"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: ബൈബിള്‍ കത്തിച്ചു - ദലിത് ബന്ധു എന്‍ കെ ജോസ്

പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി 1906 ല്‍ വാകത്താന ത്തിനടുത്ത് മുക്കാലിയില്‍ ആദിച്ചന്‍ അബ്രഹാമിന്റെ പുരയിടത്തില്‍ നടന്ന യോഗത്തില്‍ വച്ച് ബൈബിള്‍ കത്തിച്ചു. കേരളത്തില്‍ മറ്റൊരിക്കലും ആരും ചെയ്തിട്ടില്ലാത്ത പ്രവര്‍ത്തിയാണത്. ഇന്ന് ഉത്തരേന്ത്യയില്‍ പലസ്ഥലത്തും ബൈബിള്‍ കത്തിക്കുന്നുണ്ട്. 2008 നവംബര്‍ 5-ാം തീയതിയിലെ മലയാളപത്രങ്ങളില്‍ ഛത്തീസ്ഘട്ടില്‍ ബൈബിള്‍ കത്തിച്ചതിന്റെ റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പില്‍ ബൈബിള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജിമ ചെയ്തവരെ കത്തിച്ചിട്ടുണ്ട്. സാവന്ന റോളയും ജോണ്‍ഹെസ്സും മറ്റും അതിനു വിധേയരാ കേണ്ടി വന്നിട്ടുണ്. ട്വിന്‍ങ്കിലിനെ ആ മതാധി കാരികള്‍ കൊന്നു. വൈക്ലിഫിന്റെ അസ്ഥികള്‍ എടുത്ത് മുപ്പത്തിമൂന്ന് കൊല്ലത്തിനുശേഷം ചുട്ടുകരിച്ചു. അവരെല്ലാം ബൈബിളിനെ ആദരിക്കു കയും ബഹുമാനിക്കുകയും ചെയ്തവരാണ്. അതിലെ ആശയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി അതിനെ സാധാരണക്കാ രിലേയ്ക്ക് പകരാന്‍ ശ്രമിച്ചതിനാണ് അവര്‍ കത്തിക്കപ്പെട്ടത്. യഥാര്‍ത്ഥ വിപ്ലവകാരികള്‍ നേരിടുന്ന സ്വാഭാവിക ദുരന്തമാണിത്.

1927 ഡിസംബര്‍ 24-ാം തീയതി അര്‍ദ്ധരാത്രിയില്‍ അംബേദ്ക്കര്‍ ബോംബെയില്‍ വച്ച് മനുസ്മൃതി കത്തിച്ചു. 1989 സെപ്റ്റംബര്‍ 1-ാം തീയതി കേരളത്തില്‍ വൈക്കം ക്ഷേത്രസന്നിധിയില്‍ വച്ച് കേരളത്തിലെ ആദിവാസികള്‍ മനുസ്മൃതി പിന്നെയും കത്തിച്ചു. ഞാനും അന്നവിടെ ഉണ്ടായിരുന്നു. ഇന്ത്യയിലെ ആദിവാസി ദലിത് സമൂഹങ്ങളുടെ ദുരന്തം സംവിധാനം ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥം എന്ന നിലയിലാണ് അംബേദ്ക്കര്‍ അത് ചെയ്തത്. കേരളത്തിലെ ദലിതര്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത ഗ്രന്ഥം എന്ന നിലയിലാണ് യോഹന്നാന്‍ ഉപദേശി ബൈബിള്‍ കത്തിച്ചത്. ബൈബിളിന്റെ പുതിയ നിയമത്തില്‍ നാലു സുവിശേഷങ്ങളും 21 ലേഖനങ്ങളും അപ്പോസ്തല പ്രവൃത്തിയും വെളിപാടും ഉണ്ട്. അതില്‍ ഒന്നുപോലും കേരളത്തിലെ ദലിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതല്ല. ഒരു ലേഖനം പോലും കേരളത്തിലെ ദലിതര്‍ക്കു വേണ്ടി എഴുതപ്പെട്ടതല്ല. എഫേസുസുകള്‍ക്കും റോമാക്കാര്‍ ക്കും കൊറിന്ത്യാകാര്‍ക്കും ഗലാത്തിയാര്‍ക്കും അതുപോലു ള്ളവര്‍ക്കും വേണ്ടി എഴുതപ്പെട്ടതാണ്. കമ്യൂണിസ്റ്റു മാനിഫെസ്റ്റോയും കേരളത്തിലെ ദലിതരുടെ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം പോലെ തന്നെയാണ് ബൈബിളും കേരളത്തിലെ ദലിതരുടെ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം. കടലും കടലാടിയും പോലെ. വെള്ളിയും വെള്ളിക്കോലും പോലെ. കേരളത്തിലെ ദലിതര്‍ക്ക് അതുകൊണ്ട് എന്തു വിശേഷം?

മുക്കാലിയില്‍ നടന്ന യോഗത്തില്‍ വച്ച് അവിടെ കൂടിയിരുന്ന വരോട് യോഹന്നാന്‍ ഉപദേശി ചോദിച്ചു. ബൈബിള്‍ വായിച്ചു രക്ഷ നേടാമെന്ന് കരുതുന്നവര്‍ ആരെങ്കിലുമുണ്ടോ എന്ന്. ഉണ്ട് എന്ന് ആരും പറഞ്ഞില്ല. എങ്കില്‍ പിന്നെ എന്തിന് ബൈബിള്‍ കൈവശം വച്ചുകൊണ്ടി രിക്കുന്നു. യോഗസ്ഥലത്ത് വെളിച്ചം കാണുവാന്‍ വേണ്ടി തയ്യാറാക്കിയി രിക്കുന്ന അഗ്‌നികുണ്ഠത്തിലേയ്ക്ക് ഇടുവാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹവും അതുതന്നെ ചെയ്തു. അവിടെ കൂടിയിരുന്നവര്‍ എല്ലാവരും തങ്ങളുടെ ബൈബിള്‍ ആ തീയിലേയ്ക്കിട്ടു.

തന്റെ ജനത്തിന്റെ ചരിത്രം അന്വേഷിച്ച് പല ഇടത്തും തെരഞ്ഞ കൂട്ടത്തില്‍ അദ്ദേഹം ബൈബിളിലും അത് പരതി. പക്ഷെ അദ്ദേഹത്തിന് അതില്‍ നിന്നും ഒന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ വംശം ലോകത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്നവരായത് എങ്ങനെ? അതാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതില്‍ നിന്നും മോചനം നേടുവാന്‍ എന്തുചെയ്യണം. ബൈബിള്‍ ലോകത്തിലെ മുഴുവന്‍ ജനത്തിനും വേണ്ടിയുള്ളതാണ് എന്നാണ് അവകാശപ്പെടുന്നത്. ലോകജനത്തിന്റെ ചരിത്രമാണല്ലൊ ബൈബിള്‍. ആദിമനുഷ്യരായ ആദവും ഹവ്വയും തൊട്ടുള്ള കാര്യമാണ് അതില്‍ പറയുന്നത്. അക്കൂട്ടത്തില്‍ തന്റെ വംശം പെടുകയില്ലേ? തങ്ങള്‍ ആദത്തില്‍ നിന്ന് ജനിച്ചവരല്ലേ?കാമധേനു എന്ന പശുവിന്റെ ചാണകത്തില്‍ പുഴുത്തവ രാണ് തങ്ങള്‍ എന്നാണ് ഹൈന്ദവപുരാണം പറയുന്നത്. പരബ്രഹ്മ ത്തില്‍ നിന്നും ജനിച്ചവര്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര വിഭാഗങ്ങ ളാണ്. അതിനു പുറത്തുള്ളവര്‍ അയിത്തക്കാരാണല്ലൊ. അതിനാല്‍ അവര്‍ ദുരിതം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ ഈശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടവരല്ല. എന്നാല്‍ ഭൂമിയിലെ മുഴുവന്‍ മനുഷ്യരും ഈശ്വരനാല്‍ സൃഷ്ടിക്കപ്പെട്ട വരാണെന്നാണ് ബൈബിള്‍ പറയുന്നത്. അതിനാല്‍ അവരെല്ലാം സഹോദര ങ്ങളാണ്. ആ സഹോദരങ്ങളില്‍ കുറച്ചുപേര്‍ക്കുമാത്രം കൊടിയ ദുരിത ങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ത്? അത്‌നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങളായി തലമുറകള്‍ സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ബൈബിള്‍ അതിനു മറുപടി പറയാന്‍ ബാധ്യസ്ഥമാണ്. ബൈബിള്‍ മനുഷ്യസൃഷ്ടിയുടെ കഥയാണ് പറയുന്നത്. ആദമാണ് ആദ്യത്തെ മനുഷ്യന്‍. ആ ആദത്തിന്റെ പിന്‍തലമുറയുടെ കഥയാണ് ബൈബിള്‍. ആദത്തിന്റെ ഏതു പുത്രന്റെ പിന്‍തലമുറയാണ് ഇന്ത്യയിലെ ജനം? ഇവിടുത്തെ ആദിവാസികള്‍. അത് ബൈബിളില്‍ പറയുന്നില്ല. പിന്നെ ആ ബൈബിള്‍ നമുക്ക് എന്തിനാണ്? ഇസ്രായേലിലെ ജനങ്ങളുടെ കഥ അറിഞ്ഞതുകൊണ്ട് നമുക്ക് എന്തു പ്രയോജനം? ചരിത്രം അന്വേഷിക്കുന്നത് അടിമകളുടെ മോചനത്തിന് എന്താണ് മാര്‍ഗ്ഗം എന്നറിയുവാനാണ്. ബൈബിളില്‍ പറയുന്നത് ലോക രക്ഷകന്റെ ചരിത്രമാണ് എന്നവകാശപ്പെടുന്നു. ഇവിടെ അടിമയ്ക്ക് ഒരു നുകം കൂടി കെട്ടിവയ്ക്കാന്‍ വേണ്ടിയാണ് അത് ഉപയോഗിക്കപ്പെട്ടത്. കത്തോലിക്കാ സഭയിലേയ്ക്ക് പുലയരെ ആദ്യം മാനസാന്തരപ്പെടുത്തിയ പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര്‍ തന്റെ നാളാഗമത്തില്‍ എഴുതിവച്ചിരിക്കുന്നത് അങ്ങനെയാണ്.

ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ തെരഞ്ഞെടു ക്കപ്പെട്ട ജനത്തെ പറ്റി മാത്രമാണ് അവിടത്തെ തന്നെ ജെന്റൈയിലിന്റെ (യഹൂദനല്ലാത്തവന്‍) കഥ അതിലില്ല. ആയിരക്കണ ക്കിന് മൈലുകള്‍ ദൂരെയുള്ള കേരളത്തിലെ അയിത്തജാതിക്കാരുടെ കഥ പിന്നെ എങ്ങനെ അതിലുണ്ടാകും? ജാതികളും ജാതി വ്യവസ്ഥയും ബൈബിളിനജ്ഞാ തമാണ് എങ്കില്‍ പോലും തങ്ങള്‍ പുറജാതിക്കാരാണ് എന്നാണ് ബൈബിള്‍ പറയുന്നത്. കേരളത്തിലെ ക്രൈസ്തവരുടെ ബൈബിള്‍ പറയുന്നത്.

ബൈബിള്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്ത ആഢ്യ ക്രിസ്ത്യാനി കള്‍ ബൈബിളിലും ജാതിവ്യവസ്ഥ കുത്തിനിറയ്ക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ജെന്റയില്‍ എന്നത് പുറം ജാതിക്കാരാണ് പോലും. പുറം ജാതിക്കാര്‍ എന്നാണ് അവര്‍ തര്‍ജ്ജിമ ചെയ്തത്. '....അതിനാല്‍ ഞങ്ങള്‍ എന്തു തിന്നും. എന്തു കുടിക്കും ഞങ്ങള്‍ എന്തു ഉടുക്കും എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ആകുലരാകരുത്. കാരണം പുറം ജാതീയ രാണ്. ഇവയെല്ലാം തേടുന്നത്.....' (മത്തായി 6:32) വേറെയും പല ഭാഗങ്ങളിലും ബൈബിളില്‍ വിജാതിയര്‍ ആവര്‍ത്തിക്കുന്നുണ്ട്. 'പുറം ജാതിയരുടെ മേല്‍ അവരുടെ ഭരണാധികാരികളെന്നു വച്ചിട്ടുള്ളവര്‍ യജമാനത്വം പുലര്‍ത്തുന്നു.....' (മാര്‍ക്കോസ് 10:42) അത് ബോധപൂര്‍വ്വം ഇവിടത്തെ അടിസ്ഥാന വര്‍ഗ്ഗക്കാരെ ആക്ഷേപിക്കാനല്ലെ ങ്കില്‍ മറ്റ് എന്തിനാണ്. അവരിവിടെ അകജാതിക്കാരാണു പോലും. അകജാതിക്കാരും പുറജാതിക്കാരും എന്ന ഒരു വിഭജനം ബൈബിള്‍ ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ചു. അങ്ങനെ മലയാളത്തിലെ ബൈബിളില്‍ അവര്‍ പുറജാതി അല്ലെങ്കില്‍ വിജാതി എന്നുപറഞ്ഞ് ജാതി കൊണ്ടുവന്നു. യഥാര്‍ത്ഥത്തില്‍ ജാതി ഇന്ത്യയില്‍ മാത്രമുള്ളൊരു പ്രതിഭാസമാണ്. ബൈബിള്‍ എഴുതപ്പെട്ട ജറുസലേമിലും ഇസ്രയേലിലും ജാതി അജ്ഞാതമാണ്. അത് ബൈബിളില്‍ ചേര്‍ത്തത് തങ്ങളെ അപമാനിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? പണ്ട് ഇവിടുത്തെ ശൂദ്രരില്‍ അങ്ങനെ ഒരു വിഭജനമുണ്ടായരുന്നു. കേരളത്തിലെ ശൂദ്രര്‍ നായന്‍മാരണല്ലോ. അന്ന് അവരെ ശാര ് ചേര്‍ത്താണ് വിളിച്ചിരുന്നത്

'രാമശ്ശാരുടെ മകളുടെ കഴുത്തേല്‍
ആമത്താലി മലത്തിക്കെട്ടി'എന്നു കുഞ്ചന്‍ നമ്പ്യാര്‍ പാടിയിരുന്നു. ആഢ്യ ബ്രാഹ്മണര്‍ ഇവിടെ വന്നപ്പോള്‍ അവര്‍ക്ക് സേവ ചെയ്യാന്‍ തയ്യാറായി അവരുടെ കൂടെ ചേര്‍ന്നവരാണല്ലൊ നായന്‍മാര്‍. ബ്രാഹ്മണര്‍ അവരെ രണ്ടായി വിഭജിച്ചു. അകത്ത് ശാര്‍ന്നവരും പുറത്ത് ശാര്‍ന്നവരും. ബ്രാഹ്മണരുടെ ഭവനങ്ങ ളിലെ അകത്തെ പണി ചെയ്യുന്നവരാണ് അകത്ത് ശാര്‍ന്നവര്‍. പുറത്ത് പുരയിടങ്ങളില്‍ കൃഷിയും മറ്റും ചെയ്യുന്നവര്‍ പുറത്ത് ശാര്‍ന്നവര്‍. ബ്രാഹ്മണരോടും നായന്‍മാരോടും കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും അവരെ അനുകരിക്കുകയും ചെയ്യുന്നത് മേന്‍മയായി കരുതിയ സുറിയാനി ക്രിസ്ത്യാനികള്‍ ബൈബിളിലൂടെ കേരളത്തിലെ ക്രൈസ്ത വരെ രണ്ടായി വിഭജിച്ചു. പുറജാതിക്കാരും അകജാതിക്കാരും. അവര്‍ അങ്ങനെ ബൈബിളിനെത്തന്നെ വ്യഭിചരിച്ചു. ആ ബൈബിള്‍ തങ്ങള്‍ക്കു വേണ്ട. അതാണ് ഉപദേശി പറഞ്ഞത്.

തങ്ങളെ എക്കാലത്തും ദ്രോഹിച്ചിട്ടുള്ള തങ്ങള്‍ ഏറ്റവുമധികം വെറുക്കു ന്നതുമായ ജാതിവ്യവസ്ഥയെ അംഗീകരിച്ച മലയാളം ബൈബിളിനെ വച്ചുകൊണ്ടിരിക്കാനുള്ള സഹിഷ്ണുത യോഹന്നാന്‍ ഉപദേശിക്കുണ്ടാ യില്ല. ഉപദേശിക്ക് ഇംഗ്ലീഷ് വശമില്ലായിരുന്നു. ഉപദേശി കണ്ടത് മലയാളം ബൈബിള്‍ മാത്രമായിരുന്നു. അതില്‍ ജാതി ഉണ്ടായിരുന്നു. ഡോ. അംബേദ്ക്കര്‍ എന്തിനു വേണ്ടി മനുസ്മൃതി കത്തിച്ചുവോ അതിനുവേണ്ടി തന്നെയാണ് യോഹന്നാന്‍ ഉപദേശി ബൈബിളും കത്തിച്ചത്. ഡോ. അംബേദ്ക്കറെ യോഹന്നാന്‍ ഉപദേശി അറിഞ്ഞിരു ന്നില്ല. യോഹന്നാന്‍ ഉപദേശിയെ ഡോ.അംബേദ്ക്കറും അറിഞ്ഞിരുന്നില്ല. അംബേദ്ക്കര്‍ ജനിക്കുമ്പോള്‍ ഉപദേശിക്ക് 12 വയസ്സുണ്ടായിരുന്നു. ഉപദേശി മരിക്കുമ്പോള്‍ അംബേദ്ക്കര്‍ക്ക് 42 വയസ്സുണ്ടായിരുന്നു.

യോഹന്നാന്‍ ഉപദേശി ചോദിച്ചു. നമ്മള്‍ എന്തിനു ബൈബിള്‍ ചുമ ക്കണം. ജെറുസലേമിലെയും സമീപപ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതാണ് ബൈബിള്‍. അവിടെ അക്കാലത്ത് പ്രചാരത്തി ലിരുന്ന കഥകളും ഐതിഹ്യങ്ങളും പുരാണ ങ്ങളും ലിഖിതരൂപത്തി ലാക്കിയതാണ് ബൈബിളിലെ പഴയനിയമത്തിലെ ഭൂരിഭാഗവും. അതിനു കേരളത്തില്‍ എന്ത് പ്രസക്തിയാണുള്ളത്. ഇന്ത്യയിലെ ബ്രാഹ്മണരുടെ അത്തരം ഐതിഹ്യങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും അസഹനീയ ങ്ങളായി കണ്ടു അത് ഉപേക്ഷിച്ചു പോന്നവരാണ് നമ്മള്‍. പത്തു തലയുള്ള രാവണനും ഒരു മല പൊക്കി പറക്കുന്ന കുരങ്ങനും എല്ലാം ഇവിടെയുണ്ട്. ആ നമ്മള്‍ മുടി വെട്ടുമ്പോള്‍ ശക്തി ക്ഷയിക്കുന്ന സാംസന്റെ പുറകെ പോകണമോ. വടി നിലത്ത് അടിക്കുമ്പോള്‍ വെള്ളം വരുത്തുന്ന മോശയുടെ പുറകെ പോകണമോ?

ഇവിടത്തെ ദലിതരുടെ പ്രശ്‌നങ്ങള്‍ ഒന്നും ബൈബിളിലില്ല. അതുകൊണ്ട് അതു കത്തിച്ചു കളയാം. ഹിന്ദുക്കള്‍ നമ്മെ ശാരീരികമായി അടിമകളാ ക്കി കഴുതകളെ പോലെ പണി എടുപ്പിച്ചു. ക്രിസ്ത്യാനികള്‍ നമ്മെ ബൈബിള്‍ ഉപയോഗിച്ച് മാനസികമായി അടിമകളാക്കി. അതില്‍ കൂടുതല്‍ എന്താണ് അവര്‍ നമ്മോട് ബൈബിള്‍ ഉപയോഗിച്ച് ചെയ്തത്. ഉപദേശി ചോദിച്ചു. ആര്‍ക്കും മറുപടി ഇല്ല.

1855 ല്‍ നെടുങ്കുന്നത്ത് പള്ളിയില്‍ വച്ച് ഏതാനും പുലയരെ ആദ്യമായി കാത്തോലിക്ക സഭയില്‍ ചേര്‍ത്ത ശേഷം അവരെ സഭയില്‍ ചേര്‍ത്ത പാലാക്കുന്നേല്‍ വല്യച്ചന്‍ എന്ന വൈദികന്‍ ഉപദേശിച്ചത് അദ്ദേഹം തന്നെ എഴുതിയ നാളാഗമം എന്ന ഗ്രന്ഥത്തിലുണ്ട്. അതൊന്നും യോഹ ന്നാന്‍ ഉപദേശി വായിച്ചിട്ടില്ല. വല്യച്ചന്‍ ആ പുതിയ ക്രിസ്ത്യാനികളോട് പറഞ്ഞു ഇന്നലെ വരെ നിങ്ങള്‍ക്ക് ഒരു യജമാനനേ ഉണ്ടായിരുന്നുള്ളു. ഇനി മുതല്‍ നിങ്ങള്‍ക്കു രണ്ടു യജമാനന്‍മാരുണ്ട്. ഒന്നു നിങ്ങളുടെ തമ്പുരാന്‍ അഥവാ ഉടമ. മറ്റേതോ സഭയിലെ അധികാരി. അതാണ് ക്രിസ്ത്യാനി ആയതുകൊണ്ട് ലഭിക്കുന്ന ഗുണം. ശരീരം ഉടമയുടെ കസ്റ്റഡിയിലും ആത്മാവ് സഭാധികാരിയായ വൈദികന്റെ നിയന്ത്രണ ത്തിലും. ദലിത് ക്രൈസ്തവന് പിന്നെ എന്താണ് അവശേഷി ക്കുന്നത്? അതുകൊണ്ട് ഒടുവില്‍ വന്ന നുകം ആദ്യം വലിച്ചെറിയണം. അതിനാണ് അദ്ദേഹം ബൈബിള്‍ കത്തിച്ചത്. അതും അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതും തമ്മില്‍ എന്താണ് വ്യത്യാസം? മനുസ്മൃതി യിലൂടെ ദലിതരുടെ ആത്മാവിനെ ബ്രാഹ്മണപൗരോഹിത്യം കവര്‍ന്നെടുക്കുകയാ ണല്ലൊ ചെയ്തത്.

ജറുസലേമില്‍ യേശു ജനിച്ച കാലത്ത് യഹൂദജനത റോമാസാമ്രാജ്യത്തിന് വിധേയമായിരുന്നു. റോമിന്റെ പ്രതിനിധിയായ പീലാത്തോസും മറ്റുമാണ് ജറുസലേം ഭരിച്ചുകൊണ്ടിരുന്നത്. യഹൂദര്‍ റോമിന് കപ്പം (നികുതി) കൊടുക്കണമായിരുന്നു. റോമിന്റെ കീഴിലായിരുന്നതിനാല്‍ വളരെയേറെ ദുരിതം യഹൂദര്‍ക്കുണ്ടായിരുന്നു. അതില്‍നിന്നെല്ലാം അവരെ രക്ഷിക്കാന്‍ ദൈവം യേശുവായി അവതരിച്ചു. ഇന്ന് ഇവിടെ ജനത്തിന് ഏറെ ദുരിതങ്ങളുണ്ട്. അവരെ രക്ഷിക്കാന്‍ ഇവിടെ ദൈവം യോഹന്നാന്‍ ഉപദേശിയായി ജനിച്ചു. അതാണ് യേശുവും യോഹന്നാന്‍ ഉപദേശിയു മായുള്ള വ്യത്യാസം. അതിനാല്‍ യേശുവിന്റെ കഥ പറയുന്ന ബൈബി ളിന് ഇവിടെ എന്തു പ്രസക്തി? ഇവിടെ പ്രസക്തിയുള്ളത് യോഹ ന്നാന്‍ ഉപദേശിയുടെ പാട്ടുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമാണ്. അത് ബൈബിള്‍ പോലെ ഒരു വലിയ ഗ്രന്ഥമാക്കിയില്ല എന്നുമാത്രം. അതു ചെയ്യേണ്ടത് ഉപദേശിയുടെ അനുയായികളാണ്. ബൈബിള്‍ പോലെ മറ്റൊരു ഗ്രന്ഥം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു യോഹന്നാന്‍ ബൈബിള്‍. ക്രിസ്തുവല്ല ബൈബിള്‍ തയ്യാറാക്കിയത്. അതിന്റെ മുന്നോടിയായി 'യേശുബൈബിളിനെ' നിര്‍മ്മാര്‍ജ്ജനം ചെയ്യണം. അതിനാല്‍ ഉപദേശി യേശുബൈബിളിനെ കത്തിച്ചു. പക്ഷെ ഇന്നുവരെ യോഹന്നാന്‍ ബൈബിള്‍ ഉണ്ടായില്ല. അതാണ് ദലിതരുടെ വിമോചനത്തിന് ഇന്നും തടസ്സമായി നില്‍ക്കുന്നത്. ഇവിടെ ഒരു യോഹന്നാന്‍ ബൈബിള്‍-ദലിത്‌ബൈബിള്‍-ഉണ്ടാകണം. ഡോ.അംബേദ്ക്കര്‍ അതിന്റെ തിയറി തയ്യാറാക്കി. കാന്‍ ഷിറാം പ്രാക്ടിക്കലും ചെയ്തു. ഇനി അതു എമ്പാടും പ്രാവര്‍ത്തി കമാക്കണം. മായാവതി അതു ചെയ്യുവാന്‍ ശ്രമിക്കുന്നു. അതു വിജയി ക്കുമോ?

ബൈബിള്‍ കത്തിച്ച വിവരം അറിഞ്ഞ യോഹന്നാനോട് ക്രിസ്ത്യാനികള്‍ ചോദിച്ചു നീ ഞങ്ങളുടെ ബൈബിള്‍ കത്തിച്ചുവോ? അതിനു അദ്ദേഹം നല്‍കിയ മറുപടി ഞാന്‍ നിങ്ങളുടെ ബൈബിളല്ല കത്തിച്ചത്. യഹൂദ രുടെയും പരീശ്ശരുടെയും വിശുദ്ധഗ്രന്ഥമാണ് കത്തിച്ചത്. അതില്‍ നിങ്ങള്‍ക്ക് എന്തു ചേതം? അതില്‍ നിങ്ങളുടെ ഒരു കാര്യവും പറയു ന്നില്ല. 17 വര്‍ഷം മുമ്പ് 1888 ല്‍ നാരായണഗുരു അരുവിപ്പു റത്ത് ശിവലിംഗം പ്രതിഷ്ഠിച്ചപ്പോള്‍ ഏതോ ഒരു ബ്രാഹ്മണന്‍ ശുരുവിനോട് ചോദിച്ചു. ശിവപ്രതിഷ്ഠ നടത്താന്‍ തനിക്ക് ആര് അധികാരം തന്നു. അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങളുടെ ശിവനെയല്ല പ്രതിഷ്ഠിച്ചത്. മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുന്നു.

കേരളത്തിലെ ദലിതരുടെ ദയനീയാവസ്ഥയ്ക്ക് കാരണം ഇവിടത്തെ ബ്രാഹ്മണിസ്റ്റുകള്‍ അവരോട് സ്വീകരിച്ച മനോഭാവമാണ്. ആ മനോഭാവ ത്തിന്റെ ഫലമായ പ്രവൃത്തികളാണ്. അതിനെതിരെ ബൈബിളില്‍ ഒരു വാക്കു പോലുമില്ല. എന്നു മാത്രമല്ല ഇവിടുത്തെ ബൈബിള്‍ ചുമട്ടുകാര്‍, തങ്ങള്‍ക്കു മുന്‍പേ ബൈബിളിന്റെ കുത്തക ഏറ്റെടുത്ത ബൈബിള്‍ പണ്ഡിതര്‍, അഭിമാനപൂര്‍വ്വം ആ ബ്രാഹ്മണരെ അനുകരി ക്കുകയും അവരുടെ ബന്ധുക്കളും സ്വന്തക്കാരുമാണ് എന്ന് അവകാശ പ്പെടുകയും ചെയ്യുന്നു. ആ ബൈബിള്‍ കൊണ്ട് അധ:സ്ഥി തര്‍ക്ക് എന്തു പ്രയോജനം? അത് അവരുടെ ശത്രുവിന്റെ ആയുധമാണ്. മറ്റൊരു മനുസ്മൃതിയാണ് ആഢ്യക്രിസ്ത്യാനകളുടെ ബൈബിള്‍. അത് അവര്‍ക്കായിത്തന്നെ വിട്ടുകൊടുക്കുന്നതാണ് നല്ലത്. അതാണ് യുക്തി എന്ന് യോഹന്നാന്‍ ഉപദേശി കണ്ടു. ബൈബിളിലൂടെ തങ്ങളുടെ തല ആഢ്യക്രിസ്ത്യാനി കളുടെയും അവരുടെ പുരോഹിതരുടെയും കക്ഷത്തില്‍ വച്ചുകൊടുത്ത ശേഷം സ്വതന്ത്രരാകണം, മോചിതരാകണം എന്ന് ആക്രോശിച്ചുകൊണ്ട് കൈകാലിട്ടടിച്ചാല്‍ മോചനം ലഭിക്കുമോ? ആദ്യം തല അവിടെനിന്ന് വലിച്ചൂരി എടുക്കുക.

കുമാരന്‍ ആവശ്യപ്പെട്ടിട്ടല്ല കുമാരനെ യോഹന്നാന്‍ ആക്കിയത്. അഞ്ചാമ ത്തെ വയസ്സില്‍ കുമാരന്‍ അറിയാതെ യോഹന്നാനായി. അതുതന്നെ ക്രിസ്തുവിന്റെയും ബൈബിളിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമാണ്. വിശ്വസിക്കുന്നവനെ ജ്ഞാനസ്‌നാനപ്പെടുത്താനാണ് ബൈബിളില്‍ ക്രിസ്തു പറഞ്ഞിട്ടുള്ളത്. അഞ്ചുവയസ്സു കാരന്‍അടിമയ്ക്ക് എന്തു വിശ്വാസം! യോഹന്നാന്‍ വളര്‍ന്നപ്പോള്‍ ബൈബിള്‍ വായിച്ചു പഠിച്ചു. നല്ല നല്ല ആശയങ്ങള്‍ അതില്‍ കണ്ട യോഹന്നാന്‍ ബൈബിളില്‍ ആവേശം കൊണ്ട് പ്രസംഗിച്ചു. പാട്ടു പാടി. ബൈബിളിനെ പറ്റി പ്രഭാഷണങ്ങള്‍ നടത്തി. അവിടെ കൂടിയവര്‍ക്കെല്ലാം അതു ഇഷ്ടപ്പെട്ടു. കുമാരന്റെ സമുദായ ത്തില്‍ നിന്നും വളരെപ്പേര്‍ ബൈബിള്‍ സ്വീകരിച്ചു. മത്തായിയും മാര്‍ക്കോസും ചാക്കോയും പൈലിയും എല്ലാമായി. പക്ഷെ അവരുടെ ജീവിതത്തില്‍ അത് ഒരു മാറ്റവും വരുത്തിയില്ല. കണ്ടന്‍ കണ്ടന്‍ മത്തായി ആയി. കേളന്‍ കേളന്‍ ചാക്കോ ആയി. ചാത്തന്‍ ചാത്തന്‍ പൈലി ആയി. അല്ലെങ്കില്‍ പറേന്‍ പത്രോസ്, പെലേന്‍ ഔത. അതുമാത്രം മിച്ചം. കണ്ടനും കേളനും കറുമ്പനും എല്ലാമായിരുന്ന കാലത്തേതു പോലെ തന്നെ ജീവിതം തുടരേണ്ടിവന്നു. ബൈബിള്‍ തമ്പുരാക്കന്‍മാര്‍ക്ക് അവ രോടുണ്ടായിരുന്ന മനോഭാവത്തില്‍ മാറ്റമേതും ഉണ്ടായില്ലാ. ബൈബി ളില്‍ പറഞ്ഞിരിക്കുന്നതൊന്നും ജീവിതത്തില്‍ അനുഭവപ്പെട്ടില്ല. അതില്‍ യോഹന്നാന് കുണ്ഠിതമു ണ്ടായി. കുണ്ഠിതം പിന്നെ അമര്‍ഷമായി. വളരെയേറെ ദലിത് ക്രൈസ്തവര്‍ക്ക് അമര്‍ഷമുണ്ടായി. എങ്കിലും യോഹന്നാനെ പോലെ പ്രവര്‍ത്തിച്ചവര്‍ ആരുമില്ല. അദ്ദേഹം ബൈബിള്‍ ഉപേക്ഷിച്ചില്ല. വന്നിടത്തേയ്ക്ക് തിരികെ പോയില്ല. ഛര്‍ദ്ദിച്ചത് ഭക്ഷിച്ചില്ല. പലരും ചെയ്തത് അതാണ്. ഛര്‍ദ്ദിച്ചതിനെ എന്നെന്നേയ്ക്കു മായി കുഴിച്ചു മൂടി. യോഹന്നാന്‍ 'തറവാട്ടി'ലേയ്ക്ക് തിരിച്ചുപോയില്ല. അങ്ങനെ ഒരു തറവാട് യോഹന്നാന് ഉണ്ടായിരുന്നില്ല. യോഹന്നാന്‍ പോന്നശേഷം ഈ അടുത്തകാലത്താണ് ആ കാരാഗൃഹത്തെ തറവാട് എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. തേയിലഭരണിയുടെ പുറത്താണ് പഞ്ചാര എന്നെഴുതിവച്ചത്. കഴിഞ്ഞ മൂവായിരം കൊല്ലമായി യോഹ ന്നാനും വംശവും എല്ലാ ദുരിതങ്ങളും അനുഭവിച്ച തടവറയായിരുന്ന ആ വലിയ കെട്ടിടത്തിന്റെ മുന്നില്‍, തിളങ്ങുന്ന അക്ഷരത്തില്‍ അടുത്തകാ ലത്ത് എഴുതിവച്ച ബോര്‍ഡാണ് 'തറവാട്' എന്നത്. അകത്ത് ഒരുമാറ്റവും സംഭവിച്ചിട്ടില്ല എന്ന് പുറത്തു നിന്നുനോക്കിയാല്‍ തന്നെ കാണാം.

ബൈബിളിലെ സ്വീകാര്യമായവയെ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കി ബൈബിള്‍ വെറും തോടു മാത്രമായി. അതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല. അതിനെ ത്യജിച്ചു. ബൈബിള്‍ കത്തിച്ചു. കേരളത്തില്‍ അന്നുവരെ ആരും ചെയ്യാത്ത പ്രവൃത്തിയാണത്. ഇഷ്ടമു ള്ളവ സ്വീകരിച്ചു. ഇഷ്ടമില്ലാത്തവ കളഞ്ഞു. നേരെ വാ, നേരെ പോ. അതാണ് യോഹന്നാന്റെ രീതി. ബൈബിളില്‍ പറഞ്ഞിരിക്കുന്നതും അതുതന്നെയാണ്. നിങ്ങളുടെ ഉത്തരങ്ങള്‍ അതേ എന്നോ അല്ല എന്നോ ആകട്ടെ. അവിടെ 'പക്ഷെ' വേണ്ടാ. ബൈബിള്‍ ക്രൈസ്തവരുടെ പുണ്യ ഗ്രന്ഥമാണ്. ആ പരിഗണന കൊണ്ട് ദലിതര്‍ക്കോ ദലിത് ക്രൈസ്ത വര്‍ക്കോ പ്രത്യേക പ്രയോജനം ഒന്നുമില്ല. അതുകൊണ്ട് ബൈബിള്‍ ഉപേക്ഷിച്ചു. പകരം പഴയ രാമായണവും മഹാഭാരതവും ഗീതയും സ്വീകരിക്കാന്‍ യോഹന്നാന്‍ പോയില്ല. തന്റെ ജനതയില്‍ ബൈബിളിലെ സ്വീകാര്യമായ ആശയങ്ങള്‍ നടപ്പാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു മാത്രം അന്വേഷിച്ചു. അതാണ് പ്രത്യക്ഷരക്ഷാ ദൈവസഭ. (പി. ആര്‍. ഡി. എസ്സ്.)

യോഹന്നാന്റെ മൊത്തം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ബൈബിളായി പരിണമിച്ചു. യഹൂദജനത ഈജിപ്റ്റിലെ ഫറവോന്റെ അടിമയായിരുന്നു. അതില്‍ നിന്നും മോചനം നേടുക എന്നത് തങ്ങള്‍ക്ക് സാധ്യമാണ് എന്ന് അവര്‍ വിശ്വസിച്ചു. തങ്ങള്‍ എന്നും അടിമകളായി കഴിയേണ്ടവരല്ല എന്നു വിശ്വസിച്ചു. അടിമ എന്ന ധാരണ മാറണം. അതിനു തങ്ങള്‍ ഒരു കാലത്ത് സ്വതന്ത്രരായിരുന്നു എന്ന ചരിത്രം കണ്ടെടുത്തു. അല്ലെങ്കില്‍ മെനഞ്ഞെടുത്തു. അത് അവരുടെ മനസ്സില്‍ അടിച്ചു കയറ്റി ഉറപ്പാക്കി. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ പൊരുതുകയുള്ളു. അതിനുവേണ്ടി തയ്യാറാക്കപ്പെട്ടതാണ് ബൈബിളിന്റെ ചരിത്രഭാഗം എന്ന സത്യം യോഹന്നാന്‍ ഉപദേശി കണ്ടെത്തി.

തന്റെ ജനതയ്ക്ക് മോചനം വേണമെങ്കില്‍ മോചനം തങ്ങള്‍ക്കു സാധ്യ മാകും എന്ന ഉറച്ച ബോദ്ധ്യം വേണം. അതിനു തങ്ങള്‍ ഒരു കാലത്ത് സ്വതന്ത്രരായിരുന്നു എന്ന് തിരിച്ചറിവുണ്ടാകണം. അതിനു തന്റെ ജനതയുടെ ചരിത്രം അറിയണം. അതിനാണ് യോഹന്നാന്‍ ഉപദേശി ചരിത്രം അന്വേഷിച്ചത്. മറ്റു ഉപദേശികളാരും അന്വേഷിക്കാത്ത, ചരിത്രപണ്ഡിതന്‍മാരാരും കണ്ടെത്താന്‍ ശ്രമിക്കാത്ത തന്റെ ജനതയുടെ ചരിത്രം അന്വേഷിക്കുന്നതില്‍ യോഹന്നാന്‍ ഉപദേശി സര്‍വ്വ ശ്രദ്ധയും കേന്ദ്രീകരിച്ചത് അതിനാണ്. അവസാനം അദ്ദേഹം അത് കണ്ടെത്തി. തങ്ങള്‍ ഒരു കാലത്ത് ദ്രാവിഡരായിരുന്നു. ദ്രാവിഡരായിരുന്നപ്പോള്‍ തങ്ങള്‍ അടിമകളായിരുന്നില്ല. സ്വതന്ത്രരായിരുന്നു. അതായിരുന്നു തങ്ങളുടെ സുവര്‍ണ്ണകാലം. ആ സുവര്‍ണ്ണകാലത്തേയ്ക്ക് തിരികെ പോകുവാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുക മാത്രമല്ല തന്റെ ജനതയെകൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വന്നവരാണെങ്കില്‍ അവിടേയ്ക്ക് തിരിച്ചു പോകാനും കഴിയും. ആ ബോദ്ധ്യത്തോടെ മുന്നേറാന്‍ അവരോട് ആഹ്വാനം ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഹിറ്റ്‌ലറുടെ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ ബ്രിട്ടീഷ് ജനതയുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ അവരെ ഉന്മേഷത്തോടെ വിജയത്തിലേയ്ക്ക് നയിച്ചത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റൈന്‍ ചര്‍ച്ചിലിന്റെ പ്രഭാഷണ ങ്ങളായിരുന്നു. അതു തന്നെയാണ് യോഹന്നാന്‍ ഉപദേശിയും സ്വീകരിച്ച മാര്‍ഗ്ഗം. അദ്ദേഹം തന്റെ ജനതയ്ക്ക് പ്രത്യാശ നല്‍കി. പട്ടിണിയിലും ദുരിതത്തിലും അടിമത്തത്തിലും അജ്ഞതയിലും കിടന്നവര്‍ക്ക് പ്രത്യാശ നല്‍കി.

ഒരിക്കല്‍ മോചനം നേടും എന്ന പ്രതീക്ഷ, ആത്മവിശ്വാസം അതില്ലാതെ മോചനം സാധ്യമല്ല. അത് യോഹന്നാന്‍ ഉപദേശി തന്റെ ജനതയ്ക്ക് നല്‍കി. ബൈബിളില്‍ അതുണ്ട്. തങ്ങള്‍ ഒരിക്കല്‍ മോചിക്കപ്പെടും എന്ന പ്രത്യാശ. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണ് എന്ന വിശ്വാസം. തങ്ങള്‍ക്ക് ഒരു രക്ഷകന്‍ വരും, തങ്ങളെ മോചിപ്പിക്കും എന്ന പ്രത്യാശ. ഒരു മിശിഹായുടെ വരവ് പ്രതീക്ഷിക്കുന്ന ചരിതമാണ് ബൈബിളിലു ള്ളത്. അതാണ് ബൈബിളിലെ പ്രധാന ആശയം. അങ്ങനെയാണ് അവര്‍ യേശുവിനെ സ്വീകരിച്ചത്. കാത്തിരുന്ന രക്ഷകനെ കണ്ടെത്തിയത്. തന്റെ ജനത്തിന് ഒരു രക്ഷകന്‍ ഉണ്ടാകും എന്ന പ്രത്യാശ ഉപദേശി അവര്‍ക്ക് കൊടുത്തു. താനാണ് നിങ്ങളുടെ രക്ഷകന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ജനം രക്ഷിക്കപ്പെടണ മെങ്കില്‍ ഒരു രക്ഷകന്‍ വേണം. അത് താനാണ്. കേരളത്തിലെ ദലിതരെ രക്ഷിക്കാന്‍ വേണ്ടി അവതരിക്കപ്പെട്ട വനാണ് താന്‍ എന്ന ആശയം അദ്ദേഹം അവരുടെ മുമ്പില്‍ അവതരി പ്പിച്ചു.

ബൈബിള്‍ കത്തിച്ചുവെങ്കിലും യോഹന്നാന്‍ ഉപദേശി ബൈബിളിലെ ആശയം സ്വീകരിച്ചു. അത് നടപ്പാക്കാന്‍ ശ്രമിച്ചു. കേരളത്തിലെ ബൈബിള്‍ ചുമട്ടുകാരാരും അത് ചെയ്തില്ല. അവര്‍ ബൈബിള്‍ കാണാതെ പഠിച്ചു. അതിലെ അധ്യായങ്ങളും വാക്യങ്ങളും തെറ്റാതെ ഉച്ചരിച്ചു. ബൈബിള്‍ എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. എന്തിനുള്ളതാ ണെന്നും മനസ്സിലാക്കിയിട്ടില്ല. അതാണ് മറ്റു ക്രൈസ്തവരും യോഹന്നാന്‍ ഉപദേശിയുമായുള്ള വ്യത്യാസം. ഉപദേശി തന്റെ ജനത്തിന്റെ മോചന ത്തിന് അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിച്ചു. എല്ലാവരും ബൈബിള്‍ കൊണ്ട് മുതലെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പാസ്റ്ററന്‍മാരും വൈദികന്‍മാരും മെത്രാന്‍മാരും കര്‍ദ്ദിനാള്‍മാരും പോയ പാതയിലൂടെയല്ല യോഹന്നാന്‍ ഉപദേശി പോയത്. ഉപദേശി തന്റെ ജനതയുടെ മോചനത്തിനുവേണ്ടി ബൈബിള്‍ ഉപയോഗിച്ചു. മറ്റുള്ളവര്‍ തങ്ങളുടെ സുഖജീവിതത്തിനുവേണ്ടി ബൈബിള്‍ ഉപയോഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ