"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

സിപിഐ(എം)നെ ഉമ്മന്‍ കോണ്‍ഗ്രസ്സാക്കിയ പഠനകോണ്‍ഗ്രസ്സ് - ഡോ പി ജെ ജെയിംസ്‌


ആമുഖം

1994 ല്‍ ഇഎംഎസിന്റെ കാര്‍മ്മികത്വത്തില്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ്സ് നടന്നപ്പോള്‍ ലഭിച്ച പൊതു താല്പര്യം 2005 ല്‍ രണ്ടാം പഠന കോണ്‍ഗ്രസ്സില്‍ പ്രകടമായിരുന്നില്ല. 2011 ലെ മൂന്നാം കേരള പഠനകോണ്‍ഗ്രസ്സിന്റെ ആദ്യദിവസം തന്നെ കൃഷിയുടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനു വേണ്ടി പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രന്‍പിള്ള സൈദ്ധാന്തിക വല്‍ക്കരണം നടത്തിയതോടെ മാധ്യമ ചര്‍ച്ചകള്‍ ആ വഴിക്കു തിരിയുകയും പഠന കോണ്‍ഗ്രസ്സിലെ മറ്റു ചര്‍ച്ചകള്‍ അവഗണിക്കപ്പെടുകയുമാണുണ്ടായത്. ഇപ്പോള്‍ നടന്നു കഴിഞ്ഞ നാലാം പഠന കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി അദാനിയുടെ വിഴിഞ്ഞം പദ്ധതി സിപിഐ(എം) ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പഠന കോണ്‍ഗ്രസ്സിന്റെ കോര്‍പ്പറേറ്റ് ആഭിമുഖ്യം പിണറായി വിജയന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം മൂലധന കേന്ദ്രങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ചില ചര്‍ച്ചകള്‍ നടന്നു എന്നതൊഴിച്ചാല്‍ 'ദേശാഭിമാനി'യല്ലാതെ മറ്റു പത്രങ്ങളൊന്നും പഠനകോണ്‍ഗ്രസ്സിന് കാര്യമായ പ്രാധാന്യം കൊടുക്കുകയുണ്ടായില്ല. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും എകെജി സെന്ററില്‍ നടക്കാറുള്ള ഒരു ആണ്ടുചടങ്ങെന്ന നിലയിലാണ് പലരും വിഷയത്തെ സമീപിച്ചത്. 

അതേസമയം പഠന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ്സും തന്റെ നേതൃത്വത്തിലുള്ള കേരളസര്‍ക്കാരും അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്നും ആയതിനാല്‍ തനിക്ക് അതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവിച്ചത് കേരളമുഖ്യന്‍ ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ മുന്‍കാലത്ത് യന്ത്രവല്‍ക്കരണവും കമ്പ്യൂട്ടറും വന്നപ്പോള്‍ എതിര്‍ത്തതു ചൂണ്ടിക്കാട്ടി സിപിഐ(എം)ന് ഒരു കുത്തു കൊടുത്തതോടൊപ്പം വൈകിയാണെങ്കിലും തിരിച്ചറിവുണ്ടായല്ലോ യെന്ന് പരിഹസിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. വാസ്തവത്തില്‍, 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ നവഉദാരവല്‍ക്കരണത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും മുഖ്യനടത്തിപ്പുകാരനായി നിലയുറപ്പിച്ചിട്ടുള്ള ഉമ്മന്‍ചാണ്ടി യെക്കാള്‍ മികവോടെ പിപിപി (Public Private Partner ship) മാതൃകയില്‍ വിഴിഞ്ഞവും അതിവേഗ പാതയും വിമാനത്താവള ങ്ങളും മെട്രോയുമെല്ലാം കൊണ്ടുവരാന്‍ തങ്ങള്‍ക്കു കഴിയുമെന്ന പ്രഖ്യാപനമാണ് കേരളപഠനകോണ്‍ഗ്രസ്സിലൂടെ സിപിഐ(എം) നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വായിച്ചെടുക്കാം. അതായത്, ഒന്നാം പഠനകോണ്‍ഗ്രസ്സിനു ശേഷമുള്ള 1996 - 2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെയും 2005 ലെ രണ്ടാം പഠന കോണ്‍ഗ്രസ്സിനുശേഷമുള്ള അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും (2011 ലെ മൂന്നാം പഠനകോണ്‍ഗ്രസ്സ് ചാപിള്ളയായിപ്പോയി) നയപരിപാടികള്‍ ചൂണ്ടിക്കാട്ടുന്നതു പോലെ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകളെ അപേക്ഷിച്ച് വിവാദരഹിതമായി കോര്‍പ്പറേറ്റ് അജണ്ട നടപ്പാക്കാന്‍ കഴിയുക സിപിഐ(എം) നയിക്കുന്ന ഭരണത്തിനാ ണെന്ന് സ്ഥാപിക്കുകയായിരുന്നു നാലാം പഠനകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.

പഠനകോണ്‍ഗ്രസ്സിന്റെ വികസന അജണ്ട

കേരളപ്പിറവിയോടെ അധികാരത്തില്‍ വന്ന 1957 ലെ ഇഎംഎസ് മന്ത്രിസഭ ആവിഷ്‌കരിച്ച ആധുനിക കേരളവികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളെ പിന്‍പറ്റുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് നാലാം കേരളപഠനകോണ്‍ഗ്രസ്സ് ഭാവി കേരളത്തിനാ യുള്ള രൂപരേഖ വരച്ചുകാട്ടുന്നത് (www.keralapadanacongress.in). അതിനായി ആറു പ്രധാന വികസന വിഷയങ്ങളെക്കുറിച്ചുള്ള സിമ്പോസിയങ്ങള്‍, 52 വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള സമാന്തരചര്‍ച്ചകള്‍, അനുഭവസാക്ഷ്യങ്ങള്‍ എന്നിവയടങ്ങുന്നതാണ് ചുരുക്കത്തില്‍ നാലാം പഠനകോണ്‍ഗ്രസ്സിന്റെ വികസന അജണ്ട. ഉല്പാദന, സേവന, ക്ഷേമ മേഖലകളില്‍ സമഗ്രമായ അഴിച്ചുപണി, ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ തുടരാനുള്ള മനോഭാവത്തെ മാറ്റല്‍, സുസ്ഥിര കാര്‍ഷിക വികസനം, പരിസ്ഥിതി സംരക്ഷണം, നാണ്യവിളകളുടെ തകര്‍ച്ചയെ സംബന്ധിച്ച പുതിയ തിരിച്ചറിവ്, അടിത്തട്ടുവരെ വികസനഫലങ്ങള്‍ അനുഭവിക്കും വിധം ഭരണനിര്‍വഹണ സംവിധാനം പുതുക്കിപ്പണിയല്‍, ഉദ്യോഗസ്ഥമേധാവിത്വ ത്തിനുപകരം അധികാരവികേന്ദ്രീകരണം, എല്ലാറ്റിനും ആധാരമായ ഭൗതിക പശ്ചാത്തലസൗകര്യ വികസനം തുടങ്ങിയവ അജണ്ടയില്‍പെടുന്നു. 

കേരളത്തിന് അനുയോജ്യമായ പുത്തന്‍ വ്യവസായങ്ങള്‍, പരമ്പരാഗത - ചെറുകിട വ്യവസായങ്ങളുടെ നവീകരണം, സേവനമേഖലയില്‍ പൊതു നിക്ഷേപം കൂട്ടല്‍, സ്വാശ്രയ വിദ്യാഭ്യാസ ത്തില്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരല്‍, സ്ത്രീകള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വികസനത്തില്‍ പങ്കാളിത്തം, ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കല്‍, മാലിന്യരഹിതമായ തൊഴില്‍ദായക സംവിധാനങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയെല്ലാം സംബന്ധിച്ച് ജനമനസ്സുകളില്‍ മാറ്റം വരുത്താനുള്ള രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷതക്കും ജനാധിപത്യത്തിനും ഊന്നല്‍ എന്നിങ്ങനെ പോകുന്ന നവകേരളസൃഷ്ടിക്കായുള്ള അജണ്ട. ഇപ്രകാരം കേരളത്തിന്റെ പുത്തന്‍ കുതിപ്പിനുള്ള ഊര്‍ജ്ജവും ദിശാബോധവും പകര്‍ന്നു നല്‍കുന്ന ഭാവികേരളത്തിന്റെ രൂപരേഖയാണ് കേരളപഠന കോണ്‍ഗ്രസ്സ് മുന്നോട്ടുവച്ചിരിക്കുന്നത്. (www.keralapadanacongress.in)

മേല്‍സൂചിപ്പിച്ച കാര്യങ്ങളിലൊന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകേണ്ടതില്ല. എന്നാല്‍ ഏറ്റവും ലളിതമായ ചോദ്യം ഇവയോടുള്ള സമീപനത്തിലും അവ നടപ്പാക്കുന്നതിലും കേരളത്തിലെ ഉമ്മന്‍കോണ്‍ഗ്രസ്സില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരില്‍ നിന്നും സിപിഐ(എം)നെ വേര്‍തിരിക്കുന്ന അതിര്‍വരമ്പേതാണ് എന്നതാണ്. ഊന്നലുകളില്‍ ഒരുവേള വ്യത്യാസമുണ്ടാകാമെങ്കിലും കേന്ദ്രത്തില്‍ മോദി ഭരണവും കേരളത്തില്‍ ഉമ്മന്‍ഭരണവും അവക്കുമുമ്പുള്ള കേന്ദ്ര - സംസ്ഥാനഭരണങ്ങളും അവയുമായി ബന്ധപ്പെട്ട വിദഗ്ധരും പറയാത്തതോ അറിയാത്തതോ ആയ പുതിയ വെളിപാടുക ളൊന്നും കേരള പഠന കോണ്‍ഗ്രസ് രേഖകള്‍ മുന്നോട്ടു വെക്കുന്നില്ല. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളെ സംബന്ധിച്ചും സാമൂഹ്യസുരക്ഷാ പദ്ധതികളെ സംബന്ധിച്ചും മറ്റും പരിശോധിച്ചാല്‍ പ്രജാവത്സലരായ ഏതു ഭരണാധികാരി കള്‍ക്കും സ്വീകാര്യമായവയാണ് അവയെല്ലാം. എന്നാല്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് അവ പ്രയോജനകരമാകാതെ പോകുന്നത്? പഠനകോണ്‍ഗ്രസ്സ് ഊന്നിപറയുന്നതുപോലെ ഭരണാധികാരികളുടെയോ ഭരണീയരുടെയോ ആഗ്രഹചിന്തകളും മനോഭാവവും മാറിയാല്‍ പരിഹരിക്കപ്പെടാവുന്നതാണോ വിഷയം? നാലാം പഠനകോണ്‍ഗ്രസ്സിനെക്കാള്‍ പ്രചണ്ഡമായ പ്രചരണ കോലാഹലങ്ങളോടെ അന്തര്‍ദേശീയ വിദഗ്ധര്‍കൂടി പങ്കെടുത്ത ഒന്നും രണ്ടും പഠനകോണ്‍ഗ്രസ്സുകളുടെ അജണ്ടയു മായി അധികാരത്തിലേക്കു വന്ന 1996 ലെ നായനാര്‍ ഭരണത്തെയും 2006 ലെ അച്യുതാനന്ദന്‍ ഭരണത്തെയും ജനങ്ങള്‍ വലിച്ചു താഴെയിട്ടത് എന്തുകൊണ്ടാണ് എന്നെങ്കിലും പരിശോധിക്കാന്‍ ഈ നാലാം പഠനകോണ്‍ഗ്രസ്സിലെങ്കിലും ശ്രമമുണ്ടാകേണ്ടതായിരുന്നു. വാസ്തവത്തില്‍ നവ - ഉദാരകോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങളുമായി മുന്നേറുന്നതിന് 1990 കളുടെ ആദ്യപകുതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ പകച്ചുനിന്നപ്പോള്‍ ജനകീയാസൂത്രണമെന്ന ഉത്താരധുനിക പരിപാടി ആവിഷ്‌ക്കരിച്ച് അതിനെ മറയാക്കി സ്വാശ്രയ കോളേജുകളടക്കം ആരംഭിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വിനാശകരമായ ഘട്ടത്തിനു തുടക്കമിടാന്‍ നായനാര്‍ ഭരണത്തിന് ദിശാബോധം നല്‍കിയത് 1994 ലെ ഒന്നാം കേരളപഠന കോണ്‍ഗ്രസ്സായിരുന്നു. ഇന്നാകട്ടെ, അഴിമതിയിലും അധോലോകമാഫിയ ഇടപാടുകളിലും ഉമ്മന്‍ഭരണം മുങ്ങിത്താഴുമ്പോള്‍ കോര്‍പ്പറേറ്റുകളുമായി ഡീലുറപ്പിക്കാനും കഴിഞ്ഞ രണ്ടര ദശാബ്ദത്തിലെ നവഉദാര - ആഗോളീകരണ നയങ്ങളിലൂടെ ശക്തിപ്പെട്ട ഉപരി - മധ്യവര്‍ഗ്ഗത്തെ പ്രലോഭിപ്പിക്കാനും കഴിയും വിധം വികസന പ്രതിച്ഛായ സൃഷ്ടിച്ചും വാചാടോപങ്ങളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചും എങ്ങനെയും അധികാരത്തിലെത്താനുള്ള പൂഴിക്കടകന്‍ പ്രയോഗമാണ് സിപിഐ(എം)ന്റെ നാലാം പഠനകോണ്‍ഗ്രസ്സ്. 

വികസനത്തോടുള്ള സിപിഐ(എം) സമീപനം

പഠനകോണ്‍ഗ്രസ്സ് ഒരു പുകമറ മാത്രമാണെന്ന് പിണറായി വിജയന്റെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുകയുണ്ടായി. വിദേശ - കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍, അവയെ ത്വരിതപ്പെടു ത്താനുള്ള ഏകജാലക സംവിധാനങ്ങള്‍, അതിവേഗപാതകള്‍, പൊതു - സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികള്‍ തുടങ്ങിയവയെ ല്ലാമടങ്ങുന്ന കോര്‍പ്പറേറ്റ് വികസന പരിപ്രേക്ഷ്യമായിരുന്നു അതിന്റെ കാതല്‍. കേന്ദ്രത്തില്‍ മോദിയും ബംഗാളില്‍ ബുദ്ധദേവും കേരളത്തില്‍ ഉമ്മനും എന്തിനധികം ചൈനയില്‍ ഷി ജിന്‍പിങ്ങും അമേരിക്കയില്‍ ഒബാമയും മറ്റും മുന്നോട്ടുവെക്കുന്നതും വികസനമെന്ന പേരില്‍ ഇതേ കോര്‍പ്പറേറ്റ് അജണ്ടതന്നെയാണ്. ലോകത്തെയും നമ്മുടെ രാജ്യത്തെയും അതീവഗുരുതരമായ പ്രതിസന്ധിയിലേക്കും അദ്ധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തെയും പ്രാന്തവല്‍കൃത വിഭാഗങ്ങളെ വിശേഷിച്ചും പാപ്പരീകരണത്തിലേക്കും പ്രകൃതിയെ കൊടിയ വിനാശത്തിലേക്കും തള്ളിവിടുന്നത് ഈ വികസനമാണ്. കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്ന വര്‍ഗ്ഗത്തിനും തടിച്ചുകൊഴുക്കാന്‍ കഴിയുന്നതിനൊപ്പം ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താന്‍ കഴിയുമെന്ന കപടവാഗ്ദാനമാണ് ഈ വികസനത്തിന്റെ വക്താക്കള്‍ മുന്നോട്ടു വക്കുന്നത്. വെറും വ്യാമോഹം മാത്രമാണിത്. ഇതില്‍ നിന്നു വ്യത്യസ്തമായി തൊഴിലാളികളുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും അതിജീവനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന ഒരു ബദല്‍ വികസന കാഴ്ച്ചപ്പാടും അതുവഴി ഇന്നത്തെ കോര്‍പ്പറേറ്റ് ആധിപത്യത്തെ തച്ചുതകര്‍ക്കുന്ന ജനാധിപത്യവും മുന്നോട്ടുവെക്കാന്‍ കഴിയുമ്പോഴാണ് ഇടതുപക്ഷത്തിന് ഇനി അങ്ങോട്ട് മുന്നേറാനാകൂ. ഇപ്രകാരമുള്ള ഒരു ജനപക്ഷ വികസനബദല്‍ അതിന്റെ എല്ലാ വിശദാംശങ്ങളോടെയും ആവിഷ്‌ക്കരിച്ച് മുന്നോട്ടു വെക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് കോര്‍പ്പറേറ്റുകളും സവര്‍ണഫാസിസ്റ്റുകളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണവ്യവസ്ഥയെ മറികടക്കാനാകൂ. ചരിത്രത്തില്‍ നിന്നു പാഠങ്ങള്‍ പഠിച്ചും വര്‍ത്തമാന വ്യവസ്ഥയെ സമൂര്‍ത്തമായ വിശകലനത്തിനു വിധേയമാക്കിയും സ്വായത്തമാക്കുന്ന പ്രത്യയശാസ്ത്ര - രാഷ്ട്രീയ നിലപാടിനു മാത്രമേ ഈ ബദല്‍ അന്വേഷണത്തിനു ദിശാബോധം നല്‍കാനാകൂ. ഈയൊരു സമീപനം കേരളപഠന കോണ്‍ഗ്രസ്സിനെയോ സിപിഐ(എം) നെയോ തൊട്ടുതീണ്ടിയിട്ടില്ല.

ഉദാഹരണത്തിന്, കേരളത്തിന്റെ (ഇന്ത്യയുടെയും) വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചില കേന്ദ്രവിഷയങ്ങള്‍ മാത്രം പരിശോധിക്കുക. ഭൂബന്ധങ്ങളോടുള്ള സിപിഐ(എം) സമീപനമെന്താണ്? പലയാവര്‍ത്തി ചര്‍ച്ചചെയ്യപ്പെട്ട വിഷയ മാണിത്. ഇക്കാര്യത്തില്‍ 1957 മുതല്‍ സിപിഐയുടെയും 1964 മുതല്‍ സിപിഐ(എം)ന്റെയും ട്രാക്ക് റെക്കോഡ് ഇടതുപക്ഷ പരമോ ജനപക്ഷപരമോ അല്ലെന്ന് മാത്രമല്ല, ഭൂബന്ധങ്ങളുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും പിന്തിരിപ്പന്‍ ശക്തികള്‍ക്കും പാദസേവ ചെയ്യുന്ന സമീപനം സിപിഐ(എം) ഉയര്‍ത്തിപ്പിടി ക്കുകയും ചെയ്യുന്നു. ഒന്നും രണ്ടും സെന്റുകളിലെ കൂരകളി ലടക്കം 26000 ലധികം കോളനികളില്‍ കഴിയുന്ന ദളിതരും ഭൂമി അന്യാധീനപ്പെട്ട ആദിവാസികളുമടക്കം മൂന്നിലൊന്നു കേരളജനത ഭൂരഹിതരായിരിക്കുമ്പോള്‍ അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി ദേശവിരുദ്ധ - മാഫിയശക്തികള്‍ (2001- 06 കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ 12 ലക്ഷം ഏക്കര്‍ കൂടി കേരളത്തില്‍ മാഫിയകള്‍ കയ്യടക്കിയിരിക്കുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. )കൈവശപ്പെടുത്തിയിരിക്കുന്നുവെന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടകാര്യമാണ്. എന്തുകൊണ്ടാണ് ഈ ഭൂമി പിടിച്ചെടുക്കുന്നതെപ്പറ്റി കേരളപഠനകോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യാതിരുന്നത്? 'ശത്രുസ്വത്ത്' എന്ന പേരില്‍ പാക് പൗരന്മാരുടേതായ കേരളത്തിലേതടക്കം 17500 ഏക്കര്‍ ഭൂമിയും 2500 കോടിയുടെ നിക്ഷേപങ്ങളും കണ്ടുകെട്ടാനുള്ള നീക്കം മോദി സര്‍ക്കാര്‍ നടത്തുമ്പോള്‍, ലക്ഷക്കണക്കിനു കോടി രൂപയുടെ സമ്പത്തും വരുമാനവും നിയമവിരുദ്ധമായി കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നത് പിടിച്ചെടുത്ത് മണ്ണിന്റെ അവകാശികള്‍ക്ക്, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കാനുള്ള മുന്‍കൈ എന്തുകൊണ്ട് സിപിഐ(എം) പ്രകടമാക്കുന്നില്ല. മുഖ്യഉല്പാദന ഉപാധിയായ ഭൂമിയുടെ കാര്യത്തില്‍ 1957 ല്‍ ഇഎംഎസിന്റെ കാലത്തു മുതല്‍ പിന്തുടരുന്ന അപമാനകരമായ ഈ സമീപനം കയ്യൊഴിയാതെ ആയിരം പഠനകോണ്‍ഗ്രസ്സുകള്‍ നടത്തിയാലും ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

ഇതാകട്ടെ ഇന്ത്യയുടെ വിമോചനത്തിന്റെയും ജനാധിപത്യ വല്‍ക്കരണത്തിന്റെയും കേന്ദ്രവിഷയമായിട്ടുള്ള ജാതിവ്യവസ്ഥ യും ചാതുര്‍വര്‍ണ്യവുമായി ബന്ധപ്പെട്ടതാണ്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തില്‍ സവര്‍ണഫാസിസത്തിനെതിരായി ഇന്ത്യയിലെ മര്‍ദ്ദിത ജനകോടികള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പോലും ജാതി ഉന്മൂലനത്തെയും അതുമായി ബന്ധപ്പെട്ട് ഭൂബന്ധങ്ങളെ പൊളിച്ചെഴുതേണ്ടതെസംബന്ധിച്ചും ഡോ. അംബേദ്ക്കര്‍ ഉയര്‍ത്തിപ്പിടിച്ച ഏറ്റവും പുരോഗമനപരമായ നിലപാടുകള്‍ അവഗണിച്ചതെസംബന്ധിച്ച് സ്വയം വിമര്‍ശനം നടത്തി തെറ്റുതിരുത്താന്‍ സിപിഐ(എം) തയ്യാറുണ്ടോ? ദളിത് സംഘടനയുണ്ടാക്കി വോട്ടു ബാങ്കുകള്‍ ഉറപ്പിക്കുന്ന അവസരവാദ നീക്കങ്ങള്‍ കയ്യൊഴിച്ച് സവര്‍ണഫാസിസത്തിന്റെ വേരറക്കുന്ന ജാതി ഉന്മൂലനപോരാട്ടങ്ങള്‍ക്ക് എന്താണ് തടസ്സമെന്ന് വിശദീകരിക്കാമോ? ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നകന്ന് പോയതിന് അതിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനമല്ലേ കാരണം? ഇതു പരിശോധിക്കാന്‍ കേരളപഠനകോണ്‍ഗ്രസ്സ് തയ്യാറായോ ? 
ജാതിവിവേചനത്തെ സംബന്ധിച്ച് ഞഞ്ഞാമിഞ്ഞാ വര്‍ത്തമാനം പറഞ്ഞതുകൊണ്ട് ജാതിവ്യവസ്ഥ ഇല്ലാതാകുമോ? മതരഹിതരും നാസ്തികരും മാര്‍ക്‌സിസ്റ്റുകളെന്ന് അവകാശപ്പെടുന്നവര്‍പോലും ജാതിയുടെ കള്ളറകളില്‍ കഴിയുന്ന വര്‍ത്തമാന സ്ഥിതിയില്‍ ജാതി ഉന്മൂലനത്തിനുവേണ്ടിയുള്ള പ്രായോഗിക പദ്ധതികള്‍ മുന്നോട്ടു വെക്കാതെ ജനാധിപത്യത്തെപ്പറ്റിയുള്ള പഠനകോണ്‍ഗ്ര സ്സിന്റെ വായ്ത്താരികളുടെ പ്രസക്തിയെന്താണ്?

കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണത്തിന്റെ നവഉദാരഘട്ടത്തിലെ മുഖ്യ ഉപാധികളായി പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) പദ്ധതികളും ബിഒടി പദ്ധതികളും വിലയിരുത്തപ്പെടുന്നു. കുറഞ്ഞൊരു കാലത്തിനുള്ളില്‍ അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകയായതും ഇന്നു പിണറായി വിജയന്‍ വികസനം കണ്ടെത്തുന്ന അദാനി ഒരു ദശാബ്ദത്തിനു ള്ളില്‍ സമ്പത്ത് പതിമൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതും ഇമ്മാതിരി പിപിപി പദ്ധതികളിലൂടെയാണ്. രാജ്യത്തിന്റെ ഭൂമിയും പ്രകൃതിവിഭവങ്ങളും അടക്കമുള്ള പൊതുസമ്പത്ത് കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാക്കുന്നതും കര്‍ഷകരും മര്‍ദ്ദിതജനവിഭാഗങ്ങളും ആവാസവ്യവസ്ഥയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നതും ചേരികള്‍ വളര്‍ത്തുന്നതും തൊഴിലില്ലായ്മ അതിരൂക്ഷമാ ക്കുന്നതും പരിസ്ഥതി വിനാശം സൃഷ്ടിക്കുന്നതും സര്‍വോപരി പൊതുമേഖലാ ബാങ്കുകളില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള ദശലക്ഷ ക്കണക്കിനുകോടി രൂപയുടെ നിക്ഷേപങ്ങള്‍ കോര്‍പ്പറേറ്റു കളിലേക്കു കൈമാറ്റം ചെയ്യുന്നതും ഇന്നത്തെ ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണമായിട്ടുള്ളതുമായ ഈ പിപിപി പദ്ധതികളെ പേരിനെങ്കിലും പുനഃപരിശോധിക്കുന്നതിനു പോലും തയ്യാറാ കാത്ത പഠനകോണ്‍ഗ്രസ്സ് ജനപക്ഷവികസനത്തെപ്പറ്റി പറയുമ്പോള്‍ തൊലിക്കട്ടി അപാരം തന്നെ. നാട്ടില്‍ ലഭ്യമല്ലാത്തതും ആവശ്യമുള്ളതുമായ സാങ്കേതിക വിദ്യകള്‍ വേണമെങ്കില്‍ ലോകകമ്പോളത്തില്‍ നിന്നു വിലയ്ക്കു വാങ്ങിയും (ചൊവ്വയി ലേക്ക് ഉപഗ്രഹം വിക്ഷേപിക്കുമ്പോഴും അതേക്കാള്‍ എളുപ്പമേറിയ സൗരോര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കാതെ അതിന്റെ പേരില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കു കീഴടങ്ങുന്ന ദേശവിരുദ്ധതയും തിരിച്ചറിയുക)പ്രതിവര്‍ഷം ലക്ഷം കോടി കവിയുന്ന പ്രവാസി മലയാളി നിക്ഷേപവും ഇവിടുത്തെ ബാങ്കുകളിലെ പണവും പ്രകൃതിവിഭവങ്ങളും അദ്ധ്വാന ശേഷിയും പരിസ്ഥിതി സൗഹൃദ - ജനപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഉപയോഗപ്പെടുത്തിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ആഭ്യന്തര ഡിമാന്റ് വികസിപ്പിക്കുന്നതുമായ ഒരു ജനകീയ വികസനത്തിനാവശ്യമായ രാഷ്ട്രീയ നിലപാട് മുന്നോട്ട് വെക്കാന്‍ ദേശാഭിമാനം മാത്രം മതി. അതേപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തേക്കു കടന്നു വന്ന വിദേശനിക്ഷേപം 102 കോടി ഡോളര്‍ മാത്രമായിരുന്നെന്നും തൊട്ടടുത്ത സംസ്ഥാനത്ത് 27000 കോടി രൂപ വിദേശനിക്ഷേപമായി വന്നു എന്നു പരിതപിക്കുകയും പരിഹാരമായി കോര്‍പ്പറേറ്റുകള്‍ക്ക് നയപ്രഖ്യാപന പ്രസംഗത്തില്‍ ഏകജാലക സംവിധാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന സിപിഐ(എം) നേതാവ് മോദിയും ഉമ്മനും കുമ്മനും തെളിക്കുന്ന പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ടതുതന്നെയാണ് പരിസ്ഥിതിയോടുള്ള സിപിഐ(എം) പഠനകോണ്‍ഗ്രസ്സിന്റെ സമീപനം. വര്‍ത്തമാന കാലത്തെ കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണവും വികസന വുമെല്ലാമായി ബന്ധപ്പെട്ട കേന്ദ്രരാഷ്ട്രീയ പ്രശ്‌നമാണ് പരിസ്ഥിതിയുടേത്. ജൈവകൃഷി പ്രോത്സാഹനവും വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജനവുമെല്ലാം വളരെ നല്ലതുതന്നെ. എന്നാല്‍ പരിസ്ഥിതിയെയും പ്രകൃതിയെയും ലാഭസമാഹരണത്തിന് കൊള്ളയടിച്ച് മുച്ചൂടും തകര്‍ക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തെ രാഷ്ട്രീയമായി നേരിടാതെ, ഒരു ഭാഗത്ത് അതിന് നിര്‍ലജ്ജം ചുവപ്പു പരവതാനി വിരിക്കുകയും മറുഭാഗത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനവും ജൈവകൃഷിയും മറ്റും ജനങ്ങള്‍ അഭ്യസിച്ചാല്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാമെന്നും വാദിക്കുന്നത് പഴമുറം കൊണ്ട് കൊടുങ്കാറ്റിനെ തടുക്കാമെന്നു പറയുന്നതു പോലെയാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സിപിഐ(എം) വാചാടോപങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കോര്‍പ്പറേറ്റ് മതമാഫിയയുമായി സഹകരിച്ച് ഹര്‍ത്താല്‍ നടത്തി അത് തെളിയിച്ചതാണ്. കേരളത്തിലെ ക്വാറി, വനം, റിസോര്‍ട്ട് മാഫിയകളും ഭൂമി കയ്യേറ്റക്കാരുമായി ബാന്ധവം നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷിക്കാമെന്ന അവകാശവാദങ്ങള്‍ സി പി ഐ(എം)ന്റെ ആരെങ്കിലും ഗൗരവമായി എടുക്കുമെന്നല്ല ഇവിടെ പറയുന്നത്. മറിച്ച്, അതിരപ്പിള്ളിയടക്കം ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രകൃതി പരിപാലന യൂണിയന്റെ (IUCN)'റെഡഡേറ്റാ ബുക്കില്‍ അതീവ പരിസ്ഥിതി ദുര്‍ബലമെന്ന് അടയാളപ്പെടുത്തപ്പെട്ട ആതിരപ്പിള്ളി തകര്‍ത്തേ അടങ്ങൂ എന്ന വാശിയിലാണ് സി പി ഐ(എം) പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവുമെല്ലാമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണവര്‍ഗ്ഗ നിലപാടുകളില്‍ നിന്നു വ്യത്യസ്തമായ ഒരു സമീപനവും മുന്നോട്ടുവെക്കാനാവാത്തത് വികസനത്തോടുള്ള സിപിഐ(എം) ന്റെ യാന്ത്രിക - കോര്‍പ്പറേറ്റ് കാഴ്ചപ്പാടുനിമിത്തമാണെന്ന് തിരിച്ചറിയണം. ജാതി വ്യവസ്ഥയോടും പരിസ്ഥിതിയോടും യാന്ത്രികവാദ നിലപാടുകള്‍ പിന്തുടരുകയും പലകാര്യങ്ങളിലും ഫ്യൂഡല്‍ മൂല്യങ്ങള്‍ പാലിക്കുകയും ചെയ്യുന്ന സിപിഐ(എം) അടുത്തകാലത്ത് ഇക്കാര്യങ്ങള്‍ പഠനകോണ്‍ഗ്രസ്സിലും മറ്റു ഉള്‍പ്പെടുത്തിത്തുടങ്ങിയത് വോട്ടു ലക്ഷ്യമിട്ടു മാത്രമാണെന്ന് സുവ്യക്തമാണ്. 

വാസ്തവത്തില്‍, രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരിക വുമായ ഏതു വിഷയത്തിലും വ്യവസാഥാപിതത്വത്തിന്റെ ചങ്ങലകളാല്‍ ബന്ധിതമായ സിപിഐ(എം)ന് അതു പിന്തുടരുന്ന രാഷ്ട്രീയ ലൈന്‍ തിരുത്താതെ ഒരു ജനപക്ഷവികസനബദല്‍ എത്ര പഠനകോണ്‍ഗ്രസ്സുകള്‍ നടത്തിയാലും മുന്നോട്ടു വെക്കാനാവില്ലെന്ന് വ്യക്തമാണ്. ഉദാഹരണത്തിന്, യുഎപിഎ എന്ന ഭീകര നിയമത്തെ ശ്ലാഘിക്കുകയും ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പഠനകോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ഒന്നാലോചിച്ചുനോക്കൂ. വിസ്താരഭയത്താല്‍, അത്തരം കാര്യങ്ങള്‍ ഓരോന്നും ഇവിടെ പ്രതിപാദിക്കുന്നില്ല.