പി.എമ്മില്‍ തന്റെ സ്ഥാനം ഉറപ്പിക്കുക യെന്നതും.

അതുകൊണ്ട് വി.എസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് വലതുപക്ഷ അവസരവാദ ചതിയില്‍പ്പെട്ട് പോകുന്നതിലേക്കായിരിക്കും നയിക്കുക. വി.എസിന്റെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകള്‍ സി.പി.എം-ന്റെ വലതു പക്ഷ അവസരവാദ നിലപാടുകള്‍ തന്നെയാണ്. അഖിലേന്ത്യാ അടിസ്ഥാനത്തിലും കേരളത്തിലും വേണ്ടത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ വി.എസിന്റെയും, സി.പി.എംന്റെയും വലതുപക്ഷ അവസരവാദ നിലപാടിനെതിരെ പോരാടി ജനാധിപത്യ വിപ്ലവത്തെ വിജയത്തിലേക്കാനയിക്കാന്‍ സഹായകമായ ജനകീയ ബദലിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്.

@സഖാവ് മാസിക. 2015 മാര്‍ച്ച് ലക്കം.